2012, ഏപ്രിൽ 15, ഞായറാഴ്‌ച


വെള്ളി, 13 ഏപ്രില്‍ 2012 14:06
ജക്കാര്‍ത്ത: ജനാധിപത്യവും ഇസ് ലാമും തമ്മില്‍ പൊരുത്തക്കേടില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍  അഭിപ്രായപ്പെട്ടു. ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യോനേഷ്യയില്‍ എത്തിയ അദ്ദേഹം ജക്കാര്‍ത്തയിലെ അല്‍അസ്ഹര്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളുമായി സംവദിക്കവെയാണ്  ഇങ്ങനെ അഭിപ്രായപ്പെട്ടത്.
'ലോകത്തെ ഏറ്റവും വലിയ മുസ്്‌ലിം ഭൂരിപക്ഷ രാജ്യമായ ഇന്ത്യോനേഷ്യ നമുക്ക് കാണിച്ചു തരുന്നത്  ജനാധിപത്യവും ഇസ് ലാമും തമ്മില്‍ യാതൊരു പൊരുത്തക്കേടുമില്ലെന്നാണ്. ഇത് മറ്റു രാജ്യങ്ങള്‍ക്കും മാതൃകയാവേണ്ടതാണ്. ലോകത്ത്  ഒന്നര ബില്യനിലധികം ആളുകള്‍ ആത്മാര്‍ഥമായി മുറുകെപ്പിടിക്കുന്ന മതമാണ് ഇസ് ലാം. തീവ്രവാദം മുസ് ലിംകളില്‍ മാത്രമായി കണ്ട് വരുന്ന  പ്രതിഭാസമല്ല. ജനാധിപത്യത്തിന്റെയും സംവാദത്തിന്റെയും വാതിലുകള്‍ കൊട്ടിയടച്ച് ഇസ് ലാമിനെ അടഞ്ഞ അധ്യായമായി മാറ്റിനിര്‍ത്തുന്നതാണ് യഥാര്‍ത്ഥ തീവ്രവാദം' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏകാധിപത്യത്തെ തൂത്തെറിഞ്ഞ് ഇസ് ലാമിസ്റ്റ് കക്ഷികള്‍ അധികാരത്തിലേറിയ ഈജിപ്ത് പോലുള്ള രാജ്യങ്ങളെ അദ്ദേഹം ജനാധിപത്യത്തിന്റെ പുതിയ വിളനിലമായി ചൂണ്ടിക്കാട്ടി.  മുസ് ലിം ബ്രദര്‍ഹുഡിന്റെ പാര്‍ട്ടി ജനഹിതത്തിലൂടെ അധികാരത്തിലേറിയത് ജനാധിപത്യ ഭാവനകള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ്. സ്വയം തെരഞ്ഞെടുക്കാനുള്ള ഈജിപ്ഷ്യന്‍ ജനതയുടെ  ആഗ്രഹത്തെ അംഗീകരിക്കണമെന്നും ജനഹിതത്താല്‍ അധികാരത്തില്‍ വരുന്ന ഗവണ്‍മെന്റിനെ  മാനിക്കാന്‍ ഏവരും മുന്നോട്ടു വരേണ്ടതുണ്ടെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇന്ത്യോനേഷ്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിന് കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ജക്കാര്‍ത്തയില്‍ എത്തിയത്. 237 മില്യന്‍ ജനസംഖ്യയുള്ള ഇന്ത്യോനേഷ്യയില്‍ 85 ശതമാനമാണ്  മുസ് ലിംകള്‍.

അഭിപ്രായങ്ങളൊന്നുമില്ല: