2011, ജൂലൈ 16, ശനിയാഴ്‌ച

പൂജാ ലാമയും ഇസ്ലാമിലെത്തി

"ഇസ്ലാമിനെതിരെ നടക്കുന്ന പ്രോപഗണ്ടയാണ് എന്നെ ആ ദര്‍ശനത്തിലേക്ക് അടുപ്പിച്ചത്. പഠിച്ചപ്പോള്‍ പ്രോപഗണ്ടക്ക് തീര്‍ത്തും വിരുദ്ധമാണ് യാഥാര്‍ഥ്യം എന്ന് ബോധ്യമായി. മനുഷ്യ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്ക് സമാധാനപരമായും നീതിപൂര്‍വകമായും പരിഹാരം നിര്‍ദേശിക്കാന്‍ ഇസ്ലാമിന് മാത്രമേ കഴിയൂ.'' ഇത് പൂജാ ലാമയുടെ വാക്കുകളാണെന്ന് പറഞ്ഞാല്‍ പൂജയെ അറിയുന്നവര്‍ അത് വിശ്വസിക്കാന്‍ കൂട്ടാക്കില്ല. ആരാണ് പൂജാ ലാമ? നേപ്പാളിലെ പ്രശസ്ത നടി, മോഡല്‍, ഗായിക. അപവാദങ്ങള്‍ കൂടെപ്പിറപ്പ്. പേരിന് മൂന്ന് തവണ കല്യാണം കഴിച്ചു. എല്ലാം അപവാദങ്ങളില്‍ തട്ടിത്തകര്‍ന്നു. പിന്നെ കേള്‍ക്കുന്നത് പൂജ ആത്മഹത്യക്ക് ശ്രമിച്ചെന്ന വാര്‍ത്തയാണ്.
ജീവിതനൈരാശ്യത്തിന്റെ മൂര്‍ധന്യത്തിലാണ് ബുദ്ധമതത്തില്‍ പിറന്ന പൂജ ഇതര മതങ്ങളെക്കുറിച്ച് പഠിക്കാനൊരുങ്ങുന്നത്. ഇസ്ലാമിന്റെ ഏകദൈവ സങ്കല്‍പം അവരെ ഹഠാദാകര്‍ഷിച്ചു. ദുബൈയിലേക്കും ഖത്തറിലേക്കും അവര്‍ നടത്തിയ യാത്ര വഴിത്തിരിവായി. ഇസ്ലാം ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് അവര്‍ കണ്ടറിഞ്ഞു. ഈ 28-കാരിയുടെ ഇസ്ലാമാശ്ളേഷത്തിന് പിന്നെ താമസമുണ്ടായില്ല.
"ഞാന്‍ കൂരിരിട്ടിലായിരുന്നു. എന്തെല്ലാം അപവാദങ്ങളാണ് മീഡിയ എന്നെക്കുറിച്ച് പ്രചരിപ്പിച്ചത്. പ്രശസ്തി മോഹിച്ച് താന്‍ കുടുംബം തകര്‍ക്കുകയാണെന്ന് വരെ എഴുതിപ്പിടിപ്പിച്ചു. ആ നൈരാശ്യത്താല്‍ ജീവനൊടുക്കിയാലോ എന്ന് തോന്നിപ്പോയി. മദ്യം, സിഗരറ്റ്, അവിശുദ്ധ ഭക്ഷണങ്ങള്‍ എല്ലാം ഉപേക്ഷിച്ച് ഞാനിന്ന് ഇസ്ലാമിന്റെ വെളിച്ചത്തില്‍ നില്‍ക്കുന്നു. ഞാന്‍ സന്തോഷവതിയാണ്.''
ഇന്നവര്‍ പൂജാ ലാമയല്ല, അംന ഫാറൂഖിയാണ്

അഭിപ്രായങ്ങളൊന്നുമില്ല: