2012, ജനുവരി 14, ശനിയാഴ്‌ച


അറബ് വസന്തത്തിലെ ബഹുസ്വരതയുടെ വേരുകള്‍

 ഈജിപ്തിലും തുനീഷ്യയിലും യമനിലും മൊറോക്കോവിലും മറ്റ് അറബ് നാടുകളിലും നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ അറബ് വസന്തത്തിന് നേതൃപരമായ പങ്കുവഹിക്കുന്നത് അവിടങ്ങളിലെ ഇസ്ലാമിക സംഘടനകളാണ്. അതോടൊപ്പംഇടതുപക്ഷ പാര്‍ട്ടികളും ക്രൈസ്തവ സമൂഹങ്ങളുമെല്ലാം അവിടങ്ങളിലെ ജനാധിപത്യവത്കരണത്തിലും തുടര്‍ന്നുണ്ടായ ഭരണസംവിധാനങ്ങളിലും സഹകരിക്കുകയും പങ്കാളിത്തം വഹിക്കുകയുമുണ്ടായി. അങ്ങനെ,ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കെതിരെ പടിഞ്ഞാറന്‍ സാമ്രാജ്യശക്തികളും അവരുടെ മെഗാഫോണുകളും ഉന്നയിച്ചുകൊണ്ടിരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിച്ചുകൊണ്ട് അവ ബഹുസ്വര സമൂഹത്തിനും ഘടനക്കും നേതൃത്വപരമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു. ഇതിനെതിരെ പ്രധാനമായും രണ്ടുതരം വിമര്‍ശങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. ഇസ്ലാമേതര സമൂഹങ്ങളുമായുള്ള സഹകരണം അടവുനയമാണെന്നും സ്വന്തമായി ഭൂരിപക്ഷം ലഭിച്ച് അധികാരത്തിലേറിയാല്‍ മറ്റെല്ലാവരെയും അടിച്ചമര്‍ത്തുമെന്നുമാണ് അവയിലൊന്ന്. പ്രസ്തുത സംഘടനകളെല്ലാം ഇസ്ലാമിക അടിസ്ഥാനങ്ങളില്‍നിന്ന് തെറ്റിയിരിക്കുന്നുവെന്നതാണ് മറ്റൊരു വിമര്‍ശം.
എന്നാല്‍, അറബ് വസന്തത്തിലെ ബഹുസ്വരതയുടെ വേരുകള്‍ പരിശോധിച്ചാല്‍ ഏവര്‍ക്കും ബോധ്യമാകും ഈ രണ്ടു വിമര്‍ശങ്ങളും അസ്ഥാനത്തും അടിസ്ഥാനരഹിതവുമാണെന്ന്. പതിനാലിലേറെ നൂറ്റാണ്ടുമുമ്പ് മദീനയിലാണല്ളോ ഇസ്ലാമികരാഷ്ട്രം പിറവിയെടുത്തത്്. ഒരായുധം പോലും എടുക്കാതെയും ഒരു തുള്ളി ചോരപോലും ചിന്താതെയുമാണ് മുഹമ്മദ്നബി അത് സ്ഥാപിച്ചത്. മദീനയില്‍ ഇസ്ലാമിക രാഷ്ട്രവും ഭരണവും രൂപം കൊള്ളുമ്പോള്‍ മുസ്ലിംകള്‍ അവിടെ ചെറിയ ന്യൂനപക്ഷമായിരുന്നു.
മദീനയിലെ യഹൂദരുള്‍പ്പെടെ ഇസ്ലാമേതര സമൂഹങ്ങളുടെ സഹകരണത്തോടെയും കൂട്ടായ്മയോടെയും പങ്കാളിത്തത്തോടെയുമാണ് പ്രവാചകന്‍ ഇസ്ലാമിക രാഷ്ട്രം സ്ഥാപിച്ചത്.
തദ്ദേശീയരുമായി ചേര്‍ന്ന് അദ്ദേഹം രാജ്യത്തിന് ഒരു ഭരണഘടനയും തയാറാക്കി. അതില്‍ പാതിയോളം ഭാഗം ഇസ്ലാമേതര  സമൂഹങ്ങളുടെ അധികാരങ്ങളും അവകാശങ്ങളും ഊന്നിപ്പറയുന്ന ഖണ്ഡികകളാണ്. രാഷ്ട്രവും ഭരണവും ഭദ്രമായതോടെ യുദ്ധത്തിനുണ്ടായിരുന്ന നിരോധം പ്രതിരോധാവശ്യാര്‍ഥം നീങ്ങുകയും അതിന് അനുമതി ലഭിക്കുകയും ചെയ്തു. ഇവ്വിധം യുദ്ധത്തിന് അനുമതി നല്‍കിയത് സന്യാസിമഠങ്ങളും ജൂത സിനഗോഗുകളും ക്രൈസ്തവ ചര്‍ച്ചുകളും മുസ്ലിം പള്ളികളും സംരക്ഷിക്കപ്പെടാനാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. മദീനയില്‍ സ്ഥാപിതമായ രാഷ്ട്രവും സമൂഹവും ബഹുസ്വരമായിരുന്നുവെന്നതിന് ഇതലപ്പുറമെന്ത് തെളിവുവേണം?
രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിന്‍െറ ഭരണകാലത്ത് സിറിയലബനാന്‍, കിഴക്കന്‍ ജോര്‍ഡന്‍,ഫലസ്തീന്‍, ഈജിപ്ത്ലിബിയഇറാഖ്ഇറാന്‍, അര്‍മേനിയജസീറ, അസര്‍ബൈജാന്‍,കിര്‍മാന്‍, ഖുറാസാന്‍ തുടങ്ങിയ പ്രദേശങ്ങള്‍ ഇസ്ലാമിക രാഷ്ട്രത്തിന്‍െറ ഭാഗമായി മാറി. ഖലീഫാ ഉമറിന്‍െറ കാലത്ത് ഇസ്ലാമിക രാഷ്ട്രത്തിലെ മുസ്ലിം ജനസംഖ്യ രണ്ടര ശതമാനത്തില്‍ താഴെയായിരുന്നു. പ്രസ്തുത നാടുകളില്‍ മുസ്ലിംകള്‍ അമ്പത് ശതമാനമായത് ഏകദേശം നാനൂറു വര്‍ഷംപിന്നിട്ട ശേഷമാണ്. ഇസ്ലാമിക രാഷ്ട്രത്തിന്‍െറയും ഭരണത്തിന്‍െറയും സുവര്‍ണകാലത്ത് മുസ്ലിംകള്‍ ന്യൂനപക്ഷമായിരുന്നുവെന്നിത് വ്യക്തമാക്കുന്നു.
ഇസ്ലാമികരാഷ്ട്രം സ്ഥാപിതമാകുന്ന കാലത്ത്മധ്യപൂര്‍വദേശത്ത് ആധിപത്യം നടത്തിയിരുന്നത് റോമാ-പേര്‍ഷ്യന്‍ സാമ്രാജ്യശക്തികളായിരുന്നു. തദ്ദേശീയര്‍ ആ ഭരണകൂടങ്ങളെ കഠിനമായി വെറുത്തു. അവരുടെ ഭരണം മാറണമെന്ന് അതിയായാഗ്രഹിച്ചു. അതിനാലാണ് സൈനികശേഷിയിലും ആയുധശക്തിയിലും വളരെയേറെ പ്രബലരായിരുന്നിട്ടും അവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതിരുന്നത്.
മുസ്ലിംകള്‍ വളരെ ചെറിയ ന്യൂനപക്ഷമായിരുന്നിട്ടും മധ്യപൂര്‍വ ദേശത്ത് അവരുടെ വ്യവസ്ഥയും ഭരണവും വരാന്‍ കാരണം തദ്ദേശീയര്‍ റോമ-പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളെക്കാള്‍ മുസ്ലിംകളെയും ഇസ്ലാമിന്‍െറ സാമൂഹികസാമ്പത്തികരാഷ്ട്രീയ, ഭരണക്രമത്തെയും ഇഷ്ടപ്പെട്ടിരുന്നതിനാലാണ്. സിറിയന്‍ തലസ്ഥാനമായ ഡമസ്കസ് ഇസ്ലാമിക രാഷ്ട്രത്തിന്‍െറ ഭാഗമായശേഷം സാമ്രാജ്യശക്തികളുടെ കടന്നാക്രമണം പ്രതിരോധിക്കാനാവാതെ മുസ്ലിംകള്‍ക്ക് പിന്മാറേണ്ടി വന്നു. അപ്പോള്‍, ഖാലിദ്ബ്നു വലീദ് ഹിംസ്വ് നിവാസികളെയും അബൂ ഉബൈദ ഡമസ്കസുകാരെയും മറ്റ് സേനാനായകന്മാര്‍ ഇതര നഗരവാസികളെയും ഒരുമിച്ചുകൂട്ടി അവരോടിങ്ങനെ പറഞ്ഞു: നിങ്ങള്‍ക്ക് സുരക്ഷിതത്വവും സംരക്ഷണവും വാഗ്ദാനം ചെയ്താണല്ളോ ഞങ്ങള്‍ നിങ്ങളില്‍നിന്ന് നികുതി പിരിച്ചത്. എന്നാല്‍,ഞങ്ങള്‍ക്കിപ്പോള്‍ അതു പാലിക്കാന്‍ സാധിക്കാതെ വന്നിരിക്കുന്നു. ശത്രുക്കള്‍ ഞങ്ങള്‍ക്കെതിരെ സൈനിക സജ്ജീകരണത്തിലാണ്. ഞങ്ങളിപ്പോള്‍ പോവുകയാണ്. അതിനാലിതാ നിങ്ങള്‍ തന്ന നികുതിപ്പണം. അത് നിങ്ങള്‍തന്നെ എടുത്തുകൊള്ളുക.
ഇതുകേട്ട് ആശ്ചര്യപ്പെട്ടും അസ്വസ്ഥപ്പെട്ടും നഗരവാസികള്‍ പറഞ്ഞു: ‘‘നിങ്ങള്‍ തിരിച്ചുവരാന്‍ ദൈവം തുണക്കട്ടെ. അവന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ. ദൈവം സാക്ഷി. നിങ്ങളുടെ ഭരണമാണ് റോമക്കാരുടെ ഭരണത്തെക്കാള്‍ ഞങ്ങള്‍ക്കിഷ്ടം. നിങ്ങളുടെ സ്ഥാനത്ത് അവരായിരുന്നുവെങ്കില്‍ അവര്‍ പിരിച്ചെടുത്ത ഒന്നുംതന്നെ മടക്കിത്തരുമായിരുന്നില്ല. എന്നല്ലകിട്ടാവുന്നതെല്ലാം തട്ടിയെടുത്ത് അവര്‍ കൂടെകൊണ്ടുപോവുകയും ചെയ്യുമായിരുന്നു.’’
ക്രൈസ്തവ റോമിന്‍െറ ആധിപത്യത്തെക്കാള്‍ മധ്യപൂര്‍വദേശത്തെ ക്രിസ്ത്യാനികള്‍ ഇഷ്ടപ്പെട്ടത് ഇസ്ലാമിക ഭരണമായിരുന്നുവെന്നര്‍ഥം.
അറബ് വസന്തത്തില്‍ ഏകാധിപത്യ മര്‍ദക ഭരണകൂടങ്ങള്‍ക്കെതിരെ ക്രൈസ്തവഇടതുപക്ഷ,ഇസ്ലാമിക ഐക്യം രൂപപ്പെട്ടതുപോലെ ഖലീഫാ ഉമറിന്‍െറ കാലത്തും സാമ്രാജ്യത്വത്തിനെതിരെ ഇസ്ലാമിക-ക്രൈസ്തവ കൂട്ടായ്മ നിലനിന്നിരുന്നു. സര്‍തോമസ് അര്‍ണള്‍ഡ് എഴുതുന്നു: ഹിജ്റ പതിമൂന്നാമാണ്ടിലെ ജസര്‍ യുദ്ധത്തില്‍ പരിഭ്രാന്തരായ അറബികള്‍ക്ക് പരാജയം ആസന്നമായിരിക്കെ ത്വയ്യിഅ് ഗോത്രത്തിലെ ക്രൈസ്തവ നേതാവ് അറബ് സൈനിക നേതാവ് മുഥന്നയെ സഹായിച്ചു. തോണികള്‍ കൊണ്ടുണ്ടാക്കിയ പാലം സംരക്ഷിക്കുകയും അങ്ങനെ ചിട്ടയോടെ പിന്മാറാന്‍ അറബ് സൈന്യത്തെ സഹായിക്കുകയും ചെയ്തത് അദ്ദേഹമാണ്. പിന്മാറ്റമുണ്ടാക്കിയ അപമാനം മായ്ച്ചുകളയാന്‍ പുതിയ സൈന്യത്തെ സംഘടിപ്പിച്ചപ്പോള്‍ അതില്‍ പ്രമുഖര്‍ ക്രൈസ്തവരായ നമിര്‍ ഗോത്രക്കാരായിരുന്നു. അതേവര്‍ഷം ബുവൈബ് യുദ്ധത്തില്‍ നിര്‍ണായക പോരാട്ടത്തിനു തൊട്ടുമുമ്പ് മുഥന്നാ നമിര്‍ ഗോത്രത്തലവനെ സമീപിച്ചു പറഞ്ഞു: നാം ഒരേ രക്തമാണ്. അതിനാല്‍ വരൂ- നമുക്കൊന്നായി മുന്നേറാം.’ ഇരുകൂട്ടരുടെയും ധീരമായ മുന്നേറ്റത്തിന് മുന്നില്‍ പേര്‍ഷ്യന്‍ സാമ്രാജ്യശക്തികള്‍ക്ക് പിന്തിരിയേണ്ടി വന്നു. ആ ദിവസത്തെ ഏറ്റവുംവലിയ ധീരകൃത്യം മറ്റൊരു ക്രൈസ്തവ ഗോത്രത്തില്‍പെട്ട യുവാവിന് അവകാശപ്പെട്ടതാണ്. അറബ് സൈന്യം പോരാട്ടത്തിന് അണിയൊപ്പിക്കുന്നതിനു തൊട്ടുമുമ്പാണ് അയാള്‍ ഒരുപറ്റം ഗ്രാമീണ വണിക്കുകളോടൊപ്പം അവിടെ എത്തിയത്. എല്ലാവരും പോരാട്ടത്തില്‍ പങ്കാളികളാവുകയും ചെയ്തു.
അറബ് വസന്തത്തിലെ ഇസ്ലാമിക-ഇസ്ലാമേതര സംഘടനകളുടെയും സമൂഹങ്ങളുടെയും കൂട്ടായ്മയുടെ വേരുകള്‍ ചെന്നെത്തുന്നത് ഖലീഫമാരുടെ ഭരണകാലത്തേക്കാണെന്ന് ഇത്തരം നിരവധി സംഭവങ്ങള്‍ വ്യക്തമാക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: