2012, ജനുവരി 21, ശനിയാഴ്‌ച



ഈ എഡിറ്റോറിയല്‍ ഇനി വര്‍ത്തമാനം തിരുത്തുമോ? പണ്ട് നരേന്ദ്രന്‍ കമ്മീഷന്‍ വിഷയത്തില്‍ ഒന്നാം പേജില്‍ എഡിറ്റോറിയല്‍ എഴുതി പിന്നീട് മലക്കം മറിഞ്ഞിരുന്നു അതുകൊണ്ടാ സംശയം ....


ഇ-മെയില്‍ വിവാദം: സത്യം പുറത്തുവരണം



കേരളത്തിലെ മുസ്‌ലിം നേതാക്കളെയും മാധ്യമ പ്രവര്‍ത്തകരെയും സംഘടനകളെയും ഉന്നംവെച്ച് വിദ്യാര്‍ഥികളടക്കമുള്ളവരുടെ  ഇ-മെയില്‍ സന്ദേശങ്ങള്‍ സംസ്ഥാന ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ നിരീക്ഷണ വിധേയമാക്കിയ സംഭവം മലയാളികള്‍ ഇന്നോളം കാത്തുസൂക്ഷിച്ച മതേതരത്വത്തിന്റെ താളം നഷ്ടപ്പെടുത്താനായിരിക്കും ഉപകരിക്കുക. രാജ്യത്തെ മുസ്‌ലിംകളെ സംബന്ധിച്ചെടുത്തോളം പകര്‍ച്ചവ്യാധിപോലെ കടന്നുവരുന്ന ദുരന്തങ്ങളില്‍ അവസാനത്തേതാണിത്. അവരുടെ ഹൃദയവേദനകളെ പടിയിറക്കുന്നതിന് പകരം വകതിരിവില്ലാത്ത ചിന്തയോടെ   ഈ കൊച്ചുസംസ്ഥാനത്തെ ഇതിലേക്ക് വലിച്ചിഴച്ചത്  പൊലീസ്ഉദ്യോഗസ്ഥരോ സര്‍ക്കാരോ ആരായിരുന്നാലും  കടന്നകയ്യായിപ്പോയി. ഇത്തരം വാര്‍ത്തകളില്‍ ചുണ്ടമര്‍ത്തി ചിരിക്കാന്‍ ധാരാളം പേരുണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കേണ്ടതായിരുന്നു.
പൊലീസ് തയാറാക്കിയ ലിസ്റ്റില്‍ നല്ലൊരു വിഭാഗം ഗള്‍ഫ് മലയാളികളാണ്. കുടുംബം പോറ്റാന്‍ നാടും വീടും വിട്ടവരാണവര്‍. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ദശാബ്ദങ്ങളായി താങ്ങിനിര്‍ത്തുന്നത് അവരാണെന്ന് ആര്‍ക്കാണറിയാത്തത്? ഗള്‍ഫ് പ്രവാസികളുടെ സമ്പാദ്യമില്ലായിരുന്നെങ്കില്‍ എന്താവുമായിരുന്നു കേരളത്തിന്റെ അവസ്ഥ? അവരെ  നാട്ടുകാരുടെയും വീട്ടുകാരുടെയും മുമ്പില്‍ അനഭിമതാരാക്കാനാണ് പൊലീസിന്റെ നിരീക്ഷണം ഇടവരുത്തുക. രാജ്യസുരക്ഷയുടെയും തീവ്രവാദത്തിന്റെയും പേര് പറഞ്ഞ് രാജ്യമെമ്പാടും മുസ്‌ലിം യുവാക്കള്‍ വേട്ടയാടപ്പെടുന്ന ഇക്കാലത്ത് സാമൂഹ്യദ്രോഹികളുടെ പട്ടികയിലേക്കായിരിക്കും ഇവരും ആനയിക്കപ്പെടുക. 
കേരളം ഭരിക്കുന്നത് നരേന്ദ്രമോഡിയുടെ ബി ജെ പിയോ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിണിയാളുകളോ അല്ല. മുസ്‌ലിംകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള സര്‍ക്കാരാണ്. മുസ്‌ലിംലീഗ് കണ്ണുരുട്ടിയാല്‍ ഈ ഗവണ്‍മെന്റ് താഴെ പോകും. എന്നിട്ടും മുസ്‌ലിംകളുടെ കണ്ണുകളില്‍ നിരാശയുടെ ഇരുട്ട് പരത്തുന്ന ഇത്തരം  നടപടികള്‍  അവലംബിക്കാന്‍ സര്‍ക്കാരിന്്  ധൈര്യം വന്നതാണത്ഭുതം. മുസ്‌ലിം സമുദായത്തിന്റെ ആശങ്കയില്‍ ആഹ്‌ളാദിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്ന ഘടകം എന്താണാവോ. ഈ പ്രശ്‌നത്തെ സാമുദായിക സൗഹാര്‍ദത്തിനെതിരായ നീക്കമായി കാണുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, അതിന് വഴിയൊരുക്കിയവരുടെ പട്ടികയില്‍ പ്രഥമ സ്ഥാനത്തുള്ളത് താനാണെന്ന കാര്യം ഓര്‍ക്കാതെപോയി.
ഇ-മെയില്‍ ചോര്‍ത്തലിന് പൊലീസ് തയാറാക്കിയ 268 പേരില്‍ 258 ഉം മുസ്‌ലിംകളായതുകൊണ്ടാണ് കേരളത്തിലെ പ്രമുഖ വാരികക്ക് അത് വാര്‍ത്തയായത്. അവശേഷിക്കുന്നവരുടെ ജാതി പറയാതിരുന്നതിന്റെ പേരില്‍ വാരികക്കെതിരെ മതസ്പര്‍ധയുടെ പേരില്‍ കേസെടുക്കുന്നതിന് മുമ്പ് ഈ വലിയ അന്തരം ലിസ്റ്റില്‍ എങ്ങനെ വന്നുവെന്ന് വ്യക്തമാക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ബാധ്യതയുണ്ട്. ഒരു പൗരന്റെ  ഇ-മെയില്‍ സന്ദേശങ്ങളും സ്വകാര്യ സംഭാഷണങ്ങളും ചോര്‍ത്തുന്നത് തെറ്റാണെന്നും നിയമവിരുദ്ധമാണെന്നും നന്നായറിയാവുന്ന ഒരു സര്‍ക്കാര്‍ ചാരപ്പണിക്ക് ചൂട്ടുപിടിക്കുകയല്ലേ സത്യത്തില്‍ ചെയ്തത്. 
പത്രപ്രവര്‍ത്തകരുടെ ഫോണും ഇ-മെയിലും ചോര്‍ത്താനുള്ള ശ്രമം ആരു നടത്തിയാലും അതിനെയും  അതീവ ഗുരുതരമായി തന്നെ കാണണം. സ്വതന്ത്രമായ പത്രപ്രവര്‍ത്തനത്തെ അത് തടസ്സപ്പെടുത്തും. ഭരണഘടന അനുവദിച്ച പത്രസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാന്‍ ഇവിടെ ആര്‍ക്കാണധികാരം? വാര്‍ത്തകള്‍ സത്യസന്ധമായിരിക്കണമെന്ന് മാത്രമേയുള്ളൂ. ഇ-മെയില്‍ ചോര്‍ത്താന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന വാര്‍ത്ത സമുദായത്തിന്റെ പ്രാതിനിധ്യമവകാശപ്പെടുന്ന ലീഗിനെ അലോസരപ്പെടുത്തിയതായി കണ്ടില്ല. പാര്‍ട്ടിയുടെ നേതാവും മുന്‍ എം പിയുമായ മാന്യദേഹവും പൊലീസിന്റെ നിരീക്ഷണത്തിലാണ്. മാത്രമല്ല പാര്‍ട്ടിയും ജിഹ്വയും വാര്‍ത്തയെ വെള്ളപൂശാനും സര്‍ക്കാരിനെ ന്യായീകരിക്കാനുമാണ് ശ്രമിക്കുന്നത്.
കൊടുങ്ങല്ലൂരില്‍ പൊലീസ് നിരീക്ഷണത്തിലുള്ള ഒരു വ്യക്തിയുമായി ബന്ധമുള്ളവരുടെ ഇ-മെയില്‍ വിലാസമാണ് പരിശോധിക്കുന്നതെന്നും ഇത് രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടി മാത്രമാണെന്നുമുള്ള മുഖ്യമന്ത്രിയുടെയും ഡി ജി പിയുടെയും വിശദീകരണം തൃപ്തികരമായി തോന്നുന്നില്ല. അയാളില്‍ നിന്നോ അല്ലെങ്കില്‍ ആ വിലാസങ്ങളില്‍ ബന്ധപ്പെട്ടോ വിവരങ്ങള്‍ ശേഖരിക്കാവുന്നതേയുള്ളൂ. അതിന് ഒരു വകുപ്പുതല സര്‍ക്കുലര്‍ പുറപ്പെടുവിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. രഹസ്യാന്വേഷണ വിഭാഗത്തിലെ എസ് പി ഹൈടെക് സെല്ലിന്  അയച്ച കത്തില്‍ സിമി ബന്ധമുള്ള 268 പേരുടെ  ഇ-മെയില്‍ വിലാസമാണ് അന്വേഷിക്കേണ്ടത് എന്ന് പറഞ്ഞിരുന്നു. ഇത് ഉദ്യോഗസ്ഥന് പറ്റിയ തെറ്റാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി കൈകഴുകുകയാണ് ചെയ്തത്. ഇ-മെയില്‍ വിവാദം കള്ളപ്രചാരണമാണെന്നാണ് മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഇ-മെയില്‍ വിലാസങ്ങളെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നത് സാധാരണ സംഭവമാണെന്നും മുമ്പും അങ്ങനെ ചെയ്തിട്ടുണ്ടെന്നും പറയുന്ന മുഖ്യമന്ത്രി അത്തരം സംഭവങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചാല്‍ കൊള്ളാം.  പാസ്‌വേഡ് അറിയാന്‍ ശ്രമിച്ചില്ലെന്നും ലോഗ് ഇന്‍ ഡീറ്റൈല്‍സ് നല്‍കാനാണ് നിര്‍ദേശിച്ചതെന്നുമുള്ള അദ്ദേഹത്തിന്റെ വെളിപ്പെടുത്തലും പരിഹാസ്യമായിപ്പോയി.
ഇ-മെയില്‍, മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളുടെ പേരില്‍ രാജ്യത്തെമ്പാടും നിരപരാധികളായ മുസ്‌ലിം യുവാക്കള്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സംഭവ പരമ്പരകളുടെ പശ്ചാത്തലത്തിലാണ് പുതിയ വിവാദങ്ങളെയും മുസ്‌ലിം കേരളം നോക്കിക്കാണുന്നത്. അരോചകമായ അത്തരം അനുഭവങ്ങള്‍ ഇവിടെയും ആവര്‍ത്തിക്കപ്പെടുമെന്ന് അവര്‍ ന്യായമായും സംശയിക്കുന്നു. ലോകമെമ്പാടും അരങ്ങേറുന്ന അഗ്നിപരീക്ഷണങ്ങളുടെ ഭാരം അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുമ്പോള്‍ അടിസ്ഥാനരഹിതമാണ് ആരോപണമെന്ന് തെളിയിച്ച് എല്ലാ വിമര്‍ശകരെയും നിരായുധരാക്കാനുള്ള ശ്രമം മുഖ്യമന്ത്രി എത്രയും വേഗം നടത്തുകയാണ് വേണ്ടത്.  

(വര്‍ത്തമാനം പത്രം .ജനുവരി 20, 2012 )



അഭിപ്രായങ്ങളൊന്നുമില്ല: