2012, ജനുവരി 6, വെള്ളിയാഴ്‌ച


ഹാഷിം ഹാജിയുടെ വിമര്‍ശനങ്ങള്‍...
ഹാഷിം ഹാജി ജമാഅത്ത് മുജാഹിദ് വൃത്തത്തിൽ മാത്രമല്ല ജമാഅത്ത് വിമർശനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച മറ്റുവിഭാഗങ്ങളിലും സുപരിചിതനാണ്. വസ്തുനിഷ്ഠമായ ജമാഅത്ത് വിമർശനം കൊണ്ടോ പാണ്ഡിത്യം കൊണ്ടോ അല്ല അദ്ദേഹം ശ്രദ്ധേയനായത്; മറിച്ച് ജമാഅത്തെ ഇസ്ലാമിയുമായി ന്യായമായ/അന്യായമായ പിണക്കവും തുടർന്ന് എറണാകുളം മദീനാ മസ്‌ജിദ്‌  സംഭവങ്ങളിലൂടെയുമുണ്ടായ ഒരു തരം കുപ്രസിദ്ധി/സുപ്രസിദ്ധി കാരണമായിട്ടാണ്. ജമാഅത്ത് പക്ഷത്ത് നിന്ന് അദ്ദേഹത്തിന്റെ പിണക്കം ന്യായമോ അദ്ദേഹത്തിന്റെത് സുപ്രസിദ്ധിയോ അല്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഈ വിഷയത്തിൽ ഒരു പക്ഷെ അദ്ദേഹത്തിന്റെ പക്ഷത്ത് നിന്ന് ചിന്തിക്കുമ്പോൾ നേരെ തിരിച്ചാകാം. നിഷ്പക്ഷമായ ഒരു വായനയിൽ സത്യം രണ്ടിനും മധ്യയുമാകാം. അദ്ദേഹമെന്ന വ്യക്തിയും പ്രസ്തുത സംഭവവുമല്ല ഇവിടെ ഇനി വിഷയമാകാൻ പോകുന്നത് എന്നതിനാൽ ഇക്കാര്യത്തിൽ ഒരു വിധിതീർപ്പ് ആവശ്യമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞുവെച്ചത്.

ഇവിടെ വിഷയം പുതിയ ലക്കം ശബാബ് വാരിക അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിൽ അദ്ദേഹം നടത്തിയ ജമാഅത്ത് വിമർശനമാണ്. അതിന് മുമ്പ് നയനിലപാടുകളിൽ ജമാഅത്തിനോട് അടുത്ത് നിൽക്കുന്നുവെന്ന് ധരിക്കപ്പെടുന്ന മുജാഹിദ് മടവൂർ വിഭാഗം പുതുതായി ഇറങ്ങിക്കൊണ്ടിരിക്കുന്ന എല്ലാ ലക്കങ്ങളിലും ജമാഅത്തിനെ കാര്യമായി ഉന്നം വെക്കുന്നതിന്റെ ഞാൻ മനസ്സിലാക്കിയ കാരണം കൂടി പങ്കുവെക്കാനാഗ്രഹിക്കുന്നു.

ഹുസൈൻ മടവൂരിന്റെ നേതൃത്വത്തിൽ തന്നെ മുജാഹിദ് സംഘടന പിളർന്നപ്പോൾ അവർ ഔദ്യോഗിക പക്ഷത്തുനിന്ന് ഏൽകേണ്ടി വന്ന ഏറ്റവും വലിയ ആരോപണവും ഇന്നും തുടർന്ന് കൊണ്ടിരിക്കുന്ന ആരോപണവും മടവൂർ വിഭാഗം ഇഖ് വാനിസത്തിന്റെയും മൗദൂദിസത്തിന്റെയും ആളുകളാണ് എന്നതാണ്. എന്നാൽ പലപ്പോഴും ഇസ്ലാമിക പ്രമാണങ്ങളുടെ അടിത്തറയിൽ നിന്ന് അതിനെ പ്രതിരോധിക്കുന്നതിന് പകരം അവർ ചെയ്തത്. ഇടക്കിടക്ക് തങ്ങളതല്ലെന്ന് വരുത്താൻ ജമാഅത്തെ ഇസ്ലാമിയെ അകാരണമായും യുക്തിരഹിതമായു വിമർശിക്കുക എന്നതാണ്. ഇപ്പോൾ മുജാഹിദ് വിഭാഗം വീണ്ടും പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. ജിന്നൂരികൾ എന്ന് ആക്ഷേപിക്കപ്പെടുന്ന ഔദ്യോഗിക വിഭാഗം വീണ്ടും പിളർപ്പിലേക്ക് നീങ്ങുന്നു. അവരിലെ ഒരു വലിയ വിഭാഗത്തെ അതിര് കവിഞ്ഞവർ എന്ന പരാമർശത്തോടെ തിരുത്താൻ എ.പി.യുടെ കീഴിലുള്ള ഒരു വിഭാഗം ശ്രമിക്കുന്നു. ആരുടെ കൂടെ എത്ര പേർ എന്നത് പിളരാത്തതിനാൽ വ്യക്തമല്ല. പുറത്താക്കപ്പെടുമെന്ന് കരുതുന്ന സകരിയാ സലാഹിയുടെ പിന്നാലെയാണ് വലിയ ഒരു പക്ഷം എന്ന് തോന്നത്തക്ക പരിപാടികളാണ് പുറത്ത് കാണുന്നത്. ഇയ്യിടെ കണ്ട മുജാഹിദ് പോസ്റ്ററുകളിൽ മിക്കവയിലും സകരിയാ സ്വലാഹി പ്രഭാഷണം നടത്തുന്നുവെന്നതാണ് കാണുന്നത്. ചുരുക്കത്തിൽ ഒരു വലിയ പ്രതിസന്ധിയിലൂടെയാണ് മുജാഹിദ് പ്രസ്ഥാനം കടന്നുപോകുന്നത്. ജമാഅത്തെ ഇസ്ലാമിയെ ഈ സമയത്ത് പരമാവധി തെറ്റിദ്ധരിപ്പിച്ചില്ലെങ്കിൽ അത് മുജാഹിദ് പ്രസ്ഥാനത്തിന് വല്ലാത്ത ആൾചോർചയുണ്ടാക്കും എന്നവർ ഭയപ്പെടുന്നു. ഹമീദ് വാണിൻമേൽ ജമാഅത്ത് വിട്ടപ്പോൾ മുജാഹിദുകൾ ജമാഅത്ത് പിളരുമെന്ന് ഏറെ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ജമാഅത്തിന്റെ ഘടന മനസ്സിലാക്കിയ അദ്ദേഹം അന്ന് തന്നെ ആ സ്വപനം വേണ്ടന്ന് തുറന്നടിച്ചു.

എന്നാലും മുജാഹിദുകൾ ഈ വിഷയത്തിൽ പ്രതീക്ഷ പുലർത്തികൊണ്ടിരുന്നു. തെരഞ്ഞെടുപ്പിലും, തുടർന്ന് ഓരോ സംഭവങ്ങളും ആരോപണങ്ങളുമുണ്ടാവുമ്പോൾ ജമാഅത്ത് പിളരുന്നുവെന്ന് അവർ പറഞ്ഞുകൊണ്ടിരുന്നു. അതത്ര എളുപ്പമല്ലെന്ന് തോന്നിയത് കൊണ്ടാവുമോ ആവോ പുതിയ തലക്കെട്ട്ജമാഅത്തെ ഇസ്‌ലാമി പൊളിഞ്ഞുവീഴാറായ വീട്‌!  എന്നതാണ്. സത്യത്തിൽ ജമാഅത്തുകാരിലാർക്കും അങ്ങിനെ തോന്നുന്നതായി അനുഭവപ്പെടുന്നില്ല. ആരെങ്കിലും നേരിയ ഒരു ആശങ്ക ആ വിഷത്തിൽ പുലർത്തുന്നതും കണ്ടിട്ടില്ല. മാനുഷ്യരാൽ നിയന്ത്രിക്കപ്പെടുന്ന ഒരു സംഘടന എന്ന നിലക്ക് സ്വാഭാവികമായി ഉണ്ടാവുന്ന ചില പ്രശ്നങ്ങളല്ലാതെ എന്തെങ്കിലും അതിന് ഇന്നോളം സംഭവിച്ചതായി അറിയുന്നില്ല. അതോടൊപ്പം അത് പുതിയ തലത്തിലേക്ക് കൂടുതൽ ശക്തിയോടെ പ്രവേശിച്ചുകൊണ്ടിരിക്കുന്നതും നാം കാണുന്നു. പുതിയ രാഷ്ട്രീയ പാർട്ടി ആയാലും പുതിയ അതിന്റെ കീഴിൽ നടത്തപ്പെടുന്ന മാധ്യമം പത്രത്തിന്റെ പുതിയ ചാനലായാലും പൊളിഞ്ഞ് വീഴാറായ ഒരു വീട്ടിൽനിന്ന് പ്രതീക്ഷിക്കുന്ന തീരുമാനങ്ങളല്ല അവിടെ നിന്ന് കേട്ടുകൊണ്ടിരിക്കുന്നത്.

ഇനി ഈ ആരോപണം ഉന്നയിച്ചുകൊണ്ടിരിക്കുന്ന സംഘടനകളുടെ ഘടനാപരവും അവർ നടത്തിക്കൊണ്ടിരിക്കുന്ന സംരഭങ്ങളെക്കുറിച്ചും ആലോചിക്കുക. മടവൂർ വിഭാഗത്തിന് വർത്തമാനം എന്ന ഒരു പത്രമുണ്ട് അതിന്റെ നില ഇപ്പോൾ എന്താണ്. പ്രചാരണത്തിന് അവർ ഏതറ്റം വരെ പോയിട്ടും വെറുതെ കിട്ടിയാൽ പോലും മറിച്ചു നോക്കാൻ തോന്നാത്ത വിധം ശോചനീയി അത് തുടരുന്നു. അതേ സമയം അവർ പൊളിഞ്ഞുവിഴാറായി എന്ന് പറയപ്പെടുന്ന ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തകർ നേതൃത്വം നൽകുന്ന പത്രം കഴിഞ്ഞ വർഷം എറ്റവും കൂടുതൽ വായനാ നിരക്ക് രേഖപ്പെടുത്തി മുന്നേറുന്നു. അതെ പോലെ ഔദ്യോഗിക വിഭാഗമെന്നറിയപ്പെടുന്ന എ.പി. വിഭാഗത്തിന്റെ തികച്ചും തെറ്റായ വാദങ്ങളെ പ്രതിരോധിക്കുന്നതിന് പകരം ജമാഅത്തെ ഇസ്ലാമിയെ വിമർശിച്ച് രക്ഷപ്പെടുവാനുള്ള ശ്രമം എത്രത്തോളം ദുർബലമാണ് അതിന്റെ സംവിധാനങ്ങൾ എന്നതിന്റെ തെളിവാണ്.

മറുപക്ഷം അഥവാ എ.പി വിഭാഗമാകട്ടെ. അവരുടെ തീവ്രത കാരണം ചാനൽ പോയിട്ട് ഒരു വർത്തമാന പത്രം പോലും തുടങ്ങാൻ സാധിക്കാത്തത്രയും പിന്തിരിപ്പൻ സമീപനത്തിന്റെ വക്താക്കളാണ്. അതോടൊപ്പം ഒരു വലിയ പിളർപ്പിനെ എങ്ങനെ മറികടക്കണം എന്ന് എ.പി. അബ്ദുൽ കാദർ മൗലവിക്കോ കൂടെയുള്ളവർക്കോ ഒരു എത്തും പിടിയും കിട്ടുന്നില്ല. ഈ വിഡിയോകൾ ഒന്ന് കണ്ടുനോക്കുക. അവരുടെ യഥാർഥ ലക്ഷ്യം പോലും മറന്ന് പോയിട്ട് കാലം കുറേയായി. അവർ മുഖ്യ ദൗത്യമായി കണ്ടിരുന്ന മുസ്ലിംകളിലെ ശിർക്ക് ബിദ്അത്തുകൾക്കെതിരിലുള്ള പോരാട്ടം തീവ്രത കാരണം എൽ.സി.ഡി ക്ലിപ്പുകളിലൊതുങ്ങി. പ്രതിയോഗികളാകട്ടെ ഹൈടെക്ക് വിദ്യകളും സംവിധാനങ്ങളും ഉപയോഗിച്ച് ഒരിക്കലും പ്രതിരോധിക്കാനാവാത്ത തലത്തിലേക്ക് ഉയർന്നു. അതോടെ പ്രതിയോഗികളില്ലെങ്കിൽ നിലനിൽപ്പില്ലെന്ന് കരുതപ്പെടുന്ന മുജാഹിദുകൾ ജമാഅത്തിനെ സ്ഥാനത്തും അസ്ഥാനത്തും വിമർശിക്കാനാരംഭിച്ചു. അതിന്റെ സ്വാഭാവികമായ പരിണതിയാണ് ഇപ്പോൾ അനുഭവിക്കുന്നത്. ഇപ്പോൾ മുഖ്യ പ്രതിയോഗി മടവൂർ വിഭാഗം കഴിഞ്ഞാൽ സ്വന്തം അണികൾക്കുള്ളിലെ സകരിയാക്കൾ എന്ന വിഭാഗമാണ്.

ഈ രണ്ട് മൂജാഹിദുകളും തങ്ങളുടെ അണികളെ പിടിച്ച് നിർത്താനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായിട്ടാണ്. ജമാഅത്തിനോട് വിരോധമുള്ളവരെ ഉപയോഗപ്പെടുത്തി അർഥ രഹിതമായ ആരോപണങ്ങളെ പ്രചരിപ്പിച്ച് ജമാഅത്തിനെ ഒന്നുമല്ലെന്ന് അണികളെ ബോധ്യപ്പെടുത്താനുള്ള ശ്രമം. ആരോപിക്കുന്നത് മുൻ ജമാഅത്തുകാരാകുമ്പോൾ അവയുടെ യുക്തിരാഹിത്യവിമർശനത്തിൽ നിന്നും വിവക്കേട്, കുശുമ്പ് എന്നവയിൽ നിന്നുമൊക്കെ സ്വന്തം പാർട്ടിയും പത്രവും സുരക്ഷിതമായിരിക്കുകയും ചെയ്യും. ഒരു വെടിക്ക് രണ്ട് പക്ഷി..

ജമാഅത്തിനെക്കുറിച്ച് അറിയാനാഗ്രിഹ്കുന്ന മുജാഹിദ് സുഹൃത്തുക്കളെ ഇത്തരം ആരോപണങ്ങളുടെ പൊള്ളത്തരം ബോധ്യപ്പെടുത്തുക എന്നത് മഹത്തായ ഒരു കാര്യമാണ്. തുടർന്ന് ഏതാനും പോസ്റ്റുകളിൽ ഹാഷിം ഹാജിയുടെ വിമർശനത്തെ പരിശോധിക്കാനാണ് ശ്രമിക്കുന്നത്. കാത്തിരിക്കുക....

1 അഭിപ്രായം:

CKLatheef പറഞ്ഞു...

ലേഖനം മുഴുവനായി എടുത്ത് ചേർക്കുമ്പോൾ ആ കാര്യം സൂചിപ്പിക്കുകയും യഥാർഥ പോസ്റ്റിലേക്ക് ഒരു ലിങ്ക് നൽകുന്നതും നല്ലതാണ്. യഥാർഥ പോസ്റ്റ് ഇവിടെയാണുള്ളത്.
http://jamaatheislami.blogspot.com/2012/01/blog-post_07.html

അഥവാ ഇവിടെ ക്ലിക്കിയാൽ അവിടെയെത്തും.

നിലാവ് എന്ന ബ്ലോഗിന് എല്ലാ ആശംസകളും...