2012, ഏപ്രിൽ 19, വ്യാഴാഴ്‌ച


മൃതദേഹങ്ങളെ അപമാനിക്കല്‍: യു.എസ് മാപ്പു പറഞ്ഞു

മൃതദേഹങ്ങളെ അപമാനിക്കല്‍: യു.എസ് മാപ്പു പറഞ്ഞു
ന്യൂയോര്‍ക്: സ്ഫോടനത്തില്‍ കൊല്ലപ്പെട്ട് അംഗഭംഗം സംഭവിച്ച താലിബാന്‍ പോരാളികളുടെ മൃതദേഹങ്ങളെ അപമാനിച്ച സംഭവത്തില്‍ യു.എസ് മാപ്പു പറഞ്ഞു. ഈ പ്രവര്‍ത്തിയിലുടെ തങ്ങളുടെ രാജ്യത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും ലംഘിക്കുകയാണ് സൈനികര്‍ ചെയ്തിരിക്കുന്നതെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട സൈനികര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അവര്‍ അറിയിച്ചു.
സ്ഫോടനത്തില്‍ കൊല്ലപ്പെട്ട് അംഗഭംഗം സംഭവിച്ച താലിബാന്‍ പോരാളികളുടെ ഭൗതികാവശിഷ്ടങ്ങള്‍ക്കൊപ്പം അമേരിക്കന്‍ ഭടന്മാര്‍ ഫോട്ടോക്കുവേണ്ടി പോസ്ചെയ്തത് ലോസ് ആഞ്ജലസ് ടൈംസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍വേണ്ടി വിരലടയാളങ്ങള്‍ ശേഖരിക്കാന്‍ നിയുക്തരായ സൈനികരാണ് അമേരിക്കന്‍ സൈനിക നിലവാര നിയമങ്ങള്‍ക്ക് നിരക്കാത്ത രീതിയില്‍ ഫോട്ടോക്ക് പോസ്ചെയ്തതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ഈ വാര്‍ത്തയും ചിത്രങ്ങളും അമേരിക്കയില്‍ പുതിയ വിവാദത്തിനു കളമൊരുക്കി. താലിബാന്‍ പോരാളികളുടെ മൃതദേഹത്തില്‍ മൂത്രമൊഴിച്ച് അവഹേളിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം നടന്നുവരുന്നതിനിടെയാണ് പുതിയ സംഭവം.മൃതദേഹത്തിന്റെ മുറിച്ചു മാറ്റപ്പെട്ട അവയവങ്ങളുമായാണ് സൈനികര്‍ ഫോട്ടോക്ക് പോസ് ചെയ്തത്. ഒരാള്‍ മൃതദേഹത്തിന്റെ കൈപിടിച്ച് ഉയര്‍ത്തുന്നതും മറ്റൊരു ഭടന്‍ പുഞ്ചിരിപൊഴിക്കുന്നതുമായ ചിത്രങ്ങളും ഇന്നലെ അമേരിക്കന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല: