2011, ജൂലൈ 27, ബുധനാഴ്‌ച

ഒരു അമേരിക്കന്‍ യുവതിയുടെ ഇസ്ലാമാശ്ളേഷണത്തിന്റെ കഥ


ഒരു അമേരിക്കന്‍ യുവതിയുടെ ഇസ്ലാമാശ്ളേഷണത്തിന്റെ കഥ


ഇസ്ലാമിക വസ്ത്രധാരണ രീതിയെ നമ്മുടെ ബുദ്ധിജീവികള്‍ എന്നവകാശപ്പെടുന്നവര്‍ എതിര്‍ക്കുമ്പോള്‍ പാശ്ചാത്യ ലോകം ഇസ്ലാമിക വസ്ത്രധാരണ രീതിയെ ഇരു കയ്യും നീട്ടി സ്വീകരിക്കുകയാണ്.'ഇസ്ലാമിക വസ്ത്രധാരണ രീതിയാണ് എന്നെ മുസ്ലിമാവാന്‍ പ്രേരിപ്പിച്ചതെന്ന്' പറഞ്ഞ് ഒരു അമേരിക്കന്‍ യുവതി തന്‍റെ ഇസ്ലാമാശ്ളേഷണത്തിന്റെ കഥ വിവരിക്കുക യാണിവിടെ...

ഒരു തികഞ്ഞ ക്രിസ്തീയ പശ്ചാതലമുള്ള കുടുംബത്തില്‍ പിറന്ന അമേരിക്കക്കാരിയാണ് ഞാന്‍. എന്റെ പതിനാറാമത്തെ വയസുമുതല്‍ ഞാന്‍ ക്രിസ്തുമതാനുയായിയും തികഞ്ഞ മതഭക്തയുമായിത്തീര്‍ന്നു. എന്നെ സംബന്ധിച്ചിടത്തോളം, ചര്‍ച്ച് എന്റെ മറ്റൊരു വീട്തന്നെയായിരുന്നു. ചര്‍ച്ചുമായുള്ള എന്റെ ബന്ധം ഞാന്‍ നന്നായി ആസ്വദിക്കുകയും ചെയ്തിരുന്നു.

ഞാന്‍ പതിവായി ബൈബിള്‍ വായിച്ചു. വായിക്കുമ്പോഴെല്ലാം അതിലെ പിഴവുകള്‍ എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. വൈരുദ്ധ്യങ്ങളുള്ള നിരവധി കഥകളെ കുറിച്ച് എന്റെ അമ്മുമ്മയോടും ദേവാലയത്തിലെ വൈദികനോടും പലപ്പോഴും ചോദിക്കും. ശരിയായ ഉത്തരം എനിക്ക് ഇന്നേവരെ ലഭിച്ചിട്ടില്ല. അത്തരം കഥകള്‍ അവഗണിക്കുവാനും അതാലോചിച്ച് പ്രയാസപ്പെടേണ്ടെന്നുമാണ് അവരുടെ എപ്പോഴുമുള്ള ഉപദേശം. കുറെക്കാലം ഞാനങ്ങനെ തന്നെ ചെയ്തു.

പിന്നീട്, എന്റെ ഇരുപതാം വയസ്സില്‍ ഞങ്ങളുടെ പ്രദേശത്തെ 'യൂത്ത് പാസ്റര്‍' ആയി ഞാന്‍ നിയമിതയായി. എന്റെ ബൈബിള്‍ പഠനം തീവ്രമായത് ഇക്കാലയളവിലാണ്. ഞാന്‍ കൂടുതല്‍ പഠിക്കുംതോറും എന്നില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നു. എന്റെ സംശയങ്ങള്‍ക്കുള്ള മറുപടി ചര്‍ച്ചില്‍ നിന്നും ലഭിക്കാതായപ്പോള്‍ ഞാന്‍ ബൈബിള്‍ കോളേജില്‍ ചേരുവാന്‍ തിരുമാനിച്ചു. തീര്‍ച്ചയായും അവിടെ നിന്ന് ഉത്തരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഞാന്‍. പക്ഷേ അതിനും ഭാഗ്യമുണ്ടായില്ല.

ഒന്നിനും എന്റെ മനസ്സിനെ സമാശ്വസിപ്പിക്കാന്‍ കഴിയാത്തതിനാല്‍ ഞാന്‍ 'യൂത്ത് പാസ്റര്‍' പന്ന പദവിയില്‍ നിന്ന് ഒഴിയുവാന്‍ തീരുമാനിച്ചു. നിരവധി കാര്യങ്ങളില്‍ ഞാന്‍ സംശയാലുയായിരിക്കെ, ഈ പദവിയില്‍ ഇനിയും എനിക്ക് തുടരുവാന്‍ കഴിയുകയില്ലെന്ന് എനിക്ക് ബോധ്യമായി. എന്റെ മനസ്സിനെ അലട്ടുന്ന ഇത്തരം ചോദ്യങ്ങളില്‍ നിന്ന് മോചനം വേണമെന്നും ഒരാള്‍ എന്നെ നയിക്കുവാന്‍ വേണമെന്നും ഞാന്‍ ഉള്‍ക്കടമായി ആഗ്രഹിച്ച സന്ദര്‍ഭമായിരുന്നു അത്.

ഒരു ദിവസം രാത്രി ഞാന്‍ ടെലിവിഷന്റെ മുന്നിലിരിക്കുകയാണ്. ഇറാഖില്‍ നിന്നുള്ള സംഭവങ്ങള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ് സി.എന്‍.എന്‍ ചാനല്‍. ടി.വി സ്ക്രീനില്‍ ഞാനൊരു സ്ത്രീയെ കണ്ടു. ഞാന്‍ കണ്ടതില്‍ വച്ചേറ്റവും സൌന്ദര്യവതിയായിരുന്നു അവര്‍. അടിമുതല്‍ മുടിവരെ കറുത്ത വസ്ത്രമാണ് അവര്‍ ധരിച്ചിരുന്നത്. അവരുടെ കുലീനത്വം, എന്നില്‍ അവളുടെ മനോഹാരിത വര്‍ധിപ്പിച്ചു, അവള്‍ മുസ്ലിം സ്ത്രീയാണെന്നെനിക്ക് മനസ്സിലായി. പക്ഷേ മുസ്ലിംകളുടെ മത വിശ്വാസങ്ങളെന്തൊക്കെയെന്ന് എനിക്കറിയുമായിരുന്നില്ല.

അവരുടെ വസ്ത്രധാരണ രീതി എന്നെ വല്ലാതെ ആകര്‍ഷിച്ചു. അവളില്‍ എനിക്ക് എന്തെന്നില്ലാത്ത താല്‍പര്യമുണ്ടായി. എത്രയും വേഗം എനിക്ക് അവളെ പോലെയാകണം എന്നെന്റെ മനസ്സ് മന്ത്രിച്ചു. ഭക്തയായ, കുലീനയായ ആ സ്ത്രീയില്‍ നിന്നാണ് എന്റെ അന്വേഷണം ആരംഭിക്കുന്നത്. തുടര്‍ന്ന് ഞാന്‍ ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്യാന്‍ തുടങ്ങി. 'മുസ്ലിം വനിത വസ്ത്രധാരണവും മുസ്ലിം സ്ത്രീയുടെ മുഖാവരണവും', 'ഹിജാബ്', 'നിഖാബ്' തുടങ്ങിയ പദങ്ങളുമായി ആദ്യമായി പരിചയപ്പെടുന്നതപ്പോഴാണ്. ഹിജാബും നിഖാബും ധരിക്കുന്ന ഈ സ്ത്രീകളെ വിക്കിമീഡിയ പരിചയപ്പെടുത്തുന്നതും ഹിജാബിനികള്‍ നിഖാബിനികള്‍ എന്നാണ്.

ഈ ഹിജാനികളും നിഖാബിനികളുമായി മാറി, എന്റെ പുതിയ റോള്‍ മോഡലുകള്‍. ഓണ്‍ലൈനിലെ എന്റെ കുസൃതി പേരുകള്‍ ഹിജാബിനി, നിഖാബിനി എന്നാക്കി മാറ്റി ഞാന്‍. എന്നാല്‍ ഇവയൊന്നും ഇസ്ലാമിക വിശ്വാസമെന്തന്നന്വേഷിക്കുവാന്‍ എന്റെ പ്രേരിപ്പിച്ചിട്ടുണ്ടായിരുന്നില്ല. ഒരു മധ്യാഹ്നം. എനിക്ക് പുറത്ത് ഒരു പാര്‍ട്ടിയുണ്ട്. എന്റെ തൊട്ടടുത്ത അയല്‍വാസിയുമായി ഞാന്‍ സംസാരിച്ചിരിക്കെയാണ് ഞങ്ങളുടെ സംസാരം എങ്ങനെയോ മതം എന്ന വിഷയത്തിലെത്തിയത്. അയാള്‍ എന്നോട് പറഞ്ഞു 'നമ്മള്‍ ക്രിസ്ത്യാനികള്‍ ദൈവ സന്നിധിയില്‍ ഹാജറാക്കപ്പെടുമ്പോള്‍ പ്രയാസത്തിലായിരിക്കും'

ഞാന്‍ ശരിയെന്ന ഭാവത്തില്‍ വെറുതെ തലയാട്ടി. ഇയാള്‍ എന്താണ് പറഞ്ഞുവരുന്നതെന്ന് എനിക്ക് മനസ്സിലായില്ല. അയാള്‍ തുടര്‍ന്നു 'നിനക്കറിയുമോ മുസ്ലിംകള്‍ ദിവസവും അഞ്ചുനേരം വിശ്വാസപൂര്‍വം പ്രാര്‍ത്ഥിക്കുന്നു. നമ്മള്‍ ക്രിസ്ത്യാനികള്‍ ദിവസത്തില്‍ ഒരു നേരം പ്രാര്‍ത്ഥിക്കുവാന്‍ പോലും തയ്യാറല്ല'. സംസാരം മതിയാക്കി ഞാന്‍ വീട്ടിലേക്കോടി. കമ്പ്യൂട്ടര്‍ തുറന്ന് മുസ്ലിം വിശ്വാസാചരാങ്ങളെക്കുറിച്ച് സെര്‍ച്ച് ചെയ്യാന്‍ തുടങ്ങി. എനിക്ക് അനുയോജ്യമായതിതാണെന്നു തോന്നിയ ആ വിശ്വാസാചാരങ്ങള്‍ കണ്ട് ഞാന്‍ സ്തബ്ദയായി നിന്നു.

ഒന്നു കൂടി എനിക്കുറപ്പുവരുത്തേണ്ടതുണ്ടായിരുന്നു, അവരുടെ വിശ്വാസങ്ങളില്‍ അത്ഭുതപ്പെടാനൊന്നുമില്ലായെന്ന്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എന്റെ ഏറ്റവും അടുത്തുള്ള നമസ്കാരപ്പള്ളിയില്‍ പോയി ഞാന്‍ കൂടുതല്‍ പഠിക്കാന്‍ തുടങ്ങി, പ്രഭാതങ്ങളില്‍ കുറച്ചു സമയം ഇസ്ലാമിനെ പഠിക്കാന്‍ ഞാന്‍ മാറ്റിവച്ചു. രണ്ട് മാസത്തോളം തുടര്‍ന്നുപോന്ന ഗവേഷണങ്ങള്‍ക്കുശേഷം ഞാന്‍ ഇസ്ലാമാശ്ളേഷിക്കാന്‍ തീരുമാനിച്ചു. അങ്ങനെ അടുത്തുള്ള പള്ളിയില്‍ പോയി 'ശഹാദത്ത്' ചൊല്ലി. ഒരു അനുഭൂതി എന്റെ ആത്മാവിലേക്ക് പ്രവേശിച്ചു. എന്റെ ഹൃദയം ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു നിര്‍വൃതി. സുബ്ഹാനല്ലാഹ്!

അഭിപ്രായങ്ങളൊന്നുമില്ല: