2012, ഫെബ്രുവരി 25, ശനിയാഴ്‌ച


നാഗ്പൂരില്‍ ബി.ജെ.പിക്ക് മുസ്ലിംലീഗിന്റെ പിന്തുണ

 നാഗ്പൂരില്‍ ബി.ജെ.പിക്ക് മുസ്ലിംലീഗിന്റെ പിന്തുണ
മുംബൈ: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ വിജയം ലക്ഷ്യമിട്ട് നാഗ്പൂരില്‍ ബി.ജെ.പി രൂപപ്പെടുത്തുന്ന 'വികസന കൂട്ടായ്മ'യില്‍ മുസ്ലിംലീഗും. നാഗ്പൂര്‍ നഗരസഭയില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സഖ്യമായ 'നാഗ്പൂര്‍ വികാസ് അഖാഡി'യിലാണ് രണ്ട് കോര്‍പറേറ്റര്‍മാരുള്ള മുസ്ലിംലീഗ് അംഗമായത്. 145 അംഗ നഗരസഭയില്‍ ഭരണം നടത്താന്‍ 74 പേരുടെ അംഗബലമാണ് ബി.ജെ.പി സഖ്യത്തിന് വേണ്ടത്. ഭാരിപ്പ ബഹുജന്‍ മഹാസംഘ് അടക്കമുള്ള ദലിത് സംഘടനകളും മുസ്ലിംലീഗുമടക്കം ഇപ്പോള്‍ സഖ്യത്തിന്റെ അംഗബലം 77 ആയി. അതേസമയം, മാറിനില്‍ക്കുന്ന 12 അംഗങ്ങളുള്ള ബി.എസ്.പിയെയും മറ്റു ചെറുപാര്‍ട്ടികളെയും ഒപ്പംനിര്‍ത്താന്‍ ബി.ജെ.പി തീവ്രശ്രമത്തിലാണ്.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാഗ്പൂരില്‍നിന്ന് നിതിന്‍ ഗഡ്കരിയെ വിജയിപ്പിക്കാനുള്ള കരുനീക്കത്തിന്റെ ഭാഗമത്രെ കോണ്‍ഗ്രസ്, എന്‍.സി.പി പാര്‍ട്ടികള്‍ ഒഴികെയുള്ളവരെ നഗരഭരണത്തില്‍ കൂടെ നിര്‍ത്താനുള്ള നീക്കം. ബി.ജെ.പി നയിക്കുന്ന നാഗ്പൂര്‍ വികാസ് അഖാഡിക്ക് മുസ്ലിംലീഗ് പിന്തുണ നല്‍കുന്നുവെന്ന വാര്‍ത്ത പ്രാധാന്യത്തോടെയാണ് സംസ്ഥാനത്തെ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍, നഗരസഭാ ഭരണത്തിന് ബി.ജെ.പിയെ പിന്തുണക്കുകയല്ലെന്നും വികസനവുമായി ബന്ധപ്പെട്ട അഖാഡിയില്‍ പങ്കാളികളാവുക മാത്രമാണ് ചെയ്യുന്നതെന്നും മുസ്ലിംലീഗ് നാഗ്പൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ശമീം സാദിഖ് ടെലിഫോണില്‍ 'മാധ്യമ'ത്തോട് പറഞ്ഞു.
ലീഗ് പ്രാദേശികമായ വികസനത്തെ പിന്തുണക്കുകയാണെന്നും അതില്‍ പ്രത്യയശാസ്ത്ര വിഷയമില്ലെന്നും ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലെ പാര്‍ട്ടി നിരീക്ഷകനായ സി.എച്ച്. അബ്ദുറഹ്മാന്‍ പറഞ്ഞു.
2007ല്‍ നാഗ്പൂര്‍ നഗരസഭയില്‍ ഒരു വാര്‍ഡായിരുന്നു ലീഗിന് ലഭിച്ചിരുന്നത്. ഭരണം കൈയാളിയ ബി.ജെ.പിയുടെ സഹായത്തോടെ അന്ന് ഈ വാര്‍ഡില്‍ ഉര്‍ദു സ്കൂളടക്കമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ലീഗ് കോര്‍പറേറ്റര്‍ക്ക് സാധിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നാഗ്പൂര്‍ സെന്‍ട്രല്‍, നാഗ്പൂര്‍ വെസ്റ്റ് എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ലീഗ് നിര്‍ണായക ശക്തിയാണ്. ഇക്കുറി നഗരസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മുസ്ലിം വനിത ജയിക്കുകയും ചെയ്തിട്ടുണ്ട്. മുസ്ലിംലീഗിന്റെ സഹകരണം, ന്യൂനപക്ഷങ്ങളുടെ മനംകവരുന്നതില്‍ നിതിന്‍ ഗഡ്കരിയുടെ നീക്കങ്ങള്‍ വിജയം കാണുന്നതിന്റെ സൂചനയായാണ് നിരീക്ഷിക്കപ്പെടുന്നത്.   http://www.madhyamam.com/news/153867/120224

അഭിപ്രായങ്ങളൊന്നുമില്ല: