2017, ഒക്‌ടോബർ 23, തിങ്കളാഴ്‌ച

ചരിത്രത്തെ വളച്ചൊടിക്കുന്ന പോപ്പുലര്‍ ഫ്രണ്ടുകാര്‍


Image may contain: text

*അബൂ ബസ്വീറി(റ)ന്‍റെയും കൂട്ടുകാരുടേയും ഗറില്ലാ പോരാട്ടവും ചരിത്രത്തെ വളച്ചൊടിക്കുന്ന പോപ്പുലര്‍ ഫ്രണ്ടുകാരും*
-------------------------------------------------------------------------
മക്കയില്‍ നിന്നും തന്‍റെ വിശ്വാസവുമായി മദീനയിലേക്ക് രക്ഷപ്പെട്ട അബൂബസ്വീറി(റ)നെ ഹുദൈബിയ്യാ സന്ധി വ്യവസ്ഥ പ്രകാരം മക്കയിലേക്ക് തന്നെ തിരിച്ചുകൊണ്ടുവരാനായി മുശ്രിക്കുകള്‍ രണ്ടുപേരെ പ്രവാചകന്‍റെ അടുക്കലേക്ക് പറഞ്ഞയച്ചു. നബി(സ) അദ്ദേഹത്തെ അവരോടൊപ്പം അയക്കുകയും ചെയ്തു. വഴിക്ക് വെച്ച് അവരില്‍ ഒരാളെ അദ്ദേഹം തന്ത്രപൂര്‍വം വധിക്കുകയും വീണ്ടും മദീനയിലേക്ക് തിരിച്ചു പോകുകയും ചെയ്തപ്പോള്‍ പിന്നെയും നബി(സ) അദ്ദേഹത്തെ തിരിച്ചയച്ചു. സന്ധി പ്രകാരം അതാണല്ലോ വേണ്ടത്. അന്നേരം അദ്ദേഹം മക്കയിലേക്ക് മടങ്ങാതെ സാഹിലിലേക്ക് യാത്ര തിരിക്കുകയും അവിടെ താവളമടിക്കുകയും ചെയ്തു. അതറിഞ്ഞു മക്കയില്‍ നിന്നു അബൂ ജന്ദല്‍ അടക്കമുള്ള മറ്റു ചില വിശ്വാസികളും അവിടെ എത്തിപ്പെടുകയും തുടര്‍ന്നു അവര്‍ അവിടെ സംഘടിച്ചു ആ വഴിക്ക് പോകുന്ന ഖുറൈശി കച്ചവട സംഘത്തെ സായുധമായി ആക്രമിക്കുകയും അവരുടെ മുതലുകള്‍ കൊള്ളയടിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഭരണമില്ലെങ്കിലും വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും ആയുധമെടുത്ത് പോരാടാനും തിരിച്ചടിക്കാനും ഇസ്ലാമില്‍ അനുവാദമുണ്ട് എന്നതിന് ഈ സംഭവം തെളിവാണ് എന്ന് ശക്തിയുക്തം വാദിക്കുന്നവരാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍. പ്രത്യക്ഷത്തില്‍ ശരിയല്ലേ എന്ന് തോന്നിയേക്കാവുന്ന, പലരും തെറ്റിദ്ധരിച്ചിട്ടുള്ള ഈ സംഭവത്തിന്‍റെ നിജസ്ഥിതി എന്താണെന്ന് നമുക്കൊന്ന് ആഴത്തില്‍ പരിശോധിക്കാം. അതിനുമുമ്പ് പോപ്പുലര്‍ ഫ്രണ്ടുകാരുടെ ഇവ്വിഷയകമായ വാദം എന്താണെന്ന കാര്യം അവരുടെ തന്നെ വാക്കുകളില്‍ കാണുക:
-------------------------------------------------------------------------------
സജ്ജാദ് വാണിയമ്പലം എഴുതുന്നു: 'ഹുദൈബിയ സന്ധിയുടെ അടിസ്ഥാനത്തില്‍ മക്കയില്‍ നിന്ന് ഇസ്ലാം സ്വീകരിച്ച് മദീനയിലേക്ക് കടന്ന അബൂബസീര്‍ (റ) വിനെ തിരിച്ചുപിടിക്കാന്‍ രണ്ടുപേരെ ഖുറൈശികള്‍ പിറകെ അയച്ചു. അതനുസരിച്ച് തിരുമേനി അദ്ദേഹത്തെ ആ രണ്ടുപേര്ക്കുമേല്പ്പിച്ചു കൊടുത്തു. അങ്ങനെ അദ്ദേഹം അവരോടൊപ്പം മടങ്ങി. ദുല്ഹുലൈഫയിലെത്തി അവിടെ ഇറങ്ങി ഈത്തപ്പഴം കഴിക്കുന്നതിന്നിടയില്‍ അബൂബസ്വീര് അവരിലൊരാളോട് പറഞ്ഞു: 'നിങ്ങളുടെ ഈ വാള് വളരെ നന്നായിട്ടുണ്ട്, ഞാനൊന്ന് കാണട്ടെ.' അതെയെന്ന് പറഞ്ഞ് വാള് അദ്ദേഹം അബൂബസ്വീറിന്റെ കൈവശം കൊടുത്തു. വാള്‍പിടി കൈയിലമര്ന്നതോടെ അബൂബസ്വീര്‍ അതുകൊണ്ട് അവനെ കൈകാര്യം ചെയ്തു. അപരന്‍ ഓടി മദീന പള്ളിയിലെത്തി. നബി(സ)യെ കണ്ട് സംഭവം വിവരിച്ചു. അപ്പോഴേക്കും വാളുമേന്തി അബൂബസ്വീറും അവിടെയെത്തി. അദ്ദേഹം പ്രവാചകനോട് പറഞ്ഞു: 'അല്ലാഹുവിന്റെ പ്രവാചകരേ. അങ്ങയുടെ ബാധ്യത അങ്ങ് പൂര്ത്തീകരിച്ചു കഴിഞ്ഞു. കരാറനുസരിച്ച് അങ്ങ് എന്നെ തിരിച്ചയച്ചല്ലോ. പിന്നീട് അല്ലാഹു എന്നെ അവരില്‍ നിന്ന് രക്ഷിച്ചു.' പ്രവാചകന്‍ അദ്ദേഹത്തെ വീണ്ടും അവരിലേക്കുതന്നെ തിരിച്ചയക്കുമെന്ന് തോന്നിയപ്പോള്‍ അദ്ദേഹം അവിടെനിന്നും പുറപ്പെട്ടു. സൈഫുല്‍ ബഹ്ര് എന്ന സ്ഥലത്തെത്തി. സംഭവം അറിഞ്ഞ റസൂല്‍ അബൂബസീറിന്റെ സംഘം എഴുപത് ആളുകള്‍ ഉള്ള സംഘം ആയി വളരും എന്ന് ആശിര്വദിച്ചു. അവിടേക്ക് പിന്നീട് അബൂജന്ദലും എത്തിച്ചേര്ന്നു. അങ്ങനെ മക്കയില് വിശ്വാസികളാകുന്ന ഓരോരുത്തരും അബൂബസ്വീറിന്റെ സമീപമെത്തിക്കൊണ്ടിരുന്നു. അവസാനമവരൊരു കൊച്ചു സംഘമായി മാറി. അതുവഴി ശാമിലേക്ക് പോകുന്ന ക്വുറൈശികളുടെ വ്യാപാരസംഘത്തെ അക്രമിച്ച് അവരുടെ സ്വത്ത് ഇവര് കയ്യടക്കാന് തുടങ്ങി. അതോടെ വ്യാപാരമാര്ഗം അസ്വസ്ഥമായി. ക്വുറൈശികള് കുടുംബബന്ധത്തിന്റെ പേരില്‍ തങ്ങളോട് കരുണ കാണിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നബി(സ)യുടെ അടുക്കലേക്ക് സന്ദേശമയച്ചു. അതോടെ മക്കയില്‍ വിശ്വാസികളായവരെ മദീനയില്‍ അഭയം നല്കി സ്വീകരിച്ചു. മക്കയില്‍ നിന്ന് മുസ്ലിം ആയി അഭയം തേടി വരുന്നവരെ തിരിച്ചയക്കണം എന്ന ഹുദൈബിയ സന്ധിയില്‍ ഖുറൈശികള്ക്ക് മേല്‍കൈ ലഭിച്ചു എന്ന് സഹാബികള്ക്ക് തന്നെ തോന്നല്‍ ഉണ്ടാക്കിയ നിബന്ധന ഖുറൈശികളുടെ അവശ്യപ്രകാരം തന്നെ പിന്വലിച്ചു എന്ന് ചുരുക്കം. അബൂബസീറിന്റെയും സംഘത്തിന്റെയും ഈ പോരാട്ടം മദീനയിലെ ഇസ്ലാമിക രാഷ്ട്രത്തിനു പുറത്തായിരുന്നത് കൊണ്ടാണല്ലോ നബിതിരുമേനിയുടെ ഹുദൈബിയ സന്ധി അവിടെ ബാധകം അല്ല എന്ന് ഇരുകൂട്ടരും പരിഗണിച്ചത്. അവിടെ വേറെ ഇസ്ലാമിക ഭരണം ഉള്ള നാട് ഒന്നും ആയിരുന്നില്ല എന്നതും ഓര്ക്കുക. ഈ സംഭവത്തിൽ അബൂ ബശീറിനെ നബി തിരുമേനി വിമർശിച്ചു എന്നത് ചിലർ വാദിക്കുന്നത് കണ്ടു. ശുദ്ധ കളവാണത്. അബൂബഷീറിന്‍റെ സംഘം എഴുപത് ആളുകൾ ആയി വളരും എന്ന് നബി തിരുമേനി മുൻകൂട്ടി ആശിര്‍വദിക്കുകയാണ് ചെയ്തത്. അല്ലെന്നു പറയുന്നവർ തെളിവ് ഹാജരാക്കട്ടെ.'

--------------------------------------------------------------------------------

*വിശകലനം:* ഇതിന്നാണ് ചരിത്രത്തെ വ്യഭിചരിക്കുക എന്ന് പറയുക! പച്ചയായ ദുര്‍വ്യാഖ്യാനം! റസൂല്‍(സ)യുടെ പേരിലുള്ള കളവ്! സ്വന്തം സംഘടനയുടെ വെട്ടും കുത്തും റാത്തീബിനെ ന്യായീകരിക്കാന്‍ ഇങ്ങനെയൊക്കെ ചെയ്യാമോ പോപ്പുലര്‍ ഫ്രണ്ടുകാരെ?! യുവാക്കളുടെ രക്തം തിളപ്പിക്കാനും വൈകാരികമായി പ്രതികരിച്ചു എടുത്തു ചാടുന്നവരാക്കി അവരെ മാറ്റിയെടുക്കാനും കാലങ്ങളായി ഇക്കൂട്ടര്‍ ദുരുപയോഗം ചെയ്യാറുള്ള ഒരു ചരിത്ര സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യമിവിടെ ചുരുളഴിക്കുകയാണ്. ശ്രദ്ധിച്ചു വായിക്കുക. പോപ്പുലര്‍ ഫ്രണ്ടുകാര്‍ തങ്ങളുടെ അനിസ്ലാമിക ചെയ്തികള്‍ക്ക് ന്യായമായി ഉദ്ധരിക്കാറുള്ള തെളിവുകളൊക്കെയും ഒന്നുകില്‍ ദുര്‍ബലമോ അല്ലെങ്കില്‍ കോണ്ടക്സ്റ്റ് തിരിയാതുള്ളതോ അതുമല്ലെങ്കില്‍ ദുര്‍വ്യാഖ്യാനമോ ആണ് എന്നതാണ് വസ്തുത. സാഹിലില്‍ വെച്ച് ഈ സ്വഹാബികള്‍ ചെയ്തുകൊണ്ടിരുന്നത് നബി(സ) അറിഞ്ഞിരുന്നു എന്നും എന്നിട്ടും അവരെ വിലയിക്കിയില്ല എന്നുമാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ വാദിക്കാറുള്ളത്. അസംബന്ധമാണു ഈ വാദം. പ്രവാചകന്‍റെ പേരില്‍ ഇല്ലാത്തത് ആരോപിക്കലും! സാഹില്‍ അഥവാ സൈഫുല്‍ ബഹ്ര്‍ എന്ന പ്രദേശത്ത് വെച്ച് അവര്‍ മുശ്രിക്ക് കച്ചവട സംഘത്തെ സായുധമായി ആക്രമിക്കുകയും അവരുടെ കച്ചവട സ്വത്തുക്കള്‍ തട്ടിയെടുക്കുകയും ചെയ്യുന്നു എന്ന സംഭവം നബി(സ) അറിയുന്നത് തന്നെ ഒരു സംഘം മുശ്രിക്കുകള്‍ മദീനയില്‍ ചെന്ന് അവിടത്തോട് പരാതി പറഞ്ഞപ്പോഴാണ്! അതറിഞ്ഞപ്പോഴാകട്ടെ തങ്ങളുടെ ചെയ്തിയില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടുകൊണ്ടു അബൂ ബസ്വീറിനും അബൂ ജന്ദലിനും കൂട്ടുകാര്‍ക്കും കത്തയക്കുകയും ചെയ്തു പ്രവാചകന്‍! എന്നല്ല, മുശ്രിക്കുകളില്‍ നിന്നു തട്ടിയെടുത്ത സമ്പത്ത് മുഴുവന്‍ തിരിച്ചുകൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു! അവരുടെ ഗറില്ലാ പോരാട്ടം ജിഹാദായോ അവര്‍ പിടിച്ചെടുത്ത സമ്പത്ത് ഗനീമത്ത് സ്വത്തായോ നബി(സ) അംഗികരിച്ചില്ല എന്ന് ചുരുക്കം. സാധാരണഗതിയില്‍, ഇസ്ലാമിക നേതൃത്വത്തിന്‍റെ അനുമതിയില്ലാതെ ആയുധമെടുക്കാന്‍ വ്യക്തികള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ അനുവാദമില്ല എന്നിക്കാര്യം വ്യക്തമാക്കുന്നു.
ഇനി, ഈയുള്ളവന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയ, ഈ സംഭവം വിശദമായി പറയുന്ന പ്രസിദ്ധമായ ഏതാനും ഇസ്ലാമിക ചരിത്ര കൃതികളിലെ പരാമര്‍ശങ്ങള്‍ കാണുക. (ഇതിന്നു വിപരീതമായ ആശയം ലഭിക്കുന്ന ആധികാരിക ചരിത്രമുണ്ടെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ അക്കാര്യം വ്യക്തമാക്കട്ടെ.) ഇമാം ബുര്‍ഹാനുദ്ദീന്‍ അല്‍ ഹലബി അദ്ദേഹത്തിന്‍റെ അസ്സീറതുല്‍ ഹലബിയ്യയില്‍ പറയുന്നു:
 من شأنهم أن كلَّ عِيرٍ مرّت بهم لقريش أخذوها بغير معرفة رسول الله (السيرة الحلبية:3/175 
(നബി(സ) അറിയാതെ, തങ്ങളുടെ സമീപത്തുകൂടി കടന്നുപോകുന്ന ഖുറൈശികളുടെ കച്ചവട സംഘങ്ങളെയെല്ലാം പിടികൂടുക എന്നത് അവരുടെ രീതിയായിരുന്നു.)

താരീഖുത്ത്വബ്രിയില്‍ ഈ സംഭവം പറയുന്നതിങ്ങനെയാണ്: 
فلما رأى ذلك كفارُ قريشٍ، ركبٍ نفر منهم إلى رسول الله صلى الله عليه وسلم، فقالوا له: إنها لا تغني مدتك شيئا، ونحنُ نُقتل وتُنهب أموالُنا، وإنا نسألك أن تدخل هؤلاء في الذين أسلموا منا في صلحك وتمنعهم، وتحجز عنا قتالهم، ففعل ذلك رسول الله صلى الله عليه وسلم، فأنزل الله: وَهُوَ الَّذِي كَفَّ أيْدِيَهُمْ عَنْكُمْ وأيْدِيَكُمْ عَنْهُمْ 
(അവരുടെ ഈ ചെയ്തി കണ്ടപ്പോള്‍ ഖുറൈശികളില്‍ ഒരു സംഘം പ്രവാചകന്‍റെ അടുക്കല്‍ ചെന്ന് പറഞ്ഞു: നീയുമായുള്ള സമാധാന സന്ധി കൊണ്ട് ഞങ്ങള്‍ക്ക് യാതൊരുപകാരവുമില്ല. ഞങ്ങള്‍ കൊല ചെയ്യപ്പെടുകയും ഞങ്ങളുടെ സമ്പത്ത് തട്ടിയെടുക്കപ്പെടുകയും ചെയ്യുന്നു. അതിനാല്‍ ഞങ്ങളെ ആക്രമിക്കുന്ന ഈ ടീമിനെ ഞങ്ങളില്‍ നിന്നും ഇസ്ലാം സ്വീകരിച്ചു നിന്‍റെ അടുക്കലേക്ക് വന്നവരോടൊപ്പം ചേര്‍ക്കണമെന്നും ഞങ്ങളോട് യുദ്ധം ചെയ്യുന്നതില്‍ നിന്ന് അവരെ തടയുകയും നിയന്ത്രിക്കുകയും ചെയ്യണമെന്നുമാണ് നിന്നോടു ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളത്. അന്നേരം പ്രവാചകന്‍ അപ്രകാരം ചെയ്തു. അപ്പോള്‍ അല്ലാഹു ഖുര്‍ആന്‍ അവതരിപ്പിച്ചു:
 وَهُوَ الَّذِي كَفَّ أَيْدِيَهُمْ عَنكُمْ وَأَيْدِيَكُمْ عَنْهُم بِبَطْنِ مَكَّةَ مِن بَعْدِ أَنْ أَظْفَرَكُمْ عَلَيْهِمْ ۚ وَكَانَ اللَّهُ بِمَا تَعْمَلُونَ بَصِيرًا 
(അവനാകുന്നു മക്കാ താഴ്‌വരയില്‍ അവരുടെ കരങ്ങളെ നിങ്ങളില്‍നിന്നും നിങ്ങളുടെ കരങ്ങളെ അവരില്‍നിന്നും തടഞ്ഞത്. അവന്‍ അവര്‍ക്കെതിരെ നിങ്ങള്‍ക്കു വിജയമരുളിക്കഴിഞ്ഞിരിക്കെ. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തും അല്ലാഹു വീക്ഷിക്കുന്നുണ്ടായിരുന്നു.)

ഈ സംഭവം വിവരിക്കവേ
ഇമാം ഇബ്നു കസീര്‍ തന്‍റെ അല്‍ ബിദായ വന്നിഹായ എന്ന ചരിത്ര കൃതിയില്‍ എഴുതിയതിങ്ങനെ:
* فكتب رسول الله إلى أبي جندل وإلى أبي بصير رضي الله عنهما أن يقدما عليه وأن من معهما من المسلمين يلحقوا ببلادهم وأهليهم، ولا يتعرضوا لأحد مرّ بهم من قريش ولا لعيراتهم،،، فلّما كتب إليهم رسول الله صلى الله عليه وسلم أن يردوا ما أخذوا منه ردّوه لم يفقد منه عقالاً (البداية والنهاية:4 /368) 
(മാക്കാ മുശ്രിക്കുകളുടെ പരാതിയെ തുടര്‍ന്നു നബി(സ) അബൂ ജന്ദലിനും അബൂ ബസ്വീറിനും ഇപ്രകാരം ഒരു കത്തെഴുതി: നിങ്ങള്‍ രണ്ടുപേരും മദീനയിലേക്ക് പോരുക. നിങ്ങളോടൊപ്പമുള്ളവര്‍ അവരവരുടെ നാട്ടിലേക്ക് തിരിച്ചുപോയി കുടുംബത്തോടൊപ്പം ചേരട്ടെ. *ഖുറൈശികളില്‍ നിന്നും അവരുടെ സമീപത്തുകൂടി കടന്നുപോകുന്ന ഒരാളെയും ഒരു കച്ചവട സംഘത്തെയും സായുധമായി നേരിടാതിരിക്കുക... ഇമാം ഇബ്നുകസീര്‍ തുടരുന്നു: അപ്രകാരം, ഖുറൈശികളില്‍ നിന്നു തങ്ങള്‍ പിടിച്ചെടുത്തത് തിരിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നബി(സ) കത്തെഴുതിയപ്പോള്‍ ഒട്ടകത്തിന്‍റെ വടം പോലും നഷ്ടപ്പെടാതെ അതെല്ലാം അവര്‍ തിരിച്ചുകൊടുത്തു.)

ഇതാണ് അബൂ ജന്ദലിന്‍റെയും അബൂ ബസ്വീറിന്‍റെയും നേതൃത്വത്തില്‍ മക്കാ മുശ്രിക്കുകള്‍ക്കിടയില്‍ നിന്നും ഇസ്ലാം സ്വീകരിച്ചു രക്ഷപ്പെട്ടെത്തിയ ഒരു കൂട്ടം വിശ്വാസികള്‍ സാഹില്‍ എന്ന പ്രദേശത്ത് വെച്ച് മുശ്രിക്കുകളുടെ കച്ചവട സംഘത്തിനെതിരെ നടത്തിയ സായുധ ആക്രമണത്തിന്‍റെ യാഥാര്‍ത്ഥ്യം. ഇതിലെന്താണ്, നിയമവാഴ്ച നിലനില്‍ക്കുന്ന ഒരു പ്രദേശത്ത് നിയമം കൈയിലെടുത്ത് പ്രതികാരം ചെയ്യാന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കുള്ള തെളിവ്? ഒന്നുമില്ല, ദുര്‍വ്യാഖ്യാനമല്ലാതെ! എന്തെന്നാല്‍:

1. *നബി(സ) ഈ സംഭവം അറിഞ്ഞിട്ടില്ലായിരുന്നു. അറിഞ്ഞപ്പോള്‍ അവരെ അതില്‍ നിന്ന് തടയുകയും ചെയ്തു എന്നതിനുള്ള കൃത്യമായ തെളിവുകള്‍ നാം കണ്ടു. നബി(സ) അറിഞ്ഞിട്ടും തടഞ്ഞില്ല എന്ന പോപ്പുലര്‍ ഫ്രണ്ടുകാരുടെ വാദത്തിനു തെളിവുണ്ടെങ്കില്‍ അവര്‍ ഹാജരാക്കട്ടെ. നാം പരിശോധിച്ചേടത്തോളം അങ്ങനെയൊന്നു കാണാന്‍ സാധിച്ചിട്ടില്ല.

2. അവരുടെ പോരാട്ടത്തെ നബി(സ) അംഗികരിച്ചിരുന്നുവെങ്കില്‍ പോരാട്ടത്തിനിടെ മുശ്രിക്കുകളില്‍ നിന്ന് അവര്‍ ശേഖരിച്ച സ്വത്തുക്കള്‍ തിരിച്ചുകൊടുക്കാന്‍ ആവശ്യപ്പെടില്ലായിരുന്നു. (അതൊന്നും ഹുദൈബിയ്യാ സന്ധിയുടെ ഭാഗമായ കരാറില്‍ പെട്ട വിഷയമല്ലല്ലോ.) സ്വഹാബികള്‍ ഒരു സംഗതി ചെയ്യുകയും ശേഷം അതിങ്ങനെയായിരുന്നു എന്ന് പറഞ്ഞു നബി(സ) തിരുത്തുകയും ചെയ്തിട്ടുണ്ടെങ്കില്‍ ആ തിരുത്തിയതാണ് ഇസ്ലാമിക മാതൃക. എന്നിരിക്കെ, ആ സ്വഹാബികള്‍ ദീന്‍ എന്താണ് എന്നും വ്യക്തികള്‍ സായുധ പോരാട്ടം നടത്തുന്നത് തെറ്റാണ് എന്നും അറിയാത്തവരായിരുന്നോ, ചോരത്തിളപ്പുകാരായിരുന്നോ, എന്നിങ്ങനെയുള്ള പോപ്പുലര്‍ ഫ്രണ്ട് മോഡല്‍ ചോദ്യങ്ങള്‍ പരിഹാസ്യവും വിവരക്കേടും സ്വന്തം ചെയ്തികള്‍ക്ക് തീര്‍ത്തും തെറ്റായ രൂപത്തില്‍ ന്യായം ചമക്കലുമാണ്.

3. കരാര്‍ നിലനില്‍ക്കുന്നത് മദീനയും മക്കയും തമ്മിലാണ്. ഇവര്‍ പോരാട്ടം നടത്തിയ സാഹില്‍ എന്ന പ്രദേശമാകട്ടെ മക്കക്കും മദീനക്കും പുറത്തും. ആ നിലക്ക് അവരുടെ ചെയ്തിയില്‍ എനിക്ക് ഉത്തരവാദിത്വമില്ല എന്ന് പറഞ്ഞു, മുശ്രിക്കുകള്‍ പരാതിപ്പെട്ടപ്പോള്‍ നബി(സ)ക്ക് ഒഴിഞ്ഞുമാറാമായിരുന്നു. എന്നിട്ടും അവിടുന്നു അങ്ങനെ ചെയ്തില്ല. മുശ്രിക്കുകളുടെ ആവശ്യം പരിഗണിക്കുകയും ആ മുസ്ലിംകളോട് തങ്ങളുടെ ചെയ്തികളില്‍ നിന്നു പിന്മാറാന്‍ ആവശ്യപ്പെടുകയുമാണ്‌ നബി(സ) ചെയ്തത്!

4. പ്രത്യക്ഷത്തില്‍ നബി(സ)യുടെ ഈ നടപടി മുശ്രിക്കുകള്‍ക്ക് ഉപകാരവും സാഹിലിലെ മുസ്ലിംകള്‍ക്ക് ഉപദ്രവവും വരുത്തിവെക്കുന്നതായിരുന്നു. എന്നിട്ടും നബി(സ)യുടെ ആ നടപടിയെ സാഹിലിലെ വിശ്വാസികള്‍ അക്ഷരം പ്രതി നടപ്പിലാക്കി. 'ഞങ്ങള്‍ ഇത്രയൊക്കെ പീഡനം സഹിച്ചിരിക്കെ എന്തുകൊണ്ട് ഇങ്ങനെയൊക്കെ ആയിക്കൂടാ?, ഈ ഫാസിസ്റ്റുകളെ ഇനിയും താങ്കള്‍ സോപ്പിടുകയാണോ?' എന്ന് ചോദിച്ചുകൊണ്ട് തങ്ങളുടെ 'ന്യായ'ത്തില്‍ ഒരു നിമിഷം പോലും അവര്‍ ഉറച്ചു നിന്നില്ല. അവര്‍ പോപ്പുലര്‍ ഫ്രണ്ടുകാരെ പോലെ വികാരജീവികള്‍ ആയിരുന്നില്ലല്ലോ!

5. മുശ്രിക്കുകളുടെ കണ്ണുവെട്ടിച്ച് മക്കയില്‍ നിന്നും മദീനയിലെത്തിയ അബൂ ബസ്വീറിനെ ഹുദൈബിയ്യാ സന്ധിയിലെ വ്യവസ്ഥ പ്രകാരം നബി(സ) തിരിച്ചയച്ചല്ലോ. ഖുറൈശികള്‍ പറഞ്ഞയച്ച സായുധരായ രണ്ടു പേരോടൊപ്പം മനമില്ലാ മനസ്സോടെ മടങ്ങിപ്പോകവേ, ദുൽഹുലൈഫയിൽ എത്തിയപ്പോള്‍ അവരിലൊരാളെ അബൂ ബസ്വീർ വാളിന്നിരയാക്കുകയും ചെയ്തു. തന്‍റെ വിശ്വാസമനുസരിച്ച് മക്കയില്‍ തന്നെ ജീവിക്കാന്‍ അനുവദിക്കാതിരുന്ന, രാജ്യത്തിനു പുറത്ത് പോയി ജീവിക്കാം എന്ന് വെച്ചപ്പോള്‍ അതിനുപോലും സമ്മതിക്കാതെ പിടിച്ചുകൊണ്ടുവന്നവരോട് അബൂ ബസ്വീര്‍ പോരാടിയത് സ്വന്തം നിലക്ക് തെറ്റാണ് എന്ന് ആരും പറയില്ല. എന്തെന്നാല്‍ അദ്ദേഹത്തിന്‍റെ ആത്മ രക്ഷക്ക് അതല്ലാതെ മറ്റു വഴികളില്ലായിരുന്നു. എന്നിട്ടും പക്ഷെ സന്ധി വ്യവസ്ഥയുടെ കാര്യം പറഞ്ഞുകൊണ്ട് സ്വരക്ഷക്ക് വേണ്ടിയുള്ള ആ കൊലപാതകത്തെ പോലും ശക്തമായി ആക്ഷേപിക്കുകയാണ് നബി(സ) ചെയ്തത്! 'എന്‍റെ പ്രവൃത്തിയില്‍ താങ്കള്‍ക്ക് ഉത്തരവാദിത്വമില്ല' എന്ന് പറഞ്ഞുകൊണ്ട് വന്ന അബൂ ബസ്വീറിനോടു നബി(സ) പറഞ്ഞത് ഇപ്രകാരമായിരുന്നു:

 ويل أمه، مسعر حرب، لو كان له أحد 

(ഇതെന്തു കഥ! യുദ്ധാഗ്നി ആളിക്കത്തിക്കുകയാണോ? അയാളെ സഹായിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍!)

6. സാഹില്‍ എന്നത് മക്കയുടെയും മദീനയുടെയും പുറത്തുള്ള പ്രദേശമായതിനാല്‍ ഹുദൈബിയ്യയിലെ വ്യവസ്ഥകള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്ന് അബൂ ജന്ദലിനും കൂട്ടര്‍ക്കും ന്യായമായും വാദിക്കാം. മാത്രവുമല്ല ആ പ്രദേശത്ത് പ്രത്യേകമായൊരു ഭരണ വ്യവസ്ഥയും നിലനിന്നിരുന്നതായി അറിയില്ല. കൂടാതെ അവര്‍ ആക്രമിച്ചിരുന്നതാകട്ടെ പിറന്നുവീണ നാട്ടില്‍ നിന്ന് തങ്ങളെ പുറത്താക്കിയ, പുറത്ത് പോയി ജീവിക്കാന്‍ പോലും സമ്മതിക്കാത്ത ഫാസിസ്റ്റുകളോട് ആയിരുന്നു താനും. ആ നിലക്ക് ഈ പോരാട്ടത്തിനു ന്യായമുണ്ടായിരുന്നു. (ഫലസ്തീനികളുടെയും റോഹിങ്ക്യകളുടെയും മറ്റും പോരാട്ടത്തെ പോലെ.) എന്നിട്ടും പക്ഷെ ആ പ്രത്യേക പശ്ചാത്തലം കാരണം നബി(സ) അതില്‍നിന്നവരെ തടയുകയായിരുന്നു!

7. അന്നത്തെ സാഹിലിലെ രാഷ്ട്രിയ സാഹചര്യവുമായോ അവിടെ എത്തിപ്പെട്ട സ്വഹാബികളുടെ അവസ്ഥയുമായോ നിലവിലെ ഇന്ത്യന്‍ സാഹചര്യത്തിനോ ഇന്ത്യന്‍ മുസ്ലിംകളുടെ അവസ്ഥക്കോ ഒരു സാമ്യതയും കണ്ടെത്തുക സാധ്യമല്ല. അതിനാല്‍ തന്നെ ആ സംഭവം ഉദ്ധരിച്ചു, ഇസ്ലാമികമല്ലെങ്കിലും വ്യവസ്ഥാപിത ഭരണകൂടവും ഹുജ്ജത്ത് പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ലാത്ത ഒരു സമൂഹവും നിലനില്‍ക്കുന്ന, പിറന്നുവീണ നാട്ടില്‍ ഒരുപരിധിവരെ വിശ്വാസ സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്ത് ചില ഫാസിസ്റ്റ് നടപടികള്‍ എടുത്തുകാണിച്ചുകൊണ്ട് വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും ആയുധമെടുക്കാം, അവര്‍ക്കെതിരെ സ്വന്തം ഇഷ്ടപ്രകാരം പ്രതികാരവും പ്രതിക്രിയയും നടപ്പിലാക്കാം എന്നൊക്കെ വാദിക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കലും ഇസ്ലാമിനെ അവമതിക്കലുമാണ്.

ചുരുക്കത്തില്‍, ഈ സ്വഹാബികളുടെ ചെയ്തി നബി(സ) അറിഞ്ഞിട്ടും തടഞ്ഞില്ല എന്ന് വന്നാല്‍ പോലും പൊതുവെ ന്യായമെന്നു പറയാവുന്ന അബൂ ബസ്വീറിന്‍റെയും അബൂ ജന്ദലിന്‍റെയും കൂട്ടുകാരുടെയും സാഹിലിലെ ഗറില്ലാ പോരാട്ടത്തില്‍ ഏത് നിലക്ക് നോക്കിയാലും പോപ്പുലര്‍ ഫ്രണ്ടു മോഡല്‍ വെട്ടും കുത്തും റാത്തീബിനോ പ്രതിരോധത്തിന്‍റെ മറവിലുള്ള പ്രതികാരത്തിനോ യാതൊരു തെളിവുമില്ല എന്ന് കാണാം. അതിനാല്‍ തന്നെ അതുവെച്ചുകൊണ്ട് വ്യക്തികള്‍ ആയുധമെടുക്കുന്നതിനെ എതിര്‍ക്കുന്നവരെ പരിഹസിക്കാന്‍ വേണ്ടി പോപ്പുലര്‍ ഫ്രണ്ടുകാര്‍ ചോദിക്കാറുള്ള, 'അബുൽ ബസ്വീറിന് ദീൻ തിരിഞ്ഞില്ലേ?' 'വെട്ടും കുത്തും റാത്തിബിന്റെ ആളുകളായിരുന്നോ അബു ജന്തലും അബുൽ ബസ്വീറും?', 'ശരിയായ ദീൻ പഠിക്കാത്ത അവിവേകികളും ചോരത്തിളപ്പുകാരുമായിരുന്നോ അവര്‍?', എന്നിങ്ങനെയുള്ള പരിഹാസ ചോദ്യങ്ങള്‍ മുഴുവന്‍ പോപ്പുലര്‍ ഫ്രണ്ടുകാരെ തന്നെ ബൂമറാങ്ങ് കണക്കെ തിരിച്ചടിക്കുകയാണ് ചെയ്യുന്നത്! അതിനാല്‍, ഇനിയെങ്കിലും അല്‍പംകൂടി ബുദ്ധിപരമായ സത്യസന്ധതയോടെ വിശുദ്ധ ഖുര്‍ആനെയും തിരു സുന്നത്തിനെയും ഇസ്ലാമിക ചരിത്രത്തെയും സമീപിക്കണമെന്നാണ് പോപ്പുലര്‍ ഫ്രണ്ടുകാരോട് അഭ്യര്‍ഥിക്കാനുള്ളത്.

-അബ്ദുല്‍ അസീസ് പൊന്മുണ്ടം.

അഭിപ്രായങ്ങളൊന്നുമില്ല: