2017, ഒക്‌ടോബർ 16, തിങ്കളാഴ്‌ച

ബിബിന്‍ വധവും നമ്മുടെ നിലപാടും, ഹുര്‍മുസാന്‍റെ വധവും സ്വഹാബത്തും: താരതമ്യം നമ്മെ പഠിപ്പിക്കുന്നത്...


No automatic alt text available.

ബിബിന്‍ വധവും നമ്മുടെ നിലപാടും, ഹുര്‍മുസാന്‍റെ വധവും സ്വഹാബത്തും: താരതമ്യം നമ്മെ പഠിപ്പിക്കുന്നത്... 
--------------------------------------------------------------------------------
(പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമ്മദലി കല്ലായിയുമായി നടന്ന സംവാദത്തില്‍ നിന്ന്)
ചോദ്യം (അബ്ദുല്‍ അസീസ് പൊന്മുണ്ടം):
ഉമര്‍(റ)വിന്‍റെ വധത്തില്‍ പങ്കുണ്ടായിരുന്ന ഹുര്‍മുസാനെയും ജുഫൈനയേയും ഫൈറുസ് അബൂ ലുഅ'ലുഅയുടെ മകളെയും ഉബൈദുല്ലാഹിബ്നു ഉമര്‍(റ) സ്വന്തം തീരുമാനപ്രകാരം വധിച്ചുകളഞ്ഞു. (ഫൈസല്‍ വധത്തിലെ പ്രതിയേയും മറ്റു ചില ആര്‍.എസ്.എസ്സുകാരെയും പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൈകാര്യം ചെയ്യുകയോ അവരുടെ മേല്‍ കുറ്റം ആരോപിക്കപ്പെടുകയോ അവര്‍ ശിക്ഷിക്കപ്പെടുകയോ എന്നിട്ടവര്‍ ന്യായീകരിക്കുകയോ ചെയ്യുന്ന പോലെ തന്നെ!) പോപ്പുലര്‍ ഫ്രണ്ടുകാരുടെ വാദപ്രകാരം തീര്‍ച്ചയായും ഉബൈദുള്ള(റ)യുടെ ചെയ്തിക്ക്‌ പ്രതിരോധത്തിന്‍റെയും പ്രതിക്രിയയുടെയും ശിക്ഷയുടെയും ന്യായമുണ്ടെന്ന് മാത്രമല്ല അത് മഹത്തായ ജിഹാദുമായിരിക്കുമല്ലോ! എന്നിട്ടും ഒരു വ്യക്തി നിയമം കൈയിലെടുത്തു എന്ന കാരണത്താല്‍ പ്രതിക്രിയയെന്നോണം ഉബൈദുള്ളക്കെതിരെ വധശിക്ഷ നടപ്പിലാക്കണം എന്നാണു സ്വഹാബികളെല്ലാം ആവശ്യപ്പെട്ടത്. അലി(റ)യായിരുന്നു അതിന്‍റെ മുന്‍പന്തിയില്‍! ഇതാണ് ഇസ്ലാമിക നിലപാട് എന്നതാണ് അതിനു കാരണം. ഇതുപ്രകാരം നിയമം കൈയിലെടുത്ത് പ്രതിരോധത്തിന്‍റെ പേരില്‍ പ്രതിക്രിയയും പ്രതികാരവും നടപ്പിലാക്കുന്ന പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഇസ്ലാമിക വീക്ഷണത്തില്‍ വധശിക്ഷക്ക് അര്‍ഹരാണ് എന്നാണു മനസ്സിലാകുന്നത്. അല്ലെങ്കില്‍ എന്തുകൊണ്ട് എന്നും, ഉബൈദുള്ള(റ)യെ വധിക്കണം എന്ന് സ്വഹാബികള്‍ ആവശ്യപ്പെടാനുള്ള കാരണമെന്തായിരുന്നു എന്നും ആധികാരിക ചരിത്ര കൃതികള്‍ ഉദ്ധരിച്ചു വ്യക്തമാക്കുക. സ്വന്തമായ വ്യാഖ്യാനം വേണ്ടേ വേണ്ട.
----------------------------------------------------------------------------------
മറുപടി (മുഹമ്മദലി കല്ലായി):
അബ്ദുള്ള ബിൻ ഉമറിന്റെ സംഭവത്തിൽ ആധികരികമായ രേഖയുണ്ടാവില്ല, ഖുർആനും ഹദീസുമാണ് ആധികാരികമായ ഗ്രന്ഥം, അതിൽ പറഞ്ഞിരുന്നെങ്കിൽ ഒരു വിഷയത്തിൽ സഹാബാക്കൾ വ്യത്യസ്ഥ അഭിപ്രായകരാക്കുമായിരുന്നില്ല. ഇനി അതല്ല മുൻ കാല പണ്ഡിതരുടെ അഭിപ്രായമാന്നെങ്കിൽ സഹചര്യങ്ങളുടെ മസ്ലഹത്ത് അനുസരിച്ച് തള്ളാനും കൊള്ളാനും ഒരു വിശ്വാസിക്ക് അവകാശവുമുണ്ട്.
നിയമം നടപ്പാക്കുക എന്നത് ഇസ് ലാമിക രാജ്യത്തും അനിസ്ലാമിക രാജ്യത്തും ഭരണ കർത്താക്കളുടെ ചുമതലയാണെന്നുള്ളതിൽ ഒരു തർക്കവുമില്ലാത്ത കാര്യമാണ്, ഒരു ദേശത്ത് കള്ളൻ മരുടെ ശല്യമുണ്ടാകുംമ്പോൾ നാട്ടുകാർ സ്വന്തം പെട്രോളിനും കാവലും നോക്കും, അക്രമിയെ അട്ടിയോടിക്കും ചിലപ്പോൾ കായികമായിട്ടും നേരിടും, അതൊന്നും പ്രതിക്രിയക്ക് കിയാസാക്കാൻ പറ്റില്ല.
വ്യക്തികളോ ഗ്രൂപ്പുകളോ ആയുധമെടുക്കാൻ പടില്ല എന്ന് പഠിപ്പിക്കുന്ന ഖുർആനിന്റെയോ ഹദീസിന്റെയേ നസ്സ് ഉണ്ടായിരുന്നെങ്കിൽ, അബ്ദുല്ല ബിൻ ഉമർ പിഴച്ചവൻ എന്ന് അക്ഷേപിക്കേണ്ടിവരും, ഉമർ (റ) നെ വധിച്ചവരെ വധിച്ച ബിൻ ഉമറിന്റെ നിലപാടിൽ സഹാബികൾ രണ്ട് അഭിപ്രായകരായി എന്ന് നിങ്ങൾ തന്നെ സമ്മതിക്കുമ്പോൾ, പിന്നെ എങ്ങിനെയാണ് ഞാൻ ആധികാരിക ഗ്രന്ഥവുമയി വരിക.
ഇവിടെയെല്ലാം ചർച്ച ചെയ്യുന്നത് ഇസ്ലാമിലെ പ്രതിക്രിയ നൽകുന്നതിനെ കുറിച്ചാണ്. എന്നാൽ നമ്മുടെ ചർച്ചാ വിഷയം അക്രമികളെ പ്രതിരോധിക്കാനും തിരിച്ചടിക്കാനും ദീനിൽ തെളിവുണ്ടോ എന്നുള്ളതാണ്.
------------------------------------------------------------------------------
നിരൂപണം (അബ്ദുല്‍ അസീസ് പൊന്മുണ്ടം):
നിയമം കൈയിലെടുത്തുകൊണ്ടുള്ള പോപ്പുലര്‍ ഫ്രണ്ടുകാരുടെ വൈകാരിക ആക്രോശങ്ങള്‍ക്കും വഴിവിട്ട കളികള്‍ക്കും ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്ന് നേരിയ ഒരു തെളിവ് പോലും ഹാജരാക്കാന്‍ കഴിയില്ല എന്നതിന്‍റെ മകുടോദാഹരണമാണ് എന്‍റെ നാലാമത്തെ ചോദ്യത്തിനു മുഹമ്മദലി സാഹിബ് നല്‍കിയ മറുപടി, അഥവാ ചോദ്യത്തില്‍ നിന്നുള്ള സമര്‍ത്ഥമായ ഒളിച്ചോട്ടം. എന്‍റെ ചോദ്യം ഇതായിരുന്നു: 'ഉമര്‍(റ)വിന്‍റെ വധത്തില്‍ പങ്കുണ്ടായിരുന്ന ഹുര്‍മുസാനെയും ജുഫൈനയേയും ഫൈറുസ് അബൂ ലുഅ'ലുഅയുടെ മകളെയും ഉബൈദുല്ലാഹിബ്നു ഉമര്‍(റ) സ്വന്തം തീരുമാനപ്രകാരം വധിച്ചുകളഞ്ഞു. (ഫൈസല്‍ വധത്തിലെ പ്രതിയേയും മറ്റു ചില ആര്‍.എസ്.എസ്സുകാരെയും പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൈകാര്യം ചെയ്ത പോലെ തന്നെ!) പോപ്പുലര്‍ ഫ്രണ്ടുകാരുടെ വാദപ്രകാരം തീര്‍ച്ചയായും ഉബൈദുള്ള(റ)യുടെ ചെയ്തിക്ക്‌ പ്രതിരോധത്തിന്‍റെയും പ്രതിക്രിയയുടെയും ശിക്ഷയുടെയും ന്യായമുണ്ടെന്ന് മാത്രമല്ല അത് മഹത്തായ ജിഹാദുമായിരിക്കുമല്ലോ! എന്നിട്ടും ഒരു വ്യക്തി നിയമം കൈയിലെടുത്തു എന്ന കാരണത്താല്‍ പ്രതിക്രിയയെന്നോണം ഉബൈദുള്ളക്കെതിരെ വധശിക്ഷ നടപ്പിലാക്കണം എന്നാണു സ്വഹാബികളെല്ലാം ആവശ്യപ്പെട്ടത്. അലി(റ)യായിരുന്നു അതിന്‍റെ മുന്‍പന്തിയില്‍! ഇതാണ് ഇസ്ലാമിക നിലപാട് എന്നതാണ് അതിനു കാരണം. ഇതുപ്രകാരം നിയമം കൈയിലെടുത്ത് പ്രതിരോധത്തിന്‍റെ പേരില്‍ പ്രതിക്രിയയും പ്രതികാരവും നടപ്പിലാക്കുന്ന പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഇസ്ലാമിക വീക്ഷണത്തില്‍ വധശിക്ഷക്ക് അര്‍ഹരാണ് എന്നാണു മനസ്സിലാകുന്നത്. അല്ലെങ്കില്‍ എന്തുകൊണ്ട് എന്നും, ഉബൈദുള്ള(റ)യെ വധിക്കണം എന്ന് സ്വഹാബികള്‍ ആവശ്യപ്പെടാനുള്ള കാരണമെന്തായിരുന്നു എന്നും ആധികാരിക ചരിത്ര കൃതികള്‍ ഉദ്ധരിച്ചു വ്യക്തമാക്കുക. സ്വന്തമായ വ്യാഖ്യാനം വേണ്ടേ വേണ്ട.'
എന്‍റെ ഈ ചോദ്യത്തിനു ആധികാരിക ചരിത്ര കൃതികള്‍ ഉദ്ധരിച്ചു മറുപടി പറയുന്നതോടെ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വെട്ടും കുത്തും ജിഹാദ് അനിസ്ലാമികവും ശിക്ഷാര്‍ഹവുമാണെന്ന്‌ സമ്മതിക്കേണ്ടിവരും എന്ന കാര്യം മുഹമ്മദലി സാഹിബിനു നന്നായറിയാം. അതിനാല്‍ അദ്ദേഹം പയറ്റിയ പല തന്ത്രങ്ങളില്‍ ഒന്ന് ഇതായിരുന്നു: 'അബ്ദുള്ള ബിൻ ഉമറിന്‍റെ സംഭവത്തിൽ ആധികരികമായ രേഖയുണ്ടാവില്ല, ഖുർആനും ഹദീസുമാണ് ആധികാരികമായ ഗ്രന്ഥം, അതിൽ പറഞ്ഞിരുന്നെങ്കിൽ ഒരു വിഷയത്തിൽ സഹാബാക്കൾ വ്യത്യസ്ഥ അഭിപ്രായക്കാരാകുമായിരുന്നില്ല. ഇനി അതല്ല മുൻകാല പണ്ഡിതരുടെ അഭിപ്രായമാണെങ്കിൽ സഹചര്യങ്ങളുടെ മസ്ലഹത്ത് അനുസരിച്ച് തള്ളാനും കൊള്ളാനും ഒരു വിശ്വാസിക്ക് അവകാശവുമുണ്ട്.' ഒന്നാന്തരം തെറ്റിദ്ധരിപ്പിക്കലാണിത്! 'ആധികാരിക ചരിത്ര കൃതികള്‍ ഉദ്ധരിച്ചു വ്യക്തമാക്കുക' എന്ന് ഞാനിവിടെ ആവശ്യപ്പെട്ടത്, ഇസ്ലാമിക ലോകത്ത് അവലംബാര്‍ഹമായി ഗണിക്കപ്പെടുന്ന ചരിത്ര കൃതികളില്‍ ആധികാരികതയുടെ കാര്യത്തില്‍ സംശയമില്ലാത്തവിധം വിശ്വാസനീയമായ രൂപത്തില്‍ ഉദ്ധരിക്കപ്പെട്ട രേഖ വെച്ചുകൊണ്ട് ഈ സംഭവത്തിന്‍റെ നിജസ്ഥിതിയും അതു പോപ്പുലര്‍ ഫ്രണ്ടുകാരുടെ ചെയ്തി തെറ്റാണ് എന്നതിന് തെളിവല്ല എന്നും സ്ഥാപിക്കാനായിരുന്നു എന്ന കാര്യം എന്‍റെ ചോദ്യം വായിക്കുന്ന ഏത് സാമാന്യ ബുദ്ധിക്കും തിരിയുന്ന കാര്യമാണ്. എന്നിട്ടും ഒരു ചരിത്ര കൃതിയിലെ ഉദ്ധരണി പോലും ഹാജരാക്കാതെ, ചോദ്യത്തിനു മറുപടി പറയാന്‍ പോലും ശ്രമിക്കാതെ വിഷയം മാറ്റിയും പല വിധ കാര്യങ്ങള്‍ തിരുകി കയറ്റിയും നീണ്ട ഉപന്യാസം രചിച്ചതും 'ഖുര്‍ആനും ഹദീസുമാണ് ആധികാരിക ഗ്രന്ഥം' എന്നു പറഞ്ഞു ഒഴിഞ്ഞുമാറിയതും അതോടൊപ്പം ഖുര്‍ആനിലോ സുന്നത്തിലോ വന്നിട്ടില്ലാത്ത പല സംഭവങ്ങളും -അതില്‍ ചിലത് തീരേ ദുര്‍ബലമായ റിപ്പോര്‍ട്ടുകള്‍ ആണ് താനും!- തെറ്റിദ്ധരിപ്പിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും തങ്ങളുടെ ചെയ്തികള്‍ക്ക് തെളിവെന്നോണം കൊണ്ടുവരികയും ചെയ്തിരിക്കുന്നത് ഗതികേടിന്‍റെ അങ്ങേയറ്റമല്ലെങ്കില്‍ മറ്റെന്ത്?! ചോദ്യത്തിനു മറുപടി പറയാന്‍ കഴിയുന്നില്ല എന്ന് വെച്ച് ഇങ്ങനെയൊക്കെ സ്വയം വിഡ്ഢിവേഷം കെട്ടാമോ മുഹമ്മദലി സാഹിബ്?!
ഉബൈദുല്ലാഹിബ്നു ഉമര്‍(റ)ന്‍റെ ചെയ്തി തെറ്റും വധശിക്ഷക്ക് അര്‍ഹമായ കുറ്റവുമായിരുന്നു എന്ന കാര്യത്തില്‍ അറിയപ്പെട്ട ഒരു പണ്ഡിതനും എതിരഭിപ്രായം പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്‍റെ മേല്‍ ശിക്ഷ നടപ്പിലാക്കണം എന്ന കാര്യത്തില്‍ സ്വഹാബികള്‍ക്ക് ആര്‍ക്കും അഭിപ്രായ വ്യത്യാസവുമുണ്ടായിരുന്നില്ല. ആകെക്കൂടി ഉണ്ടായിരുന്നത്, 'കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ പിതാവ് ഉമര്‍(റ) കൊല്ലപ്പെട്ടു, ഇന്ന് അദ്ദേഹവും കൊല്ലപ്പെടുകയോ' എന്ന ആശങ്ക മാത്രമായിരുന്നു. അത് സ്വാഭാവികം മാത്രമാണല്ലോ! എന്നുവെച്ചു അദ്ദേഹത്തിന്‍റെ ചെയ്തി ശരിയായിരുന്നുവെന്നോ അദ്ദേഹത്തിനു യാതൊരുവിധ ശിക്ഷയും നല്‍കേണ്ടതില്ലെന്നോ, അദ്ദേഹം ചെയ്തത് പോലെ വ്യക്തികള്‍ക്ക് നിയമം കൈയിലെടുത്ത് പ്രതിക്രിയയും പ്രതികാരവും ചെയ്യാം എന്നോ, അങ്ങനെ ചെയ്യുന്നത് തെറ്റല്ലെന്നോ പോപ്പുലര്‍ ഫ്രണ്ടുകാരെ പോലെ അവരാരും അഭിപ്രായപ്പെട്ടിട്ടുമില്ല. ഒടുവില്‍ തന്‍റെ സ്വന്തം ധനത്തില്‍ നിന്ന് ഭീമമായ സംഖ്യ നഷ്ടപരിഹാരമായി നല്‍കിക്കൊണ്ടാണ് ഉസ്മാന്‍(റ) ആ പ്രശ്നത്തിനു താല്‍ക്കാലികമായ പരിഹാരം കണ്ടത്. അദ്ദേഹത്തിന്‍റെ അഭിപ്രായം പോലും ഉബൈദുള്ള(റ) പ്രതിക്രിയക്ക് അര്‍ഹനാണ് എന്നതായിരുന്നു. വലകും ഫില്‍ ഖിസ്വാസി ഹയാതുന്‍ (പ്രതിക്രിയയില്‍ നിങ്ങള്‍ക്ക് ജീവിതമുണ്ട്) എന്ന് ഖുര്‍ആന്‍ ഖണ്ഡിതമായി പറഞ്ഞിരിക്കേ പിന്നെയും ഇതൊന്നും ഖുര്‍ആനിലോ സുന്നത്തിലോ പറഞ്ഞിട്ടില്ല എന്നും, പറഞ്ഞിരുന്നെങ്കില്‍ സ്വഹാബികള്‍ അതില്‍ വ്യത്യസ്ത അഭിപ്രായക്കാരാവുമായിരുന്നില്ല എന്നും മറ്റും തട്ടിവിട്ടത് ആധികാരിക ചരിത്ര രേഖകള്‍ക്ക് മുമ്പില്‍ മുട്ടുവിറച്ചത് കൊണ്ടാണെന്ന കാര്യം വ്യക്തമാണല്ലോ. അതുപോലെ, 'നിങ്ങള്‍ എന്‍റെയും സച്ചരിതരായ ഖലീഫമാരുടെയും ചര്യയെ മുറുകെ പിടിക്കുക' എന്ന് പ്രവാചകന്‍ പഠിപ്പിച്ചിരിക്കെ ഈ വിഷയത്തിലുള്ള ആ ഖലീഫമാരുടെ നടപടിയെ നിസ്സാരമാക്കി തള്ളുകയും, അതൊന്നും തങ്ങള്‍ക്ക് ബാധകമല്ല, നിയമം കൈയിലെടുത്ത് പ്രതിക്രിയ നടപ്പിലാക്കാനും പ്രതികാരം ചെയ്യാനും തങ്ങള്‍ക്ക് അവകാശമുണ്ട്, അതിനു തെളിവ് ഖുര്‍ആനും ഹദീസുമാണ് എന്ന് വാദിക്കുക വഴി ഖലീഫമാര്‍ ഉള്‍പ്പെടെയുള്ള സ്വഹാബികളെ ഖുര്‍ആനും സുന്നത്തും തിരിയാത്തവരായി ചിത്രീകരിക്കുകയും എന്നിട്ട് 'മുൻകാല പണ്ഡിതരുടെ അഭിപ്രായമാണെങ്കിൽ സഹചര്യങ്ങളുടെ മസ്ലഹത്ത് അനുസരിച്ച് തള്ളാനും കൊള്ളാനും ഒരു വിശ്വാസിക്ക് അവകാശവുമുണ്ട്' എന്ന് പറഞ്ഞു രക്ഷപ്പെടുകയും ചെയ്യുന്നത് പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് മാത്രം ചേര്‍ന്ന പണിയാണ്. ഏതായാലും അത് ഇസ്ലാമല്ല.
'നിയമം നടപ്പാക്കുക എന്നത് ഇസ്ലാമിക രാജ്യത്തും അനിസ്ലാമിക രാജ്യത്തും ഭരണ കർത്താക്കളുടെ ചുമതലയാണെന്നുള്ളതിൽ ഒരു തർക്കവുമില്ലാത്ത കാര്യമാണ്' എന്ന മുഹമ്മദലി സാഹിബിന്‍റെ വാചകത്തെ സസന്തോഷം നമ്മള്‍ സ്വാഗതം ചെയ്യുന്നു. ബലേ ഭേഷ്! ഇക്കാര്യം താങ്കളെക്കൊണ്ട് തന്നെ പറയിപ്പിക്കുക എന്നത് എന്‍റെ ചോദ്യത്തിന്‍റെ മുഖ്യോദ്ദേശ്യമായിരുന്നു. അത് സാധിപ്പിച്ചു തന്ന അല്ലാഹുവിനു സ്തുതി. തുറന്നു പറഞ്ഞു താങ്കളുടെ കാര്യത്തില്‍ പെരുത്ത് സന്തോഷവും. ഇക്കാര്യം താങ്കള്‍ അംഗീകരിച്ചതോടെ നമ്മള്‍ തമ്മിലുള്ള പ്രധാനപ്പെട്ടൊരു തര്‍ക്കം തീര്‍ന്നു! എന്ന് മാത്രമല്ല, ഇതോടുകൂടി, പ്രഫ. ജോസഫിന്‍റെ കൈവെട്ടിയ, യാസിര്‍ വധത്തിലെ പ്രതികളില്‍ ഒരാളെ വെട്ടിയ, ഫൈസല്‍ വധത്തിലെ പ്രതിയായ ബിബിനെ കൊലപ്പെടുത്തിയ... പോപ്പുലര്‍ ഫ്രണ്ടു ചെയ്തികളൊക്കെയും ഇസ്ലാമിക വിരുദ്ധമാണ് എന്നും വന്നു! എന്തെന്നാല്‍ ഇതൊക്കെയും പ്രതിക്രിയ എന്ന ഇനത്തില്‍ പെട്ട നിയമം നടപ്പിലാക്കലാണ്. അതാകട്ടെ 'ഇസ്ലാമിക രാജ്യത്തും അനിസ്ലാമിക രാജ്യത്തും ഭരണകർത്താക്കളുടെ ചുമതലയാണെന്നുള്ളതിൽ ഒരു തർക്കവുമില്ലാത്ത കാര്യമാണ് എന്നാണല്ലോ താങ്കള്‍ പറഞ്ഞുവെച്ചിരിക്കുന്നത്! ഇതോടുകൂടി, 'വ്യക്തികളോ ഗ്രൂപ്പുകളോ ആയുധമെടുക്കാൻ പടില്ല എന്ന് പഠിപ്പിക്കുന്ന ഖുർആനോ ഹദീസോ ഉണ്ടോ?, സായുധ ജിഹാദിന് ഭരണം വേണമെന്നതിനു ഒരു തെളിവുമില്ല' എന്നിങ്ങനെയുള്ള താങ്കളുടെ വാദങ്ങളെ താങ്കള്‍ തന്നെ പൊളിച്ചടക്കുകയും ചെയ്തിരിക്കുന്നു! ഈ സംവാദത്തില്‍ സന്തോഷിക്കാന്‍ ഇതില്‍പരം ഇനി എനിക്കെന്ത് വേണം?! 'ഒരു ദേശത്ത് കള്ളൻമാരുടെ ശല്യമുണ്ടാകുംമ്പോൾ നാട്ടുകാർ സ്വന്തം പെട്രോളിങ്ങും കാവലും നോക്കും, അക്രമിയെ ആട്ടിയോടിക്കും ചിലപ്പോൾ കായികമായിട്ടും നേരിടും, അതൊന്നും പ്രതിക്രിയക്ക് ഖിയാസാക്കാൻ പറ്റില്ല' എന്ന് താങ്കള്‍ പറഞ്ഞല്ലോ. ഇപ്പറഞ്ഞത് ഭാഗികമായി മാത്രം ശരിയാണ്. ഇങ്ങനെയൊരു ഖിയാസ് ഇവിടെയാരും നടത്തിയിട്ടില്ല എന്നത് വേറെ കാര്യം. കട്ടവന്‍റെ കൈവെട്ടുക എന്നതാണ് പ്രതിക്രിയ. അത് നാട്ടുകാര്‍ തന്നെ നടത്തിയാല്‍ തീര്‍ച്ചയായും അത് നിയമം കൈയിലെടുക്കലും പോപ്പുലര്‍ ഫ്രണ്ടുകാരുടെ വെട്ടുംകുത്തും റാത്തീബിനു തുല്യവും അതിനാല്‍ തന്നെ ആക്ഷേപാര്‍ഹവുമാണ്. ഇത്തരം അക്രമികളെ തത്സമയം പിടികൂടുന്നതിനോ എന്നിട്ട് പൊലീസില്‍ എല്‍പിക്കുന്നതിനോ ഇവിടെ ആരും എതിരല്ല. താങ്കള്‍ മുമ്പൊരിക്കല്‍ ഉദ്ധരിച്ച വി.കെ അലി സാഹിബിന്‍റെയും കൂട്ടില്‍ മുഹമ്മദലിയുടെയും ലേഖനങ്ങള്‍ ഒരിക്കല്‍ കൂടി വായിച്ചിട്ട് വരിക ഇമ്മാതിരി വാദങ്ങളുമായി!
'വ്യക്തികളോ ഗ്രൂപ്പുകളോ ആയുധമെടുക്കാൻ പടില്ല എന്ന് പഠിപ്പിക്കുന്ന ഖുർആനിന്‍റെയോ ഹദീസിന്‍റെയോ നസ്സ് ഉണ്ടായിരുന്നെങ്കിൽ, അബ്ദുല്ല ബിൻ ഉമർ പിഴച്ചവൻ എന്ന് അക്ഷേപിക്കേണ്ടിവരും, ഉമർ (റ) നെ വധിച്ചവരെ വധിച്ച ബിൻ ഉമറിന്‍റെ നിലപാടിൽ സഹാബികൾ രണ്ട് അഭിപ്രായകരായി എന്ന് നിങ്ങൾ തന്നെ സമ്മതിക്കുമ്പോൾ, പിന്നെ എങ്ങിനെയാണ് ഞാൻ ആധികാരിക ഗ്രന്ഥവുമായി വരിക.' എന്ന് മുഹമ്മദലി സാഹിബ് എഴുതിയല്ലോ. ഇവിടെയാണ്‌ താങ്കള്‍ക്ക് പിഴച്ചത്. സാധാരണ പിഴവല്ല, ഭീമമായ അബദ്ധവും വന്‍വീഴ്ച്ചയും. കൂടാതെ, സമര്‍ത്ഥമായ തെറ്റിദ്ധരിപ്പിക്കലും! ഒരു സന്ദര്‍ഭത്തിലും ഒരുനിലക്കും ആയുധമെടുക്കാന്‍ വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ഒരുനിലക്കും അധികാരമില്ലെന്നോ, ഏത് സാഹചര്യത്തിലും സായുധപോരാട്ടം ഇസ്ലാമിക ഭരണകൂടത്തിനു മാത്രമേ പറ്റു എന്നൊരു പ്രസ്താവനയോ ഞാന്‍ നടത്തിയിട്ടില്ല. ഉണ്ടെന്നു തെളിയിക്കാന്‍ താങ്കള്‍ക്കൊട്ട് കഴിയുകയുമില്ല. താങ്കളുടെ രണ്ടാമത്തെ ചോദ്യത്തിനുള്ള മറുപടിയില്‍ ആയത്തുകളും ഹദീസുകളും ചരിത്ര സംഭവങ്ങളും പണ്ഡിതോദ്ധരണികളും നിരത്തി എട്ടു നമ്പറുകളിലായി ഞാന്‍ വിശദീകരിച്ചു പറഞ്ഞ കാര്യങ്ങളാണ് ഇതൊക്കെ. എന്നിട്ടും അതിനെ ഖണ്ഡിക്കാന്‍ ശ്രമിക്കാതെ, അന്ധന്‍ ആനയെ കണ്ടപോലെ മറുപടി പറഞ്ഞു കഴിഞ്ഞ വാദങ്ങള്‍ തന്നെ പല രൂപത്തില്‍ ആവര്‍ത്തിക്കുന്നതും ഇല്ലാത്ത ആരോപണം ഉന്നയിച്ചു അതിനു മറുപടി പറഞ്ഞുകൊണ്ട് സമയം കളയുന്നതും സ്വന്തം നിലപാടിന് പ്രത്യേകിച്ച് തെളിവൊന്നും ഹാജരാക്കാന്‍ ഇല്ലാത്തത് കൊണ്ടല്ലേ?! ആയുധമെടുക്കാനുള്ള വിശുദ്ധ ഖുര്‍ആനിലേയും തിരുസുന്നത്തിലേയും കല്‍പനകളത്രയും ഇസ്ലാമിക സമൂഹത്തിന്‍റെ നേതൃത്വത്തോടാണ്; വ്യക്തികളോടല്ല. താങ്കള്‍ ഇവിടെ പല തവണയായി ഉദ്ധരിച്ച ആയത്തുകളും ഹദീസുകളുമൊക്കെയും അതാണു പഠിപ്പിക്കുന്നത് എന്ന കാര്യം അവയെ വിശദീകരിച്ച മുഫസ്സിറുകളെയും മുഹദ്ദിസുകളെയും ഇതര ഇസ്ലാമിക പണ്ഡിതന്മാരെയും ഉദ്ധരിച്ചു നാം വിശദീകരിച്ചുകഴിഞ്ഞതാണ്. ആ പ്രമാണങ്ങളുടെ പിന്‍ബലത്തില്‍ അവര്‍ ഇളവു നല്‍കിയ പോരാട്ടങ്ങള്‍ ഏതൊക്കെയാണ് എന്നും നാം അവിടെ വ്യക്തമാക്കിയതാണ്. അവയെ പ്രാമാണികമായി ഖണ്ഡിക്കാനോ മറുത്ത് പറഞ്ഞ ഒരൊറ്റ പണ്ഡിതനെയെങ്കിലും ഉദ്ധരിക്കാനോ കഴിയാത്ത താങ്കള്‍ പിന്നെയും ഇത്തരം വിതണ്ഢ വാദങ്ങള്‍ ഉന്നയിക്കുന്നതിനു എന്ത് ന്യായമാണുള്ളത്?!
'തങ്ങളുടെ കൈകള്‍ അടക്കിവെക്കുക എന്ന് കല്‍പിക്കപ്പെട്ടിരുന്നവരെ നീ കണ്ടില്ലേ?' എന്ന ഖുര്‍ആനിന്‍റെ ചോദ്യവും, 'ഞങ്ങളെ ആക്രമിക്കുന്നവരേ ഞങ്ങള്‍ സായുധമായി നേരിടട്ടെയോ?' എന്ന് അബ്ദുര്‍റഹ്മാനുബ്നു ഔഫ്‌ ഉള്‍പ്പെടെയുള്ള സ്വഹാബികള്‍ നബി(സ)യോട് അനുവാദം ചോദിച്ചതും നബി(സ) അനുമതി നല്‍കാതിരുന്നതും, ബനൂ ഇസ്രായേല്യരുടെയും ഖിബ്തികളുടെയും ചരിത്രം വിശദീകരിക്കവേ ഫറോവന്‍ ഭരണകൂട ഫാസിസ്റ്റുകളുടെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കെതിരെ പോലും സായുധമായി തിരിച്ചടി നല്‍കാതെ ക്ഷമിക്കാന്‍ വേണ്ടി മൂസാ(അ) ഇസ്രായേല്യരോട് കല്‍പിച്ചതുമൊക്കെ അധികാരമുള്ള ഇസ്ലാമിക സമൂഹത്തിന്‍റെ നേതൃത്വമാണ് സായുധ ജിഹാദ് നടത്തേണ്ടത്, വ്യക്തികള്‍ക്കോ ഗ്രൂപ്പുകളോ അല്ല എന്നതിനുള്ള തെളിവത്രെ. ഇതിലുപരി ഖുര്‍ആനിലെ ഏതെങ്കിലും ആയത്തില്‍ വ്യക്തികള്‍ ആയുധം എടുക്കണം എന്നോ ആയുധം എടുക്കരുത് എന്നോ ഉള്ള വിഷയം നേര്‍ക്കുനേരെ പറയുന്നില്ല എന്നാണു എന്‍റെ അറിവ്. അതേസമയം സായുധ പോരാട്ടത്തിനും യുദ്ധത്തിനുമുള്ള നിരവധി കല്പനകള്‍ ഉണ്ട്. അതൊക്കെയും ഇസ്ലാമിക സമൂഹത്തിന്‍റെ നേതൃത്വത്തോടുള്ള കല്‍പനയാണ് താനും. പ്രതിക്രിയയുടെ കാര്യമാണെങ്കില്‍ നിയമം എന്ന അര്‍ത്ഥത്തില്‍ അത് ഭരണകൂടത്തിനേ പറ്റുകയുള്ളൂ എന്ന കാര്യം മുഹമ്മദലി സാഹിബ്‌ തന്നെയും മുകളില്‍ സമ്മതിച്ച് പറയുകയും ചെയ്യുന്നു! അത് ചെയ്യേണ്ടത് വ്യക്തികള്‍ അല്ല, ഭരണകൂടമാണ് എന്ന ഒരു നിര്‍ദ്ദേശവും നേര്‍ക്കുനേരെ ഖുര്‍ആനില്‍ ഇല്ലാതിരുന്നിട്ടും, പ്രതിക്രിയയെ കുറിച്ച് പറയവേ, നോമ്പിനെ കുറിച്ച് പറഞ്ഞ അതേ ശൈലിയില്‍ 'നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നു' (كتب عليكم القصاص) എന്നും, വ്യഭിചാരത്തെ കുറിച്ച് പറയവേ 'അവരില്‍ ഓരോരുത്തരേയും നിങ്ങള്‍ നുറടി വീതം അടിക്കുക' (فاجلدوا كل واحد منهما مائة جلدة) എന്നും, മോഷണത്തെ കുറിച്ച് പറയവേ, 'മോഷണം നടത്തിയ സ്ത്രിയുടെയും പുരുഷന്‍റെയും കൈകള്‍ നിങ്ങള്‍ വെട്ടുക' (والسارق والسارقة فاقطعوا ايديهما) എന്നും മറ്റും 'നിങ്ങള്‍' എന്ന് പ്രയോഗിച്ചുകൊണ്ട് ഖുര്‍ആന്‍ കല്‍പിച്ചിട്ടും അതൊന്നും വ്യക്തികളോ ഗ്രൂപ്പുകളോ നടപ്പിലാക്കേണ്ട ശിക്ഷയല്ല, ഭരണാധികാരി നടപ്പിലാക്കേണ്ടതാണു എന്ന് മുഹമ്മദലി സാഹിബിനും പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കും എവിടെ നിന്നാണോ കിട്ടിയത് അവിടെ നിന്ന് തന്നെയാണ് സായുധ പോരാട്ടം നടത്തേണ്ടതും വ്യക്തികളോ ഗ്രൂപ്പുകളോ അല്ല ഭരണകൂടമാണ് എന്ന തെളിവ് നമുക്കും കിട്ടിയത്! കൂടാതെ ഇതൊക്കെ പ്രവര്‍ത്തിച്ചു കാണിച്ചു തന്ന പ്രവാചകന്‍റെയും സ്വഹാബത്തിന്‍റെയും നടപടി ക്രമങ്ങളില്‍ നിന്നും അഹ്ലുസ്സുന്നയുടെ ആദര്‍ശം വിശദീകരിക്കുന്ന പണ്ഡിതോദ്ധരണികളില്‍നിന്നും നിന്നും അങ്ങനെയല്ലാതെ ഒരാശയം കിട്ടുകയുമില്ല. ഇതുപോലൊന്ന് പോപ്പുലര്‍ ഫ്രണ്ടു നിലപാടിനു തെളിവായി ഹാജരാക്കാന്‍ കഴിയുമെങ്കില്‍ അതൊന്നു കാണട്ടെ. വസ്തുത ഇതായിരിക്കെ പിന്നെയും പോപ്പുലര്‍ ഫ്രണ്ടുകാരുടെ വെട്ടും കുത്തും റാത്തീബിനെയും ശേഷമുള്ള ഒളിച്ചോട്ടത്തെയും ന്യായീകരിക്കാന്‍ പടച്ചവനെ പേടിയുള്ള ഒരാള്‍ക്ക് എങ്ങനെയാണ് സാധിക്കുക?!
'ഇവിടെയെല്ലാം ചർച്ച ചെയ്യുന്നത് ഇസ്ലാമിലെ പ്രതിക്രിയ നൽകുന്നതിനെ കുറിച്ചാണ്' എന്ന താങ്കളുടെ പ്രസ്താവന വളരെ ശരിയാണ്. അതുതന്നെയാണ് ഞാന്‍ ചോദിക്കുന്നതും. എന്തെന്നാല്‍ പ്രതിരോധത്തിന്‍റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ചെയ്യുന്ന കൈവെട്ടും തലവെട്ടും പ്രതിക്രിയയും പ്രതികാരവും പകവീട്ടലുമല്ലാതെ മറ്റെന്താണ്?! 'എന്നാൽ നമ്മുടെ ചർച്ചാ വിഷയം അക്രമികളെ പ്രതിരോധിക്കാനും തിരിച്ചടിക്കാനും ദീനിൽ തെളിവുണ്ടോ എന്നുള്ളതാണ്' എന്ന താങ്കളുടെ ന്യായീകരണമാകട്ടെ പ്രതിക്രിയയേയും പ്രതിരോധത്തെയും കൂട്ടിക്കുഴച്ചുകൊണ്ടുള്ളതാണു താനും! അതില്ലെങ്കില്‍ തങ്ങളുടെ വാദങ്ങള്‍ക്ക് നിലനില്‍പ്പില്ല എന്നതിനാല്‍ പൊതുവേ പോപ്പുലര്‍ ഫ്രണ്ടുകാരുടെ ഒരു അടവ് തന്നെ അതാണല്ലോ! ആത്മരക്ഷാ പ്രതിരോധത്തിന്‍റെ വിഷയമാണെങ്കില്‍ അതില്‍ ആര്‍ക്കും തര്‍ക്കമില്ലെന്ന കാര്യം നാം നേരത്തെ വിശദീകരിച്ചു കഴിഞ്ഞിരിക്കെ പിന്നെയും ഇമ്മാതിരി ന്യായീകരണങ്ങള്‍ താങ്കള്‍ നടത്തുന്നതും ഇസ്ലാമിക ഭരണകൂടം നടത്തേണ്ട യുദ്ധവുമായി ബന്ധപ്പെട്ട ആയത്തുകളെ തെറ്റായി ഉദ്ധരിക്കുന്നതും അവയെ പോപ്പുലര്‍ ഫ്രണ്ടുകാരുടെ തല/കൈവെട്ടിനു ന്യായമാക്കുന്നതും അനുജത്തിയെ കാണിച്ചു ജ്യേഷ്ഠത്തിയെ കെട്ടിച്ചയക്കുന്ന തന്ത്രവും പ്രമാണങ്ങളുടെ ദുര്‍വ്യാഖ്യാനവുമല്ലാതെ മറ്റെന്താണ്?!
ഇനി, 'അബ്ദുല്ലാഹിബ്നു ഉമര്‍(റ) പിഴച്ചവനാകുമായിരുന്നു', 'സ്വഹാബികള്‍ക്കിടയില്‍ തര്‍ക്കമുണ്ടാകുമായിരുന്നില്ല' എന്നിങ്ങനെ പറഞ്ഞുകൊണ്ട് താങ്കള്‍ സൃഷ്ടിച്ച പുകമറയെ ഇസ്ലാമിക ചരിത്ര കൃതികള്‍ തന്നെ തകര്‍ത്തെറിയുന്നത് കാണുക:
ഉബൈദുള്ള(റ)യോട് ഉസ്മാന്‍(റ) പറഞ്ഞതായി ഇമാം ദഹബി തന്‍റെ സിയറു അഅലാമിന്നുബലാഗില്‍ ഉദ്ധരിക്കുന്നു: 
قاتلك الله قتلت رجلا يصلي وصبية صغيرة وآخر له ذمة ، ما في الحق تركك 
(അല്ലാഹു നിന്നെ നശിപ്പിക്കട്ടെ. നമസ്കാരം നിര്‍വഹിക്കുന്ന ഒരാളെയും ചെറിയൊരു കുട്ടിയേയും ഇസ്ലാമിക രാഷ്ട്രത്തിന്‍റെ സംരക്ഷണത്തില്‍ കഴിയുന്ന മറ്റൊരാളെയും നീ വധിച്ചു. അതിനാല്‍ നിന്നെ വെറുതെ വിടുക എന്നത് ശരിയല്ല.)
ഉസ്മാന്‍(റ) ഖിലാഫത്ത് ഏറ്റെടുത്ത ശേഷം ആദ്യമായി ജനങ്ങളെ അഭിമുഖീകരിക്കവേ പറഞ്ഞതായി മുസ്വന്നഫ് അബ്ദുര്‍റസാഖിലും ഇബ്നുല്‍ അസീറിന്‍റെ അല്‍ കാമിലുഫിത്താരീഖിലും ഇപ്രകാരം കാണാം:
 أشيروا علي في هذا الرجل الذي فتق في الإسلام ما فتق، يعني عبيد الله بن عمر 
(തന്‍റെ ചെയ്തി മുഖേന ഇസ്ലാമില്‍ പിളര്‍പ്പുണ്ടാക്കിയ -ഇസ്ലാമിലായിക്കൊണ്ട് കൊല നടത്തിയ ഈ- ഉബൈദുല്ലാഹിബ്നു ഉമറിന്‍റെ കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായം പറയുക.)
ഇമാം ഇബ്നു കസീര്‍ തന്‍റെ അല്‍ ബിദായ വന്നിഹായയില്‍ രേഖപ്പെടുത്തുന്നു: 
وأما أول حكومة حكم فيها فقضية عبيد الله بن عمر، وذلك أنه غدا على ابنة أبي لؤلؤة قاتل عمر فقتلها، وضرب رجلاً نصرانياً يقال له جفينة بالسيف فقتله، وضرب الهرمزان الذي كان صاحب تستر فقتله، وكان قد قيل إنهما مالآ أبا لؤلؤة على قتل عمر فالله أعلم،،،، وقد كان عمر قد أمر بسجنه ليحكم فيه الخليفة من بعده، فلما ولي عثمان وجلس للناس كان أول ما تحوكم إليه في شأن عبيد الله، فقال علي: ما من العدل تركه، وأمر بقتله، وقال بعض المهاجرين: أيقتل أبوه بالأمس ويقتل هو اليوم؟ فقال عمرو بن العاص: يا أمير المؤمنين قد برّأك الله من ذلك، قضية لم تكن في أيامك فدعها عنك، فودّى عثمان رضي الله عنه أولئك القتلى من ماله، وخلِّي سبيل عبيدِ الله.( البداية والنهاية: جزء 8/صفحة57) 
(ഉസ്മാന്‍(റ) ആദ്യമായി വിധികല്‍പിച്ചത് ഉബൈദുല്ലാഹിബ്നു ഉമറിന്‍റെ പ്രശ്നത്തിലായിരുന്നു. ഉമറിന്‍റെ ഘാതകനായിരുന്ന ഫൈറുസ് അബൂ ലുഅലുയുടെ മകളെ അദ്ദേഹം വകവരുത്തിയിരുന്നു.ക്രൈസ്തവനായ ജുഫൈനയേയും ഒളിവില്‍ കഴിയുകയായിരുന്ന ഹുര്‍മുസാനെയും അദ്ദേഹം തന്‍റെ വാളിന്നിരയാക്കുകയുണ്ടായി. ഇരുവര്‍ക്കും അബൂലുഅലുഅയോടൊപ്പം ഉമറിന്‍റെ വധത്തില്‍ പങ്കുണ്ടായിരുന്നതായി പറയപ്പെടുന്നു. തന്‍റെ കാലശേഷം വരുന്ന ഖലീഫ അദ്ദേഹത്തിന്‍റെ വിഷയത്തില്‍ വിധികല്‍പിക്കട്ടെ എന്ന നിലക്ക് ഉമര്‍(റ) തന്നെ ഉബൈദുള്ളയെ ജയിലിലടക്കാന്‍ കല്‍പിച്ചിരുന്നു. ഉസ്മാന്‍(റ) അധികാരമേറ്റെടുത്തപ്പോള്‍ ജനങ്ങളുമായി കൂടിയാലോചിക്കുകയും ആദ്യമായി നടപടി സ്വീകരിക്കുകയും ചെയ്തത് ഈ ഉബൈദുള്ളയുടെ വിഷയത്തിലായിരുന്നു. അലി(റ), അദ്ദേഹത്തെ വിട്ടയക്കുന്നത് നീതിയല്ലെന്ന് പറയുകയും വധശിക്ഷ നടപ്പിലാക്കാന്‍ കല്‍പിക്കുകയുമാണുണ്ടായത്. മുഹാജിറുകളില്‍ ചിലര്‍ ചോദിച്ചു: അദ്ദേഹത്തിന്‍റെ പിതാവ് ഇന്നലെ കൊല്ലപ്പെട്ടിരിക്കെ ഇന്ന് അദ്ദേഹം വധിക്കപ്പെടുകയോ?! അന്നേരം അംറുബ്നുല്‍ ആസ്(റ) പറഞ്ഞു: അമീറുല്‍ മുഅമിനീന്‍, ഈ കാര്യത്തിനു താങ്കള്‍ ഉത്തരവാദിയല്ല. താങ്കളുടെ ഭരണകാലത്തല്ലല്ലോ ഈ സംഭവം നടന്നത്. അതിനാല്‍ അത് വിട്ടേക്കുക. അങ്ങനെ ഉസ്മാന്‍(റ) സ്വന്തം ധനത്തില്‍ നിന്ന് ആ കൊലയാലികള്‍ക്ക് പകരമായുള്ള ബ്ലഡ് മണി നല്‍കുകയും ഉബൈദുല്ലായെ വെറുതെ വിടുകയും ചെയ്തു.)
ഈ സംഭവത്തെ കുറിച്ച്, ഹുര്‍മുസാന്‍റെ പുത്രന്‍ ഖമസ്ബാന്‍ നല്‍കുന്ന സാക്ഷ്യം കേട്ട അബുല്‍ മന്‍സൂറിനെ ഉദ്ധരിച്ചുകൊണ്ട് ഇമാം ത്വബ്രി രേഖപ്പെടുത്തുന്ന വിശദമായ വിവരണത്തില്‍ നിന്നുള്ള പ്രസക്തമായ ചില ഭാഗങ്ങള്‍ കാണുക:
 فأقبل عبيد الله فقتله؛ فلما ولي عثمان دعاني فأمكنني منه، ثم قال: يا بني هذا قاتل أبيك وأنت أولى به منا، فاذهب فاقتله فخرجت به وما في الأرض أحد إلّا معي؛ إلّا أنهم يطلبون إلي فيه. فقلت لهم: ألي قتله؟ قالوا: نعم - وسبّوا عبيد الله - فقلت: أفلكم أن تمنعوه؟ قالوا: لا وسبّوه. فتركته لله ولهم
 (ഉബൈദുള്ള എന്‍റെ പിതാവിനെ വധിച്ചതിനു ശേഷം ഉസ്മാന്‍(റ) അധികാരമേറ്റപ്പോള്‍ അദ്ദേഹം എന്നെ വിളിപ്പിച്ചു. ഉബൈദുള്ളക്കെതിരെ നടപടിയെടുക്കാനുള്ള സൗകര്യം ചെയ്തുതന്നു. അദ്ദേഹം പറഞ്ഞു: 'കുഞ്ഞേ, ഇതാ നിന്‍റെ പിതാവിന്‍റെ ഘാതകന്‍. അവനോട് പ്രതിക്രിയ ചെയ്യാന്‍ എന്നേക്കാള്‍ അവകാശം നിനക്കാണ്. കൊണ്ടുപോയി വധിച്ചുകൊള്ളുക'. ഞാന്‍ ഉബൈദുല്ലയേയും കൂട്ടി പുറത്തിറങ്ങി. ഉബൈദുല്ലക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെടാത്തവരായി അവിടെ ആരും ഉണ്ടായിരുന്നില്ല. ഞാനവരോട് ചോദിച്ചു: 'എനിക്കദ്ദേഹത്തെ വധിക്കാമോ?' തീര്‍ച്ചയായും -അവര്‍ പറഞ്ഞു. അവരെല്ലാവരും ഉബൈദുല്ലയെ അധിക്ഷേപിച്ചു. അപ്പോള്‍ ഞാന്‍ അവരോടു ചോദിച്ചു: 'നിങ്ങള്‍ക്ക് അദ്ദേഹത്തെ തടയാമായിരുന്നില്ലേ?' അവര്‍ സമ്മതിച്ചില്ല, അവര്‍ ആക്ഷേപം തുടര്‍ന്നു. ഞാനാവിഷയം അല്ലാഹുവിനും അവര്‍ക്കുമായി വിട്ടു.)
ഒടുവില്‍ ഉസ്മാന്‍(റ) സ്വന്തം ധനത്തില്‍ നിന്ന് ഭീമമായ സംഖ്യ ബ്ലെഡ് മണി നല്‍കി ഉബൈദുല്ലയുടെ ജീവന്‍ രക്ഷിക്കുകയായിരുന്നു എന്ന കാര്യവും നാം കണ്ടുകഴിഞ്ഞു. ബൈത്തുല്‍മാലില്‍ നിന്ന് അതിനു ധനം ചെലവഴിക്കുന്നത് ശരിയല്ല എന്നതുകൊണ്ടാണ് ഉസ്മാന്‍(റ) സ്വന്തം ധനത്തില്‍ നിന്ന് നല്‍കിയത്. എന്നിട്ടും ആ വിധിയില്‍ അലി(റ) തൃപ്തനായിരുന്നില്ല! ഉസ്മാന്‍(റ)വിന്‍റെ രക്തസാക്ഷിത്വത്തെ തുടര്‍ന്നു അലി(റ) ഖലീഫയായപ്പോള്‍ തന്നെ വധിക്കാന്‍ പരിപാടിയുണ്ടെന്നറിഞ്ഞു ഉബൈദുല്ലാഹിബ്നു ഉമര്‍ സിറിയയിലേക്ക് പോയി മുആവിയ(റ)യുടെ സൈന്യത്തോടൊപ്പം ചേരുകയായിരിന്നു! മുകളില്‍ കൊടുത്ത ഇമാം ത്വബ്റിയുടെ റിപ്പോര്‍ട്ടും അതിനു മുമ്പ് നല്‍കിയ റിപ്പോര്‍ട്ടുകളുമെല്ലാം താരതമ്യം ചെയ്തുകൊണ്ട് അല്‍ കാമിലു ഫിത്താരീഖില്‍ ഇമാം ഇബ്നുല്‍ അസീര്‍ രേഖപ്പെടുത്തുന്നു:
 والأول أصح في اطلاق عبيد الله، لأن عليا لما ولي الخلافة أراد قتله فهرب منه الى معاوية بالشام، ولو كان اطلاقه بامر ولي الدم لم يتعرض له علي
(ഉബൈദുല്ലയെ മോചിപ്പിച്ചതുമായി ബന്ധപ്പെട്ട് വന്ന റിപ്പോര്‍ട്ടുകളില്‍ ആദ്യത്തെതാണ് പ്രബലമായിട്ടുള്ളത്. എന്തുകൊണ്ടെന്നാല്‍, അലി(റ) അധികാരമേറ്റടുത്തപ്പോള്‍ ഉബൈദുല്ലക്ക് വധശിക്ഷ നല്‍കാന്‍ ഉദ്ദേശിച്ചു. അന്നേരം അദ്ദേഹം സിറിയിലുള്ള മുആവിയയുടെ അടുക്കലേക്ക് ഓടിപ്പോവുകയും ചെയ്തു. കൊല്ലപ്പെട്ടയാളുടെ (വലിയ്യ്‌) ബന്ധുവിന്‍റെ കല്‍പന പ്രകാരമായിരുന്നു അദ്ദേഹത്തെ മോചിപ്പിച്ചിരുന്നത് എങ്കില്‍ അലി(റ) അതിന്നെതിര് പ്രവര്‍ത്തിക്കുമായിരുന്നില്ല.)
ഇത്രയും വ്യക്തമായി ഇസ്ലാമിക ചരിത്ര കൃതികളില്‍ രേഖപ്പെടുത്തപ്പെട്ട ഒരു സംഭവത്തെ കുറിച്ച് ചോദിച്ചിട്ട് 'ഉമർ(റ) നെ വധിച്ചവരെ വധിച്ച ബിൻ ഉമറിന്റെ നിലപാടിൽ സഹാബികൾ രണ്ട് അഭിപ്രായകരായി എന്ന് നിങ്ങൾ തന്നെ സമ്മതിക്കുമ്പോൾ, പിന്നെ എങ്ങിനെയാണ് ഞാൻ ആധികാരിക ഗ്രന്ഥവുമയി വരിക' എന്ന മറു ചോദ്യം ഇരുട്ടുകൊണ്ട് ഓട്ടയടക്കലല്ലെങ്കില്‍ പിന്നെ എന്താണ്?! സ്വഹാബികള്‍ ഭിന്നാഭിപ്രായക്കാരായത്, പോപ്പുലര്‍ ഫ്രണ്ടുകാരെപ്പോലെ നിയമം കൈയിലെടുത്ത് പ്രതിക്രിയ നടപ്പിലാക്കിയ ഉബൈദുല്ലയുടെ ചെയ്തി ശരിയോ തെറ്റോ എന്ന വിഷയത്തില്‍ ആയിരുന്നില്ല എന്നും, എല്ലാവരുടെയും അഭിപ്രായം അത് തീര്‍ത്തും തെറ്റും ശിക്ഷാര്‍ഹവുമാണ്, അതിനാലദ്ദേഹം വധിക്കപ്പെടെണ്ടവന്‍ തന്നെയാണ് എന്നായിരുന്നു എന്നും അതേസമയം, ഇന്നലെ അദ്ദേഹത്തിന്‍റെ പിതാവ് കൊല്ലതിന്‍റെ മുറിവ് ഉണങ്ങും മുമ്പേ അദ്ദേഹത്തെ വധിക്കുകയോ എന്നതിലായിരുന്നു അഭിപ്രായ വ്യത്യാസമെന്നും അതുകൊണ്ടാണ് ഉസ്മാന്‍(റ) സ്വന്തം ധനം പിഴയായി നല്‍കി അദ്ദേഹത്തെ രക്ഷിച്ചത് എന്നും നാം കണ്ടു. പോപ്പുലര്‍ ഫ്രണ്ടുകാരുടെ പ്രതികാര കൊലകളും വെട്ടുകളും ഇസ്ലാമില്‍ വധശിക്ഷാര്‍ഹമായ പാതകമാണ് എന്നതിന് ഇതില്‍പരം തെളിവെന്ത് വേണം? ഇക്കാര്യം വെളിവാകും എന്നതുകൊണ്ടല്ലേ, 'അബ്ദുള്ള ബിൻ ഉമറിന്‍റെ സംഭവത്തിൽ ആധികാരികമായ രേഖയുണ്ടാവില്ല' എന്ന് പറഞ്ഞുകൊണ്ട് മുഹമ്മദലി സാഹിബ് എന്‍റെ ചോദ്യത്തിനു മറുപടി പറയാതെ രക്ഷപ്പെട്ടത്?! ഫൈസലിന്‍റെ ഘാതകനാണെങ്കിലും, നിയമം കൈയിലെടുത്ത് ബിബിനെ വധിച്ചത് ഇസ്ലാമികമായി തെറ്റാണെന്ന് പറയുന്നവരെ കുറിച്ച പോപ്പുലര്‍ ഫ്രണ്ട് തിയറിയനുസരിച്ച്, ഉമറിനെ കൊന്നവരായിട്ടും ആ ഫാസിസ്റ്റുകള്‍ക്ക് വേണ്ടി അലിറ)യുടെയും (ഇമാം ത്വബ്റിയുടെ റിപ്പോര്‍ട്ടനുസരിച്ചു) ഉസ്മാന്‍(റ)വിന്‍റെയും ഇതര സ്വഹാബികളുടെയുമെല്ലാം കുരു പൊട്ടിക്കൊണ്ടേയിരുന്നു, അവരുടെ വിഷയത്തില്‍ ഈ സ്വഹാബികള്‍ തേന്‍ ഒലിപ്പിച്ചുകൊണ്ടേയിരുന്നു, അവര്‍ അദ്ദേഹത്തെ കൈകാര്യം ചെയ്യാനായി ആ ഫാസിസ്റ്റുകളുടെ അനന്തരാവകാശികള്‍ക്ക് തന്നെ വിട്ടുകൊടുത്തു എന്ന് പറയാം! മുഹമ്മദലി സാഹിബിന്‍റെ ഭാഷയില്‍ ഉബൈദുല്ലയെ വധിക്കണം എന്നാവശ്യപ്പെട്ട ഈ സ്വഹാബികളെല്ലാം ഇസ്ലാമിലെ ജിഹാദിനെയും പ്രതിരോധത്തെയും വ്യക്തികള്‍ക്ക് ആയുധമെടുക്കാം എന്നതിനേയും കുറിച്ചറിയാത്ത വെറും ഭീരുക്കളും ചണ്ടികളും ഫാസിസ്റ്റുകള്‍ക്ക് വേണ്ടി കുഴലൂത്ത് നടത്തുന്നവരും പിന്തിരിപ്പന്മാരുമാകാനേ തരമുള്ളൂ! അതിനാല്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ പകുതിയെങ്കിലും ബുദ്ധിയോ സമുദായ സ്നേഹമോ ഇല്ലാതെപോയ, ഉബൈദുല്ലയെ ജയിലിലടക്കാന്‍ കല്‍പിച്ച ഖലീഫാ ഉമര്‍(റ)നെയും, വധിക്കണമെന്ന് അഭിപ്രായപ്പെട്ട ഉസ്മാന്‍(റ), അലി(റ) എന്നീ ഭരണാധികാരികളെയും അവരുടെ അതേ അഭിപ്രായം വെച്ചുപുലര്‍ത്തിയ ഒട്ടുമിക്ക സ്വഹാബികളെയും കുറിച്ചോര്‍ത്ത് നമുക്ക് സഹതപിക്കാം! അല്ല പോപ്പുലര്‍ ഫ്രണ്ടുകാരെ, ഇനിയും എന്നാണു നിങ്ങള്‍ക്കൊക്കെ നേരംവെളുക്കുക?!
-അബ്ദുല്‍ അസീസ് പൊന്മുണ്ടം
16/10/2017, റിയാദ്

അഭിപ്രായങ്ങളൊന്നുമില്ല: