2011, ജൂലൈ 26, ചൊവ്വാഴ്ച

റാബിത്വയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ തുടക്കമായി

മക്ക: ആനുകാലിക മുസ്‌ലിം സമൂഹത്തിന്റെ മതപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി മുസ്‌ലിം വേള്‍ഡ് ലീഗ് (റാബിത്വത്തുൽ ആലമിൽ ഇസ്‌ലാമി) സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്‌ട്ര സമ്മേളനം മക്കയില്‍ ആരംഭിച്ചു. സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം വിളിച്ചു ചേര്‍ത്ത സമ്മേളനം മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ്‌ അല്‍ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. റാബിത്വയുടെ ദക്ഷിണേന്ത്യന്‍ കോര്‍ഡിനേറ്ററും ഓള്‍ ഇന്ത്യ ഇസ്‌ലാഹി മൂവ്മെന്റ് ജനറല്‍ സെക്രട്ടറിയുമായ ഡോക്ടര്‍ ഹുസൈന്‍ മടവൂര്‍, ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ മൌലാന ജലാലുദ്ദീന്‍ ഉമരി, ലഖ്നോ നദ്‌വത്തുല്‍ ഉലമ ശരീഅ വിഭാഗം തലവന്‍ മൗലാന സല്‍മാന്‍ നദ്‌വി എന്നിവരാണ് ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധികള്‍. ഓരോ രാജ്യത്തിന്റെയും സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസ്സിലാക്കി മുസ്‌ലിം സമൂഹത്തെ മാതൃക സമൂഹമാക്കി പരിവര്‍ത്തിപ്പിക്കാന്‍ വേണ്ട കര്‍മ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സാമുദായിക നേതൃത്വത്തിന് സാധിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അമീര്‍ ഖാലിദ്‌ അല്‍ ഫൈസല്‍ പറഞ്ഞു.

1962 ല്‍ സ്ഥാപിതമായ റാബിത്വയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ തുടക്കമായി വിളിച്ചു കൂട്ടിയിട്ടുള്ള ഈ സമ്മേളനത്തില്‍ മുസ്ലിം ലോകത്തെ പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും എന്ന വിഷയത്തെ അധികരിച്ച് പന്ത്രണ്ടു പ്രബന്ധങ്ങളും അനുബന്ധ ചര്‍ച്ചകളും നടക്കും. അറബ് ലോകത്ത് ഉയര്‍ന്നു വരുന്ന രാഷ്ട്രീയ പരിഷ്കരണ സംരംഭങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു എന്നതും ഈ സമ്മേളനത്തിന്റെ പ്രത്യേകതയാണ്. ഭരണാധികാരികളുടെയും പ്രജകളുടെയും അവകാശങ്ങള്‍ , ഇസ്ലാമിക ശരീഅത്തിന്റെ കാലിക പ്രസക്തി, സൗദി അറേബ്യന്‍ ഭരണ ഘടനയുടെ ഇസ്ലാമിക വായന എന്നീ വിഷയങ്ങളെ അധികരിച്ചുള്ള പ്രബന്ധങ്ങളും അവതരിക്കപ്പെടും.

കുവൈത്ത്, അബുദാബി മതകാര്യ വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പണ്ഡിതരായ മൗലാന ബദര്‍ അല്‍ കാസിമി, തകിയുദ്ദീന്‍ നദ് വി എന്നിവര്‍ അതാതു മതവകുപ്പുകളെ പ്രതിനിധീകരിച്ചു സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. റാബിത്വ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ ഡോ. അബ്ദുള്ള തുര്‍കി അദ്ധ്യക്ഷത വഹിച്ചു. അബ്ദുള്ള രാജാവിന്റെ സന്ദേശം മക്ക ഗവര്‍ണര്‍ വായിച്ചു. സൗദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ്‌ ആലു ശൈഖ്, ഡോ. അഹമദ് കമാല്‍ അബൂ മജ്ദ് , ഡോ അബ്ദുള്ള ബസ്ഫാര്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: