2017, ഒക്‌ടോബർ 15, ഞായറാഴ്‌ച

പോപ്പുലര്‍ ഫ്രണ്ടുകാര്‍ അസ്വസ്ഥരാകുന്നത് എന്തുകൊണ്ട്?: ഭാഗം -1

No automatic alt text available.

Image may contain: 1 person, beard and text
അബ്ദുല്‍ അസീസ് പൊന്മുണ്ടം

വിളക്കി'ന്‍റെ ഇത്തിരി വെട്ടം പരക്കുമ്പോഴേക്ക് പോപ്പുലര്‍ ഫ്രണ്ടുകാര്‍ അസ്വസ്ഥരാകുന്നത് എന്തുകൊണ്ട്?: ഭാഗം -1* 
-------------------------
(ശഫീഖ് ഖാസിമിയുടെ വാദങ്ങളുടെ നിരൂപണം)

ഇരുട്ടിനെ പ്രണയിക്കുന്നവര്‍ക്ക് വെളിച്ചം ശല്യമാവുക സ്വാഭാവികം മാത്രം. ചരിത്രത്തെ വളച്ചൊടിക്കുന്നവര്‍ക്ക് യഥാര്‍ത്ഥ ചരിത്രം മാലോകര്‍ അറിയുമ്പോള്‍ ചൊറിച്ചില്‍ ഉണ്ടാവുന്നതും അത് തുറന്നു പറയുന്നവരോട് കെറുവ് തോന്നുന്നതും തഥൈവ! ബഹുമാന്യ പണ്ഡിത സുഹൃത്ത് *ജമാല്‍ കടന്നപള്ളിയുടെ 'വിളക്ക്' എന്ന പേരിലുള്ള വാട്ട്സപ്പ് കുറിപ്പുകളിലെ 'പോപ്പുലർ ഫ്രണ്ടിനോട് ഞങ്ങൾക്കും പറയാനുണ്ട്' എന്ന തലക്കെട്ടിലുള്ള, മുഹമ്മദ്‌ നബി(സ)യുടെയും സ്വഹാബത്തിന്‍റെയും മാക്കാ ജീവിതവുമായി ബന്ധപ്പെട്ട ചില ഓര്‍മപ്പെടുത്തലുകളും, സലീല്‍ ഇസ്ലായില്‍ എന്നൊരു സുഹൃത്തിന്‍റെ ചോദ്യത്തിന് മറുപടിയായി മൂസാ(അ)യുടെയും ഫറോവയുടെയും ബനൂ ഇസ്രായേല്യരുടെയും ഖിബ്തികളുടെയും ചരിത്രം ഉദ്ധരിച്ചുകൊണ്ട് ഈയുള്ളവന്‍ നല്‍കിയ 26:28 മിനുട്ടുള്ള വിശദീകരണവും പോപ്പുലര്‍ ഫ്രണ്ടുകാരെ തെല്ലൊന്നുമല്ല അസ്വസ്ഥപ്പെടുത്തിയിരിക്കുന്നത്!* അവരില്‍ പലരും അതിന്നെതിരെ പലവിധ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നത് കാണാനിടയായി. അതിന്‍റെ അനുരണനങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് മാത്രം ചേരുന്ന, ഇസ്ലാമിന് അന്യമായ വളരെ മോശമായ ശൈലിയിലും ഭാഷയിലുമായിരുന്നു ചിലരുടെ വിമര്‍ശനങ്ങള്‍. ജിദ്ദയില്‍ നിന്നും ഇര്‍ഷാദ് എന്നൊരു സുഹൃത്ത് ഒരു ഓഡിയോ ക്ലിപ്പില്‍ പ്രതികരിച്ചതിങ്ങനെ: ''ഈ പറയുന്ന ഷണ്ഡീകരണ നേതാവിനോട്‌ എനിക്കൊന്നു ചോദിക്കാനുണ്ട്... എടോ ഷണ്ഡന്‍മാരെ, വിഡ്ഢികളെ, മൂരികളെ... നിങ്ങളെ എന്താണ് വിളിക്കേണ്ടത് എന്നെനിക്ക് അറിഞ്ഞുകൂടാ. എടോ നിങ്ങള്‍ ആരെയാണ് വിഡ്ഢികളാക്കുന്നത്?...'' ഇങ്ങനെ നീളുന്നു, തെരുവ് ഗുണ്ടകളുടെ ശൈലിയിലുള്ള ആ അസഭ്യവര്‍ഷം. തീര്‍ത്തും അമാന്യമായ ഇത്തരം തെറികളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയും ബാക്കി അല്ലാഹുവിലേക്ക് വിടുകയും ചെയ്യുന്നു.

ഇത്തരം പരിഹാസങ്ങളും അസഭ്യങ്ങളും മാറ്റിനിര്‍ത്തിയാല്‍, *പരിഗണിക്കാവുന്ന വിമര്‍ശനങ്ങളായി തോന്നിയ, പോപ്പുലര്‍ ഫ്രണ്ടു സുഹൃത്തുക്കളില്‍ ചിലരുടെ ഏതാനും കുറിപ്പുകളെയും ഓഡിയോ ക്ലിപ്പുകളെയുമാണ്‌ ഇവിടെ ഏതാനും ഭാഗങ്ങളായി നിരൂപണവിധേയമാക്കാന്‍ ഉദ്ദേശിക്കുന്നത്.* ഇക്കൂട്ടത്തില്‍ പൊതുവേ മാന്യമായതും എന്നാല്‍ സമര്‍ത്ഥമായി തെറ്റിദ്ധരിപ്പിക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമായ വിമര്‍ശനമാണ് *'പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടിയുമായി ഹാഫിള് ശഫീഖ് അല്‍ഖാസിമി ഇടുക്കി' എന്ന തലക്കെട്ടോടെ വാട്ട്സപ്പില്‍ പ്രചരിക്കുന്ന 7:34 മിനുട്ടുള്ള ഒരു ഓഡിയോ ക്ലിപ്പ്. അതില്‍ ശഫീഖ് ഖാസിമി ഉന്നയിക്കുന്ന പ്രധാനപ്പെട്ട ചില വിമര്‍ശനങ്ങളാണിവിടെ ആദ്യം വിശകലന വിധേയമാക്കുന്നത്.* ( <<....>> ഇങ്ങനെ ഇരട്ട ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നത് വിമര്‍ശകരുടെ വാചകങ്ങളാണ്. ചിലേടങ്ങളില്‍ അത് ഇന്‍വെര്‍ട്ടഡ് കോമയിലും കാണാം.)
<<എല്ലാ സംഘടനകളെയും പോപ്പുലര്‍ ഫ്രണ്ടു അംഗികരിക്കുന്നു. ഒരു സംഘടനയെയും കുറ്റപ്പെടുത്തുന്നില്ല. മുസ്ലിം സംഘടനകളെ ഇല്ലാതാക്കലോ അവരെ നശിപ്പിക്കലോ കുറ്റപ്പെടുത്തലോ ഒറ്റപ്പെടുത്തലോ പോപ്പുലര്‍ഫ്രണ്ടിന്റെ ആവശ്യമേയല്ല... പോപ്പുലര്‍ഫ്രണ്ട് ഐക്യത്തിന്‍റെ കാഹളമാണ്. ഇഷ്ടമുള്ളവര്‍ക്ക് കൂടാം. അല്ലാത്തവര്‍ക്ക് മാറി നില്‍ക്കാം.>>
= ഇത് വെറും വാചാടോപ്പം മാത്രമാണ് എന്നതിന്‍റെ തെളിവ്, 'ഞാനൊരു പോപ്പുലര്‍ ഫ്രണ്ടു പ്രവര്‍ത്തകാനാണ്' എന്ന് സ്വയം പരിചയപ്പെടുത്തിയ ഇര്‍ഷാദിന്‍റെ വാചകങ്ങളിലൂടെ നാം കണ്ടുകഴിഞ്ഞല്ലോ! ഇതിലും അമാന്യമായ എത്രയോ പ്രയോഗങ്ങള്‍ ഇക്കൂട്ടരില്‍ നിന്ന് പലപ്പോഴായി കേട്ടിട്ടുമുണ്ട്. *തങ്ങളെല്ലാത്തവരെയെല്ലാം മുനാഫിഖുകളും ജൂതന്മാരുമാക്കാന്‍ യാതൊരു മന:സാക്ഷിക്കുത്തുമില്ലാത്തവരാണ് ഇവര്‍! പോപ്പുലര്‍ ഫ്രണ്ടുകാരന്‍ ആയതിനു ശേഷം സംഘടന വിട്ടുപോവുന്നവരോട് അവര്‍ സ്വീകരിക്കുന്ന സമീപനം സി.പി.എമ്മിന്റെതില്‍ നിന്ന് ഒട്ടും ഭേദമല്ല എന്നതിന്‍റെ ജീവിക്കുന്ന സാക്ഷിയാണല്ലോ സലീം ഹമദാനി! ക്രിക്കറ്റ് ബാറ്റുകൊണ്ടുള്ള അണ്‍ ലിമിറ്റഡ് ജിഹാദിന്‍റെ കഥ വേറെയും കാണാം. സ്ത്രീകള്‍ പോലും അതില്‍നിന്നൊഴിവല്ല എന്നതാണ് വസ്തുത! എവിടെയൊക്കെ തങ്ങളുടെ സഹോദര സംഘടനകള്‍ക്ക് പാര പണിയാന്‍ പറ്റുമോ, അവര്‍ക്കിടയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെ മുതലെടുക്കാന്‍ പറ്റുമോ അവിടെയൊക്കെയും പോപ്പുലര്‍ ഫ്രണ്ടും അതിന്‍റെ പ്രവര്‍ത്തകരും -ഇതിന്‍റെ മുന്‍പന്തിയിലാണ് ഓണ്‍ലൈന്‍ പട!- സജീവമായി തന്നെ ഉണ്ടായിട്ടുണ്ട് എന്നതിന് കഴിഞ്ഞകാല ചരിത്രം സാക്ഷി.* ഇക്കാര്യത്തില്‍ അവര്‍ക്ക് യാതൊരുവിധ തര്‍ബിയ്യത്തും നല്‍കാന്‍ സംഘടന ശ്രമിച്ചിട്ടില്ല എന്ന കാര്യം അവരുടെ പോസ്റ്റുകളുടെയും കമെന്റുകളുടെയും ശൈലിയും ഉള്ളടക്കവും നിരീക്ഷിക്കുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന കാര്യമാണ്.

<<ഥുമാമതുബ്നു ഉഥാല്‍ സ്വഹാബികളില്‍ പലരെയും കൊന്നയാളാണ്. അദ്ദേഹത്തിന്‍റെ തലെയെടുക്കാന്‍ നബി(സ) അനുവാദം കൊടുത്തു. കഅബ് ബ്നു സുഹൈര്‍ നബിക്കെതിരെ കവിതയെഴുതി. കഅബിന്‍റെ തലയെടുത്ത് കൊണ്ടുവരുന്നവര്‍ക്ക് നബി(സ) സ്വര്‍ഗം വാഗ്ദാനം ചെയ്തു.>>

= *പ്രതിക്രിയ/ ശിക്ഷ എന്ന നിലക്ക് ഈ രണ്ടു സംഭവങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയത് ഇസ്ലാമിക രാഷ്ട്രത്തിന്‍റെ അധിപനായിരുന്ന മുഹമ്മദ്‌ നബി(സ)യായിരുന്നു. അതിലാര്‍ക്കാണ് തര്‍ക്കം? ഇസ്ലാമിക രാഷ്ട്രത്തിനെതിരെ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും അതിന്‍റെ നേതാവും വിശ്വാസികളുടെ മാതൃകാ പുരുഷനുമായ പ്രവാചകനെതിരെ തീര്‍ത്തും അമാന്യമായ രൂപത്തില്‍ ആക്ഷേപ ശകാരങ്ങള്‍ ചൊരിയുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ ആവശ്യമെങ്കില്‍ അവരെ വധിക്കാനോ ആ രാഷ്ട്രത്തിന്‍റെ അധിപന് അനുവാദമില്ലെന്നു ഇവിടെ ആരെങ്കിലും വാദിച്ചിരുണോ? ഈ സംഭവങ്ങള്‍ എങ്ങനെയാണ് വ്യക്തികളും ഗ്രൂപ്പുകളും നിയമം കൈയിലെടുത്ത് പ്രതികാരവും പ്രതിക്രിയയും നടാപ്പിലാക്കുന്ന പോപ്പുലര്‍ ഫ്രണ്ടു മോഡല്‍ ചെയ്തിക്ക്‌ ന്യായമാകുന്നത് എന്നതാണ് ശഫീഖ് ഖാസിമി വ്യക്തമാക്കേണ്ടത്.* ചതിയില്‍ പ്രവാചകനെ വധിക്കാന്‍ ശ്രമിക്കുകയും ചില സ്വഹാബികളെ ക്രൂരമായി കൊല ചെയ്യുകയും ചെയ്ത ഥുമാമതുബ്നു ഉഥാല്‍ മക്കയിലേക്കുള്ള യാത്രാമധ്യേ മുസ്ലിംകളാല്‍ പിടികൂടപ്പെടുകയും പ്രവാചകന്‍റെ മുമ്പില്‍ ബന്ധിതനായി ഹാജരാക്കപ്പെടുകയും ചെയ്തപ്പോള്‍ പറഞ്ഞ വാചകം പോലും അദ്ദേഹം വധശിക്ഷാര്‍ഹനായിരുന്നു എന്ന വസ്തുതക്ക് അടിവരയിടുന്നുണ്ട്. 'എന്ത് പറയുന്നു ഥുമാമാ' എന്ന നബി(സ)യുടെ ചോദ്യത്തിനു അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: عِنْدِي خَيْرٌ يَا مُحَمَّدُ ! إِنْ تَقْتُلْنِي تَقْتُلْ ذَا دَمٍ، وَإِنْ تُنْعِمْ تُنْعِمْ عَلَى شَاكِرٍ، وَإِنْ كُنْتَ تُرِيدُ الْمَالَ فَسَلْ مِنْهُ مَا شِئْتَ (നല്ലത്... താങ്കള്‍ എന്നെ കൊല്ലുന്നപക്ഷം ഞാന്‍ കൊലക്കര്‍ഹന്‍ തന്നെ. എനിക്ക് മാപ്പ് തരുന്ന പക്ഷം തീര്‍ച്ചയായും ഞാന്‍ നന്ദിയുള്ളവനായിരിക്കും. അല്ല, താങ്കള്‍ക്ക് പണം വേണമെങ്കില്‍ ചോദിക്കുന്നത് തരാം). പ്രവാചകനെ ആക്ഷേപിച്ചു കവിതയെഴുതിയ കഅബ് ബ്നു സുഹൈറിനെ വധിക്കാന്‍ നബി(സ) കല്‍പന പുറപ്പെടുവിച്ചതാണ് -ഥുമാമയെ പോലെ കഅബും പിന്നീട് പശ്ചാത്തപിക്കുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്തു എന്നത് പില്‍കാല ചരിത്രം.- പ്രഫ. ജോസഫിന്‍റെ കൈ വെട്ടാന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ തെളിവ് എങ്കിലേ ആ വിഷയം തന്നെ ഇവിടെ പ്രസക്തമാകുന്നുളളൂ. അങ്ങനെയൊരു വാദം ഖാസിമിക്കുണ്ടെങ്കില്‍ അക്കാര്യം തുറന്നു പറയുക. തല്‍സംബന്ധമായ കൂടുതല്‍ കാര്യങ്ങള്‍ അന്നേരം വിശദീകരിക്കാം.

<<ഇസ്ലാമിന്‍റെ അടിത്തറ പാകുന്നതിനു മുമ്പായിരുന്നു സംയമനം. സംയമനം ഇപ്പോഴുമുണ്ട്. തന്‍റെ നേരെ വരുന്ന വാളുകള്‍ക്ക് മുമ്പില്‍ സംയമനം പാലിക്കുന്നത് എന്ത് ആണത്വമില്ലായ്മയാണ്?! അതുകൊണ്ട് സംയമനം പാലിക്കുന്നവര്‍ പാലിച്ചുകൊള്ളട്ടെ. പക്ഷെ, പോപ്പുലര്‍ ഫ്രണ്ടിനാവില്ല.>>

= സത്യവും അസത്യവും കൂട്ടിക്കുഴച്ചുകൊണ്ടുള്ള ഈ വാക്കുകളിലൂടെ എന്താണാവോ ഖാസിമി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്?! അതെന്താണെങ്കിലും പോപ്പുലര്‍ ഫ്രണ്ടിന്‍റെ തനിനിറം ഇതിലൂടെ പുറത്താകുന്നുണ്ട്! *ഇതിലെ ആദ്യ വാചകം ഓറിയന്‍റലിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള ഇസ്ലാമിന്‍റെ ശത്രുക്കളുടെ ആരോപണം കടമെടുത്ത പോലെയായി എന്ന് പറയാതെ വയ്യ!* മദീനയിലെത്തിയ മുഹമ്മദ്‌ തനിക്കവിടെ ഇരിപ്പുറക്കുന്നത് വരെ ജൂത-ക്രൈസ്തവരെ കൂടെ കൂട്ടി. തന്‍റെ കാര്യം ഭദ്രമായി എന്ന് കണ്ടപ്പോള്‍ അവരെ നാടുകടത്തി' എന്നാണല്ലോ അവര്‍ വാദിക്കാറുള്ളത്! ഇതുപോലുള്ള വാദങ്ങള്‍ സ്വന്തം സംഘടനക്ക് വേണ്ടി താങ്കളും ഏറ്റുപിടിക്കുകയോ?! *ആത്മ സംയമനം എന്നത് ഓരോ വിശ്വാസിക്കും എന്നും എപ്പോഴും വേണ്ടത് തന്നെയാണു. അത് പൊരിഞ്ഞ പോരാട്ടം നടക്കുന്ന യുദ്ധ രംഗത്ത് ആണെങ്കില്‍ പോലും! തന്‍റെ രാജ്യത്ത് ഇസ്ലാം സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമായിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അത് വേണ്ടതുതന്നെ! യുദ്ധ സംബന്ധമായ പ്രവാചക നിര്‍ദ്ദേശങ്ങളില്‍ നിന്ന് ഇക്കാര്യം കൃത്യമായി വായിച്ചെടുക്കാം.* വൃക്ഷങ്ങള്‍ വെട്ടിനശിപ്പിക്കാതിരിക്കുക, സ്ത്രികളെയും കുട്ടികളെയും വൃദ്ധരെയും ആരാധനാലയങ്ങളില്‍ കഴിയുന്നവരെയും മറ്റും വധിക്കാതിരിക്കുക, അംഗവിഛേദം ചെയ്യാതിരിക്കുക, അതിക്രമം കാണിക്കാതിരിക്കുക, ഇങ്ങോട്ട് ആക്രമിക്കാത്തവരോട് നന്മ ചെയ്യുക, നീതി പുലര്‍ത്തുക, പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കാതിരിക്കുക തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങള്‍ അതില്‍ പെട്ടതത്രെ. *ഉഹ്ദ് യുദ്ധം കഴിഞ്ഞു മടങ്ങവേ തന്നെയും അബൂബകര്‍, ഉമര്‍ എന്നിവരെയും പേരെടുത്ത് പറഞ്ഞുകൊണ്ട് അബൂ സുഫ്‌യാന്‍ പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്തപ്പോള്‍ നബി(സ) അതിനു നേരെ സ്വീകരിച്ച സമീപനവും, ഉഹ്ദിന് ശേഷം പലപ്പോഴായി ജൂതന്മാരും ഹുദൈബിയ്യാ സന്ധിക്ക് ശേഷം മുശ്രിക്കുകളും യുദ്ധാഗ്നി ആളിക്കത്തിക്കാന്‍ പലവുരു ശ്രമിച്ചപ്പോഴും ക്ഷമിച്ച നബി(സ)യുടെ നടപടികളും, വാളിനു മുമ്പില്‍ വെച്ച് ലാ ഇലാഹ ഇല്ലല്ലാഹു എന്ന് പറഞ്ഞ ശത്രുവിനെ വധിച്ച ഉസാമ(റ)യോട് പ്രവാചകന്‍ കോപിച്ചതും, തന്‍റെ വാളാല്‍ കൊല ചെയ്യപ്പെടും എന്നുറപ്പായപ്പോള്‍ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പിയ ശത്രുവിനെ വെട്ടാതെ വാള് പിന്‍വലിച്ച അലിയുടെ ചെയ്തിയുമെല്ലാം ഈ ആത്മ സംയമനത്തിന്‍റെ മകുടോദാഹരണമത്രെ.* അതിനാല്‍ തന്നെ 'ഹിജ്റക്ക് ശേഷം, ഇസ്ലാമിന് ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കിയതിനു ശേഷം സംയമനം പാലിക്കാന്‍ നബി(സ) പറഞ്ഞിട്ടുണ്ടോ?' എന്ന ഖാസിമിയുടെ ചോദ്യം തീര്‍ത്തും അപഹാസ്യമാണ്. തീരേ വിലകുറഞ്ഞതും!

*'നമുക്ക് നേരെ വരുന്ന വാളിന് മുമ്പില്‍ സംയമനം പാലിക്കുന്നത് ആണത്വമല്ല' എന്ന ഖാസിമിയുടെ വാചകം തെറ്റിദ്ധാരണാജനകവും ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.* നമ്മെ ഇങ്ങോട്ട് ആക്രമിക്കുന്ന ആളുകളെ തത്സമയം തത്തുല്യമായ രൂപത്തില്‍ കൈയില്‍ കിട്ടുന്ന ആയുധമെടുത്ത് ആത്മരക്ഷാര്‍ഥം പ്രതിരോധിക്കുന്നത് പോലും തെറ്റാണ് എന്നാണു ഇവിടെ ആളുകള്‍ പറയുന്നത് എന്നാണല്ലോ ഇതിലൂടെ വരുത്തിവെക്കുന്നത്. അതുപോലെ അപ്പണി ചെയ്യുന്നത്, ചെയ്യണമെന്നു പറയുന്നത് പോപ്പുലര്‍ ഫ്രണ്ടു മാത്രമാണ് എന്നും! *ഇപ്പറയുന്ന ആത്മരക്ഷാ പ്രതിരോധത്തെ എതിര്‍ത്ത, مَنْ قُتِلَ دُونَ مَالِهِ فَهُوَ شَهِيدٌ ، وَمَنْ قُتِلَ دُونَ أَهْلِهِ فَهُوَ شَهِيدٌ ، وَمَنْ قُتِلَ دُونَ دِينِهِ فَهُوَ شَهِيدٌ ، وَمَنْ قُتِلَ دُونَ دَمِهِ فَهُوَ شَهِيدٌ (തന്‍റെ ധനത്തിന്/ കുടുംബത്തിനു/ ദീനിന്/ ജീവന് വേണ്ടി കൊല ചെയ്യപ്പെട്ടവന്‍ രക്തസാക്ഷിയാണ്) എന്ന ഹദീസ് അംഗികരിക്കാത്ത, അങ്ങനെയൊരു പ്രതിരോധം ഇസ്ലാമിലില്ല, അല്ലെങ്കില്‍ ഇന്നത്തെ സാഹചര്യത്തില്‍ അതുപോലും പാടില്ല, വലത്തേ കവിളത്ത് അടികിട്ടിയാല്‍ ഇടത്തേ കവിളും കാണിച്ചു കൊടുക്കണം എന്നൊക്കെ വാദിക്കുന്ന ആരെയെങ്കിലും മുസ്ലിംകള്‍ക്കിടയില്‍ കാണിച്ചു തരാന്‍ ശഫീഖ് ഖാസിമിക്കാകുമോ? അതിനു കഴിയില്ലെങ്കില്‍ പിന്നെ ആത്മ സംയമനത്തെ കുറിച്ച് പറയവേ എന്തിനാണീ തെറ്റിദ്ധരിപ്പിക്കല്‍?! ഇത്തരം ആത്മരക്ഷാ പ്രതിരോധത്തിനു വേണ്ടിയാണോ പോപ്പുലര്‍ ഫ്രണ്ടു നിലകൊള്ളുന്നത്?! എങ്കില്‍, വ്യക്തികള്‍ ചെയ്യേണ്ട ആത്മ രക്ഷാ പ്രതിരോധത്തിനു വേണ്ടി രൂപീകരിക്കപ്പെട്ട സംഘടന എന്ന ലോക ചരിത്രത്തിലെ അത്ഭുത സംഭവമായിരിക്കും പോപ്പുലര്‍ ഫ്രണ്ട്!* അതിനാല്‍ താങ്കളെപ്പോലുള്ളവര്‍ ഒളിച്ചു കളി ഒഴിവാക്കി മറുപടി പറയേണ്ട ചോദ്യമിതാണ്: *ആത്മരക്ഷാ പ്രതിരോധത്തിന്‍റെ മറവില്‍ പ്രതിരോധം അപരാധമല്ല എന്ന മുദ്രാവാക്യവും മുഴക്കി പ്രതികാരവും പ്രതിക്രിയയും ചെയ്യുന്ന, നിയമം കൈയിലെടുക്കുന്ന, ഇങ്ങോട്ട് ആക്രമിക്കുന്ന ശത്രുക്കളെ അന്നേരം ഒന്നും ചെയ്യാതെ, പിന്നീട് തെരഞ്ഞെടുപിടിച്ചു ഇരുട്ടിന്‍റെ മറവില്‍ കൈകാര്യം ചെയ്യുകയും എന്നിട്ട് ഓടിയൊളിക്കുക വഴി സമുദായത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയും ചെയ്യുന്ന പോപ്പുലര്‍ ഫ്രണ്ടു ചെയ്തികള്‍ക്ക് ഏത് ഇസ്ലാമിക പ്രമാണമാണ് പിന്‍ബലം നല്‍കുന്നത്?* ഇസ്ലാമിന്‍റെ അടിസ്ഥാന വിഷയങ്ങളില്‍ പോലും കൃത്യവും വ്യക്തവുമായ കാഴ്ച്ചപ്പാടുകള്‍ ഇല്ലാത്ത, ആത്മസംയമനം എന്ന ഇസ്ലാമിക മര്യാദ പാലിക്കാന്‍ തയ്യാറില്ലാത്ത, വൈകാരിക വിഷയങ്ങള്‍ പെരുപ്പിച്ച് പറഞ്ഞു തട്ടിക്കൂട്ടി ഉണ്ടാക്കപ്പെട്ട ഒരു പോക്കിരിക്കൂട്ടമോ ആവേശക്കമ്മിറ്റിയോ മാത്രമാണ് പോപ്പുലര്‍ ഫ്രണ്ടു എന്നതിന് അവരുടെ പക്ഷത്തുനിന്ന് തന്നെയുള്ള തെളിവാണ് 'അതുകൊണ്ട് സംയമനം പാലിക്കുന്നവര്‍ പാലിച്ചുകൊള്ളട്ടെ. പക്ഷെ, പോപ്പുലര്‍ ഫ്രണ്ടിനാവില്ല' എന്ന ഷഫീഖ് ഖാസിമിയുടെ വാചകം.

'എന്തിനാ ബദര്‍ നടന്നത്? ഉഹദും ഖന്ദഖും ഖാദിസിയ്യയും നടന്നത്?' എന്നും ഖാസിമി ചോദിക്കുന്നു. *പ്രവാചകന്‍റെ നേതൃത്വത്തിലുള്ള ഇസ്ലാമിക ഭരണകൂടം പല യുദ്ധങ്ങളും നടത്തിയിട്ടുണ്ട്. അവയില്‍ ചിലത് പ്രധിരോധപരമാണെങ്കില്‍ മറ്റുചിലത് മുന്നേറ്റപരംകൂടിയാണ് എന്നതാണ് ശരി. അതൊന്നുമല്ല ഇവിടെ പോപ്പുലര്‍ ഫ്രണ്ടും ഇതര മുസ്ലിം സംഘടനകളും തമ്മിലുള്ള തര്‍ക്കം. ഇത്തരം യുദ്ധങ്ങളുമായി ബന്ധപ്പെട്ട ആയത്തുകളും ഹദീസുകളും ചരിത്ര സംഭവങ്ങളും അനവസരത്തിലും തെറ്റായ ആശയം സ്ഥാപിക്കാനും എടുത്തുദ്ധരിച്ചുകൊണ്ട് യുവാക്കളെ വൈകാരികമായി ഉത്തേജിപ്പിക്കുകയും പ്രതികാരബുദ്ധിയുള്ളവരാക്കുകയും ചെയ്യുന്ന, എന്നിട്ടു ഇസ്ലാമിന്‍റെ വിമര്‍ശകര്‍ക്ക് വടി കൊടുക്കുകയും, നിയമം കൈയിലെടുത്ത് ഇരുട്ടിന്‍റെ മറവില്‍ പ്രതിക്രിയകള്‍ നടപ്പിലാക്കുക വഴി ഫാസിസ്റ്റുകള്‍ ആഗ്രഹിക്കുന്ന പോലെ സാമൂഹികാന്തരീക്ഷം കലുഷിതമാക്കുന്നതില്‍ പങ്കുവഹിക്കുകയും ചെയ്യുന്ന പോപ്പുലര്‍ ഫ്രണ്ടു ചെയ്തിക്ക്‌ ഇസ്ലാമികമായ ന്യായമെന്ത് എന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം.* അതിനു മറുപടിയുണ്ടെങ്കില്‍ അതാണ്‌ ഖാസിമിമാര്‍ പറയേണ്ടത്.
<<ആവശ്യമില്ലാത്ത കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കി ചരിത്രത്തിന്‍റെ ഇതളുകള്‍ മാത്രം അടര്‍ത്തിയെടുത്ത് ചരിത്രത്തെ വ്യഭിചരിക്കരുത് എന്നാണു എനിക്ക് ഓര്‍മപ്പെടുത്താനുള്ളത്.>>
= വളരെ അര്‍ത്ഥവത്താണ് ഈ വാക്കുകള്‍. ഒരു പോപ്പുലര്‍ ഫ്രണ്ടുകാരന്‍ തന്നെ ഇത് പറയണം! സ്വന്തം സംഘടന രൂപീകരിക്കപ്പെട്ടതുമുതല്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് അതാണല്ലോ! *എത്രയെത്ര ചരിതങ്ങളെയാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ സന്ദര്‍ഭങ്ങളില്‍ നിന്ന്‍ അടര്‍ത്തിയും ദുര്‍വ്യാഖ്യാനിച്ചും തങ്ങളുടെ വെട്ടുംകുത്തും റാത്തീബിനു തെളിവായി അവതരിപ്പിച്ചിട്ടുള്ളത്‌! (ഖാസിമിയുടെ ഭാഷയില്‍ വ്യഭിചരിച്ചുകൊണ്ടേയിരുന്നിട്ടുള്ളത്!) ഏതാനും ഉദാഹരണങ്ങള്‍ കാണുക:*
1. മക്കയില്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങിയത് അടിമകള്‍ ആയിരുന്ന സ്വഹാബികളായിരുന്നു. അവരുടെ യജമാനന്മാര്‍ അവരെ മര്‍ദ്ദിക്കുകയാണ് ചെയ്തിരുന്നത്. അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ടതോടെ അതവസാനിച്ചു.

2. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും സായുധ പോരാട്ടം നടത്താന്‍ -അത് മുസ്ലിംകള്‍ ന്യൂനാല്‍ ന്യൂനപക്ഷമാണെങ്കിലും ഹുജ്ജത്ത് (പ്രബോധന ദൗത്യം) പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ലെങ്കിലും- പ്രവാചക ചരിത്രത്തില്‍ തെളിവുകള്‍ ഉണ്ട്. ഉമര്‍(റ), ഹംസ(റ) തുടങ്ങിയവര്‍ അങ്ങനെ നടത്തിയിട്ടുണ്ട്!

3. അബൂ ബസ്വീറും അബൂ ജന്ദലും സാഹിലില്‍ വെച്ച് ഗറില്ലാ ആക്രമണം സംഘടിപ്പിച്ചല്ലോ. അതിനാല്‍ മുസ്ലിംകളെ കൊല്ലുന്ന ആര്‍.എസ്.എസ്സുകാര്‍ക്കെതിരെ നമുക്കും അതാവാം.

4. അബൂ ബസ്വീറിന്‍റെയും അബൂ ജന്ദലിന്‍റെയും ആ ചെയ്തിയെ കുറിച്ച് അറിഞ്ഞിട്ടും നബി(സ) അതിനെ എതിര്‍ത്തില്ല. അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്!

5. കഅബുബ്നു അഷ്റഫിനെയും അബൂ റാഫിഇനെയും നബി(സ)യുടെ നിര്‍ദ്ദേശ പ്രകാരം സ്വഹാബികള്‍ വകവരുത്തിയത് ഇരുട്ടിന്‍റെ മറവില്‍ നിയമം കൈയിലെടുത്ത് പ്രതിക്രിയ നടപ്പിലാക്കാനും എന്നിട്ട് ഒളിച്ചോടാനും വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും അധികാരമുണ്ടെന്നതിനു തെളിവാണ്!

6. നബി(സ)യെ ആക്ഷേപിച്ച യുദ്ധ കുറ്റവാളികള്‍ ആയിരുന്ന ചിലരെ മക്കാ വിജയ വേളയില്‍ വധിക്കാന്‍ നബി(സ) കല്‍പിച്ചത്‌ പ്രഫ. ജോസഫിന്‍റെ കൈ വെട്ടാനും വിപിനെപ്പോലുള്ള ആര്‍.എസ്.എസുകാരെ വധിക്കാനുമുള്ള പ്രമാണമാണ്‌!

7. ആത്മരക്ഷാര്‍ഥം പ്രതിരോധിക്കാം എന്ന് പറയുന്ന പ്രവാചക വചനം മുന്‍കൂട്ടി ആസൂത്രണം ചെയ്ത് തങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രതികാരത്തിനും പ്രതിക്രിയക്കും തെളിവാണ്.

8. സൂറ: അന്നിസാഉ 75, സൂറ: അല്‍ഹജ്ജ് 39 സൂക്തങ്ങള്‍ പീഡനങ്ങള്‍ക്കെതിരെയും പീഡിതര്‍ക്ക് വേണ്ടിയും സ്ഥല-കാല വ്യത്യാസമില്ലാതെ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ആയുധം കൈയിലെടുക്കാനും വാളെടുത്ത് പോരാടാനുമുള്ള ന്യായമാണ്. അത് പാടില്ലെന്ന് പറയുന്നവര്‍ ഭീരുക്കളും ജിഹാദിനെ ദുര്‍ബലപ്പെടുത്തുന്നവരാണ്!

9. ഖലീഫയായിരുന്ന അലി(റ)ക്കെതിരെ ആയിശ(റ) ജമല്‍ യുദ്ധം നയിച്ചതും സ്വിഫ്ഫീന്‍ യുദ്ധത്തില്‍ മുആവിയ(റ) അലിക്കെതിരെ പോരാടിയതും വ്യക്തികള്‍ക്കും ചെറു സംഘങ്ങള്‍ക്കും സായുധപോരാട്ടമാകാം എന്നതിന് തെളിവാണ്!

10. ഇസ്ലാമിക രാജ്യത്ത് അനിസ്ലാമിക നിയമങ്ങള്‍ അടിച്ചേല്‍പിച്ച മുസ്ലിം ഭരണാധികാരികള്‍ക്കെതിരെ ഖര്‍ബലയില്‍ ഹുസൈന്‍(റ)വും അനുയായികളും പോരാടി രക്തസാക്ഷ്യം വരിച്ചതും ഹജ്ജാജ്ബ്നു യൂസുഫിനെതിരെ മക്കയില്‍ അബ്ദുല്ലാഹിബ്നു സുബൈര്‍(റ) നടത്തിയ പോരാട്ടവും അബ്ബാസികള്‍ക്കെതിരെ നഫ്സുസ്സകിയ്യയുടെയും മറ്റും നേതൃത്വത്തില്‍ നടന്ന പോരാട്ടങ്ങളും പിറന്നു നാട് അധീനപ്പെടുത്തിയ ജുതരാഷ്ട്രത്തിനെതിരെ ഫലസ്തീണികള്‍ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടവുമെല്ലാം ജനാധിപത്യ ഭരണ സംവിധാനം നിലനില്‍ക്കുന്ന, മുസ്ലിംകള്‍ ന്യൂനപക്ഷമായ ഇന്ത്യയെപ്പോലുള്ള രാജ്യത്ത് ഫാസിസ്റ്റുകളില്‍ നിന്നുണ്ടാകുന്ന ഒറ്റപ്പെട്ട സായുധ ആക്രമണങ്ങള്‍ക്ക് തുല്യ നാണയത്തില്‍ തിരിച്ചടി നല്‍കാം എന്നതിനുള്ള തെളിവാണ്!
ഇങ്ങനെ പോകുന്നു ചരിത്രത്തെ 'വ്യഭിചരിച്ചു'കൊണ്ടുള്ള പോപ്പുലര്‍ ഫ്രണ്ടുകാരുടെ ഗമണ്ടന്‍ വാദങ്ങളും തെളിവുകളും!
*ഇനി ദുര്‍ബലമായ കഥകളെയും റിപ്പോര്‍ട്ടുകളെയും അടിസ്ഥാനമാക്കി ഇക്കുട്ടര്‍ ഉന്നയിക്കാറുള്ള ചില വാദങ്ങള്‍ കൂടി കാണുക:*

1. ബനൂ ഖൈനുഖാഉ ഗോത്രത്തിലെ ഒരു ജൂതന്‍ അന്‍സ്വാരിയായ ഒരു സ്ത്രീയെ അപമാനിച്ച കാരണത്താല്‍ ഒരു സ്വഹാബി അയാളെ വകവരുത്തി. എന്നിട്ടും നബി(സ) അദ്ദേഹത്തെ ആക്ഷേപിക്കുകയോ വിമര്‍ശിക്കുകയോ, നിയമം കൈയിലെടുത്തതിനാല്‍ ശിക്ഷാര്‍ഹനാണ് എന്ന് പറയുകയോ ചെയ്തില്ല. വ്യക്തികള്‍ക്ക് ആയുധമെടുത്ത് പോരാടാം എന്നതിന് ഇത് തെളിവാണ്.

2. ബനൂ ഖൈനുഖാഉ ഗോത്രത്തെ മദീനയില്‍ നിന്ന് പുറത്താക്കാന്‍ കാരണമായത് പോലും അന്‍സാരി വനിതയെ അപമാനിച്ച ഈ ജൂത നടപടിയായിരുന്നു. മുസ്ലിമായ ഒരാള്‍ അപമാനിക്കപ്പെടുന്നത് പോലും ഒരു സമുദായത്തിനെതിരെ ഒന്നടങ്കം പോരടിക്കാനുള്ള ന്യായമാണ്!

3. ഇസ്ലാമിനെ ആക്ഷേപിക്കുകയും പ്രവാചകനെ നിന്ദിക്കുകയും മുസ്ലിംകള്‍ക്കെതിരെ ആളുകളെ ഇളക്കിവിടുകയും ചെയ്തിരുന്ന അസ്മ ബിന്‍തു മര്‍വാനെ ഉമൈര്‍ ബിന്‍ ഔഫ്‌ വകവരുത്തുകയും അവരുടെ മക്കളെ വെല്ലുവിളിക്കുകയും ചെയ്തു. അഥവാ, വ്യക്തി സ്വയം തന്നെ നിയമം നടപ്പിലാക്കി! എന്നിട്ടും നബി(സ) അദ്ദേഹത്തോട് മറുത്തൊന്നും പറഞ്ഞില്ല!

4. പ്രവാചകനെ അപമാനിച്ചതിന്‍റെ പേരില്‍ തന്‍റെ പിതാവിന്‍റെ തല അബൂ ഉബൈദ കൊയ്തെടുത്തു. അതിന്‍റെ പേരില്‍ പ്രവാചകന്‍ അദ്ദേഹത്തെ ആക്ഷേപിച്ചപ്പോള്‍ അല്ലാഹു അദ്ദേഹത്തിന്‍റെ ചെയ്തിയെ ശരിവെച്ചുകൊണ്ട് ആയത്ത് അവതരിപ്പിക്കുകയാണ് ചെയ്തത്!

*ഇങ്ങനെയൊക്കെയാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ തെറ്റായ വിധത്തിലുള്ള ചരിത്രങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് യുവാക്കളുടെ രക്തം തിളപ്പിക്കാറുള്ളത്! ഇതില്‍പരം പരിഹാസ്യവും ഇസ്ലാമിക വിരുദ്ധവുമായ നിലപാട് മറ്റെന്തുണ്ട്?!*

<<കൈവെട്ട് കേസില്‍ പോപ്പുലര്‍ ഫ്രണ്ടിനു എന്ത് ബന്ധം? വിപിന്‍ കൊലപാതകത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനു എന്ത് ബന്ധം? പോപ്പുലര്‍ ഫ്രണ്ടിന്‍റെ നേതാക്കന്മാര്‍ കല്‍പിച്ചോ അത് ചെയ്യാന്‍? തെളിവുണ്ടോ? അതൊക്കെ വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളും അവരുടെ സ്നേഹപ്രകടനങ്ങളും അതിന്‍റെ ഫലങ്ങളുമാണ്.>>

= *ഇത് ഒരു ഒന്നൊന്നര ന്യായീകരണമായിപ്പോയി ഖാസിമീ! പോപ്പുലര്‍ ഫ്രണ്ടിന്‍റെ സംസ്ഥാന നേതൃത്വം കൂടിയാലോചിച്ചു പ്രാദേശിക ഘടകങ്ങള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ ചെയ്തതാണ് ഇതൊക്കെ എന്ന് ആരെങ്കിലും വാദിച്ചിട്ടുണ്ടെങ്കില്‍ താങ്കളുടെ ഈ തെളിവ് ചോദിക്കലിന് വല്ല പ്രസക്തിയും ഉണ്ടായേനേ! പ്രഫ. ജോസഫിന്‍റെ കൈവെട്ടിയ കേസില്‍, തിരൂരിലെ യാസിര്‍ വധത്തിലെ പ്രതിയെ വെട്ടിയ കേസില്‍, ഫൈസല്‍ വധത്തിലെ പ്രതി വിപിനെ കൊന്ന കേസില്‍... ഇങ്ങനെയുള്ള ഒട്ടേറെ വെട്ടും കുത്തും 'കലാപരിപാടി'കളില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് പങ്കില്ലെന്നും അവര്‍ അത് ചെയ്തതില്‍ നേതൃത്വത്തിന്‍റെ ആവേശംകൊള്ളിക്കലിനും ചരിത്രത്തെ ദുരുപയോഗം ചെയ്യലിനും സ്വാധീനമില്ലെന്നും വിശ്വസിക്കണമെങ്കില്‍ എല്ലാവരും പോപ്പുലര്‍ ഫ്രണ്ടുകാര്‍ ആകേണ്ടിവരും!* വിശിഷ്യാ ഇതില്‍ ചിലത് വിധി വന്നുകഴിഞ്ഞ കേസുകള്‍ ആയിരിക്കെ! ഇത്തരം കാര്യങ്ങള്‍ ചെയ്തത് തങ്ങളാണ് എന്ന കാര്യം പോപ്പുലര്‍ ഫ്രണ്ടുകാര്‍ നിഷേധിക്കുന്നില്ലെന്നു മാത്രമല്ല, അത്തരം വെട്ടലുകളെയും കുത്തലുകളെയും അതിശക്തമായി അനുകൂലിക്കുകയും, അങ്ങനെ തന്നെ ചെയ്യണം, അതിന്‍റെ പേരില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ആണ്‍കുട്ടികളാണ് എന്നും മറ്റും പറഞ്ഞു ന്യായീകരിക്കുകയും ചെയ്യുന്നതും കേരളിയ സമൂഹം കണ്ടുകൊണ്ടിരിക്കുന്നു! വിശിഷ്യാ സോഷ്യല്‍ മീഡിയകളിലും സ്വകാര്യ സംഭാഷണങ്ങളിലും. എന്നിട്ടും ഈ കൊലപാതകങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി എന്ത് ബന്ധം എന്ന് ചോദിക്കണമെങ്കില്‍ ഭീരുത്വത്തില്‍ ഒന്നാംസ്ഥാനവും ആരെയും കവച്ചുവെക്കുന്ന ചര്‍മ്മ സൗഭാഗ്യവും തന്നെ വേണം!

<<അബൂ ഉബൈദ(റ) സ്വന്തം വാപ്പാടെ തലയെടുത്തു, എന്തിനു?, നബി(സ) യെ ആക്ഷേപിച്ചതിനു. പ്രവാചകന്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തിയപ്പോള്‍ അബൂ ഉബൈദ ചെയ്തത് ശരിയാണെന്ന് പറഞ്ഞു ആയത്തവതരിച്ചു. സൂറ: അല്‍മുജാദലയുടെ അവസാന ആയത്ത്.>>

= *ആവേശക്കമ്മിറ്റിക്കാരായ മുസ്ലിം പ്രഭാഷകന്മാര്‍ ചെറുപ്പക്കാരുടെ രക്തം തിളപ്പിക്കാനും സദസ്സിനെ പിടിച്ചിരുത്താനും പലപ്പോഴും തെറ്റായി ഉദ്ധരിക്കാറുള്ള ഒരു ചരിത്രമാണിത്.* (തീപ്പൊരി പ്രസംഗത്തിന്‍റെ കാലഘട്ടത്തില്‍ അബ്ദുന്നാസര്‍ മഅദനിയുടെ പ്രഭാഷണങ്ങളുടെ മുഖ്യ ആകര്‍ഷണം ഇത്തരം ചരിത്രങ്ങളായിരുന്നു.) ഇവിടെ അതേ ചരിത്രത്തെ തെറ്റിദ്ധരിപ്പിച്ച് അവതരിപ്പിക്കുകയാണ് ശഫീഖ് ഖാസിമിയും ചെയ്തിരിക്കുന്നത്! *പ്രവാചകനെ ആക്ഷേപിച്ച കാരണത്താല്‍ അബൂ ഉബൈദ(റ) സ്വന്തം ഇഷ്ടപ്രകാരം പ്രതിക്രിയ എന്ന നിലക്ക് തന്‍റെ പിതാവിന്‍റെ തലയെടുക്കുകയല്ല ഉണ്ടായത്. ബദര്‍ യുദ്ധത്തിനിടയിലാണ് ഈ സംഭവം നടക്കുന്നത്!* ഇമാം ഇബ്നു ഹജറും ത്വബ്റാനിയും ഹാക്കിമും ബൈഹഖിയുമെല്ലാം ഉദ്ധരിച്ചിട്ടുള്ള റിപ്പോര്‍ട്ട് ഇപ്രകാരമാണ്: عن عبد الله بن شوذب قال : جعل أبو أبي عبيدة يتصدى لأبي عبيدة يوم بدر ، فجعل أبو عبيدة يحيد عنه ، فلما أكثر قصده أبو عبيدة فقتله ، فأنزل الله عز وجل فيه هذه الآية : " ‏لَا تَجِدُ قَوْمًا يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ .... الآية " *(ബദര്‍ യുദ്ധത്തില്‍ തന്നെ നേരിടാന്‍ വന്ന പിതാവില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ അദ്ദേഹം ആവത് ശ്രമിച്ചു. പിന്നെയും പിതാവ് അതാവര്‍ത്തിച്ചപ്പോള്‍ അബൂഉബൈദക്ക് അദ്ദേഹത്തിന്‍റെ തലയെടുക്കേണ്ടിവന്നു. ഈ വിഷയത്തില്‍ അല്ലാഹു ‏لَا تَجِدُ قَوْمًا يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادَّ اللَّهَ وَرَسُولَهُ എന്ന ആയത്ത് അവതരിപ്പിച്ചു.)* യുദ്ധത്തിനിടയില്‍ എതിര്‍ സൈന്യത്തില്‍ ഉള്ളത് പിതാവോ മറ്റോ ആണെങ്കില്‍ ചെയ്യേണ്ടത് ഇതുതന്നെയാണു. അതിലാര്‍ക്കും തര്‍ക്കമില്ല. *ഇതെങ്ങനെയാണാവോ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വെട്ടിനും കുത്തിനും തെളിവാകുന്നത്?!* (ഇമാം ബൈഹഖി ഈ റിപ്പോര്‍ട്ടിനെ കുറിച്ച് പരമ്പര മുറിഞ്ഞത് എന്നാണു അഭിപ്രായപ്പെട്ടിട്ടുള്ളത്. വാഖിദിയുടെ ഒരു റിപ്പോര്‍ട്ടനുസരിച്ചു അബൂ ഉബൈദ ബദറില്‍ -അല്ലെങ്കില്‍ ഉഹദില്‍- തന്‍റെ പിതാവിനെ കണ്ടുമുട്ടിയിട്ടില്ല. എന്നല്ല, അദ്ദേഹത്തിന്‍റെ പിതാവ് ഇസ്ലാമിന് മുമ്പേ മരണപ്പെട്ടു പോയിട്ടുമുണ്ട് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കൂടി ഇതോടു ചേര്‍ത്ത് മനസ്സിലാക്കുന്നത് നന്നായിരിക്കും.)

*കപടവിശ്വാസിയായിരുന്ന, പലപ്പോഴായി പ്രവാചകനും മുസ്ലിംകള്‍ക്കുമെതിരെ പാരകള്‍ പണിത അബ്ദുല്ലാഹിബ്നു ഉബയ്യ് ബിനു സുലൂലിന്‍റെ മകനും യഥാര്‍ത്ഥ വിശ്വാസിയുമായിരുന്ന അബ്ദുല്ല(റ)യുടെ വിഷയത്തിലാണ് ഈ ആയത്ത് അവതരിച്ചത് എന്നും ഒരഭിപ്രായമുണ്ട്. പ്രവാചകന്‍ കുടിച്ച വെള്ളത്തിന്‍റെ ബാക്കി തന്‍റെ പിതാവിന് -അദ്ദേഹത്തിന്‍റെ മനസ്സ് ശുദ്ധമാവണമെന്ന് ഉദ്ദേശിച്ചുകൊണ്ട്- കൊണ്ടുപോയി കൊടുത്തപ്പോള്‍, 'ഇതിനേക്കാള്‍ നല്ലത് നിന്‍റെ മാതാവിന്‍റെ മൂത്രമാണ്' എന്ന് പറഞ്ഞു നബി(സ)യെ കൊച്ചാക്കുകയാണ് അയാള്‍ ചെയ്തത്. അന്നേരം കോപിഷ്ടനായി കൊണ്ട് പ്രവാചകന്‍റെ അടുക്കല്‍ വന്നു 'എന്‍റെ ഈ പിതാവിനെ വധിക്കാന്‍ താങ്കള്‍ എനിക്ക് അനുവാദം തരുമോ?' എന്ന് ചോദിച്ച അബ്ദുള്ളയോട് നബി(സ) പറഞ്ഞത് 'നിന്‍റെ പിതാവിനോടു ദയ കാണിക്കയും നന്മ ചെയ്യുകയും ചെയ്യുക' എന്നായിരുന്നു. (ഖുര്‍ത്വുബി). അബൂബകര്‍(റ)ന്‍റെ പിതാവ് അബൂ ഖുഹാഫ ഒരിക്കല്‍ നബി(സ)യെ ആക്ഷേപിച്ചപ്പോള്‍ അബൂബകര്‍ അദ്ദേഹത്തിന്‍റെ മുഖത്തടിച്ചതും അക്കാര്യം പ്രവാചകനോട് പറഞ്ഞപ്പോള്‍ ഇനിയത് ആവര്‍ത്തിക്കരുത് എന്നുപദേശിച്ചതുമായ ചരിത്രവും തഫ്സീറുകളില്‍ കാണാം. ചുരുക്കത്തില്‍ ഈ ചരിത്ര സംഭവങ്ങളിലും നിയമം കൈയിലെടുക്കാനും എന്തിന്‍റെ പേരിലാണെങ്കിലും പ്രതിക്രിയ നടപ്പിലാക്കാനും പ്രതികാരം ചെയ്യാനും വ്യക്തികള്‍ക്കോ സംഘങ്ങള്‍ക്കോ അധികാരമില്ലെന്നതിനാണ് തെളിവുള്ളത് എന്നാണു മനസ്സിലാവുന്നത്.* എന്നിട്ടും ഖാസിമിയെപ്പോലുള്ളവര്‍ ഇവ്വിധം ചരിത്രത്തെ വളച്ചൊടിക്കുന്നതിനു എന്തുണ്ട് ന്യായം?! ഇനി അദ്ദേഹം പറഞ്ഞ വിധമാണെന്നു വെച്ചാല്‍ പോലും പോപ്പുലര്‍ ഫ്രണ്ടുകാരുടെ വെട്ടിനും കുത്തിനും അതില്‍ യാതൊരു തെളിവും കണ്ടെത്താന്‍ സാധ്യമേയല്ല! എന്തെന്നാല്‍ ഇസ്ലാമിക രാഷ്ട്രം മുന്‍കൈയെടുത്ത് നടത്തിയ യുദ്ധത്തിനിടയില്‍ സംഭവിച്ച കാര്യമാണല്ലോ ഇത്. നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ യുദ്ധം/ സായുധ പോരാട്ടം വേണമെന്ന് ഞങ്ങള്‍ക്ക് വാദമില്ല എന്ന് പോപ്പുലര്‍ ഫ്രണ്ടുകാര്‍ തന്നെ ചിലപ്പോള്‍ പറയാറുണ്ടെന്നിരിക്കെ പിന്നെയും ഇതില്‍നിന്ന് അവരുടെ ചെയ്തിക്ക്‌ തെളിവ് പിടിക്കുന്നതില്‍ എന്തര്‍ഥം?! അതിനാല്‍ ഇനിയെങ്കിലും ചരിത്രത്തെ ഇവ്വിധം കട്ടുമുറിച്ചു ഉദ്ധരിക്കുകയും 'വ്യഭിചരിക്കുക'യും ചെയ്യാതിരിക്കുക. സത്യത്തെ സത്യമായി ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുക.

-അബ്ദുല്‍ അസീസ് പൊന്മുണ്ടം
13/10/2017, റിയാദ്





അഭിപ്രായങ്ങളൊന്നുമില്ല: