2011, ജൂലൈ 26, ചൊവ്വാഴ്ച

ജമാഅത്തിന്റെ നിലപാട്


"യുദ്ധം അല്ലെങ്കില്‍ സന്ധി. ഇങ്ങനെ രണ്ട് രാഷ്ട്രീയാവസ്ഥകളേ ഖുര്‍ആനില്‍ നിന്നുരുത്തിരിച്ചെടുക്കാന്‍ കഴിയുകയുള്ളൂ എന്ന ഒരു സിദ്ധാന്തം കേള്‍ക്കാന്‍ കഴിഞ്ഞു. അത് പരസ്യപ്പെടുത്തുകയും വേണമത്രെ. അതിന്റെ ഇസ്ലാമികാടിത്തറ പരിശോധിക്കേണ്ടതുണ്ട്. അതിനു മുമ്പ് ഉയര്‍ന്നുവരുന്ന ചില സംശയങ്ങള്‍ ഇവിടെ കുറിക്കട്ടെ, 'ഇസ്ലാമിക പ്രസ്ഥാന'ത്തിന്റെ പ്രഖ്യാപിതനിലപാട് തന്നെയാണോ അത്? 'തീവ്രവാദ' വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രസ്ഥാനത്തോട് സഹകരിക്കുന്ന സംഘടനകള്‍ അത് അംഗീകരിക്കുന്നുണ്ടോ? ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഓരോന്നിനോടും ഈ രണ്ടില്‍ ഏതു നിലപാടാണ് പ്രസ്ഥാനം എടുത്തിട്ടുള്ളതെന്ന് വിവരിക്കാമോ? ആര്‍.എസ്.എസ്സിനോട് സന്ധിയാണോ യുദ്ധമാണോ? സന്ധിയാണെങ്കില്‍ അതിലെ വ്യവസ്ഥകള്‍ എന്താണ്? ജമാഅത്തുകാരല്ലാത്തവരെയെല്ലാം വധിക്കുന്നതിന് വിരോധമില്ലെന്ന് സന്ധിയില്‍ വ്യവസ്ഥ ഉണ്ടോ? ബാബരി മസ്ജിദിനെക്കുറിച്ച് എന്താണ് അതില്‍ പറയുന്നത്? ശിവസേനയോട് സന്ധിയുണ്ടാക്കിയിട്ടുണ്ടോ? അതോ യുദ്ധ പ്രഖ്യാപനം നടത്തിയോ? മുസ്ലിം ലീഗിനോട് യുദ്ധമാണോ സന്ധിയാണോ? ബി.ജെ.പിയോടും എതിരാളിയായ സി.പി.എമ്മിനോടും ഒരേസമയം സന്ധിക്ക് സാധ്യമായത് എങ്ങനെ? കോണ്‍ഗ്രസ്സിനോടുള്ള നിലപാടൊന്നു വിശദീകരിക്കാമോ? ഇന്ത്യന്‍ ഭരണഘടനയോടും നിയമവ്യവസ്ഥയോടും ജമാഅത്തെ ഇസ്ലാമിയുടെ പഴയ നിലപാട് എന്തായിരുന്നു? പുതിയ നിലപാട് എന്താണ്? വരാനിരിക്കുന്ന നിലപാട് എന്തായിരിക്കും? അതായത്, സംഘടന ഭരണഘടനയില്‍ വാഗ്ദാനം ചെയ്ത ഇസ്ലാമിക ഭരണകൂടം വന്നാലുള്ള നിലപാട്?'' (തേജസ് ദ്വൈവാരിക, 2008 ജൂണ്‍ 1-15). പ്രതികരണം?
 

യുദ്ധം അല്ലെങ്കില്‍ സന്ധി എന്ന പരികല്‍പന തന്നെ വസ്തുതാപരമല്ല. യുദ്ധം അല്ലെങ്കില്‍ സമാധാനം എന്നതാണ് ശരി. സമാധാനത്തിന്റെ വഴി ചിലപ്പോള്‍ സന്ധികളാവാം. എന്നാല്‍ സന്ധിയൊന്നുമില്ലെങ്കിലും യുദ്ധം അനിവാര്യമാകുന്നില്ല. പ്രതിരോധത്തിനു വേണ്ടിയാണ് യുദ്ധം. ആക്രമണമില്ലെങ്കില്‍ പിന്നെ പ്രത്യാക്രമണവുമില്ല. ഇസ്ലാമിന് രാഷ്ട്രീയാധികാരം കൈവരുന്നേടത്താണ് ഇങ്ങനെയൊരു പ്രശ്നം തന്നെ ഉദിക്കുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ഒരു മതനിരപേക്ഷ ജനാധിപത്യ ഭരണഘടനക്കു കീഴില്‍ മുസ്ലിംകളും അമുസ്ലിംകളും തുല്യാവകാശങ്ങളുള്ള പൌരന്മാരാണ്. അവര്‍ പരസ്പരം യുദ്ധമോ സന്ധിയോ ഇല്ല; അതിന്റെ ആവശ്യവും പ്രസക്തിയും ഇല്ല. ഒരു സമുദായം മറ്റേ സമുദായത്തിനെതിരെ അക്രമണാസക്തമായി എന്ന് സങ്കല്‍പിച്ചാല്‍ തന്നെ ഇവിടെ നിയമവാഴ്ചയും കോടതികളുമുണ്ട്. അതിലൂടെയാണ് പ്രശ്നപരിഹാരം തേടേണ്ടത്.
 
ഇന്ത്യാരാജ്യത്ത് സര്‍വ പാര്‍ട്ടികളും വ്യക്തികളും മത സമുദായ ഭേദമന്യേ പ്രബോധിതര്‍ എന്നതാണ് ഇസ്ലാമിക പ്രസ്ഥാനത്തിന്റെ വീക്ഷണം. എല്ലാവരെയും അല്ലാഹുവിലേക്കും പ്രവാചകനിലേക്കും ക്ഷണിക്കുകയാണ് പ്രസ്ഥാനത്തിന്റെ ദൌത്യം. ആദ്യമേ ആ മാര്‍ഗം സ്വീകരിച്ച മുസ്ലിംകളെ വ്യതിചലനങ്ങളില്‍ നിന്ന് സംസ്കരിക്കാനാണ് ശ്രമം. ആരെയും ശത്രുക്കളായി പ്രസ്ഥാനം കാണുന്നില്ല. ഫാഷിസത്തെ വിനാശകരമായ ഒരു പ്രത്യയശാസ്ത്രമെന്ന നിലയില്‍ എതിര്‍ക്കുന്നു. അതേയവസരത്തില്‍ ആര്‍.എസ്.എസ്സുകാര്‍ക്കും സത്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം നല്‍കുന്നു. ആ സംഘടന മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങളെ ഒതുക്കാനും ന്യൂനപക്ഷങ്ങളുടെ ജീവന്‍, ധനം, മാനം എന്നിവ രക്ഷിക്കാനും ഭരണകൂടത്തെ പ്രേരിപ്പിക്കുന്നു, മതേതര പാര്‍ട്ടികളെ ബോധവത്കരിക്കുന്നു, പാര്‍ലമെന്ററി ജാധിപത്യത്തില്‍ ഫാഷിസ്റുകള്‍ അധികാരത്തില്‍ വരാതിരിക്കാന്‍ വേണ്ടത് ചെയ്യുന്നു. ഇതല്ലാതെ എന്തു വഴിയാണ് പോപ്പുലര്‍ ഫ്രണ്ട് സ്വീകരിക്കുന്നത്? അണികള്‍ക്ക് ആയുധ പരിശീലനവും കായിക പരിശീലനവും നല്‍കി ജനകീയ മിലീഷ്യ ഉണ്ടാക്കി ഫാഷിസ്റ് ശക്തികളെ നേരിടുകയോ? എങ്കില്‍ അക്കാര്യം തുറന്നു പറഞ്ഞ് പരസ്യമായി നിയമം കൈയിലെടുക്കാന്‍ ധൈര്യപ്പെടാത്തതെന്ത്? പാത്തും പതുങ്ങിയും നിഷേധിച്ചും നിയമപാലകരെ കുറുക്കുവഴിയില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചും നടത്തുന്ന 'ജിഹാദ്' ആര് പഠിപ്പിച്ചതാണ്? ഏതായാലും ഭീരുക്കളുടെ 'ജിഹാദ്' ജമാഅത്തെ ഇസ്ലാമിയുടെ വഴിയല്ലെന്ന് മാത്രം പറയട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല: