2012, ഏപ്രിൽ 8, ഞായറാഴ്‌ച


വെള്ളി, 06 ഏപ്രില്‍ 2012 04:32
ന്യൂഡല്‍ഹി: സമാധാനപരമായ ഒരു വിപ്ലവത്തിനേ അറബ് ലോകത്തെ ഏകാധിപത്യ ഭരണസംവിധാനങ്ങളെ ഉന്മൂലനം ചെയ്യാന്‍ കഴിയുകയുള്ളൂവെന്ന് നൊബേല്‍ ജേത്രി തവക്കുല്‍ കര്‍മാന്‍ അഭിപ്രായപ്പെട്ടു. ഹ്രസ്വ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ അവര്‍ അഞ്ചാമത് ബാബു ജഗ്ജീവന്‍ റാം അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കെയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. എല്ലാ ഏകാധിപത്യവാദിയും ഒരു ഭീകരവാദിയാണ്. ഒന്ന് മറ്റൊന്നിനെ ഊട്ടുന്നു. സമാധാനപരമായ ഒരു വിപ്ലത്തിനേ ഇവരെ ഇല്ലാതാക്കാന്‍ കഴിയൂ. അന്തസും സ്വാതന്ത്ര്യവും ജനാധിപത്യത്തിന് തുല്യമാണ്. അന്തസ് നിറഞ്ഞ ജീവിതത്തിന് വേണ്ടി അറബ് നാടുകളിലെ യുവത അശ്രാന്ത പരിശ്രമം നടത്തിയപ്പോഴാണ് അറബ് വിപ്ലവങ്ങള്‍ ഉണ്ടായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മഹാത്മാ ഗാന്ധിയും മാര്‍ട്ടിന്‍ ലൂതര്‍ കിംഗുമാണ് സമാധാന പോരാട്ടത്തില്‍ തനിക്ക് കൂടുതല്‍ പ്രചോദനമായതെന്നും അവര്‍ പറഞ്ഞു. സിറിയയില്‍ അധികാരമൊഴിയാന്‍ ബശ്ശാറുല്‍ അസദിനെ അന്താരാഷ്ട്ര സമൂഹം നിര്‍ബന്ധിക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു. 'സ്വതന്ത്ര്യ വാഞ്ഛ പോലുള്ള തികച്ചും ആഭ്യന്തരമായ ഘടകങ്ങളാണ് അറബ് വിപ്ലവങ്ങള്‍ക്ക് കാരണമായത്. ഭരണകൂടങ്ങള്‍ വാദിക്കുന്നതുപോലെ ബാഹ്യകാരണങ്ങള്‍ അല്ല'- അവര്‍ പറഞ്ഞു നിര്‍ത്തി.
രാഷ്ട്രപതി പ്രതിഭ പാട്ടീല്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് തുടങ്ങിയ വനിതാ നേതാക്കളുമായി അവര്‍ പിന്നീട് കൂടിക്കാഴ്ച നടത്തി. 

അഭിപ്രായങ്ങളൊന്നുമില്ല: