2011, ജൂലൈ 25, തിങ്കളാഴ്‌ച

കൈവെട്ടാനും ന്യായം


കൈവെട്ടിനെ ന്യായീകരിക്കാനും സോളിഡാരിറ്റി പ്രവര്‍ത്തകര്‍ രക്തം കൊടുത്തതിനെ അപലപിക്കാനും ഖുര്‍ആനില്‍ സൂറ അല്‍ മുജാദലയിലെ അവസാനത്തെ ഭാഗം എടുത്ത് ഉദ്ധരിക്കുകയും സംവാദങ്ങള്‍ നടത്തുകയും ചെയ്യുക പോപ്പുലര്‍ ഫ്രണ്ട് അനുഭാവികളായ പല മൌലവിമാരുടെയും പതിവായിരിക്കുന്നു. അല്ലാഹുവിനോടും അവന്റെ ദൂതനോടും വിരോധം പുലര്‍ത്തുന്നവരായ അന്യ മതസ്ഥരോട് ജമാഅത്തെ ഇസ്ലാമിയും സോളിഡാരിറ്റിയും മൈത്രി സ്ഥാപിച്ചിരിക്കുന്നുവെന്നും അതിനാലാണ് അവര്‍ രക്തം കൊടുത്തതെന്നുമാണ് പ്രചാരണം.
പ്രവാചക നിന്ദക്കെതിരെ കൈവെട്ടിയവരാണ് അല്ലാഹുവിന്റെ പാര്‍ട്ടി (ഹിസ്ബുല്ല), അവരാണ് വിജയം വരിക്കുന്നവര്‍ എന്ന രീതിയിലാണ് സംസാരം. ഇതിന്റെ യാഥാര്‍ഥ്യം എന്താണ്? കൈവെട്ടുകയും തലവെട്ടുകയും ചെയ്യുന്ന ഇത്തരക്കാര്‍ ഇതൊക്കെ ചെയ്തിട്ട് പിടിക്കപ്പെടാതിരിക്കാന്‍ ഒളിവില്‍ പോവുകയും കള്ളം പറയുകയും ചെയ്യുന്നതെന്തിനാണ്? ഈ ആയത്തിന്റെ പശ്ചാത്തലം ഇവര്‍ പ്രചരിപ്പിക്കുന്നതുപോലെ വല്ലതുമാണോ?

ഖുര്‍ആന്‍ ആര്‍ക്കും തിരുത്താനോ അതിന്മേല്‍ കൈവെക്കാനോ സാധ്യമല്ലെന്നിരിക്കെ, അതിന്റെ ദുര്‍വ്യാഖ്യാനങ്ങളില്‍ അഭയം തേടുകയാണ് വഴിതെറ്റിയ എല്ലാ വിഭാഗങ്ങളും മുമ്പേ ചെയ്തുവന്നിട്ടുള്ളത്. ഖുര്‍ആന്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയ പ്രവാചക പരിസമാപ്തിയെ നിരാകരിക്കുന്ന ഖാദിയാനികള്‍ക്കും തെളിവ് ഖുര്‍ആന്‍ തന്നെയാണല്ലോ. സുന്നത്ത് നിഷേധികളുടെ ന്യായവാദങ്ങളും ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിച്ചുകൊണ്ടുതന്നെ. എന്നിരിക്കെ കൈവെട്ടുകാര്‍ മാത്രം ഖുര്‍ആനെ വെറുതെ വിടണമെന്നില്ല.
സൂറ അല്‍ മുജാദലയുടെ അവസാന സൂക്തത്തിന്റെ ആശയം ഇങ്ങനെ: അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന ജനത്തെ, അല്ലാഹുവിനോടും അവന്റെ ദൂതനോടും വിരോധം പുലര്‍ത്തുന്നവരോട് മൈത്രിയുള്ളവരായി താങ്കള്‍ ഒരിക്കലും കാണുകയില്ല; ആ വിരോധികള്‍ അവരുടെ പിതാക്കളോ സന്തതികളോ സഹോദരരോ മറ്റു കുടുംബാംഗങ്ങളോ ആയിരുന്നാലും ശരി... (58:22). ഈ സൂക്തത്തിന്റെ അവതരണ പശ്ചാത്തലം അബൂഉബൈദ(റ) ബദ്ര്‍ യുദ്ധവേളയില്‍ സ്വന്തം പിതാവനോടേറ്റുമുട്ടി അദ്ദേഹത്തിന്റെ കഥ കഴിച്ച സംഭവമാണെന്ന് ഹാകിം, ബൈഹഖി മുതല്‍ പേര്‍ ഉദ്ധരിച്ച ഒരു ഹദീസിലുണ്ട്. എന്തായാലും അല്ലാഹുവിനോടും പ്രവാചകനോടുമുള്ള സ്നേഹവും അവരുടെ ശത്രുക്കളോടുള്ള മൈത്രിയും ഒരുമിച്ചു പോവുകയില്ലെന്നാണ് ഖുര്‍ആന്‍ സൂക്തത്തിന്റെ വിവക്ഷ. പോപ്പുലര്‍ ഫ്രണ്ടുകാര്‍ പ്രഫസര്‍ ജോസഫിന്റെ കൈവെട്ടിയത് അദ്ദേഹം അല്ലാഹുവിന്റെയും പ്രവാചകന്റെയും ശത്രുവാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണോ? ആണെങ്കില്‍ അതിനുള്ള തെളിവെന്ത്? താന്‍ വിവാദ ചോദ്യപേപ്പര്‍ തയാറാക്കിയപ്പോള്‍ പ്രവാചകനെ കുറിച്ച ഒരു ചിന്തയും തന്റെ മനസ്സിലുണ്ടായിരുന്നില്ലെന്ന് അദ്ദേഹം ആണയിട്ടു പറയുന്നു. മുഹമ്മദ് എന്ന പേര്‍ എവിടെ എങ്ങനെ വന്നാലും അത് പ്രവാചകനെക്കുറിച്ചായിരിക്കുമെന്ന് ആരാണ് പറഞ്ഞത്? ഇനി അങ്ങനെയും സംശയിക്കാമെന്ന് വെച്ചാല്‍ തന്നെ താനങ്ങനെ ഉദ്ദേശിച്ചില്ലെന്ന് ആരോപിതന്‍ സത്യം ചെയ്തു പറഞ്ഞാല്‍ അത് അംഗീകരിക്കേണ്ടതില്ലെന്ന് ഖുര്‍ആനിലുണ്ടോ? വിചാരണയോ തെളിവെടുപ്പോ നടത്താതെ കേട്ട പാതി, കേള്‍ക്കാത്ത പാതി ആരോപിതനെ വെട്ടിക്കൊല്ലുകയാണ് വേണ്ടതെന്ന വാദം എന്ത് നീതിയാണ്? കുറ്റം തെളിഞ്ഞാല്‍ തന്നെ ശിക്ഷ നടപ്പാക്കേണ്ടത് പോപ്പുലര്‍ ഫ്രണ്ടുകാരോ മറ്റേതെങ്കിലും ക്വട്ടേഷന്‍ സംഘങ്ങളോ ആണെന്ന് ഏത് ഖുര്‍ആന്‍ സൂക്തം വ്യാഖ്യാനിച്ചാണ് ബോധ്യപ്പെടുത്താനാവുക?
അന്തരീക്ഷം തണുപ്പിക്കാനും കൂടുതല്‍ വലിയ ദുരന്തമായി സംഭവം വളരാതിരിക്കാനും പ്രഫ. ജോസഫിന് സോളിഡാരിറ്റി രക്തം കൊടുത്തു. അത് എങ്ങനെയാണ് അല്ലാഹുവിന്റെ ശത്രുവിനോട് മൈത്രീബന്ധം സ്ഥാപിക്കലാവുക? ക്ഷമയും സംയമനവും സഹിഷ്ണുതയും വിട്ടുവീഴ്ചയും കാണിച്ചാല്‍ കഠിന ശത്രുപോലും മിത്രമായി മാറുമെന്ന ഖുര്‍ആന്‍ സൂക്തം ആര്‍ക്കു വേണ്ടിയുള്ളതാണ്? ആ സൂക്തം ദുര്‍ബപ്പെട്ടുപോയെന്നാണോ കൈവെട്ടിനെ ന്യായീകരിക്കുന്ന പുരോഹിതന്മാരുടെ വാദം? ഭീരുത്വപരമായ ഓപറേഷന്‍ നടത്തി ഒളിവില്‍ പോവുന്നതും കള്ളവും കൈക്കൂലിയും മുഖേന കേസ്സൊതുക്കുന്നതുമൊക്കെ പവിത്ര ജിഹാദാണെന്ന് ഓതിക്കൊടുത്തവര്‍ ഇമ്മാതിരി പണ്ഡിതന്മാരാണെങ്കില്‍ അവരില്‍ നിന്ന് സമുദായത്തെ പടച്ചവന്‍ രക്ഷിക്കട്ടെ എന്നേയുള്ളൂ പ്രാര്‍ഥന.

അഭിപ്രായങ്ങളൊന്നുമില്ല: