2012, ഫെബ്രുവരി 14, ചൊവ്വാഴ്ച


ഇസ്ലാമിക രാഷ്ട്ര സങ്കല്‍പവും മതരാഷ്ട്രവാദവും


ചോദ്യം: ഇസ്ലാമിക രാഷ്ട്ര സങ്കല്‍പത്തെക്കുറിച്ച് താങ്കള്‍ സംസാരിക്കുന്നത് ശ്രദ്ധിക്കുകയുണ്ടായി. ഇസ്ലാമിക രാട്രമെന്നാല്‍ ദൈവിക രാഷ്ട്രമാണെന്നും അതിന്റെ അവലംബം ഇസ്ലാമിക ദര്‍ശനമാണെന്നും താങ്കള്‍ പറയുന്നു. എന്താണതിന്റെ വിവക്ഷ.
ഉത്തരം: ഡോ. യുസുഫുല്‍ഖറദാവി
ഇസ്ലാമിന്റെ ആവിര്‍ഭാവത്തിന് മുമ്പും പിമ്പും ലോകം ദര്‍ശിച്ച രാഷ്ട്രങ്ങളെപ്പോലെയല്ല. ഇസ്ലാമിക രാഷ്ട്രം. ഉദ്ദേശ്യലക്ഷ്യങ്ങളില്‍ ഇതര രാഷ്ട്രസങ്കല്‍പങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണത്. ദൈവത്തിന്റെ പേരില്‍ ജനങ്ങളെ അടക്കിഭരിക്കുന്ന മതരാഷ്ട്രം (തിയോക്രാറ്റിക് സ്റേറ്റ്) അല്ല ഇസ്ലാമിന്റേത്. സ്രഷ്ടാവിന്റെ താല്‍പര്യത്തെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന പുരോഹിതവര്‍ഗത്തിന്റെ സ്റേറ്റുമല്ല. മറിച്ച് ഇസ്ലാമിക ദര്‍ശനത്തിന്റെ ഭൂമികയിലൂന്നി ഭരണം നടത്തുകയും ജനങ്ങളും ഭരണാധികാരിയും തമ്മിലുള്ള ഉടമ്പടിയുടെയും കൂടിയാലോചനയുടെയും അടിസ്ഥാനത്തില്‍ നിലകൊള്ളുകയും ചെയ്യുന്ന ഒന്നാണ്. ജനങ്ങളാണ് വിശ്വസ്തരും സേവന സന്നദ്ധരുമായ ജനപ്രതികളെ തിരഞ്ഞെടുക്കുക. വിശ്വസ്തതയും സേവന സന്നദ്ധതയുമൊക്കെ നഷ്ടപ്പെട്ടു കഴിഞ്ഞ ഒരാള്‍ക്ക് രാഷ്ട്രത്തിന്റെ പ്രതിനിധിയാവാന്‍ സാധിക്കില്ല. ഇതിര സമൂഹങ്ങളില്‍ ഉള്ളതുപോലെ പുരോഹിത വര്‍ഗത്തിന്റെ അപ്രമാദിത്വം ഇസ്ലാം അംഗീകരിക്കുന്നില്ല. ഓരോ മുസ്ലിമും ദീനിന്റെ വക്താക്കളാകാന്‍ യോഗ്യനാണ്. ഇസ്ലാമിക ജ്ഞാനമണ്ഡലങ്ങളില്‍ അവഗാഹമുള്ള പണ്ഡിതന്മാര്‍ക്ക് തീര്‍ച്ചയായും സവിശേഷമായ സ്ഥാനമുണ്ടാവുമെന്നത് ശരിയാണ്. നിയമത്തിലും തത്വചിന്തയിലും മറ്റു സാമൂഹിക ശാസ്ത്രങ്ങളിലുമെല്ലാം ഇതര സമൂഹങ്ങളില്‍ ലഭിക്കുന്ന സ്ഥാനത്തിന് സമാനമാണിത്. ഇസ്ലാമിക സമൂഹം ശരിയായ പാതയില്‍ ചലിക്കുന്നതിന് ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ പണ്ഡിതന്മാര്‍ രാഷ്ട്രത്തിന് നല്‍കിക്കൊണ്ടിരിക്കണം. ഇതാണ് പണ്ഡിതന്മാര്‍ക്ക് രാഷ്ട്ര ഘടനയിലുള്ള സ്ഥാനം. ഇത് ഓരോ മുസ്ലിമിന്റെയും ബാധ്യതയാണെങ്കിലും പണ്ഡിതന്മാര്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ബാധ്യതയുണ്ട്. അങ്ങനെ സത്യത്തെ സത്യമായും മിഥ്യയെ മിഥ്യയായും അനുവദനീയങ്ങളെ അനുവദനീയങ്ങളായും നിഷിദ്ധങ്ങളെ നിഷിദ്ധങ്ങളായും തിരിച്ചറിയാന്‍ ഇസ്ലാമിക രാഷ്ട്രവും സമൂഹവും പ്രാപ്തിനേടുന്നു.യുക്തമായ ഉപദേശങ്ങള്‍ നല്‍കലും നന്മയുടെ സംസ്ഥാപനവും തിന്മയുടെ ഉഛാടനവും പണ്ഡിതന്മാരുടെ കര്‍ത്തവ്യം തന്നെ. ഇക്കാര്യത്തില്‍ ഒരു വിമര്‍ശകനെയും പണ്ഡിതന്മാര്‍ ഭയപ്പെടാവതല്ല.
ഇസ്ലാമിക രാഷ്ട്രത്തിന് പണ്ഡിതന്മാരോട് തിരിച്ചും ചില കടമകളുണ്ട്. പ്രബോധപ്രവര്‍ത്തനങ്ങള്‍ നടത്താനും നന്മകല്‍പിക്കാനും തിന്മ വിരോധിക്കാനുമെല്ലാം രാഷ്ട്രത്തിന്റെ പിന്തുണയും സഹായവും പണ്ഡിതന്മാര്‍ക്ക് ലഭിച്ചിരിക്കണം. നിയമപ്രശ്നങ്ങള്‍ക്കും മറ്റും തീര്‍പ്പുകല്‍പിക്കുന്ന പണ്ഡിതസഭക്കോ ഭരണഘടനാ സാധുതയുള്ള കോടതിക്കോ രൂപം നല്‍കാവുന്നതാണ്. ഇസ്ലാമിന്റെ അന്തസ്സത്തക്ക് നിരക്കാത്ത ഉത്തരവുകള്‍ ഇറക്കാതിരിക്കാന്‍ ഇത്തരം സംവിധാനങ്ങള്‍ ശ്രദ്ധിക്കണം. അങ്ങനെ വിജ്ഞാനവും ഭരണവും തോളോടുതോള്‍ ചേര്‍ന്ന് മുന്നോട്ടു ചലിക്കുന്നു. ചില ചരിത്ര സന്ദര്‍ഭങ്ങളില്‍ ഉണ്ടായതുപോലെ. വിജ്ഞാനവും ഭരണവും തമ്മിലുള്ള വേര്‍തിരിവ് ഇവിടെ സംഭവിക്കുകയില്ല. പണ്ഡിതന്മാര്‍ ഒരറ്റത്തും ഭരണാധിപന്മാര്‍ മറ്റൊരു അറ്റത്തുമായിരുന്നു അന്ന്. കവികളും സ്തുതിപാഠകരുമല്ലാതെ ഭരണധികാരികളെയൊട്ട് സമീപിച്ചതുമില്ല. ഇസ്ലാമിക നിയമങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കി, സ്വതന്ത്രമായി ഗവേഷണം നടത്താന്‍ മാത്രം പ്രാപ്തിയുള്ള പണ്ഡിതനായിരിക്കണം. ഇസ്ലാമിക ഭരണാധികാരി എന്നതാണ് അടിസ്ഥാന തത്വം. സച്ചരിതരായ ഖലീഫമാരും അവരുടെ പാതപിന്തുടര്‍ന്നുപോന്ന പൂര്‍വസൂരികളും ഇക്കാര്യത്തില്‍ മാതൃക കാണിച്ചിട്ടുണ്ട്. രാഷ്ട്രനേതാക്കളും ന്യായാധിപന്മാരും ഇജ്തിഹാദ്(ഗവേഷണം) ചെയ്യാന്‍ യോഗ്യരായിരിക്കണമെന്ന ഉപാധി എല്ലാ പണ്ഡിത ന്മാരും അംഗീകരിച്ചിട്ടുണ്ട്. അനിവാര്യ സാഹചര്യങ്ങളിലല്ലാതെ ഈ നിബന്ധന ഒഴിവാകുകയില്ല.
ഇസ്ലാമിക രാഷ്ട്രം തിയോക്രാറ്റിക് സങ്കല്‍പത്തിലുള്ള മതരാഷ്ട്രമല്ല എന്നതുപോലെ, അത് ശുദ്ധ മതേതര(സെക്യുലര്‍) രാഷ്ട്രവുമല്ല. കമ്യൂണിസ്റ് രാഷ്ട്രങ്ങളിലേതുപോലെ മതത്തെ പാടെ നിഷേധിക്കുക, മതത്തെ ശത്രുവായി പ്രതിഷ്ഠിക്കുക, മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പ്രചരിപ്പിക്കുക തുടങ്ങിയ അര്‍ഥങ്ങളിലൊന്നും ഇസ്ലാമിക രാഷ്ട്രം സെക്യുലര്‍ രാഷ്ട്രമല്ല. പാശ്ചാത്യ രാഷ്ട്രങ്ങളിലേതുപോലെ മത രാഷ്ട്ര വിഭജനം നടത്തുക, സാമൂഹിക മണ്ഡലത്തില്‍ മതത്തിന്റെ പങ്ക് നിഷേധിക്കുക എന്നീ അര്‍ഥങ്ങളിലും ഇസ്ലാമിക രാഷ്ട്രം മതേതരമല്ല. പാശ്ചാത്യ രാഷ്ട്രങ്ങള്‍ ദൈവാസ്തിക്യത്തെ നിരാകരിക്കുന്നില്ലെങ്കിലും ദൈവത്തിന്റെ ആവശ്യകതയെ നിരാകരിക്കുന്നുണ്ട്.
ചുരുക്കത്തില്‍, ദൈവിക നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാപിതമാവുന്ന ഒരു സിവില്‍ രാഷ്ട്രമാണ് ഇസ്ലാം വിഭാവന ചെയ്യുന്നത്. ഇക്കാരണം കൊണ്ടുതന്നെ ദൈവിക സഹായം ലഭിക്കാന്‍ അര്‍ഹമായിത്തീരുന്നു ആ രാഷ്ട്രം. അങ്ങനെയല്ലെങ്കില്‍ ആ രാഷ്ട്രത്തിന്റെ സാധുതക്കും അസ്തിത്വത്തിനും ഒരു ന്യായീകരണവുമില്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: "തന്നെ സഹായിക്കുന്നവരെ ഉറപ്പായും അല്ലാഹു സഹായിക്കും. അല്ലാഹു സര്‍വശക്തനും ഏറെ പ്രതാപിയും തന്നെ. ഭൂമിയില്‍ നാം അധികാരം നല്‍കുകയാണെങ്കില്‍ അവര്‍ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കും. സകാത്ത് നല്‍കും. ന•കല്‍പിക്കും. തിന്മ തടയും'' (അല്‍ഹജ്ജ്: 40,41)
 

1 അഭിപ്രായം:

sulfi-nv പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.