2017, ഒക്‌ടോബർ 26, വ്യാഴാഴ്‌ച

*ആത്മരക്ഷാ പ്രതിരോധം, സായുധ പോരാട്ടം, യുദ്ധം, പ്രതിക്രിയ, ശിക്ഷ... ഭരണാധികാരി മാത്രം ചെയ്യേണ്ടതും വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും ചെയ്യാവുന്നതും ഏവ? ഒരു പഠനം*

Image may contain: text

*ആത്മരക്ഷാ പ്രതിരോധം, സായുധ പോരാട്ടം, യുദ്ധം, പ്രതിക്രിയ, ശിക്ഷ... ഭരണാധികാരി മാത്രം ചെയ്യേണ്ടതും വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും ചെയ്യാവുന്നതും ഏവ? ഒരു പഠനം* 

*ചോദ്യം (മുഹമ്മദലി കല്ലായി):* സമ്പത്ത്, അഭിമാനം, ദീന് എന്നിവ സംരക്ഷിക്കാൻ വേണ്ടി ഒരാൾ മരിച്ചാൽ രക്തസാക്ഷിയാണെന്ന് റസൂൽ പഠിപ്പിക്കുന്നു. നിങ്ങൾ വാദിക്കുന്നു, ഭരണമുണ്ടെങ്കിലേ ആയുധമെടുക്കാൻ പാടുള്ളു എന്ന്. നിങ്ങളുടെ വാദത്തിന് ഖുർആനിൽ നിന്നോ ഹദീസിൽ നിന്നോ തെളിവ് ഉദ്ധരിക്കുക.

*മറുപടി (അബ്ദുല്‍ അസീസ് പൊന്മുണ്ടം):* തങ്ങളുടെ മുന്‍ധാരണകള്‍ക്കപ്പുറം ഈ വിഷയത്തില്‍ മറ്റുള്ളവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നതൊന്നും മനസ്സിരുത്തി വായിക്കാനോ പഠിക്കാനോ ഉള്‍കൊള്ളാനോ പോപ്പുലര്‍ ഫ്രണ്ടുകാര്‍ തയ്യാറല്ല എന്നതിന്‍റെ മകുടോദാഹരണമാണ് ഈ ചോദ്യം! ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള സംഘടനകളെ കുറിച്ച് പോപ്പുലര്‍ ഫ്രണ്ടുകാര്‍ സാധാരണക്കാര്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുന്നതും ഇതുപോലുള്ള അസത്യ പ്രസ്താവനകള്‍ കൊണ്ടാണു! അത്തരം ചില തെറ്റിദ്ധാരണകളുടെ ചുരുളഴിക്കാന്‍ ഒരവസരം നല്‍കി എന്നതിനാല്‍ ഇങ്ങനെയൊരു ചോദ്യമുന്നയിച്ചതിനു ആദ്യമേ മുഹമ്മദലി സാഹിബിനു നന്ദി അറിയിക്കുന്നു. പല സന്ദര്‍ഭങ്ങളിലായി നാം ആവര്‍ത്തിച്ച് വ്യക്തമാക്കിയ കാര്യം തന്നെയാണെങ്കിലും ചോദ്യം ഉന്നയിക്കപ്പെട്ട സ്ഥിതിക്ക് -പലര്‍ക്കും അവ്യക്തതയുള്ള കാര്യമായതിനാല്‍- സാമാന്യം വിശദമായും പ്രമാണങ്ങള്‍ ഉദ്ധരിച്ചും ഈ വിഷയത്തിന്‍റെ ഓരോ വശങ്ങളും വെവ്വേറെ നമ്പറിട്ട് വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നു. (മറുപടി അല്‍പം ദീര്‍ഘിച്ചുപോയാല്‍ ക്ഷമിക്കണം):

*ആത്മരക്ഷക്ക് വേണ്ടിയുള്ള പ്രതിരോധം, പ്രതികാരം, പക വീട്ടല്‍, പ്രതിക്രിയ, ബഹുജന പ്രക്ഷോഭം, യുദ്ധം ഇവയൊക്കെയും വ്യത്യസ്ത സംഗതികളാണ്. പോപ്പുലര്‍ ഫ്രാണ്ടുകാര്‍ ഇവയെയൊക്കെയും കൂട്ടിക്കുഴച്ചുകൊണ്ടാണ് ആളുകളെ ആശയക്കുഴപ്പത്തിലാക്കാറുള്ളതും ചെറുപ്പക്കാരുടെ രക്തം തിളപ്പിക്കാറുള്ളതും!* ഇസ്ലാമിക രാഷ്ട്രം നടത്തേണ്ട യുദ്ധത്തെ കുറിച്ച സൂക്തങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തി പോപ്പുലര്‍ ഫ്രണ്ടുകാരുടെ കൈവെട്ട്, തലവെട്ടു ഒളിച്ചോട്ട നാടകങ്ങള്‍ക്കും പ്രതികാരത്തിനും പ്രതിക്രിയക്കും ന്യായമെന്നോണം മുഹമ്മദലി സാഹിബിനെ പോലുള്ളവര്‍ ഉദ്ധരിച്ചുകൊണ്ടിരിക്കുന്നതും തഥൈവ!

1. *ആത്മ രക്ഷക്ക് വേണ്ടി ആയുധമെടുക്കരുത് എന്നോ, അങ്ങനെ ആയുധമെടുക്കാന്‍ ഭരണം വേണമെന്നോ, വലത്തേ കവിളത്ത് അടി കിട്ടിയാല്‍ ഇടത്തേ കവിളും കാണിച്ചുകൊടുക്കണമെന്നോ ഇവിടെ ആരും വാദിച്ചിട്ടില്ല.* അങ്ങനെ വാദിച്ചതായി കാണിച്ചു തരാനൊട്ട് കഴിയുകയുമില്ല. *ആത്മരക്ഷാ പ്രതിരോധം എന്നത് ഇസ്ലാം മാത്രമല്ല, ഐക്യരാഷ്ട്ര സഭയും എന്തിനേറെ ഇന്ത്യന്‍ ഭരണഘടന പോലും അംഗികരിച്ചിട്ടുള്ള കാര്യമാണ്. അഥവാ, ഒരാള്‍, ഒരു സംഘം നമ്മെ മര്‍ദ്ദിക്കാനോ കൊല്ലാനോ സമ്പത്ത് തട്ടിയെടുക്കാനോ കുടുംബത്തെ ആക്രമിക്കാനോ ശ്രമിക്കുകയാണെങ്കില്‍ തല്‍സമയം കൈയില്‍ കിട്ടുന്ന എന്ത് ആയുധം ഉപയോഗിച്ചും നമുക്ക് പ്രതിരോധിക്കാം.* അതല്ലാതെ ഭീരുക്കളെ പോലെ കീഴൊതുങ്ങി കൊടുക്കുകയല്ല വേണ്ടത്. ഇതിന്നാണ് ആത്മരക്ഷാ പ്രതിരോധം എന്ന് പറയുന്നത്. ഇങ്ങനെ ചെയ്യാം എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും അഭിപ്രായ വ്യത്യാസമുള്ളതായി അറിയില്ല. *ഈ പ്രതിരോധ യത്നത്തില്‍ നാം കൊല്ലപ്പെട്ടാല്‍ നാം രക്തസാക്ഷികളാണ്. നമ്മെ ആക്രമിക്കാന്‍ മുതിര്‍ന്നവന്‍ നമ്മുടെ കൈയാല്‍ കൊല്ലപ്പെട്ടാലോ, അക്കാരണത്താല്‍ നാം കുറ്റവാളികള്‍ ആകില്ല; കോടതിയുടെ മുന്നിലും പടച്ചവന്‍റെയടുക്കലും
.* عَنْ سَعِيدِ بْنِ زَيْدٍ ، قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: «مَنْ قُتِلَ دُونَ مَالِهِ فَهُوَ شَهِيدٌ وَمَنْ قُتِلَ دُونَ أَهْلِهِ فَهُوَ شَهِيدٌ. وَمَنْ قُتِلَ دُونَ دِينِهِ فَهُوَ شَهِيدٌ وَمَنْ قُتِلَ دُونَ دَمِهِ فَهُو شَهِيدٌ» 
(നബി(സ) പറഞ്ഞതായി സഈദുബ്നു സൈദ്‌(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: തന്‍റെ ധനത്തിനു വേണ്ടി കൊല്ലപ്പെട്ടവന്‍ ശഹീദാണ്. തന്‍റെ കുടുംബത്തിനു വേണ്ടി കൊല ചെയ്യപ്പെട്ടവനും തന്‍റെ ആദര്‍ശത്തിനു വേണ്ടി കൊല ചെയ്യപ്പെട്ടവനും തന്‍റെ ജീവന് വേണ്ടി കൊല ചെയ്യപ്പെട്ടവനും രക്തസാക്ഷിയാണ്.)

2. *ആത്മ രക്ഷക്ക് വേണ്ടിയുള്ള ഈ പ്രതിരോധത്തെ നാമൊരിക്കലും എതിര്‍ത്തിട്ടില്ല എന്നതിന്‍റെ ഒന്നാന്തരം ഉദാഹരണമാണ് മുഹമ്മദലി സാഹിബിനെ പോലുള്ള പോപ്പുലര്‍ ഫ്രണ്ടുകാര്‍ പലപ്പോഴും തങ്ങള്‍ക്ക് അനുകൂലമെന്നോണം എടുത്തുദ്ധരിക്കാറുള്ള, പ്രബോധനം വാരികയില്‍ വി.കെ അലി സാഹിബ് എഴുതിയ തലശ്ശേരി കലാപവുമായി ബന്ധപ്പെട്ട ലേഖനവും, യുവസരണി മാസികയില്‍ കൂട്ടില്‍ മുഹമ്മദലി എഴുതിയ മഅദനിയുടെ പഴയ ഐ.എസ്.എസ്സിനേയും അതിനോടുള്ള ജമാഅത്തിന്‍റെ നിലപാടിനെയും കുറിച്ച ലേഖനവും. ഏതെങ്കിലും തരത്തില്‍ നിയമം കൈയിലെടുക്കുന്നതിനെ അനുകൂലിക്കാതെ തന്നെ ആത്മരക്ഷക്ക് വേണ്ടി നിലകൊള്ളുന്നതിനെ ശക്തമായി അനുകൂലിക്കുന്നു ആ ലേഖനങ്ങള്‍.* തങ്ങളെ ആക്രമിക്കാനും വീടുകളില്‍ നിന്ന് പുറത്താക്കാനും അക്രമിക്കൂട്ടം വരുമ്പോള്‍ യാതൊരു ചെറുത്തു നില്‍പ്പുമില്ലാതെ 'സമിഅനാ വ അത്വഅനാ' പറയുന്നതിനെയും അത് മുന്‍കൂട്ടി കണ്ടു നാട് വിട്ടു പോകുന്നതിനെയും വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട് അവയില്‍. (അതിലെ ചില പ്രയോഗങ്ങളോടും ഐ.എസ്.എസ്സിനെ കുറിച്ച ലേഖകന്‍റെ നിരീക്ഷണങ്ങളോടും വിയോജിപ്പ്‌ ഉണ്ടാവാം. അതേസമയം പോപ്പുലര്‍ ഫ്രണ്ടുകാരുടെ വാദങ്ങള്‍ക്ക് അതില്‍ യാതൊരു തെളിവുമില്ല തന്നെ.)

3. *പ്രതികാരത്തെ, പക വീട്ടലിനെ ഇസ്ലാം അനുകൂലിക്കുന്നില്ല. ഇസ്ലാമിലെ യുദ്ധമെന്നാല്‍ പക വീട്ടലോ പ്രതികാരം ചെയ്യലോ അല്ല താനും.* സകലവിധ ജാഹിലിയ്യാ പ്രതികാര ബുദ്ധിയെയും തന്‍റെ കാലിന്നടിയില്‍ ചവിട്ടിത്താഴ്ത്തിയിരിക്കുന്നു എന്നാണു ഹജ്ജത്തുല്‍ വിദാഇന്‍റെ വേളയില്‍ നബി(സ) പറഞ്ഞത്. ഒരു യുദ്ധത്തില്‍ തന്‍റെ വെട്ടേറ്റ് നിലം പതിച്ച ശത്രു അവസാന അടവ് എന്ന നിലക്ക് തന്‍റെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പിയപ്പോള്‍ അയാളുടെ കഥ കഴിക്കാതെ തന്‍റെ വാളു പിന്‍വലിച്ച അലി(റ) അതിനു കാരണമായി പറഞ്ഞത്, അന്നേരം ഞാന്‍ അയാളെ വധിച്ചാല്‍ എന്‍റെ നിയ്യത്ത് മാറുകയും ആ ചെയ്തി മുഖത്ത് കാര്‍ക്കിച്ചു തുപ്പിയതിനുള്ള പ്രതികാരമായിപ്പോവുകയും ചെയ്യുമെന്നായിരുന്നു! *ഇമാം ഇബ്നു കസീര്‍ ഉദ്ധരിക്കുന്ന ഒരു സംഭവം കാണുക: ഉഹ്ദില്‍ മുശ്രിക്കുകള്‍ ഹംസ(റ)വിന്‍റെ മൃതശരീരത്തെ കുത്തിനോവിക്കുകയും അംഗവിഛേദം വരുത്തുകയും ചെയ്തത് കണ്ടപ്പോള്‍ നബി(സ) പറഞ്ഞു: നമുക്ക് ഇവരുടെ മേല്‍ വിജയം ലഭിച്ചാല്‍ അവരിലെ മുപ്പത് പേരെ നാം ഈ വിധം അംഗവിഛേദം വരുത്തും. അത് കേട്ട സ്വഹാബികള്‍ പറഞ്ഞു: നമുക്ക് വിജയം ലഭിച്ചാല്‍ ഇതുവരെ അറബികള്‍ ചെയ്യാത്തവിധം നാമത് ചെയ്യും. അന്നേരം ഈ വിഷയത്തില്‍ അല്ലാഹു ഖുര്‍ആന്‍ അവതരിപ്പിച്ചു

:* وَإِنْ عَاقَبْتُمْ فَعَاقِبُوا بِمِثْلِ مَا عُوقِبْتُم بِهِۖ وَلَئِن صَبَرْتُمْ لَهُوَ خَيْرٌ لِّلصَّابِرِينَ ، وَاصْبِرْ وَمَا صَبْرُكَ إِلَّا بِاللَّهِۚ وَلَا تَحْزَنْ عَلَيْهِمْ وَلَا تَكُ فِي ضَيْقٍ مِّمَّا يَمْكُرُونَ ﴿١٢٧﴾ إِنَّ اللَّهَ مَعَ الَّذِينَ اتَّقَوا وَّالَّذِينَ هُم مُّحْسِنُونَ ﴿١٢٨
 (നിങ്ങള്‍ പ്രതികാര -ശിക്ഷാ- നടപടി കൈകൊള്ളുകയാണെങ്കില്‍, അക്രമിക്കപ്പെട്ടത് ഏതളവിലാണോ, അതേ അളവില്‍ മാത്രം ചെയ്തുകൊളളുക. എന്നാല്‍, നിങ്ങള്‍ ക്ഷമിക്കുകയാണെങ്കില്‍, ക്ഷമിക്കുന്നവര്‍ക്ക് അതുതന്നെയാണ് ശ്രേഷ്ഠം. പ്രവാചകന്‍ ക്ഷമയോടെ പ്രവര്‍ത്തിച്ചുകൊള്ളേണം- താങ്കളുടെ ഈ സഹനശീലം അല്ലാഹുവിന്‍റെ ഉതവിയാല്‍ മാത്രം ലഭിച്ചതാകുന്നു- അവരുടെ നീക്കങ്ങളെച്ചൊല്ലി വിഷമിക്കാതിരിക്കുക. അവരുടെ കുതന്ത്രങ്ങളോര്‍ത്തും മനഃക്ലേശം വേണ്ട. നിശ്ചയം, ഭക്തി കൈക്കൊളളുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്യുന്നവരുടെ കൂടെ അല്ലാഹുവുണ്ട്.-അന്നഹല്‍: 128)
അക്രമികള്‍ക്കെതിരെ ഇസ്ലാമിക രാഷ്ട്രം പ്രതിക്രിയാ നടപടി സ്വീകരിക്കുന്നതിനെ കുറിച്ചാണ് ഈ പറയുന്നത്. വ്യക്തികള്‍ നിയമം കൈയിലെടുക്കുന്നതിനെ കുറിച്ചല്ല. അപ്പോഴും ക്ഷമിക്കുന്നത്തിനാണ് പ്രാധാന്യം കല്‍പിച്ചിരിക്കുന്നത് എന്നത് പ്രത്യേകം നോട്ടു ചെയ്യുക.

സാധാരണ 'പ്രതികാരം' ചെയ്യുക എന്ന അര്‍ത്ഥത്തില്‍ മലയാളത്തില്‍ അര്‍ഥം പറയാറുള്ള ഖുര്‍ആനിലെ ഒരു പ്രയോഗമാണ് സൂറ: അശ്ശൂറാ: 40ആം സൂക്തത്തിലെ هم ينتصرون എന്നത്. അതിക്രമങ്ങളുണ്ടായാല്‍ ചെറുക്കുക, രക്ഷാനടപടി സ്വീകരിക്കുക എന്നൊക്കെയാണ് അതിന്‍റെ നേര്‍ക്കുനേരെയുള്ള അര്‍ഥം. പ്രതികാരം എന്നതിന് അറബിയില്‍ ശരിയായ പ്രയോഗം ഇന്‍തിഖാം എന്നതാണു. മുകളില്‍ ഉദ്ധരിച്ച സൂറ: അന്നഹലിലെ ആയത്തില്‍ പ്രയോഗിച്ച ഇഖ്വാബ് എന്നതോ സൂറ: അശ്ശുറയില്‍ തന്നെ തൊട്ടടുത്ത സൂക്തത്തില്‍ വന്നിട്ടുള്ള ജസാഉ എന്നതോ അല്ല. ഒരു തെറ്റായ ചെയ്തിക്ക്‌ പകരം ചെയ്യുക, ഇങ്ങോട്ട് ആക്രമിച്ചതിനു തുല്യമായത് പകരം നല്‍കുക എന്നിങ്ങനെയുള്ള ആശയങ്ങള്‍ക്ക് മലയാളത്തില്‍ ഏത് വാക്ക് പ്രയോഗിക്കും എന്നിടത്താണ് പ്രതികാരം ചെയ്യുക എന്ന ഒറ്റ വാക്ക് ഇവിടെ ഖുര്‍ആന്‍റെ മലയാള പരിഭാഷകളില്‍ ഉപയോഗിച്ചുകാണുന്നത്. (അതിന്‍റെ യഥാര്‍ഥ ആശയം പ്രതിഫലിപ്പിക്കുന്ന ഒറ്റവാക്ക് വേറെ ഇല്ല എന്നതാണു അതിനു കാരണം എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.) യഥാര്‍ത്ഥത്തില്‍ അവിടങ്ങളില്‍ ഉദ്ദേശ്യം ആത്മരക്ഷാഥമുള്ള തിരിച്ചടിയാണ്. പിന്നെ ഈ ഗണത്തില്‍ പെട്ടത് ഭരണകൂടം നടപ്പിലാക്കുന്ന ശിക്ഷയാണ്. കണ്ണു ചൂഴ്ന്നവന്‍റെ കണ്ണു ചൂഴ് ന്നെടുക്കുക. അംഗവിഛേദം വരുത്തിയവനെ അവ്വിധം ചെയ്യുക തുടങ്ങിയവ. അതൊന്നും പ്രതികാരമല്ല, ശിക്ഷയാണ്. പ്രതികാര ബുദ്ധിയോടെ പെരുമാറുന്നത് ഇസ്ലാം വിലക്കിയ, ഹജ്ജതുല്‍ വിദാഇല്‍ പ്രവാചകന്‍ തന്‍റെ കാലു കൊണ്ട് ചവിട്ടിത്താഴ്ത്തിയതാണെന്ന കാര്യം നേരത്തെ സൂചിപ്പിച്ചല്ലോ.

4. *ഇസ്ലാമില്‍ പ്രതിക്രിയയുണ്ട്. കൊല്ലപ്പെട്ടവന്‍റെ ബന്ധുക്കള്‍ക്ക് അഥവാ വലിയ്യിന് അതെങ്ങനെയാവണം എന്ന് തീരുമാനിക്കാനുള്ള അവകാശവുമുണ്ട്. അഥവാ, പകരം കൊല്ലണോ അതോ പ്രായശ്ചിത്തം വാങ്ങി വിട്ടയക്കണോ, അതുമല്ലെങ്കില്‍ മാപ്പ് കൊടുക്കണോ എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം വലിയ്യില്‍ നിക്ഷിപ്തമാണ്. (പൊതുജനങ്ങളിലോ പോപ്പുലര്‍ ഫ്രണ്ടു പോലുള്ള സംഘടനകളിലോ അല്ല!) പ്രതിക്രിയ നടപ്പിലാക്കാനാണ് അവരുടെ തീരുമാനമെങ്കില്‍ അതിനുള്ള അധികാരം അവര്‍ക്കല്ല, ഭരണകൂടത്തിനാണ്. അവരത് സ്വന്തം ഇഷ്ടപ്രകാരം നടപ്പിലാക്കിയാല്‍ അതിന്‍റെ പേരില്‍ അവര്‍ പോലും കുറ്റക്കാരായിരിക്കും! ഇതാണ് ഇസ്ലാമിക നിയമം! (ഉമര്‍റ)വിന്‍റെ വധത്തില്‍ പങ്കുണ്ടായിരുന്നവരെ വധിച്ച ഉബൈദുല്ലാഹിബ്നു ഉമറി(റ)നെയും വധിക്കണം എന്നായിരുന്നല്ലോ സ്വഹാബികളുടെ നിലപാട്.* ഒടുവില്‍ ഉസ്മാന്‍(റ) സ്വന്തം കാശ് പ്രായശ്ചിത്തമായി നല്‍കി അദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു!) ഇമാം ഖുര്‍ത്വുബിയെ ഉദ്ധരിച്ചുകൊണ്ട് ഖത്തറിലെ പണ്ഡിത സമിതി നല്‍കിയ ഒരു ഫതവയില്‍ ഇപ്രകാരം കാണാം:
لا يجوز لأخي القتيل أن يقتص بنفسه من القاتل، بل يرفع أمره للسلطات، وإن قتله فهو آثم، قال القرطبي في تفسيره: لا خلاف أن القصاص في القتل لا يقيمه إلا أولو الأمر الذين فرض عليهم النهوض بالقصاص، وإقامة الحدود، وغير ذلك. 

*(കൊല്ലപ്പെട്ടവന്‍റെ സഹോദരന് സ്വന്തം നിലക്ക് പ്രതിക്രിയ നടപ്പിലാക്കാന്‍ അനുവാദമില്ല. മറിച്ചു അവന്‍ അക്കാര്യം ഭരണാധികാരികളെ ഏല്‍പിക്കുകയാണ് വേണ്ടത്. സ്വയം പ്രതിക്രിയ നടപ്പിലാക്കുകയാണെങ്കില്‍ അക്കാരണത്താല്‍ അയാള്‍ കുറ്റവാളിയായിത്തീരും. ഇമാം ഖുര്‍ത്വുബി തന്‍റെ തഫ്സീറില്‍ പറയുന്നു: പ്രതിക്രിയയും ശിക്ഷയും അതുപോലുള്ള മറ്റു കാര്യങ്ങളും നടിപ്പിലാക്കാന്‍ ശേഷിയുള്ള ഭരണാധികാരിയാണ് കൊലയാളിക്ക് വധശിക്ഷ നടപ്പിലാക്കേണ്ടത് എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല.)*
 ഇതില്‍നിന്നെല്ലാം ഒരു കാര്യം വളരെ വ്യക്തമാണ്: എന്ത് ന്യായം പറഞ്ഞാണെങ്കിലും, നിയമം കൈയിലെടുത്ത് അക്രമം പ്രവര്‍ത്തിക്കുകയോ ആരെയെങ്കിലും വധിക്കുകയോ ചെയ്തവര്‍ക്കെതിരെ ശിക്ഷ നടപ്പിലാക്കാന്‍, കൊന്നവരെ കൊല്ലാന്‍, വെട്ടിയവരേ വെട്ടാന്‍ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും ഇസ്ലാം അനുവാദം നല്‍കുന്നില്ല. ഏതെങ്കിലും വ്യക്തികള്‍ അങ്ങനെ ചെയ്യുന്നെങ്കില്‍ അവര്‍ക്കെതിരെ പ്രതിക്രിയ നടപ്പിലാക്കപ്പെടുകയും ചെയ്യും. എന്തെന്നാല്‍ ഭരണകൂടത്തിന്‍റെ അധികാരം കൈയിലെടുക്കുകയും അരാജകത്വം സൃഷ്ടിക്കുകയുമാണ്‌ അവര്‍ ചെയ്യുന്നത്. *ആശ്വനികുമാറിനെ വധിച്ച, ബിബിനെ കൊന്ന, പ്രഫ. ജോസഫിന്‍റെ കൈ വെട്ടിയവരുടെയൊക്കെ ഇസ്ലാമിക വിധി എന്താണ് എന്ന കാര്യം ഇതില്‍ നിന്ന് വ്യക്തമാണല്ലോ. എന്നിട്ടും എന്തടിസ്ഥാനത്തിലാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ അതിനെയൊക്കെ ന്യായീകരിക്കുന്നതാവോ?! കുറ്റക്കാരെ/ അക്രമികളെയാണ് തങ്ങള്‍ 'കൈകാര്യം ചെയ്യു'ന്നത് എന്നത് ഒരിക്കലും അതിനു ന്യായീകരണമല്ല. ആയിരുന്നെങ്കില്‍ ഉബൈദുല്ലാഹിബ്നു ഉമര്‍(റ) ചെയ്തത് നൂറു ശതമാനവും ശരിയാകേണ്ടതായിരുന്നു!)*
5. *ബഹുജന പ്രക്ഷോഭങ്ങളും നിയമ പോരാട്ടങ്ങളും: വ്യതിചലനങ്ങളില്‍ നിന്നു ഭരണാധികാരികളെയും നേതാക്കളെയും തിരിച്ചു കൊണ്ടുവരാനും തെറ്റായ നയങ്ങളും നിയമങ്ങളും തിരുത്താനും അതേകുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനും അക്രമം പ്രവര്‍ത്തിച്ചാല്‍ പിടികൂടപ്പെടുമെന്ന ബോധം വളര്‍ത്താനും ഉപകാരപ്പെടുന്ന, ജനാധിപത്യ പ്രക്രിയയിലും ആധുനിക കാലഘട്ടത്തിലെ പ്രത്യേകമായ ദേശ-രാഷ്ട്ര ഘടനയിലും ഏറ്റവും നന്നായി ഉപയോഗപ്പെടുത്താന്‍ പറ്റുന്ന ഇസ്ലാമിലെ ജിഹാദിന്‍റെ നല്ലൊരു രൂപമാണ് ജാതി-മത ഭേതമന്യേ ബഹുജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടുള്ള പ്രക്ഷോഭങ്ങളും നിയമ പോരാട്ടങ്ങളും.* അങ്ങനെയുള്ള പല പ്രക്ഷോഭങ്ങളും പല ഭരണകൂടങ്ങളെയും മാറ്റി മറിക്കാനും മനുഷ്യവിരുദ്ധവും ധര്‍മ വിരുദ്ധവുമായ പല നിയമങ്ങളും മാറ്റിയെഴുതാനും പല രാഷ്ട്രങ്ങളിലും കാരണമായിട്ടുണ്ടെന്നത് അനുഭവ യാഥാര്‍ത്ഥ്യമാണല്ലോ. *നമ്മുടെ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഫാസിസത്തെയും നിയമം കൈയിലെടുക്കുന്ന ഫാസിസ്റ്റ് അക്രമി കൂട്ടങ്ങളെയും ചെറുക്കാനും മതേതര-ജനാധിപത്യത്തെ ശക്തിപ്പെടുത്താനും ഏറ്റവും ഫലപ്രദമായ മാര്‍ഗം ഇതാണ്. ഇതിനെയെല്ലാം ദുര്‍ബലപ്പെടുത്തുന്നതും മുസ്ലിംകള്‍ക്ക് അനുകൂലമായി നില്‍ക്കുന്ന സുമനസ്സുകളെ പോലും അകറ്റിക്കളയുന്നതും നാടിനെ അരാജകത്വത്തിലേക്ക് നയിക്കുന്നതുമായ ചെയ്തിയാണ് ഫാസിസത്തെ കുറിച്ച് ചെറുപ്പക്കാരെ ആവേശം കൊള്ളിച്ചുകൊണ്ടുള്ള പ്രത്യാക്രമണങ്ങള്‍.* ഇത്തരം പ്രത്യാക്രമണങ്ങളില്‍ പ്രതികളായി പിടിക്കപ്പെടുന്ന സ്വന്തം പ്രവര്‍ത്തകരെ രക്ഷിക്കാന്‍ ഇക്കൂട്ടര്‍ കണ്ടെത്തുന്ന വഴി പോലും നിയമ പോരാട്ടത്തിന്‍റെതാണു എന്ന കാര്യം കൂടി ഇതിനോട് ചേര്‍ത്ത് വായിക്കുക.

6. *ഇസ്ലാമിക രാജ്യങ്ങളില്‍ അനിസ്ലാമിക നിയമങ്ങള്‍ അടിച്ചേല്‍പിക്കുന്ന ഭരണാധികാരികള്‍ക്കും മുസ്ലിം രാജ്യങ്ങളെ കടന്നാക്രമിച്ചു അധിനിവേശം നടത്തുന്ന ഭരണകൂടങ്ങള്‍ക്കും പിറന്നു വീണ നാട്ടില്‍ ജീവിക്കാനനുവദിക്കാതെ അടിച്ചോടിക്കുകയോ കൊന്നൊടുക്കുകയോ ചെയ്യുന്ന രാഷ്ട്രങ്ങള്‍ക്കുമെതിരെ സായുധ പോരാട്ടം ആകാവുന്നതാണ്. ഇസ്ലാമിക ഭരണകൂടമില്ലാത്തതിനാല്‍ ഇത്തരം അവസ്ഥകളിലും ആയുധമെടുക്കാന്‍ പാടില്ല എന്ന് നമുക്കേതായാലും വാദമില്ല. ഇതിനുള്ള തെളിവാണ് യസീദിന്‍റെ അക്രമ ഭരണത്തിനും രാജ വാഴ്ചക്കും എതിരെ ഖര്‍ബലയില്‍ വെച്ച് പോരാടി ധീര രക്തസാക്ഷിത്വം വരിച്ച ഹുസൈന്‍(റ)വിന്‍റെയും ഉമവികളുടെ ദുര്‍ഭരണത്തിനെതിരെ രംഗത്തിറങ്ങി മക്ക ആസ്ഥാനമായി ഒരു രാഷ്ട്രം സ്ഥാപിക്കുകയും ഒടുവില്‍ ഹജ്ജാജ് ബ്നു യൂസുഫിന്‍റെ സൈന്യവുമായി പോരാടി രക്തസാക്ഷിയാവുകയും ചെയ്ത അബ്ദുല്ലാഹിബ്നു സുബൈര്‍(റ)ന്റെയും, അമവി-അബ്ബാസീ ദുര്‍ഭരണത്തിനെതിരെ രംഗത്തുവന്ന അബ്ദുര്‍റഹ്മാനുബ്നു അശ്അസ്, സൈദ്‌ ബ്നു അലി, നഫ്സുസ്സകിയ്യ പോലുള്ള മറ്റുചിലരുടെയും പ്രക്ഷോഭങ്ങള്‍, പോരാട്ടങ്ങള്‍.* ഇവരുടെ ഈ പടപ്പുറപ്പാടുകളെ കുറിച്ച് ചില സ്വഹാബികളും താബിഉകളും ആശങ്ക പ്രകടിപ്പിച്ചുകൊണ്ട്, അത്രയങ്ങ് വേണ്ടതുണ്ടോ, നിങ്ങള്‍ ഉദ്ദേശിക്കുന്ന ലക്ഷ്യം നേടിയെടുക്കാന്‍ കഴിയുമോ, ഈ ചെയ്തി കൂടുതല്‍ അപകടം വരുത്തിവെക്കുകയല്ലേ ചെയ്യുക എന്നൊക്കെ അഭിപ്രായപ്പെട്ടിരുന്നെങ്കിലും അതൊരു തെറ്റായി അവരാരും കണ്ടിട്ടില്ല എന്നതും പണ്ഡിതന്മാരുടെ ഒരു പട തന്നെ അവരോടൊപ്പം ഉണ്ടായിരുന്നു എന്നതും ഇവരുടെ മരണത്തെ രക്തസാക്ഷ്യമായാണ് പരിഗണിക്കപ്പെടുന്നത് എന്നതുമാണ്‌ ഇതിനുള്ള ന്യായം.
*ആധുനിക കാലഘട്ടത്തില്‍ പല മുസ്ലിം രാജ്യങ്ങളിലും നടന്ന മുല്ലപ്പൂ വിപ്ലവങ്ങള്‍ ഈ ഇനത്തിലും തൊട്ടുമുമ്പ് പറഞ്ഞ ഗണത്തിലും പെട്ടവയാണ്. മുസ്ലിംകളുടെ നേതാവ് അക്രമിയും അധര്‍മിയും ആണെങ്കിലും അയാള്‍ക്കെതിരില്‍ സായുധ വിപ്ലവം നടത്താന്‍ പാടുണ്ടോ? ഉണ്ടെങ്കില്‍ എപ്പോള്‍ എന്ന കാര്യത്തില്‍ അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ കാണാം. ഇമാം ഔസായിയെ പോലുള്ള ചിലര്‍ അത് ശരിയല്ലെന്ന് അഭിപ്രായപ്പെടുമ്പോള്‍ ഇമാം അബു ഹനീഫ വാക്കുകൊണ്ടും കര്‍മം കൊണ്ടും അത്തരം പോരാട്ടങ്ങളെ അനുകൂലിച്ചതായി കാണാം. ശഅബി, സഈദുബ്നു ജുബൈര്‍, ഇബ്നു അബീ ലൈല തുടങ്ങിയവരും ഒരു പരിധിവരെ ഇമാം മാലികും ഈ വീക്ഷണക്കാര്‍ തന്നെ.* അമവികള്‍ക്കെതിരായ സൈദ്‌ ബ്നു അലിയുടെയും ഖലീഫാ മന്‍സ്വൂറിനെതിരായ നഫ്സുസ്സകിയ്യ (മുഹമ്മദ്‌ ബിന്‍ അബ്ദില്ല)യുടെയും പുറപ്പാടിനെ പരസ്യമായി തന്നെ അദ്ദേഹം പിന്തുണക്കുകയുണ്ടായി. *അതേസമയം, വിപ്ലവം വിജയിക്കുമെന്ന് ഉറപ്പുണ്ടാവുക, നിലവിലെ അക്രമിയായ ഭരണാധികാരിയുടെ സ്ഥാനത്ത് സത്യസന്ധനായ ഒരാളെ അവരോധിക്കാന്‍ സാധ്യത തെളിയുക, പുറപ്പാടിന്‍റെ ഫലം കേവലം ജീവനും ശക്തിയും പാഴാക്കലാവാതിരിക്കുക എന്നിങ്ങനെ കുറെ ഉപാധികള്‍ ഇത്തരം പോരാട്ടങ്ങള്‍ക്കുണ്ടെന്നു അദ്ദേഹം പഠിപ്പിക്കുന്നുമുണ്ട്.* (അഹ്കാമുല്‍ ഖുര്‍ആന്‍ -അബൂബകര്‍ അല്‍ജസ്സ്വാസ്)

*ഈ പറഞ്ഞ വിഭാഗത്തില്‍ പെട്ട പോരാട്ടങ്ങളാണ് ഫലസ്തീനില്‍ ഹമാസ് നടത്തിക്കൊണ്ടിരിക്കുന്നത്. ചെച്നിയയിലെയും അഫ്ഘാനിലെയും മറ്റും അധിനിവേശപ്പടക്കെതിരായ പോരാട്ടങ്ങളെയും ഇങ്ങനെ തന്നെയാണ് വിലയിരുത്തേണ്ടത് എന്നാണു മനസ്സിലാവുന്നത്. റോഹിങ്ക്യന്‍ മുസ്ലിംകള്‍ തങ്ങളെ കൊന്നൊടുക്കുന്ന മ്യാന്മര്‍ ഭരണകൂടത്തിനെതിരെ ദുര്‍ബലമായ രൂപത്തിലെങ്കിലും നടത്തുന്ന പോരാട്ടങ്ങളും ഈ ഗണത്തിലാണ് പെടുക.* മുസ്ലിം രാഷ്ട്രമല്ലെങ്കിലും വ്യത്യസ്ത മതവിഭാഗങ്ങള്‍ സമാധാനപൂര്‍വം സാഹോദര്യത്തോടെ ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് അധിനിവേശം നടത്തുന്ന സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ മുസ്ലിംകള്‍ അല്ലാത്തവരോടോപ്പം ചേര്‍ന്നുകൊണ്ടുള്ള പോരാട്ടങ്ങളുടെ വിധിയും ഇതുതന്നെ. (അഥവാ, ഇന്ത്യന്‍ സ്വാതന്ത്യ്ര സമരങ്ങളുടെ ഭാഗമായി വൈദേശിക ശക്തികള്‍ക്കെതിരെ നടന്ന സായുധ പോരാട്ടങ്ങളെ വായിക്കേണ്ടത് ഇങ്ങനെയാണ്. അല്ലാതെ അവ എടുത്തുപറഞ്ഞുകൊണ്ട് ജനാധിപത്യ ഭരണം നിലനില്‍ക്കുന്ന രാജ്യത്ത് നിയമം കൈയിലെടുത്തുകൊണ്ട് തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന വെട്ടിനും കുത്തിനും ന്യായം ചമക്കുകയല്ല വേണ്ടത്.)
*ഇതുവരെ പറഞ്ഞ സംഭങ്ങളിലൊന്നില്‍ പോലും -അതില്‍ അനുകൂലമോ പ്രതികൂലമോ ആയ ഏത് നിലപാട് സ്വീകരിച്ചാലും- പോപ്പുലര്‍ ഫ്രണ്ട് മോഡല്‍ വെട്ടിനോ കുത്തിനോ ഇരുട്ടിന്‍റെ മറവില്‍ പ്രതിക്രിയയോ പ്രതികാരമോ ചെയ്ത് ഒളിച്ചോടുന്നതിനോ യാതൊരു തെളിവും ഇല്ല തന്നെ. എന്തെന്നാല്‍ ഇക്കൂട്ടരുടെ ആയുധമെടുക്കല്‍ മേല്‍ പറഞ്ഞവിധം ഏതെങ്കിലും ഭരണകൂടത്തെ താഴെയിറക്കാനോ പകരം മറ്റൊന്ന് സ്ഥാപിക്കാനോ അല്ല, പകരത്തിനു പകരം ചെയ്യാനോ പകവീട്ടാനോ ആണ്. അത് ശരിയല്ല താനും.* നീതി നിഷേധത്തിന്‍റെയും മറ്റും പേര് പറഞ്ഞു ന്യായീകരിക്കാന്‍ നോക്കിയാല്‍ പോലും അത് ചെയ്യേണ്ടവര്‍ ഇവരല്ലല്ലോ!

7. *യുദ്ധം (സായുധ ജിഹാദ്): ഇത് ഇസ്ലാമിക ഭരണകൂടത്തിന്‍റെ ബാധ്യതയാണ്. അവരോടാണ് ഇതിനു നേതൃത്വം നല്‍കാനുള്ള കല്‍പന. വ്യക്തികളോടോ ഗ്രൂപ്പുകളോ അല്ല. അന്നേരം അവരോടൊപ്പം അതില്‍ പങ്കെടുക്കേണ്ടവരാണ് വിശ്വാസികള്‍.* അത് അല്‍പം അധര്‍മിയായ മുസ്ലിം ഭരണാധികാരിയുടെ കീഴിലായാല്‍ പോലും. വിശുദ്ധ ഖുര്‍ആന്‍ പേരെടുത്ത് പറഞ്ഞു പരിചയപ്പെടുത്തി തരുന്ന ഇരുപത്തിയഞ്ചോളം പ്രവാചകന്മാരില്‍ ആയുധമെടുത്ത് പോരാടിയിട്ടുള്ളത് മൂന്നു പേര്‍ മാത്രമാണ്. അവരൊക്കെയും ഭരണാധികാരികളായിരുന്നു താനും. ദാവൂദു(അ), സുലൈമാന്‍(അ), മുഹമ്മദ്‌(സ്വ) എന്നിവരാണവര്‍. മുഹമ്മദ്‌ നബി(സ)യുടെ കാലഘട്ടത്തില്‍ അദ്ദേഹം മദീനാ രാഷ്ട്രത്തിന്‍റെ അധിപനാകുന്നത് വരെ സായുധ പോരാട്ടത്തിനുള്ള അനുമതി പോലും ഇല്ലായിരുന്നു. *മദീനയില്‍ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കപ്പെട്ടു പിന്നെയും ഒരുവര്‍ഷത്തിലധികം കഴിഞ്ഞിട്ടാണ് യുദ്ധവുമായി ബന്ധപ്പെട്ട -മുമ്പ് നാം വിവരിച്ച- ആയത്തുകള്‍ അവതരിക്കുന്നത് പോലും. അതിനാല്‍ തന്നെ അത്തരം സൂക്തങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്, മുസ്ലിംകള്‍ ന്യുനപക്ഷമായ, ഇസ്ലാമികമല്ലെങ്കിലും ഒരുവിധം നീതിപുലരുന്ന വ്യവസ്ഥാപിതമായ ഒരു ഭരണകൂടവും അതിനു കീഴില്‍ ഇസ്ലാമിക പ്രബോധന സ്വാതന്ത്ര്യവും നിലനില്‍ക്കുന്ന, ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത് പ്രബോധന ദൌത്യം പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ലാത്ത സമൂഹത്തിലെ ചിലയാളുകളില്‍ നിന്ന് ഉണ്ടാകുന്ന അക്രമങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കുമെതിരെ ആയുധമെടുത്ത് പോരാടാന്‍ പ്രേരിപ്പിക്കുന്നത് ഖുര്‍ആനോടു കാണിക്കുന്ന കടുത്ത അനീതിയും ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കലും കോണ്ടക്സ്റ്റ് തിരിയാതുള്ള പ്രമാണ വായനയുമാണ്. ഇതുതന്നെയാണ് ഐ.എസ്, അല്‍ഖായിദ പോലുള്ള നിഗൂഢ തീവ്രവാദ പ്രസ്ഥാനങ്ങള്‍ ചെയ്യുന്നതും!*

*വ്യവസ്ഥാപിതമായ ഇസ്ലാമിക ഭരണകൂടത്തിനും നേതൃത്വത്തിനും കീഴിലല്ലാതെ യുദ്ധമില്ല എന്ന കാര്യത്തില്‍ അഹ്ലുസ്സുന്നയിലെ ഒരു പണ്ഡിതനും തര്‍ക്കമില്ല. ഇമാം ഇബ്നുഖുദാമ അദ്ദേഹത്തിന്‍റെ മുഗ്നിയില്‍ പറയുന്നു:
 وأمر الجهاد موكول إلى الإمام واجتهاده ، ويلزم الرعية طاعته فيما يراه من ذلك 
(സായുധ ജിഹാദിനുള്ള കല്‍പന ഭരണാധികാരിയിലും അദ്ദേഹത്തിന്‍റെ ഇജ്തിഹാദിലും നിക്ഷിപ്തമാണ്. ആ മാര്‍ഗത്തില്‍ അദ്ദേഹമെടുക്കുന്ന തീരുമാനങ്ങളില്‍ അദ്ദേഹത്തെ അനുസരിക്കല്‍ പ്രജകളുടെ നിര്‍ബന്ധ ബാധ്യതയാണ്.)*
ആധുനിക സലഫി പണ്ഡിതരില്‍ പ്രഗദ്ഭനായ ശൈഖ് സ്വാലിഹ് അല്‍ മുനജ്ജിദ് 'അല്ലാഹുവിന്‍റെ മാര്‍ഗത്തിലുള്ള ജിഹാദിന് ഭരണാധികാരിയുടെ അനുമതി നിര്‍ബന്ധോപാധിയാണോ' എന്ന ചോദ്യത്തിനു മറുപടി പറയവേ സുഊദി അറേബ്യയിലെ ഉന്നത പണ്ഡിത സഭയിലെ അംഗമായിരുന്ന ശൈഖ് സ്വാലിഹ് അല്‍ ഉതൈമീന്‍റെ ഒരു ഫതവ ഉദ്ധരിക്കുന്നുണ്ട്. അതിങ്ങനെയാണ്: 
لا يجوز غزو الجيش إلا بإذن الإمام مهما كان الأمر ؛ لأن المخاطب بالغزو والجهاد هم ولاة الأمور وليس أفراد الناس , فأفراد الناس تبع لأهل الحل والعقد , فلا يجوز لأحد أن يغزو دون إذن الإمام إلا على سبيل الدفاع ، إذا فاجأهم عدو يخافون شره وأذاه فحينئذ لهم أن يدافعوا عن أنفسهم *
(കാര്യമെന്തുതന്നെയാലും ഭരണാധികാരിയുടെ അനുമതിയില്ലാതെ യുദ്ധം ചെയ്യാന്‍ സൈന്യത്തിനു അനുവാദമില്ല. യുദ്ധത്തിനും (ഗസ്വ്) പോരാട്ടത്തിനും (ജിഹാദ്) ഉള്ള കല്‍പന വ്യക്തികളോടല്ല, ഭരണാധികാരികളോടാണ്. അധികാരമുള്ള തങ്ങളുടെ ഭരണാധികാരികളെ അക്കാര്യത്തില്‍ അനുസരിക്കുകയാണ് ജനങ്ങള്‍ ചെയ്യേണ്ടത്. ആത്മ രക്ഷാര്‍ഥമുള്ള പ്രതിരോധത്തിനല്ലാതെ ഇമാമിന്‍റെ അനുമതിയില്ലാതെ യുദ്ധം ചെയ്യല്‍ ആര്‍ക്കും അനുവദനീയമല്ല. ശത്രുക്കള്‍ അവരുടെ മേല്‍ ചാടിവീഴുകയും അവരുടെ ഉപദ്രവം ഭയപ്പെടുകയും ചെയ്‌താല്‍ അന്നേരം തങ്ങളെ പ്രതിരോധിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്.)*

ഇമാം ഇബ്നു റജബ് അല്‍ ഹന്ബലി അദ്ദേഹത്തിന്‍റെ ത്വബഖാതുല്‍ ഹനാബിലയില്‍ പത്തോളം പ്രമുഖ ഇമാമുകളുടെ അഖീദ വിശദീകരിക്കുന്നിടത്ത് ഇമാം അഹ്മദിന്‍റെ അഖീദ പറയവേ എഴുതുന്നു: 'യുദ്ധം, അത് ഇസ്ലാമിക ഭരണാധികാരിക്ക് കീഴിലാണ് കഴിഞ്ഞ കാലങ്ങളിലെല്ലാം നടന്നിട്ടുള്ളത്. ധര്‍മിയോ അധര്‍മിയോ ആകട്ടെ, ഭരണാധികാരിക്ക് കീഴിലാണ് അന്ത്യനാള്‍ വരെ അത് നടക്കേണ്ടതും. യുദ്ധാര്‍ജിത സമ്പത്ത് വീതിക്കുക, ശിക്ഷാവിധികള്‍ നടപ്പിലാക്കുക തുടങ്ങിയവയെല്ലാം ഭരണാധികാരികളുടെ ബാധ്യതയാണ്. ഇക്കാര്യത്തില്‍ അവരോടു അതിക്രമം കാണിക്കലും മാത്സര്യത്തിലേര്‍പ്പെടലും ശരിയല്ല.' ഇമാം അബൂ യഅലയും ഇമാം അഹ്മദ് ബിനു ഹന്ബലിന്‍റെ മകന്‍ അബ്ദുള്ള അദ്ദേഹത്തിന്‍റെ കിതാബുസ്സുന്നയിലുമെല്ലാം ഇതേകാര്യം ഇതേ രൂപത്തില്‍ നമ്പറിട്ട് വിശദീകരിച്ചതായി കാണാം. ശറഹു അഖീദത്തുത്വഹാവിയയിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇനിയും ഇക്കാര്യത്തില്‍ മുഹമ്മദലി സാഹിബിനു സംശയമുണ്ടെങ്കില്‍ ഇതിനെതിരെ സംസാരിച്ച അഹ്ലുസ്സുന്നയിലെ രണ്ടോ മൂന്നോ പണ്ഡിതന്മാരെയെങ്കിലും അദ്ദേഹം ഹാജരാക്കട്ടെ.

*ഈ പറഞ്ഞ യുദ്ധമാകട്ടെ -മുഹമ്മദലി സാഹിബ് ഉള്‍പ്പെടെയുള്ള പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഇതര സംഘടനകളുടെ മേല്‍ ആരോപിക്കാറുള്ള പോലെ- മന്‍സൂഖ് ആക്കപ്പെട്ടിട്ടുമില്ല. മുസ്ലിംകളില്‍ ആരെങ്കിലും അങ്ങനെ വാദിക്കുന്നതായി അറിവില്ല. ചെയ്യേണ്ടവര്‍ വേണ്ട സമയത്ത് വേണ്ട പോലെ ചെയ്യേണ്ടതാണ് അത്. എന്നാല്‍ ജിഹാദിന്‍റെ മറ്റു വ്യത്യസ്ഥ രൂപങ്ങള്‍ ഓരോ സാഹചര്യത്തിന്‍റെയും തേട്ടമനുസരിച്ച് നാമെല്ലാവരും ചെയ്യേണ്ടതും.* അത് ചെയ്തുകൊണ്ടിരിക്കുന്നുമുണ്ടല്ലോ. 'പീഡിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ സ്ത്രീപുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടാതിരിക്കുന്നതിന് എന്തുണ്ട് ന്യായം?' എന്നു ഖുര്‍ആന്‍ ചോദിച്ചിരിക്കെ വര്‍ത്തമാനകാലത്തെ ഫലസ്തിന്‍, റോഹിങ്ക്യ, സിറിയ... മുസ്ലിംകളുടെ ദീന രോദനം മുസ്ലിം ഭരണകൂടങ്ങളുടെ മേല്‍ ഭാരിച്ച ഉത്തരവാദിത്വമാണ് ചുമത്തുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. അവരെ ആ ബാധ്യതാ നിര്‍വഹണത്തിനു പ്രേരിപ്പിക്കുകയും, നിലവിലെ ദേശ-രാഷ്ട്ര ഘടനയില്‍ സാമൂഹ്യ-രാഷ്ട്രിയ സാഹചര്യം ആ മുസ്ലിംകള്‍ക്ക് അനുകൂലമാക്കുന്നതിനു വേണ്ടി ജനാധിപത്യ മാര്‍ഗത്തില്‍ സമരം ചെയ്യുകയും ചെയ്യുക എന്നതാണ് സാധാരണക്കാരായ നമ്മെ സംബന്ധിച്ചേടത്തോളം ഈ വിഷയത്തില്‍ നിര്‍വഹിക്കാനുള്ള ജിഹാദ് എന്ന കാര്യം വസ്തുതകളെ യഥാവിധം വിലയിരുത്തുന്ന ആര്‍ക്കും ബോധ്യമാവും. അല്ലാത്തവര്‍ കലി തുള്ളി എടുത്ത് ചാടുകയും ഒടുവില്‍ ഏതെങ്കിലും മലമടക്കുകളിലോ ഐ.എസ് പാളയത്തിലോ എത്തിപ്പെടുകയും ചെയ്യും! (അല്ലെങ്കിലും പോപ്പുലര്‍ ഫ്രണ്ടു വാദങ്ങളില്‍ ചിലതും ഐ.എസ്സുകാരുടെ വാദങ്ങളും തമ്മിലുള്ള സാമ്യത ഏറെയാണല്ലോ.)

*അഭിനവ ഇന്ത്യന്‍ സാഹചര്യത്തില്‍ യുദ്ധം നിര്‍ബന്ധമോ അനുവദനീയമോ ആണ് എന്ന വാദം പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കുപോലും ഇല്ല എന്നും യുദ്ധ സംബന്ധമായ ആയത്തുകള്‍ ഉദ്ധരിച്ചു ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് ജിഹാദ് സംബന്ധമായ ചര്‍ച്ചകളില്‍ സംഘടനാപരമായി പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വരുമ്പോഴുള്ള ഗതികേട് കൊണ്ടാണെന്നും അല്ലായിരുന്നെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഭരണകൂടത്തിനെതിരെ ഗറില്ലാ യുദ്ധത്തിനെങ്കിലും തയ്യാറാവേണ്ടതായിരുന്നു എന്നുമാണ് ഞാന്‍ മനസ്സിലാക്കുന്നത്. അങ്ങനെയൊന്നിന് ഇതുവരെ അവര്‍ തയ്യാറായിട്ടില്ല എന്നിരിക്കെ പോപ്പുലര്‍ ഫ്രണ്ടിനെതിരെ സംഘടനാ നിരോധനം മണക്കുന്ന ഈ കാലത്തെങ്കിലും -വാദിക്കാനും ജയിക്കാനും ആണെങ്കില്‍ പോലും- അത്തരം വാദങ്ങള്‍ ഉന്നയിക്കാതിരിക്കുന്നത് സ്വന്തം സംഘടനക്കെങ്കിലും ഗുണകരമായിരിക്കും എന്നുണര്‍ത്തുന്നു.* മാത്രവുമല്ല, ഇന്ത്യന്‍ സാഹചര്യത്തിലേക്ക് ബന്ധിപ്പിച്ചുകൊണ്ട് ഖുര്‍ആനിലെ യുദ്ധ സംബന്ധമായ ആയത്തുകള്‍ ആവര്‍ത്തിച്ചുദ്ധരിക്കുന്ന മുഹമ്മദലി സാഹിബിനെ പോലുള്ളവരുടെ വാദങ്ങള്‍ പ്രകാരം മറ്റു മതസംഘടനകള്‍ മാത്രമല്ല, യുദ്ധത്തിനായി പുറപ്പെട്ടിട്ടില്ലാത്ത പോപ്പുലര്‍ ഫ്രണ്ടുകാര്‍ മുഴുവന്‍ കപട വിശ്വാസികളും ദുന്‍യാ പ്രേമികളും 'ചണ്ടിപ്പൂ വിപ്ലവ'ക്കാരുമാണ് എന്നും വരും! ഈ വൈരുദ്ധ്യാധിഷ്ടിത വാദത്തിന്‍റെ പേരാണോ പോപ്പുലര്‍ ഫ്രണ്ട്?!

*ചുരുക്കത്തില്‍, സമ്പത്ത്, അഭിമാനം, ദീന് എന്നിവ സംരക്ഷിക്കാൻ വേണ്ടി ഒരാൾ മരിച്ചാൽ രക്തസാക്ഷിയാണെന്ന് റസൂൽ പഠിപ്പിച്ചത് ആത്മ രക്ഷക്ക് വേണ്ടിയുള്ള പോരാട്ടത്തെ കുറിച്ചാണ്. അധികാരമുണ്ടെങ്കിലേ അതിന്നായി ആയുധമെടുക്കാവൂ എന്ന് ആരുമിവിടെ വാദിക്കുന്നില്ല. (അതുകൊണ്ട് അതിനു തെളിവും ആവശ്യമില്ല.) ഈ പ്രതിരോധം സംഘടനകളോ ഗ്രൂപ്പുകളോ ചെയ്യേണ്ടതുമല്ല, ആരാണോ ആക്രമിക്കപ്പെടുന്നത് അയാള്‍/ അവര്‍ അന്നേരം ചെയ്യേണ്ടതാണു. അതിനാല്‍ തന്നെ 'നിങ്ങള്‍ നാളിതുവരെ ചെയ്ത പ്രതിരോധത്തിനു ഒരു തെളിവെങ്കിലും പറയാമോ' എന്ന ചോദ്യം അന്തക്കേടിന്‍റെ അങ്ങേയറ്റമാണ്!* ആത്മരക്ഷക്ക് വേണ്ടിയുള്ള പ്രതിരോധമെന്നാല്‍ എന്താണ് എന്നുപോലും തിരിയാത്തതിന്‍റെ ഫലം! *'ഭരണമുണ്ടെങ്കിലേ ആയുധമെടുക്കാൻ പാടുള്ളു' എന്ന് പറയുന്നത് 'യുദ്ധം' എന്നതിന്‍റെ നിര്‍വചനത്തില്‍ വരുന്ന കാര്യങ്ങളുടെ നിബന്ധനയാണ് എന്നും, (പോപ്പുലര്‍ ഫ്രാണ്ടുകാര്‍ പോലും അംഗികരിക്കുന്ന കാര്യമായ) ഹദ്ദ്കള്‍ നടപ്പിലാക്കുന്ന വിഷയത്തിലെന്ന പോലെ യുദ്ധത്തിനുള്ള കല്‍പനയും ഭരണാധികാരികളോടാണ്, വ്യക്തികളോടോ ഗ്രൂപ്പുകളോടോ അല്ല എന്നും, അതേസമയം മറ്റു ചില രൂപങ്ങളിലുള്ള ബഹുജന പോരാട്ടങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഭാഗമായി വ്യവസ്ഥാ മാറ്റത്തിനു വേണ്ടി സായുധ വിപ്ലവം നടത്തുന്നിടത്ത് ഈ നിബന്ധന ബാധകമല്ലെന്നും നിരവധി ഇമാമുമാരെയും പണ്ഡിതന്മാരെയും ഉദ്ധരിച്ചു നാം വിശദീകരിച്ചു കഴിഞ്ഞു.* ചിന്തിക്കുന്നവര്‍ക്കും, വൈകാരികമായ എടുത്ത് ചാട്ടത്തിനപ്പുറം പ്രമാണങ്ങളെ പിന്‍പറ്റി ജിഹ

ചിന്തിക്കുന്നവര്‍ക്കും, വൈകാരികമായ എടുത്ത് ചാട്ടത്തിനപ്പുറം പ്രമാണങ്ങളെ പിന്‍പറ്റി ജിഹാദ് ചെയ്യേണ്ട മുറ പ്രകാരം വേണം ജിഹാദ് ചെയ്യാന്‍ എന്നാഗ്രഹിക്കുന്നവര്‍ക്കും ഇതിലപ്പുറം എന്ത് വേണം?!

-അബ്ദുല്‍ അസീസ് പൊന്മുണ്ടം.
26/10/2017, റിയാദ്

അഭിപ്രായങ്ങളൊന്നുമില്ല: