2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച


വിശുദ്ധ കൈക്രിയകള്‍!
കാടടച്ചുവെടിവെച്ച് ജമാഅത്തെ ഇസ്ലാമിയെ പ്രതിക്കൂട്ടിലാക്കുന്നത് സ്വാഭാവികമായും കയ്യും കെട്ടി നോക്കിനില്‍ക്കാനാവില്ല.  സുപ്രധാനമായ ഒരു ഭാഗം മുറിച്ചുമാറ്റി, തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം മുജാഹിദ് ഭാഗത്ത് നിന്ന് ഒരിക്കലും സംഭവിക്കരുതായിരുന്നു.

ഇന്ദിരാഗാന്ധിയുടെ ആരാധകരെപ്പറ്റി..!!?

പ്രബോധനത്തിന്‍റെ വീക്ഷണം

 2011, മേയ് 25ബുധനാഴ്ച  പോസ്റ്റ് ചെയ്തത് CKLatheef



indiragandiyude.JPG

ഇന്ദിരാഗാന്ധിയുടെ ആരാധകരെപ്പറ്റി പ്രബോധനത്തിന്‍റെ വീക്ഷണം എന്ന തലക്കെട്ട് നല്‍കി ബ്ലോഗിലും ഫെയ്‌സ് ബുക്കിലും മുജാഹിദ് വാരികകളിലും നോട്ടീസിലും സ്‌റ്റേജിലുമൊക്കെ കൊണ്ടാടുന്ന ഒരു പ്രബോധനം ഉദ്ധരണി താങ്കള്‍ പലതവണ കണ്ടതും കേട്ടതുമായിരിക്കും:
'......ഇതേപോലെ ഇന്ത്യയുടെ മുസ്ലിംകളാരും ഇന്ദിരാഗാന്ധി അനുവദിക്കുന്നതെന്തും ഹലാലും നിരോധിക്കുന്നതെന്തും ഹറാമുമാണെന്ന്
വിശ്വസിക്കുകയോനിരുപാധികമായ
നിയമനിര്‍മാണത്തിനുള്ള അധികാരം അവര്‍ക്ക് വകവെച്ചു കൊടുക്കുകയോ ചെയ്യുന്നില്ല. അവര്‍ നിര്‍മിക്കുന്ന ഏത് നിയമവും ദൈവിക നിയമങ്ങള്‍ പോലെ ശാശ്വതവും അലംഘനീയവുമാണെന്നും,കൂറോടും ഭക്തിയോടും കൂടി എക്കാലത്തും മാറ്റമില്ലാതെ അനുസരിക്കപ്പെടേണ്ടതാണെന്നും ഒരിക്കലും അതില്‍ ഭേദഗതിപാടില്ലെന്നും ഇവിടെയുള്ള  മുസ്ലിംകളെന്നല്ല,  ഇന്ദിരാഗാന്ധിയുടെ ആരാധകര്‍പോലും വിശ്വസിക്കുന്നില്ല. അതിനാല്‍ അവരൊന്നും തന്നെ പ്രധാനമന്ത്രിയുടെ നിയമങ്ങള്‍ പാലിക്കുകവഴി അവര്‍ക്ക് ഇബാദത്ത് ചെയ്യുന്നില്ല.' (പ്രബോധനംപുസ്തകം: 32ലക്കം: 3)

(ഇവിടെയുള്ള മുസ്ലിംകളെന്നല്ല ഇന്ദിരാഗാന്ധിയുടെ ആരാധകര്‍പോലും വിശ്വസിക്കുന്നില്ല എന്നാണ് ശരിയായ രൂപം.അമുസ്ലിംകളെന്നല്ല എന്നത് മറ്റൊരു കൃത്രിമത്വത്തിന്‍റെ ഭാഗമാണ്.)
സംഭവത്തിന്‍റെ വിശദാംശം അറിയാത്തവര്‍ക്ക് ഇതില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാവില്ല. ഇത് കേള്‍ക്കുമ്പോള്‍ ഒരു പക്ഷെ ജമാഅത്തിലെ സാധാരണ പ്രവര്‍ത്തകര്‍ക്ക് മനസ്സിലാകുന്നതിനേക്കാള്‍ മുജാഹിദിലെ സാധാരണ ആളുകള്‍ക്ക് മനസ്സിലാകും. അതിനുള്ള കാരണം. ജമാഅത്തെ ഇസ്ലാമി മുജാഹിദ് സംഘടനക്ക് മേല്‍ ഒരു രാഷ്ട്രീയ ശിര്‍ക്ക് ആരോപിക്കുന്നുണ്ട് എന്നും. ഇന്ത്യാഗവണ്‍മെന്റിന്‍റെ നിയമങ്ങളെ അനുസരിക്കുന്നതിലൂടെയാണ് അത് സംഭവിക്കുന്നത് എന്നും മുജാഹിദ് അണികളെ പറഞ്ഞുപഠിപ്പിച്ചിട്ടുണ്ട്. പ്രബോധനത്തില്‍ ഈ ഉദ്ധരണി ആ ജമാഅത്ത് വാദത്തിന്‍റെ കടക്കലുള്ള കത്തിയാണ്. അഥവാ ഇന്ത്യയിലുള്ള മുസ്ലിംകള്‍ എന്നല്ല ഇന്ധിരാഗാന്ധിയുടെ ആരാധകരോ പോലും ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കുക വഴി ഇബാദത്ത് ചെയ്യുകയോ അത് വഴി മുഷ് രിക്കാകുകയോ ചെയ്യുന്നില്ല. കാരണം അനുസരണം ഇബാദത്താകാനാവശ്യമായ ഉപാധികള്‍ ആ അനുസരണത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല എന്നാണ് ഈ ഖണ്ഡിക വ്യക്തമാക്കുന്നത്. 
മനുഷ്യരിലൊരു വിഭാഗത്തില്‍നിന്ന് ശിര്‍ക്ക് സംഭവിക്കുന്നുണ്ടെങ്കില്‍ പ്രബോധനത്തിലെ ഒരു ഉദ്ധരണികൊണ്ട് മാത്രം അവര്‍ അല്ലാഹുവിങ്കല്‍ കുറ്റക്കാരാകാതിരിക്കുന്നില്ല. കാരണം വിചാരണ അല്ലാഹുവിന്‍റെ പക്കലാണ്. ജമാഅത്താണ് വിചാരണനടത്തുന്നതും ശിക്ഷവിധിക്കുന്നതുമെങ്കില്‍ പ്രബോധനത്തിന്‍റെ ഇത്തരം ഉദ്ധരണികള്‍ സ്വീകരിക്കപ്പെടുമായിരുന്നുവെന്ന് പ്രതീക്ഷിക്കാം. പക്ഷെ കാര്യം അങ്ങനെയല്ലല്ലോ. തല്‍കാലം ജമാഅത്തുകാരെ മേലില്‍ അത്തരം വാദമുന്നയിക്കുന്നതില്‍നിന്ന് (അഥവാ നിമയനിര്‍മാണത്തിനുള്ള പരമാധികാരം അല്ലാഹുവിനാണെന്നും അത് അല്ലാഹു അല്ലാത്ത ആര്‍ക്ക് വകവെച്ചുകൊടുത്താലും അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണ് എന്നുമുള്ള വാദം) അടക്കിനിര്‍ത്താമെന്നാണ് ചിന്തിക്കുന്നതെങ്കില്‍ അത് അവരുടെ ഇഷ്ടം. പക്ഷെ ഈ ഉദ്ധരണിയെ സംബന്ധിച്ച് ചില വിശദീകരണം ജമാഅത്ത് നല്‍കിയിട്ടുണ്ട് അതുകൂടി ഈ അവസരത്തില്‍ ശ്രദ്ധിക്കാതെ പോകരുത്. 
എന്താണ് പ്രബോധനം പ്രത്യക്ഷത്തില്‍ ജമാഅത്തെ ഇസ്ലാമി പറയുന്നതിന് വിരുദ്ധമെന്ന് തോന്നത്തക്കവിധം ഈ പരാമര്‍ശം നടത്താന്‍ കാരണമെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. അത് ഇതാണ്: 

ഇസ്ലാം ആന്റ് മോഡേണ്‍ ഏജ് സൊസൈറ്റികേരളയുടെ മുഖപത്രമായ നീരീക്ഷണം മാസിക അതിന്‍റെ 1971 മാര്‍ച്ച് ലക്കത്തില്‍ ജമാഅത്തെ ഇസ്ലാമി വിമര്‍ശിക്കപ്പെടുന്നു എന്ന തലക്കെട്ടില്‍ ജമാഅത്തിനെതിരെ അതിരൂക്ഷമായ ചില ആരോപണങ്ങള്‍ ഉന്നയിച്ചു. അതില്‍ ഒരു ആരോപണം ഇങ്ങനെയായിരുന്നു: 
'ഇന്ത്യയില്‍ ജീവിക്കുന്ന ഒരു മുസ്ലിം ഇന്ദിരാഗാന്ധിയെ ഇലാഹാക്കുകയും ഇന്ദിരാഗാന്ധിക്ക് ഇബാദത്തുചെയ്യുകയും ജനാധിപത്യ ദീനില്‍ ചേരുകയും ഇന്ത്യന്‍ ഭരണഘടനയാകുന്ന ശരീഅത്ത് അംഗീകരിക്കുകയും ചെയ്യുന്നു.' 

ഇപ്രകാരം ജമാഅത്തെ ഇസ്ലാമി വാദിക്കുന്നു എന്ന ഈ ആരോപണത്തിന് അടിസ്ഥാനം ദീനിന് സയ്യിദ് മൗദൂദി നല്‍കിയ വ്യാഖ്യാനം വളച്ചൊടിതിനാല്‍ ലഭിച്ചതാണ്. ഇത് ജമാഅത്തിന്‍റെ വാദമല്ലാത്തതിനാല്‍ പ്രബോധനത്തിന് ഇങ്ങനെ മറുപടി പറയേണ്ടി വന്നു:
'
ഗവണ്‍മെന്റിന്‍റെ ദൃഷ്ടിയില്‍ ജമാഅത്തെ ഇസ്ലാമിയെ കരിതേച്ചു കാണിക്കുകയെന്നതില്‍ കവിഞ്ഞു മറ്റൊരു താല്‍പര്യവും ഈ വക അപവാദ പ്രചാരണങ്ങള്‍ക്കില്ല. അബദ്ധജഡിലവും ബാലിശവുമായ ഈ വാദത്തിനു ജമാഅത്ത് പലപ്രാവശ്യം മറുപടി പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഇസ്ലാമില്‍ പരമാധികാരവും നിയമനിര്‍മാണാധികാരവും അല്ലാഹുവിന് മാത്രമാണ്. ഇതു ജമാഅത്തുകാരുടെ കണ്ടുപിടുത്തമല്ലെന്നും വിശുദ്ധഖുര്‍ആന്‍റെ അദ്ധ്യാപനമാണെന്നും മുമ്പ് നാം കണ്ടുകഴിഞ്ഞു. ഇപ്പറഞ്ഞതിനര്‍ഥം അല്ലാഹു നേരില്‍ ഇറങ്ങിവന്ന് ഭരണം നടത്തുകയും അപ്പപ്പോള്‍ ആവശ്യമായ നിയമങ്ങള്‍ നിര്‍മിച്ചുകൊടുക്കുകയും ചെയ്യുകയെന്നു ബുദ്ധിയുള്ളവരാരും മനസ്സിലാക്കുകയില്ല. 
മനുഷ്യന്‍ ഭൂമിയില്‍ ജീവിക്കേണ്ടതെങ്ങിനെയെന്നു പഠിപ്പിക്കുന്ന ഒരു ജീവിത വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങള്‍ അല്ലാഹു വിവരിച്ചുതന്നിട്ടുണ്ട്. അതിന്‍റെ വ്യാഖ്യാനവും വിശദാംശവും അല്ലാഹുവിന്‍റെ ആജ്ഞാനുസാരം വാക്കും പ്രവൃത്തിയും വഴി പ്രവാചകനും പഠിപ്പിച്ചുതന്നിരിക്കുന്നു. പ്രവാചകനുശേഷം പുതുതായുണ്ടാകുന്ന കാലിക പ്രശ്‌നങ്ങളെ ഖുര്‍ആന്‍റെയും സുന്നത്തിന്‍റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുരൂപമായി പരിഹരിക്കണമെന്നാണ് അവിടുത്തെ കല്‍പന. 
ഇവിടെയാണ് ശൂറാ അഥവാ കൂടിയാലോചന വേണ്ടത്. അല്ലാതെ കൂടിയാലോചിച്ച് ഖുര്‍ആന്‍റെയും സുന്നത്തിന്‍റെയും ഖണ്ഡിതനിയമങ്ങള്‍ ഭേദഗതിചെയ്യാന്‍ അല്ലാഹു ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ല. ജൂത-ക്രിസ്തീയ പണ്ഡിതന്‍മാര്‍ക്ക് ഇങ്ങനെ ദൈവിക നിയമങ്ങള്‍ ഭേദഗതിചെയ്തു സ്വന്തം നിലയില്‍ ഹലാലും ഹറാമും തീരുമാനിക്കാനുള്ള അധികാരം അനുയായികള്‍ വകവെച്ചുകൊടുത്തപ്പോഴാണ്  അവര്‍ തങ്ങളുടെ പണ്ഡിതപുരോഹിതന്മാരെ റബ്ബുകളാക്കി എന്ന് ഖുര്‍ആന്‍ ആക്ഷേപിച്ചത്. 

ഒരു മോഡേണിസ്റ്റ് ഈ അധികാരം സ്വയം കയ്യിലെടുത്താല്‍ അതിനര്‍ഥം അയാള്‍ സ്വയം ദൈവമായി ചമയുന്നുവെന്നതാണ്. പക്ഷെ ഇന്ത്യയെപ്പോലുള്ള ഒരു രാഷ്ട്രത്തില്‍ അത്തരക്കാര്‍ അധികാരത്തില്‍ വന്നാലും മറ്റുള്ള മുസ്ലിംകള്‍ അവരെ ദൈവങ്ങളാക്കി എന്ന് വരുന്നില്ല. കാരണം. ദൈവത്തിന് മാത്രമുള്ള നിരുപാധികമായ നിയമനിര്‍മാണാധികാരം മുസ്ലിംകള്‍ അവര്‍ക്ക് വകവെച്ചുകൊടുക്കുന്നില്ല. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം.
കേരളത്തിലുണ്ടായിരുന്ന ഇ.എം.എസ് മന്ത്രിസഭ മദ്യവും ചൂതാട്ടവും നിയമവിധേയമാക്കുക യുണ്ടായി. പക്ഷെ ഇ.എം.എസ് മന്ത്രിസഭ മദ്യവും ചൂതാട്ടവും നിയമവിധേയമാക്കിയാല്‍ അവ ഹലാലായിത്തീരുമെന്നോ അവ ഹലാലായിക്കാനുള്ള അധികാരം ഇ.എം.എസിനുണ്ടെന്നോ ഇവിടെ മുസ്ലിംകളാരും വിശ്വസിക്കുന്നില്ല. വല്ല മോഡേണിസ്റ്റുകളും അങ്ങനെ വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ ഇ.എം.എസിനെ ദൈവമാക്കുക തന്നെയാണ് ചെയ്യുന്നത്. ഇതേ പോലെ ഇന്ത്യയിലുള്ള മുസ്ലിംകളാരും ഇന്ദിരാഗാന്ധി അനുവദിക്കുന്നതെന്തും ഹലാലും നിരോധിക്കുന്നതെന്തും ഹറാമുമാണെന്ന് വിശ്വസിക്കുകയോ നിരുപാധികമായ നിയമനിര്‍മാണത്തിനുള്ള പരമമായ അധികാരം അവര്‍ക്ക് വകവെച്ചുകൊടുക്കുകയോ ചെയ്യുന്നില്ല. അവര്‍ നിര്‍മിക്കുന്ന ഏത് നിയമവും ദൈവികനിയമങ്ങള്‍ പോലെ ശാശ്വതവും അലംഘനീയവുമാണെന്നും കൂറോടും ഭക്തിയോടും കൂടി എക്കാലത്തും മാറ്റമില്ലാതെ അനുസരിക്കപ്പെടേണ്ടതാണെന്നും ഒരിക്കലും അതില്‍ ഭേദഗതി പാടില്ലെന്നും ഇവിടെയുള്ള മുസ്ലിംകളെന്നല്ല ഇന്ദിരാഗാന്ധിയുടെ ആരാധകര്‍പോലും വിശ്വസിക്കുന്നില്ല. അതിനാല്‍ അവരൊന്നും തന്നെ പ്രധാനമന്ത്രിയുടെ നിയമങ്ങള്‍ പാലിക്കുകവഴി അവര്‍ക്ക് ഇബാദത്ത് ചെയ്യുന്നില്ല. അഥവാ വല്ല മോഡേണിസ്റ്റുകളും അങ്ങനെ വിശ്വസിക്കുന്നുവെങ്കില്‍ അവര്‍ ഇന്ദിരാഗാന്ധിക്ക് ഇബാദത്ത് ചെയ്യുന്നു. ഇന്ദിരാഗാന്ധിയെ ഇലാഹാക്കുകയും ചെയ്യുന്നു. 
അതേ പോലെ സാക്ഷാല്‍ ഹലാലിന്‍റെയും ഹറാമിന്‍റെയും മാനദണ്ഡം ഖുര്‍ആനും സുന്നത്തുമാണെന്നാണ് ഇന്ത്യയിലുള്ള മുസ്ലിംകളെല്ലാം ആത്മാര്‍ഥമായി വിശ്വസിക്കുന്നത്. ഇനി മോഡേണിസ്റ്റുകള്‍, ജനഹിതമോ ഇന്ത്യന്‍ ഭരണഘടനയോ ആണ് സാക്ഷാല്‍ ഹലാലിന്‍റെയും ഹറാമിന്‍റെയും മാനദണ്ഡമെന്നുവിശ്വസിക്കുന്നുവെങ്കില്‍ അവയെ ദീനും ശരീഅത്തുമായി അംഗീകരിക്കുകയാണെന്നതില്‍ സംശയമില്ല. അവരുടെ ദൃഷ്ടിയില്‍ ബ്രീട്ടീഷ് പാര്‍ലമെന്‍റ് സ്വവര്‍ഗ്ഗസംഭോഗവും ഗര്‍ഭഛിദ്രവും നിയമവിധേയമാക്കിയാല്‍ അവ രണ്ടും ഹലാലും ദക്ഷിണാഫ്രിക്കന്‍ ഗവണ്‍മെന്‍റ് വര്‍ഗ്ഗസമത്വം ഹറാമാക്കിയതിനാല്‍ അത് ഹറാമുമാകും.'  (പ്രബോധനം) 

HameedMadani.jpg
അബ്ദുല്‍ ഹമീദ് മദനി സാഹിബ്
ഇത് നേര്‍ക്ക് നേരെ വായിച്ചാല്‍ മനസ്സിലാകുന്നതെന്തോ അതില്‍ ജമാഅത്തെ ഇസ്ലാമി ഉറച്ചുനില്‍ക്കുന്നു.  അബ്ദുല്‍ ഹമീദ് മദനി സാഹിബാണ് ഇതില്‍ ആദ്യമായി കൈക്രിയ നടത്തിയത്. അദ്ദേഹം ചെയ്തതിത്രമമാത്രം. ആശയം പൂര്‍ണമാക്കുന്ന ഭാഗം വിട്ട് കളഞ്ഞ ശേഷം ഒരു കഷ്ണം ഇടയില്‍നിന്ന് മുറിച്ചെടുത്ത് സ്വന്തമായി ഒരു തലക്കെട്ട് നല്‍കി;  ഇന്ദിരാഗാന്ധിയുടെ ആരാധകരെപ്പറ്റി പ്രബോധനത്തിന്‍റെ വീക്ഷണം. 

സത്യത്തില്‍ ഇവിടെ എന്താണ് സംഭവിച്ചത്. ഇന്ത്യന്‍മുസ്ലിംകളെ മുഴുവന്‍ ജമാഅത്തെ ഇസ്ലാമി മുശ്രിക്കാക്കുന്നു അതും ഇന്ത്യന്‍ നിയമങ്ങളെ അനുസരിക്കുക വഴി എന്ന് ചേകനൂരാധികളുടെ ആരോപണത്തിന് മറുപടിപറയുകയായിരുന്നു പ്രബോധനം.മുസ്ലിംകള്‍ എന്നാല്‍ അല്ലാഹുവിന്‍റെ പരമാധികാരം അംഗീകരിക്കുന്നവരാണെന്നും അതിനാല്‍ അവര്‍ ഒരു സെക്യൂലര്‍ ഗവണ്‍മെണ്ടിന് കീഴില്‍ ജീവിക്കേണ്ടി വരുന്നത് കൊണ്ടും അവരുടെ നിയമങ്ങളെ അനുസരിക്കുന്നത് കൊണ്ടും അവര്‍ക്ക് ഇബാദത്ത് ചെയ്യുന്നുവെന്നോ ആ നിയമങ്ങളെ ദൈവിക നിയമങ്ങളെപ്പോലെ അംഗീകരിക്കുന്നുവെന്നോ അര്‍ഥമില്ല. എന്നാല്‍ വല്ലവരും (അത്തരം മനോഭാവം പുലര്ത്തുന്നവരെ മോഡേണിസ്റ്റുകള്‍ എന്നായിരുന്നു അക്കാലത്ത് വിളിച്ചിരുന്നത്) അപ്രകാരം വിശ്വസിച്ചാല്‍ അത് ദൈവത്തില്‍ പങ്ക് ചേര്‍ക്കല്‍ തന്നെ എന്നും വ്യക്തമാക്കി.
KCAbdullaMoulavi.jpg
കെ.സി. അബ്ദുല്ല മൗലവി

കാടടച്ചുവെടിവെച്ച് ജമാഅത്തെ ഇസ്ലാമിയെ പ്രതിക്കൂട്ടിലാക്കുന്നത് സ്വാഭാവികമായും കയ്യും കെട്ടി നോക്കിനില്‍ക്കാനാവില്ല. സുപ്രധാനമായ ഒരു ഭാഗം മുറിച്ചുമാറ്റി. തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം മുജാഹിദ് ഭാഗത്ത് നിന്ന് ഒരിക്കലും സംഭവിക്കരുതായിരുന്നു.
അന്ന് കെ.സി. അബ്ദുല്ല മൗലവി ചോദിച്ച ചോദ്യം തന്നെ ഇവിടെ ആവര്‍ത്തിക്കുന്നു: 
'ഈ മറുപടിയില്‍ പ്രബോധനം സമര്‍ഥിച്ച ആശയങ്ങളോടു മദനിയും കൂട്ടുകാരും പൂര്‍ണമായും യോജിക്കുന്നുണ്ടോ?. ഉണ്ടെന്നാണുത്തരമെങ്കില്‍ അല്‍ഹംദുലില്ലാഹ് ഇക്കാര്യത്തില്‍ നമുക്കൊരുമിച്ചു മുന്നോട്ടുനീങ്ങാം.'


അഭിപ്രായങ്ങളൊന്നുമില്ല: