2012, ഫെബ്രുവരി 16, വ്യാഴാഴ്‌ച


വര്‍ത്തമാനം പത്രത്തിലെ ഒരു നല്ല വര്‍ത്തമാനം 


ദില്ലി സ്‌ഫോടനവും മൊസാദിന്റെ വരവും

കഥയും തിരക്കഥയും രചിച്ചതും സംവിധാനിച്ചതും എല്ലാം ഒരേ കേന്ദ്രത്തില്‍ നിന്നു തന്നെയാണെന്ന സംശയം അരക്കിട്ടുറപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ ഇസ്രയേല്‍ എംബസി വാഹനത്തിലുണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ അനന്തര നടപടികള്‍. സ്‌ഫോടനം നടന്നതിന്റെ വ്യക്തമായ ചിത്രം പുറത്ത് വരുന്നതിനു മുമ്പ് തന്നെ സ്‌ഫോടനത്തിനു പിന്നില്‍ ഇറാനാണെന്ന് പ്രധാനമന്ത്രി നെതന്യാഹു ലോകത്തോട് വിളിച്ചു പറഞ്ഞത് സംശയത്തിന് നാന്ദി കുറിക്കുന്നു.
സംഭവം അന്വേഷിക്കുന്ന ദല്‍ഹി പൊലീസിന് സംഭവത്തെക്കുറിച്ച് യാതൊരു എത്തും പിടിയും കിട്ടാത്ത  സന്ദര്‍ഭത്തിലാണ് നെതന്യാഹുവിന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. സംഭവം ഭീകരാക്രമണമാണോ എന്നു പോലും രാജ്യത്തിന്റെ ആഭ്യന്തര വകുപ്പിന് ബോധ്യപ്പെട്ടിരുന്നില്ല എന്നത് ഇന്ത്യയുടെ  ആഭ്യന്തര മന്ത്രി പി ചിദംബരം നല്‍കിയ ആദ്യ പ്രസ്താവനയില്‍ നിന്ന് വ്യക്തവുമായിരുന്നു.
ഒരാള്‍പോലും കൊല്ലപ്പെട്ടിട്ടില്ലാത്ത ഈ സ്‌ഫോടനത്തെ ഇത്ര ഗൗരവമായി ഇസ്രഈല്‍ കാണുന്നു എന്നതാണല്ലോ ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ തന്നെ പ്രസ്താവന സൂചിപ്പിക്കുന്നത്. സ്‌ഫോടനം നടന്ന ദിവസം ഒന്ന് പിന്നിടുന്നതിനു മുമ്പിതാ ഇസ്രയേല്‍ ചാര സംഘടനയായ മൊസാദിന്റെ പ്രതിനിധികള്‍ ദില്ലിയിലെത്തിയിരിക്കുന്നു.
ഇവിടെയാണ് സംഭവത്തിന് പിന്നില്‍ ഇസ്രയേലിന്റെ തന്നെ ബോധപൂര്‍വ്വമായ ആസൂത്രണം സംശയിക്കപ്പെടുന്നത്. ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയും ഇസ്രയേലും ഐക്യപ്പെടേണ്ടതിന്റെ മഹദ് വചനങ്ങള്‍ ഇസ്രയീലിലെത്തി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ ഉരുവിട്ട് വായ ടക്കുന്നതിന്റെ മുമ്പെ ഭീകരവിരുദ്ധ പോരാട്ടത്തിന്റെ  മസീഹുകളായ മൊസാദ് ചാരന്‍മാര്‍ ഇന്ത്യയിലെത്തിയിരിക്കുന്നു എന്നു സാരം.  
മൊസാദിന്റെ ചാരന്‍മാര്‍ക്ക് ഇന്ത്യയില്‍ വിഹരിക്കാന്‍ അവസരം സൃഷ്ടിക്കപ്പെടുകയായിരുന്നു ദില്ലി സ്‌ഫോടനത്തിലൂടെ എന്നു സംശയിക്കുന്നവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. കാര്യമായ മനുഷ്യാപായമൊന്നുമില്ലാത്ത ദില്ലി സ്‌ഫോടനത്തെക്കുറിച്ച് ദില്ലി പോലീസ് അന്വേഷിക്കുന്നതിനു മുമ്പ് തന്നെ മൊസാദ് ദില്ലിയിലെത്തിയെങ്കില്‍ ഇതിന്റെ പിന്നില്‍  കേന്ദ്ര സര്‍ക്കാരും ഇസ്രയേലും തമ്മിലുള്ള രഹസ്യബാന്ധവം സംശയിക്കപ്പെടുക സ്വാഭാവികം.   
 എന്‍ ഐ എ പോലും ദില്ലി സ്‌ഫോടനത്തിന്റെ അന്വേഷണ ചുമതല ഏറ്റെടുക്കും മുമ്പ് മൊസാദിന് അന്വേഷണ അവസരമൊരുക്കിയതിന്റെ സാഹചര്യമെന്തെന്ന് വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്ന് ബാധ്യതയുണ്ട്. മാവിലായിക്കാരന്റെ ഭാവത്തില്‍ ഒന്നുമറിഞ്ഞില്ലെന്ന് നടിച്ച് മിണ്ടാതിരിക്കുന്ന പ്രധാനമന്ത്രിയും രാജ്യത്തിന്റെ പ്രതിരോധമന്ത്രിയും വായ തുറന്നേ മതിയാവൂ.
ഇത് ആപത്കരമായ  നീക്കം തന്നെയാണ്. വളരെ ഗൗരവതരമാണ്. ബാംഗ്ലൂരില്‍ ഇസ്രയേല്‍ കോണ്‍സുലേറ്റ്  തുറക്കാനുള്ള നടപടികളുമായി മുന്നോട്ട് നീങ്ങുന്ന സാഹചര്യത്തില്‍ ഇത് നിസ്സാരമായി കണ്ടുകൂടാ.
കൃത്യമായ അജണ്ടയുടെ ഭാഗമാണ് മൊസാദിന്റെ അതിര്‍ത്തി കടന്നുള്ള വരവെന്ന് മനസ്സിലാക്കാന്‍ വലിയ ഗവേഷണ ബുദ്ധിയൊന്നും വേണ്ട. ഒരു വെടിക്ക് രണ്ട് പക്ഷിയെന്നതാണ് ഇസ്രയേല്‍ ലക്ഷ്യം വെക്കുന്നത്. ഇറാനെ പ്രതിസ്ഥാനത്ത് നിര്‍ത്തി ഇന്ത്യ-ഇറാന്‍ നയതന്ത്ര ബന്ധങ്ങളെ വഴിതിരിച്ചുവിടാനുള്ള ഗൂഢതന്ത്രം ഒരു വശത്ത്. മറുവശത്ത് ഭീകരവിരുദ്ധ പോരാട്ടത്തിന്റെ മറപിടിച്ച് ഇന്ത്യയിലെ മുസ്‌ലിം വേട്ടക്ക് മൊസാദിയന്‍ തന്ത്രങ്ങള്‍ നടപ്പിലാക്കുക.
ദില്ലി സ്‌ഫോടന അന്വേഷണത്തിന്റെ മറവില്‍ മൊസാദ് നടത്തുന്ന വിവര ശേഖരണം ഏറെ ഗൗരവമര്‍ഹിക്കും. ഇന്ത്യാ- ഇസ്രയേല്‍ വിവര കൈമാറ്റ കരാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ദേശീയ അന്വേഷണ ഏജന്‍സികളെ കരുവാക്കി രാജ്യത്തെ മുസ്‌ലിം സമുദായത്തിന്റെ അടിത്തറ മാന്താനുള്ള എല്ലാ ശ്രമവും മൊസാദ് ചാരന്മാര്‍ നടത്തുമെന്നതില്‍ ഒട്ടും സംശയമില്ലതന്നെ.
നട്ടെല്ലിന്റെ ഫോട്ടോസ്റ്റാറ്റ് പോലുമില്ലാത്ത ഒരു പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമാണ് രാജ്യം ഭരിക്കുന്നത്. ഓര്‍ക്കുന്നില്ലേ-മുംബൈ സ്‌ഫോടനങ്ങള്‍ക്കു ശേഷമുള്ള ഒരു സംഭവം. രാജ്യത്ത് നിയമവിധേയമല്ലാത്ത ഒരു അന്വേഷണ ഉപകരണവുമായി അമേരിക്കന്‍ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ മുംബൈയില്‍ വിമാനമിറക്കിയപ്പോള്‍ രാജ്യത്തിന്റെ നിയമം പാലിച്ച് എയര്‍പോര്‍ട്ട് സെക്യൂരിറ്റി വിഭാഗം അവരെ തടഞ്ഞുവെച്ചപ്പോള്‍ തല്‍സമയം അവരെ വെറുതെ വിടാന്‍ ദില്ലിയിലെ അധികാര കേന്ദ്രങ്ങളില്‍നിന്ന് ഉത്തരവ് വന്നു. അവര്‍ മുംബൈയില്‍ സൈ്വര വിഹാരം നടത്തി. ആവശ്യമുള്ളതും ഇല്ലാത്തതുമായ എല്ലാ വിവര ശേഖരവും നടത്തി തിരിച്ചുപോയി.
എന്നാല്‍ മുംബൈ സ്‌ഫോടനത്തിന്റെ ആസൂത്രകനെന്ന് സംശയിക്കപ്പെടുന്ന ഡേവിഡ് ഹെഡ്‌ലിയെ സ്വതന്ത്രമായി ഒന്ന് ചോദ്യം ചെയ്യാന്‍ പോലും ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ക്ക് ഇന്നേവരെ വിട്ടുകൊടുക്കാന്‍ അമേരിക്ക തയ്യാറായിട്ടില്ലെന്നത് ഇന്ത്യന്‍ ഭരണ നേതൃത്വത്തിന്റെ ദാസ്യ നിലപാടിന്റെ ഏറ്റവും ദയനീയമായ മുഖമത്രെ.
ദില്ലിയിലെ ഇസ്രയേല്‍ എംബസി വാഹനത്തിലുണ്ടായ സ്‌ഫോടനത്തിന്റെ പിന്നിലുള്ള ദുരൂഹതകള്‍ പുറത്ത്‌കൊണ്ടുവരുന്നത് അനിവാര്യമായിരിക്കുന്നു. ദില്ലി പൊലീസിന് സ്വതന്ത്രമായ അന്വേഷണം സാധ്യമല്ലെന്നതിന് ബട്‌ല ഹൗസ് വ്യാജ ഏറ്റുമുട്ടല്‍ സംഭവം വ്യക്തമാക്കിയിരിക്കെ ദേശീയ ഏജന്‍സികള്‍ തന്നെ അന്വേഷണം ഏറ്റെടുക്കണം. രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ തന്നെ സ്വതന്ത്രവും നീതിയുക്തവുമല്ലെന്ന് മുസ്‌ലിംകളടക്കമുള്ള രാജ്യത്തെ മതേതര വിശ്വാസികള്‍ക്ക് സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജുഡീഷ്യറിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണ ഏജന്‍സികളെ ഉത്തരവാദിത്വം ഏല്‍പ്പിക്കേണ്ടിയിരിക്കുന്നു.
മൊസാദിന്റെ വരവ് ഏറെ ആപത്കരമാണ്്. ഇതിനെതിരില്‍ രാജ്യത്ത് അതിശക്തമായ പ്രതികരണങ്ങള്‍ ഉയര്‍ന്നുവരണം. ഹിന്ദുത്വ ഫാസിസ്റ്റു ശക്തികളുമായി മൊസാദ് കൈകോര്‍ത്ത് നീങ്ങിയാല്‍ അത് രാജ്യത്തിന്റെ ആഭ്യന്തര സമാധാനം തന്നെ തകര്‍ക്കുമെന്നു മാത്രമല്ല മതേതര ഇന്ത്യക്ക് അന്ത്യം കുറിക്കുകയും ചെയ്യും.  വിളിച്ചുവരുത്തിയവര്‍ക്കു തന്നെ ഉന്‍മൂല നാശം സംഭവിക്കാതിരിക്കണമെങ്കില്‍ മൊസാദിനെ രാജ്യത്തു നിന്ന് കെട്ട് കെട്ടിക്കുകയായിരിക്കും ബുദ്ധി.  
 

അഭിപ്രായങ്ങളൊന്നുമില്ല: