2011, ഓഗസ്റ്റ് 10, ബുധനാഴ്‌ച

മക്കാ മസ്ജിദ് സ്‌ഫോടനം: നിരപരാധികളെ പീഡിപ്പിച്ചതിന് നഷ്ടപരിഹാരം നല്‍കണം -ന്യൂനപക്ഷ കമീഷന്‍

ഹൈദരാബാദ്: നിരപരാധികളായ മുസ്‌ലിം യുവാക്കളെ മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്ത് പീഡിപ്പിച്ചതിന് മൂന്നു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ദേശീയ ന്യൂനപക്ഷ കമീഷന്‍ ആന്ധ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചു. തുക കുറ്റക്കാരായ പൊലീസുകാരുടെ ശമ്പളത്തില്‍നിന്ന് ഈടാക്കണമെന്നും ആന്ധ്ര മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഢിക്കയച്ച കത്തില്‍ ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ വജാഹത്ത് ഹബീബുല്ല ആവശ്യപ്പെട്ടു. 2007 മേയ് 18ന് ഉണ്ടായ മക്കാ മസ്ജിദ് സ്‌ഫോടനത്തെ തുടര്‍ന്ന് ഹൈദരാബാദിലെ നൂറോളം മുസ്‌ലിം ചെറുപ്പക്കാരെ ഹൈദരാബാദ് സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ക്രൂരമായ പീഡനമാണ് പൊലീസില്‍ നിന്ന് സഹിക്കേണ്ടി വന്നതെന്ന് ഇരകള്‍ പിന്നീട് വെളിപ്പെടുത്തി. ഇവരില്‍ 26 പേര്‍ക്കെതിരെ കുറ്റം ചുമത്തിയ പൊലീസ് ബാക്കിയുള്ളവരെ വെറുതെ വിട്ടു. എന്നാല്‍, പ്രാദേശിക കോടതി മുഴുവന്‍ പേരെയും കുറ്റമുക്തരാക്കി. പിന്നീട് നടന്ന സി.ബി.ഐ അന്വേഷണത്തില്‍ അസിമാനന്ദയടക്കമുള്ളവര്‍ ഉള്‍പ്പെട്ട ഹൈന്ദവ ഭീകര സംഘടനകളാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് വ്യക്തമായി.

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നിരന്തര ഇടപെടലുകളെ തുടര്‍ന്ന് ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ ഹൈദരാബാദില്‍ നേരിട്ടെത്തി ഇരകളില്‍ നിന്ന് തെളിവെടുക്കുകയായിരുന്നു. ന്യൂനപക്ഷ സമുദായങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ അടിയന്തര നടപടിയെടുക്കുക, സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ പുനഃസംഘടിപ്പിക്കുക തുടങ്ങിയ ശിപാര്‍ശകളും കമീഷന്‍ സംസ്ഥാന സര്‍ക്കാര്‍ മുമ്പാകെ വെച്ചിട്ടുണ്ട്. ഇരകളിലെ ഒമ്പതുപേര്‍ക്ക് മൈനോറിറ്റി ഫിനാന്‍സ് കോര്‍പറേഷന്‍ വഴി 30,000 രൂപ വീതം വായ്പ നല്‍കിയിട്ടുണ്ടെന്നും, അത് നഷ്ടപരിഹാര തുകയായി കണക്കാക്കണമെന്നുമുള്ള സംസ്ഥാന സര്‍ക്കാറിന്റെ വാദംകോടതി അംഗീകരിച്ചില്ല.

അഭിപ്രായങ്ങളൊന്നുമില്ല: