2014, സെപ്റ്റംബർ 28, ഞായറാഴ്‌ച

ജന്മ ഭൂമിയിൽ കെ .കുഞ്ഞിക്കണ്ണൻ ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് പറഞ്ഞ ഭാഗം


വായിക്കുക ...

ജമാഅത്തെ ഇസ്ലാമി എന്നാ സംഘടനയെ ഇത്രയും ചെറിയ വാക്കുകളിൽ എന്നാൽ എല്ലാ തലങ്ങളെയും സ്പര്ശിച്ചു കൊണ്ടുള്ള ഒരു ലേഖനം ... ഇത് വായിക്കുന്നവർ തെറ്റിദ്ധരിക്കണ്ട ഏതെങ്കിലും മുസ്ലിം മാസികയിൽ നിന്നല്ല... ജന്മഭൂമി പത്രത്തിൽ വന്ന കെ. കുഞ്ഞിക്കണ്ണൻ എഴുതിയ ലേഖനത്തിൽ നിന്ന് . എല്ലാവരും പഠന വിധേയമാക്കണം 

1941 ഓഗസ്റ്റ്‌ 26ന്‌ അവിഭക്ത ഇന്ത്യയില്‍ മൗദൂദിയുടെ നേതൃത്വത്തിലാണ്‌ ഈ സംഘടന സ്ഥാപിതമായത്‌. സയ്യിദ്‌ മൗദൂദി ഹൈദരാബാദില്‍ നിന്നും പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന തര്‍ജുമാനുല്‍ ഖുര്‍ആനിന്‌ കേരളത്തിലെ പണ്ഡിതന്മാര്‍ക്കിടയില്‍ അക്കാലത്ത്‌ പ്രചാരമുണ്ടായിരുന്നു. 1935 മുതല്‍ കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഖപത്രമായ അല്‍ മുര്‍ശിദ്‌ മാസികയില്‍ മൗലാനാ മൗദൂദിയുടെ ലേഖനങ്ങളുടെ പരിഭാഷ പ്രസിദ്ധീകരിച്ചിരുന്നു. കെ.എം. മൗലവിയായിരുന്നു ഇതിന്റെ പത്രാധിപരും വിവര്‍ത്തകനും. ഇതിലൂടെ കേരളത്തിലെ പണ്ഡിതന്മാര്‍ക്കിടയില്‍ മൗദൂദിയുടെ ആശയങ്ങളോട്‌ ആഭിമുഖ്യമുണ്ടായി. 1948 ജനുവരി 30ന്‌ കോഴിക്കോട്ടാണ്‌ കേരളത്തിലെ ആദ്യത്തെ ഘടകം നിലവില്‍ വന്നത്‌. തുടര്‍ന്ന്‌ പതുക്കെ കേരളത്തിലെ വിവിധ പ്രദേശങ്ങളിലേക്ക്‌ ജമാഅത്തെ ഇസ്ലാമി വ്യാപിക്കുകയായിരുന്നു. ഇന്നും ജമാഅത്തെ ഇസ്ലാമിയുടെ കേരളത്തിലെ ആസ്ഥാനം കോഴിക്കോട്‌ തന്നെ.
ജമാഅത്തെ ഇസ്ലാമി തുടക്കം മുതല്‍തന്നെ സ്ത്രീകളേയും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കി. സ്ത്രീകള്‍ക്ക്‌ ശരിയായ ഇസ്ലാമിക വിജ്ഞാനവും സംസ്കാരവും നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ആദ്യകാലങ്ങളില്‍ പ്രത്യേകം വനിതാക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു. പിന്നീടവ വനിതാ ഘടകങ്ങളായി മാറി. ജമാഅത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ പെണ്‍കുട്ടികള്‍ക്ക്‌ അവസരം നല്‍കിയതിന്‌ പുറമെ പെണ്‍കുട്ടികള്‍ക്ക്‌ മാത്രമായി മദ്രസകളും കോളേജുകളും സ്ഥാപിച്ചു. ജമാഅത്തെ ഇസ്ലാമി കേരള രൂപീകരിച്ച യുവജന സംഘടനയാണ്‌ സോളിഡാരിറ്റി യൂത്ത്‌ മൂവ്മെന്റ്‌. വിദ്യാര്‍ത്ഥി യുവജനസംഘടനയായിട്ടാരംഭിച്ച എസ്‌.ഐ.ഒ 2002 മുതല്‍ കാമ്പസുകളെ കേന്ദ്രീകരിക്കുന്ന വിദ്യാര്‍ത്ഥി സംഘടന മാത്രമായി. 1982 ഒക്ടോബര്‍ 19നാണ്‌ വിദ്യാര്‍ഥി യുവജനങ്ങള്‍ക്കായി സ്റ്റുഡന്റ്സ്‌ ഇസ്ലാമിക്‌ ഓര്‍ഗനൈസേഷന്‍ ഓഫ്‌ ഇന്ത്യ (എസ്‌.ഐ.ഒ) രൂപവത്കരിച്ചത്‌. പഠനം, സമരം, സേവനം എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച്‌ കാമ്പസുകളില്‍ വിദ്യാര്‍ഥി മുന്നേറ്റം സൃഷ്ടിക്കുക എന്നതാണ്‌ എസ്‌.ഐ.ഒ ലക്ഷ്യം. കലാ സാഹിത്യ സാംസ്കാരിക തലങ്ങളെ ഇസ്ലാമികമായി വിലയിരുത്തുകയും വികസിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ എസ്‌.ഐ.ഒവിനു കീഴില്‍ തന്നെ പ്രവര്‍ത്തിക്കുന്ന മറ്റൊരു വേദിയാണ്‌ സംവേദന വേദി. ഗാനപ്രഭാഷണ കാസറ്റുകള്‍ പുറത്തിറക്കുക, സാഹിത്യ ശില്‍പശാലകള്‍, നാടക ക്യാമ്പുകള്‍, പ്രദര്‍ശനങ്ങള്‍, ചര്‍ച്ചാ സംഗമങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുകയാണ്‌ ഇവരുടെ ചുമതല.
വിദ്യാര്‍ത്ഥിനികള്‍ക്കു വേണ്ടി 1984 ജൂലൈ 7ന്‌ രൂപീകൃതമായ സംഘടനയാണ്‌ ഗേള്‍സ്‌ ഇസ്ലാമിക്‌ ഓര്‍ഗനൈസേഷന്‍. (ജി.ഐ.ഒ.). വിദ്യാര്‍ത്ഥിനികള്‍ക്കും യുവതികള്‍ക്കും ഇസ്ലാമികവും ആധുനികവുമായ വിജ്ഞാനം നല്‍കി സ്ത്രീ സമൂഹത്തെ അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും മോചിപ്പിക്കുക എന്ന പേരിലാണ്‌ ഇവരെ രംഗത്തിറക്കിയത്‌. ശിക്ഷണശീലങ്ങള്‍ നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നി ജി.ഐ.ഒ പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കായി ടീന്‍സ്‌ സര്‍ക്കിളുകള്‍ പ്രവര്‍ത്തിക്കുന്നു. 2003 ആഗസ്റ്റിലാണ്‌ ഇത്‌ നിലവില്‍ വന്നത്‌. ഇതിനുമുമ്പ്‌ 15 വയസ്സിന്‌ താഴെയുള്ളവരുടെ ബാലികാ സമാജം എന്ന സംഘടനയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്‌. ജി.ഐ.ഒയുടെ മുഖപത്രമായാണ്‌ ആരാമം വനിതാ മാസിക പ്രസിദ്ധീകരണമാരംഭിച്ചത്‌.
കുട്ടികളില്‍ വിജ്ഞാനത്തോടൊപ്പം മൂല്യബോധവും സര്‍ഗാത്മകതയും സാമൂഹികാവബോധവും വളര്‍ത്തിയെടുക്കുവാനായി രൂപം നല്‍കിയ കൂട്ടായ്മയാണ്‌ മലര്‍വാടി ബാലസംഘം. 15 വയസ്സ്‌ വരെയുള്ള ബാലികാബാലന്‍മാരാണ്‌ മലര്‍വാടി ബാലസംഘത്തില്‍ അംഗങ്ങള്‍. ജമാഅത്തെ ഇസ്ലാമി കേരളക്ക്‌ കീഴിലാണ്‌ മലര്‍വാടി ബാലസംഘം പ്രവര്‍ത്തിക്കന്നത്‌. ജമാഅത്തെ ഇസ്ലാമി കേരളയുടെ മുഖപത്രമാണ്‌ പ്രബോധനം വാരിക. 1948 ഓഗസ്റ്റ്‌ 21ന്‌ കോഴിക്കോട്ടു ചേര്‍ന്ന ജമാഅത്ത്‌ സംസ്ഥാന സമ്മേളനത്തിലാണ്‌ പ്രബോധനം ആരംഭിക്കാന്‍ തീരുമാനമെടുത്തത്‌. ഗേള്‍സ്‌ ഇസ്ലാമിക്‌ ഓര്‍ഗനൈസേഷന്റെ (ജി.ഐ.ഒ) യുടെ മുഖപത്രമായി 1985ലാണ്‌ ആരാമം വനിതാ മാസിക ആരംഭിച്ചത്‌. നിലവില്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന മുസ്ലിം വനിതാമാസികകളില്‍ ആദ്യത്തേതാണ്‌ ആരാമം. വാര്‍ത്താ മാധ്യമങ്ങളില്‍ ഒരു വഴിത്തിരിവ്‌ എന്ന മുദ്രാവാക്യവുമായി 1987 ജൂണ്‍ ഒന്നിനാണ്‌ മാധ്യമം ദിനപത്രം പ്രസിദ്ധീകരണമാരംഭിച്ചത്‌. കോഴിക്കോട്‌ വെള്ളിമാട്കുന്നില്‍ കുല്‍ദീപ്‌ നയ്യാറാണ്‌ മാധ്യമം പ്രകാശനം ചെയ്തത്‌. ജമാഅത്തെ ഇസ്ലാമി കേരളക്ക്‌ കീഴിലുള്ള ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റാണ്‌ മാധ്യമത്തിന്റെ പ്രസാധകര്‍. വൈക്കം മുഹമ്മദ്‌ ബഷീര്‍ മാധ്യമത്തിന്റെ ഉദയത്തെക്കുറിച്ച്‌ പറഞ്ഞത്‌ വെള്ളിമാടുകുന്നില്‍നിന്ന്‌ ഒരു വെള്ളി നക്ഷത്രം ഉദിച്ചിരിക്കുന്നു എന്നാണ്‌.
സ്വദേശത്ത്‌ ഒമ്പതും വിദേശത്ത്‌ എട്ടും (ഗള്‍ഫ്‌ മാധ്യമം) എഡിഷനുകളുമായി കേരളത്തില്‌ ഏറ്റവും കൂടുതല്‍ എഡിഷനുകളുള്ള പത്രമാണിന്ന്‌ മാധ്യമം.വാരാദ്യ മാധ്യമം, തൊഴില്‍ മാധ്യമം, വിദ്യാഭ്യാസ മാധ്യമം, ബിസിനസ്‌ മാധ്യമം, ഇന്‍ഫോ മാധ്യമം, സര്‍വീസ്‌ മാധ്യമം, ഉപഭോക്തൃ മാധ്യമം, കുടുംബ മാധ്യമം, വെളിച്ചം എന്നിങ്ങനെ വിവിധങ്ങളായ പംക്തികള്‍ മാധ്യമം പ്രസിദ്ധീകരിക്കുന്നു.
ഏറ്റവും ഒടുവിലാണ്‌ ദൃശ്യമാധ്യമ രംഗത്ത്‌ ജമാഅത്തിന്റെ കണ്ണുവീണത്‌. തുടര്‍ന്ന്‌ മീഡിയാ വണ്‍ എന്ന ചാനലും തുടങ്ങി. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഒരു നീരാളിയെപ്പോലെ പടര്‍ന്നു കയറാന്‍ ജമാഅത്തെ ഇസ്ലാമിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

2014, സെപ്റ്റംബർ 16, ചൊവ്വാഴ്ച

ഹാജി സാഹിബിനെയും മലബാറിലെ മുസ്ലിംകളെയും കുറിച്ച് മൗദൂദി സാഹിബു

  


കറാച്ചിയിലെ മലബാർ മുസ്ലിം ജമാ അത്ത് 1971 ൽ ഒരു സുവനീർ പ്രസിദ്ധീകരിച്ചു മൗലാനാ മൌദൂദിയുടെ ഒരു സന്ദേശം അതിൽ ഉണ്ടായിരുന്നു അതിൽ ഹാജി സാഹിബിനെ അദ്ദേഹം വിലയിരുത്തുന്നത് കാണുക 

"മലബാറിലെ മുസൽമാന്മാരോട് എനിക്ക് ഹ്രദയ സ്പർശിയായ ബന്ധമാണുള്ളത് .അതിനുള്ള ഒരു കാരണം ഇതത്രേ .മുപ്പതു വര്ഷം മുമ്പ് ജമാ അത്തെ ഇസ്ലാമിയുടെ അടിത്തറ പാകിയപ്പോൾ ,അതിൻറെ പ്രബോധനം സ്വാഗതം ചെയ്യുകയും അതിൽ ചേരുകയും ചെയ്ത പ്രാഥ മികാങ്ങങ്ങളിൽ ഒരാൾ മൗലാനാ വി .പി മുഹമ്മദലി മലബാരിയായിരുന്നു.വളരെ ആത്മാർത്ഥതയും മനക്കരുത്തുമുള്ള ഒരു മുസൽമാൻ .ഉമറാബാദ് ജാമിആ ദാറുസ്സലാമിൽ നിന്ന്ഉന്നത ബിരുദം നേടിയ അദ്ദേഹം വീടും കുടിയും വിട്ടു ഏതാനും കാലം എൻറെ കൂടെ ദാറുൽ ഇസ്ലാമിൽ താമസിച്ചു.അനന്തരം സ്വദേശത്തു തിരിച്ചു ചെന്ന് ഇസ്ലാമിക പ്രസ്ഥാനത്തെ മലബാറിൽ ഉത്സാഹത്തോടും ശീഘ്ര ഗതിയിലും പ്രചരിപ്പിച്ചു .ഇസ്ലാമിക സാഹിത്യങ്ങൾ മലയാളത്തിൽ വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചു .ഒരു പ്രസ്സും മലയാളത്തിൽ ഒരു പത്രവും നടത്തിവന്നു .ഉപ ഭൂഖണ്ഡത്തിൽ വിഭാജനാനന്തരം ഞങ്ങളുമായി "ഇന്ത്യൻ ജമാ അത്തെ ഇസ്ലാമി."എന്നാ സംഘടന വേർപെട്ടപ്പോൾ മുഹമ്മദലി പൂർണ്ണമായ ഔൽസുക്യത്തോടും ദ്രഡ മനസ്കര്തയോടും കൂടി സ്വക്ര്തം തുടർന്ന് വന്നു . അങ്ങനെ ജമാ അത്ത് പ്രബോധനം നടത്തികൊണ്ടുള്ള ഒരു യാത്രാ മധ്യേയാണ് ആ ത്യാഗി വര്യൻ ചരമ മടഞ്ഞത് .അദ്ദേഹം പാകിയ പ്രസ്ഥാനബീജം വളർന്നു ;കേരളത്തിൽ ഇന്ന് പൂവും കായയുമണിഞ്ഞിരിക്കുകയാണ്." 

അതെ മൗദൂദി സാഹിബ് പതിറ്റാണ്ടുകൾക്ക് മുമ്പ് പറഞ്ഞത് എത്ര സത്യം "അദ്ദേഹം പാകിയ പ്രസ്ഥാനബീജം വളർന്നു ;കേരളത്തിൽ ഇന്ന് പൂവും കായയുമണിഞ്ഞിരിക്കുകയാണ്." 
ഇന്ന് കേരളത്തിൽ തലയെടുപ്പുള്ള പ്രസ്ഥാനം ,അന്തസ്സുള്ള പ്രസ്ഥാനം ,അഭിമാനമുള്ള പ്രസ്ഥാനം പൂവും കായും വാരി വിതറുന്ന പ്രസ്ഥാനം 
പത്രവും ചാനലും ...അങ്ങനെ കേരളത്തിലെ ഏറ്റവും പഴക്കമുള്ള ഇസ്ലാമിക വാരികയായ പ്രബോധനം അക്കാലത്ത് ഹാജിസാഹിബു വിത്തെറിഞ്ഞു മുളപ്പിച്ചെങ്കിൽ ഇന്നും തലയെടുപ്പോടെ ഇസ്ലാമിൻറെയും മുസ്ലിംകളുടെയും അഭിമാനമായി തലയെടുപ്പോടെ ഉയർന്നു നിൽക്കുന്നെങ്കിൽ ഹാജി സാഹിബിനും മൗദൂദി സാഹിബിനും തെറ്റിയിട്ടില്ല ..ആ പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ ഞാൻ അഭിമാനംകൊള്ളുന്നു