2012, ഏപ്രിൽ 8, ഞായറാഴ്‌ച


മാധ്യമങ്ങളും പൊലീസും മുസ്ലിംകളെ തീവ്രവാദികളാക്കി മുദ്രകുത്തുന്നു -കട്ജു



മാധ്യമങ്ങളും പൊലീസും മുസ്ലിംകളെ തീവ്രവാദികളാക്കി മുദ്രകുത്തുന്നു -കട്ജു


ന്യൂദല്‍ഹി: എല്ലാ ബോംബ് സ്ഫോടനങ്ങളുടെയും പിതൃത്വം മുസ്ലിംകളുടെ മേല്‍ ചാര്‍ത്താന്‍ മാധ്യമങ്ങളും പൊലീസും ആസൂത്രിത നീക്കം നടത്തിവരുന്നതായി മുന്‍ സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ചെയര്‍മാനുമായ  മാര്‍കണ്ഡേയ കട്ജു. ഫോറന്‍സിക് അന്വേഷണത്തില്‍ ആവശ്യമായ പരിചയം ലഭിക്കാത്തതുമൂലമാണ് രാജ്യത്തെ പൊലീസിന് സ്ഫോടന കേസുകളില്‍ ഫലപ്രദമായ അന്വേഷണം സാധ്യമാകാത്തതെന്നും ചില മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്‍െറ ഏതെങ്കിലും ഒരു ഭാഗത്ത് ബോംബ് സ്ഫോടനം നടന്നു എന്നു കേള്‍ക്കുമ്പോള്‍ മാധ്യമങ്ങള്‍ മുന്‍വിധി കലര്‍ന്ന തീര്‍പ്പില്‍ എത്തുന്ന പ്രവണതയാണുള്ളത്. ഇത് മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിന് ഏറെ ദോഷകരമായി മാറുന്നു. ഏതെങ്കിലും ഒരു ഇ-മെയില്‍ സന്ദേശമോ മൊബൈല്‍ ഫോണ്‍ വഴിയുള്ള എസ്.എം.എസ് സന്ദേശമോ മാത്രം മുന്‍നിര്‍ത്തി എന്തടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ ഇങ്ങനെ തീര്‍പ്പ് കല്‍പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരം മുന്‍വിധി സ്വീകരിക്കുമ്പോള്‍ യഥാര്‍ഥ കുറ്റവാളികള്‍ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാവുന്നു.  നിരപരാധികള്‍ വേട്ടയാടപ്പെടുന്ന സാഹചര്യം ഉണ്ടാകാതെ നോക്കേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്. കാര്യക്ഷമമായ പരിശീലനവും നവീന ഉപകരണങ്ങളും ഇല്ലാത്തതുമൂലം മിക്ക അന്വേഷണങ്ങളും ഇന്ത്യയില്‍ ശാസ്ത്രീയമാകുന്നില്ല. സംശയങ്ങളുടെ പുറത്തു നടക്കുന്ന അന്വേഷണമാണ് രാജ്യത്തു കൂടുതലും. ഇതിന്‍െറ പേരില്‍ എത്രയോ മുസ്ലിം ചെറുപ്പക്കാര്‍ അന്യായമായി ജയില്‍വാസവും ശിക്ഷയും അനുഭവിക്കേണ്ട സാഹചര്യമാണുള്ളതെന്നും കട്ജു പറഞ്ഞു.
ജനാധിപത്യ മാര്‍ഗത്തിലുള്ള സംവാദത്തിലൂടെ വേണം മാധ്യമങ്ങള്‍ സ്വയം നവീകരിക്കാന്‍. ഗുരുതര വീഴ്ച വരുത്തുന്ന മാധ്യമങ്ങള്‍ക്കു മേല്‍ കര്‍ശന നടപടി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Source: http://www.madhyamam.com/news/126962/111019

അഭിപ്രായങ്ങളൊന്നുമില്ല: