2012, ഏപ്രിൽ 19, വ്യാഴാഴ്‌ച


ഗോവധ നിയന്ത്രണം ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്താന്‍

തിരുവനന്തപുരം: മുസ്ലിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയതുവഴി സാമുദായിക സന്തുലിതാവസ്ഥ തകര്‍ന്നെന്ന ആരോപണം ഉയര്‍ന്നിരിക്കെ ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഗര്‍ഭിണി പശുവിനെ കൊല്ലുന്നത് നിരോധിക്കാന്‍ മന്ത്രിസഭ പെട്ടെന്ന് കൈക്കൊണ്ട തീരുമാനത്തിന് ഈ മാനമുണ്ട്. ഗോവധ നിരോധമെന്ന് പറയാനാകില്ലെങ്കിലും അതിലേക്കുള്ള ആദ്യ പടിയായി ഇതിനെ വിലയിരുത്തുന്നുണ്ട്.
മുമ്പ് ഗോവധ നിരോധത്തിനായി സംസ്ഥാനത്ത് സംഘ്പരിവാര്‍ സംഘടനകള്‍ പ്രക്ഷോഭം നടത്തിയിരുന്നു. സമ്മര്‍ദമുണ്ടായിട്ടും അത്തരം തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടില്ല. കഴിഞ്ഞ കുറെ നാളായി ഇത്തരം പ്രക്ഷോഭങ്ങളൊന്നും നടക്കുന്നില്ല. സാമുദായിക സംഘടനകള്‍ ഈ ആവശ്യം പരസ്യമായി ഉന്നയിച്ചിരുന്നുമില്ല. അതിനിടെ, സര്‍ക്കാര്‍ സ്വന്തം നിലയില്‍ തീരുമാനമെടുത്തിരിക്കുകയാണ്.
സംഘ്പരിവാറിന് തൃപ്തി പകരുന്നതാണിത്. ഗോവധ നിരോധമെന്ന പേര് ഇതിന് നല്‍കിയിട്ടുമില്ല. ഗോവധ നിരോധമെന്ന വിമര്‍ശം വന്നാല്‍തന്നെ നേരിടാന്‍ കഴിയുംവിധം ഗര്‍ഭിണി പശുക്കളെ കൊല്ലുന്നത് നിരോധിക്കാനാണ് മന്ത്രിസഭാ തീരുമാനം. ഗര്‍ഭിണിപശുവിനെ കൊല്ലുന്നുവെന്ന ആരോപണങ്ങള്‍ കേരളത്തില്‍ അധികമുണ്ടായിട്ടില്ല.
ഗര്‍ഭിണിപശുക്കളെ കൊല്ലുന്നത് നിരോധിക്കുകയും അത് ലംഘിക്കുന്നവരെ ശിക്ഷിക്കാന്‍ നിയമനിര്‍മാണം കൊണ്ടുവരികയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആരെങ്കിലും ഈ ആവശ്യം ഉന്നയിച്ചിരുന്നോ എന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയാറായില്ല.
ലീഗിന് അഞ്ചാംമന്ത്രിയെ നല്‍കിയതിലൂടെ ന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാര്‍ കീഴടങ്ങിയെന്ന ആരോപണം കോണ്‍ഗ്രസില്‍ നിന്നടക്കം ഉയര്‍ന്നിരുന്നു. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്ന ദിവസം ബി.ജെ.പി തലസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുകയും ചെയ്തിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: