2012, ഏപ്രിൽ 8, ഞായറാഴ്‌ച


ബുധന്‍, 04 ഏപ്രില്‍ 2012 05:39
ന്യൂഡല്‍ഹി: തീവ്രവാദ വിരുദ്ധ പോരാട്ടമെന്ന പേരില്‍ മുസ് ലിം യുവാക്കളെ അന്യായമായി കസ്റ്റഡിയില്‍ വെക്കുന്നതും പീഡിപ്പിക്കുന്നതും അവസാനിപ്പിക്കണമെന്ന് ദേശീയ മുസ് ലിം നേതാക്കള്‍ ആവശ്യപ്പെട്ടു.
വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിട്ട്, ഈ അനീതിക്ക് നേതൃത്വം നല്‍കുന്ന പോലീസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നfല്‍ കൊണ്ടുവരണമെന്നും വേണ്ടിവന്നാല്‍ ശിക്ഷിക്കണമെന്നും ന്യൂഡല്‍ഹിയില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 31 ന് 'മുസ് ലിം യുവതയുടെ സുരക്ഷ' എന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ട സെമിനാറില്‍ അവര്‍ പറഞ്ഞു. ജ. രജീന്ദര്‍ സച്ചാര്‍ ഉദ്ഘാടനം നിര്‍വഹിച്ച പരിപാടിയില്‍  പ്രമുഖ മുസ് ലിം സംഘടനാ നേതാക്കളും നിയമവിദഗ്ധരും മനുഷ്യാവകാശ പ്രവര്‍ത്തകരും രാജ്യത്തെ മുസ് ലിം യുവതയുടെ സുരക്ഷയെക്കുറിച്ച ഉത്കണ്ഠകള്‍ ഉയര്‍ത്തി.
ആള്‍ ഇന്ത്യ മില്ലി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ആള്‍ ഇന്ത്യ മജിലിസെ മുശാവറ, ജമാഅത്തെ ഇസ് ലാമി ഹിന്ദ്, ജംഇയ്യത്ത് ഉലാമായെ ഹിന്ദ്, വെല്‍ഫയര്‍പാര്‍ട്ടി ഓഫ് ഇന്ത്യ, കോര്‍ഡിനേഷന്‍ കമ്മിറ്റി ഫോര്‍ ഇന്ത്യന്‍ മുസ് ലിംസ്, മര്‍കസി ജംഇയ്യത്ത് ഉലമാ തുടങ്ങിയ മുസ് ലിം കൂട്ടായ്മകളുടെ പ്രതിനിധികള്‍ സംബന്ധിച്ചു.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയാനുള്ള നിയമം (യു.എ.പി.എ), സിമി നിരോധം, തീവ്രവാദ കുറ്റം ആരോപിച്ച് ജയിലിലടക്കപ്പെട്ട മുസ് ലിം യുവാക്കളുടെ നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തു.
'ടാഡ'യും 'പോട്ട'യും രാജ്യത്തിന്റെ അന്തസത്തക്ക്  വരുത്തിവെച്ച ആഘാതത്തേക്കാള്‍ ഭീകരമായ സ്ഥിതിവിശേഷമാണ് യു.എ.പി.എ ഉണ്ടാക്കുകയെന്നും അതുടനെ പിന്‍ലിക്കേണ്ടതനിവാര്യമാണെന്നും ആള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് മന്‍സൂര്‍ ആലം അഭിപ്രായപ്പെട്ടു.
'അനീതികള്‍ക്കെതിരെ പ്രതികരിക്കാന്‍ രാജ്യവ്യാപകമായ ഒരു സംവിധാനമാണ് നമുക്കാവശ്യം. അനീതിക്കിരയാക്കപ്പെടുന്ന മുസ് ലിം യുവാക്കള്‍ക്ക് നഷ്ടപരിഹാരത്തിനു പുറമെ മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കാനുള്ള മാര്‍ഗങ്ങള്‍ നാം തേടേണ്ടതുണ്ട്'- പരിപാടിയില്‍ സന്നിഹിതനായിരുന്ന മുന്‍ എം.പി സയ്യിദ് ശഹാബുദ്ദീന്‍ പറഞ്ഞു.
വിവിധ തീവ്രവാദ കേസുകള്‍ ചുമത്തപ്പെട്ട് പതിനാല് വര്‍ഷത്തോളം ജയിലിലടക്കപ്പെടുകയും പിന്നീട് നിരപരാധിയെന്ന് കണ്ട് വിട്ടയക്കുകയും ചെയ്ത മുഹമ്മദ് ആമിര്‍ഖാന്റെ സംസാരം സദസ്സിന്റെ ഹൃദയത്തില്‍ തൊടുന്നതായിരുന്നു.
'ആളുകള്‍ ഇപ്പോഴാണ് ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്തു തുടങ്ങുന്നത്. എന്നാല്‍, പതിനാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരപരാധിയായ ഞാന്‍ ജയിലാക്കപ്പെട്ടപ്പോള്‍ എന്നെ കേള്‍ക്കാനോ എന്റെ കുടുംബത്തെ സംരക്ഷിക്കാനോ ആരുമുണ്ടായിരുന്നില്ല ഇവിടെ.'- ആമിര്‍ഖാന്‍ പറഞ്ഞു.
മുസ് ലിം സംഘടനാ നേതാക്കളുടെ അന്നത്തെ നിര്‍വികാരപരമായ സമീപനത്തെ അദ്ദേഹം കുറ്റപ്പെടുത്തി. 'അറസ്റ്റിനു ശേഷം എന്റെ മോചനത്തിനായി പിതാവ് നിരവധി സംഘടനാ നേതാക്കളെ കണ്ടിരുന്നു. എന്നാല്‍ ആരും ഞങ്ങളെ സഹായിച്ചില്ല. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ പിതാവ് മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മുഖം പോലും അവസാനമായി കാണാന്‍ എനിക്കവസരമുണ്ടായില്ല.' ഖാന്‍ വികാരാധീനനായി.

പോലീസ് തന്റെ മേല്‍ അന്യായമായി ചുമത്തിയ  കുറ്റങ്ങളെക്കുറിച്ചും മനുഷ്യത്വരഹിതമായ പീഡനങ്ങളെക്കുറിച്ചു പിന്നീട് അദ്ദേഹം വിവരിച്ചു.
മുസ് ലിം സംഘടനാ നേതാക്കള്‍ ഇത്തരം അനീതികള്‍ക്കെതിരെ പ്രതികരിക്കാന്‍ വൈകരുത്. പോലീസും മാധ്യമങ്ങളും പുറത്തുവിടുന്ന വാര്‍ത്തകളില്‍ പലതും വ്യാജമാണ്. അന്യായമായി ജയിലിലടക്കപ്പെട്ട് രാജ്യത്തെ വിവിധ തടവറകളില്‍ കഴിയുന്ന നൂറുകണക്കിനാളുകള്‍ക്ക് നീതി ലഭിക്കണം. ഇവരെ സഹായിക്കാന്‍ സംഘടനകള്‍ പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടാക്കണം. തന്റെ കയ്‌പേറിയ അനുഭവങ്ങളെ മുന്‍നിര്‍ത്തി ഉടനെത്തന്നെ ഒരു പുസ്തകം എഴുതാനുള്ള ഒരുക്കത്തിലാണ് താനെന്നും ഖാന്‍ സൂചിപ്പിച്ചു.

ആള്‍ ഇന്ത്യാ മുസ് ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് വൈസ് പ്രസിഡന്റ് മൗലാനാ ഖല്‍ബെ സാദിഖ്, വെല്‍ഫെയര്‍ പാര്‍ട്ടി ജ.സെക്രട്ടറി എസ്.ക്യൂ.ആര്‍ ഇല്യാസ്, പോപുലര്‍ഫ്രണ്ട് ചെയര്‍മാന്‍ ഇ.എം അബ്ദുര്‍ഹ്മാന്‍ എന്നിവരും പരിപാടിയില്‍ സംസാരിച്ചു. മുസ് ലിം യുവാക്കളുടെ അവകാശ സംരക്ഷണം ഉയര്‍ത്തിപ്പിടിച്ച് സമ്മേളനം 11ഓളം പ്രമേയങ്ങളും പാസ്സാക്കി. 

അഭിപ്രായങ്ങളൊന്നുമില്ല: