2014, മാർച്ച് 6, വ്യാഴാഴ്‌ച

നിരോധിക്കാനായി നിര്‍ദ്ദേശിച്ച 14 പുസ്തകങ്ങളെക്കുറിച്ച്


14 പുസ്തകങ്ങളെക്കുറിച്ച്

നിരോധിക്കാനായി നിര്‍ദ്ദേശിച്ച 14 

പുസ്തകങ്ങളെക്കുറിച്ച്, ബഹുമാനപ്പെട്ട കേരള 

ഹൈക്കോടതി മുമ്പാകെ ജമാഅത്തെ ഇസ്‌ലാമി 

സമര്‍പ്പിക്കുന്ന എതിര്‍സത്യവാങ്മൂലത്തില്‍ 

നല്‍കിയ വിശദീകരണമാണ് ഇവിടെ നല്‍കുന്നത്. 

കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ബഹു: കേരള 

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച 

സത്യവാങ്മൂലത്തിലുള്ള ശ്രമം ഏത് 

നിഷ്പക്ഷമതിക്കും പെട്ടെന്ന് ബോധ്യമാകും. 

വായിക്കുക....
------------------------------------

['.... സര്‍ക്കാര്‍ ബോധിപ്പിച്ച സത്യവാങ്മൂലത്തില്‍ പേരെടുത്തു പറഞ്ഞ 14 


പുസ്തകങ്ങളിലെയും ഉള്ളടക്കങ്ങളില്‍ ഭരണഘടനാവിരുദ്ധമോ, 

ദേശവിരുദ്ധമോ, അധിക്ഷേപാര്‍ഹമോ ആയ പരാമര്‍ശങ്ങള്‍ ഇല്ല. 

സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയ വാചകങ്ങള്‍ യഥാര്‍ത്ഥ പശ്ചാതലത്തില്‍ 

പരിശോധിച്ചാല്‍ തികച്ചും നിരുപദ്രവങ്ങളാണെന്ന് വ്യക്തമാവും. 14 

പുസ്തകങ്ങളെക്കുറിച്ച കേരള സര്‍ക്കാര്‍ ആഭ്യന്തര വകുപ്പ് അഫ്ഡവിറ്റില്‍ 

ആരോപിച്ച കാര്യങ്ങളത്രയും അടിസ്ഥാനരഹിതമാണ്.



1. ''ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും'' എന്ന എ റശീദുദ്ദീന്റെ പുസ്തകം ഐ.പി.എച്ച് പ്രസിദ്ധീകരിച്ചതല്ല. പ്രതീക്ഷ ബുക്‌സാണ് പ്രസാധകര്‍. ഐ.പി.എച്ച് പുസ്തകത്തിന്റെ വിതരണക്കാരാണ്.

2001 സപ്തംബര്‍ 11 ലെ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന് ലോകത്തെ വിവിധ സര്‍ക്കാറുകള്‍ പിന്തുടരുന്ന നടപടികളെ പുസ്തകം വിശകലനം ചെയ്യുന്നു. ജനാധിപത്യ മതേരത ഇന്ത്യയിലെ സര്‍ക്കാറുകളെക്കുറിച്ചു ഇക്കാര്യത്തില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെ പുസ്തകം വിശകലനം ചെയ്യുന്നു. ആംനസ്റ്റി ഇന്റര്‍നാഷണല്‍ പോലുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ ഏജന്‍സികളുടെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയ നടപടികളും സര്‍ക്കാറില്‍ നിന്ന് ഉണ്ടായിട്ടുണ്ടെന്ന് പുസ്തകം വ്യക്തമാക്കുന്നു. ഠഅഉഅ, ജഛഠഅ, ഡഅജഅ പോലുള്ള കര്‍ക്കശ നിയമങ്ങളുടെ മറപിടിച്ചാണ് പലപ്പോഴും നിരപരാധികള്‍ പോലീസിന്റെ പിടിയിലായതും അനിശ്ചിതകാലം തടവറകളില്‍ കഴിയേണ്ടിവന്നതും. ഇതൊരു ഗൗരവതരമായ പ്രശ്‌നമായി ഇപ്പോള്‍ കേന്ദ്രസര്‍ക്കാറും കണക്കിലെടുക്കുകയും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തെഴുതുകയും ചെയ്തിട്ടുണ്ട്. (ബന്ധപ്പെട്ട പത്ര റിപ്പോര്‍ട്ടുകള്‍ എന്‍ക്ലോസ് ചെയ്യുക) ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലുകള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചതാണല്ലോ. അതിനിടെയാണ് മാലേഗാവ്, മക്കാമസ്ജിദ്, അജ്മീര്‍, സംജോത്ഥ സ്‌ഫോടനങ്ങള്‍ ഹിന്ദുത്വ ഭീകരരുടെ സൃഷ്ടിയായിരുന്നെന്ന് വെളിപ്പെടുത്തല്‍ സ്വാമി അസിമാനന്ദ നടത്തിയത്. ഇക്കാരണത്താല്‍ മഹാരാഷ്ട്രയില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്തു തടവറയിലിട്ട സിമി പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിട്ടയക്കേണ്ടിവരികയും ചെയ്തു. ഇത്തരം അതിക്രമങ്ങളെക്കുറിച്ച മീഡിയ റിപ്പോര്‍ട്ടുകളുടെയും ഉത്തരവാദപ്പെട്ടവരുടെ വെളിപ്പെടുത്തലുകളുടെയും സമാഹഹാരമാണ് റശീദുദ്ദീന്റെ പുസ്തകം.

അമേരിക്കയോടും ഇസ്രായേലിനോടുമുള്ള ഇന്ത്യയുടെ ബന്ധം വിധേയത്വപരവും തത്വങ്ങള്‍ ബലികഴിച്ചുകൊണ്ടുള്ളതും അനീതിപരവും ആവരുതെന്ന് പുസ്തകം പറയുന്നു. Raw ലും Intelligence Bureau ലും മറ്റു മര്‍മ പ്രധാനമായ ഏജന്‍സികളിലും രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യമില്ലെന്ന പുസ്തകത്തിലെ പരാമര്‍ശം പ്രധാനമന്ത്രി തന്നെ നിയമിച്ച ഹൈലെവല്‍ കമ്മിറ്റി തന്നെ ചൂണ്ടിക്കാട്ടിയതാണ്. പല സംഘടനകളും അക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. മതന്യൂനപക്ഷത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവരില്‍ സുരക്ഷിതത്വബോധം ഉണ്ടാക്കാനും അവര്‍ക്ക് നീതിനിഷേധിക്കപ്പെടാതിരിക്കാനും അതാവശ്യമാണ്. ഇന്ത്യന്‍ സെക്യൂലര്‍ ഡെമോക്രാറ്റിക് സിസ്റ്റം ആരോഗ്യകരമാവാന്‍ എല്ലാ വിഭാഗം ജനങ്ങളിലും വിശ്വാസ്യതയും സുരക്ഷാബോധവും സൃഷ്ടിച്ചേ പറ്റൂ. അക്കാര്യം ചൂണ്ടിക്കാട്ടുന്നത് രാജ്യദ്രോഹമോ, ദേശവിരുദ്ധമോ അല്ല. അതിനാല്‍ പുസ്തകം രാജ്യത്തെ നിയമവ്യവസ്ഥക്ക് എതിരല്ല. 

2. ''ഒരു ജാതി ഒരു ദൈവം'' എന്ന ടി.മുഹമ്മദിന്റെ കൃതി ഐ.പി.എച്ച് 1974-ല്‍ പ്രസിദ്ധീകരിച്ചതാണ്. 2010-ല്‍ അതിന്റെ 13-ാം പതിപ്പാണ് പുറത്തിറങ്ങിയത്. മാനവജാതി ഒന്നാണെന്നും അവര്‍ക്ക് ഒരു ദൈവമേയുള്ളൂവെന്നും ചരിത്ര യാഥാര്‍ഥ്യങ്ങളുടെയും ഗവേഷകനിഗമനങ്ങളുടെയും അടിസ്ഥാനത്തില്‍ സ്ഥാപിക്കുന്ന ഈ ലഘുപുസ്തകം വാസ്തവത്തില്‍ മാനവികതയുടെ ഏകത്വം വിളംബരം ചെയ്യുന്നതാണ്. അത് മതസൗഹാര്‍ദ്ദത്തിനല്ലാതെ മതവൈരത്തിന് എങ്ങനെയാണ് കാരണമാവുകയെന്ന് മനസ്സിലാവുന്നില്ല. ഒരു ഹൈന്ദവ പണ്ഡിതനും ഇന്നേവരെ അങ്ങിനെ ചൂണ്ടിക്കാട്ടിയിട്ടുമില്ല. പൗരാണിക ഭാരതീയ സംസ്‌കാരത്തെക്കുറിച്ചും ദൈവ സങ്കല്പത്തെക്കുറിച്ചും ഹൈന്ദവ പണ്ഡിതന്മാരെ ഉദ്ധരിച്ചു വിശദീകരിക്കുന്ന ഈ കൃതി ഒരു ഗവേഷണ ഗ്രന്ഥമാണ്. 'ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍' എന്ന പേരില്‍ രണ്ടു വാള്യങ്ങളിലായി ഗ്രന്ഥകാരന്‍ എഴുതിയ ബൃഹത് ഗ്രന്ഥത്തിന്റെ തന്നെ സംഗ്രഹമാണത്. വിശിഷ്ട ഗ്രന്ഥത്തിനുള്ള കേരള സാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ ഗന്ഥമാണ് ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍. 

ഹിന്ദുയിസം ഒരു മതമല്ല എന്നത് ഗ്രന്ഥകാരന്റെ അഭിപ്രായമല്ല. ഹൈന്ദവ പണ്ഡിതന്മാരുടെ തന്നെ അഭിപ്രായമാണ്. 

3. ''പ്രകാശം പരത്തുന്ന പ്രസ്ഥാനം'' എന്ന ഡോ. കൂട്ടില്‍ മുഹമ്മദലിയുടെ കൃതി 2000-ത്തിലാണ് ആദ്യമായി ഐ.പി.എച്ച് പ്രസിദ്ധീകരിക്കുന്നത്. 2011-ല്‍ അതിന്റെ 12-ാം പതിപ്പ് പുറത്തു വന്നു. ഇക്കാലത്തിനിടയില്‍ ഒരാളും അതിലെ ഉള്ളടക്കത്തെ ചോദ്യം ചെയ്യുകയോ പുസ്തകം ദേശവിരുദ്ധമോ ജനാധിപത്യവിരുദ്ധമോ ആണെന്ന് ചൂണ്ടിക്കാട്ടുകയോ ചെയ്തിട്ടില്ല.

'അല്ലാഹു അല്ലാതെ ആരാധ്യനില്ല' എന്നത് ഇസ്‌ലാമിക വിശ്വാസത്തിന്റെ ആധാരശിലയാണ്. അത് പറയാനും പ്രചരിപ്പിക്കാനും പാടില്ലെങ്കില്‍ ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യം അര്‍ത്ഥശൂന്യമാവും. അഫിഡവിറ്റില്‍ ആരോപിച്ച പോലെ ഈ പുസ്തകം ജനാധിപത്യത്തെയോ ദേശീയതയെയോ നിരാകരിക്കുന്നില്ല. ഈ കൃതിക്ക് അവതാരിക എഴുതിയത് മലയാളത്തിലെ പ്രമുഖ എഴുത്തുകാരനും ഗ്രന്ഥകാരനും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ വാണിദാസ് എളയാവൂരാണ്. 

4. ''മതേതരത്വം, ദേശീയത്വം, ജനാധിപത്യം ഒരു താത്വിക വിശകലനം'' എന്ന ലഘു കൃതി സ്വാതന്ത്ര്യത്തിനുമുമ്പ് ബ്രിട്ടീഷ് ഇന്ത്യയില്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി ചെയ്ത പ്രസംഗത്തിന്റെ സമാഹാരമാണ്. പാശ്ചാത്യലോകത്ത് നിലവിലിരുന്ന തത്വവും സങ്കല്‍പവും പ്രയോഗവും ആധാരമാക്കി പ്രസ്തുത സിദ്ധാന്തങ്ങളെ വിശകലനം ചെയ്ത മൗദൂദി സ്വാഭാവികമായും ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വത്തെയും ദേശീയതയെയും ജനാധിപത്യത്തെയുമല്ല ഉന്നം വെച്ചത്. മതനിരാസപരമായ സെക്യുലരിസം, ഇതര ജനവിഭാഗങ്ങളുടെ അസ്തിത്വമോ, വ്യക്തിത്വമോ അംഗീകരിക്കാത്ത നാസിസ്റ്റ്, ഫാസിസ്റ്റ് തീവ്ര ദേശീയത, സര്‍വതന്ത്ര സ്വതന്ത്രമായ ജനാധിപത്യം എന്നിവയെയാണ് അദ്ദേഹം വിമര്‍ശിച്ചതെന്ന് പുസ്തകം വ്യക്തമാക്കുന്നു. 

ഉദാഹരണം : രാജാധിപത്യ (മൊണാര്‍ക്കിസം) ത്തോടും നാടുവാഴി മേധാവിത്വത്തോടും വര്‍ഗപരമായ കുത്തകാവകാശത്തോടും നമുക്ക് തീര്‍ത്താല്‍ തീരാത്ത അമര്‍ഷമുണ്ട് - ആധുനിക കാലത്തെ ഏറ്റവും വലിയ ഒരു ജനാധിപത്യവാദിക്ക് ഉണ്ടാവുന്നത്ര അമര്‍ഷം. സാമൂഹ്യജീവിതത്തില്‍ എല്ലാ ഓരോരുത്തര്‍ക്കും തുല്യാവകാശവും തുല്യനിലപാടും തുല്യാവസരവും ലഭിക്കണമെന്ന് നമുക്ക് വലിയ ശാഠ്യമുണ്ട് - ഒരു പാശ്ചാത്യന്‍ ജനാധിപത്യവാദിക്കുളളത്ര ശാഠ്യം. ദേശവാസികളുടെ സ്വതന്ത്രവും നിര്‍ബാധവുമായ ഹിതാനുസാരമായിരിക്കണം ഗവണ്‍മെന്റിന്റെ ഭരണനിര്‍വഹണവും ഭരണാധികാരികളുടെ തെരഞ്ഞെടുപ്പുമെന്നതിനെ സംബന്ധിച്ചിടത്തോളം നമുക്ക് എതിരഭിപ്രായവുമില്ല. പ്രജകള്‍ക്ക് അഭിപ്രായസ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും പ്രക്ഷോഭണ സ്വാതന്ത്ര്യവുമില്ലാത്തതോ ജനനത്തെയും ജാതിയെയും പാരമ്പര്യത്തെയും വര്‍ഗപരതയെയും ആധാരമാക്കിയുള്ള പ്രത്യേകാവകാശങ്ങളും പ്രത്യേക പ്രതിബന്ധങ്ങളുമുള്ളതോ ആയ ഒരു ജീവിതവ്യവസ്ഥിതിയെ നാം ഒരിക്കലും അനുകൂലിക്കുന്നില്ല. ജനാധിപത്യത്തിന്റെ യഥാര്‍ഥ സത്തായ ഇവ്വിധ വിഷയങ്ങളിലൊന്നും നാം വിഭാവന ചെയ്യുന്ന ജനപ്രാതിനിധ്യവും പാശ്ചാത്യന്‍ ജനാധിപത്യവും തമ്മില്‍ അന്തരമൊന്നുമില്ല. (പേജ് 19, 20)

5. ''വര്‍ഗീയ രാഷ്ട്രീയം: മിത്തും യാഥാര്‍ത്ഥ്യവും'' എന്ന ഗ്രന്ഥം മുംബൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസര്‍. ശ്രീ രാംപുനിയാനിയുടെ Communal Politics: Facts versus Reality എന്ന ഇംഗ്ലീഷ് ഗ്രന്ഥത്തിന്റെ പരിഭാഷയാണ്. പരിഭാഷ ടി.വി വേലായുധന്‍. 

ഈ ഗ്രന്ഥം ഐപിഎച്ചിന്റേതല്ല. വിതരണം മാത്രമാണ് ഐപിഎച്ചിനുളളത്. ദേശീയയ വിരുദ്ധമായ കാര്യങ്ങളൊന്നും പ്രശസ്ത സ്‌കോളര്‍ ആയ രാംപുനിയാനിയുടെ പുസ്തകത്തിലില്ല. ഗ്രന്ഥകാരന്‍ സാമുദായിക മൈത്രി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഏകത യുടെ സജീവാംഗമാണ്. വിവര്‍ത്തകന്‍ ടി.വി വേലായുധന്‍ കേരള സര്‍ക്കാര്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. കേരള കൗമുദി, വീക്ഷണം തുടങ്ങിയ പത്രങ്ങളില്‍ ജോലി നോക്കിയ വ്യക്തിയുമാണ്. കേരള ആഭ്യന്തരവകുപ്പിന്റെ അഫിഡവിറ്റ് പേജ് 7-ല്‍ 5-ാം നമ്പറില്‍ പറഞ്ഞ കാര്യങ്ങള്‍ തീര്‍ത്തും തെറ്റിദ്ധരിപ്പിക്കുന്നതും വാസ്തവവിരുദ്ധവുമാണ്. ഗാന്ധിജി രാഷ്ട്ര പിതാവല്ല എന്ന് ബി.ജെ.പി. നേതാവ് പ്രമോദ് മഹാജന്‍ അഭിപ്രായപ്പെട്ടത് വെറും മിത്താണെന്ന് ചൂണ്ടിക്കാണിച്ച രാംപുനിയാനി അദ്ദേഹം യഥാര്‍ത്ഥത്തില്‍ രാഷ്ട്രപിതാവായിരുന്നു എന്ന് സമര്‍ത്ഥിക്കുകയാണ് ചെയ്തിരിക്കുന്നത്. ഗാന്ധിജിയെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നത് മിത്തായാണ് രാംപുനിയാനി പുസ്തകത്തില്‍ ചേര്‍ത്തത്. ഈ മിത്തിനെ നിരാകരിച്ച് ഗാന്ധിജി രാഷ്ട്രപിതാവാണെന്ന് സമര്‍ഥിക്കുകയാണ് ഗ്രന്ഥകാരന്‍ ചെയ്യുന്നത്. ഇതിന് വിരുദ്ധമായ ബി.ജെ.പി നേതാവ് പ്രമോദ് മഹാജന്റെ പ്രസ്താവത്തെ നിശിതമായി നിരൂപണം നടത്തുകയും ചെയ്യുന്നു. കേരള ആഭ്യന്തരവകുപ്പ് ഗ്രന്ഥകാരന്റെ മേല്‍ ഇത്ര ഗുരുതരമായ ആരോപണമുന്നയിച്ച് ബഹുമാനപ്പെട്ട കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തുന്ന ശ്രമം ഗൗരവപൂര്‍വം കാണേണ്ടതാണ്. 
(പേജ് 86-89 വരെയുള്ള ഭാഗങ്ങള്‍)

6.''ബുദ്ധന്‍, യേശു, മുഹമ്മദ്'' എന്ന മുഹമ്മദ് ശമീമിന്റെ ഗ്രന്ഥം ലോകമതങ്ങളെപ്പറ്റിയുള്ള ഒരു താരതമ്യ പഠനമാണ്. അതില്‍ പ്രകോപനപരമോ സാമുദായിക സ്പര്‍ധക്ക് വഴിവെക്കുന്നതോ ആയ ഒരു വാചകവും ഇല്ല. തീര്‍ത്തും വൈജ്ഞാനിക ഗ്രന്ഥമാണത്. 2010ല്‍ ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തെപ്പറ്റി ഒരു ക്രൈസ്തവനും ഇന്നേവരെ പരാതിപെട്ടിട്ടുമില്ല. ക്രിസ്തുവിനെപ്പറ്റിയള്ള ക്രൈസ്തവ സങ്കല്‍പം അവതരിപ്പിച്ച ശേഷം മുസ്‌ലിംകള്‍ ആ മഹാത്മാവിനെപറ്റി വിശ്വസിക്കുന്നതെന്ത് എന്ന് വിവരിക്കുക മാത്രമാണ് ഗ്രന്ഥകാരന്‍ ചെയ്യുന്നത്. അതും ഖുര്‍ആനിന്റെ വെളിച്ചത്തില്‍. യേശു അഥവാ ഈസാ ദൈവപുത്രനല്ലെന്നും എന്നാല്‍ ദൈവത്തിന്റെ പ്രവാചകനാണെന്നുമുള്ള മുസ്‌ലിം വിശ്വാസത്തെപ്പറ്റി അറിയാത്തവര്‍ രാജ്യത്തോ ലോകത്തോ ഇല്ല. 

പുസ്തകത്തിന്റെ 374-ാം പേജില്‍ ജിഹാദിനെ പ്രതിപാദിച്ച ഭാഗവും തെറ്റായാണ് അഫിഡവിറ്റില്‍ പരാമര്‍ശിച്ചിരിക്കുന്നത്. വാസ്തവത്തില്‍ തീവ്രവാദികളും ഭീകരരും ഒരു വിഭാഗം മീഡിയയും പ്രചരിപ്പിക്കുന്നപോലെ ഹിംസയോ അട്ടിമറിയോ കൊലയോ ഒന്നുമല്ല ഇസ്‌ലാമിലെ ജിഹാദെന്നും അത് ധര്‍മസംസ്ഥാപനവും ത്യാഗപരിശ്രമങ്ങളും തിന്മകളോടുള്ള പോരാട്ടവുമാണെന്നും സമര്‍ത്ഥിക്കുകയാണ് ലേഖകന്‍. 

യഥാര്‍ത്തില്‍ ജിഹാദ് ഒരു ആധ്യാത്മിക സാധനയാണ്. ഒപ്പം അതൊരു രാഷ്ട്രീയ പ്രവര്‍ത്തനവുമാണ്. അങ്ങേയറ്റത്തോളമുള്ള ത്യാഗപരിശ്രമങ്ങളാണ് ജിഹാദിന്റെ വിവക്ഷ. ചില നേതാക്കന്മാര്‍ ചില സന്ദര്‍ഭങ്ങളില്‍ ജിഹാദിന് ആഹ്വാനം ചെയ്യുന്നതുപോലെ സംഗതി അത്ര ലളിതമല്ല. അതൊരു നിരന്തരപ്രക്രിയയാണ്. ഒരു യഥാര്‍ഥ വിശ്വാസിയുടെ ഓരോ നിമിഷവും അതിനായി വിനിയോഗിക്കാന്‍ സന്നദ്ധനാവേണ്ടതാണ്. അങ്ങിനെ വരുമ്പോള്‍ ഇത് യുദ്ധമോ സായുധപോരാട്ടമോ അല്ലെന്നുള്ളത് വ്യക്തം. പരിശ്രമം, സമരം എന്നൊക്കെ അര്‍ഥം പറയാവുന്ന ജിഹാദും യുദ്ധവും ഒന്നല്ല. മാത്രവുമല്ല അല്ലാഹു ആവശ്യപ്പെടുന്നത് മനുഷ്യസ്വത്വത്തിന്റെ (നഫ്‌സ്) എല്ലാ സാധ്യതകളുമുപയോഗിച്ചുകൊണ്ടുള്ള സമരമത്രെ. (പേജ് 374, 375). 

7. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി എഴുതിയതും ഐ.പി.എച്ച് ആദ്യമായി 1956-ല്‍ പ്രസിദ്ധീകരിച്ചതുമായ ഇസ്‌ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം പേരു സൂചിപ്പിക്കുന്നതുപോലെ ഇസ്‌ലാമിന്റെ രാഷ്ട്രീയ ദര്‍ശനം സംക്ഷിപ്തമായി പരിചയപ്പെടുത്തുന്ന പുസ്തകമാണ്. ഇസ്‌ലാമില്‍ രാഷ്ട്രീയമില്ലെന്നും ഉണ്ടെങ്കില്‍ തന്നെ അത് കാലഹരണപ്പെട്ടതാണെന്നും പിന്തിരിപ്പനാണെന്നും ജനാധിപത്യവിരുദ്ധമാണെന്നുമൊക്കെ പ്രചരിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ഇസ്‌ലാമിക രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ യഥാര്‍ത്ഥമായി പ്രതിപാദിക്കുന്ന ഈ പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങളോട് എല്ലാവരും യോജിക്കണമെന്നില്ല. എന്നാല്‍ അതില്‍ ഭരണഘടനാവിരുദ്ധമായോ നിയമവിരുദ്ധമായോ ഒന്നുമില്ല. സത്യവാങ് മൂലത്തില്‍ സൂചിപ്പിച്ച പേജുകളിലും അത്തരം പരാമര്‍ശങ്ങളില്ല. പേജ് 23, 24 ലാകട്ടെ സ്റ്റാലിനിസത്തെയും ഫാസിസത്തെയുമാണ് നിശിതമായി വിമര്‍ശിക്കുന്നത്. ഒരു വ്യക്തിക്കും തന്റെ അഭിപ്രായമോ നിയമമോ മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പിക്കാനോ ദൈവം ചമയാനോ അവകാശവും അധികാരവുമില്ലെന്നാണ് അതില്‍ സമര്‍ത്ഥിക്കുന്നത്.

8. ജയിലനുഭവങ്ങള്‍, പരേതയായ ഈജിപ്ഷ്യന്‍ പണ്ഡിതയും ആക്ടിവിസ്റ്റുമായ സൈനബുല്‍ ഗസാലിയുടെ തടവറാനുഭവങ്ങളാണ്. മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ഈജിപ്തില്‍ ബ്രിട്ടീഷ് കോളനിവാഴ്ചക്കുംരാജഭരണത്തിനും സൈനിക സ്വേഛാധിപത്യത്തിനുമെതിരെ ഇസ്‌ലാമിക തത്വങ്ങളില്‍ അധിഷ്ഠിതമായ ഒരു ജനാധിപത്യഭരണ വ്യവസ്ഥ സ്ഥാപിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ച പണ്ഡിതയാണ് സൈനബുല്‍ ഗസ്സാലി. പുസ്തകത്തില്‍ ഒരിടത്തും ഇസ്‌ലാമിക് മിലിട്ടന്‍സിക്കായി ആഹ്വാനമോ ഹിംസയുടെ പ്രചാരണമോ തീവ്രവാദപ്രേരണയോ ഒന്നുമില്ല. തനിക്കെതിരെ ഭരണകൂടം നടത്തിയ കൊടുംക്രൂരതകളുടെ വിവരണം പുസ്തകത്തിലുണ്ട്. അപ്പോഴും തുല്യരീതിയില്‍ പ്രതികരിക്കാന്‍ അവര്‍ ആവശ്യപ്പെടുന്നില്ല. ഈ പുസ്തകം ഇന്ത്യന്‍ പശ്ചാതലത്തെയല്ല അഭിമുഖീകരിക്കുന്നത്. 

9. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ 'സത്യസാക്ഷ്യം 1957 ലാണ് ഐ.പി.എച്ച്. ആദ്യമായി മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്. ഉറുദുവിലും ഇംഗ്ലീഷിലും മറ്റു ഇന്ത്യന്‍ ഭാഷകളിലും അത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 2013 ജനുവരിയില്‍ പുറത്തു വന്നത് പുസ്തകത്തിന്റെ 36-ാം പതിപ്പാണ്. പലഭാഷകളിലായി ഇതിനകം ലക്ഷക്കണക്കില്‍ ആളുകള്‍ വായിച്ചു കഴിഞ്ഞ ഈ ലഘുകൃതിയില്‍ ഭരണഘടനാ വിരുദ്ധമോ, ദേശവിരുദ്ധമോ സമാധാന ലംഘനത്തിന് കാരണമാക്കുന്നതോ ആയ ഒരു പരാമര്‍ശവും ഇല്ല. ക്യാപിറ്റലിസം, കമ്യൂണിസം, സെക്യുലരിസം എന്നിത്യാദി സിദ്ധാന്തങ്ങളെ വിശകലനം ചെയ്യാന്‍ പാടില്ലെന്ന് അനുശാസിക്കുന്ന ഒരു ഖണ്ഡികയും ഇന്ത്യന്‍ ഭരണഘടനയിലില്ല. രാജ്യത്ത് അത്തരമൊരു ജനാധിപത്യവിരുദ്ധമായ നിയമവുമില്ല. അഭിപ്രായസ്വാതന്ത്ര്യം ഏതാദര്‍ശക്കാരനും ഉണ്ട്. ഹിജ്‌റ എന്നാല്‍ പലായനം എന്നാണര്‍ഥം. ജിഹാദ് എന്നാല്‍ സമരമെന്നും. രണ്ടും ഖുര്‍ആനിലെ പദപ്രയോഗങ്ങളാണ്. സമാധാനപരമായ ധര്‍മസമരം ഒരിടത്ത് സാധ്യമാവാതെ വരുമ്പോള്‍ അത് സാധ്യമാവുന്ന ദിക്കിലേക്ക് പലായനം ചെയ്യലാണ് ഹിജ്‌റ. അത് വിശദീകരിക്കുന്നത് ഒരര്‍ഥത്തിലും നിയമവിരുദ്ധമല്ല. അഫിഡവിറ്റില്‍ ഉന്നയിച്ച പുസ്തകം ജൂതന്‍മാര കുറ്റപ്പെടുത്തുന്നുവെന്ന പരാമര്‍ശം ശരിയല്ല. ഖുര്‍ആന്‍ വാക്യത്തിലെ ആശയം വിശദീകരിക്കുക മാത്രമാണ് ഗ്രന്ഥകാരന്‍ ചെയ്തത്. ഖുര്‍ആന്‍ സൂക്തത്തിന്റെ നമ്പര്‍ പുസ്തകത്തില്‍ തന്നെ രേഖപ്പെടുത്തിയിട്ടുമുണ്ട്. 

10. ഈജിപ്തില്‍ 1928 ല്‍ ഹസനുല്‍ ബന്നാ സ്ഥാപിച്ച അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ (Muslim Brotherhood) എന്ന പ്രസ്ഥാനത്തെ പരിചയപ്പെടുത്തുന്നതാണ് ആ പേരിലുള്ള ഡോ. അബ്ദുസ്സലാം വാണിയമ്പലത്തിന്റെ പുസ്തകം. സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ഉദ്ധരിച്ചത് ആ സംഘടനയുടെ മുദ്രാവാക്യമാണ്. ഗ്രന്ഥകാരന്റെ പ്രസ്താവനയോ വാചകമോ അല്ല. 

11. ജമാഅത്തെ ഇസ്‌ലാമി ലഘുപരിചയം എന്ന പുസ്തകം 1996 ല്‍ ശൈഖ് മുഹമ്മദ് കാരകുന്ന് എഴുതി ഐ.പി.എച്ച് പ്രസിദ്ധീകരിച്ചതാണ്. 2013 ജനുവരിയില്‍ അതിന്റെ 10-ാം പതിപ്പ് പുറത്തു വന്നു. പേര് സൂചിപ്പിക്കുന്നതു പോലെ ജമാഅത്തെ ഇസ്‌ലാമിയെ പരിചയപ്പെടുത്തുന്ന ഈ പുസ്തകത്തില്‍ സംഘടന നിലവില്‍വന്ന പശ്ചാത്തലം വിവരിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ബ്രിട്ടീഷ് സാമ്രാജ്യത്വം Divide and Rule എന്ന പോളിസി നടപ്പാക്കിയപ്പോള്‍ ഹിന്ദു-മുസ്‌ലിം സ്പര്‍ദ്ധ വളര്‍ത്താന്‍ സ്വീകരിച്ച ഹീനതന്ത്രങ്ങളിലേക്ക് വിരല്‍ ചൂണ്ടിയിട്ടുണ്ട്. തദ്ഫലമായി ശ്രീ അരബിന്ദോയെ പോലുള്ളവര്‍പോലും വര്‍ഗീയത വളര്‍ത്താനുതകുന്ന പ്രസ്താവനകള്‍ ചെയ്തതിന്റെ ഉദാഹരണമായാണ് സത്യവാങ്മൂലത്തില്‍ ഉദ്ധരിച്ച വാചകങ്ങള്‍ പുസ്തകത്തില്‍ ചേര്‍ത്തത്. ' ഹിന്ദു മുസ്‌ലിം മൈത്രീ ഒരു വിഡ്ഢിത്തമാണെന്ന് പറയേണ്ടിവന്നതില്‍ എനിക്ക് ഖേദമുണ്ട്. ഒരു ദിവസം ഹിന്ദുക്കള്‍ക്ക് മുസ്‌ലിംകളോട് യുദ്ധം ചെയ്യേണ്ടിവരും. അതിന് തയ്യാറാവുക തന്നെ വേണം.'' എന്നത് അരവിന്ദോയുടെ വാക്കുകളാണ്. ശൈഖ് മുഹമ്മദ് കാരകുന്നിന്റെതല്ല. വര്‍ഗീയത ഇന്ത്യയില്‍ ശക്തിപ്പെട്ട സാഹചര്യം വ്യക്തമാക്കാനാണത് ഉദ്ധരിച്ചത്. ഈ പുസ്തകത്തില്‍ മറ്റൊരാളുടെ പേര്‍ ചേര്‍ത്ത് ഉദ്ധരിച്ച വാചകം ഗ്രനഥകാരന്റെ പേരില്‍ ആരോപിച്ച് ബഹുമാനുപ്പെട്ട കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ ശ്രമം ബഹുമാനപ്പെട്ട കോടതി ഗൗരവപൂര്‍വം കാണണം.
അതേ പേജിലെ ഇസ്‌ലാമിലെ ഏകദൈവ വിശ്വാസം വിശദീകരിക്കാനായി പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ഖുര്‍ആനിലെ അധ്യാപനങ്ങളാണ്. അതൊന്നും പറയാന്‍ പാടില്ലെങ്കില്‍ പിന്നെ ഭരണഘടന അനുവദിക്കുന്ന വിശ്വാസ സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും ഒരര്‍ത്ഥവുമില്ല. 

12. പ്രൊഫ. ശാഹുല്‍ ഹമീദ് എഴുതിയ യേശുവിന്റെ പാത, മുഹമ്മദിന്റെയും എന്ന ഗ്രന്ഥം ഇസ്‌ലാമും ക്രിസ്തുമതവും ഏകസ്രോതസ്സില്‍ നിന്നുള്ള ദൈവിക സന്ദേശമാണെന്നും ക്രിസ്തുമതത്തിന്റെയും ഇസ്‌ലാമിന്റെയും മൗലികാധ്യാപനങ്ങള്‍ സമാനമാണെന്നും സമര്‍ത്ഥിക്കുന്നതാണ്. മുസ്‌ലിം-ക്രിസ്ത്യന്‍ പണ്ഡിതന്മാര്‍ കാലാകാലങ്ങളില്‍ സംവാദങ്ങളിലൂടെ പങ്കുവെക്കുന്ന ആശയങ്ങളെ തീര്‍ത്തും പ്രകോപനരഹിതമായി വിശദീകരിക്കുന്നതില്‍ കവിഞ്ഞ ഒന്നും ഗ്രന്ഥകാരന്‍ ചെയ്തിട്ടില്ല. സാമുദായിക സ്പര്‍ദ്ധ സൃഷ്ടിക്കാന്‍ കാരണമാകുന്ന വാചകങ്ങള്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുമില്ല.

13. ബ്രിട്ടീഷ് ഇന്ത്യയില്‍ 1926-ല്‍ ശുദ്ധിപ്രസ്ഥാനത്തിന്റെ നായകനായിരുന്ന സാമി ശ്രദ്ധാനന്ദന്‍ ഒരു മുസ്‌ലിമിന്റെ കൈകളാല്‍ കൊല്ലപ്പെട്ടപ്പോള്‍, ഇസ്‌ലാമിന്റെ ജിഹാദാണ് ഇതിനൊക്കെ കാരണമെന്ന് വ്യാപകമായ പ്രചാരണമുണ്ടായി. യുദ്ധോന്മുഖവും അനുയായികളെ രക്തച്ചൊരിച്ചിലിന് ആഹ്വാനം ചെയ്യുന്നതുമായ മതമാണ് ഇസ്‌ലാം എന്ന പ്രചാരണം പാശ്ചാത്യര്‍ നേരത്തെ നടത്തിവരികയായിരുന്നു. സ്വാമി ശ്രദ്ധാനന്ദന്റെ കൊല ഈ പ്രചാരണത്തിന് ആക്കം കൂട്ടി. ഇസ്‌ലാമിലെ ജിഹാദിനെ അങ്ങേയറ്റം അപകടകരമായി ചിത്രീകരിക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കാനും ജിഹാദിന്റെ യാഥാര്‍ഥ്യം വിശദീകരിക്കാനും സയ്യിദ് അബുല്‍ അഅ്‌ല മൗദൂദി 1927-ല്‍ എഴുതിയ ബൃഹദ് ഗ്രന്ഥമാണ് ജിഹാദ്. 2004 ഡിസംബറില്‍ കെ.ടി. ഹുസൈന്‍ അത് മലയാളിത്തില്‍ വിവര്‍ത്തനം ചെയ്തു. ഐ.പി.എച്ച്. പ്രസിദ്ധീകരിച്ചു. പേജ് 73-ലും 75 ലും 77ലും ചേര്‍ത്ത വചനങ്ങള്‍ വിശുദ്ധ ഖുര്‍ആനിലെ 9:5, 4:91 സൂക്തങ്ങളുടെ നേര്‍ മൊഴിമാറ്റമാണ്. ഏറെ കുപ്രചരണങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും വഴിവെച്ച ഉപര്യുക്ത ഖുര്‍ആന്‍ സൂക്തങ്ങളുടെ യഥാര്‍ത്ഥ പശ്്ചാത്തലവും വിവക്ഷയും വിശദീകരിക്കാനാണ് ഗ്രന്ഥകാരന്‍ അതുദ്ധരിച്ചത്. അത് ഗ്രന്ഥകാരന്റെ സ്വന്തം വാക്കുകളായി അഫിഡവിറ്റില്‍ ഉദ്ധരിച്ചത് കോടതിയെ തെറ്റിദ്ധരിപ്പിക്കുംവിധമാണ്. ഇത് ബഹുമാനപ്പെട്ട കോടതി ഗൗരവത്തില്‍ കാണണം. 

14. ഇലാഹ് (ആരാധ്യന്‍) റബ്ബ് (രക്ഷകന്‍) ഇബാദത്ത് (അനുസരണം/ആരാധന) ദീന്‍ (മതം, ജീവിത വ്യവസ്ഥ) എന്നീ നാല് വാക്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വിശുദ്ധ ഖുര്‍ആന്റെ പൊതുസന്ദേശമെന്ന് പ്രാമാണികമായി വിശദീകരിക്കുന്ന ഗ്രന്ഥമാണ് മൗദൂദിയുടെ 'ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍. ഉറുദുവിലും അറബിയിലും മറ്റു ലോക ഭാഷകളിലും അത് നേരത്തെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ആധുനിക ഖുര്‍ആന്‍ പഠനത്തിന് സഹായകമായ വൈജ്ഞാനിക കൃതിയാണിത്. ഇസ്്‌ലാമിക നിയമങ്ങളുടെ ഉറവിടം എന്താണെന്ന് വിശദമാക്കുന്നതല്ലാതെ തദടിസ്ഥാനത്തില്‍ രാഷ്ട്രം സ്ഥാപിക്കാനുള്ള ആഹ്വാനമൊന്നും അതിലില്ല. ഇന്ത്യയുടെ പാശ്ചാത്തലവുമായി ഒരു ബന്ധവും ഈ അക്കാദമിക കൃതിക്ക് ഇല്ല. അഫിഡവിറ്റില്‍ അധിക്ഷേപാര്‍ഹമെന്ന് പറയുന്ന ഭാഗം പുസ്തകത്തില്‍ എവിടെയാണുള്ളതെന്ന് വ്യക്തമാക്കിയിട്ടുമില്ല. 

സിമി ജമാഅത്തിന്റെ ഫ്രന്റ് ഓര്‍ഗനൈസേഷനാണെന്ന ആരോപണം തീര്‍ത്തും നിഷേധിക്കുന്നു. നന്മ പ്രസിദ്ധീകരണാലയവുമായി ജമാഅത്തിന് ഒരു ബന്ധവും ഇല്ല.

സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞ 14 പുസ്തകങ്ങളിലൊന്നില്‍ പോലും ദേശവിരുദ്ധമോ രാജ്യദ്രോഹപരമോ സാമുദായിക മൈത്രിക്ക് ഹാനികരമോ തീവ്രവാദവും ഭീകരവാദവും പ്രോല്‍സാഹിപ്പിക്കുന്നതോ ആയ ഒന്നും ഇല്ലെന്ന് ഖണ്ഡിതമായി ബോധിപ്പിക്കാന്‍ കഴിയുമെന്നതിനാല്‍ അവയെ നിരോധിക്കാനുള്ള ഏതൊരു നീക്കവും ഭരണഘടനാ വകുപ്പുകള്‍ നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും കടകവിരുദ്ധമായ നടപടിയായിരിക്കും. അതില്‍ നിന്ന് പിന്തിരിയാന്‍ കേരള സംസ്ഥാന സര്‍ക്കാറിനെ ബഹുമാനപ്പെട്ട കോടതി ഉപദേശിക്കണം. അധാര്‍മികതയിലേക്കും അസാന്‍മാര്‍ഗികതയിലേക്കും തീവ്രവാദത്തിലേക്കും ഭീകരകൃത്യങ്ങളിലേക്കും ഹിംസയിലേക്കും യുവാക്കള്‍ ആകര്‍ഷിക്കപ്പെടുന്ന ഇന്നത്തെ അപകടകരമായ സാഹചര്യത്തില്‍ അവരെ ഇതില്‍ നിന്നെല്ലാം പിന്തിരിപ്പിക്കുകയും സമാധാനത്തോടും സാഹോദര്യത്തോടും സഹിഷ്ണുതയോടും കൂടി ജീവിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഉപര്യുക്ത ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളെ പ്രോല്‍സാഹിപ്പിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ']