2011, ഡിസംബർ 12, തിങ്കളാഴ്‌ച

സലഫി വിഭ്രാന്തി രസകരം തന്നെ

"അറബ് ലോകത്തെ കലാപങ്ങളും കലുഷാവസ്ഥയും സാമ്രാജ്യത്വ ശക്തികളെപ്പോലെ ഏറെ ആഹ്ളാദത്തോടെ എതിരേറ്റ മറ്റൊരു കൂട്ടര് ഇസ്ലാമിസ്റുകളാണ്. കലാപങ്ങളെ അഭിവാദ്യം ചെയ്ത് കേരളത്തില് പ്രകടനം നടത്തിയ ഒരേയൊരു പ്രസ്ഥാനം ജമാഅത്തെ ഇസ്ലാമിയാണെന്നത് രസകരമല്ലേ?
അറബ് ലോകത്ത് ഏകാധിപത്യം തകര്ന്ന് ജനാധിപത്യം വരുന്നേ എന്ന് പറഞ്ഞുകൊണ്ടാണവര് അലമുറയിടുന്നത്...''
'സാമ്രാജ്യത്വവും ഇസ്ലാമിസ്റുകളും' എന്ന തലക്കെട്ടില് ബഷീര് സലഫി (ചന്ദ്രിക 2011 നവംബര് 20).

അറബ് നാടുകളിലെ ജനങ്ങളുടെ സ്വത്ത് പതിറ്റാണ്ടുകളായി കൊള്ളയടിച്ച് അട്ടകളെപ്പോലെ സിംഹാസനങ്ങളില് ഒട്ടിപ്പിടിച്ച് ഏകഛത്രാധിപതികളായി നടന്നിരുന്ന ഈജിപ്തിലെ ഹുസ്നി മുബാറക്, ലിബിയയിലെ മുഅമ്മര് ഗദ്ദാഫി, തുനീഷ്യയിലെ ബിന് അലി, സിറിയയിലെ ബശാറുല് അസദ് എന്നിവരെ അധികാരത്തില് നിന്ന് ഉന്മൂലനം ചെയ്യാന് അന്നാടുകളിലെ ഇസ്ലാമിക പ്രസ്ഥാനങ്ങളോടൊപ്പം പൊതുജനങ്ങളും നടത്തിയ ഐതിഹാസിക സമരങ്ങളെ കേരളത്തിലെ സലഫികള് തലകുത്തി നിന്ന് വീക്ഷിക്കുന്നത് എന്തുകൊണ്ടാണ്? ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ കാലിക മുന്നേറ്റങ്ങളെ സലഫികള് ഭയപ്പാടോടെ വീക്ഷിക്കാന് കാരണമെന്തായിരിക്കും?



ഇസ്ലാമിനെ എക്കാലത്തും മതപരമായ വിവാദങ്ങളില് തളച്ചിടുന്ന ചില സലഫി ഗ്രൂപ്പുകള് ഒടുവില് തങ്ങളുടെ ഒരു പങ്കാളിത്തവുമില്ലാതെ അറബ് മുസ്ലിം ലോകത്ത് സ്വേഛാധിപതികള്ക്കെതിരായ ജനകീയ പ്രക്ഷോഭം വിജയിച്ചപ്പോള് നേട്ടം കൊയ്യാന് രംഗത്ത് വന്നതാണ് വാസ്തവത്തില് രസകരവും വൈരുധ്യാധിഷ്ഠിതവും. എന്നു മാത്രമല്ല, ആശങ്കക്കും ആശയക്കുഴപ്പത്തിനും സാമ്രാജ്യശക്തികളുടെ മുതലെടുപ്പിനും അവസരമൊരുക്കിക്കൊണ്ട് ഉടന് ശരീഅത്ത് നടപ്പാക്കണമെന്ന ആവശ്യവുമായി സലഫികള് ഈജിപ്തില് രംഗത്തിറങ്ങിയത് ആരെ സഹായിക്കാന് എന്ന ചോദ്യവും ഉയര്ത്തിയിട്ടുണ്ട്. ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ കൂടി പങ്കാളിത്തത്തോടെയാണ് തഹ്രീര് സ്ക്വയറിലെ ജനമുന്നേറ്റം ലക്ഷ്യം കണ്ടതെന്നോര്ക്കാതെ, അവര്ക്കെതിരെ വര്ഗീയമായി ആക്രമണത്തിനു മുതിര്ന്ന സംഭവത്തിലും ഉത്തരവാദിത്വം സലഫി ഗ്രൂപ്പുകള്ക്കാണെന്നാണ് ലോക മീഡിയ റിപ്പോര്ട്ട് ചെയ്തത്. അല്ലെങ്കിലും ആഗോളതലത്തില് സലഫിസമാണ് ഇപ്പോള് ഹിറ്റ്ലിസ്റില്, അതുകൊണ്ടാണല്ലോ കേരളത്തിലെ മതേതരത്വ ചാവേറുകള് 'ആ മുജാഹിദല്ല ഈ മുജാഹിദ്' എന്ന് എഴുതിപ്പിടിപ്പിക്കേണ്ടിവന്നത്. അറബ് ലോകത്തെ സലഫി സംഘടനകളുടെയും സര്ക്കാറുകളുടെയും ഉദാരമായ സഹായം കൈപ്പറ്റികൊണ്ടിരിക്കെ തന്നെ, അവരുമായി ഒരു ബന്ധവും കേരള സലഫികള്ക്കില്ലെന്ന അവകാശവാദവും 'രസകരം' തന്നെ

അഭിപ്രായങ്ങളൊന്നുമില്ല: