2011, ജൂലൈ 31, ഞായറാഴ്‌ച


റമദാന്‍ വന്നു .. പുണ്ണ്യങ്ങ ളുടെ  പൂക്കാലവും 
പുണ്ണ്യങ്ങ ളുടെ  പൂക്കാലവും നന്മകളുടെ വസന്ത കാലവുമാണ് റമദാന്‍.വിശ്വാസിക്ക് വഴിയും വെളിച്ചവുമാണ് റമദാന്‍.കരുത്തും കാതലുമാണ്;സമരവും സഹാനവുമാണ്.വിശുദ്ധ ഖുര്‍ആന്‍ പെയ്തിറങ്ങിയ നാളുകള്‍.അനുഗ്രഹത്തിന്റെ മേഘപ്പെയ്ത്തായി മാലാഖക്കൂട്ടം മണ്ണിനെ ആശീര്‍വദിക്കുന്ന പകലിരവുകള്‍.മനുഷ്യനെ ഏറെ പുഷ്കലമാക്കുന്ന സുക്ര്തങ്ങളുടെ വസന്തം.റമദാന്‍ വാക്കുകള്‍ക്കും വര്‍ണണകള്‍ക്കും അതീതമാകുന്നു.
شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ ۖ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۗ يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ ﴿١٨٥﴾


185-ഖുര്‍ആന്‍ ഇറങ്ങിയ മാസമാണ് റമദാന്‍. അത്  ജനങ്ങള്‍ക്കു നേര്‍വഴി കാണിക്കുന്നതാണ്. സത്യമാര്‍ഗം വിശദീകരിക്കുന്നതും സത്യാസത്യങ്ങളെ വേര്‍തിരിച്ചുകാണിക്കുന്നതുമാണ്. അതിനാല്‍ നിങ്ങളിലാരെങ്കിലും ആ മാസത്തിന് സാക്ഷികളാകുന്നുവെങ്കില്‍ ആ മാസം വ്രതമനുഷ്ഠിക്കണം. ആരെങ്കിലും രോഗത്തിലോ യാത്രയിലോ ആണെങ്കില്‍ പകരം മറ്റു ദിവസങ്ങളില്‍നിന്ന് അത്രയും എണ്ണം തികയ്ക്കണം. അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണാഗ്രഹിക്കുന്നത്. പ്രയാസമല്ല. നിങ്ങള്‍ നോമ്പിന്റെ എണ്ണം പൂര്‍ത്തീകരിക്കാനാണിത്. നിങ്ങളെ നേര്‍വഴിയിലാക്കിയതിന്റെ പേരില്‍ നിങ്ങള്‍ അല്ലാഹുവിന്റെ മഹത്വം കീര്‍ത്തിക്കാനും അവനോട് നന്ദിയുള്ളവരാകാനുമാണിത്.
               പാര്‍നല്‍ ഇസ്ലാം സ്വീകരിച്ചു.
ജൊഹാനസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ഫാസ്ററ് ബൗളര്‍ വെയ്ന്‍ പാര്‍നല്‍ ഇസ്ലാം മതം സ്വീകരിച്ചു. ഏറെക്കാലത്തെ പഠനങ്ങള്‍ക്കു ശേഷം മാറിയ പാര്‍നല്‍ ഇന്ന് 22 മത്തെ പിറന്നാള്‍ മുസ്ലിം എന്ന നിലയില്‍ ആഘോഷിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. നവജാത പുത്രന്‍ എന്ന അര്‍ത്ഥം വരുന്ന വലീദ് എന്ന പേരു സ്വീകരിക്കാനുള്ള ആലോചനയിലാണ് പാര്‍നല്‍ . ജീവിതത്തില്‍ ആദ്യമായെത്തുന്ന റമദാന്‍ നോന്പിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണു ഞാന്‍ . ചെറുപ്പക്കാരനും പ്രഫഷനല്‍ ക്രിക്കററഠുമായ എന്‍െറ വ്യക്തി ജീവിതം പൊതുജനം ശ്രദ്ധിക്കുമെങ്കിലും മതംമാററം സ്വകാര്യമായി പരിഗണിക്കപ്പെടാനാണിഷ്ടം. പോര്‍ട്ട് എലിസബത്തുകാരനായ പാര്‍നല്‍ പറഞ്ഞു.

മതം മാററത്തെ ഏറെ ഗൗരവമായാണ് പാര്‍നല്‍ സമീപിച്ചതെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സഹ കളിക്കാര്‍ വ്യക്തമാക്കി. മദ്യം പൂര്‍ണമായി വര്‍ജിച്ച താരത്തില്‍ ഇക്കഴിഞ്ഞ പൈ
ഐ പി എല്ലിനു ശേഷമാണ് കൂടുതല്‍ മാററങ്ങള്‍ കണ്ടു തുടങ്ങിയത്. പാര്‍നലിന്‍െറ മതം മാററത്തില്‍ ടീമംഗമായ ഹാഷിം ആംലക്കു പങ്കൊന്നുമില്ല. തന്‍െറ വിശ്വാസ പ്രമാണങ്ങളോട് ആംലക്കുള്ള അടിയുറച്ച പ്രതിപത്തി സഹ താരങ്ങളുടെ ആദരവ് പിടിച്ചു പററിയിട്ടേ ഉള്ളൂ. മദ്യ കന്പനിയുടെ പരസ്യം പതിച്ച ജഴ്സി ധരിക്കാന്‍ വിസമ്മതിച്ച ആംല പര്യടനങ്ങളില്‍ പോലും നമസ്കാരം മുടക്കാറില്ല എന്നും സഹ താരങ്ങള്‍ പറഞ്ഞു. ( മാധ്യമം ദിന പത്രം : 30-7-2011.... പേജ്: 9 )

2011, ജൂലൈ 27, ബുധനാഴ്‌ച

'ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനമാണ് മഅ്ദനിയുടെ വിഷയത്തില്‍ സംഭവിക്കുന്നത്.

'ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനമാണ് മഅ്ദനിയുടെ വിഷയത്തില്‍ സംഭവിക്കുന്നത്. കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ അദ്ദേഹത്തെ വര്‍ഷങ്ങേളാളം ജയിലിലടച്ച് ഒടുവില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടു. ഇപ്പോള്‍ മഅ്ദനിയെ ജയിലിലടച്ചത് എന്തിനാണെന്ന് കര്‍ണാടക സര്‍ക്കാറും പ്രോസിക്യൂഷനും വ്യക്തമാക്കേണ്ടതുണ്ട്. മഅ്ദനി കുടകില്‍ പോയി ഗൂഢാലോചന നടത്തിയെന്നതാണ് ഒരു ആരോപണം. തന്റെ സഹപ്രവര്‍ത്തകയായിരുന്ന ഷാഹിന കുടകില്‍ പോയി ദൃക്‌സാക്ഷികളെ കണ്ട് ഇതിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാനുള്ള ശ്രമമാണ് നടത്തിയത്. അതിന്അവര്‍ക്കെതിരെ കള്ളക്കേസെടുക്കുകയാണ് കര്‍ണാടക പൊലീസ് ചെയ്തത്.' - അജിത് സാഹി

ഒരു അമേരിക്കന്‍ യുവതിയുടെ ഇസ്ലാമാശ്ളേഷണത്തിന്റെ കഥ


ഒരു അമേരിക്കന്‍ യുവതിയുടെ ഇസ്ലാമാശ്ളേഷണത്തിന്റെ കഥ


ഇസ്ലാമിക വസ്ത്രധാരണ രീതിയെ നമ്മുടെ ബുദ്ധിജീവികള്‍ എന്നവകാശപ്പെടുന്നവര്‍ എതിര്‍ക്കുമ്പോള്‍ പാശ്ചാത്യ ലോകം ഇസ്ലാമിക വസ്ത്രധാരണ രീതിയെ ഇരു കയ്യും നീട്ടി സ്വീകരിക്കുകയാണ്.'ഇസ്ലാമിക വസ്ത്രധാരണ രീതിയാണ് എന്നെ മുസ്ലിമാവാന്‍ പ്രേരിപ്പിച്ചതെന്ന്' പറഞ്ഞ് ഒരു അമേരിക്കന്‍ യുവതി തന്‍റെ ഇസ്ലാമാശ്ളേഷണത്തിന്റെ കഥ വിവരിക്കുക യാണിവിടെ...

ഒരു തികഞ്ഞ ക്രിസ്തീയ പശ്ചാതലമുള്ള കുടുംബത്തില്‍ പിറന്ന അമേരിക്കക്കാരിയാണ് ഞാന്‍. എന്റെ പതിനാറാമത്തെ വയസുമുതല്‍ ഞാന്‍ ക്രിസ്തുമതാനുയായിയും തികഞ്ഞ മതഭക്തയുമായിത്തീര്‍ന്നു. എന്നെ സംബന്ധിച്ചിടത്തോളം, ചര്‍ച്ച് എന്റെ മറ്റൊരു വീട്തന്നെയായിരുന്നു. ചര്‍ച്ചുമായുള്ള എന്റെ ബന്ധം ഞാന്‍ നന്നായി ആസ്വദിക്കുകയും ചെയ്തിരുന്നു.

ഞാന്‍ പതിവായി ബൈബിള്‍ വായിച്ചു. വായിക്കുമ്പോഴെല്ലാം അതിലെ പിഴവുകള്‍ എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. വൈരുദ്ധ്യങ്ങളുള്ള നിരവധി കഥകളെ കുറിച്ച് എന്റെ അമ്മുമ്മയോടും ദേവാലയത്തിലെ വൈദികനോടും പലപ്പോഴും ചോദിക്കും. ശരിയായ ഉത്തരം എനിക്ക് ഇന്നേവരെ ലഭിച്ചിട്ടില്ല. അത്തരം കഥകള്‍ അവഗണിക്കുവാനും അതാലോചിച്ച് പ്രയാസപ്പെടേണ്ടെന്നുമാണ് അവരുടെ എപ്പോഴുമുള്ള ഉപദേശം. കുറെക്കാലം ഞാനങ്ങനെ തന്നെ ചെയ്തു.

പിന്നീട്, എന്റെ ഇരുപതാം വയസ്സില്‍ ഞങ്ങളുടെ പ്രദേശത്തെ 'യൂത്ത് പാസ്റര്‍' ആയി ഞാന്‍ നിയമിതയായി. എന്റെ ബൈബിള്‍ പഠനം തീവ്രമായത് ഇക്കാലയളവിലാണ്. ഞാന്‍ കൂടുതല്‍ പഠിക്കുംതോറും എന്നില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നു. എന്റെ സംശയങ്ങള്‍ക്കുള്ള മറുപടി ചര്‍ച്ചില്‍ നിന്നും ലഭിക്കാതായപ്പോള്‍ ഞാന്‍ ബൈബിള്‍ കോളേജില്‍ ചേരുവാന്‍ തിരുമാനിച്ചു. തീര്‍ച്ചയായും അവിടെ നിന്ന് ഉത്തരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഞാന്‍. പക്ഷേ അതിനും ഭാഗ്യമുണ്ടായില്ല.

ഒന്നിനും എന്റെ മനസ്സിനെ സമാശ്വസിപ്പിക്കാന്‍ കഴിയാത്തതിനാല്‍ ഞാന്‍ 'യൂത്ത് പാസ്റര്‍' പന്ന പദവിയില്‍ നിന്ന് ഒഴിയുവാന്‍ തീരുമാനിച്ചു. നിരവധി കാര്യങ്ങളില്‍ ഞാന്‍ സംശയാലുയായിരിക്കെ, ഈ പദവിയില്‍ ഇനിയും എനിക്ക് തുടരുവാന്‍ കഴിയുകയില്ലെന്ന് എനിക്ക് ബോധ്യമായി. എന്റെ മനസ്സിനെ അലട്ടുന്ന ഇത്തരം ചോദ്യങ്ങളില്‍ നിന്ന് മോചനം വേണമെന്നും ഒരാള്‍ എന്നെ നയിക്കുവാന്‍ വേണമെന്നും ഞാന്‍ ഉള്‍ക്കടമായി ആഗ്രഹിച്ച സന്ദര്‍ഭമായിരുന്നു അത്.

ഒരു ദിവസം രാത്രി ഞാന്‍ ടെലിവിഷന്റെ മുന്നിലിരിക്കുകയാണ്. ഇറാഖില്‍ നിന്നുള്ള സംഭവങ്ങള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ് സി.എന്‍.എന്‍ ചാനല്‍. ടി.വി സ്ക്രീനില്‍ ഞാനൊരു സ്ത്രീയെ കണ്ടു. ഞാന്‍ കണ്ടതില്‍ വച്ചേറ്റവും സൌന്ദര്യവതിയായിരുന്നു അവര്‍. അടിമുതല്‍ മുടിവരെ കറുത്ത വസ്ത്രമാണ് അവര്‍ ധരിച്ചിരുന്നത്. അവരുടെ കുലീനത്വം, എന്നില്‍ അവളുടെ മനോഹാരിത വര്‍ധിപ്പിച്ചു, അവള്‍ മുസ്ലിം സ്ത്രീയാണെന്നെനിക്ക് മനസ്സിലായി. പക്ഷേ മുസ്ലിംകളുടെ മത വിശ്വാസങ്ങളെന്തൊക്കെയെന്ന് എനിക്കറിയുമായിരുന്നില്ല.

അവരുടെ വസ്ത്രധാരണ രീതി എന്നെ വല്ലാതെ ആകര്‍ഷിച്ചു. അവളില്‍ എനിക്ക് എന്തെന്നില്ലാത്ത താല്‍പര്യമുണ്ടായി. എത്രയും വേഗം എനിക്ക് അവളെ പോലെയാകണം എന്നെന്റെ മനസ്സ് മന്ത്രിച്ചു. ഭക്തയായ, കുലീനയായ ആ സ്ത്രീയില്‍ നിന്നാണ് എന്റെ അന്വേഷണം ആരംഭിക്കുന്നത്. തുടര്‍ന്ന് ഞാന്‍ ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്യാന്‍ തുടങ്ങി. 'മുസ്ലിം വനിത വസ്ത്രധാരണവും മുസ്ലിം സ്ത്രീയുടെ മുഖാവരണവും', 'ഹിജാബ്', 'നിഖാബ്' തുടങ്ങിയ പദങ്ങളുമായി ആദ്യമായി പരിചയപ്പെടുന്നതപ്പോഴാണ്. ഹിജാബും നിഖാബും ധരിക്കുന്ന ഈ സ്ത്രീകളെ വിക്കിമീഡിയ പരിചയപ്പെടുത്തുന്നതും ഹിജാബിനികള്‍ നിഖാബിനികള്‍ എന്നാണ്.

ഈ ഹിജാനികളും നിഖാബിനികളുമായി മാറി, എന്റെ പുതിയ റോള്‍ മോഡലുകള്‍. ഓണ്‍ലൈനിലെ എന്റെ കുസൃതി പേരുകള്‍ ഹിജാബിനി, നിഖാബിനി എന്നാക്കി മാറ്റി ഞാന്‍. എന്നാല്‍ ഇവയൊന്നും ഇസ്ലാമിക വിശ്വാസമെന്തന്നന്വേഷിക്കുവാന്‍ എന്റെ പ്രേരിപ്പിച്ചിട്ടുണ്ടായിരുന്നില്ല. ഒരു മധ്യാഹ്നം. എനിക്ക് പുറത്ത് ഒരു പാര്‍ട്ടിയുണ്ട്. എന്റെ തൊട്ടടുത്ത അയല്‍വാസിയുമായി ഞാന്‍ സംസാരിച്ചിരിക്കെയാണ് ഞങ്ങളുടെ സംസാരം എങ്ങനെയോ മതം എന്ന വിഷയത്തിലെത്തിയത്. അയാള്‍ എന്നോട് പറഞ്ഞു 'നമ്മള്‍ ക്രിസ്ത്യാനികള്‍ ദൈവ സന്നിധിയില്‍ ഹാജറാക്കപ്പെടുമ്പോള്‍ പ്രയാസത്തിലായിരിക്കും'

ഞാന്‍ ശരിയെന്ന ഭാവത്തില്‍ വെറുതെ തലയാട്ടി. ഇയാള്‍ എന്താണ് പറഞ്ഞുവരുന്നതെന്ന് എനിക്ക് മനസ്സിലായില്ല. അയാള്‍ തുടര്‍ന്നു 'നിനക്കറിയുമോ മുസ്ലിംകള്‍ ദിവസവും അഞ്ചുനേരം വിശ്വാസപൂര്‍വം പ്രാര്‍ത്ഥിക്കുന്നു. നമ്മള്‍ ക്രിസ്ത്യാനികള്‍ ദിവസത്തില്‍ ഒരു നേരം പ്രാര്‍ത്ഥിക്കുവാന്‍ പോലും തയ്യാറല്ല'. സംസാരം മതിയാക്കി ഞാന്‍ വീട്ടിലേക്കോടി. കമ്പ്യൂട്ടര്‍ തുറന്ന് മുസ്ലിം വിശ്വാസാചരാങ്ങളെക്കുറിച്ച് സെര്‍ച്ച് ചെയ്യാന്‍ തുടങ്ങി. എനിക്ക് അനുയോജ്യമായതിതാണെന്നു തോന്നിയ ആ വിശ്വാസാചാരങ്ങള്‍ കണ്ട് ഞാന്‍ സ്തബ്ദയായി നിന്നു.

ഒന്നു കൂടി എനിക്കുറപ്പുവരുത്തേണ്ടതുണ്ടായിരുന്നു, അവരുടെ വിശ്വാസങ്ങളില്‍ അത്ഭുതപ്പെടാനൊന്നുമില്ലായെന്ന്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എന്റെ ഏറ്റവും അടുത്തുള്ള നമസ്കാരപ്പള്ളിയില്‍ പോയി ഞാന്‍ കൂടുതല്‍ പഠിക്കാന്‍ തുടങ്ങി, പ്രഭാതങ്ങളില്‍ കുറച്ചു സമയം ഇസ്ലാമിനെ പഠിക്കാന്‍ ഞാന്‍ മാറ്റിവച്ചു. രണ്ട് മാസത്തോളം തുടര്‍ന്നുപോന്ന ഗവേഷണങ്ങള്‍ക്കുശേഷം ഞാന്‍ ഇസ്ലാമാശ്ളേഷിക്കാന്‍ തീരുമാനിച്ചു. അങ്ങനെ അടുത്തുള്ള പള്ളിയില്‍ പോയി 'ശഹാദത്ത്' ചൊല്ലി. ഒരു അനുഭൂതി എന്റെ ആത്മാവിലേക്ക് പ്രവേശിച്ചു. എന്റെ ഹൃദയം ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു നിര്‍വൃതി. സുബ്ഹാനല്ലാഹ്!

സാമ്പ്രദായിക മതസംഘടനകളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്


'അല്ലാഹുവിന് അടിപ്പെട്ട് ജീവിക്കുക, അല്ലാഹുവല്ലാത്ത ശക്തികളെ വര്‍ജിക്കുക' എന്ന സന്ദേശവുമായാണ് എല്ലാ കാലത്തും എല്ലാ സമൂഹങ്ങളിലേക്കും പ്രവാചകന്മാര്‍ നിയുക്തരായതെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. അല്ലാഹുവിനെ നിരാകരിക്കുകയോ അല്ലാഹുവിന്റെ അധികാരം സ്വയം കൈയടക്കുകയോ ചെയ്ത ഫിര്‍ഔന്‍, നംറൂദ് തുടങ്ങിയ ധിക്കാരികളെ പ്രബോധനം ചെയ്ത പ്രവാചകന്മാര്‍, അവരെ കേവലം ആരാധനാപരമായ ശിര്‍ക്കില്‍നിന്ന് തടയുക മാത്രമല്ല ചെയ്തത്. മറിച്ച് അല്ലാഹുവിന്റെ അടിമകളെ അടക്കി ഭരിക്കാനുള്ള അധികാരം നിങ്ങള്‍ക്കല്ല എന്നും തുടര്‍ന്നു പ്രഖ്യാപിച്ചു. യൂസുഫ്, ദാവൂദ്, സുലൈമാന്‍(അ) തുടങ്ങിയ പ്രവാചകന്മാരാകട്ടെ ദൈവിക ഭരണത്തിന്റെ മാതൃക കാഴ്ചവെക്കുകയും ചെയ്തു. അവസാനമായി ലോകത്തിനാകെ അനുഗ്രഹമായി നിയുക്തനായ മുഹമ്മദ് നബി(സ) ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ പ്രബോധനം കൊണ്ട് ഒരു വിശ്വോത്തര സ്റേറ്റ് സ്ഥാപിച്ച് അതിന്റെ ഭരണം തന്റെ സച്ചരിതരായ ശിഷ്യന്മാരെ ഏല്‍പിച്ചാണ് വിടവാങ്ങിയത്. സര്‍വോപരി ഇസ്ലാമിന്റെ മൂലപ്രമാണങ്ങളായ ഖുര്‍ആനിലും സുന്നത്തിലും, വിശ്വമാനവികതയിലും നീതിയിലും അധിഷ്ഠിതമായ ഒരു രാഷ്ട്രീയ ഭരണവ്യവസ്ഥയുടെ രൂപരേഖ വരഞ്ഞു കാണിക്കുകയും ചെയ്യുന്നു. മറിച്ച് മതേതരത്വം പ്രബോധനം ചെയ്യാന്‍ വന്ന ഒരു പ്രവാചകനെയും ചരിത്രമോ ഖുര്‍ആനോ പരിചയപ്പെടുത്തുന്നില്ല. ജീവിതരംഗങ്ങളെയാകെ ഒഴിച്ചുനിര്‍ത്തി കേവലം ആരാധനയില്‍ ഊന്നുന്ന ഒരു 'തൌഹീദ്' ഇസ്ലാമിലില്ല. 'നിങ്ങള്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന പറയുവിന്‍, അറബികളും അനറബികളും നിങ്ങള്‍ക്ക് കീഴ്പ്പെടും' എന്നാണ് അല്ലാഹുവിന്റെ ദൂതന്‍ ആഹ്വാനം ചെയ്തത്.

ശിര്‍ക്കിനെതിരെ തൌഹീദ് പ്രബോധനം ചെയ്ത അനേകം പ്രവാചകരെ ജനം കൊന്നുകളഞ്ഞിട്ടുണ്ട്. വളരെ പേര്‍ക്ക് ആരെയും അനുയായികളായി ലഭിച്ചില്ല. ഇവരൊക്കെ ദൌത്യനിര്‍വഹണത്തില്‍ പരാജയപ്പെട്ടവരാണോ? അല്ലെങ്കില്‍ ഭരണത്തിന്റെ കാര്യവും അതുതന്നെ. പ്രബോധനമാണ് പ്രവാചകന്മാരുടെ ചുമതല. ജനങ്ങള്‍ നന്മ ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ പിന്തുടരാം, അത്രതന്നെ. ഇസ്ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിക്ക് ഐഡന്റിറ്റിക്ക് മാത്രമായി ഇസ്ലാമിന് അന്യമായ വാദഗതികളൊന്നും ആവശ്യമില്ല. രാജ്യ നന്മക്കായി ഇസ്ലാമിന്റെ സമ്പൂര്‍ണ സംസ്ഥാപനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നു എന്നത് തന്നെയാണ് ജമാഅത്തിനെ ഇതര സാമ്പ്രദായിക മതസംഘടനകളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്.

കേരള സലഫികള്‍ യഥാര്‍ഥ മുഖം


കേരളത്തിലെ മുജാഹിദ് സംഘടനകള്‍ താല്‍പര്യങ്ങള്‍ക്കുവേണ്ടി അറബ് മുസ്ലിം നാടുകളിലെ സലഫി പ്രസ്ഥാനത്തിന്റെ ഭാഗമാണ് തങ്ങളെന്ന് അവകാശപ്പെടുന്നതല്ലാതെ യഥാര്‍ഥത്തില്‍ രാഷ്ട്രാന്തരീയ സലഫിസവുമായി അവക്ക് മൌലികമായിത്തന്നെ അന്തരമുണ്ട്. കേരള സലഫികളുടെ മത-രാഷ്ട്ര വിഭജനവാദമോ സെക്യുലരിസമോ ഇതര രാജ്യങ്ങളിലെ സലഫികള്‍ അംഗീകരിക്കുന്നില്ല. 'ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ്' എന്ന് ദേശീയ പതാകയില്‍ ആലേഖനം ചെയ്യുകയും ഖുര്‍ആനും സുന്നത്തും നിയമനിര്‍മാണത്തിന്റെ സ്രോതസ്സായി അംഗീകരിക്കുകയും ചെയ്ത സുഊദി അറേബ്യയാണ് ലോകത്തെ ഒരേയൊരു സലഫി രാഷ്ട്രം. സുഊദി സലഫികളാവട്ടെ മതേതരത്വത്തിന്റെ എല്ലാ വകഭേദങ്ങളെയും നിരാകരിക്കുന്നവരുമാണ്. അതിനാല്‍ തന്നെ അവരുടെ മുമ്പാകെ കേരള സലഫികള്‍ യഥാര്‍ഥ മുഖം പ്രദര്‍ശിപ്പിക്കാറേ ഇല്ല. ഇവിടെ മതേതരവാദികളുടെ കൈയടി മോഹിച്ചും ജമാഅത്തെ ഇസ്ലാമിയെ കടന്നാക്രമിക്കാനുള്ള സുവര്‍ണാവസരമായി കണ്ടും 'മതരാഷ്ട്രവാദം' എന്ന് പേരിട്ട് ഇസ്ലാമിനെ അരാഷ്ട്രീയവത്കരിക്കുന്നവര്‍ തികഞ്ഞ ആത്മവഞ്ചനയാണ് നടത്തുന്നത്.

ജനാധിപത്യം സലഫീ വീക്ഷണത്തില്‍

 ഈജിപ്തിലെ സലഫീ പ്രസ്ഥാനത്തിന്റെ വക്താവ് ശൈഖ് അബ്ദുല്‍ മുന്‍ഇം ശഹ്ഹാതുമായി അശ്ശര്‍ഖുല്‍ ഔസത്ത് ദിനപത്രം നടത്തിയ ഒരഭിമുഖത്തില്‍ ജനാധിപത്യത്തെക്കുറിച്ച ഒരു ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി: "ജനാധിപത്യം പല ഘടകങ്ങളുമുള്‍ക്കൊള്ളുന്നതാണ്, അവയില്‍ മിക്കതും സ്വീകാര്യമാണ്. പക്ഷേ, അവയില്‍ ഏറ്റവും അപകടകരമായിട്ടുള്ളത് നിയമനിര്‍മാണത്തിനുള്ള പരമാധികാരം അത് ജനങ്ങള്‍ക്ക് നല്‍കുന്നു എന്നതാണ്. നിയനിര്‍മാണത്തിനുള്ള അധികാരം അല്ലാഹുവിന് മാത്രമാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്'' (അശ്ശര്‍ഖുല്‍ ഔസ്വത് 18.4.2011).


ഇവ്വിധത്തിലുള്ള വിശദീകരണം നല്‍കിയതിന്റെ പേരിലാണ് നമ്മുടെ നാട്ടിലെ സലഫികളെന്നവകാശപ്പെടുന്നവര്‍ മൌലാനാ മൌദൂദിയെയും ജമാഅത്തെ ഇസ്ലാമിയെയും നിരന്തരം പ്രതിക്കൂട്ടില്‍ കയറ്റിക്കൊണ്ടിരിക്കുന്നത്. വാസ്തവത്തില്‍ ജനാധിപത്യം, മതേതരത്വം തുടങ്ങിയ വിഷയങ്ങളില്‍ മുജാഹിദ് വിഭാഗത്തിന്റെ നിലപാടെന്താണ്?

2011, ജൂലൈ 26, ചൊവ്വാഴ്ച

ഭരണം ലഭിച്ചാല്‍ മദ്യത്തില്‍നിന്നുള്ള വരുമാനം പരമാവധി കുറക്കാന്‍ ശ്രമിക്കുമെന്ന്


ഭരണം ലഭിച്ചാല്‍ മദ്യത്തില്‍നിന്നുള്ള വരുമാനം പരമാവധി കുറക്കാന്‍ ശ്രമിക്കുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചിരുന്നു (മനോരമ, ഏപ്രില്‍ 6).
കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ടൂറിസത്തിന്റെ മറവില്‍ മദ്യം സാര്‍വത്രികമാക്കുന്ന മദ്യനയം പ്രഖ്യാപിക്കുകയും ചില പത്രങ്ങളും മദ്യനിരോധന സമിതിപോലുള്ള  ചെറിയ കൂട്ടായ്മകളും പ്രതിഷേധിച്ചപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അത് പിന്‍വലിക്കുകയുമുണ്ടായി.
 മുസ്‌ലിം ലീഗിന്റെ നാലു മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ ഒരു സ്വാഭാവിക പ്രതിഷേധമെങ്കിലും പ്രകടിപ്പിച്ചിരുന്നെങ്കില്‍ പ്രസ്തുത ജനവിരുദ്ധ മദ്യനയം പ്രഖ്യാപിക്കപ്പെടുമായിരുന്നില്ലല്ലോ എന്ന് ചിന്തിച്ചിരുന്നു.
ഇപ്പോഴത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ ബജറ്റില്‍ മദ്യത്തില്‍നിന്ന്  പ്രതിവര്‍ഷം 327 കോടി രൂപയുടെ അധിക വരുമാനമാണ് ലക്ഷ്യമിടുന്നത്.
ഇക്കാര്യത്തിലുമുണ്ടായില്ല ലീഗിന് എതിര്‍പ്പ്. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റെ ധാര്‍മികതയും  മൂല്യബോധവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള രാഷ്്രടീയ നിലപാടുകളും ഭരണപങ്കാളിത്തവും ലീഗിന്റെ പ്രഖ്യാപിത നയമല്ലാത്തതുകൊണ്ടായിരിക്കാം ഈ വക വൈരുധ്യങ്ങള്‍ സമൂഹത്തിലോ സമുദായത്തിലോ ചര്‍ച്ചചെയ്യപ്പെടാത്തത്.
വ്യതിരിക്തവും മാതൃകാപരവുമായ സമീപനം പ്രവാചകാനുയായികളെ രാഷ്്രടീയമായി നയിക്കുന്ന നേതൃത്വത്തില്‍നിന്ന് പ്രതീക്ഷിക്കുന്നുണ്ട്

റാബിത്വയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ തുടക്കമായി

മക്ക: ആനുകാലിക മുസ്‌ലിം സമൂഹത്തിന്റെ മതപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി മുസ്‌ലിം വേള്‍ഡ് ലീഗ് (റാബിത്വത്തുൽ ആലമിൽ ഇസ്‌ലാമി) സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്‌ട്ര സമ്മേളനം മക്കയില്‍ ആരംഭിച്ചു. സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം വിളിച്ചു ചേര്‍ത്ത സമ്മേളനം മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ്‌ അല്‍ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. റാബിത്വയുടെ ദക്ഷിണേന്ത്യന്‍ കോര്‍ഡിനേറ്ററും ഓള്‍ ഇന്ത്യ ഇസ്‌ലാഹി മൂവ്മെന്റ് ജനറല്‍ സെക്രട്ടറിയുമായ ഡോക്ടര്‍ ഹുസൈന്‍ മടവൂര്‍, ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ മൌലാന ജലാലുദ്ദീന്‍ ഉമരി, ലഖ്നോ നദ്‌വത്തുല്‍ ഉലമ ശരീഅ വിഭാഗം തലവന്‍ മൗലാന സല്‍മാന്‍ നദ്‌വി എന്നിവരാണ് ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധികള്‍. ഓരോ രാജ്യത്തിന്റെയും സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസ്സിലാക്കി മുസ്‌ലിം സമൂഹത്തെ മാതൃക സമൂഹമാക്കി പരിവര്‍ത്തിപ്പിക്കാന്‍ വേണ്ട കര്‍മ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സാമുദായിക നേതൃത്വത്തിന് സാധിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അമീര്‍ ഖാലിദ്‌ അല്‍ ഫൈസല്‍ പറഞ്ഞു.

1962 ല്‍ സ്ഥാപിതമായ റാബിത്വയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ തുടക്കമായി വിളിച്ചു കൂട്ടിയിട്ടുള്ള ഈ സമ്മേളനത്തില്‍ മുസ്ലിം ലോകത്തെ പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും എന്ന വിഷയത്തെ അധികരിച്ച് പന്ത്രണ്ടു പ്രബന്ധങ്ങളും അനുബന്ധ ചര്‍ച്ചകളും നടക്കും. അറബ് ലോകത്ത് ഉയര്‍ന്നു വരുന്ന രാഷ്ട്രീയ പരിഷ്കരണ സംരംഭങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു എന്നതും ഈ സമ്മേളനത്തിന്റെ പ്രത്യേകതയാണ്. ഭരണാധികാരികളുടെയും പ്രജകളുടെയും അവകാശങ്ങള്‍ , ഇസ്ലാമിക ശരീഅത്തിന്റെ കാലിക പ്രസക്തി, സൗദി അറേബ്യന്‍ ഭരണ ഘടനയുടെ ഇസ്ലാമിക വായന എന്നീ വിഷയങ്ങളെ അധികരിച്ചുള്ള പ്രബന്ധങ്ങളും അവതരിക്കപ്പെടും.

കുവൈത്ത്, അബുദാബി മതകാര്യ വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പണ്ഡിതരായ മൗലാന ബദര്‍ അല്‍ കാസിമി, തകിയുദ്ദീന്‍ നദ് വി എന്നിവര്‍ അതാതു മതവകുപ്പുകളെ പ്രതിനിധീകരിച്ചു സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. റാബിത്വ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ ഡോ. അബ്ദുള്ള തുര്‍കി അദ്ധ്യക്ഷത വഹിച്ചു. അബ്ദുള്ള രാജാവിന്റെ സന്ദേശം മക്ക ഗവര്‍ണര്‍ വായിച്ചു. സൗദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ്‌ ആലു ശൈഖ്, ഡോ. അഹമദ് കമാല്‍ അബൂ മജ്ദ് , ഡോ അബ്ദുള്ള ബസ്ഫാര്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.

കാക്കയുടെ അഞ്ചു ഗുണങ്ങള്‍


കാക്ക നേരത്തെ എഴുന്നേല്‍ക്കും 
ഭക്ഷണം കിട്ടിയാല്‍ പങ്കു വെക്കും 
മരണപെട്ടാല്‍ അനുശോചിക്കും 
പരസ്യമായി ഇണ ചേരില്ല
നേരത്തെ കൂടണയും 

ജമാഅത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി മുസ്ലിം ലീഗിനൊരു ബദല്‍ അല്ലേ?


ഇസ്ലാമിക ഭരണത്തിന് വേണ്ടി നിലകൊള്ളുന്ന ജമാഅത്തെ ഇസ്ലാമി ഇനിയൊരു പ്രത്യേക പാര്‍ട്ടി രൂപവത്കരിക്കേണ്ടതുണ്ടോ?
 
ജമാഅത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി മുസ്ലിം ലീഗിനൊരു ബദല്‍ അല്ലേ? പക്ഷേ, ലീഗിന്റെ ബദല്‍ വന്നവരൊക്കെ എവിടെ നില്‍ക്കുന്നു എന്ന് ജമാഅത്ത് ഇനിയും കണ്ടിട്ടില്ലേ? ഈ ചോദ്യങ്ങള്‍ക്ക് മറുപടി?

ഇസ്ലാമിക ഭരണത്തിനു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയല്ല ജമാഅത്തെ ഇസ്ലാമി. ആര്‍ക്കും വാങ്ങി വായിക്കാവുന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടനയില്‍ ലക്ഷ്യം വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. അത് പ്രകാരം ഇഖാമത്തുദ്ദീന്‍ അഥവാ ഇസ്ലാമിന്റെ സംസ്ഥാപനമാണ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഇസ്ലാമില്‍ പുതുതായി വല്ലതും കൂട്ടിച്ചേര്‍ക്കാനോ ഉള്ളത് വെട്ടിക്കുറക്കാനോ ജമാഅത്ത് സന്നദ്ധമല്ല. വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും സച്ചരിതരായ ഖലീഫമാരുടെ മാതൃകയുമാണ് ഇസ്ലാമിന്റെ തനതായ രൂപത്തിന് ആധാരം. അതില്‍ നിശ്ചയമായും രാഷ്ട്രീയവും ഭരണവും ഉണ്ട്. ഇത് ആരുടെ മുമ്പാകെയും എങ്ങനെ വേണമെങ്കിലും തെളിയിക്കാന്‍ സംഘടന തയാറാണ്. ഇസ്ലാമിന്റെ സംസ്ഥാപനം ലക്ഷ്യം വെക്കുന്ന ഒരു പ്രസ്ഥാനത്തിനും ജീവിതത്തിന്റെ സ്വകാര്യ, സാമൂഹിക രംഗങ്ങളെയാകെ നിയന്ത്രിക്കുന്ന ഭരണരംഗത്ത് നിന്ന് ഒളിച്ചോടാനോ വിട്ടുനില്‍ക്കാനോ കഴിയില്ല. പക്ഷേ, ഭരണവ്യവസ്ഥ പരിവര്‍ത്തിപ്പിക്കണമെങ്കില്‍ സമൂഹത്തെ മാറ്റിയെടുക്കണം. സമൂഹത്തെ മാറ്റാന്‍ വ്യക്തികളെ സംസ്കരിക്കുകയും വളര്‍ത്തിയെടുക്കുകയും വേണം. അമുസ്ലിംകള്‍ മഹാഭൂരിപക്ഷമായ ഇന്ത്യാ മഹാ രാജ്യത്ത് ആദര്‍ശപരവും ധാര്‍മികവുമായ പരിവര്‍ത്തനം, സുദീര്‍ഘമായ കാലയളവും അവധാനപൂര്‍ണമായ പ്രവര്‍ത്തനവും ആവശ്യപ്പെടുന്നതാണ്. എന്നാലും സത്യത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാനും നന്മ കല്‍പിക്കാനും തിന്മ തടയാനും ബാധ്യസ്ഥമായ ആദര്‍ശ സമൂഹമാണ് മുസ്ലിംകളെന്നതുകൊണ്ട് ആ ദൌത്യത്തില്‍ സാഹചര്യങ്ങള്‍ എത്ര പ്രതികൂലമായാലും ജമാഅത്തെ ഇസ്ലാമി ഉറച്ചുനില്‍ക്കുന്നു. ദൌത്യനിര്‍വഹണത്തിന്റെ ഈ ഘട്ടത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയാവാന്‍ സമയമോ സാഹചര്യമോ പാകമായിട്ടില്ലാത്തതിനാല്‍ അതിന് ജമാഅത്ത് മുതിരുന്നില്ല.
 
എന്നാല്‍ രാജ്യത്ത് ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയ സംവിധാനം നിലനില്‍ക്കുകയും സാമൂഹികനീതി ഒരളവോളം പുലരുകയും ചെയ്തെങ്കില്‍ മാത്രമേ ആര്‍ക്കായാലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവൂ. സ്വതന്ത്ര ഇന്ത്യ അറുപത് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കെ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സാധ്യമായിട്ടില്ല. മറിച്ച്, മനുഷ്യാവകാശ ലംഘനവും നീതിനിഷേധവും ജാതീയതയും അഴിമതിയും അസമത്വവും ഭയാനകമായി ശക്തിപ്പെടുകയാണ് ഇന്ത്യയില്‍. അതിനാല്‍ ഈ പോക്കില്‍ വേദനയും അവസ്ഥാ മാറ്റമെന്ന വിചാരവുമുള്ള സമാനമനസ്കരെ സഹകരിപ്പിച്ച് ദേശീയ തലത്തില്‍ ഒരു പാര്‍ട്ടി രൂപവത്കരിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്നു. പ്രസ്തുത പാര്‍ട്ടി സ്വാഭാവികമായും ജമാഅത്തിന്റെ നേതൃത്വത്തിന് വിധേയമായി അതിന്റെ ചട്ടക്കൂടില്‍ ഒതുങ്ങുന്ന ഒന്നാവില്ല. അതേയവസരത്തില്‍ ജമാഅത്ത് ആഗ്രഹിക്കുന്ന മൂല്യങ്ങള്‍ നിര്‍ദിഷ്ട പാര്‍ട്ടിക്കുണ്ടായിരിക്കണമെന്ന ആഗ്രഹം അതിനുണ്ട് താനും.
 
പേര് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് എന്നാണെങ്കിലും കേരള സ്റേറ്റ് മുസ്ലിം ലീഗ് കമ്മിറ്റിയാണ് ഇലക്ഷന്‍ കമീഷന്‍ അംഗീകരിച്ച പാര്‍ട്ടി. കേരളത്തില്‍ പരിമിതമാണ് ലീഗിന്റെ സ്വാധീനവും. അതിനു ബദലാവുന്ന പാര്‍ട്ടി ഉണ്ടാക്കണമെന്ന് ജമാഅത്ത് ഒരു കാലത്തും ആലോചിച്ചിട്ടില്ല. അത്തരമൊരു പ്രചാരണം നടത്തുക ലീഗിന്റെ ആവശ്യമാണ്, ഒപ്പമുള്ള മത സംഘടനകളെ ഭയപ്പെടുത്താന്‍. മലബാറില്‍ മാത്രം ശക്തിയും സ്വാധീനവുമുള്ള മുസ്ലിം ലീഗിന്റെ ഭൂമികയില്‍ അതോട് മത്സരിക്കാന്‍ ഒരു പുതിയ പാര്‍ട്ടി വേണമെങ്കില്‍ തന്നെ, നിര്‍ദിഷ്ട രാഷ്ട്രീയ പാര്‍ട്ടി അതായിരിക്കുകയില്ല. മുസ്ലിം ലീഗിനോടുള്ള നയം പാര്‍ട്ടി നിലവില്‍ വന്ന ശേഷം അത് തീരുമാനിക്കും.

ജമാഅത്തിന്റെ നിലപാട്


"യുദ്ധം അല്ലെങ്കില്‍ സന്ധി. ഇങ്ങനെ രണ്ട് രാഷ്ട്രീയാവസ്ഥകളേ ഖുര്‍ആനില്‍ നിന്നുരുത്തിരിച്ചെടുക്കാന്‍ കഴിയുകയുള്ളൂ എന്ന ഒരു സിദ്ധാന്തം കേള്‍ക്കാന്‍ കഴിഞ്ഞു. അത് പരസ്യപ്പെടുത്തുകയും വേണമത്രെ. അതിന്റെ ഇസ്ലാമികാടിത്തറ പരിശോധിക്കേണ്ടതുണ്ട്. അതിനു മുമ്പ് ഉയര്‍ന്നുവരുന്ന ചില സംശയങ്ങള്‍ ഇവിടെ കുറിക്കട്ടെ, 'ഇസ്ലാമിക പ്രസ്ഥാന'ത്തിന്റെ പ്രഖ്യാപിതനിലപാട് തന്നെയാണോ അത്? 'തീവ്രവാദ' വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രസ്ഥാനത്തോട് സഹകരിക്കുന്ന സംഘടനകള്‍ അത് അംഗീകരിക്കുന്നുണ്ടോ? ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഓരോന്നിനോടും ഈ രണ്ടില്‍ ഏതു നിലപാടാണ് പ്രസ്ഥാനം എടുത്തിട്ടുള്ളതെന്ന് വിവരിക്കാമോ? ആര്‍.എസ്.എസ്സിനോട് സന്ധിയാണോ യുദ്ധമാണോ? സന്ധിയാണെങ്കില്‍ അതിലെ വ്യവസ്ഥകള്‍ എന്താണ്? ജമാഅത്തുകാരല്ലാത്തവരെയെല്ലാം വധിക്കുന്നതിന് വിരോധമില്ലെന്ന് സന്ധിയില്‍ വ്യവസ്ഥ ഉണ്ടോ? ബാബരി മസ്ജിദിനെക്കുറിച്ച് എന്താണ് അതില്‍ പറയുന്നത്? ശിവസേനയോട് സന്ധിയുണ്ടാക്കിയിട്ടുണ്ടോ? അതോ യുദ്ധ പ്രഖ്യാപനം നടത്തിയോ? മുസ്ലിം ലീഗിനോട് യുദ്ധമാണോ സന്ധിയാണോ? ബി.ജെ.പിയോടും എതിരാളിയായ സി.പി.എമ്മിനോടും ഒരേസമയം സന്ധിക്ക് സാധ്യമായത് എങ്ങനെ? കോണ്‍ഗ്രസ്സിനോടുള്ള നിലപാടൊന്നു വിശദീകരിക്കാമോ? ഇന്ത്യന്‍ ഭരണഘടനയോടും നിയമവ്യവസ്ഥയോടും ജമാഅത്തെ ഇസ്ലാമിയുടെ പഴയ നിലപാട് എന്തായിരുന്നു? പുതിയ നിലപാട് എന്താണ്? വരാനിരിക്കുന്ന നിലപാട് എന്തായിരിക്കും? അതായത്, സംഘടന ഭരണഘടനയില്‍ വാഗ്ദാനം ചെയ്ത ഇസ്ലാമിക ഭരണകൂടം വന്നാലുള്ള നിലപാട്?'' (തേജസ് ദ്വൈവാരിക, 2008 ജൂണ്‍ 1-15). പ്രതികരണം?
 

യുദ്ധം അല്ലെങ്കില്‍ സന്ധി എന്ന പരികല്‍പന തന്നെ വസ്തുതാപരമല്ല. യുദ്ധം അല്ലെങ്കില്‍ സമാധാനം എന്നതാണ് ശരി. സമാധാനത്തിന്റെ വഴി ചിലപ്പോള്‍ സന്ധികളാവാം. എന്നാല്‍ സന്ധിയൊന്നുമില്ലെങ്കിലും യുദ്ധം അനിവാര്യമാകുന്നില്ല. പ്രതിരോധത്തിനു വേണ്ടിയാണ് യുദ്ധം. ആക്രമണമില്ലെങ്കില്‍ പിന്നെ പ്രത്യാക്രമണവുമില്ല. ഇസ്ലാമിന് രാഷ്ട്രീയാധികാരം കൈവരുന്നേടത്താണ് ഇങ്ങനെയൊരു പ്രശ്നം തന്നെ ഉദിക്കുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ഒരു മതനിരപേക്ഷ ജനാധിപത്യ ഭരണഘടനക്കു കീഴില്‍ മുസ്ലിംകളും അമുസ്ലിംകളും തുല്യാവകാശങ്ങളുള്ള പൌരന്മാരാണ്. അവര്‍ പരസ്പരം യുദ്ധമോ സന്ധിയോ ഇല്ല; അതിന്റെ ആവശ്യവും പ്രസക്തിയും ഇല്ല. ഒരു സമുദായം മറ്റേ സമുദായത്തിനെതിരെ അക്രമണാസക്തമായി എന്ന് സങ്കല്‍പിച്ചാല്‍ തന്നെ ഇവിടെ നിയമവാഴ്ചയും കോടതികളുമുണ്ട്. അതിലൂടെയാണ് പ്രശ്നപരിഹാരം തേടേണ്ടത്.
 
ഇന്ത്യാരാജ്യത്ത് സര്‍വ പാര്‍ട്ടികളും വ്യക്തികളും മത സമുദായ ഭേദമന്യേ പ്രബോധിതര്‍ എന്നതാണ് ഇസ്ലാമിക പ്രസ്ഥാനത്തിന്റെ വീക്ഷണം. എല്ലാവരെയും അല്ലാഹുവിലേക്കും പ്രവാചകനിലേക്കും ക്ഷണിക്കുകയാണ് പ്രസ്ഥാനത്തിന്റെ ദൌത്യം. ആദ്യമേ ആ മാര്‍ഗം സ്വീകരിച്ച മുസ്ലിംകളെ വ്യതിചലനങ്ങളില്‍ നിന്ന് സംസ്കരിക്കാനാണ് ശ്രമം. ആരെയും ശത്രുക്കളായി പ്രസ്ഥാനം കാണുന്നില്ല. ഫാഷിസത്തെ വിനാശകരമായ ഒരു പ്രത്യയശാസ്ത്രമെന്ന നിലയില്‍ എതിര്‍ക്കുന്നു. അതേയവസരത്തില്‍ ആര്‍.എസ്.എസ്സുകാര്‍ക്കും സത്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം നല്‍കുന്നു. ആ സംഘടന മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങളെ ഒതുക്കാനും ന്യൂനപക്ഷങ്ങളുടെ ജീവന്‍, ധനം, മാനം എന്നിവ രക്ഷിക്കാനും ഭരണകൂടത്തെ പ്രേരിപ്പിക്കുന്നു, മതേതര പാര്‍ട്ടികളെ ബോധവത്കരിക്കുന്നു, പാര്‍ലമെന്ററി ജാധിപത്യത്തില്‍ ഫാഷിസ്റുകള്‍ അധികാരത്തില്‍ വരാതിരിക്കാന്‍ വേണ്ടത് ചെയ്യുന്നു. ഇതല്ലാതെ എന്തു വഴിയാണ് പോപ്പുലര്‍ ഫ്രണ്ട് സ്വീകരിക്കുന്നത്? അണികള്‍ക്ക് ആയുധ പരിശീലനവും കായിക പരിശീലനവും നല്‍കി ജനകീയ മിലീഷ്യ ഉണ്ടാക്കി ഫാഷിസ്റ് ശക്തികളെ നേരിടുകയോ? എങ്കില്‍ അക്കാര്യം തുറന്നു പറഞ്ഞ് പരസ്യമായി നിയമം കൈയിലെടുക്കാന്‍ ധൈര്യപ്പെടാത്തതെന്ത്? പാത്തും പതുങ്ങിയും നിഷേധിച്ചും നിയമപാലകരെ കുറുക്കുവഴിയില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചും നടത്തുന്ന 'ജിഹാദ്' ആര് പഠിപ്പിച്ചതാണ്? ഏതായാലും ഭീരുക്കളുടെ 'ജിഹാദ്' ജമാഅത്തെ ഇസ്ലാമിയുടെ വഴിയല്ലെന്ന് മാത്രം പറയട്ടെ.

2011, ജൂലൈ 25, തിങ്കളാഴ്‌ച

കൈവെട്ടാനും ന്യായം


കൈവെട്ടിനെ ന്യായീകരിക്കാനും സോളിഡാരിറ്റി പ്രവര്‍ത്തകര്‍ രക്തം കൊടുത്തതിനെ അപലപിക്കാനും ഖുര്‍ആനില്‍ സൂറ അല്‍ മുജാദലയിലെ അവസാനത്തെ ഭാഗം എടുത്ത് ഉദ്ധരിക്കുകയും സംവാദങ്ങള്‍ നടത്തുകയും ചെയ്യുക പോപ്പുലര്‍ ഫ്രണ്ട് അനുഭാവികളായ പല മൌലവിമാരുടെയും പതിവായിരിക്കുന്നു. അല്ലാഹുവിനോടും അവന്റെ ദൂതനോടും വിരോധം പുലര്‍ത്തുന്നവരായ അന്യ മതസ്ഥരോട് ജമാഅത്തെ ഇസ്ലാമിയും സോളിഡാരിറ്റിയും മൈത്രി സ്ഥാപിച്ചിരിക്കുന്നുവെന്നും അതിനാലാണ് അവര്‍ രക്തം കൊടുത്തതെന്നുമാണ് പ്രചാരണം.
പ്രവാചക നിന്ദക്കെതിരെ കൈവെട്ടിയവരാണ് അല്ലാഹുവിന്റെ പാര്‍ട്ടി (ഹിസ്ബുല്ല), അവരാണ് വിജയം വരിക്കുന്നവര്‍ എന്ന രീതിയിലാണ് സംസാരം. ഇതിന്റെ യാഥാര്‍ഥ്യം എന്താണ്? കൈവെട്ടുകയും തലവെട്ടുകയും ചെയ്യുന്ന ഇത്തരക്കാര്‍ ഇതൊക്കെ ചെയ്തിട്ട് പിടിക്കപ്പെടാതിരിക്കാന്‍ ഒളിവില്‍ പോവുകയും കള്ളം പറയുകയും ചെയ്യുന്നതെന്തിനാണ്? ഈ ആയത്തിന്റെ പശ്ചാത്തലം ഇവര്‍ പ്രചരിപ്പിക്കുന്നതുപോലെ വല്ലതുമാണോ?

ഖുര്‍ആന്‍ ആര്‍ക്കും തിരുത്താനോ അതിന്മേല്‍ കൈവെക്കാനോ സാധ്യമല്ലെന്നിരിക്കെ, അതിന്റെ ദുര്‍വ്യാഖ്യാനങ്ങളില്‍ അഭയം തേടുകയാണ് വഴിതെറ്റിയ എല്ലാ വിഭാഗങ്ങളും മുമ്പേ ചെയ്തുവന്നിട്ടുള്ളത്. ഖുര്‍ആന്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയ പ്രവാചക പരിസമാപ്തിയെ നിരാകരിക്കുന്ന ഖാദിയാനികള്‍ക്കും തെളിവ് ഖുര്‍ആന്‍ തന്നെയാണല്ലോ. സുന്നത്ത് നിഷേധികളുടെ ന്യായവാദങ്ങളും ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിച്ചുകൊണ്ടുതന്നെ. എന്നിരിക്കെ കൈവെട്ടുകാര്‍ മാത്രം ഖുര്‍ആനെ വെറുതെ വിടണമെന്നില്ല.
സൂറ അല്‍ മുജാദലയുടെ അവസാന സൂക്തത്തിന്റെ ആശയം ഇങ്ങനെ: അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന ജനത്തെ, അല്ലാഹുവിനോടും അവന്റെ ദൂതനോടും വിരോധം പുലര്‍ത്തുന്നവരോട് മൈത്രിയുള്ളവരായി താങ്കള്‍ ഒരിക്കലും കാണുകയില്ല; ആ വിരോധികള്‍ അവരുടെ പിതാക്കളോ സന്തതികളോ സഹോദരരോ മറ്റു കുടുംബാംഗങ്ങളോ ആയിരുന്നാലും ശരി... (58:22). ഈ സൂക്തത്തിന്റെ അവതരണ പശ്ചാത്തലം അബൂഉബൈദ(റ) ബദ്ര്‍ യുദ്ധവേളയില്‍ സ്വന്തം പിതാവനോടേറ്റുമുട്ടി അദ്ദേഹത്തിന്റെ കഥ കഴിച്ച സംഭവമാണെന്ന് ഹാകിം, ബൈഹഖി മുതല്‍ പേര്‍ ഉദ്ധരിച്ച ഒരു ഹദീസിലുണ്ട്. എന്തായാലും അല്ലാഹുവിനോടും പ്രവാചകനോടുമുള്ള സ്നേഹവും അവരുടെ ശത്രുക്കളോടുള്ള മൈത്രിയും ഒരുമിച്ചു പോവുകയില്ലെന്നാണ് ഖുര്‍ആന്‍ സൂക്തത്തിന്റെ വിവക്ഷ. പോപ്പുലര്‍ ഫ്രണ്ടുകാര്‍ പ്രഫസര്‍ ജോസഫിന്റെ കൈവെട്ടിയത് അദ്ദേഹം അല്ലാഹുവിന്റെയും പ്രവാചകന്റെയും ശത്രുവാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണോ? ആണെങ്കില്‍ അതിനുള്ള തെളിവെന്ത്? താന്‍ വിവാദ ചോദ്യപേപ്പര്‍ തയാറാക്കിയപ്പോള്‍ പ്രവാചകനെ കുറിച്ച ഒരു ചിന്തയും തന്റെ മനസ്സിലുണ്ടായിരുന്നില്ലെന്ന് അദ്ദേഹം ആണയിട്ടു പറയുന്നു. മുഹമ്മദ് എന്ന പേര്‍ എവിടെ എങ്ങനെ വന്നാലും അത് പ്രവാചകനെക്കുറിച്ചായിരിക്കുമെന്ന് ആരാണ് പറഞ്ഞത്? ഇനി അങ്ങനെയും സംശയിക്കാമെന്ന് വെച്ചാല്‍ തന്നെ താനങ്ങനെ ഉദ്ദേശിച്ചില്ലെന്ന് ആരോപിതന്‍ സത്യം ചെയ്തു പറഞ്ഞാല്‍ അത് അംഗീകരിക്കേണ്ടതില്ലെന്ന് ഖുര്‍ആനിലുണ്ടോ? വിചാരണയോ തെളിവെടുപ്പോ നടത്താതെ കേട്ട പാതി, കേള്‍ക്കാത്ത പാതി ആരോപിതനെ വെട്ടിക്കൊല്ലുകയാണ് വേണ്ടതെന്ന വാദം എന്ത് നീതിയാണ്? കുറ്റം തെളിഞ്ഞാല്‍ തന്നെ ശിക്ഷ നടപ്പാക്കേണ്ടത് പോപ്പുലര്‍ ഫ്രണ്ടുകാരോ മറ്റേതെങ്കിലും ക്വട്ടേഷന്‍ സംഘങ്ങളോ ആണെന്ന് ഏത് ഖുര്‍ആന്‍ സൂക്തം വ്യാഖ്യാനിച്ചാണ് ബോധ്യപ്പെടുത്താനാവുക?
അന്തരീക്ഷം തണുപ്പിക്കാനും കൂടുതല്‍ വലിയ ദുരന്തമായി സംഭവം വളരാതിരിക്കാനും പ്രഫ. ജോസഫിന് സോളിഡാരിറ്റി രക്തം കൊടുത്തു. അത് എങ്ങനെയാണ് അല്ലാഹുവിന്റെ ശത്രുവിനോട് മൈത്രീബന്ധം സ്ഥാപിക്കലാവുക? ക്ഷമയും സംയമനവും സഹിഷ്ണുതയും വിട്ടുവീഴ്ചയും കാണിച്ചാല്‍ കഠിന ശത്രുപോലും മിത്രമായി മാറുമെന്ന ഖുര്‍ആന്‍ സൂക്തം ആര്‍ക്കു വേണ്ടിയുള്ളതാണ്? ആ സൂക്തം ദുര്‍ബപ്പെട്ടുപോയെന്നാണോ കൈവെട്ടിനെ ന്യായീകരിക്കുന്ന പുരോഹിതന്മാരുടെ വാദം? ഭീരുത്വപരമായ ഓപറേഷന്‍ നടത്തി ഒളിവില്‍ പോവുന്നതും കള്ളവും കൈക്കൂലിയും മുഖേന കേസ്സൊതുക്കുന്നതുമൊക്കെ പവിത്ര ജിഹാദാണെന്ന് ഓതിക്കൊടുത്തവര്‍ ഇമ്മാതിരി പണ്ഡിതന്മാരാണെങ്കില്‍ അവരില്‍ നിന്ന് സമുദായത്തെ പടച്ചവന്‍ രക്ഷിക്കട്ടെ എന്നേയുള്ളൂ പ്രാര്‍ഥന.

ജിഹാദ്


  • ജിഹാദ്! ലോകത്തിലെ ഏതെങ്കിലും ഭാഷയില്‍ ഇത്രയേറെ തെറ്റിദ്ധരിക്കപ്പെട്ട വേറെ വല്ല പദവുമുണേടായെന്ന് സംശയമാണ്. ഇസ്ലാമിലെ ജിഹാദിനെ സംബന്ധിച്ച് അതിന്റെ അനുയായികളില്‍ ഏറെപ്പേരും അജ്ഞരാണ്; അവരല്ലാത്തവര്‍ അപകടകരമായ അബദ്ധ ധാരണയിലും.
    ജിഹാദ് സത്യവിശ്വാസികളുടെ നിര്‍ബന്ധ ബാധ്യതയാണ്. അതില്‍ നിന്ന് മാറിനില്‍ക്കാന്‍ ആര്‍ക്കും അനുവാദമില്ല. നരകശിക്ഷയില്‍നിന്ന് രക്ഷനേടാനും സ്വര്‍ഗലബ്ധിക്കും അതനിവാര്യമാണ്. അല്ലാഹു പറയുന്നു: "വിശ്വസിച്ചവരേ, വേദനയേറിയ ശിക്ഷയില്‍നിന്ന് നിങ്ങളെ മോചിപ്പിക്കുന്ന ഒരു വ്യാപാരത്തെക്കുറിച്ച് നിങ്ങള്‍ക്കു ഞാനറിയിച്ചുതരട്ടെയോ? നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുക, നിങ്ങളുടെ ജീവധനാദികളാല്‍ ദൈവമാര്‍ഗത്തില്‍ ജിഹാദ് നടത്തുക. അതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍!'' (ഖുര്‍ആന്‍ 61: 10,11).
    "ജിഹാദ് ചെയ്യുന്നവരും ക്ഷമ അവലംബിക്കുന്നവരുമാണെന്ന് വ്യക്തമാക്കപ്പെടാതെ സ്വര്‍ഗപ്രവേശം സാധ്യമല്ലെ''ന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. (3: 142).
    മുസ്ലിംകളുടെ നിയോഗലക്ഷ്യം തന്നെ ജിഹാദ് നിര്‍വഹണമത്രെ. "ദൈവമാര്‍ഗത്തില്‍ യഥാവിധി ജിഹാദ് ചെയ്യുക. തന്റെ ദൌത്യത്തിനു വേണടി നിങ്ങളെ നിയോഗിച്ചത് അവനാണ്. മതത്തില്‍ നിങ്ങള്‍ക്കൊരു ക്ളിഷ്ടതയും അവനുണടാക്കിയിട്ടില്ല'' (22: 78).
    ജിഹാദ് നടത്തുന്നവരെ നേര്‍വഴിക്ക് നയിക്കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്യുന്നു: "നമ്മുടെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നവര്‍ക്ക് നാം നമ്മുടെ മാര്‍ഗങ്ങള്‍ കാണിച്ചുകൊടുക്കും. അല്ലാഹു സുകൃതികളോടൊപ്പമാണ്. തീര്‍ച്ച'' (29: 69).
    ജിഹാദിലേര്‍പ്പെടുന്നവര്‍ക്ക് അല്ലാഹുവിങ്കല്‍ ഔന്നത്യവും ജീവിതവിജയവും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. "സത്യം സ്വീകരിക്കുകയും നാടും വീടും വെടിയുകയും ദൈവമാര്‍ഗത്തില്‍ ദേഹധനാദികളാല്‍ ജിഹാദ് നടത്തുകയും ചെയ്യുന്നവരാരോ അവരുടെ സ്ഥാനമാണ് അല്ലാഹുവിങ്കല്‍ മഹത്തരം. വിജയം വരിക്കുന്നവരും അവര്‍തന്നെ. തന്റെ അനുഗ്രഹവും തൃപ്തിയും അനശ്വര സുഖാനുഭൂതികളുള്ള സ്വര്‍ഗീയാരാമങ്ങളും അവര്‍ക്ക് ലഭിക്കുമെന്ന് അവരുടെ നാഥന്‍ സുവാര്‍ത്ത അറിയിക്കുന്നു. അവരാ ഉദ്യാനങ്ങളില്‍ നിത്യവാസികളായിരിക്കും. തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ അവര്‍ക്ക് മഹത്തായ പ്രതിഫലമുണട്'' (9: 20-22).
    പരമമായ സ്നേഹം പ്രപഞ്ചനാഥനോടും പ്രവാചകനോടുമെന്നപോലെ ജിഹാദിനോടും ആവുന്നതുവരെ ആരും കുറ്റമുക്തരാവുകയില്ല. "പറയുക: നിങ്ങളുടെ പിതാക്കളും സന്താനങ്ങളും സഹോദരന്മാരും ഭാര്യമാരും ബന്ധുക്കളും നിങ്ങള്‍ സമ്പാദിച്ചുണടാക്കിയ ധനവും, വിഘ്നം വരുമോയെന്ന് നിങ്ങള്‍ ഭയക്കുന്ന വ്യാപാരവും നിങ്ങളുടെ പ്രിയപ്പെട്ട വീടുകളുമാണ്, അല്ലാഹുവിനെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലെ ജിഹാദിനെക്കാളും നിങ്ങള്‍ക്ക് പ്രിയങ്കരമെങ്കില്‍ നിങ്ങളിതാ കാത്തിരുന്നുകൊള്ളുക, അല്ലാഹു തന്റെ കല്‍പന നടപ്പാക്കുന്നതുവരെ. കുറ്റവാളികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല'' (ഖുര്‍ആന്‍ 9: 24).
    ജിഹാദിലൂടെ മരണം വരിക്കുന്നവര്‍ നിത്യജീവന്‍ നേടുന്നവരത്രെ. "അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ടവര്‍ മരിച്ചുപോയവരാണെന്ന ധാരണ ഒരിക്കലും നിങ്ങള്‍ക്കുണടാവരുത്. അവര്‍ താങ്കളുടെ നാഥങ്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ആഹാരം നല്‍കപ്പെട്ടുകൊണടിരിക്കുന്നു. അല്ലാഹു അവര്‍ക്ക് നല്‍കിയ തന്റെ മഹത്തായ ഔദാര്യത്തില്‍ അവര്‍ സംതൃപ്തരാണ്'' (ഖുര്‍ആന്‍ 3: 169, 170).
    വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും രാഷ്ട്രത്തിലും ലോകത്തും സത്യവും സന്മാര്‍ഗവും ധര്‍മവും നീതിയും സ്ഥാപിക്കാനും നിലനിര്‍ത്താനുമുള്ള അധ്വാനപരിശ്രമങ്ങള്‍ക്കാണ് ഖുര്‍ആന്റെ സാങ്കേതിക ഭാഷയില്‍ ജിഹാദ് എന്ന് പറയുക. ഭാഷാപരമായ അര്‍ഥം കഠിനമായ പ്രയാസങ്ങളോടു മല്ലിടുക, സാഹസപ്പെടുക, കഠിനമായി പ്രയത്നിക്കുക, കഷ്ടതയനുഭവിക്കുക എന്നെല്ലാമാണ്.
    സാഹചര്യമാണ് ജിഹാദിന്റെ രീതി നിശ്ചയിക്കുന്നത്. ഉപര്യുക്ത ലക്ഷ്യസാക്ഷാത്കാരത്തിന് ഓരോ കാലത്തും ദേശത്തും പരിതഃസ്ഥിതിയിലും ഏറ്റവും അനുയോജ്യവും അനുവദനീയവും ഫലപ്രദവുമായ രീതിയാണ് സ്വീകരിക്കേണടത്. മോഹങ്ങളെ മെരുക്കിയെടുത്തും ഇച്ഛകളെ നിയന്ത്രിച്ചും ആഗ്രഹങ്ങളുടെ മേല്‍ മേധാവിത്വം പുലര്‍ത്തിയും സ്വന്തം ജീവിതത്തെ ദൈവനിര്‍ദേശങ്ങള്‍ക്കനുരൂപമാക്കി മാറ്റാന്‍ നടത്തുന്ന ശ്രമംപോലും ജിഹാദാണ്. യുദ്ധരംഗത്തുനിന്ന് മടങ്ങവെ ഒരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: "നാം ഏറ്റവും ചെറിയ ജിഹാദില്‍നിന്ന് ഏറ്റവും വലിയ ജിഹാദിലേക്ക് തിരിച്ചുവന്നിരിക്കുന്നു.'' പ്രവാചകശിഷ്യന്മാര്‍ ചോദിച്ചു: "ഏതാണ് ഏറ്റവും വലിയ ജിഹാദ്?'' അവിടുന്ന് അരുള്‍ ചെയ്തു: "മനസ്സിനോടുള്ള സമരമാണത്.''
    കുടുംബത്തിന്റെ ഇസ്ലാമീകരണത്തിനായി നടത്തപ്പെടുന്ന വിദ്യാഭ്യാസം, സംസ്കരണം, സദുപദേശം, ശിക്ഷണം തുടങ്ങിയവയെല്ലാം ജിഹാദിലുള്‍പ്പെടുന്നു. സത്യസംസ്ഥാപനത്തിനും നന്മയുടെ പ്രചാരണത്തിനും ധര്‍മത്തിന്റെ ഉന്നതിക്കുമായുള്ള എഴുത്തും പ്രസംഗവും സംഭാഷണവും ചര്‍ച്ചയും വിദ്യാഭ്യാസപ്രചാരണവുമെല്ലാം ആ ഗണത്തില്‍ പെടുന്നു. സമുദായത്തിന്റെ അഭ്യുന്നതി ലക്ഷ്യം വെച്ചുള്ള ശാസ്ത്ര- സാങ്കേതിക- സാമ്പത്തിക- സാംസ്കാരിക- കലാ- സാഹിത്യ മേഖലകളിലെ ശ്രമങ്ങളും ജിഹാദുതന്നെ! എന്നാല്‍ ലക്ഷ്യം ദൈവിക വചനത്തിന്റെ, അഥവാ പരമമായ സത്യത്തിന്റെ ഉയര്‍ച്ചയായിരിക്കണം.
    അതിനാല്‍, അല്ലാഹുവിന്റെ വ്യവസ്ഥയുടെ സംസ്ഥാപനത്തിനും നിലനില്‍പിനുമായി നടത്തപ്പെടുന്ന സകല ശ്രമങ്ങളും ദൈവമാര്‍ഗത്തിലെ ജിഹാദാണ്; ദൈവേതര വ്യവസ്ഥകളുടെ സംസ്ഥാപനവും നിലനില്‍പും ഉദ്ദേശിച്ചും ലക്ഷ്യം വെച്ചും നടത്തപ്പെടുന്നവ പിശാചിന്റെ പാതയിലെ പോരാട്ടവും. അല്ലാഹു അറിയിക്കുന്നു: "സത്യവിശ്വാസം സ്വീകരിച്ചവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നു. സത്യനിഷേധത്തിന്റെ മാര്‍ഗമവലംബിച്ചവര്‍ പൈശാചിക മാര്‍ഗത്തിലും സമരം ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ പിശാചിന്റെ കൂട്ടാളികളോട് സമരം ചെയ്യുക. പിശാചിന്റെ തന്ത്രം തീര്‍ത്തും ദുര്‍ബലംതന്നെ; തീര്‍ച്ച'' (ഖുര്‍ആന്‍ 4: 76).
    അതിനാല്‍, ജിഹാദ് സമഗ്രമായ ഒരു പദമാണ്. എല്ലാ തരത്തിലുള്ള ശ്രമങ്ങളും അധ്വാനങ്ങളും അതിലുള്‍പ്പെടുന്നു. ബുദ്ധിപരമായും ചിന്താപരമായുമുള്ള വിപ്ളവങ്ങളുണടാക്കാനും ജനങ്ങളുടെ വികാരങ്ങളും താല്‍പര്യങ്ങളും സംസ്കരിക്കാനും അവരുടെ വീക്ഷണങ്ങള്‍ ദൈവികവ്യവസ്ഥക്കനുസൃതമാക്കാനും നടത്തപ്പെടുന്ന വാചികവും ലിഖിതവുമായ സംരംഭങ്ങള്‍ തൊട്ട് സത്യത്തിന്റെ ശത്രുക്കളോടുള്ള സായുധ സമരം വരെ അത് വ്യാപിച്ചു കിടക്കുന്നു. വ്യക്തി, തന്റെ അഭിമാനവും ജീവനും സ്വത്തും സംരക്ഷിക്കാന്‍ ശ്രമിക്കുന്നതും ജിഹാദുതന്നെ. ആ മാര്‍ഗത്തില്‍ മരണം വരിക്കുന്നത് ദൈവമാര്‍ഗത്തിലെ രക്തസാക്ഷിത്വമാണെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു.
    സയ്യിദ് അബുല്‍അഅ്ലാ മൌദൂദി എഴുതുന്നു: "കേവലം യുദ്ധം അല്ല 'ജിഹാദ്' എന്നതുകൊണടുദ്ദേശിക്കുന്നത്. അധ്വാനപരിശ്രമങ്ങള്‍, കഠിനയത്നം, അങ്ങേയറ്റത്തെ പ്രവര്‍ത്തനം, ശ്രമം എന്നീ അര്‍ഥങ്ങളിലാണ് ഈ പദം പ്രയോഗിക്കപ്പെടാറുള്ളത്. ജിഹാദ്, മുജാഹിദ് എന്നിവയുടെ ആശയത്തില്‍ തരണംചെയ്യാന്‍ അധ്വാനപരിശ്രമങ്ങള്‍ ആവശ്യമായിത്തീരുന്ന ഒരു പ്രതിപക്ഷശക്തിയുടെ സാന്നിധ്യവും കൂടി ഉള്‍പ്പെടുന്നുണട്. ഇതോടൊപ്പം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എന്ന ഉപാധി, പ്രതിലോമശക്തികളെന്നാല്‍ അല്ലാഹുവിനുള്ള അടിമത്തത്തെ നിഷേധിക്കുകയും അവന്റെ പ്രീതിയെ നിരാകരിക്കുകയും അവന്റെ മാര്‍ഗത്തില്‍ ചലിക്കുന്നതിനെ തടയുകയും ചെയ്യുന്നതെന്തൊക്കെയാണോ അതൊക്കെയാണെന്ന് നിര്‍ണയിക്കുകയും ചെയ്യുന്നു. അത്തരം പ്രതിലോമശക്തികളെ പരാജയപ്പെടുത്തി മനുഷ്യന്‍ സ്വയംതന്നെ അല്ലാഹുവിന്റെ ഉത്തമ അടിമയായിത്തീരുവാനും ദൈവികവചനത്തിന്റെ ഉന്നതിക്കും സത്യനിഷേധത്തിന്റെയും കൃതഘ്നതയുടെയും വചനങ്ങളുടെ പരാജയത്തിനും ജീവാര്‍പ്പണം ചെയ്യുകയെന്നതാണ് 'അധ്വാനപരിശ്രമങ്ങള്‍' കൊണടുദ്ദേശിക്കുന്നത്. ഈ മുജാഹിദിന്റെ പ്രഥമലക്ഷ്യം, സദാ ദൈവധിക്കാരത്തിന് പ്രേരണ നല്‍കിക്കൊണടിരിക്കുകയും സത്യവിശ്വാസത്തില്‍നിന്നും ദൈവാനുസരണത്തില്‍നിന്നും തന്നെ തടയാന്‍ ശ്രമിച്ചുകൊണടിരിക്കുകയും ചെയ്യുന്ന സ്വന്തം മനസ്സിന്റെ ദുഷ്പ്രവണത യാകുന്നു. അതിനെ കീഴ്പ്പെടുത്താന്‍ കഴിയാത്തേടത്തോളം കാലം ബാഹ്യരംഗത്ത് ഒരു 'മുജാഹിദി'ന് യാതൊരു സാധ്യതയുമില്ല. അതുകൊണടാണ് ഒരു യുദ്ധത്തില്‍നിന്ന് തിരിച്ചുവരവേ ഭടന്മാരോട് നബി (സ) ഇപ്രകാരം അരുളിയത്:
    (നാം ഒരു ചെറിയ ജിഹാദില്‍നിന്ന് വലിയ ജിഹാദിലേക്കാണ് തിരിച്ചുപോകുന്നത്.)
    ഏതാണ് വലിയ ജിഹാദെന്ന് അവിടന്നുതന്നെ വ്യക്തമാക്കുകയുണടായി: "ദാസന്‍ തന്റെ ദേഹേച്ഛകള്‍ക്കെതിരായി കഠിനയത്നം നടത്തുക''
    മുഴുവന്‍ ലോകത്തോളം പ്രവിശാലമാണ് സ്വന്തത്തെ വിജയിച്ചതിനുശേഷമുള്ള ജിഹാദിന്റെ രംഗം. ലോകത്തുള്ള എല്ലാ ദൈവനിഷേധ-പൈശാചിക ശക്തികള്‍ക്കും എതിരായി അവന്‍ മനസ്സിന്റെയും മസ്തിഷ്കത്തിന്റെയും ശരീരത്തിന്റെയും ധനത്തിന്റെയും സര്‍വശക്തികളുമുപയോഗിച്ച് അധ്വാനപരിശ്രമങ്ങള്‍ ചെയ്യുകയാണ് ഇവിടെ ആവശ്യപ്പെട്ടിട്ടുള്ള യഥാര്‍ഥ ജിഹാദ്'. (തഫ്ഹീമുല്‍ ഖുര്‍ആന്‍ വാല്യം 3, പേജ് 247, 248)
    സയ്യിദ് മൌദൂദി തന്നെ ഇതൊന്നുകൂടി വിശദീകരിക്കുന്നു: "ഒരു ഉദ്ദേശ്യം നേടേണടതിന് അങ്ങേയറ്റത്തോളമുള്ള പരിശ്രമം വിനിയോഗിക്കുകയെന്നാണ് 'ജിഹാദി'ന്റെ അര്‍ഥം. ഇത് 'യുദ്ധ'ത്തിന്റെ പര്യായമല്ല; യുദ്ധത്തിന് അറബിയില്‍ 'ഖിതാല്‍' എന്ന വാക്കാണ് സാധാരണ ഉപയോഗിക്കാറുള്ളത്. 'ജിഹാദി'ന് അതിലും എത്രയോ വിപുലവും വിശാലവുമായ അര്‍ഥമാണുള്ളത്. സകലവിധ ത്യാഗപരിശ്രമങ്ങളും അതില്‍ ഉള്‍പ്പെടുന്നു. ലക്ഷ്യത്തെക്കുറിച്ചുള്ള ചിന്തയില്‍ സദാ മുഴുകിയിരിക്കുക, ഹൃദയമസ്തിഷ്കങ്ങള്‍കൊണട് അത് പ്രാപിക്കുന്നതിനുള്ള പോംവഴികളാരാഞ്ഞുകൊണടിരിക്കുക, നാവുകൊണടും പേനകൊണടും അതിനെ പ്രചരിപ്പിക്കുക, കൈകാലുകള്‍കൊണട് അതിനുവേണടി പരിശ്രമങ്ങള്‍ നടത്തുക, സാധ്യമായ എല്ലാ ഉപകരണസാമഗ്രികളും അതിന്റെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തുക, ആ മാര്‍ഗത്തില്‍ നേരിടുന്ന ഏതു പ്രതിബന്ധങ്ങളെയും പൂര്‍ണശക്തിയോടെയും ധൈര്യസ്ഥൈര്യത്തോടെയും നേരിടുക, ആവശ്യം വരുമ്പോള്‍ ജീവനെപ്പോലും ബലിയര്‍പ്പിക്കാന്‍ മടികാണിക്കാതിരിക്കുക ഇവക്കെല്ലാം കൂടിയുള്ള പേരാണ് 'ജിഹാദ്'. അത്തരം ത്യാഗപരിശ്രമങ്ങള്‍ ചെയ്യുന്നവനത്രെ 'മുജാഹിദ്!' 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുക'യെന്നാല്‍, പ്രസ്തുത ത്യാഗപരിശ്രമങ്ങളെല്ലാം അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചും അവന്റെ ദീന്‍ അവന്റെ ഭൂമിയില്‍ സ്ഥാപിതമാവേണടതിനും അവന്റെ വാക്യം മറ്റെല്ലാ വാക്യങ്ങളെയും ജയിക്കേണടതിനും മാത്രമായിരിക്കുകയും മറ്റൊരു താല്‍പര്യവും 'മുജാഹിദി'ന്റെ ലക്ഷ്യമാവാതിരിക്കുകയും ചെയ്കയെന്നാണ്.'' (തഫ്ഹീമുല്‍ ഖുര്‍ആന്‍ വാല്യം 1, പേജ് 150)
    വീണടും എഴുതുന്നു: "ഒരു പ്രതികൂല ശക്തിയെ നേരിടുന്നതിന് സമരം നടത്തുകയും ത്യാഗപരിശ്രമങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നതിനാണ് മുജാഹദഃ എന്നു പറയുക. ഒരു പ്രത്യേക എതിര്‍ശക്തിയെ ചൂണടിക്കാണിക്കാതെ 'മുജാഹദഃ' എന്നു മാത്രം പറയുമ്പോള്‍ അതിനര്‍ഥം സമഗ്രവും സര്‍വതോമുഖവുമായ സമരം എന്നാണ്. വിശ്വാസി ഈ ലോകത്ത് നടത്തേണട സമരം ഈ വിധത്തിലുള്ളതാണ്. തിന്മയനുവര്‍ത്തിക്കുന്നതുകൊണടുണടാകുന്ന നേട്ടങ്ങളെക്കുറിച്ച് പ്രലോഭിപ്പിക്കുന്ന ചെകുത്താനുമായി അവന്‍ സദാ സമരംചെയ്തുകൊണടിരിക്കണം. തന്നെ ജഡികേച്ഛകളുടെ അടിമയാക്കാന്‍ ശക്തിയായി പ്രേരിപ്പിച്ചുകൊണടിരിക്കുന്ന സ്വമനസ്സുമായും സമരം ചെയ്യണം. സ്വന്തം വീടു മുതല്‍ ചക്രവാളം വരെ വീക്ഷണങ്ങളിലും ദര്‍ശനങ്ങളിലും ധാര്‍മികതത്ത്വങ്ങളിലും നാഗരിക രീതികളിലും ആചാരസമ്പ്രദായങ്ങളിലും സാമൂഹിക-സാംസ്കാരിക നിയമങ്ങളിലും സത്യദീനിനെ എതിര്‍ക്കുന്ന സകല മനുഷ്യരോടും സമരം ചെയ്യണം. ദൈവത്തിന്റെ ആധിപത്യത്തില്‍നിന്നു മുക്തരായി സ്വന്തം ആധിപത്യം നടത്താന്‍ ശ്രമിക്കുകയും തങ്ങളുടെ കഴിവുകള്‍ നന്മക്കു പകരം തിന്മ പ്രചരിപ്പിക്കാന്‍ വിനിയോഗിക്കുകയും ചെയ്യുന്ന സാമൂഹിക നേതൃത്വത്തോടും സമരം ചെയ്യണം. ഇത് ഒന്നോ രണേടാ നാളത്തെ സമരമല്ല, ആജീവനാന്ത സമരമാണ്. ദിവസത്തില്‍, ഇരുപത്തിനാലു മണിക്കൂറും അവിരാമം തുടരുന്ന സമരം. ഏതെങ്കിലും ഒരു രംഗത്തുമാത്രം നടക്കുന്നതുമല്ല ഈ സമരം. ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ഇത് നടക്കേണടതാണ്. ഇതിനെക്കുറിച്ചാണ് ഹദ്റത്ത് ഹസന്‍ ബസ്വരി പറയുന്നത്:
    (മനുഷ്യന്‍ തീര്‍ച്ചയായും ജിഹാദ് ചെയ്യുന്നുണട്; അവന്‍ ഒരിക്കലും വാളെടുത്തിട്ടില്ലെങ്കിലും.)(തഫ്ഹീമുല്‍ ഖുര്‍ആന്‍ വാല്യം 3, പേജ് 645).
    "ശക്തമായ ജിഹാദ്) എന്നതിന് മൂന്നര്‍ഥങ്ങളുണട്: ഒന്ന്, അധ്വാന പരിശ്രമങ്ങളില്‍നിന്ന് ഒരു നിമിഷം വിട്ടുനില്‍ക്കാതിരിക്കാനുള്ള നിതാന്ത യജ്ഞം. രണട്, മനുഷ്യന്‍ തന്റെ കഴിവുകളാസകലം പ്രയോജനപ്പെടുത്തിക്കൊണട് നടത്തുന്ന വന്‍തോതിലുള്ള പ്രയത്നം. മൂന്ന്, മനുഷ്യന്‍ തന്റെ പ്രയത്നശേഷിയുടെ ഒരുവശവും ഒഴിവാക്കാതെ നടത്തുന്ന ബഹുമുഖവും സമഗ്രവുമായ അധ്വാനപരിശ്രമം. ഏതെല്ലാം മുന്നണികളില്‍ ആയുധശക്തി പ്രവര്‍ത്തിച്ചുകൊണടിരിക്കുന്നുവോ അവിടങ്ങളില്‍ തന്റെ ശക്തികൂടി അതോടൊപ്പം ചേര്‍ക്കുക, സത്യത്തിന്റെ വിജയത്തിനുവേണടി ഏതെല്ലാം രംഗങ്ങളില്‍ എന്തെല്ലാം പ്രവര്‍ത്തിക്കേണടതാവശ്യമായി വരുന്നുവോ അവിടെയെല്ലാം നാവുകൊണടും പേനകൊണടുമുള്ള സമരം ഉള്‍പ്പെടെ ജീവന്‍കൊണടും ധനംകൊണടും ആയുധങ്ങള്‍കൊണടും പടപൊരുതുക.'' (തഫ്ഹീമുല്‍ ഖുര്‍ആന്‍ വാല്യം 3, പേജ് 444)
    ജിഹാദിന് വിശുദ്ധയുദ്ധം, മതയുദ്ധം എന്നൊക്കെ അര്‍ഥം കല്‍പിക്കുന്നത് തീര്‍ത്തും തെറ്റാണ്. ഇസ്ലാമിനുമുമ്പുള്ള അറബി സാഹിത്യത്തില്‍ യുദ്ധത്തെ സംബന്ധിച്ച ധാരാളം കവിതകളും പ്രഭാഷണങ്ങളും കാണാവുന്നതാണ്. അവയിലെവിടെയും യുദ്ധത്തിന് 'ജിഹാദ്' എന്ന പദം പ്രയോഗിച്ചിട്ടില്ല.
    സായുധ സമരം അനിവാര്യമാവുകയും വ്യവസ്ഥാപിതമായ നേതൃത്വം അതാവശ്യപ്പെടുകയും ചെയ്യുന്ന ഘട്ടങ്ങളില്‍ അതില്‍ പങ്കുചേരേണടത് അതിനു കഴിവുള്ള ഓരോ വിശ്വാസിയുടെയും ബാധ്യതയും, അതില്‍നിന്ന് മാറിനില്‍ക്കുന്നത് കൊടിയ പാപവുമാണ്. എന്നാല്‍ ഇസ്ലാമില്‍ സായുധ ജിഹാദ് പ്രഖ്യാപിക്കേണടത് ഏതെങ്കിലും വ്യക്തികളോ ഗ്രൂപ്പുകളോ അല്ല. സ്ഥാപിതമായ ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരികളോ അംഗീകൃത സമുദായ നേതൃത്വമോ ആണ്. അതുകൊണടുതന്നെ ഏതെങ്കിലും വ്യക്തികളോ ഗ്രൂപ്പുകളോ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളും ആക്രമണങ്ങളും ഇസ്ലാമിക ജിഹാദല്ല. അത്തരം കൃത്യങ്ങളെ ഇസ്ലാമുമായി ചേര്‍ത്തുപറയുന്നത് തീര്‍ത്തും തെറ്റാണ്.
    ചുരുക്കത്തില്‍ ജിഹാദെന്നാല്‍ സായുധ പോരാട്ടമാണെന്ന ധാരണ അബദ്ധപൂര്‍ണമാണ്. ജിഹാദിന്റെ വിവിധയിനങ്ങളില്‍ ഒന്നു മാത്രമാണത്. ഖുര്‍ആന്‍ പരിചയപ്പെടുത്തിയ പ്രവാചകന്മാരെല്ലാം ജിഹാദ് ചെയ്തവരാണ്. എന്നാല്‍ അവരില്‍ സായുധയുദ്ധം നടത്തിയവര്‍ അത്യപൂര്‍വമത്രെ. ദൈവത്തിന്റെ അന്ത്യദൂതന്‍ മുഹമ്മദ് നബിതിരുമേനി പ്രവാചകത്വത്തിനുശേഷം മക്കയില്‍ കഴിച്ചുകൂട്ടിയ പതിമൂന്നു വര്‍ഷവും ജിഹാദില്‍ വ്യാപൃതനായിരുന്നു. എന്നാല്‍ ഒരിക്കല്‍പോലും ആയുധമെടുത്ത് പൊരുതിയിട്ടില്ല. അതിന് അനുവാദവുമുണടായിരുന്നില്ല. ജിഹാദ് എന്നാല്‍ സായുധ പോരാട്ടമാണെന്ന ധാരണ തിരുത്തപ്പെടേണട അബദ്ധമാണെന്ന് സത്യം ഗ്രഹിക്കാന്‍ ശ്രമിക്കുന്ന ഏവര്‍ക്കും അനായാസം ബോധ്യമാകും.

അമുസ്ലിംകളെല്ലാം നരകത്തിലോ?


---------------------------------------------------------------------------
മുസ്ലിം സമുദായത്തില്‍ ജനിക്കുന്നവര്‍ക്ക് ദൈവത്തെയും പ്രവാചകനെയും വേദഗ്രന്ഥത്തെയും സ്വര്‍ഗനരകങ്ങളെയും സംബന്ധിച്ച അറിവ് സ്വാഭാവികമായും ലഭിക്കും. മറ്റുള്ളവര്‍ക്കത് കിട്ടുകയില്ല. അതിനാല്‍ ആ അറിവ് ലഭിക്കാത്തതിന്റെ പേരില്‍ അതനുസരിച്ച് ജീവിക്കാന്‍ സാധിക്കാത്തവരൊക്കെ നരകത്തിലായിരിക്കുമെന്നാണോ പറയുന്നത്?
A
മുസ്ലിം സമുദായത്തില്‍ ജനിക്കുകവഴി, ദൈവത്തെയും ദൈവിക ജീവിത വ്യവസ്ഥയെയും സംബന്ധിച്ച വ്യക്തമായ അറിവു ലഭിച്ച ശേഷം അതനുസരിച്ച് ജീവിക്കാത്തവന്‍ സത്യനിഷേധി (കാഫിര്‍) യാണ്. അവര്‍ക്ക് മരണശേഷം കൊടിയ ശിക്ഷയുണ്ടാകുമെന്ന് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല, ദൈവത്തെയും ദൈവിക ജീവിതക്രമത്തെയും സംബന്ധിച്ച് അറിവുള്ളവരെല്ലാം മറ്റുള്ളവരെ അതറിയിച്ചുകൊടുക്കാന്‍ ബാധ്യസ്ഥരാണ്. ഈ ബാധ്യത നിര്‍വഹിച്ചില്ലെങ്കില്‍ അതിന്റെ പേരിലും പരലോകത്ത് അവര്‍ ശിക്ഷാര്‍ഹരായിരിക്കും.
എന്നാല്‍ ദൈവത്തെയും ദൈവിക മതത്തെയും സംബന്ധിച്ച് ഒട്ടും കേട്ടറിവു പോലുമില്ലാത്തവര്‍ ശിക്ഷിക്കപ്പെടുമെന്നോ നരകാവകാശികളാകുമെന്നോ ഇസ്ലാം പഠിപ്പിക്കുന്നില്ല. ഖുര്‍ആനോ പ്രവാചക ചര്യയോ അങ്ങനെ പറയുന്നുമില്ല. മറിച്ച്, ദിവ്യ സന്ദേശം വന്നെത്തിയിട്ടില്ലാത്തവര്‍ ശിക്ഷിക്കപ്പെടില്ലെന്നാണ് വേദഗ്രന്ഥം പഠിപ്പിക്കുന്നത്. പതിനേഴാം അധ്യായം പതിനഞ്ചാം വാക്യത്തിലിങ്ങനെ കാണാം: "ആര്‍ സന്മാര്‍ഗം സ്വീകരിക്കുന്നുവോ, അതവന്റെ തന്നെ ഗുണത്തിനു വേണ്ടിയാകുന്നു. ആര്‍ ദുര്‍മാര്‍ഗിയാകുന്നുവോ, അതിന്റെ ദോഷവും അവനുതന്നെ. ഭാരം വഹിക്കുന്നവരാരുംതന്നെ ഇതരന്റെ ഭാരം വഹിക്കുകയില്ല. (സന്മാര്‍ഗം കാണിക്കാനായി) ദൈവദൂതന്‍ നിയോഗിതനാവുന്നതുവരെ നാമാരെയും ശിക്ഷിക്കാറുമില്ല.''
അതേസമയം ദൈവത്തെ സംബന്ധിച്ച് കേള്‍ക്കാത്തവരോ സാമാന്യധാരണയില്ലാത്തവരോ ഉണ്ടാവുകയില്ല. അവര്‍ ദൈവത്തെക്കുറിച്ച് കൂടുതലന്വേഷിക്കാനും ആ ദൈവം വല്ല ജീവിതമാര്‍ഗവും നിശ്ചയിച്ചുതന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനും ബാധ്യസ്ഥരാണ്. അപ്രകാരം തന്നെ സ്വര്‍ഗമുണ്ടെന്നും നിശ്ചിത മാര്‍ഗത്തിലൂടെ നീങ്ങുന്നവര്‍ക്കേ അത് ലഭിക്കുകയുള്ളൂവെന്നുമുള്ള കാര്യം കേട്ടറിഞ്ഞവരൊക്കെയും അതേക്കുറിച്ച് പഠിക്കാന്‍ കടപ്പെട്ടവരാണ്. അതിന്റെ ലംഘനം ശിക്ഷാര്‍ഹമായ കുറ്റമാവുക സ്വാഭാവികമാണല്ലോ.

 
 

സുകര്‍മികളെല്ലാം സ്വര്‍ഗാവകാശികളാവേണ്ടതല്ലേ?


----------------------------------------------------------------------------
ഒരാള്‍ ദൈവത്തിലും മരണാനന്തര ജീവിതത്തിലുമൊന്നും വിശ്വസിക്കുന്നില്ല. അതേസമയം മദ്യപിക്കുകയോ വ്യഭിചരിക്കുകയോ ചെയ്യുന്നില്ല. ആരെയും ദ്രോഹിക്കുന്നില്ല. എല്ലാവര്‍ക്കും സാധ്യമാവുന്നത്ര ഉപകാരം ചെയ്ത് ജീവിക്കുന്നു. അയാള്‍ക്ക് സ്വര്‍ഗം ലഭിക്കുമോ?
A
ഏതൊരാള്‍ക്കും ഏതു കാര്യത്തിലും പരമാവധി ശ്രമിച്ച് ഫലപ്രാപ്തിയിലെത്തിയാല്‍ പോലും അയാള്‍ ഉദ്ദേശിച്ചതും ലക്ഷ്യം വച്ചതുമല്ലേ ലഭിക്കുകയുള്ളൂ. ദൈവത്തിലും മരണാനന്തര ജീവിതത്തിലും വിശ്വാസമില്ലാത്ത വ്യക്തി തിന്മയുപേക്ഷിക്കുന്നതും നന്മ പ്രവര്‍ത്തിക്കുന്നതും സ്വര്‍ഗം ലക്ഷ്യം വച്ചായിരിക്കില്ലെന്നതില്‍ സംശയമില്ല. അയാളങ്ങനെ ചെയ്യുന്നത് സമൂഹത്തില്‍ സല്‍പ്പേരും പ്രശസ്തിയും ലഭിക്കാനായിരിക്കാം. എങ്കില്‍ അതാണയാള്‍ക്ക് ലഭിക്കുക. അഥവാ മനസ്സംതൃപ്തിക്കും ആത്മനിര്‍വൃതിക്കും വേണ്ടിയാണെങ്കില്‍ അതാണുണ്ടാവുക. ദൈവത്തിന്റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ചും ലക്ഷ്യം വച്ചും ജീവിക്കുന്നവര്‍ക്കേ അത് ലഭിക്കുകയുള്ളൂ. അതിനാല്‍ നേരത്തെ വ്യക്തമാക്കിയ പോലെ സ്വര്‍ഗമാഗ്രഹിച്ച് അതിന് നിശ്ചയിക്കപ്പെട്ട വഴിയിലൂടെ സഞ്ചരിക്കുന്നവരേ അവിടെ എത്തിച്ചേരുകയുള്ളൂ.
എന്നാല്‍ ഇന്ന വ്യക്തി സ്വര്‍ഗത്തിലായിരിക്കും അല്ലെങ്കില്‍ നരകത്തിലായിരിക്കും എന്ന് നമുക്ക് തീരുമാനിക്കാനോ പറയാനോ സാധ്യമല്ല. അത് ദൈവനിശ്ചയമാണ്. അവന്നും അവന്‍ നിശ്ചയിച്ചു കൊടുക്കുന്ന ദൂതന്മാര്‍ക്കും മാത്രമേ അതറിയുകയുള്ളൂ. 

2011, ജൂലൈ 24, ഞായറാഴ്‌ച

പുതിയ തലമുറക്ക് പുതിയ അറിവുകള്‍

കേരളത്തില്‍ ആദ്യമായി സയ്യിദ് അബുല്‍ അഅലാ മൌദൂദിയെ പരിചയ പെടുത്തിയത് മുജാഹിദുകള്‍ ആയിരുന്നു എന്ന് അറിയുന്ന എത്ര മുജാഹിദുകള്‍ ഉണ്ടാകും ?
ഒതായി ലൈബ്രറി യിലേക്ക് മൌദൂദി സാഹിത്യങ്ങള്‍ വാങ്ങിക്കാന്‍ നിര്‍ദേശം നല്‍കിയത് എ. പി അബ്ദുല്‍ കാടെര്‍ മൌലവി ആയിരുന്നു എന്ന് അറിയുന്നവര്‍ ഉണ്ടാകുമോ?
ആന്തമാന്‍ ദീപിലെ ഒരു കുട്ടിക്ക് അബുല്‍ അഅല എന്ന് പേരിട്ടത് എ.പി അബ്ദുല്‍ കാദര്‍ മൌലവി ആണെന്ന് ഇന്ന് പറഞ്ഞാല്‍ വ്ശ്വസിക്കുമോ?
അബുല്‍ അഅലാ മൌദൂദി മരണ പെട്ടപ്പോള്‍ മലപ്പുറം ജില്ലയിലെ പത്തപ്പിരിയത്തിനടുത്ത് പേരൂര്‍ കുണ്ട് പള്ളിയില്‍ എ.പി അബ്ദുല്‍ കാദര്‍ മൌലവി ഇമാമത്ത് നിന്ന് മയ്യിത്ത് നമസ്കരിച്ചിട്ടുനാദ് എന്ന സത്ത്യം അറിയുന്നവര്‍ ആരെങ്കിലും ഉണ്ടോ?.ഇപ്പോഴത്തെ മുജാഹിടുകള്‍ക്ക് ഇതൊക്കെ വിശ്വസിക്കാന്‍ സാധിക്കുമോ?.ഇന്ന് മുജാഹിദ് നേതാക്കളുടെ പ്രസംഗം കേട്ടാല്‍ മൌദൂദിയെ അനുസ്മരിച്ചു മുജാഹിട് വെതാവ് ചന്ദ്രികയില്‍ അനുസ്മരണം എഴുതിയിരുന്നു എന്ന് വിശ്വസിക്കാന്‍ സാധിക്കുമോ?
ചന്ദ്രികയില്‍ എഡിറ്റോറിയല്‍  വന്നിരുന്നു എന്ന് വിശ്വസിക്കാന്‍ സാധിക്കുമോ?.

2011, ജൂലൈ 20, ബുധനാഴ്‌ച

ഒരു സോളിഡാരിറ്റി ഇഫെക്റ്റ്..?

മുസ്‌ലിം ലീഗ് പാരിസ്ഥിതിക വിഷയങ്ങളില്‍ സജീവമായി ഇടപെടുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. ദുബൈ കെ.എം.സി.സി സംസ്ഥാന ലീഗ് ഭാരവാഹികള്‍ക്ക് ഒരുക്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുവരെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലായിരുന്നു പാര്‍ട്ടി പ്രധാനമായും ശ്രദ്ധിച്ചിരുന്നത്. ഇനി മുതല്‍ പരിസ്ഥിതി പ്രവര്‍ത്തനത്തിനും പ്രധാന്യം നല്‍കും. ഇതിനായി പ്രവര്‍ത്തകരെ സജ്ജമാക്കും. കാടും പുഴയും നിര്‍വ്വഹിക്കുന്ന അടിസ്ഥാന ദൗത്യത്തിന് മറ്റൊന്ന് പകരം വെക്കാനാവില്ല. ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ് പാര്‍ട്ടി ഇത് അജണ്ടയാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം ലീഗില്‍ വര്‍ഗീയത ആരോപിക്കാന്‍ ശ്രമിച്ചാല്‍ മതേതര പ്രവര്‍ത്തനങ്ങളിലൂടെ അതിനെ പ്രതിരോധിക്കും. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്താനുള്ള ഏതു നീക്കത്തെയും പാര്‍ട്ടി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു
.

മത രാഷ്ട്ര വാദം ?


‎'' രാജ്യത്തെ മുസ്ലിം സമൂഹം കഴിഞ്ഞകാല അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വിശ്വാസവും രാഷ്ടീയവും എങ്ങിനെ ഒരുമിച്ച് കൊണ്ടുപോകാമെന്നാണ് ചിന്ത്‌ക്കേണ്ടത്. മത മൂല്ല്യങ്ങളെ സമകാലിക യാഥാര്‍ത്ഥ്യങ്ങളുമായി സമരസപ്പെടുത്തിയതിനു പ്രവാചകന്‍ തന്നെയാണ് ഏററവും നല്ല മാതൃക.മത പ്രത്യയ ശാസ്ത്രത്തിന്റെ തെന്ന പോലെ രാഷ്ടീയ പ്രത്യയ ശാസ്ത്രത്തിന്റെയും പ്രവാചകനായിരുന്നു മുഹമ്മദ് നബി.അദ്ദേഹംഒരു രാഷ്ടത്തിന്റെ അധിപനായിരുന്നു.മത വിശ്വാസത്തെ ഒഴിവാക്കിക്കൊണ്ടുളള രാഷ്ടീയമായിരുന്നില്ല അത്.[ എ.കെ രാമകൃഷ്ണന്‍ മാധ്യമം ജൂലൈ 10,2011]

പരലോകം



 


ഞാന്‍, ഞങ്ങള്‍, നീ, നിങ്ങള്‍ എന്നൊക്കെ നാം പറയാറുണ്ടല്ലോ. എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്? നമ്മുടെ ശരീരമാണോ? ഒരിക്കലുമല്ല. ജീവന്‍ നഷ്ടപ്പെടുന്നതോടെ ഞാനും നീയും ഇല്ലാതാകുന്നു. അപ്പോള്‍ പിന്നെ എന്താണ്? ജീവനാണോ? എങ്കില്‍ എന്താണ് ജീവന്‍? ജീവനുള്ളതെല്ലാം മനുഷ്യനല്ലല്ലോ. സന്തോഷം, ദുഃഖം, സ്നേഹം, വെറുപ്പ് പോലുള്ള വികാരങ്ങള്‍ നാം അനുഭവിക്കാറുണ്ട്. സ്നേഹിക്കുകയും വെറുക്കുകയും സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നത് ജീവനാണോ? സസ്യങ്ങളുള്‍പ്പടെ ജീവനുള്ളവക്കെല്ലാം ഇത്തരം വികാരങ്ങളുണ്ടോ?
ഇവ്വിധമുള്ള അന്വേഷണങ്ങള്‍ മനുഷ്യന് ശരീരവും ജീവനും മാത്രമല്ല ഉള്ളതെന്ന സത്യം നമ്മെ ബോധ്യപ്പെടുത്തും. ശരീരത്തെ ചൈതന്യവത്താക്കുന്നത് ആത്മാവാണ്. സ്നേഹം, ദുഃഖം പോലുള്ള വികാരങ്ങള്‍ അതിന്റെ ഓരോ‘ഭാഗമാണ്. ഇത്തരം വികാരങ്ങള്‍ വിശകലനം ചെയ്യാനാവില്ലല്ലോ. നാം മാതാവിനെയും സഹോദരിയെയും ഭാര്യയെയും മകളെയും അയല്‍ക്കാരനെയും ‘ഭക്ഷണത്തെയും കളിയെയും സനേഹിക്കാറുണ്ട്. ഈ സ്നേഹമെല്ലാം ഒരുപോലെയല്ല. ഒരു സ്നേഹത്തെ മറ്റുള്ളവരില്‍നിന്ന് വേര്‍തിരിക്കുന്നതെന്തന്നും എങ്ങനെയെന്നും ആര്‍ക്കും വിശദീകരിക്കാനാവില്ല. അപ്രകാരം തന്നെ അത്തരം വികാരങ്ങളുടെ പ്രഭവകേന്ദ്രമായ ആത്മാവും എന്തെന്ന് വിശദീകരിക്കാനാവില്ല. ഖുര്‍ആന്‍ പറയുന്നു: ആത്മാവിനെകുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക; ആത്മാവ് എന്റെ നാഥന്റെ വരുതിയിലുള്ള കാര്യമാണ്. വിജ്ഞാനത്തില്‍നിന്ന് വളരെകുറച്ചേ നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളൂ. (ഖുര്‍ആന്‍ 17:85)
ശാരീരികപങ്കാളിത്തമില്ലാതെ തന്നെ ആത്മീയാനുഭവങ്ങളുണ്ടാവാറുണ്ട്. സ്വപ്നം ഏറ്റം നല്ല ഉദാഹരണമാണ്. സ്വപ്നത്തില്‍ പാമ്പുകടിച്ചതായോ വീണ് കാലുമുറിഞ്ഞതായോ സ്വപ്നം കണ്ടാല്‍ ആത്മാവ് അതിന്റെ വേദനയും ദുഃഖവും അനുഭവിക്കുന്നു. പഞ്ചേന്ദ്രിയബാഹ്യമാണല്ലോ സ്വപ്നം.
ആത്മാവിന് നാശമില്ല. മരണത്തോടെ അത് ശരീരത്തില്‍ നിന്ന് വേര്‍പിരിയുന്നുവെന്നുമാത്രം. അതോടെ അതനശ്വരത നേടുകയും ചെയ്യുന്നു. അതോടൊപ്പം ഒരു വസ്തുത നാം തിരിച്ചറിയുന്നു. മനുഷ്യ ജീവിതമിവിടെ വളരെ ഹ്രസ്വമാണ്. മഹാഭാരതം പറയുന്നപോലെ ചുട്ടുപഴുത്ത ഇരുമ്പില്‍ പതിക്കുന്ന വെള്ളത്തുള്ളിപോലെ ക്ഷണികം.

മനുഷ്യരെല്ലാം മരണത്തിലൂടെ ‘ഭൂമുഖത്ത്നിന്ന് തിരോഭവിക്കുന്നു. തങ്ങളുടെ കര്‍മഫലം ഏറ്റുവാങ്ങിക്കൊണ്ടല്ല ആരും മരണമടയുന്നത്. അനേകായിരം മനുഷ്യരെ കൊന്ന കൊലയാളികളും കൊടും ക്രൂരന്മാരും ഈ ലോകത്തുണ്ടായിട്ടുണ്ട്. അവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. ഒരാളെ കൊന്നാല്‍ പരമാവധി നമുക്കയാളെ പകരം കൊല്ലാന്‍ സാധിച്ചേക്കാം. പക്ഷേ, അങ്ങനെ നാം കൊല്ലുന്നത് കൊണ്ട്മാത്രം നീതി നടപ്പാക്കപ്പെടും എന്ന് പറയുക സാധ്യമല്ല. ഞാന്‍ കൊല്ലപ്പെട്ടാല്‍ അതിന്റെ പ്രയാസം അനുഭവിക്കുന്നത് എന്റെ സഹധര്‍മ്മിണിയും മക്കളുമാണ്. എന്നെ കൊന്ന കൊലയാളിക്ക് വധശിക്ഷ വിധിക്കുന്നതുകൊണ്ടുമാത്രം അവരനുഭവിക്കുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കപ്പെടുകയില്ല. ആരാണോ കൊല്ലപ്പെടുന്നത് അവരിലൂടെ കഷ്ട നഷ്ടങ്ങള്‍ അനുഭവിക്കപ്പെടുന്നവര്‍ക്ക് ഘാതകന്‍ വധിക്കപ്പെടുന്നത് പരിഹരമായി മാറുന്നില്ല. എന്നിട്ടും നീതിന്യായ കോടതികളും നിയമനടപടികളും വേണ്ടിവന്നത് ‘ഭൂമിയില്‍ സമാധാനം സ്ഥാപിക്കാന്‍ അതനിവാര്യമായതിനാലാണ്.

ഏതൊരാളും നീതി നടക്കണമെന്ന് കൊതിക്കുന്നു. അതേ സമയം, ഒരിക്കലും ഇവിടെ നിഷ്കൃഷ്ടമായ നീതി നടപ്പാക്കുക സാധ്യമല്ല. പത്തും നൂറും ആയിരവും പതിനായിരവും ലക്ഷവും കോടിയും ആളുകളെ കൊന്നവരെ ആര്‍ക്കാണ് ഇവിടെ ശിക്ഷിക്കാന്‍ കഴിയുക? അതുപൊലെതന്നെ നന്മ ചെയ്തവര്‍ക്ക് അര്‍ഹമായ രക്ഷയും ഇവിടെ ലഭിക്കാറില്ല. ഇത് രണ്ടും കിട്ടണമെന്ന് കൊതിച്ചുകൊണ്ടിരിക്കെത്തന്നെ അതു നടക്കാതെ, മനുഷ്യജീവിതം ഇവിടെ ഒടുങ്ങുകയാണ്. എത്ര അദ്ഭുതകരമായ ഒരു സൃഷ്ടി സംവിധാനത്തിന്റെ പര്യവസാനമാണിത് എന്നുകൂടി നാം ഓര്‍ക്കേണ്ടതുണ്ട്.

മനുഷ്യന്റെ ഘടന ഒരു നിമിഷമൊന്ന് ആലോചിച്ചു നോക്കൂ നാം ജീവിക്കുന്ന ലോകത്ത് 600 കോടിയിലേറെ മനുഷ്യരുണ്ട്. ഒരേ വായു ശ്വസിക്കുകയും വെള്ളം കുടിക്കുകയും ഒരേ ഭൂമിക്കു മുകളില്‍ സൂര്യനു കീഴെ കഴിയുകയും ചെയ്യുന്ന ഈ 600 കോടി മനുഷ്യരില്‍ ഒരാള്‍ക്കും മറ്റൊരാളെപ്പോലെയുള്ള മുഖമില്ല. രണ്ട് കൈകൊണ്ട് പൊത്തിയാലൊതുങ്ങുന്ന കൊച്ചു സ്ഥലമാണല്ലോ മനുഷ്യന്റെ മുഖം. എന്നാല്‍ നമ്മെപ്പോലെ മറ്റാരെങ്കിലുമുണ്ടോ? ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് ആളുകള്‍ ഹജ്ജ് വേളയില്‍ ഒത്തുകൂടുന്നു. നമ്മുടെ നാട്ടുകാരെ അവിടെ കണ്ടാല്‍ നാം നിഷ്പ്രയാസം അവരെ തിരിച്ചറിയുന്നു. ശബരിമലയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ലക്ഷങ്ങള്‍ ഒത്തുകൂടിയാല്‍ നാം നമ്മുടെ നാട്ടുകാരനെ പ്രയാസമില്ലാതെ മനസ്സിലാക്കുന്നു. കാരണം അവരെപ്പോലെ, നമ്മെപ്പോല ഇവിടെ വേറെ ആരുമില്ല. ഒരു നിമിഷം നിങ്ങള്‍ നിങ്ങളുടെ കൈവിരലുകളിലേക്കൊന്ന് സൂക്ഷിച്ചുനോക്കൂ! നിങ്ങളുടെ തള്ളവിരല്‍! എത്ര ചെറുതാണാ പ്രദേശം! സമര്‍ത്ഥനായ ഒരു ചിത്രകാരന് അത്ര ചെറിയ സ്ഥലത്ത് ഒരു വസ്തുവിന്റെ എത്ര രൂപം ഉണ്ടാക്കാന്‍ കഴിയുമെന്ന് ഒരു നിമിഷം ആലോചിച്ചുനോക്കൂ.! എന്നാല്‍ ലോകത്ത് 600 കോടിയിലേറെ മനുഷ്യരുണ്ട്. എന്നിട്ടും ഈ 600 കോടി മനുഷ്യരില്‍ ഒരാള്‍ക്കും മറ്റൊരാളുടേതുപോലൊരു കൈവിരലില്ല. എന്നല്ല മരിച്ചുപോയ കോടാനുകോടി മനുഷ്യരിലോ, ജനിക്കാനിരിക്കുന്ന കോടാനുകോടിയിലോ ആര്‍ക്കും നമ്മുടേതുപോലൊരു കൈവിരല്‍ ഇല്ല; ഉണ്ടാവുകയുമില്ല. അതുകൊണ്ടാണല്ലോ, പ്രമാണങ്ങളില്‍ തെളിവിനായി നമ്മുടെ കൈവിരലടയാളങ്ങള്‍ രേഖപ്പെടുത്തുന്നത്. 14 നൂറ്റാണ്ടുമുമ്പ് പ്രപഞ്ചനാഥന്‍ പറഞ്ഞു. "മനുഷ്യന്റെ വിരല്‍ക്കൊടി വരെ കൃത്യമായി നിര്‍മ്മിക്കാന്‍ കഴിയുന്നവനല്ലോ നാം'' ” (ഖുര്‍ആന്‍ 75:4)
കൈവിരലുകളുടെ ഈ സവിശേഷത ശാസ്ത്രീയമായി മനസ്സിലാക്കുന്നതിന് നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ഖുര്‍ആന്‍ അതിലേക്കു വെളിച്ചം വീശിയിട്ടുണ്ടെന്നര്‍ത്ഥം. നമ്മുടെ ഓരോരുത്തരുടേയും തലയില്‍ പതിനായിരക്കണക്കിന് മുടിയുണ്ട്. എന്നാല്‍ ലോകത്തിലെ അറുനൂറുകോടിയുടെ തലയിലെ പതിനായിരക്കണിന് മുടിയില്‍ നിന്ന്, അഥവാ ലോകത്തിലെ കോടാനുകോടി തലമുടിയില്‍നിന്ന് പരിശോധനയിലൂടെ വേര്‍തിരിച്ചറിയാന്‍ കഴിയുന്നതാണ് നമ്മുടെ ഓരോരുത്തരുടേയും തലമുടി. അപ്രകാരം തന്നെ നമ്മുടെ സിരകളിലൂടെ പതിനായിരക്കണക്കിന് തുള്ളിരക്തം ഒഴുകിക്കൊണ്ടേയിരിക്കുന്നു. എന്നിട്ടും ലോകത്തിലെ അറുനൂറുകോടി മനുഷ്യരുടെ സിരകളിലൂടെ ഒഴുകുന്ന അസംഖ്യം രക്തകണങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് നമ്മുടെ ശരീരത്തിലെ ഓരോ തുള്ളി ചോരയും. നമ്മുടെ ഓരോരുത്തരുടേയും ശരീരത്തില്‍ ഓരോ ഗന്ധമുണ്ട്. ഒരാളുടെ ശരീരത്തിലെ ഗന്ധംപോലെ, മറ്റാരുടേയും ശരീരത്തിന് ഗന്ധമില്ല. അത്കൊണ്ടാണല്ലോ, കുറ്റവാളികളെ പിടികൂടാന്‍ പരിശീലനം സിദ്ധിച്ച നായ്ക്കള്‍ മനുഷ്യശരീരത്തിന്റെ വാസനയെ ഉപയോഗപ്പെടുത്തുന്നത്. ഇത്രമാത്രം ശാസ്ത്രീയവും ആസൂത്രിതവുമായാണ് സൃഷ്ടികര്‍മ്മം നടന്നുവെന്ന് ഇതൊക്കെയും അസന്നിഗ്ധമായി വ്യക്തമാക്കുന്നു. ഇത്രയേറെ വിദഗ്ദമായി സംവിധാനിക്കപ്പെട്ട മനുഷ്യന്റെ അന്ത്യം അര്‍ത്ഥശൂന്യവും അനീതിപരവുമായിത്തീരുക തീരെ സംഭവ്യമല്ല. അതിനാല്‍, നീതിപൂര്‍വ്വമായ ഒരു പര്യവസാനം ഉണ്ടാകേണ്ടതുണ്ട്.
മനുഷ്യന്‍ അവന്റെ കര്‍മഫലം അനുഭവിക്കുകതന്നെ വേണം. അതാണ് നീതിയുടെ തേട്ടം. അതേസമയം, ഭൂമിയില്‍ വെച്ചത് സാധ്യമല്ല എന്ന് നാം മനസ്സിലാക്കുന്നു. ഇസ്ലാം നമ്മോട് പറയുന്നു: മരണം എല്ലാറ്റിന്റെയും അന്ത്യമല്ല; മറിച്ച് അതൊരു മാറ്റം മാത്രം. ജീവിതം അവിരാമം തുടരുകതന്നെ ചെയ്യും. മരണശേഷം മറുലോകത്ത് വച്ചാണ് മനുഷ്യന്ന് അവന്റെ കര്‍മ്മഫലം അനുഭവിക്കേണ്ടി വരിക. ഓരോ മനുഷ്യന്നും അവന്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഉണ്ടാവുക. “”ഓരോ മനുഷ്യനും അവന്‍ സമ്പാദിച്ചതിനു ബാധ്യസ്ഥനാണ് ” (ഖുര്‍ആന്‍ 74:38) “” ആരെങ്കിലും അണു അളവ് നന്മചെയ്താല്‍ അതിന്റെ ഫലമനുഭവിക്കും, ആരെങ്കിലും അണുഅളവ് തിന്മചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ഫലവും ” (ഖുര്‍ആന്‍ 99:11) അതിനാല്‍ ദൈവം നിശ്ചയിച്ച പാതയിലൂടെ സഞ്ചരിച്ചാല്‍ പ്രതിഫലമായി ദൈവം വാഗ്ദാനം ചെയ്ത സ്വര്‍ഗം ലഭിക്കും. അവന്‍ വിലക്കിയ വഴിയിലൂടെ സഞ്ചരിച്ചാലോ, അവന്‍ താക്കീതു ചെയ്ത ശിക്ഷ ഏറ്റുവാങ്ങേണ്ടിയും വരും.
ഇവ്വിധം ഒരു പരലോകമില്ലെങ്കില്‍ നമ്മെ സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ അവനും, അല്ല പ്രകൃതിയാണെങ്കില്‍ അതും കൊടിയ ക്രൂരനും കടുത്ത വിവേചനവും അനീതിയും കാണിക്കുന്നവനുമാണെന്ന് പറയേണ്ടി വരും. കാരണം, ജനം പലതരക്കാരായാണ് പിറന്നുവീഴുന്നതും ജീവിക്കുന്നതും. അവരില്‍ കണ്ണുള്ളവരുണ്ട്, ഇല്ലാത്തവരുണ്ട്. കാലും കയ്യും ഉള്ളവരുണ്ട്, ഇല്ലാത്തവരുണ്ട്, കരുത്തരുണ്ട്, ദുര്‍ബലരുണ്ട്, രോഗികളുണ്ട്, ആരോഗ്യവാന്‍മാരുണ്ട്, പണക്കാരുണ്ട്, പാവങ്ങളുണ്ട്, പ്രതിഭാശാലികളുണ്ട്, സാമാന്യ ബുദ്ധികളുണ്ട്, മന്ദബുദ്ധികളുണ്ട്, മരണശേഷം ഒരു മറുലോകമില്ലെങ്കില്‍ അന്ധന്മാരും വികലാംഗരും രോഗികളും ദുര്‍ബ്ബലരും മന്ദബുദ്ധികളുമൊക്കെ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും എന്താണൊരു പരിഹാരമുള്ളത്.? അനീതിക്ക് എവിടെയാണ് അറുതിയുണ്ടാവുക? മരണത്തോടെ ജീവിതം ഒടുങ്ങുമെങ്കില്‍ എല്ലാവര്‍ക്കും ജനനം മുതല്‍ മരണം വരെ ജീവിതം ഒരേപോലെ തുല്യമായി അനുഭവിക്കാനും ആസ്വദിക്കാനും അവസരം ലഭിക്കേണ്ടതല്ലെ? എന്നാല്‍ അതുണ്ടാവില്ലെന്നത് അനിഷേധ്യമത്രെ. അതുകൊണ്ടുതന്നെ നീതിമാനായ ദൈവം മരണത്തോടെ മനുഷ്യ ജീവിതം അവസാനിപ്പിക്കുന്നില്ല. ഐഹിക ജീവിതം കര്‍മകാലമാണ്. വിചാരണയും വിധിയും കര്‍മഫലവും മരണശേഷം മറുലോകത്താണ്. ഓരോരുത്തര്‍ക്കും ഭൂമിയില്‍ നിര്‍വഹിക്കാനുള്ള ബാധ്യത അവരവര്‍ക്ക് നല്‍കപ്പെട്ട കഴിവുകള്‍ക്കനുസരിച്ചാണ്. പണക്കാരന്റെയത്ര ബാധ്യത പാവപ്പെട്ടവനില്ല. പണ്ഡിതന്റെ ചുമതല പാമരനില്ല. പ്രതിഭാശാലികളുടെ ഉത്തരവാദിത്തം സാമാന്യബുദ്ധിക്കില്ല. മന്ദബുദ്ധിക്ക് അത്രയുമില്ല. വികലാംഗന് പൂര്‍ണ ആരോഗ്യവാനെ അപേക്ഷിച്ച് കുറഞ്ഞ ഉത്തരവാദിത്വമേയുള്ളൂ. ഈ ബാധ്യതകളുടെ നിര്‍വഹണമാണ് ജീവിതത്തിന്റെ ജയാപജയങ്ങളുടെ നിദാനം. ഓരോരുത്തര്‍ക്കും ലഭ്യമായ കഴിവുകള്‍ ഏതുവിധം വിനിയോഗിച്ചുവെന്നതാണ് വിലയിരുത്തപ്പെടുക. തദനുസൃതമായി ഓരോരുത്തരിലും അര്‍പ്പിതമായ ചുമതലകളുടെ പൂര്‍ത്തീകരണത്തിന്റെ അടിസ്ഥാനത്തിലാണ് മരണാനന്തര ജീവിതത്തിലെ രക്ഷാ ശിക്ഷകള്‍ നിശ്ചയിക്കപ്പെടുക. അതിനാല്‍ മരണശേഷം മറുലോകമില്ലെങ്കില്‍ മാത്രമേ ഈ ഭൂമിയിലെ മനുഷ്യന്റെ അവസ്ഥാന്തരങ്ങള്‍ അനീതിപരമാവുകയുള്ള. അനശ്വരമായ പരലോകം അനിഷേധ്യമാണെന്നതിനാല്‍ അംഗവൈകല്യവും ആരോഗ്യാവസ്ഥയിലെ അന്തരവും ധൈഷണിക നിലവാരത്തിലെ വ്യത്യാസവുമൊന്നും ദൈവനീതിക്കു തീരെ വിരുദ്ധമാവുന്നില്ല.
നിങ്ങള്‍ എവിടെയെങ്കിലും ഒന്നുതൊട്ടാല്‍ തൊട്ടിടത്ത് നിങ്ങളുടെ കൈവിരലടയാളങ്ങള്‍ പതിയുന്നു. ഏതെങ്കിലും വഴിയിലൂടെ സഞ്ചരിച്ചാല്‍, അതിന്റെ തെളിവായി നിങ്ങളുടെ ശരീരത്തിന്റെ ഗന്ധം അന്തരീക്ഷത്തില്‍ വ്യാപരിക്കുന്നു. അപ്രകാരം തന്നെ നിങ്ങളുടെ വാക്കുകള്‍ ഇവിടെ നശിക്കാതെ നിലനില്‍ക്കുന്നു. അതായത്, മനുഷ്യന്റെ കര്‍മ്മങ്ങളൊക്കെയും വളരെ കണിശമായും സൂക്ഷ്മമായും ഇവിടെ രേഖപ്പെടുത്തുന്നുണ്ട്. എല്ലാം അവന് അനുകൂലമായോ പ്രതികൂലമായോ മരണശേഷം പരലോകത്ത് സാക്ഷ്യം വഹിക്കുന്നു. രേഖപ്പെടുത്തപ്പെടാതെ, മനുഷ്യന്റെ ഒരു വാക്കുമിവിടെ ഉണ്ടാകുന്നില്ലെന്ന് വിശുദ്ധഖുര്‍ആന്‍ അസന്നിഗ്ദമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ മരണശേഷം മനുഷ്യന്‍ തന്റെ കര്‍മ്മങ്ങള്‍ക്കനുസൃതമായി സ്വര്‍ഗമോ നരകമോ ഏറ്റുവാങ്ങേണ്ടിവരും. ഓരോ മനുഷ്യനും താന്‍ സമ്പാദിച്ചതിന് ബാധ്യസ്ഥനായിരിക്കും. (ഖുര്‍ആന്‍: 52: 21) അണുതൂക്കം നന്മ ചെയ്തവന്‍ അതുകാണും. അണുതൂക്കം തിന്മ ചെയ്തവന്‍ അതും കാണും. ണ്ടമനുഷ്യരില്‍ ഇവ്വിധം കര്‍മ്മഫലം അനുഭവിക്കുന്ന ഇടമാണ് മരണാനന്തരമുള്ള പരലോകം.

2011, ജൂലൈ 18, തിങ്കളാഴ്‌ച

.മതത്തെ ക്കുറിച്ച് ഒരു മതേതര ബുദ്ധിജീവിയുടെ തിരിച്ചറിവുകള്‍

നോക്കൂ.മതത്തെ ക്കുറിച്ച് ഒരു മതേതര ബുദ്ധിജീവിയുടെ തിരിച്ചറിവുകള്‍..........ചോദ്യ​ം; മാഷ് ആദ്യ കാലത്ത് സ്വര്‍ഗ്ഗം നരകം പരലോകം എന്ന പുസ്തകമെഴുതി. പിന്നീട് അതില്‍ നിന്ന് മാറിപ്പോയെന്ന അഭിപ്രായം നിലനില്‍ക്കുന്നുണ്ട്.അതില്‍ വാസ്തവമുണ്ടോ ഉ; സ്വര്‍ഗ്ഗം നരകം പരലോകത്തിന്റെ രണ്ടാം പതിപ്പ് ചിന്ത പ്രസിദ്ധീകരിച്ചുവല്ലോ.കുറച്ചുക​ൂടി വ്യത്യസ്തമായ ഒരാമുഖത്തോടെയാണ് അതിപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.പക്ഷ​േ ഇന്ന് ഞാന്‍ ആലോചിക്കുമ്പോള്‍,ആ പുസ്തകമെഴുതുന്ന ഘട്ടത്തില്‍, ഒരു പരിധിവരെ എന്നെ നയിച്ചത് ഒരു തരത്തിലുളള അവികസിത ഭൗതിവാദ കാഴ്ചപ്പാടായിരുന്നു എന്ന് ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. ഒരാള്‍ തന്റെ ജീവിതം ആഴത്തിലുളള മതവിശ്വാസത്തിന്റെ ഭാഗമായി ക്രമീകരിക്കുകയും ചുററുമുളള മനുഷ്യര്‍ക്ക് നന്‍മ ചെയ്യുകയും ഒരു പുതിയ സാമൂഹിക ജീവിതത്തെക്കുറിച്ച് സ്വപ്‌നം കാണുകയും സ്വന്തം ജീവിതത്തെ മാത്രമല്ല,മരണത്തെയും സ്വയം വിശ്വസിക്കുന്ന ഒരു മഹാനന്മയുടെ തുടര്‍ച്ചയിലേക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്ന തരത്തിലുളള ഒരു വിശ്വാസത്തെ ഇന്ന് എനിക്ക് മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി സര്‍ഗാത്മകമായി കാണാന്‍ കഴിയും.കെ ഇ എന്‍ മാധ്യമം ആഴ്ചപ്പതിപ്പ്‌

2011, ജൂലൈ 16, ശനിയാഴ്‌ച

മുംബൈ ഭീകരാക്രമണം

മുംബൈ ഭീകരാക്രമണം നടന്ന ഉടന്‍ പ്രഖ്യാപനം വന്നു: ഇന്ത്യന്‍ മുജാഹിദീനാണ്‌ സ്ഫോടനത്തിനു പിന്നിലെന്ന്. ഇപ്പോള്‍ പറയുന്നു: ആരാണെന്നു വ്യക്തമായിട്ടില്ലെന്നും പല സാദ്ധ്യതകളും ഉണ്ടെന്നും ഒന്നും തള്ളിക്കളയുന്നില്ലെന്നും.  നേരത്തെ ഒരു സാദ്ധ്യത മാത്രമാണല്ലോ ഉണ്ടായിരുന്നത്; ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സാദ്ധ്യത. ആ സാദ്ധ്യത ഇപ്പോഴെങ്ങനെ ഇല്ലാതായി? ആ സാദ്ധ്യതയ്ക്ക് രണ്ടു തെളിവും സമര്‍പ്പിച്ചിരുന്നതാണല്ലോ. 

1. പതിമൂന്നാം തിയ്യതിയാണ്‌ സ്ഫോടനം നടന്നത്. മുസ്‌ലിം ഭീകരന്മാര്‍ മുമ്പും പതിമൂന്നാം തിയ്യതികളില്‍ സ്ഫോടനം നടത്തിയിട്ടുണ്ട്.  ഇത്രയും ശക്തമായ ഒരു തെളിവുണ്ടായിട്ടും പിന്നെന്തിനാ മറ്റൊരു വഴിക്ക് ആലോചിക്കുന്നത്? സ്ഫോടനം നടന്നിട്ടുണ്ടോ? അതു നടന്നത് പതിമൂന്നാം തിയ്യതിയാണോ? എങ്കില്‍ അതിന്നു പിന്നില്‍ മുസ്‌ലിം തീവ്രവാദികള്‍ തന്നെ. ഇനിയെന്തു തെളിവാണു വേണ്ടത്?

2. ജയിലില്‍ കഴിയുന്ന പാക്ക് ഭീകരന്‍ അജ്മല്‍ കസബിന്റെ ജന്മദിനമാണ്‌ ജൂലായ് 13. ഇതും സ്ഫോടനം നടത്തിയത് മുസ്‌ലിം ഭീകരന്മാര്‍ തന്നെയെന്ന് ഉറപ്പിക്കാന്‍ സഹായിക്കുന്ന അതിശക്തമായ തെളിവു തന്നെയല്ലേ? പിന്നെന്തിനാ ആരാണ്‌ പിന്നിലെന്നു മനസ്സിലായിട്ടില്ലെന്നു ഇപ്പോള്‍ പറയുന്നത്?

ഇസ്ലാം ആരാധനയിലേക്കുമാത്രം......?

ഇസ്ലാം ആരാധനയിലേക്കുമാത്രം ക്ഷണിക്കുന്ന മതമല്ല. സത്യത്തിന്റെയും നീതിയുടെയും അടിത്തറയില്‍ ജീവിത മണ്ഡലങ്ങളെ എങ്ങനെ സംവിധാനം ചെയ്യണമെന്നുകൂടി അത് വിവരിക്കുന്നു.
ഇസ്ലാമിന്റെ വിശ്വാസപരവും കര്‍മപരവുമായ വ്യവസ്ഥയില്‍ മതവും രാഷ്ട്രവും രണ്ടാണെന്ന സങ്കല്‍പ്പത്തിനു സ്ഥാനമില്ല. നീതി നിര്‍വഹണമാണ് രാഷ്ട്രത്തിന്റെ ലക്ഷ്യം. നീതിയുടെയും ധാര്‍മിക ചട്ടങ്ങളുടെയും അടിസ്ഥാനങ്ങള്‍ പ്രദാനം ചെയ്യുക എന്നത് മതത്തിന്റെ ധര്‍മമത്രെ.

മിനാരംവിരുദ്ധ കാമ്പയിന്‍ നേതാവ് ഇസ്ലാം സ്വീകരിച്ചു


സമീപകാലത്ത് വന്‍വിവാദം സൃഷ്ടിച്ച സ്വിറ്റ്സര്‍ലന്റിലെ 'മിനാരങ്ങള്‍ നിരോധിക്കുക' കാമ്പയിന് നേതൃത്വം നല്‍കിയ എസ്.വി.പിയുടെ പ്രമുഖ പ്രവര്‍ത്തകന്‍ ഡാനിയേല്‍ സ്ട്രൈഷ് ഇസ്ലാം സ്വീകരിച്ചതായി വാര്‍ത്ത. ഇസ്ലാംവിരുദ്ധ പ്രചാരണത്തിനു വേണ്ടി, ഇസ്ലാമിനെ പഠിക്കാനാരംഭിച്ചതാണ് ഡാനിയല്‍ സ്ട്രൈഷിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന വാര്‍ത്ത, കാലിഫോര്‍ണിയയിലെ പത്രപ്രവര്‍ത്തകനും ഇസ്ലാമിക പ്രബോധകനുമായ ജാസണ്‍ ഹംസ വാന്‍ ബൂം (Jason Hamza Van Boom)എഴുതിയ ലേഖനത്തിലൂടെയാണ് പുറത്തുവന്നത് ((Member of the Swiss Political Party that pushed for Minarat Ban Converts to Islam-www.opednews.com, www.tikkun.org/daily, www.iccnc.org).പാകിസ്താനിലെ ദ നാഷ്ന്‍ പത്രവും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി (www.nation.com. pk/January 30-2010).
മുസ്ലിം പള്ളികളിലെ മിനാരങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്, സ്വിറ്റ്സര്‍ലന്റില്‍ ഉടനീളം കാമ്പയിന്‍ നടത്തിയ സ്വിസ് പീപ്പ്ള്‍സ് പാര്‍ട്ടി(എസ്.വി.പി)യിലെ പ്രമുഖ അംഗവും സ്വിസ് സൈന്യത്തിലെ പരിശീലകനുമായിരുന്നു ഡാനിയേല്‍. എസ്.വി.പിയുടെ മിനാരം നിരോധന കാമ്പയിനില്‍ നേതൃപരമായ പങ്ക് വഹിച്ച ഡാനിയേല്‍ തന്നെയാണ് പാര്‍ട്ടിക്ക് അത്തരമൊരു അജണ്ട നല്‍കിയതും. ഇസ്ലാംവിരുദ്ധ പ്രചാരണങ്ങള്‍ക്ക്, ഇസ്ലാംഭീതിയുടെ വക്താക്കളായ മാധ്യമങ്ങളുടെ സഹായത്തോടെ സ്വിസ് ജനതയില്‍ സ്വാധീനമുണ്ടാക്കിയെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. വോട്ടെടുപ്പില്‍ 42.5 ശതമാനം പേര്‍ മിനാരം നിര്‍മാണത്തെ അനുകൂലിച്ചപ്പോള്‍ 57.5 ശതമാനം മിനാരം നിരോധനത്തെ അനുകൂലിച്ചു.
ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെയുള്ള പ്രചാരണങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് ഡാനിയേല്‍ ഖുര്‍ആന്‍ പഠിക്കാന്‍ ആരംഭിച്ചത്. പക്ഷേ, അതിന്റെ ഫലം ഉദ്ദേശിച്ചതില്‍നിന്ന് വിപരീതമായിരുന്നു. ഖുര്‍ആനില്‍ ആകൃഷ്ടനായി വൈകാതെ അദ്ദേഹം ഇസ്ലാം സ്വീകരിച്ചു.
ക്രിസ്തുമത വിശ്വാസിയായ ഡാനിയേല്‍ സ്ഥിരമായി ബൈബിള്‍ വായിക്കുകയും ചര്‍ച്ചില്‍ പോവുകയും ചെയ്യാറുണ്ടായിരുന്നു. ഇപ്പോള്‍ വ്യവസ്ഥാപിതമായി ഖുര്‍ആന്‍ പഠിക്കുകയും അഞ്ചു സമയത്തെ നമസ്കാരം നിര്‍വഹിക്കുകയും ചെയ്യുന്ന അദ്ദേഹം ഇസ്ലാമിനെതിരെ താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ അങ്ങേയറ്റം ലജ്ജിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും മനോഹരമായ മുസ്ലിം പള്ളി സ്വിറ്റ്സര്‍ലന്റില്‍ നിര്‍മിക്കാനുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ ഡാനിയേല്‍. 'സിവില്‍ കണ്‍സര്‍വേറ്ററി ഡെമോക്രാറ്റിക് പാര്‍ട്ടി' എന്ന പേരില്‍ പുതിയ ഒരു സംഘടനയെ സജീവമാക്കാന്‍ അദ്ദേഹം രംഗത്തുണ്ട്.
"ക്രിസ്തുമതത്തില്‍ ലഭിക്കാതിരുന്ന ജീവിതത്തിന്റെ യാഥാര്‍ഥ്യം ഇസ്ലാമിലാണ് എനിക്ക് കണ്ടെത്താനായത്. ജീവിതത്തെക്കുറിച്ച് ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും യുക്തിപൂര്‍ണമായ മറുപടി എനിക്ക് ലഭിച്ചത് ഇസ്ലാമില്‍ നിന്നാണ്''- ഡാനിയേല്‍ സ്ട്രൈഷ് പറയുന്നു. 

നിരീശ്വരവാദിയുടെ മനംമാറ്റം

നിരീശ്വരവാദിയുടെ മനംമാറ്റം
പ്രശസ്ത ഇന്ത്യന്‍ മനോരോഗ വിദഗ്ധന്‍ ഡോ.പെരിയാര്‍ ദാസന്‍ ‍ ഇസ്ലാം സ്വീകരിച്ചതായി സുഊദി അറേബ്യയിലെ അറബ് ന്യൂസ് ഇംഗ്ളീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ദൈവത്തില്‍നിന്ന് നേരിട്ടവതരിച്ച ഒരേയൊരു വേദഗ്രന്ഥത്തെ പിന്തുടരുന്നത് ഇസ്ലാം മാത്രമാണെന്ന് അബ്ദുല്ല എന്ന് പേരുമാറ്റിയ പെരിയാര്‍ ദാസന്‍ പറഞ്ഞു. തമിഴ് വംശജനായ അദ്ദേഹം ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയില്‍ വിസിറ്റിംഗ് പ്രഫസറാണ്. ഇന്ത്യയിലെ ചില കുഗ്രാമങ്ങളില്‍ പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്നതിനെക്കുറിച്ച് തമിഴില്‍ നിര്‍മിച്ച 'കറുത്തമ്മ' എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇദ്ദേഹം നിരീശ്വരവാദിയായാണ് അറിയപ്പെട്ടിരുന്നത്. ഉംറ നിര്‍വഹിക്കാനാണ് ഡോ. അബ്ദുല്ല മക്കയിലെത്തിയത്.

ഇസ്രായേലി ഇടതു നേതാവ് ഇസ്‌ലാം സ്വീകരിച്ചു

ജറൂസലം: ഇസ്രായേലി ഇടതുപക്ഷ നേതാവ് താലി ഫാഹിമ ഇസ്‌ലാംമതം സ്വീകരിച്ചു. ഫലസ്തീന്‍ അനുകുല നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ പലതവണ വിമര്‍ശവിധേയയായ ഫാഹിമ ഫലസ്തീനിലെ ഉമ്മുല്‍ ഫഹ്മിലെ പള്ളിയില്‍ വെച്ചാണ് ഇസ്‌ലാം ആശ്ലേഷിച്ചതെന്ന് ഇസ്രായേല്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.

34കാരിയായ ഫാഹിമ ഇക്കാര്യം സ്ഥിരീകരിച്ചതായി വൈനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്‌ചെയ്തു. 2004ല്‍ ഫലസ്തീന്‍ അതിര്‍ത്തി കടന്നതിന് ഫാഹിമ അറസ്റ്റിലായിരുന്നു. അല്‍അഖ്‌സ നേതാവ് സകരിയ സുബൈദിയുമായി അടുപ്പമുണ്ടെന്ന് ആരോപണവിധേയയായ ഫാഹിമയെ 2005ല്‍ ഇസ്രായേല്‍ കോടതി മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചു.

സുബൈദിക്ക് തന്ത്രപ്രധാന രേഖകള്‍ ചോര്‍ത്തി തുടങ്ങിയവയായിരുന്നു ആരോപണങ്ങള്‍. സുഹൃത്തുക്കളുടെയും ഇടതു പാര്‍ട്ടികളുടെയും ഇടപെടലിനെ തുടര്‍ന്ന് 2007ല്‍ ജയില്‍ മോചിതയായി.  തുടര്‍ന്ന്, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

ഗസ്സ ഉപരോധം ഭേദിക്കാനെത്തിയ തുര്‍ക്കി കപ്പലിലുണ്ടായിരുന്ന ഫലസ്തീന്‍ നേതാവ് ശൈഖ് റാഇദ് സാലിഹിന്റെ വ്യക്തിപ്രഭാവം തനിക്ക് പ്രേരണയായതായി ഫാഹിമ പറഞ്ഞു.
2008ല്‍ ഇസ്രായേലിലെ പ്രമുഖ ഇടതുനേതാവ് ഉറി ഡേവിസും ഇസ്‌ലാം സ്വീകരിച്ചിരുന്നു. 

ബ്രസീലിയന്‍ കോച്ച് റോബിയോ ഇസ്‌ലാം സ്വീകരിച്ചു

ദോഹ: ലോകപ്രശസ്ത ബ്രസീലിയന്‍ ഫുട്ബാള്‍ കോച്ച് റോബിയോ ഗെയേറ ഇസ്‌ലാം സ്വീകരിച്ചു. റയ്യാന്‍ സ്‌പോര്‍ട്‌സ് ക്ലബ് സാംസ്‌കാരിക വിഭാഗം സംഘടിപ്പിച്ച മതപ്രഭാഷണ പരിപാടിയിലാണ് താന്‍ മുസ്‌ലിമായി അബ്ദുല്‍അസീസ് എന്ന പേര് സ്വീകരിച്ചതായി റോബിയോ പ്രഖ്യാപിച്ചത്.
''വിശുദ്ധ ഖുര്‍ആന്‍ പാരായണം ശ്രവിച്ചപ്പോള്‍ ഉള്ളടക്കം മനസ്സിലായില്ലെങ്കിലും എന്റെ ഹൃദയത്തിലേക്ക് വിവരണാതീതമായ വികാരം ഇരച്ചുകയറി. മനസ്സമാധാനം, ശാന്തത, വശ്യത എന്നൊക്കെ അതിനെ വിളിക്കാം. പിന്നീട് മുസ്‌ലിം സഹോദരങ്ങളുടെ പ്രാര്‍ഥനാ രൂപം ഞാന്‍ ശ്രദ്ധിച്ചു. ചിട്ടയോടെ അണിയണിയായി ഒരു നേതാവിന് കീഴില്‍ ഒരേ വാചകങ്ങള്‍ ഉരുവിട്ടുകൊണ്ടുള്ള പ്രാര്‍ഥനക്ക് എന്തൊരു ആകര്‍ഷണീയത? ഒരുമിച്ച് കഴിയാന്‍ അവസരം കിട്ടിയപ്പോള്‍ സ്‌നേഹപൂര്‍ണമായ അവരുടെ പെരുമാറ്റവും സ്വഭാവമഹിമയും ഞാന്‍ അനുഭവിച്ചറിഞ്ഞു. ഞാന്‍ അവരില്‍ നിന്ന് അന്യനാണെന്ന് ഒരു നിമിഷം പോലും എനിക്ക് തോന്നിയില്ല. ഇസ്‌ലാം സ്വീകരിച്ച് സത്യസാക്ഷ്യവചനം ഉരുവിട്ടപ്പോള്‍ ഒരു തരം വെളിച്ചവും സമാധാനവും എന്റെ മനസ്സില്‍ നിറയുന്നതുപോലെ തോന്നി. മുഴുവന്‍ മനുഷ്യരുടെയും ഹൃദയങ്ങള്‍ ഈ സത്യദര്‍ശനം സ്വീകരിക്കാന്‍ തക്ക വിശാലത കൈവരിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു' ഇസ്‌ലാം സ്വീകരിച്ച ശേഷം ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
റയ്യാന്‍ സ്‌പോര്‍ട്്‌സ് ക്ലബ്ബ് സാംസ്‌കാരിക സമിതി തലവന്‍ മുഹമ്മദ് മന്‍സൂര്‍ അശ്ലഹ്‌വാനി, സാമി ജാദ്, അബ്ദുറഹ്മാന്‍ അല്‍കുവാരി, ഡോ. അയ്മന്‍ ഹമൂദ:, ശൈഖ് മഹ്മൂദ് അവദ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ 

പൂജാ ലാമയും ഇസ്ലാമിലെത്തി

"ഇസ്ലാമിനെതിരെ നടക്കുന്ന പ്രോപഗണ്ടയാണ് എന്നെ ആ ദര്‍ശനത്തിലേക്ക് അടുപ്പിച്ചത്. പഠിച്ചപ്പോള്‍ പ്രോപഗണ്ടക്ക് തീര്‍ത്തും വിരുദ്ധമാണ് യാഥാര്‍ഥ്യം എന്ന് ബോധ്യമായി. മനുഷ്യ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്ക് സമാധാനപരമായും നീതിപൂര്‍വകമായും പരിഹാരം നിര്‍ദേശിക്കാന്‍ ഇസ്ലാമിന് മാത്രമേ കഴിയൂ.'' ഇത് പൂജാ ലാമയുടെ വാക്കുകളാണെന്ന് പറഞ്ഞാല്‍ പൂജയെ അറിയുന്നവര്‍ അത് വിശ്വസിക്കാന്‍ കൂട്ടാക്കില്ല. ആരാണ് പൂജാ ലാമ? നേപ്പാളിലെ പ്രശസ്ത നടി, മോഡല്‍, ഗായിക. അപവാദങ്ങള്‍ കൂടെപ്പിറപ്പ്. പേരിന് മൂന്ന് തവണ കല്യാണം കഴിച്ചു. എല്ലാം അപവാദങ്ങളില്‍ തട്ടിത്തകര്‍ന്നു. പിന്നെ കേള്‍ക്കുന്നത് പൂജ ആത്മഹത്യക്ക് ശ്രമിച്ചെന്ന വാര്‍ത്തയാണ്.
ജീവിതനൈരാശ്യത്തിന്റെ മൂര്‍ധന്യത്തിലാണ് ബുദ്ധമതത്തില്‍ പിറന്ന പൂജ ഇതര മതങ്ങളെക്കുറിച്ച് പഠിക്കാനൊരുങ്ങുന്നത്. ഇസ്ലാമിന്റെ ഏകദൈവ സങ്കല്‍പം അവരെ ഹഠാദാകര്‍ഷിച്ചു. ദുബൈയിലേക്കും ഖത്തറിലേക്കും അവര്‍ നടത്തിയ യാത്ര വഴിത്തിരിവായി. ഇസ്ലാം ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് അവര്‍ കണ്ടറിഞ്ഞു. ഈ 28-കാരിയുടെ ഇസ്ലാമാശ്ളേഷത്തിന് പിന്നെ താമസമുണ്ടായില്ല.
"ഞാന്‍ കൂരിരിട്ടിലായിരുന്നു. എന്തെല്ലാം അപവാദങ്ങളാണ് മീഡിയ എന്നെക്കുറിച്ച് പ്രചരിപ്പിച്ചത്. പ്രശസ്തി മോഹിച്ച് താന്‍ കുടുംബം തകര്‍ക്കുകയാണെന്ന് വരെ എഴുതിപ്പിടിപ്പിച്ചു. ആ നൈരാശ്യത്താല്‍ ജീവനൊടുക്കിയാലോ എന്ന് തോന്നിപ്പോയി. മദ്യം, സിഗരറ്റ്, അവിശുദ്ധ ഭക്ഷണങ്ങള്‍ എല്ലാം ഉപേക്ഷിച്ച് ഞാനിന്ന് ഇസ്ലാമിന്റെ വെളിച്ചത്തില്‍ നില്‍ക്കുന്നു. ഞാന്‍ സന്തോഷവതിയാണ്.''
ഇന്നവര്‍ പൂജാ ലാമയല്ല, അംന ഫാറൂഖിയാണ്

" അഹല്സുന്നത്തിവല്‍ ജമാഅ"

എന്റെ മുന്നില്‍ ഇപ്പോള്‍ മുജാഹിദ്‌ കേരള ഘടകം ഇറക്കിയ ഒരു കൊച്ചു പുസ്തകം ഉണ്ട്. അതിന്റെ പേര്‍ " അഹല്സുന്നത്തിവല്‍ ജമാഅ" , ഗ്രന്ഥകാരന്‍: ഡോ: നാസിര്‍ അബ്ദുല്‍ കരീം അല അഖല്‍ , വിവര്‍ത്തനം : മുഹമെദ്‌ കൊടിയത്തൂര്‍. അതില്‍ ഉലൂഹിയ്യത്തിലെ ഏകത്വം എന്ന തലക്കെട്ടില്‍ വന്ന ചില പരാമര്‍ശങ്ങള്‍ നമുക്ക് ഇങ്ങിനെ വായിക്കാം ( പുസ്തകം മൊത്തം ഇവിടെ കൊടുക്കാന്‍ ബുദ്ധിമുട്ടുണ്ട്)
പേജ് 17 : ഈ തൌഹീദിന്റെ നാലാമത്തെ അടിസ്ഥാനം: അല്ലാഹുവിനോടും റസൂലിനോടും അനുസരണവും നിരുപാദിക വിധേയതവും ഉണ്ടായിരിക്കണം. ആജ്ഞ്ഞയിലോ വിധിയിലോ യാതൊരു പങ്കുകാരുമില്ലാത്ത രക്ഷിതാവും ആരാധ്യനുമാണ് അള്ളാഹു എന്ന ദൃഡവിശ്വാസം. അല്ലാഹുവിന്റെ അനുമതി യില്ലാത്ത വിധത്തിലുള്ള നിയമ നിര്‍മാണവും( ഇവിടെ മതത്തില്‍ എന്ന് വിവര്‍ത്തകന്‍ ചേര്‍ത്തിട്ടുണ്ട്, ഗ്രന്ടകാരന്‍ അല്ല) താഗൂതിനോടുള്ള വിധി തേടലും മുഹമ്മദ്‌ നബിയുടെതല്ലാത്ത ശരീഅതിനെ പിന്തുടരലും ഇസ്ലാമിക ശരീഅതില്‍ മാറ്റം വരുതലുംഎല്ലാം കുഫ്ര്‍ ആണ്. മുഹമ്മദ്‌ നബി പഠിപ്പിച്ചു തന്ന ശരീഅതു ലംഘിക്കാന്‍ അവകാശമുണ്ട് എന്ന് വാടിക്കുന്നവന്‍ കഫിരായിതീരും.

പേജ് 17-18 അഞ്ചാമത്തെ അടിസ്ഥാനം: അള്ളാഹു അവതരിപ്പിചിട്ടില്ലാത്തത് കൊണ്ട് വിധി നടത്തല്‍ ഗുരുതരമായ കുഫ്ര്‍ ആകുന്നു. അല്ലഹുവിന്റെതല്ലാത്ത “ശറഹ്” സ്വീകരിക്കലും അതനുസരിച്ച് വിധി നടത്തലും അനുവധനീയമാണ് എന്ന് വിശ്വസിക്കുന്നതാണ് ഗുരുതരമായ കുഫ്ര്‍. അല്ലാഹുവിന്റെ ശറഹ് അംഗീകരിച്ചു കൊണ്ട് തന്നെ ദേഹേചയാല്‍ എതെങ്കിലും ഒരു പ്രത്യേക സാഹചര്യത്തില്‍ അതില്‍ നിന്നും വ്യതിചലിക്കുന്നത്‌ ഗുരുതരമല്ലാത്ത കുഫ്ര്‍ ആകുന്നു.

പേജ് 18: ആറാമത്തെ അടിസ്ഥാനം: ചിലരെ മാറ്റി നിര്‍ത്തി മറ്റുള്ളവര്‍ക്കായി നിയമം നിര്‍മിക്കുക, രാഷ്ട്രീയതെയോ മറ്റോ മതത്തില്‍ നിന്ന് വേര്‍പെടുത്തുക മുതലായവ തികച്ചും തെറ്റാണ്, ശരീഅതിനു വിരുധമായതല്ലാം – രാഷ്ട്രീയമോ മറ്റു എന്തായാലും- ഓരോന്നിന്റെയും പ്രദാന്യവും പ്രസക്തിയുമാനുസരിച്ചു കുഫരോ മാര്‍ഗച്യുതിയോ ആയിത്തീരുന്നു.

2011, ജൂലൈ 14, വ്യാഴാഴ്‌ച

കലയുടെയും സാഹിത്യത്തിന്റെയും ജമാഅത്ത് കാഴ്ചകള്‍ !

കലയുടെയും സാഹിത്യത്തിന്റെയും ജമാഅത്ത് കാഴ്ചകള്‍ !

ഇബ്രാഹിം ബേവിഞ്ച
 
കേരളത്തിലെ ഇതര ഇസ്ലാമിക പ്രസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജമാഅത്തെ ഇസ്ലാമി കേരള ഘടകം സാഹിത്യകലാരംഗങ്ങളില്‍ അതുല്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ളതായി മനസ്സിലാക്കാനാവും. ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ്, പ്രബോധനം, ബോധനം, വനിതാ മാസികയായ ആരാമം, കുട്ടികളുടെ മലര്‍വാടി, യുവജന വിഭാഗം മുമ്പ് പ്രസിദ്ധീകരിച്ചിരുന്ന യുവസരണി ഇവയൊക്കെ ഇതര മതപ്രസ്ഥാനങ്ങള്‍ക്ക് മാതൃക തന്നെയായിരുന്നു. പിന്നീട് രൂപവത്കരിക്കപ്പെട്ട എസ്.ഐ.ഒവിന്റെ സംവേദന വേദി മുസ്ലിംകള്‍ക്കിടയില്‍ ഒരു ധീര നൂതന ലോകം തന്നെ സൃഷ്ടിക്കാനുള്ള പ്രവണതകള്‍ പ്രകടിപ്പിച്ചു. ഇസ്ലാമിനെക്കുറിച്ച് മുസ്ലിംകള്‍ക്ക് തന്നെയും ഇസ്ലാമേതരര്‍ക്ക് പൊതുവായും ഉണ്ടായിരുന്ന തെറ്റിദ്ധാരണകളുടെ പെരുംകറയെ തുടച്ചുമാറ്റാന്‍ സാധിച്ചുവെന്നത് സത്യം തന്നെയാണ്. ജമാഅത്തിന്റെയും അനുബന്ധ സംഘടനകളുടെയും സജീവ പ്രവര്‍ത്തനങ്ങള്‍ ദശകങ്ങളായി നടന്നു വന്നിരുന്നില്ലെങ്കില്‍ കേരള മുസ്ലിംകളുടെ ഇടയിലുണ്ടായിട്ടുള്ള പ്രബുദ്ധത നന്നേ കുറഞ്ഞു പോകുമായിരുന്നു. മൌലാനാ മൌദൂദി സാഹിബിന്റെ ഇസ്ലാമിക ദര്‍ശനങ്ങളിലെ നവീനബോധം ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായെങ്കിലും ഇതര ഇസ്ലാമിക പ്രസ്ഥാനങ്ങളില്‍ പോലും അത് പരോക്ഷമായ സ്വാധീനം ചെലുത്തുകയുണ്ടായി.
 
ഈ തിരിച്ചറിവില്‍ നിന്നുകൊണ്ടാണ് ഐ.പി.എച്ച് പ്രസാധനം ചെയ്ത ഇസ്ലാമിക സാഹിത്യം മലയാളത്തില്‍ എന്ന എന്റെ പുസ്തകത്തിന്റെ മുന്‍ പേജുകളിലൊന്നില്‍ (പൂര്‍വവിചാരത്തില്‍) വായനയിലും ചിന്തയിലുമുള്ള ഒരു മുറിച്ചുകടക്കലിന് വഴിയൊരുക്കിയ പ്രസ്ഥാനമായി ഐ.പി.എച്ചിനെ വിശേഷിപ്പിച്ചത്. ചിന്തയുടെ പുതുരീതികള്‍ അവതരിപ്പിക്കുന്ന ഏത് പ്രസ്ഥാനത്തിനും എല്ലാ കാലത്തും കല്ലുകളും മുള്ളുകളും ഏല്‍ക്കേണ്ടി വരിക സ്വാഭാവികമാണ്. 'ഇസ്ലാമിക സാഹിത്യം മലയാളത്തില്‍' എന്ന പുസ്തകത്തിന്റെ മുഖക്കുറിപ്പില്‍ പ്രസാധകര്‍ എഴുതിയ ചില വാക്യങ്ങള്‍ ഉദ്ധരിക്കട്ടെ. "അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മലയാളത്തിലെ ഇസ്ലാമിക സാഹിത്യശാഖ ഇന്ന് പുഷ്കലമാണ്. കഴിഞ്ഞ അരനൂറ്റാണ്ടിനിടക്ക് ഈ രംഗത്തുണ്ടായ വളര്‍ച്ച ആശാവഹവും അത്ഭുതകരവുമാണ്. എന്നാല്‍ ഇസ്ലാമിക ഗ്രന്ഥങ്ങള്‍ വേണ്ടത്ര നിരൂപണ വിധേയമാകാറില്ല. മലയാളത്തിലെ ഇസ്ലാമിക സാഹിത്യശാഖയെ നിരൂപണം നടത്തുന്ന ഒരൊറ്റ കൃതിപോലുമില്ല. ഈ വിടവ് നികത്താനുള്ള എളിയ ശ്രമത്തിന്റെ ഭാഗമാണ് ഈ ലഘുഗ്രന്ഥം. ഇസ്ലാമിക സാഹിത്യ നിരൂപണ രംഗത്തെ പ്രഥമ സംരംഭമാണിത്.'' ഒരു കാലഘട്ടത്തില്‍ മലയാളത്തെയും ഇംഗ്ളീഷിനെയും നിരാകരിച്ച മുസ്ലിംകളിലെ വിവിധ വിഭാഗങ്ങള്‍ക്കു പോലും ഏറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനും അനേകമനേകം ആനുകാലികങ്ങള്‍ പ്രസാധനം ചെയ്യാനും പ്രചോദനമായത് ജമാഅത്തിന്റെയും പ്രബോധനത്തിന്റെയും ഐ.പി.എച്ചിന്റെയും പിറവിയാണ്.
 
തൃശൂരിലെ ആമിനാ ബുക്സ്റാളില്‍നിന്ന് ഐ.പി.എച്ചിലേക്കും യുവതയിലേക്കും അദര്‍ബുക്സിലേക്കും ഒരു ഗ്രാഫ് വരച്ചാല്‍ വളര്‍ച്ചയുടെ മികവുറ്റതും തെളിഞ്ഞതുമായ ഒരു ചിത്രം ലഭ്യമാവും.
 
വാരികാ മാസികാദികളിലൂടെയും മഹദ് വ്യക്തികളിലൂടെയും വിവിധ പ്രസ്ഥാനങ്ങളിലൂടെയും ഇസ്ലാമിക സാഹിത്യം രൂപംകൊണ്ടപ്പോള്‍ ഇസ്ലാം മതത്തെ വിശ്വാസവും ജീവിതവുമായി അംഗീകരിച്ചവര്‍ക്ക് പഠിക്കാനും പഠിപ്പിക്കാനും മനസംസ്കരണമുണ്ടാക്കാനും പറ്റിയ രീതിയില്‍ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങള്‍ പ്രകാശിതമായി. കേരളത്തിലെ മുസ്ലിം മനസ്സുകളില്‍ ഈ ഗ്രന്ഥങ്ങള്‍ ചെലുത്തിയിട്ടുള്ള സ്വാധീനം നല്ലൊരു പഠന വിഷയം തന്നെയാണ്. അതേസമയം ഇസ്ലാമിന്റെ ചെലവില്‍ കഥകളും കെട്ടുകഥകളും വലിച്ചുനീട്ടിയ കഥകളും വൃത്തികെട്ട ചരിത്രവും ആശയങ്ങളും ചിന്താധാരകളുമായി ഏറെ പുസ്തകങ്ങള്‍ പിറവികൊള്ളുകയും അവ മുസ്ലിം മനസ്സുകളെ യാഥാസ്ഥിതികത്വത്തില്‍ തളച്ചിടുകയും ചെയ്തുവെന്നതും നേരാണ്. എന്നാല്‍ ഐ.പി.എച്ചും യുവതയും അദര്‍ബുക്സും, മാറ്റത്തിന്റെ അടങ്ങാ തിരയായി നിലകൊണ്ട ചില ഒറ്റപ്പെട്ട പ്രസാധനാലയങ്ങളും പരമ്പരാഗത ചിന്താധാരകളെ സമൂലമാറ്റത്തിന് വിധേയമാക്കി. ഇസ്ലാമിനെതിരായ വാദഗതികളെ യുക്തിപൂര്‍വം ചെറുക്കാനും കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് തനിമയാര്‍ന്ന ഇസ്ലാമിക ജീവിതം കെട്ടിപ്പടുക്കാനും വിജ്ഞാനത്തിന്റെയും, ജ്ഞാനത്തിന്റെയും അഭാവത്തില്‍ മതത്തിനെതിരായ കടുത്ത വിമര്‍ശനങ്ങളെപ്പോലും നേരിടാനാവാതെ അധമ മനസ്ഥിതിയില്‍ പെട്ടുപോയവര്‍ക്ക് ഇസ്ലാമിക ദര്‍ശനങ്ങളുടെ സൂര്യശോഭ തുറന്നുകാട്ടാനും കെട്ടിലും മട്ടിലും പുതുമയോടെ രൂപം കൊണ്ട ഈ പുസ്തകങ്ങള്‍ സഹായകമായി. ഒരു മാതൃകാ സമൂഹത്തെ സൃഷ്ടിക്കാന്‍ മതത്തെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന പ്രധാനവിഷയം വിജ്ഞാന വിസ്ഫോടനങ്ങള്‍ നടക്കുന്ന ഇക്കാലത്ത് ചിന്തിച്ച് പ്രവര്‍ത്തിച്ച മൌലാനാ മൌദൂദിയെ ആഴത്തില്‍ പഠിച്ച് വിമര്‍ശിക്കുന്നതിന് പകരം ഒരു വിഭാഗത്തിന്റെ വക്താവായി മുദ്രകുത്തി അകറ്റി നിര്‍ത്തിയവര്‍ ചെയ്തത് അപരാധം തന്നെയാണ്. ഒരു ക്രിയാത്മക വിമര്‍ശനം ഈ രംഗത്ത് നടന്നില്ലെന്നതും ജമാഅത്തിന്റെ നിലപാടുകളില്‍ ചില സമയങ്ങളില്‍ വിള്ളലുകളുണ്ടായതും അത് ജമാഅത്തനുകൂലികളില്‍പോലും ശങ്കയും ആശങ്കയുമുണ്ടാക്കിയതും നേരാണ്. ഒരുകാര്യം തീര്‍ച്ച, ഐ.പി.എച്ച് പുറത്തിറക്കിയ പുസ്തകങ്ങള്‍ കൈയിലും നെഞ്ചിലും പിടിച്ച് ഒരു ഇന്‍ഫീരിയോരിറ്റിയുമില്ലാതെ നിലകൊള്ളാന്‍ ജമാഅത്ത് പ്രകാശിപ്പിച്ച പുസ്തകങ്ങള്‍ പര്യാപ്തമായി. അവരുടെ നേതാക്കളുടെ പ്രസംഗങ്ങള്‍ സഹായകമായി. എപ്പോഴും എല്ലാ കാര്യങ്ങളിലും അതീവ നിഷ്ഠയോടെ നീങ്ങാന്‍ കഴിഞ്ഞിരുന്നു. ഇവരില്‍ ചിലര്‍ക്ക് അവരുടെ ഇടയില്‍ തന്നെ ചില ജീര്‍ണതകള്‍ പടരുന്നത് കാണാനുള്ള കണ്ണുകളില്ലാതെ പോയി. എന്നിട്ടും മുജാഹിദ് പ്രസ്ഥാനം രണ്ടായത് പോലെ രണ്ടാകാതിരിക്കാന്‍ കടുത്ത ശ്രമങ്ങള്‍കൊണ്ട് ജമാഅത്തുകാര്‍ക്ക് സാധിച്ചത് നല്ല കാര്യം തന്നെ.
 
സാഹിത്യരംഗത്ത് പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട ഐ.പി.എച്ചിന്റെ വക്താക്കള്‍ക്ക് മാത്രമല്ല, ഇമ്മാതിരി ആവേശത്തോടെ തന്നെ മതപ്രവര്‍ത്തനങ്ങള്‍ക്കായി മുമ്പോട്ട് വന്ന മുസ്ലിം വിഭാഗങ്ങള്‍ക്കും ഇസ്ലാമിക ദര്‍ശനത്തെക്കുറിച്ച മൌലിക ചിന്തകള്‍ രേഖപ്പെടുത്തേണ്ട പുസ്തകങ്ങള്‍ സൃഷ്ടിക്കാനായില്ല. പ്രസിദ്ധീകൃതമാകുന്ന കൃതികളില്‍ മൌലികത അവകാശപ്പെടുന്നവയായി കാണുന്നത് വിവര്‍ത്തന കൃതികള്‍ മാത്രമാണ്. ജ്ഞാന-വിജ്ഞാനങ്ങളുടെ മേഖലയില്‍ പുതുപുതുവഴികള്‍ വെട്ടിയിട്ടും സ്വന്തം ശബ്ദം വേറിട്ട് കേള്‍പ്പിക്കുന്ന കൃതികള്‍ വായിക്കാന്‍ ഒന്നുകില്‍ വിദേശ ഭാഷകളിലേക്ക് അല്ലെങ്കില്‍ ഉര്‍ദുവിലേക്ക് പോകണമെന്ന അവസ്ഥ എന്തേ മാറ്റാനാവുന്നില്ല? ഇത് രണ്ടും ചെയ്യാനാവാത്തവര്‍ക്ക് വിവര്‍ത്തനങ്ങള്‍ തന്നെ ശരണം.
 
ഐ.പി.എച്ച് നല്ലനല്ല വിവര്‍ത്തനകൃതികള്‍ പ്രസിദ്ധീകരിച്ചു എന്നത് നേര് തന്നെ. ആധുനിക ഭൌതിക സമൂഹങ്ങള്‍ സൃഷ്ടിച്ച മൂല്യങ്ങളും ഇസ്ലാമിക മൂല്യങ്ങളും എത്രത്തോളം യോജിക്കുമെന്നും വിയോജിക്കുമെന്നും വ്യക്തമാക്കുന്ന കൃതികള്‍ എഴുതാന്‍ മലയാളി മുസ്ലിം ബുദ്ധിജീവികള്‍ക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. സ്വതന്ത്ര ചിന്തകനായ മുസ്ലിം ബുദ്ധിജീവിക്ക് നില്‍ക്കാന്‍ ഇവിടെ ഇടമില്ല. അയാളെ ഒറ്റപ്പെടുത്തുക, അവഗണിക്കുക എന്ന രീതിയും കാണാറുണ്ട്. ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയുന്ന പ്രവണത  മത സംഘടനകളെ സ്വാധീനിക്കുന്നതും കാണാനുണ്ട്. സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു നിലപാടിലൂടെ ഇസ്ലാമിനെ കൊള്ളാനും തള്ളാനും പ്രേരണ നല്‍കുന്ന മൌലിക കൃതികള്‍ എന്തേ പ്രസാധനം ചെയ്യപ്പെടുന്നില്ല?
 
ജമാഅത്തിനെക്കുറിച്ച് ഒരുകാര്യം തീര്‍ച്ചയായും പറയാനാവും. ഇസ്ലാമിനെയും മുസ്ലിം ജീവിതത്തെയും കഠിനാല്‍ കഠിനമായി വിമര്‍ശിച്ച മുസ്ലിം -മുസ്ലിമേതര എഴുത്തുകാരെ തങ്ങളുടെ പ്ളാറ്റ്ഫോമിലേക്ക് സ്നേഹപൂര്‍വം ക്ഷണിച്ചുകൊണ്ടുവരാനുള്ള ധീരതയും ഉദാരതയും കാണിച്ച പ്രസ്ഥാനം ജമാഅത്താണ്. ചിലരെ ചിലപ്പോള്‍ തമസ്കരിച്ചുവെന്നതേ കുഴപ്പമുള്ളൂ. ഭാഷാശുഷ്കതയും അച്ചടിയുടെ അപരിഷ്കൃതത്വവും ആവിഷ്കാര രീതിയുടെ പഴമയും കെട്ടിന്റെയും മട്ടിന്റെയും പുരാതനത്വവും ഒഴിവാക്കി പുതിയ പുസ്തകങ്ങള്‍ മതരംഗത്ത് പുറത്തിറക്കാം എന്ന് മാലോകരെ ആദ്യം ബോധ്യപ്പെടുത്തിയത് ഐ.പി.എച്ച് തന്നെ. ബഷീര്‍ എഴുത്തിന്റെ അറകള്‍ എന്ന പുസ്തകത്തില്‍ വിശുദ്ധിയിലേക്കുള്ള ആരോഹണം എന്ന ലേഖനത്തില്‍ വി.എ കബീര്‍ എഴുതുന്നു: "കുട്ടികളുടെ മതപഠനത്തിനു ബഷീര്‍ വീട്ടില്‍ പ്രത്യേകം ട്യൂഷന്‍ ഏര്‍പ്പെടുത്തിയിരുന്നു. പഠിപ്പിക്കുന്ന വിഷയങ്ങള്‍ ബഷീറും ശ്രദ്ധിക്കാറുണ്ടായിരുന്നു. പ്രവാചകന്റെ പോരിശകളെക്കുറിച്ച തെളിഞ്ഞ യുക്തിബോധത്തിന് നിരക്കാത്ത വിഷയങ്ങള്‍ പഠിപ്പിക്കുന്നത് കണ്ടപ്പോള്‍ ബഷീര്‍ പ്രസ്തുത അധ്യാപകനോട് പറഞ്ഞത്രെ: കോഴിക്കോട് മസ്ജിദ് ബസാറിലെ ഐ.പി.എച്ചില്‍ മലയാളത്തിലുള്ള മതപാഠപുസ്തകങ്ങള്‍ കിട്ടും. അത് വാങ്ങി പഠിപ്പിക്കുക.'' ബഷീറില്‍നിന്ന് ഇത്തരം ഒരു സര്‍ട്ടിഫിക്കറ്റ് വാക്കുകൊണ്ടെങ്കിലുമായി ഐ.പി.എച്ചിന് കിട്ടിയിട്ടുണ്ടെങ്കില്‍ അത് ഐ.പി.എച്ച് ഒരുക്കിയ പുസ്തകത്തിന്റെ മേന്മയെ അടയാളപ്പെടുത്തുന്നത് തന്നെയാണ്. വക്കം അബ്ദുല്‍ഖാദര്‍ രചിച്ച മനുഷ്യന്‍ എന്ന പുസ്തകത്തിന്റെ ഒരു ഭാഗം പ്രസിദ്ധീകരിപ്പിക്കാനായി ബഷീര്‍ ചെന്നതു ഐ.പി.എച്ചിലേക്കായിരുന്നുവെന്നതും ബഷീര്‍ ഈ പുസ്തകശാലക്ക് നല്‍കിയിരുന്ന പ്രാധാന്യത്തെ ചൂണ്ടിക്കാട്ടുന്നു.
 
മതമീമാംസയും മൌലികകൃതികളുടെ വിവര്‍ത്തനങ്ങളും അടങ്ങുന്ന പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതോടൊപ്പം സര്‍ഗാത്മക സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാനും മുമ്പോട്ട് വന്നത് ഐ.പി.എച്ച് തന്നെയാണ്. പക്ഷേ, ആ മേഖലയില്‍ അവര്‍ക്ക് വിജയിക്കാന്‍ കഴിയാതെ പോയത് പ്രസാധകരുടെ കുറ്റം കൊണ്ടല്ല, എഴുത്തുകാരുടെ പിഴവ് കൊണ്ടുമല്ല. മറിച്ച് ഐ.പി.എച്ച് വായനക്കാരുടെ മാനസിക പരിമിതികള്‍ കൊണ്ടുതന്നെയാണ്. സാഹിത്യരംഗത്ത് ഇത്രയൊക്കെ പ്രവര്‍ത്തിച്ചിട്ടും ജമാഅത്തിന്റെ വായനക്കാര്‍ക്ക് സംവേദനശക്തി നേടാന്‍ ആയിട്ടില്ലെന്നല്ലേ ഇക്കാര്യം വ്യക്തമാക്കുന്നത്? ഇത് മുസ്ലിം സമൂഹം മാത്രമല്ല പൊതുസമൂഹം പോലും നേരിടുന്ന പ്രശ്നം തന്നെയാണെന്ന കാര്യവും ഓര്‍മിക്കാവുന്നതാണ്. ഇപ്പോള്‍ നല്ല വായനക്കാരുടെ ഒരു നിരതന്നെ മുസ്ലിം സമൂഹത്തിലുണ്ട്. മലയാളത്തിലെ ഏറ്റവും നല്ല വായനക്കാര്‍ വായിക്കുന്നതിന് മുമ്പേ പുറത്തുനിന്നുള്ള പുസ്തകങ്ങള്‍ കണ്ടെത്തി വരുത്തി വായിക്കുന്നവര്‍ മുസ്ലിം സമൂഹത്തിലുണ്ടായിട്ടുണ്ടെന്ന് എഴുതിയത് സിവിക് ചന്ദ്രനാണെന്നാണ് എന്റെ ഓര്‍മ. എന്നിട്ടുമെന്തേ പി.ടി അബ്ദുര്‍റഹ്മാന്‍ ബിലാലിനെക്കുറിച്ചെഴുതിയ 'കറുത്ത മുത്ത്' എന്ന പുസ്തകവും ഇഖ്ബാല്‍ കവിതയുടെ വിവര്‍ത്തനവും വേണ്ടത്ര വായിക്കപ്പെടാതെ പോയി? മതാത്മക സംസ്കൃതിയില്‍ ലയിച്ചുകൊണ്ട് കവിത എഴുതുന്നവരുടെ വിധി ഇപ്പോഴും സങ്കടകരം തന്നെ. മതേതര ജാട സൂക്ഷിച്ചാല്‍ മാത്രമേ ഒരു മുസ്ലിം എഴുത്തുകാരന് രക്ഷയുള്ളൂവെന്നകാര്യം നടുക്കമുണ്ടാക്കുന്നതാണ്. മുസ്ലിം പ്രശ്നങ്ങള്‍ക്ക് വന്‍ പ്രാധാന്യം നല്‍കി അവരെ പ്രലോഭിപ്പിക്കാനുള്ള ശ്രമങ്ങള്‍ പൊതുപത്രവാരികാദികള്‍ ഞാന്‍ മുമ്പേ, ഞാന്‍ മുമ്പേ എന്ന മട്ടില്‍ നടത്തിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തും മതേതര മുഖമില്ലാത്ത, അത്തരം മുഖം കൃത്രിമമായി സൃഷ്ടിക്കാത്ത മുസ്ലിം എഴുത്തുകാരന്റെ വിധി ദയനീയം. മതത്തിന്റെ ഭാഗമാകണമെങ്കില്‍ അയാള്‍ക്ക് ഏതെങ്കിലും മതവിഭാഗത്തിന്റെ കൂടെ നില്‍ക്കണം. പൊതു സമൂഹത്തിന്റെ ഭാഗമാകണമെങ്കില്‍ അയാള്‍ക്ക് മതേതരത്വത്തിന്റെ മുഖംമൂടി ധരിക്കാന്‍ കഴിയണം. ഇത് രണ്ടുമാവാന്‍ സാധിക്കാത്തവന് നാളെ ആഖിറത്തില്‍ വെച്ച് ദൈവം പ്രതിഫലം നല്‍കുമായിരിക്കും. ഒരു പി.ടിയുടെ സാഹിത്യ ജീവിതം മാത്രമല്ല എത്രയോ സര്‍ഗധനന്മാരെ നാം മറന്നിരിക്കുന്നു.
 
ഒരു സന്ദര്‍ഭം ഞാന്‍ ഓര്‍മിക്കുന്നു. ജമാഅത്തിന്റെ സംസ്ഥാന ആസ്ഥാനമായ ഹിറാസെന്ററിന്റെ ഉദ്ഘാടന വേള. അഖിലേന്ത്യാ അമീര്‍, സി. രാധാകൃഷ്ണന്‍, ബി.ആര്‍.പി ഭാസ്കര്‍ തുടങ്ങിയവരും പിന്നെ കേരളത്തിലെ മുസ്ലിം വിഭാഗങ്ങളുടെ തലതൊട്ടപ്പന്മാരുമുണ്ട് വേദിയില്‍. കൂട്ടത്തില്‍ പിതൃപരമ്പരയില്‍ പെട്ട ആരോ ചെയ്ത പുണ്യത്തിന്റെ ഭാഗമായോ എന്തോ, ഞാനുമുണ്ട്. ഏറെ പ്രൌഢമായി ഒരുക്കപ്പെട്ട 'ഹിറാ' സമ്മേളനത്തിന്റെ സ്മരണിക പ്രകാശിപ്പിക്കുകയാണ് എന്റെ കര്‍മം. എന്റെ സുഹൃത്ത് അബ്ദുര്‍റഹ്മാന്‍ മങ്ങാടാണ് ഏറ്റുവാങ്ങുന്നത്. വേദിയിലുള്ളവര്‍ക്കെല്ലാം പത്ത് മിനിറ്റാണ് പ്രസംഗിക്കാന്‍ സമയം നല്‍കിയിരിക്കുന്നത്. എന്റെ പ്രസംഗം വെറും ഏഴ് മിനുട്ട് കൊണ്ട് ഞാന്‍ ചുരുക്കി. ആ ഏഴ് മിനുട്ടില്‍ ഞാന്‍ പറഞ്ഞു: "നല്ലൊരു വാക്ക് പോലും കേള്‍ക്കാന്‍ കഴിയാതെ മരിച്ചുപോയ (ഉബൈദിന്റെ കവിതാലോകം എന്ന പുസ്തകം ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നത് ഇവര്‍ക്കാണ്) കുറേ മാപ്പിളപ്പാട്ട് രചയിതാക്കളുണ്ട്, അവരെക്കുറിച്ച് ഗാഢമായി പഠിച്ച് ഒരു പഠന ഗ്രന്ഥം ഐ.പി.എച്ച് പുറത്തിറക്കണം. കരീം മാഷും സി.എന്‍ മൌലവിയും ചേര്‍ത്തിറക്കിയ മഹത്തായ  മാപ്പിള സാഹിത്യ പാരമ്പര്യം സംവിധാനത്തിലെ അശാസ്ത്രീതയത കൊണ്ട് അലങ്കോലപ്പെട്ടതാണ്. അതോടൊപ്പം വിവരങ്ങളുടെ നിധിപ്പെട്ടിയുമാണത്. അതുപയോഗിച്ച് മരിച്ചുപോയ മഹത്തുക്കളുടെ ജീവിതത്തെ അതിന്റെ വിശുദ്ധ ഭാവത്തോടെ പുറത്തിറക്കാന്‍ ഐ.പി.എച്ച് തയാറാവണം.'' എന്റെ അപേക്ഷക്ക് ഹിറാ സെന്റര്‍ ഉദ്ഘാടന സമ്മേളനത്തിലെ നിശബ്ദരായ പതിനായിരങ്ങള്‍ സാക്ഷി. ഒരാഴ്ച കഴിയുന്നതിന് മുമ്പേ ശൈഖ് മുഹമ്മദ് കാരകുന്നിന്റെ കത്ത് വന്നു. ഹിറാ ഉദ്ഘാടന വേളയിലെ എന്റെ അപേക്ഷ പരിഗണിച്ചിരിക്കുന്നു. അടുത്തയാഴ്ച ഇതിനെക്കുറിച്ച് ആലോചിക്കാന്‍ മാപ്പിളപ്പാട്ട് രംഗത്തെ പ്രമുഖന്മാരെ ക്ഷണിച്ചിട്ടുണ്ട്. താങ്കളും വരണം. എന്റെ ഒരപേക്ഷ ജമാഅത്തിന്റ പുസ്തക പ്രസാധക വിഭാഗം ഏറ്റെടുത്തതിന്റെ ഹര്‍ഷോന്മാദത്തിലായിരുന്നു ഞാന്‍ അപ്പോള്‍. യോഗത്തില്‍ മാപ്പിളപ്പാട്ടിന്റെ കിത്താബിലുള്ള ജീവിച്ചിരിക്കുന്നവരില്‍ പ്രമുഖരെല്ലാമുണ്ട്. ചര്‍ച്ച മണിക്കൂറുകള്‍ നീണ്ടു. കേരളത്തിലെ മുസ്ലിംകളുടെ സാംസ്കാരികത്തനിമ സകലതും ഉള്‍ക്കൊള്ളുന്ന രൂപത്തില്‍ ഒന്നിലധികം വാല്യങ്ങളായി പുസ്തകമിറക്കുന്ന സാധ്യതയിലേക്ക് ചര്‍ച്ച എത്തി. അടുത്തആഴ്ചത്തേക്ക് ചര്‍ച്ച മാറ്റി. പുസ്തകത്തിന്റെ കരട് കുറിച്ചു കൊണ്ടുവരുന്ന ഉത്തരവാദിത്വം എന്നില്‍ അര്‍പ്പിക്കപ്പെട്ടു. കരടിന്മേല്‍ അടുത്തയാഴ്ച വീണ്ടും ചര്‍ച്ച തുടങ്ങി. വിഷയങ്ങളും അതിരും ഏതാണ്ട് നിശ്ചയിക്കപ്പെട്ടു. എഡിറ്റര്‍ഷിപ്പ് എന്റെ കഴുത്തിലായി. എത്രവേണ്ടെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. പണി ഞങ്ങള്‍ എടുത്തോളാം; നിങ്ങള്‍ക്കാവുന്നത് നിങ്ങള്‍ ചെയ്താല്‍ മതി എന്ന നിര്‍ബന്ധത്തില്‍ ഞാന്‍ സമ്മതിച്ചു. മടങ്ങി വരുമ്പോള്‍ തീവണ്ടിയില്‍ കാസര്‍കോട്ടെ കെ.എം അഹ്മദുമുണ്ടായിരുന്നു: ഇത് നടക്ക്വോ? അദ്ദേഹം എന്നോട് ചോദിച്ചു. "നടക്കും, ഏറ്റെടുത്തിരിക്കുന്നത് ഐ.പി.എച്ചല്ലേ? നടക്കും'' ഞാന്‍ പറഞ്ഞു. പക്ഷേ, സംഭവിച്ചത് അഹ്മദ് പറഞ്ഞതായിരുന്നു. കര്‍മങ്ങളുടെ കൃത്യതയും സഫലതയുമായിട്ടായിരുന്നു ഞാന്‍ ഐ.പി.എച്ചിനെ കണ്ടിരുന്നത്. ഞാന്‍ മനസാ കരഞ്ഞു. എന്തേ ഇങ്ങനെ സംഭവിക്കാന്‍?
 
ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ് ചെയ്തിട്ടുള്ള ഏറ്റവും മികച്ച സര്‍ഗാത്മക പ്രവര്‍ത്തനം ഇസ്ലാമിക വിജ്ഞാന കോശത്തിന്റെ ഒമ്പത് വാല്യങ്ങളായുള്ള നിര്‍മിതിയാണ്. കേരളത്തിലെ വിവിധ മുസ്ലിം വിഭാഗങ്ങളുടെ കൂട്ടത്തില്‍ ആര്‍ക്കും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലാത്തത്. ഭഗീരഥ പ്രയത്നം എന്നല്ല ഭഗീരഥ പ്രയത്നത്തിനു മേല്‍ ഭഗീരഥ പ്രയത്നം എന്നു വിശേഷണത്തോടെ സമീപിക്കേണ്ട സര്‍ഗാത്മക പ്രവര്‍ത്തനമാണിത്. ആലോചിക്കുമ്പോള്‍ തന്നെ പേടിയാവുന്ന ഈ മഹായത്നം അസാധാരണമായ ഒരു കൂട്ടായ്മയുടെ സഹായത്തോടെ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്ന കാഴ്ച ആനന്ദത്തോടും അഭിമാനത്തോടും കൂടി മാത്രമേ ബുദ്ധിജീവികള്‍ക്കൊക്കെയും നോക്കിക്കാണാനാവൂ. ഇസ്ളാമിനെ കുറിച്ചും മുസ്ലിംകളെക്കുറിച്ചും ഇതര സമുദായങ്ങള്‍ക്കും സമൂഹങ്ങള്‍ക്കുമുള്ള തെറ്റിദ്ധാരണകള്‍ ഇല്ലായ്മ ചെയ്യാനും കേരളത്തിലെ മുസ്ലിംകള്‍ക്ക് തങ്ങളെക്കുറിച്ച് തന്നെ മനസ്സിലാക്കാനുമുള്ള അറിവിന്റെ സാഗരമാണിത്. ഈ ബൃഹദ്യജ്ഞം പൂര്‍ത്തീകരിക്കാന്‍ നല്ല മനുഷ്യരൊക്കെ ഹൃദയപൂര്‍വം പ്രാര്‍ഥിക്കേണ്ടതാണ്.
 
കലയുടെയും സാഹിത്യത്തിന്റെയും നേരെയുള്ള ഇസ്ലാമിന്റെ സമീപനം സൃഷ്ടിപരമാണ്, നിഷേധാത്മകമല്ല എന്ന കാഴ്ചപ്പാട് സാവധാനത്തില്‍ കേരളത്തിലെ മുസ്ലിംകളിലേക്കും ഇതരരിലേക്കും എത്തിയതില്‍ ജമാഅത്തിനും അനുബന്ധ സംഘടനകള്‍ക്കും മുഖ്യപങ്കുണ്ട്. എഴുത്തും കലയും ഇസ്ലാമികമാവുക എന്ന ആശയത്തിന്റെ ചുരുക്കം ദൈവാധിഷ്ഠിതമായ നന്മയും ധര്‍മവും അതിനുണ്ടായിരിക്കുക എന്നതാണ്. ഇത് ഒരു പുതിയ കാര്യമല്ല. പക്ഷേ, കേരളത്തിലെ മുസ്ലിംകള്‍ ഇക്കാര്യം വേണ്ടത് പോലെ മനസ്സിലാക്കിയിട്ടില്ല. സിനിമ, ചിത്രം പോലുള്ളവയെ ഹറാമാക്കാനുള്ള ശ്രമം പോലും നടത്തിയിട്ടുണ്ട്. ആ നിഷേധാത്മക സമീപനം ശരിയല്ലെന്ന് സാവധാനത്തിലെങ്കിലും മുസ്ലിം മനസ്സുകളെ ബോധ്യപ്പെടുത്താനായത് ജമാഅത്ത് കലാസാഹിത്യ പ്രവര്‍ത്തനങ്ങളുടെ വലിയ നേട്ടം തന്നെ.
 
കലയിലും സാഹിത്യത്തിലുമുള്ള തങ്ങളുടെ നേട്ടങ്ങളെ പ്രബോധനം വാരികയിലൂടെയും ഇതര പ്രസിദ്ധീകരണങ്ങളിലൂടെയും ജമാഅത്ത് ഏറെ മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്. എസ്.ഐ.ഒവിന്റെ സംവേദനവേദിയാണ് ഇതിലേറെ മുന്നേറിയത്. അവരുടെ സൃഷ്ടിപരമായ പ്രവര്‍ത്തനത്തിന്റെ മികച്ച ഉദാഹരണമാണ് ബഷീര്‍എഴുത്തിന്റെ അറകള്‍ എന്ന പുസ്തകം. ബഷീറിലെ ഇസ്ലാമിനെ കണ്ടെത്താനും ഇസ്ലാമിലെ ബഷീറിനെ കണ്ടെത്താനുമുള്ള ശ്രമം ഈ പുസ്തകത്തിലുണ്ട്. എതിരഭിപ്രായമുള്ളവരും ലേഖകന്മാരില്ലാതില്ല. "കേവലം മതേതര യുക്തിയുടെ വിശദീകരണ രീതികള്‍ കൊണ്ടു മാത്രം വായിച്ചെടുക്കാവുന്നതാണോ ബഷീറിന്റെ ലോകം?'' പ്രസാധകര്‍ ചോദിക്കുന്നു. മതേതര ആശയവാദങ്ങള്‍ ആ എഴുത്ത് ജീവിതത്തെ നിര്‍ണയിച്ചതെങ്ങനെ? ഈ ചോദ്യങ്ങളില്‍ ബഷീറിന്റെ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളെ ഇസ്ലാമികമായി കാണണമെന്ന ധ്വനിയുണ്ട്. ബഷീറിലെ ഇസ്ലാമിനെയും ഇസ്ലാമിലെ ബഷീറിനെയും ഏറെ നേരത്തെ വായിച്ചെടുത്ത ഒരാളാണ് ഈ ലേഖകന്‍. അക്കാര്യം വേണ്ടതുപോലെ പുസ്തകത്തില്‍ പരാമര്‍ശിച്ചില്ല. ഇസ്ലാമിക സാഹിത്യം എന്ന് പറയാന്‍ പാടില്ലെന്ന ചിന്തയാവാം ഇതിന് കാരണം. അങ്ങനെ പറയാതെ മുസ്ലിമെഴുത്ത്, ഇസ്ലാം എഴുത്ത് എന്നൊക്കെ പറഞ്ഞ് തങ്ങള്‍ വിഭാഗീയക്കാരല്ലെന്ന് മാലോകരെ ബോധ്യപ്പെടുത്താന്‍ അടുത്ത കാലത്ത് ചില ശ്രമങ്ങള്‍ നടന്നു. ഇത് മനസ്സിന്റെ കരുത്തില്ലായ്മയെയാണ് കുറിക്കുന്നത്. ബഷീറിന് താനൊരു മുസ്ലിമാണെന്ന് ആവര്‍ത്തിച്ച് പറയാനുള്ള ആത്മ ധൈര്യമുണ്ട്. പക്ഷേ അത് പറയാനുള്ള തന്റേടം മുസ്ലിംകള്‍ക്കിടയിലുള്ള ചില ബുദ്ധിജീവികള്‍ക്കില്ല. മുസ്ലിം ഇതിവൃത്തങ്ങള്‍ അവതരിപ്പിച്ചു എന്നതുകൊണ്ടല്ല ബഷീറിനെ മുസ്ലിമാക്കിയത്. മഹാനായ ഏതൊരെഴുത്തുകാരന്റെ സൃഷ്ടിയിലും 'ഞാനാണ് സംസ്കാരം' എന്ന ആശയം അലിഞ്ഞ് കിടപ്പുണ്ട്. ബഷീറിന്റെ സാംസ്കാരിക സ്വത്വം രൂപപ്പെട്ടത് ഇസ്ലാം- ഖുര്‍ആന്‍ കാഴ്ചകളിലൂടെയാണ്. അക്കാര്യം ബഷീര്‍ ഏറെ തവണ ആവര്‍ത്തിച്ചിട്ടുമുണ്ട്. അതുകൊണ്ടാണ് 'ബഷീര്‍ ദ മുസ്ലിം' എന്ന് എന്റെ ഒരു പുസ്തകത്തിന് തലക്കെട്ടിട്ടത്. അത് ബഷീറിനെ 'ഞമ്മന്റെയാളാ'ക്കാനല്ല. മലയാള ഭാഷ മുസ്ലിംകള്‍ക്ക് നന്നായി അറിയുമെന്ന് ഇപ്പോള്‍ കേരളത്തിലെ എല്ലാ വായനക്കാരനുമറിയാം. മുസ്ലിംകളുടെ ഇടയില്‍ അല്‍പം ഇന്‍ഫീരിയോരിറ്റി കോംപ്ളക്സ് ഉള്ളവരുണ്ട്. അവരാണ് ബഷീറിനെ ഇസ്ലാമാക്കുമ്പോള്‍ കുരക്കുന്നത്. ഇസ്ലാമിനെയും ഖുര്‍ആനെയും ബഷീറിന്റെ അത്ര ആഴത്തോടെ കലാസൃഷ്ടികളിലേക്ക് ആവാഹിച്ച് കലാത്മകമായി ആവിഷ്കരിച്ച മറ്റൊരു എഴുത്തുകാരന്‍ മലയാളത്തിലുണ്ടായിട്ടേയില്ല. അതുകൊണ്ടാണ് ബഷീറിനെ അത്തരമൊരു കണ്ണടവെച്ച് പരിശോധിച്ചത്. നോക്കിയപ്പോള്‍ അതിനുള്ള തെളിവായി ആ സാഹിത്യത്തില്‍ നിറയെ കോപ്പുകള്‍ കണ്ടു. അത് സഹൃദയരുടെ മുന്നിലേക്കിട്ടുകൊടുത്തപ്പോള്‍ കൃത്രിമ മതേതര ജീവികള്‍ ക്ഷുഭിതരായത് എന്റെ തെറ്റല്ല. സംവേദനവേദി ഒരുക്കിയ 'ബഷീറെഴുത്തിന്റെ അറകള്‍' ഏറെ ശ്രദ്ധയോടെയാണ് ഒരുക്കിയിരിക്കുന്നത്. ബഷീറിലേക്ക് ഒരു പുതുവെളിച്ചം ഈ പുസ്തകം നല്‍കും.
 
തനിമ എന്ന കലാസാഹിത്യവേദിയും എസ്.ഐ.ഒ സംവേദനവേദിയും ഏറെ പുതുമയുള്ള സൃഷ്ടിപരമായ കാര്യങ്ങള്‍ വേറെയും ചെയ്തിട്ടുണ്ട്. മുസ്ലിംകളില്‍ ചിലര്‍ ഇപ്പോഴും കരുതുന്ന സിനിമയും മറ്റുകലാരൂപങ്ങളും ഹറാമെന്ന വീക്ഷണത്തെ തിരുത്താന്‍ ഇന്റര്‍നാഷ്നല്‍ ഫിലിം ഫെസ്റിവല്‍ നടത്തിയും തിരക്കഥ മത്സരങ്ങള്‍ സംഘടിപ്പിച്ചും ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മിച്ചും ബുള്ളറ്റുകള്‍ ഇറക്കിയും ഖുര്‍ആന്‍ ചിത്രപ്രദര്‍ശനം നടത്തിയും നല്ല സിനിമകളെക്കുറിച്ചും എഴുത്തുകാരെ കുറിച്ചും സംവാദങ്ങള്‍ സംഘടിപ്പിച്ചും പരിസ്ഥിതി ദലിത്, ന്യൂനപക്ഷ രാഷ്ട്രീയ ബോധങ്ങളെ ഗുണാത്മകമായി സമീപിക്കുന്ന മലയാള നോവല്‍ മത്സരം സംഘടിപ്പിച്ചും, കാമ്പസുകളെ സജീവമാക്കാന്‍ പൊളിറ്റിക്കല്‍, ടീനേജ്, ആന്റി ഇംപീരിയല്‍, ഇസ്ലാമോഫോബിയ, ബ്ളാക്ക് ആന്റ് വൈറ്റ് തുടങ്ങിയ ഫിലിം പാക്കേജുകള്‍ ഒരുക്കിയും ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ നോവല്‍ ചര്‍ച്ച നടത്തിയും നേര് പൂക്കുന്ന കാലം എന്ന സി.ഡി പ്രകാശിപ്പിച്ചും തെരുവ് നാടകങ്ങള്‍ നടത്തിയും പാട്ടരങ്ങ് ഒരുക്കിയും ഫിലിം സൊസൈറ്റികള്‍ ഉണ്ടാക്കിയും പെയിന്റിംഗ് പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചും ലഘുനാടകങ്ങള്‍ അവതരിപ്പിച്ചും പുതുമയുള്ള ഒട്ടേറെ വിഷയങ്ങളെ കണ്ടെത്തിയും കമലാസുറയ്യയെ പഠിച്ചും കാലത്തിനൊപ്പം സഞ്ചരിക്കാന്‍ കാണിച്ചിട്ടുള്ള ശുഷ്കാന്തി ഏറെ അഭിനന്ദനീയം തന്നെ.
 
തനിമ കലാസാഹിത്യവേദി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തയാറാക്കിയ ബ്രോഷറില്‍ കാണുന്നു:
 
"സൌന്ദര്യമുള്ള ജീവിതത്തിന് ചങ്ങാതീ,
 
കാലത്തിന്റെ കറുത്ത ഭൂപടത്തില്‍
 
ജീവിതം അത്രയും ആശങ്കാകുലമാണ്
 
അസ്തമിച്ചുപോയ പ്രതീക്ഷകളുടെ
 
ബാക്കിയിരുട്ടില്‍
 
ദൂരെദൂരെ കാണുന്നുണ്ടോ
 
ആ മിന്നാമിന്നിത്തെളി
 
കലയില്‍നിന്ന് ജീവിത സൌന്ദര്യത്തെയും
 
ജീവിതത്തില്‍നിന്ന് കലയുടെ സൌന്ദര്യത്തെയും
 
വെട്ടിമാറ്റി
 
ഭൂത കാലത്തിന്റെ വിഴുപ്പുകളില്‍ ചവിട്ടിനിന്ന്
 
ഈ വര്‍ത്തമാന കാലത്തില്‍
 
ഏത് ഭാവികാലത്തെയാണ്
 
നാം അതിജീവിക്കുക.
 
ഭംഗിയുള്ള ജീവിതത്തെ
 
സാരവത്തായി പങ്കുവെക്കാന്‍
 
തനിമ ഒരു ബദല്‍കലയെ
 
മുന്നോട്ടു വെക്കുന്നു.''
 
ഈ ശ്രമം സാര്‍ഥകമായിത്തീരാന്‍ സഹൃദയരുടെ കൂട്ടായ്മ തനിമക്കും സംവേദന വേദിക്കുമൊപ്പമുണ്ടാകും.