2012, ഏപ്രിൽ 7, ശനിയാഴ്‌ച



ജനാധിപത്യം
 
നാം എങ്ങനെ ജീവിക്കണം, എങ്ങനെ ജീവിക്കരുത് തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള സ്വാതന്ത്യ്രം നമുക്കേവര്‍ക്കുമുണ്ട്. ഈ സ്വാതന്ത്യ്രത്തിന് ഏര്‍പ്പെടുത്തുന്ന നിയന്ത്രണമാണ് നിയമം. നമുക്ക് കൈവീശുന്നതിന് പ്രശ്നമില്ല. പക്ഷേ, അത് മറ്റുള്ളവരുടെ ശരീരത്തില്‍ തട്ടരുതെന്ന് നിയമം അനുശാസിക്കുന്നു. നമുക്ക് സംസാരിക്കാന്‍ സ്വാതന്ത്യ്രമുണ്ട്. എന്നാല്‍ അത് മറ്റുള്ളവരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതോ അഭിമാനത്തെ ക്ഷതപ്പെടുത്തുന്നതോ ആവരുത്.
മനുഷ്യജീവിതത്തില്‍ ഇത്തരം നിയമസംവിധാനം വേണമെന്ന് എല്ലാവരും അംഗീകരിക്കുന്നു. എന്നാല്‍ ആരാണ് മനുഷ്യന് ഈ നിയമം നല്‍കേണ്ടത്? 
കല്‍പിക്കാനും വിരോധിക്കാനും ആര്‍ക്കാണ് അധികാരം? ഉത്തരം വ്യക്തമാണ്. നമുക്ക് ജീവനും ശരീരവും ആയുസ്സും ആരോഗ്യവും നല്‍കിയ പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിനു മാത്രമേ അതിനധികാരമുള്ളൂ. അവനല്ലാതെ ആര്‍ക്കും നിയമനിര്‍മാണത്തിന്റെ പരമാധികാരമില്ല. സ്രഷ്ടാവായ ദൈവം നല്‍കിയ ജീവിതവ്യവസ്ഥ അംഗീകരിക്കാനും അനുസരിക്കാനും സൃഷ്ടികളായ മനുഷ്യര്‍ ബാധ്യസ്ഥരാണ്. അവന്‍ നിശ്ചയിച്ച തത്ത്വങ്ങളും നിയമങ്ങളും മൂല്യങ്ങളും മാനദണ്ഡങ്ങളും സ്വീകരിച്ച് അവയുടെ അടിസ്ഥാനത്തില്‍ വിശദാംശങ്ങള്‍ കണ്െടത്താനും നടപ്പാക്കാനും മനുഷ്യന് അവകാശവും സ്വാതന്ത്യ്രവുമുണ്ട്.
മറ്റൊരു വാദമുണ്ട് പ്രബലമായി. ശരിയും തെറ്റും നന്മയും തിന്മയും സന്മാര്‍ഗവും ദുര്‍മാര്‍ഗവും നീതിയും അനീതിയും ധര്‍മവും അധര്‍മവും വേണ്ടതും വേണ്ടാത്തതും തീരുമാനിക്കേണ്ടത് ജനങ്ങളാണ്. അഥവാ അവരിലെ ഭൂരിപക്ഷമാണ്. ഇതാണ് പാശ്ചാത്യദേശത്ത് ജന്മംകൊണ്ട ജനാധിപത്യത്തിന്റെ അവകാശവാദം. എന്നാല്‍ നന്മ-തിന്മകളുടെയും ശരി-തെറ്റുകളുടെയും മാനദണ്ഡം ജനഹിതം അഥവാ മനുഷ്യേഛ ആകാവതല്ലെന്നും ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസങ്ങള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കാവുന്നവയല്ല അവയെന്നും ഇസ്ലാം സിദ്ധാന്തിക്കുന്നു. നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണെന്ന ജനാധിപത്യത്തിന്റെ തത്ത്വം അംഗീകരിക്കപ്പെടുന്നതോടെ അമ്പത്തൊന്നു ശതമാനം പറയുന്നതും
പിന്തുണക്കുന്നതുമൊക്കെ സത്യവും ശരിയും നീതിയും ധര്‍മവുമായിത്തീരുന്നു. ന്യൂനപക്ഷം പിന്തുണക്കുന്നത് അസത്യവും തെറ്റും അനീതിയും അധര്‍മവുമാകുന്നു. ന്യൂനപക്ഷ-ഭൂരിപക്ഷ വ്യത്യാസങ്ങള്‍ മാറുന്നതിനനുസരിച്ച് നന്മ-തിന്മകള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കും. സുസ്ഥിരവും ശാശ്വതവുമായ മൂല്യങ്ങളും മാനദണ്ഡങ്ങളുമില്ലെന്ന ഈ തത്ത്വത്തെ അരാജകവാദികള്‍ക്കല്ലാതെ അംഗീകരിക്കാനാവില്ല. അതുകൊണ്ടുതന്നെ
നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണെന്ന ജനാധിപത്യത്തിന്റെ അരാജകത്വവാദപരമായ നിലപാടിനെ ജമാഅത്തെ ഇസ്ലാമി നിരാകരിക്കുന്നു. ചിലര്‍ നിയമം നിര്‍മിക്കുന്ന യജമാനന്മാരും മറ്റുള്ളവര്‍ അവയനുസരിക്കുന്ന ആജ്ഞാനുവര്‍ത്തികളായ അടിമകളുമാകുന്നത് മനുഷ്യന്റെ മഹത്വത്തിനും സമത്വത്തിനും ചേര്‍ന്നതല്ല.
ശരിയും തെറ്റും നീതിയും അനീതിയും തീരുമാനിക്കാന്‍ മനുഷ്യേഛയും മനസ്സാക്ഷിയും അശക്തമാണെന്ന് എല്ലാവരും സമ്മതിക്കും. പ്രശസ്ത ഫ്രഞ്ച് ദാര്‍ശനികനായ ആന്ത്രേ ക്രീസോണ്‍ തന്റെ 'സദാചാരവ്യവസ്ഥയും തത്ത്വദര്‍ശനങ്ങളു'മെന്ന കൃതിയിലെഴുതുന്നു: "എല്ലാ നാടുകളിലെയും ജനങ്ങള്‍ എക്കാലത്തും സ്വന്തം മനസ്സാക്ഷിയോട് ഉപദേശം തേടിയിരുന്നു. പക്ഷേ, അവക്ക് ലഭിച്ച മറുപടി എല്ലാവര്‍ക്കും എല്ലായ്പ്പോഴും ഒരേ സ്വഭാവത്തിലായിരുന്നില്ല. ഒരു കാലഘട്ടത്തിലെ ആത്മാര്‍ഥമനസ്സുകള്‍ക്ക് നന്മയും നീതിയുമായി തോന്നിയ കാര്യങ്ങള്‍ മറ്റു ചിലര്‍ക്ക് തിന്മയും അനീതിയുമായി തോന്നി. ആ മനസ്സുകളും ആത്മാര്‍ഥതയുള്ളവയായിരുന്നു. പക്ഷേ, അവര്‍ ജീവിച്ചത് മറ്റൊരു കാലത്തും വേറൊരു നാട്ടിലും ആയിരുന്നുവെന്നു മാത്രം....''
"പുരാതന ഗ്രീക്ക് നാഗരികതയില്‍ അടിമസമ്പ്രദായം നിയമവിധേയമായിരുന്നു. ഏറ്റവും ഉല്‍കൃഷ്ട വ്യക്തികള്‍
പോലും സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും വില്‍ക്കുന്നതും അവരോട് മൃഗങ്ങളോടെന്ന പോലെ പെരുമാറുന്നതും സ്വാഭാവികം മാത്രമായേ കരുതിയിരുന്നുള്ളൂ.
പുരാതന റോമാസാമ്രാജ്യത്തിലെനിയമങ്ങളനുസരിച്ച്
പുരുഷന് സ്ത്രീകളുടെയും കുട്ടികളുടെയും മേല്‍
വ്യാപാരവസ്തുക്കളിലും കന്നുകാലികളിലും ഉള്ളതുപോലെ ഉടമാവകാശമുണ്ടായിരുന്നു. അതിനാല്‍ ഒരു പെണ്‍കുട്ടിയുടെ പിതാവിന് രണ്ടാമതൊന്നു കൂടി പിറന്നാല്‍ ആ നവജാതശിശുവിനെ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കാന്‍ അവകാശം ലഭിച്ചു. കുറ്റവാളിയാണെന്ന ഊഹത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ശിക്ഷ വിധിക്കുന്നത് നിയമവിധേയമായിക്കണ്ടവരാണവര്‍. വളരെ ചെറിയൊരു മോഷണത്തിന്റെ പേരില്‍ മോഷ്ടാവിനെ പരസ്യമായി തൂക്കിക്കൊല്ലുന്നതില്‍ അവര്‍ക്ക് ഒട്ടും മനസ്സാക്ഷിക്കുത്ത് അനുഭവപ്പെട്ടിരുന്നില്ല. നാം വളരെ അകലത്തേക്ക് പോകേണ്ടതില്ല. അവര്‍ നമ്മുടെ എത്രയോതലമുറകള്‍
പിന്നിലാണല്ലോ. ഒരു കാലഘട്ടത്തിലെ വിവിധ ജനസമൂഹങ്ങളുടെ മനസ്സാക്ഷികള്‍ തമ്മില്‍ താരതമ്യം ചെയ്യുമ്പോഴും വമ്പിച്ച അന്തരം അനുഭവപ്പെടും. എന്തിനധികം, നാഗരികവും പരിഷ്കൃതവുമായ ഒരു സമൂഹത്തില്‍ ഒരേ ചുറ്റുപാടില്‍ ജീവിക്കുന്ന വ്യക്തികളുടെ മനോഭാവങ്ങളില്‍തന്നെ അന്തരമുണ്ടാവുക സ്വാഭാവികവും സാധാരണവുമാണ്.''
പ്രശസ്ത സാഹിത്യകാരനും ജനാധിപത്യവാദിയുമായ സി.ജെ. തോമസ് പറയുന്നു: "ഭരണാധികാരികളുടെ മനോഭാവമനുസരിച്ച് പൌരന്മാരുടെ നീതിബോധം ആടിയുലയുന്നത് സോഫോക്ളീസ് ചിത്രീകരിച്ചിട്ടുണ്ട്. ബ്രൂട്ടസിന്റെയും ആന്റണിയുടെയും കൂടെ മാറി മാറി ചാഞ്ചാടുന്ന റോമന്‍ജനതയെ ഷേക്സ്പിയര്‍ നൂറുവട്ടം അപഹസിച്ചിട്ടുണ്ട്. ഇബ്സനിലെത്തിയപ്പോള്‍ സര്‍വ ജനത്തെയും ചെറുത്തുകൊണ്ട് ഏകാകിയായി എഴുന്നേറ്റുനിന്ന് കല്ലേറുകൊള്ളുന്നവന്‍ മാത്രമാണ് മഹാന്‍ എന്നുവരെയെത്തി. കലാഭാസങ്ങളെ പുലര്‍ത്തുന്നതും അര്‍ധരാത്രി വണ്ടിയിറങ്ങുന്ന സിനിമാനടനെക്കാണാന്‍ പതിനായിരക്കണക്കിനെത്തുന്നതും ബഹുജനമാണ്. ഭാഗ്യക്കുറിത്തട്ടിപ്പുകളെ പോഷിപ്പിക്കുന്നത് അവരാണ്.
പുണ്യാത്മാക്കളെ അടിച്ചുകൊല്ലുന്നതുംഅവര്‍തന്നെ''
(ധിക്കാരിയുടെ കാതല്‍ , പേജ് 72).
സഹജമായ ഇത്തരം ദൌര്‍ബല്യങ്ങളില്‍നിന്ന് മോചിതരാവാന്‍ സാധ്യമല്ലാത്ത മനുഷ്യര്‍ നിയമം നിര്‍മിക്കുമ്പോള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഹാനിവരാത്തവിധം അതാവാന്‍ ശ്രമിക്കുക സ്വാഭാവികമാണ്. അതിനാല്‍ എല്ലാവരോടും ഒരേപോലെ നീതി കാണിക്കാന്‍ മുഴുവന്‍ മനുഷ്യരുടെയും സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിനു മാത്രമേ കഴിയുകയുള്ളൂ. അതുകൊണ്ടുതന്നെ അവനല്ലാതെ ആര്‍ക്കും നിയമനിര്‍മാണത്തിന്റെ പരമാധികാരമില്ല. "അറിയുക: സൃഷ്ടിക്കാനും കല്‍പിക്കാനും അവനു മാത്രമാണ് അധികാരം. സര്‍വലോക സംരക്ഷകനായ അല്ലാഹു ഏറെ മഹത്വമുള്ളവനാകുന്നു'' (ഖുര്‍ആന്‍ 7:54).
"വിധിക്കധികാരം അല്ലാഹുവിന് മാത്രമാണ്. അവനെയല്ലാതെ യാതൊന്നിനെയും നിങ്ങള്‍ വഴങ്ങരുതെന്ന് അവനാജ്ഞാപിച്ചിരിക്കുന്നു. ഏറ്റവും ശരിയായ ജീവിതക്രമം അതാണ്. എങ്കിലും ഏറെ മനുഷ്യരും അതറിയുന്നില്ല'' (12:40).
ജനാധിപത്യത്തിന്റെ പ്രസക്തി
എന്നാല്‍ മനുഷ്യര്‍ ആവിഷ്കരിച്ച രാഷ്ട്രീയ-ഭരണക്രമങ്ങളില്‍ ഏറ്റവും മെച്ചപ്പെട്ടത് ജനാധിപത്യമാണ്. നാടുവാഴിത്തത്തേക്കാളും രാജാധിപത്യത്തേക്കാളുമേറെ എടുത്തോതാവുന്ന ഒട്ടേറെ മികവുകള്‍ അതിനുണ്ട്. ഗുണപരമായ ഈ വശത്തെ ജമാഅത്ത് അംഗീകരിക്കുന്നു. സയ്യിദ് അബുല്‍അഅ്ലാ മൌദൂദി എഴുതുന്നു: "ജനാധിപത്യം ആദ്യത്തില്‍ ആവിഷ്കൃതമായത് രാജാക്കന്മാരുടെയും നാടുവാഴി പ്രഭുക്കന്മാരുടെയും ആധിപത്യച്ചങ്ങല
പൊട്ടിച്ചെറിയേണ്ടതിനു വേണ്ടിയായിരുന്നു. ഒരതിര്‍ത്തിയോളം അത് ശരിയുമായിരുന്നു. ജനകോടികളുടെ മേല്‍ സ്വന്തം അഭീഷ്ടവും സ്വേഛയും അടിച്ചേല്‍പിക്കാനോ അവരെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാനോ ഒരു വ്യക്തിക്കോ കുടുംബത്തിനോ വര്‍ഗത്തിനോ അധികാരവുംഅവകാശവുമില്ല''
(മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്ത്വികവിശകലനം പേജ് 10).
ഭരണാധികാരിയെ തെരഞ്ഞടുക്കാനുള്ള ഏറ്റവും മെച്ചപ്പെട്ട രീതി എന്ന നിലയിലും ജമാഅത്ത് ജനാധിപത്യത്തെ
പിന്തുണക്കുന്നു. സയ്യിദ് മൌദൂദി എഴുതുന്നു:
"ജനങ്ങളുടെ ആധിപത്യത്തിന്റെ സ്ഥാനത്ത് ജനങ്ങളുടെ പ്രാതിനിധ്യത്തെയാണ് നാം അംഗീകരിക്കുന്നത്. രാജാധിപത്യത്തോടും നാടുവാഴിമേധാവിത്വത്തോടും വര്‍ഗപരമായ കുത്തകാവകാശത്തോടും നമുക്ക് തീര്‍ത്താല്‍ തീരാത്ത അമര്‍ഷമുണ്ട്. ആധുനികകാലത്തെ ഏറ്റവും വലിയൊരു ജനാധിപത്യവാദിക്ക് ഉണ്ടാവുന്നത്ര അമര്‍ഷം. സാമൂഹികജീവിതത്തില്‍ എല്ലാ ഓരോരുത്തര്‍ക്കും തുല്യാവകാശവും തുല്യനിലപാടും തുല്യാവസരവും ലഭിക്കണമെന്ന് നമുക്ക് വലിയ ശാഠ്യമുണ്ട്. ഒരു
പാശ്ചാത്യ ജനാധിപത്യവാദിക്കുള്ളത്ര ശാഠ്യം. ദേശവാസികളുടെ സ്വതന്ത്രവും നിര്‍ബാധവുമായ ഹിതാനുസാരമായിരിക്കണം ഗവണ്‍മെന്റിന്റെ ഭരണനിര്‍വഹണവും ഭരണാധികാരികളുടെ തെരഞ്ഞെടുപ്പുമെന്നതിനെ സംബന്ധിച്ചേടത്തോളം നമുക്ക് എതിരഭിപ്രായമേ ഇല്ല. പൌരന്മാര്‍ക്ക് അഭിപ്രായസ്വാതന്ത്യ്രവും സംഘടനാസ്വാതന്ത്യ്രവും പ്രക്ഷോഭണ സ്വാതന്ത്യ്രവും ഇല്ലാത്തതോ ജനനത്തെയുംജാതിയെയും
പാരമ്പര്യത്തെയും വര്‍ഗപരതയെയും ആധാരമാക്കിയുള്ള പ്രത്യേക അവകാശങ്ങളും പ്രത്യേക പ്രതിബദ്ധങ്ങളും ഉള്ളതോ ആയ ഒരു വ്യവസ്ഥിതിയെ നാം ഒരിക്കലും അനുകൂലിക്കുന്നില്ല. ജനാധിപത്യത്തിന്റെ യഥാര്‍ഥ സത്തയായ ഈവിധ വിഷയങ്ങളിലൊന്നും നാം വിഭാവന ചെയ്യുന്ന ജനാധിപത്യവും പാശ്ചാത്യ ജനാധിപത്യവും തമ്മില്‍ അന്തരമൊന്നുമില്ല'' ( മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്ത്വികവിശകലനം പേജ് 20).
സ്വാതന്ത്യ്രസമരം നടന്നുകൊണ്ടിരുന്ന അവിഭക്ത ഇന്ത്യയിലായിരിക്കെ തന്നെ സയ്യിദ് മൌദൂദി ജനാധിപത്യത്തിന്റെ ഈ മേന്മ ഉയര്‍ത്തിക്കാണിച്ചിട്ടുണ്ട്. അദ്ദേഹം എഴുതി: "നമ്മുടെ രാജ്യത്തിന്റെ ഭരണവ്യവസ്ഥയുടെ വികാസം ജനാധിപത്യത്തിലൂടെയോ അതല്ല മറ്റേതെങ്കിലും വിധത്തിലോ എന്നതല്ല നാം നേരിടുന്ന യഥാര്‍ഥ ചോദ്യം. ബുദ്ധിയുള്ള ഒരു മനുഷ്യനും ജനാധിപത്യത്തെ എതിര്‍ക്കുകയില്ല. ഇവിടെ രാജാധിപത്യമോ ഏകാധിപത്യമോ മറ്റേതെങ്കിലും തരത്തിലുള്ള ഭരണരീതിയോ ആണ് വേണ്ടതെന്നും പറയാനാവില്ല'' ( തഹ്രീകെ ആസാദീ ഹിന്ദ് ഔര്‍ മുസല്‍മാന്‍, പേജ്475).
ജനാധിപത്യമൂല്യങ്ങളുടെ വളര്‍ച്ചക്ക് ശ്രമിക്കുകയെന്നത് ജമാഅത്തെ ഇസ്ലാമിയുടെ നയപരിപാടികളില്‍ പെട്ടതാണ്. 2003-2007 കാലത്തെ പോളിസി പ്രോഗ്രാമിലും ഇക്കാര്യം ഊന്നിപ്പറഞ്ഞിരിക്കുന്നു: "ജനാധിപത്യമൂല്യങ്ങളുടെ വളര്‍ച്ചക്കും രാജ്യത്തെ വിവിധ സാംസ്കാരികവിഭാഗങ്ങള്‍ക്ക് നീതി ലഭിക്കുന്നതിനും അനുകൂലമായി പൊതുജനാഭിപ്രായം രൂപീകരിക്കും. ഈ വിഷയകമായി നിയമനിര്‍മാണസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ ശരിയായ ദിശയില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിക്കും'' (മലയാള പരിഭാഷ, പേജ് 19).
മനംമാറ്റത്തിലൂടെ വ്യവസ്ഥാമാറ്റം
സാമൂഹികമാറ്റത്തിനായി നിലകൊള്ളുന്ന മറ്റേതൊരു പ്രസ്ഥാനത്തെയും പോലെ രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയവ്യവസ്ഥ മാറണമെന്ന് ജമാഅത്തും ആഗ്രഹിക്കുന്നു. ഈ മാറ്റത്തിന് അതവലംബിക്കുന്ന മാര്‍ഗം തീര്‍ത്തും ജനാധിപത്യപരമാണ്. ആശയപ്രചാരണത്തിലൂടെയും ബോധവത്കരണത്തിലൂടെയുമാണ് അത് മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകള്‍ക്കനുകൂലമായ പൊതുജനാഭിപ്രായം സൃഷ്ടിക്കുക; ഇതല്ലാത്ത മറ്റൊരു മാര്‍ഗവും അതവലംബിക്കുകയില്ല. ഇത് ജമാഅത്ത് സമര്‍പ്പിക്കുന്ന ആദര്‍ശത്തിന്റെ താല്‍പര്യവും നയത്തിന്റെ ഭാഗവുമാണ്.
പ്രസ്ഥാനത്തിന്റെ ആരംഭകാലത്തുതന്നെ ഇക്കാര്യം സയ്യിദ് മൌദൂദി വ്യക്തമാക്കിയിട്ടുണ്ട്: "അല്ലാഹുവിനെ സാക്ഷിനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ, ജമാഅത്തെ ഇസ്ലാമി ഏതെങ്കിലും വിധത്തിലുള്ള ഭീകരപ്രവര്‍ത്തനമോ അട്ടിമറിയോ ഒളിയുദ്ധമോ അതുപോലുള്ള നിയമവിരുദ്ധമാര്‍ഗങ്ങളോ സ്വീകരിച്ചുകൊണ്ട് തങ്ങളുടെ ലക്ഷ്യം നേടാന്‍ ഒരിക്കലും സന്നദ്ധമല്ല. ആരെയെങ്കിലും ഭയപ്പെടുന്നതുകൊണ്ടല്ല, അത് ജനാധിപത്യരീതി മാത്രം സ്വീകരിച്ചുകൊണ്ട് വിപ്ളവം സൃഷ്ടിച്ചെടുക്കാന്‍ തീരുമാനിച്ചത്.''
"ഏതു സന്ദര്‍ഭത്തിലും നമ്മുടെ ഉദ്ദേശ്യശുദ്ധി പ്രകടിപ്പിക്കാന്‍ നമുക്ക് കഴിയും. നമ്മില്‍ നിയമലംഘനത്തിന്റെയോ ഭീകരപ്രവര്‍ത്തനത്തിന്റെയോ കുറ്റം ചുമത്താനാര്‍ക്കും സാധ്യമല്ല. നാം കാംക്ഷിക്കുന്ന ഇസ്ലാമികവിപ്ളവം മനുഷ്യമനസ്സിലാണ് ആദ്യമായി അരങ്ങേറേണ്ടത്. മനുഷ്യന്റെ മനോവികാരങ്ങളെ പരിവര്‍ത്തിപ്പിക്കാതെ ഇസ്ലാമികവിപ്ളവം ഒരിക്കലും സാധിതമാവുകയില്ല. ഭൂമുഖത്തൊരിക്കലും സാധിച്ചിട്ടുമില്ല.''
"മനുഷ്യമനസ്സിലെ ചിന്തകളെയും അവരുടെ സ്വഭാവശീലങ്ങളെയും മാറ്റാന്‍ കഴിയാതെ ശക്തിയും അധികാരവുമുപയോഗിച്ചോ ഭീകരപ്രവര്‍ത്തനതന്ത്രങ്ങളുപയോഗിച്ചോ മാറ്റം വരുത്താമെന്നു കരുതുന്നത് വിഫലമോഹം മാത്രമാണ്. അങ്ങനെയുണ്ടാക്കുന്ന വിപ്ളവങ്ങള്‍ക്ക് വേരുറപ്പുണ്ടാകില്ല. അതെളുപ്പം വിപരീത ദിശ പ്രാപിക്കും. മറ്റൊരു വിപ്ളവത്തിന് ആ സ്ഥലം പാകപ്പെടുത്തുകയായിരിക്കും പരിണിതഫലം'' (ഉദ്ധരണം: ജമാഅത്തെ ഇസ്ലാമി, പ്രബോധനം അമ്പതാം വാര്‍ഷികപ്പതിപ്പ്, പേജ് 44).
ഏതു സാഹചര്യത്തിലും പ്രവര്‍ത്തനരീതിയും വിപ്ളവമാര്‍ഗവും സമാധാനപൂര്‍വമായിരിക്കണമെന്ന് സയ്യിദ് മൌദൂദിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അദ്ദേഹം അതിങ്ങനെ വ്യക്തമാക്കുന്നു: "എല്ലാ അപകടങ്ങളെയും നഷ്ടങ്ങളെയും സഹിച്ചുകൊണ്ട് സമാധാനമാര്‍ഗത്തിലൂടെ സത്യവാക്യം ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്. അതിന്റെ പേരില്‍ തടവറയില്‍ കഴിയേണ്ടിവന്നാലും കൊലമരത്തില്‍ കയറേണ്ടിവന്നാലും ശരി'' ( തസ്രീഹാത് പേജ്: 57).
"എന്റെ അവസാനത്തെ ഉപദേശമിതാണ്. നിങ്ങള്‍ രഹസ്യ സംഘടനകള്‍ നടത്തുകയോ സായുധവിപ്ളവത്തിന് ശ്രമിക്കുകയോ ചെയ്യരുത്. ഇതും അക്ഷമയുടെയും ധൃതിയുടെയും മറ്റൊരു രൂപമാണ്. ഫലം കണക്കിലെടുക്കുമ്പോള്‍ മറ്റു രൂപങ്ങളെക്കാള്‍ വിനാശകരവും'' ( തഫ്ഹീമാത്ത് ഭാഗം: 3, പേജ്: 362)
ജമാഅത്തിന്റെ ഭരണഘടന അതിന്റെ നയം അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട്: "ജമാഅത്ത് അതിന്റെ ലക്ഷ്യപ്രാപ്തിക്കായി രചനാത്മകവും സമാധാനപൂര്‍വവുമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതാണ്. അതായത് ആദര്‍ശപ്രചാരണവും പ്രബോധനവും വഴി ഹൃദയങ്ങളും സ്വഭാവചര്യകളും സംസ്കരിക്കുന്നതും അങ്ങനെ, നാട്ടിന്റെ സാമൂഹികജീവിതത്തില്‍ ഉദ്ദിഷ്ടമായ ഉത്തമവിപ്ളവം വരുത്തുന്നതിന് പൊതുജനാഭിപ്രായം വളര്‍ത്തിക്കൊണ്ടുവരുന്നതുമാണ്'' (ഖണ്ഡിക 5-ല്‍ 3).
2003-2007 കാലത്തേക്കുള്ള പോളിസി പ്രോഗ്രാമിലിങ്ങനെ കാണാം: "ജമാഅത്തെ ഇസ്ലാമിഅതിന്റെ
ലക്ഷ്യപ്രാപ്തിക്കു വേണ്ടി അല്ലാഹുവിന്റെ ഗ്രന്ഥവും പ്രവാചകന്റെ ചര്യയും പിന്‍പറ്റാന്‍ ബാധ്യസ്ഥമാണ്. അവയുടെ നിര്‍ദേശമനുസരിച്ച് ധാര്‍മികവും രചനാത്മകവും
സമാധാനപൂര്‍ണവും ജനാധിപത്യപരവും നിയമാനുസൃതവുമായ മാര്‍ഗമാണ് ജമാഅത്ത് അവലംബിക്കുന്നത്'' (ആമുഖം, പേജ്: 1,2).
ജമാഅത്തെ ഇസ്ലാമി എതിര്‍ക്കുന്നത് ശരി/തെറ്റ്, നന്മ/തിന്മ, നീതി/അനീതി തുടങ്ങിയവ വേര്‍തിരിക്കാനുള്ള സുസ്ഥിരമായ മാനദണ്ഡങ്ങളെ നിരാകരിക്കുകയും അവ ഭൂരിപക്ഷം നോക്കി ജനഹിതമനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതാണെന്ന് സിദ്ധാന്തിക്കുകയും ചെയ്യുന്ന, നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്ക് നല്‍കുന്ന ജനാധിപത്യത്തിന്റെ മതവിരുദ്ധവും മൂല്യവിരുദ്ധവുമായ തത്ത്വത്തെ മാത്രമാണ്. അതോടൊപ്പം ഒരു രീതിശാസ്ത്രമെന്ന നിലയില്‍ ജനാധിപത്യത്തെ അത് അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു. ഈ വസ്തുത പരിഗണിക്കാതെയാണ് പലരും ജനാധിപത്യത്തോടുള്ള ജമാഅത്തിന്റെ സമീപനത്തെ വിമര്‍ശിക്കാറുള്ളത്.

അഭിപ്രായങ്ങളൊന്നുമില്ല: