2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

ഈ വിവേചനം അവസാനിപ്പിക്കണം
കേരളത്തില്‍ 25 ശതമാനം വരുന്ന ഇസ്ലാമിക സമൂഹത്തിന്റെ പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളാണ് ചെറിയ പെരുന്നാളും ബലി പെരുന്നാളും. സുപ്രധാനമായ ഈ ആഘോഷങ്ങള്‍ക്ക് മാറിമാറി വന്ന സര്‍ക്കാറുകള്‍ ഒരൊറ്റ ദിവസം മാത്രമാണ് ഇക്കാലമത്രയും അവധി നല്‍കിപ്പോന്നത്. വിദ്യാര്‍ഥികള്‍ക്ക്, പ്രത്യേകിച്ച് വിദൂര സ്ഥലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കുടുംബത്തോടൊപ്പം പെരുന്നാളുകള്‍ ആഘോഷിക്കാന്‍ ഇതു കാരണം സാധിക്കാറില്ല. ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങള്‍ക്ക് 10 ദിവസം വീതവും മറ്റ് ആഘോഷങ്ങള്‍ക്ക് ആവശ്യാനുസാരവും അവധി നല്‍കുമ്പോഴാണ് വളരെ പ്രകടമായ ഈ വിവേചനം നിലനില്‍ക്കുന്നത്. ഇത് ആരോഗ്യകരമായ ഒരു ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് ഞങ്ങള്‍ അഭിപ്രായപ്പെടുന്നു. അധിക അവധിക്കായി ആവശ്യമുയരുമ്പോള്‍ മലപ്പുറം ജില്ലയില്‍ മാത്രം രണ്ട് ദിവസം അവധി നല്‍കുന്ന സമീപനമാണ് സര്‍ക്കാറുകള്‍ സ്വീകരിച്ചു പോന്നത്. മലപ്പുറം ജില്ലയില്‍ മാത്രമല്ലല്ലോ മുസ്ലിംകളുള്ളത്. ഒരു ജനസമൂഹത്തിന്റെ ആഘോഷകാര്യത്തില്‍ മാത്രം നിലനില്‍ക്കുന്ന വളരെ പ്രകടമായ ഈ വിവേചനം അവസാനിപ്പിക്കണം. രണ്ട് പെരുന്നാളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസം വീതം അവധി പ്രഖ്യാപിച്ചു കൊണ്ട് സര്‍ക്കാര്‍ ഉടന്‍ ഉത്തരവിറക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: