2012, ഫെബ്രുവരി 15, ബുധനാഴ്‌ച

ചങ്ങലയുടെ ഭാരം

ഇമാം അഹ്മദ് അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളില്‍ നിന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ ഏതാനും ആളുകള്‍ ആഗ്രഹിച്ചു. അബുല്‍ അബ്ബാസുല്‍ അര്‍റഖ്വി പറയുന്നു: "അവര്‍ തടവറയില്‍ ചെല്ലുകയും നിര്‍ബന്ധിത സാഹചര്യങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ അനുവാദം നല്‍കപ്പെട്ടിട്ടുണ്ട് എന്നതിനു തെളിവായി ഒരു ഹദീസ് ഉദ്ധരിക്കുകയും ചെയ്തു.'' ഇമാം അഹ്മദിന്റെ പ്രതികരണം അദ്ദേഹത്തിന്റെ വിശ്വാസദാര്‍ഢ്യത്തെയും വിശ്വാസിയുടെ വഴിയില്‍ മര്‍ദ്ദനങ്ങളും തടവറയും അവമതിയുടെ അടയാളമല്ല. മറിച്ച്, അല്ലാഹുവിന്റെ സവിധത്തില്‍ കൂടുതല്‍ പ്രതിഫലം ലഭ്യമാക്കുന്നതിനുള്ള ഉപാധിയാണെന്ന വസ്തുതയെയും അനാവരണം ചെയ്യുന്നു. "ഈര്‍ച്ചവാളിനാല്‍ ശരീരം രണ്ടായി പിളര്‍ത്തപ്പെട്ടിട്ടും മുന്‍കാല വിശ്വാസികള്‍ അവരുടെ വിശ്വാസമുപേക്ഷിക്കാന്‍ തയ്യാറായില്ല എന്ന ഖബ്ബാബ് (റ) നിവേദനം ചെയ്യുന്ന ഹദീസിനെപ്പറ്റി നിങ്ങള്‍ എന്തു പറയുന്നു'' എന്ന അദ്ദേഹത്തിന്റെ ചോദ്യം അവരെ നിരാശരാക്കി. സത്യവിശ്വാസത്തിന്റെ സംരക്ഷണം ക്ഷിപ്രസാധ്യമല്ലെന്നും അതിനു സര്‍വവിധ പരീക്ഷണങ്ങളും സഹിക്കാന്‍ വിശ്വാസി ബാധ്യസ്ഥനാണെന്നും തന്റെ ജീവിതം കൊണ്ടു സാക്ഷ്യപ്പെടുത്തുകയായിരുന്നു അദ്ദേഹം.
തടവറയിലെത്തി നാലാം ദിവസവും ഇമാം അഹ്മദിനെ ഗവര്‍ണര്‍ക്കു മുമ്പാകെ ഹാജരാക്കപ്പെട്ടു. ഗവര്‍ണര്‍ അദ്ദേഹത്തോടു മുഅ്തസിലി ആശയം അംഗീകരിക്കാന്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്ന്, അദ്ദേഹത്തെ വധിച്ചുകളയാതെ ക്രൂരമായി ചമ്മട്ടികൊണ്ടടിക്കാനും വെളിച്ചം കടക്കാത്ത തടവറയില്‍ തള്ളാനും ഖലീഫ പ്രതിജ്ഞ ചെയ്തിരിക്കുന്നുവെന്നറിയിച്ചു. ഭീഷണിക്കു മുമ്പില്‍ അദ്ദേഹം ചകിതനായില്ല. "ജയില്‍ എനിക്കു സാരമില്ല. അതും എന്റെ വീടും ഒന്നാണ്'' എന്നതാണല്ലോ അദ്ദേഹത്തിന്റെ സമീപനം. ജിബ്രീലിന്റെ സഹായം നിരസിച്ച ഇബ്റാഹീമിന്റെ മനസ്ഥൈര്യമുള്ളവര്‍ക്കു തന്റെ നാഥന്റെ മുമ്പിലല്ലാതെ കീഴടങ്ങാനാവില്ലല്ലോ. ഗവര്‍ണറുടെ ഊഴം കഴിഞ്ഞപ്പോള്‍ ഇമാമിനെ ഖലീഫ മുഅ്തസിം മുമ്പാകെ കൊണ്ടുവന്നു. പതിവു സംവാദം നടന്നുവെങ്കിലും അതിന്റെ പര്യവസാനം മുഅ്തസിലിന്റെ ഇംഗിതങ്ങളെ തൃപ്തിപ്പെടുത്തിയില്ല. ക്ഷമനശിച്ച ഖലീഫ ഇമാം അഹ്മദിന്റെ "ഇരുകൈകളും അവയുടെ സന്ധിയില്‍ നിന്നു വേര്‍പെടും വരെ വലിച്ചുപിരിക്കാന്‍ കല്‍പ്പിച്ചു.'' തുടര്‍ന്ന്, ചാട്ടവാറുകൊണ്ടടിക്കാനും ഉത്തരവിട്ടു. അടിയുടെ ശക്തി കുറയാതിരിക്കാന്‍ ഈരണ്ടു പ്രഹരത്തിനുശേഷം അടിക്കുന്ന ആളുകളെ മാറ്റിക്കൊണ്ടിരുന്നു. ഇതു കണ്ടുനിന്നൊരാള്‍ പറഞ്ഞു: "ഒരാനയെ അലറിക്കരയിക്കാന്‍ മാത്രം ശക്തിയുള്ളതായിരുന്നു ഓരോ പ്രഹരവും.'' 19 അടിക്കുശേഷം ഖലീഫ ചോദിച്ചു: "അഹ്മദ്, എന്തിനിങ്ങനെ ജീവിതം നശിപ്പിക്കുന്നു? ഞാന്‍ പറയുന്നത് അംഗീകരിച്ചു കൂടേ?'' അദ്ദേഹത്തിനു മുന്‍ മറുപടിയല്ലാതെ പുതുതായൊന്നും പറയാനുണ്ടായിരുന്നില്ല. പ്രഹരം തുടരാന്‍ കല്‍പ്പനയായി. അദ്ദേഹത്തിന്റെ മേനിയില്‍ ചമ്മട്ടികള്‍ ആഞ്ഞുപതിച്ചു - 34 പ്രാവശ്യം. അപ്പോഴേക്കും അദ്ദേഹം ബോധരഹിതനായിരുന്നു.

ഇസ്ലാമിക ചരിത്രത്തില്‍ വിജ്ഞാന സ്ഫോടനം നടന്ന അബ്ബാസി കാലത്തെ സംഭവം ഇങ്ങിനെ. പണ്ട് മുതലേ ലോകത് മിത്തുകളുടെ കലവറയായ ഗ്രീക്ക് സാഹിത്യത്തില്‍ നിന്നും ഒരു പാട് ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് മൊഴിമാറ്റം നടത്തപ്പെട്ടു. ചര്‍ച്ചയുടെ അവസ്ഥ ഇങ്ങിനെ വന്നു “ ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയോ വചനമോ” . അന്ന് മുസ്ലിം ലോകത്ത് പ്രചാരം നേടിയ ഒരു ചിന്താ ധാരയാണ് “ മുഅതസലി” അവരുടെ വാദം ഖുര്‍ആന്‍ സൃഷ്ടിയാണ് എന്നും. ഈ വാദത്തിനു ഒരു പ്രശനം ഇമാം അഹ്മദ്‌ ബിന്‍ ഹമ്പല്‍ കണ്ടെത്തി. സൃഷ്ടികള്‍ നശിക്കണം . അപ്പോള്‍ ഖുറാനും മരണം ഉണ്ടാകണം. കൊട്ടാര പണ്ഡിതന്മാര്‍ ഈ വാദഗതിയെ പിന്തുണച്ചു. ഒരു ഭാഗത്ത്‌ ഇമാം മാത്രം. പക്ഷേ നിരന്തര പീഡനം ആ മാഹാനെ സത്യം പറയുന്നതില്‍ നിന്നും തടയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. നമുക്ക് ഇമാം ഹമ്പല്‍ കേവലം ഒരു മദഹബിന്റെ ഇമാം മാത്രം. പണ്ട് മുതലേ ഒരു ഇമാമിനെ പിന്തുടരുന്ന നാം മറ്റു ഇമാമുകളെ അറിഞ്ഞില്ല. ചരിത്രത്തില്‍ ഇമാം ഹമ്പല്‍ തീര്‍ത്ത പ്രതിരോധം നമ്മെ ആവേശരാക്കനം. ഞാനും നിങ്ങളും ഈ മഹാന്മാരുടെ പിന്‍ഗാമികള്‍ എന്ന് ഗര്‍വ് പറയുന്നു. ഖുര്‍ആനും സുന്നത്തും അവമതിക്കപ്പെടുമ്പോള്‍ നീ എവിടെയാണ്. നാം തന്നെ അതിനെ അവഹേളിക്കുന്നു. ഇമാമിന്റെ ദേഹത്ത് വീണ ചാട്ടവാറുകള്‍ നാളെ നിന്റെ ദേഹത്തും വീഴും. അന്ന് വിലപിക്കാന്‍ മാത്രമാകും എന്റെയും നിങ്ങളുടെയും വിധി.

അഭിപ്രായങ്ങളൊന്നുമില്ല: