2017, ഒക്‌ടോബർ 15, ഞായറാഴ്‌ച

പോപ്പുലര്‍ ഫ്രണ്ടുകാര്‍ അസ്വസ്ഥരാകുന്നത് എന്തുകൊണ്ട്? -ഭാഗം 2

No automatic alt text available.

Image may contain: 1 person, beard and text
-അബ്ദുല്‍ അസീസ് പൊന്മുണ്ടം

*'വിളക്കി'ന്‍റെ ഇത്തിരി വെട്ടം പരക്കുമ്പോഴേക്ക് പോപ്പുലര്‍ ഫ്രണ്ടുകാര്‍ അസ്വസ്ഥരാകുന്നത് എന്തുകൊണ്ട്? -ഭാഗം 2* 
--------------------------------------------------------------------------

(സജ്ജാദ് വാണിയമ്പലത്തിന്‍റെ, 'മക്കാകാലഘട്ടവും ഭരണം ഇല്ലാത്ത ജിഹാദും: ജമാഅത്ത് വീക്ഷണങ്ങളുടെ പൊളിച്ചെഴുത്ത്‌' എന്ന ലേഖനത്തിന്‍റെ പോസ്റ്റുമോര്‍ട്ടം)

*പോപ്പുലര്‍ ഫ്രണ്ടുകാര്‍ തങ്ങളുടെ വെട്ടും കുത്തും കലാപരിപാടികള്‍ക്ക് തെളിവായി അവതരിപ്പിക്കാറുള്ള വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളെയും ഹദീസുകളെയും ചരിത്ര സംഭവങ്ങളെയും തലനാരിഴ കീറി ചര്‍ച്ച ചെയ്യുകയും അവ ദുര്‍വ്യാഖ്യാനമോ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിക്കൊണ്ടുള്ളതോ ബോധപൂര്‍വകമായ തെറ്റിദ്ധരിപ്പിക്കലുകളോ ആണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തപ്പോള്‍, അതിനെ പ്രതിരോധിക്കാനാവാതെ വന്ന അവരിലെ ചില ചെറുപ്പക്കാര്‍ കണ്ടെത്തിയ അടവാണ് 2010ലെപ്പോഴോ സജ്ജാദ് വാണിയമ്പലം എന്ന പോപ്പുലര്‍ ഫ്രണ്ടുകാരന്‍ എഴുതിയ ഒരു നീണ്ട ലേഖനം പൂര്‍ണമായോ ഭാഗികമായോ കോപ്പി-പേസ്റ്റ് ചെയ്ത് ചര്‍ച്ചയുടെ മര്‍മത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുക എന്നത്!* ഒരു ലേഖനത്തിലോ എഫ്.ബി പോസ്റ്റിലോ ഒതുങ്ങുന്നതല്ല പരാമൃഷ്ട ലേഖനത്തിന്‍റെ വിശദമായ ഖണ്ഡനം എന്നതിനാല്‍ അതിലെ സമര്‍ത്ഥമായ തെറ്റിദ്ധരിപ്പിക്കലുകളെയും ദുര്‍വ്യാഖ്യാനങ്ങളെയും പ്രമാണ വിരുദ്ധമായ വാദങ്ങളെയും അസത്യ പ്രസ്താവനകളെയും മാത്രമെടുത്തു ചെറിയ രൂപത്തില്‍ വിശകലന വിധേയമാക്കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അതിലെ വൃഥാ സ്ഥൂലതകളെ ബോധപൂര്‍വം അവഗനിച്ചിരിക്കുന്നു.

*ചില അസത്യ പ്രസ്താവനകള്‍ നടത്തിക്കൊണ്ട് അവയിന്മേലാണ് സജ്ജാദ് വാണിയമ്പലം തന്‍റെ ഏതാണ്ടെല്ലാ വാദങ്ങളും കെട്ടിപ്പടുത്തിരിക്കുന്നത്!;* ജമാഅത്ത്-മുജാഹിദ് വിഭാഗങ്ങള്‍ ഖബര്‍ സിയാറത്ത് ശിര്‍ക്കാണ്‌ എന്ന് പറയുന്നു എന്ന് ആരോപിച്ചതിനു ശേഷം ഖബര്‍ സിയാറത്ത് സുന്നത്താണ് എന്നു സ്ഥാപിക്കാന്‍ ഹദീസും പണ്ഡിതാഭിപ്രായങ്ങളുമെല്ലാം ഉദ്ധരിച്ചു ആളുകളെ വിഡ്ഢികളാക്കുന്ന സമസ്ത മുസ്ല്യാക്കന്മാരുടെ അതേ തന്ത്രം! ചെറിയ രൂപത്തിലാണെങ്കിലും അവയോരോന്നും അക്കമിട്ട് വിശദീകരിക്കാം:

1. <<ചെറുത്ത് നില്‍പ്പ് സംരംഭങ്ങള്ക്ക് "ഇസ്ലാമിക ഭരണം" ഒരു മാനദണ്ഡം ആയി സ്വീകരിച്ചാല്‍ ഫലസ്തീനിലും, ചെച്നിയയിലും, ബോസ്നിയയിലും, ഇറാഖിലും,അഫഗാനിലും ഉള്‍പ്പെടെ ലോകത്തിന്‍റെ പല ഭാഗത്തും വര്ത്തമാനകാലത്ത് നടന്നു കൊണ്ടിരിക്കുന്ന, ജമാഅത് അടുത്തകാലം വരെ പിന്തുണച്ചിരുന്ന പോരാട്ടങ്ങള് ഒക്കെയും അനിസ്ലാമികമാണ് എന്ന് വരും.>>

= 'ഒരിക്കലുമില്ല. ഇത്തരം പോരാട്ടങ്ങള്‍ക്ക് മുഴുവന്‍ -അവയെല്ലാം ഒരുപോലെ കാണേണ്ടതല്ലെങ്കിലും- ഭരണം അനിവാര്യമാണ് എന്ന് ജമാഅത്ത് ഒരിക്കലും പറഞ്ഞിട്ടില്ല. സായുധ പോരാട്ടവും ഭരണവും തമ്മിലുള്ള ബന്ധം പറയുമ്പോള്‍ അതിന്‍റെ വിശദീകരണം കൂടി പറയാറുണ്ട്. അതല്ലാതെ ചെറുത്തുനില്‍പ്പ് സംരംഭങ്ങളെ കൂടി ചേര്‍ത്തുകൊണ്ട് 'ഭരണമില്ലാതെ ജിഹാദില്ല' എന്ന ഒരു ഏക വാചകം മാത്രം ജമാഅത്ത് പറയാറില്ല. എന്നിട്ടും അങ്ങനെ ഉണ്ടെന്നു വരുത്തിതീര്‍ക്കുകയാണ് വിമര്‍ശകന്മാര്‍ ചെയ്യുന്നത്! അതിനാല്‍ തന്നെ, ഇവ്വിഷയകമായ ജമാഅത്തിന്‍റെ വാദമെന്താണ് എന്ന് അറിയാതെയുള്ള ആരോപണമോ, പോപ്പുലര്‍ ഫ്രണ്ടിന്‍റെ ചെയ്തികളെ ന്യായീകാരിക്കാനുള്ള വ്യപ്രാളംകൊണ്ടുള്ള ബോധപൂര്‍വമായ തെറ്റിദ്ധരിപ്പിക്കലോ ആണ് സജ്ജാദ് വാണിയമ്പലത്തിന്‍റെ മേല്‍ വാചകങ്ങള്‍.* 'ഒരു ജനത നില നില്പ്പിന് വേണ്ട ചെറുത്തുനില്‍പ്പ് നടത്തേണ്ടത് പോലും ഭരണം കിട്ടിയിട്ട് എന്ന വാദം തീര്ത്തും ബാലിശമാണ്' എന്ന ആരോപണവും ഈ തെറ്റായ ധാരണയില്‍ നിന്നുകൊണ്ടുള്ളത് തന്നെ! കൂടാതെ 'അടുത്ത കാലം വരെ പിന്തുണച്ചിരുന്ന' എന്ന പ്രസ്താവനയിലൂടെ ഇപ്പോള്‍ അങ്ങനെയല്ല എന്നൊരു തെറ്റിദ്ധരിപ്പിക്കല്‍ വേറെയും ഉള്‍ക്കൊള്ളുന്നു സജ്ജാദു വാണിയമ്പലത്തിന്‍റെ ഈ വരികള്‍! *എന്തിനൊക്കെയാണ് ഭരണം വേണ്ടത് എന്നും ഭരണത്തിന്‍റെ അഭാവത്തില്‍ അനുവദനീയമാകുന്ന പോരാട്ടങ്ങള്‍ ഏതൊക്കെയാണ് എന്നും എട്ടു നമ്പറുകളില്‍ വിശദമായും പ്രമാണങ്ങള്‍ ഉദ്ധരിച്ചും ഈയുള്ളവന്‍ വിശദീകരിച്ച 'സായുധ ജിഹാദും ഇന്ത്യന്‍ സാഹചര്യവും പിന്നെ കുറെ പോപ്പുലര്‍ ഫ്രണ്ട് വാദങ്ങളും' എന്ന ലേഖനത്തില്‍ വായിക്കാവുന്നതാണ്.* (അതിന്‍റെ ലിങ്ക് താഴെ കൊടുക്കുന്നുണ്ട്.)

ഇനി, സായുധ ജിഹാദും ഭരണവും തമ്മിലുള്ള ബന്ധത്തെ കുറിച്ച ഏതാനും പണ്ഡിതാഭിപ്രായങ്ങള്‍ കാണുക: *ഇമാം ഇബ്നുഖുദാമ അദ്ദേഹത്തിന്‍റെ മുഗ്നിയില്‍ പറയുന്നു: وأمر الجهاد موكول إلى الإمام واجتهاده ، ويلزم الرعية طاعته فيما يراه من ذلك (സായുധ ജിഹാദിനുള്ള കല്‍പന ഭരണാധികാരിയിലും അദ്ദേഹത്തിന്‍റെ ഇജ്തിഹാദിലും നിക്ഷിപ്തമാണ്. ആ മാര്‍ഗത്തില്‍ അദ്ദേഹമെടുക്കുന്ന തീരുമാനങ്ങളില്‍ അദ്ദേഹത്തെ അനുസരിക്കല്‍ പ്രജകളുടെ നിര്‍ബന്ധ ബാധ്യതയാണ്.)* ഇന്ത്യന്‍ പണ്ഡിതനായ ഇമാം ഹമീദുദ്ദിന്‍ ഫറാഹി എഴുതുന്നു: സ്വതന്ത്രമായ ഒരു നാട്ടിലേക്ക് പലായനം ചെയ്യാതെ, സ്വന്തം നാട്ടില്‍ വെച്ച് ജിഹാദ് ചെയ്യാന്‍ പാടുള്ളതല്ല. ഇബ്റാഹിം നബിയുടെ ചരിത്രവും പലയാനത്തെ കുറിച്ച വചനങ്ങളും ഇതാണ് വ്യക്തമാക്കുന്നത്. പ്രവാചകന്‍റെ ജീവിതവും ഇതിനെയാണ് ബലപ്പെടുത്തുന്നത്. രാഷ്ട്രിയമായ അധികാരമില്ലാത്ത ഒരാളാണ് ജിഹാദ് നടത്തുന്നതെങ്കില്‍ അതുവഴി വ്യാപകമായ കുഴപ്പങ്ങളും അരാജകത്വവുമാണ് ഉണ്ടാവുക എന്നതിനാലാണിത്.(മജ്മൂഉ തഫ്സീരില്‍ ഫറാഈ) *പൗരാണിക പണ്ഡിതന്മാരുടെ വീക്ഷണങ്ങളെ പരാമര്‍ശിച്ച ശേഷം ആധുനിക കര്‍മശാസ്ത്ര പണ്ഡിതനായ സയ്യിദ് സാബിഖ് ഈ വിഷയത്തെ ക്രോഡീകരിക്കുന്നത് ഇങ്ങനെയാണു: സാമൂഹിക ബാധ്യതകളില്‍ ഭരണാധികാരിക്ക് നിര്‍ബന്ധമായ കാര്യങ്ങളുടെ ഉദാഹരണങ്ങളാണ് ജിഹാദും ശിക്ഷാവിധികളുടെ നിര്‍വഹണവും.* (ഫിഖ്ഹുസ്സുന്ന)

 *ചുരുക്കത്തില്‍, സായുധ ജിഹാദ് ഭരണാധികാരിയോടോപ്പം നടത്തപ്പെടേണ്ടതാണു. സാധാരണഗതിയില്‍ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും അതിനു അവകാശമില്ല. എന്നാല്‍ ഇതില്‍ ഇളവുകളുള്ള ചില സന്ദര്‍ഭങ്ങള്‍ ഉണ്ട്. അവക്കുദാഹരണമാണ് ഇസ്ലാമിക വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ അനിസ്ലാമിക നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഭരണാധികാരികള്‍ക്കെതിരെ നടന്ന ഹുസൈന്‍(റ)വിന്‍റെയും അബ്ദുല്ലാഹിബ്നു സുബൈറിന്‍റെയും അബ്ദുര്‍റഹമാനുബ്നു അശ്അസിന്റെയുമെല്ലാം പോരാട്ടങ്ങള്‍.* (ഇത്തരം പോരാട്ടങ്ങള്‍ തന്നെയും അങ്ങേയറ്റം സൂക്ഷിച്ചും ചില പ്രത്യേകമായ നിബന്ധനകള്‍ പാലിച്ചുമായിരിക്കണം, അല്ലാത്ത വിധത്തില്‍ ഭരണാധികാരികള്‍ക്കെതിരെ ഇറങ്ങിപ്പുറപ്പെടല്‍ ഇസ്ലാം വിരുദ്ധമാണ് എന്നും ഹദീസുകളുടെ പിന്‍ബലത്തോടെ പണ്ഡിതന്മാര്‍ വ്യക്തമാക്കിയിരിക്കുന്നു.) *അതുപോലെ സ്വന്തം രാജ്യത്തെ കടന്നാക്രമിച്ച വൈദേശിക ശക്തികള്‍ക്കെതിരെ നടത്തേണ്ട സ്വാതന്ത്ര്യ പോരാട്ടവും ഈ ഗണത്തില്‍ പെട്ടതാണ്. ഈ ഗണത്തിലാണ് സജ്ജാദ് വാണിയമ്പലം പറഞ്ഞ ഫലസ്തീന്‍, അഫ്ഗാന്‍, ഇറാഖ് പോരാട്ടങ്ങളൊക്കെ വരുന്നത്. ഇതിലപ്പുറം, വ്യവസ്ഥാപിതമായ -അത് ഇസ്ലാമികമോ ഇസ്ലാമികേതരമോ ആവട്ടെ- ഒരു ഭരണകൂടം നിലനില്‍ക്കുന്ന രാജ്യത്ത്, പോപ്പുലര്‍ ഫ്രണ്ടുകാര്‍ ചെയ്യുന്ന പോലെ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നിയമം കൈയിലെടുത്ത് പ്രതിക്രിയ നടപ്പിലാക്കാനും പ്രതികാരം ചെയ്യാനും ഇസ്ലാം അനുവാദം നല്‍കുന്നേയില്ല. അങ്ങനെ ആരെങ്കിലും നിയമം കൈയിലെടുത്താല്‍ അവര്‍ക്കെതിരെ വധശിക്ഷ നടപ്പിലാക്കാന്‍ ഇസ്ലാമിക രാഷ്ട്രത്തിനു ബാധ്യതയുണ്ട്.* അതാണ്‌ ഉമറിന്‍റെ ഘാതകരെ വധിച്ച ഉബൈദുല്ലാഹിബ്നു ഉമറിന്‍റെ വിഷയത്തില്‍ സ്വഹാബത്ത് സ്വീകരിച്ച കര്‍ക്കശമായ നിലപാട് നമ്മെ പഠിപ്പിക്കുന്നത്. ഇങ്ങോട്ട് ആക്രമിക്കുമ്പോള്‍ തല്‍ക്ഷണം നടത്തുന്ന ആത്മരക്ഷാ പ്രതിരോധത്തിനു ഇപ്പറയുന്ന നിബന്ധനകള്‍ ഒന്നും ബാധകമല്ല തന്നെ. അതിനെ ഇതുമായി കൂട്ടിക്കുഴക്കാനും പറ്റില്ല.


2. <<അധിനിവേശ വിരുദ്ധ പോരാട്ടങ്ങളെ പിന്തുണക്കുന്ന ജമാഅത് നിലപാടില്‍ ഈയിടെയായി മാറ്റമുണ്ട്. എല്ലായിടത്തും "മുല്ലപ്പൂ" പരീക്ഷണങ്ങള്‍ മതി എന്നാണ് പുതിയ തിയറി.>>

= *അപ്പൊ പഴയ തിയറി എങ്ങനെയായിരുന്നു? എന്തൊക്കെയാണു അതില്‍ ഉണ്ടായിട്ടുള്ള പുനര്‍വിചിന്തനങ്ങള്‍? അനുമാനത്തിന്‍റെ അടിസ്ഥാനത്തിലുള്ള ബഡായി വിട്ടു തെളിവുകള്‍ സഹിതം ഇങ്ങ് പോരട്ടെ.*

3. <<മക്ക കാലഘട്ടം മതി, മദീന വേണ്ട അല്ലെങ്കില്‍ മക്കയിലെ ഇന്ന കാര്യം വേണ്ട മറ്റൊതൊക്കെ കൊള്ളാം എന്നുള്ള കാഴ്ചപാട് അപകടകരമാണ്.>>

= ഇത് സമര്‍ത്ഥമായ തെറ്റിദ്ധരിപ്പിക്കലും അത്യന്തം അപകടകരമായ വാദവുമല്ലെങ്കില്‍ പിന്നെ എന്താണ്? *ആരാണ് ഇങ്ങനെ വാദിച്ചത്? എവിടെ? അല്ലാഹുവും റസൂലും കല്‍പിച്ച ഇന്നയിന്ന സംഗതികള്‍ നാം സ്വീകരിക്കേണ്ടതില്ല എന്നല്ല പ്രബോധന മാര്‍ഗത്തില്‍ ഇന്നിയിന്ന സംഗതികള്‍ ഇന്നയിന്ന ഘട്ടങ്ങളിലാണ് പ്രയോഗവല്‍ക്കരിക്കേണ്ടത് എന്നാണ് പറയാറുള്ളത്. ഈ പറയുന്നത് തെറ്റാണ് എന്ന് സജജാദു സാഹിബിനു വാദമുണ്ടോ? ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തിനോട് നുറു ശതമാനവും യോജിക്കുന്ന ഒരു ചരിത്ര സന്ദര്‍ഭം ഉണ്ടായിട്ടില്ല. ഉള്ളതില്‍ പൊതുവേ സാമ്യത കാണുന്നത് മൂസാ(അ)യുടെ കാലത്തെ ബനൂ ഇസ്രായേല്യരോടും മക്കയിലെ മുസ്ലിംകളോടുമാണ്. ബഹുസ്വരതയുടെ വശം നോക്കുകയാണെങ്കില്‍ മുഹമ്മദ്‌ നബി(സ)യുടെ മദീനാ കാലഘട്ടത്തോടും എന്നാണു ഇത് സംബന്ധമായ വിശകലനങ്ങളില്‍ ജമാഅത്ത് പറയാറുള്ളത്.* ഈ പറഞ്ഞത് തെറ്റാണെങ്കില്‍ അക്കാര്യം തുറന്നു പറയൂ. അതോടെ താങ്കളുടെ ലേഖനത്തിന്‍റെ ഉള്ളടക്കം തന്നെ വെള്ളത്തിലാകും! തലവാചകത്തില്‍ വലിയ കാര്യത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ പേരിലുള്ള ആരോപണമായി ഉന്നയിക്കുന്ന കാര്യം പോലും ഇതാണല്ലോ!

4. <<ദീനിനെ സാധ്യമായതിന്‍റെ പരമാവധി അനുവാധനം ചെയ്യുന്നതിന്റെ ഭാഗം ആയി ആണ് ഭരണം കിട്ടിയിട്ട് മാത്രം റസൂലുണ്ടാക്കിയ പള്ളി നാം ഇപ്പോഴെ ഉണ്ടാക്കി അധികാരമില്ലെങ്കിലും ഖാളി(ജഡ്ജി)യേ നിയമിക്കുന്നതും ഭരണം കിട്ടിയിട്ട് മാത്രം റസൂലുണ്ടാക്കിയ സകാത്ത് നിര്ബ്ന്ധിച്ച് പിരിക്കാന് അധികാരമില്ലന്കിലും സകാത്ത് ഫണ്ട് ഉണ്ടാക്കിയതും പലിശയും മദ്യവുമൊക്കെ വ്യക്തി തലത്തിലും സാധ്യമായടത്തോളം സാമൂഹ്യ തലത്തിലും വിലക്കുന്നത്. സകാത്ത് സംഘടിതമായി പിരിക്കുന്ന ചില മഹല്ലുകലിലെ രീതി ഇവിടെ ഇസ്ലാമിക ഭരണം ഇല്ലാത്തതു കൊണ്ട് ശരിയല്ല എന്ന വാദം സുന്നി സുഹൃത്തുക്കള് ഉയര്ത്തുമ്പോള് ജമഅത്ത് -മുജാഹിദു വിഭാഗങ്ങള് നിരത്തുന്ന ന്യായങ്ങള് ജിഹാദിന്റെ കാര്യത്തില് കൂടി അപ്ലൈ ചെയ്താല് തീര്ന്നല്ലോ ഈ ചര്ച്ച.>>

= *ഇപ്പറഞ്ഞത് ആത്മാര്‍ഥമാണെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് ഖുര്‍ആനും സുന്നത്തും കല്‍പിച്ച പോലെ, കട്ടവന്‍റെ കൈവെട്ടാനും വ്യഭിചരിച്ച വിവാഹിതനെ/യെ എറിഞ്ഞു കൊല്ലാനും മദ്യപിച്ചവനെ അടിക്കാനും പോപ്പുലര്‍ ഫ്രണ്ടുകാര്‍ തയ്യാറാവാത്തത്? കൊന്നവനെ കൊല്ലാന്‍, പ്രവാചകനെ ആക്ഷേപിച്ചവന്‍റെ കൈവെട്ടാന്‍ തയ്യാറാകുന്നവര്‍ എന്താണ് ഇത്തരം കാര്യങ്ങളില്‍ അമാന്തിച്ചു നില്‍ക്കുന്നത്? ഇവ്വിധമുള്ള ദീനീ നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധ്യമാകാത്തത് കൊണ്ടും 'അവരുടെ പരിധിക്ക് അപ്പുറമുള്ള കാര്യ'മായതുകൊണ്ടുമാണോ? വെട്ടിയവനെ വെട്ടുന്ന, കൊന്നവനെ കൊല്ലുന്നവര്‍ക്ക് ഇതൊക്കെ നടപ്പിലാക്കാന്‍ പറ്റാതെവരുന്ന പരിധി ഏതാണാവോ? അതിന്‍റെ പ്രമാണം എന്താണാവോ? അതോ അവയൊന്നും ഭരണമില്ലാതെ ചെയ്യരുത് എന്ന വല്ല വിലക്കും ഖുര്‍ആനിലോ സുന്നത്തിലോ വന്നിട്ടുണ്ടോ?* 'നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു' എന്ന് പറഞ്ഞ അതേ ശൈലിയിലല്ലേ ഖുര്‍ആന്‍ 'നിങ്ങള്‍ക്ക് പ്രതിക്രിയ നിയമമാക്കപ്പെട്ടിരിക്കുന്നു' എന്നും 'യുദ്ധം (ഖിതാല്‍) നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു' എന്നും പറഞ്ഞിട്ടുള്ളത്?! എന്നിട്ടും 'ഒരു കാര്യത്തില് മാത്രം "സാധ്യമായത്" ചെയ്യുന്നത് പോലും ഭരണം കിട്ടിയിട്ട് എന്ന് പറയുന്നത് വാദം പുത്തന്‍ വാദമാണ്' എന്ന് താങ്കള്‍ തന്നെ പറഞ്ഞുവെച്ചിരിക്കേ, പോപ്പുലര്‍ ഫ്രണ്ടുകാര്‍ വിശുദ്ധ ഖുര്‍ആനില്‍ നിന്ന് ചിലത് സ്വീകരിക്കുകയും മറ്റുചിലത് തളളിക്കളയുകയുമല്ലേ ചെയ്യുന്നത്? *ഭരണമില്ലാതിരുന്നിട്ടും ജിഹാദിന്‍റെ വിഷയത്തില്‍ നിങ്ങള്‍ അപ്ലൈ ചെയ്യുന്ന രീതി ഇവയിലും കൂടിയങ്ങു പ്രാവര്‍ത്തികമാക്കി കാണിച്ചു തരൂ, എങ്കില്‍ അതോടെ എല്ലാം തീരുമാനമാകും! ഇന്ത്യന്‍ സാഹചര്യത്തില്‍ മേല്‍ പറഞ്ഞ പ്രതിക്രിയകളും ശിക്ഷകളും നല്‍കാന്‍ പാടില്ലെന്ന് ദ്യോതിപ്പിക്കുന്ന പ്രത്യേകം ആയത്തോ ഹദീസോ ഇല്ലാതിരുന്നിട്ടും അതൊക്കെ ചെയ്യണമെന്നോ സാധ്യമാവും വിധം ചെയ്യാമെന്നോ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ആരും വാശി പിടിച്ചില്ലല്ലോ. അത്രയും ആശ്വാസം!* (എങ്ങനെയൊക്കെ ചോദിച്ചാലും പോപ്പുലര്‍ സമര്‍ത്ഥമായി ഒഴിഞ്ഞുമാറുന്ന ചോദ്യമാണിത്. താങ്കളുടെ ലേഖനത്തില്‍ നിന്ന് ഇവിടെ ഞാന്‍ ഉദ്ധരിച്ച വാചകങ്ങളും അവ്വിധമുള്ളത് തന്നെ. അതിനാല്‍ ഇനി ഇതിനോടുള്ള പ്രതികരണത്തിലെങ്കിലും വ്യക്തമായൊരു മറുപടി പ്രതീക്ഷിക്കുന്നു.)

5. <<ഇസ്ലാമിന് ഒരിടത്ത് ആധിപത്യം ലഭിച്ചാല്‍ ദഅവാ താല്പര്യം മുന്നില് കണ്ടു അന്യ രാഷ്ട്രങ്ങളിലെ ഭരണാധികാരികളെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും സ്വീകരിക്കാന് തയ്യാറല്ല എങ്കില് ഇസ്ലാമിക രാഷ്ട്രത്തിനു കീഴൊതുങ്ങി കപ്പം നല്കണം എന്നും അതിനും സന്നദ്ധമല്ല എങ്കില് ഇസ്ലാമിക രാഷ്ട്രത്തോട് യുദ്ധം ചെയ്യുക എന്നതും ആണ് വിധി.>>

= ഈ പറഞ്ഞതൊന്നു തെളിവ് സഹിതം വിശദീകരിക്കൂ. (സയ്യിദ് മൌദൂദി അദ്ദേഹത്തിന്‍റെ വിവിധ ഗ്രന്ഥങ്ങളിലും സയ്യിദ് ഖുത്ബ് വഴിയടയാളങ്ങളിലും പറഞ്ഞതൊക്കെ വായിച്ചതിന് ശേഷം തന്നെയാണ് ഈ ചോദ്യം. ഇവ്വിഷയകമായ ഫിഖ്ഹീ നിയമവും മൊത്തത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിനാല്‍, *ഇസ്ലാമിനെ തന്നെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രസ്താവനകള്‍ നടത്തി ഇസ്ലാമിക വിധി പറയുമ്പോള്‍ അല്‍പം അവധാനത നല്ലതാണു എന്ന് മാത്രം ഓര്‍മിപ്പിക്കുന്നു.*

6. <<മുസ്ലിം സമൂഹം ക്രൂരമായി അക്രമത്തിനു ഇരയാവുമ്പോള്‍ ചെറുത്ത് നില്പ്പിന് വേണ്ടിയുള്ള പ്രതിരോധ ജിഹാദിനു ഇത്തരം ഒരു നിബന്ധനയും ഇല്ല എന്നത് മാത്രം അല്ല അത് ഓരോ വ്യക്തിക്കും നിര്ബന്ധമായ ഫറള് ഐനും ആണ്. സ്ത്രീകള്‍ക്ക് ഭര്ത്താക്കന്മാരുടെ അനുമതിയോ, കുട്ടികള്ക്ക് രക്ഷിതാക്കളുടെ അനുമതിയോ, കടബാധിതന് കടം കൊടുത്തവന്‍റെ അനുമതിയോ, അടിമക്ക് ഉടമയുടെ അനുമതിയോ ഏക ഇമാമോ തുടങ്ങി ഇസ്ലാമിക രാഷ്ട്രം നടത്തേണ്ട ജിഹാദിന്റെ നിബന്ധനകള് ഒന്നും ഫറള് ഐന് ആയ പ്രതിരോധ ജിഹാദില് ബാധകം അല്ല.>>

= *പോരട്ടെ ഈ വാദത്തിനുള്ള തെളിവ്.* (വെറും വര്‍ത്തമാനങ്ങളുടെയും വാചക കസര്‍ത്തുകളുടെയും സ്ഥാനം ചവറ്റുകൊട്ടയാണ്‌.) *എന്താണ് ഈ പ്രതിരോധ ജിഹാദ്? പോപ്പുലര്‍ ഫ്രണ്ടുകരുടെ, കൈവെട്ടും തലവെട്ടും അതിലാണോ പെടുക? അല്ലെങ്കില്‍ പിന്നെ ഏത് ഗണത്തിലാണ് അതുവരിക?* 'നാല് മദ്ഹബിന്റെയും പണ്ഡിതന്മാരും ഇമാം ഇബ്നു തൈമിയ്യയെ പോലുള്ള പണ്ഡിതന്മാരും ഖറദാവിയെ പോലുള്ള ആധുനിക പണ്ഡിതന്മാരും ഒക്കെ പ്രതിരോധ ജിഹാദിനു യാതൊരു നിബന്ധനയും ഇല്ലാതെ ഓരോരുത്തര്ക്കും ഫര്‍ദു ഐന് ആണ് എന്ന് വ്യക്തമാക്കിയവരാണ്' എന്നുകൂടി താങ്കള്‍ പറഞ്ഞുവെച്ചിരിക്കെ ഈ ചോദ്യത്തിനു തെളിവ് സഹിതം മറുപടി പറയേണ്ട ബാധ്യത താങ്കള്‍ക്കുണ്ട്. ഒഴിഞ്ഞുമാറില്ല എന്ന് പ്രതീക്ഷിക്കുന്നു. *ഇക്കാര്യം വ്യക്തമാക്കുന്നതോടെ, 'രാഷ്ട്രത്തിന്‍റെ ബാധ്യതയായ ജിഹാദിനെ കുറിച്ച ഫിഖ്ഹി നിബന്ധനകള് അസ്ഥാനത്ത് എടുത്ത് ഉദ്ദരിച്ച് കുഞ്ഞാടുകളെ വഞ്ചിക്കുന്നത്' ആരാണെന്ന് വായനക്കാര്‍ക്ക് തന്നെ തീരുമാനിക്കാനുള്ള അവസരം ലഭിക്കും, തീര്‍ച്ച.* ഏത് നിലക്ക് നോക്കിയാലും തീര്‍ത്തും അവ്യക്തവും സത്യവും അസത്യവും കൂട്ടിക്കുഴച്ചതുമാണ് സജ്ജാദ് വാണിയമ്പലത്തിന്‍റെ ഈ വാചകങ്ങള്‍! *എല്ലാവരും അംഗികരിക്കുന്ന ആത്മരക്ഷാ പ്രതിരോധത്തെ മറ്റൊരു രൂപത്തിലാക്കി വ്യാഖ്യാനിച്ചുകൊണ്ടുള്ളതും മുസ്ലിം രാഷ്ട്രത്തെ ശത്രുക്കള്‍ കടന്നാക്രമിക്കുകയോ പിറന്നുവീണ നാട്ടില്‍ നിന്ന് ആട്ടിയോടിക്കുകയോ ചെയ്യുമ്പോഴുള്ള ഫര്‍ള് ഐന്‍ ആയ ജിഹാദിന്‍റെ വിധിയെ വളച്ചൊടിച്ചും നീട്ടിവലിച്ചും കൊണ്ടുള്ളതും! ഈ വാചകത്തില്‍ പറഞ്ഞവിധമുള്ള അവസ്ഥയാണ് ഇന്ത്യന്‍ മുസ്ലിംകള്‍ ഇന്ന് അഭിമുഖീകരിക്കുന്നത് എന്ന് സജ്ജാദ് സാഹിബിനും പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കും വാദമുണ്ടോ? എങ്കില്‍ ഏറെ ഗൗരവമുള്ള വേറെ കുറെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള ബാധ്യതയും അവര്‍ക്കുണ്ട്.*

സുഊദി അറേബ്യയിലെ ഉന്നത പണ്ഡിത സഭയിലെ അംഗമായിരുന്ന *ശൈഖ് സ്വാലിഹ് അല്‍ ഉതൈമീന്‍റെ ഒരു ഫതവയില്‍ ഇപ്രകാരം കാണാം:* لأن المخاطب بالغزو والجهاد هم ولاة الأمور وليس أفراد الناس , فأفراد الناس تبع لأهل الحل والعقد , فلا يجوز لأحد أن يغزو دون إذن الإمام إلا على سبيل الدفاع ، إذا فاجأهم عدو يخافون شره وأذاه فحينئذ لهم أن يدافعوا عن أنفسهم *(യുദ്ധത്തിനും (ഗസ്വ്) പോരാട്ടത്തിനും(ജിഹാദ്) ഉള്ള കല്‍പന വ്യക്തികളോടല്ല, ഭരണാധികാരികളോടാണ്. അധികാരമുള്ള തങ്ങളുടെ ഭരണാധികാരികളെ അക്കാര്യത്തില്‍ അനുസരിക്കുകയാണ് ജനങ്ങള്‍ ചെയ്യേണ്ടത്. *ആത്മ രക്ഷാര്‍ഥമുള്ള പ്രതിരോധത്തിനല്ലാതെ ഇമാമിന്‍റെ അനുമതിയില്ലാതെ യുദ്ധം ചെയ്യല്‍ ആര്‍ക്കും അനുവദനീയമല്ല. ശത്രുക്കള്‍ അവരുടെ മേല്‍ ചാടിവീഴുകയും അവരുടെ ഉപദ്രവം ഭയപ്പെടുകയും ചെയ്‌താല്‍ അന്നേരം തങ്ങളെ പ്രതിരോധിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്.) ഇവിടെയാണ്‌ ശൈഖ് ഭാര്യക്ക് ഭര്‍ത്താ വിന്‍റെയോ മക്കള്‍ക്ക് മാതാപിതാക്കളുടെയോ അനുവാദം പോലും ആവശ്യമില്ല എന്ന കാര്യം പറയുന്നത്. അല്ലാതെ, പ്രതിരോധത്തിന്‍റെ പേര് പറഞ്ഞു പോപ്പുലര്‍ ഫ്രണ്ടുകാര്‍ ചെയ്യുന്നതുപോലുള്ള പ്രതികാരത്തിനും പ്രതിക്രിയക്കുമല്ല.* അതിനൊന്നും വ്യക്തിക്കോ ഗ്രൂപ്പുകള്‍ക്കോ അനുവാദമേയില്ല എന്നും ആരെങ്കിലും അപ്രകാരം ചെയ്‌താല്‍ അവര്‍ കുറ്റവാളികള്‍ ആയിരിക്കുമെന്നും ഇമാം ഖുര്‍തുബിയെ പോലുള്ള പണ്ഡിതന്മാര്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

7.<<മക്കീ ആയതായ ശൂറ: 39 ല്‍ അക്രമങ്ങള്‍ ചെറുക്കുക എന്നത് നമസ്കാരവും കൂടിയാലോചനയും പോലെ മക്കയിലെ മുസ്ലിംകളുടെ ഗുണമായി എടുത്തു പറയുന്നുമുണ്ട്. ഉമര്‍ ഇസ്ലാം സ്വീകരിച്ച ഉടനെ മൊത്തം സഹാബക്കളെയും രണ്ടു വരിയായി അണിനിരത്തി വാള് ഉയര്ത്തി പിടിച്ചു കഅബ മാര്ച്ച് നടത്തുന്നുണ്ട്. അത് പ്രബോധിതരെ പ്രകോപിപ്പിക്കും എന്നും പ്രബോധന സാധ്യത ഇല്ലാതാക്കും എന്നുമുള്ള ആശങ്ക അന്ന് റസൂലിനും സഹാബതിനും ഇടയില്‍ ജമാഅത്തുകാര്‍ ആരും ഇല്ലാത്തതിനാല്‍ അവിടെ ഉയര്ന്നു കേട്ടില്ല.>>

= *ഇതാണല്ലോ സൂറ: അശ്ശൂറയിലെ 39 ആം സൂക്തം: وَالَّذِينَ إِذَا أَصَابَهُمُ الْبَغْيُ هُمْ يَنتَصِرُونَ (തങ്ങള്‍ക്കുനേരെ അതിക്രമങ്ങളുണ്ടായാല്‍ ചെറുക്കുന്നവരുമാകുന്നു) ഇതിന്നര്‍ഥം, പോപ്പുലര്‍ ഫ്രണ്ടുകാര്‍ ചെയ്യുന്നപോലെ, ഫൈസലിനെ കൊന്നാല്‍ കൊന്നവനെ തെരഞ്ഞു പിടിച്ചു വ്യക്തികളായും ഗ്രൂപ്പുകളായും തിരിഞ്ഞു ഞങ്ങളും കൊല്ലും എന്നാണോ? അതോ ഇങ്ങോട്ട് ആക്രമിച്ചാല്‍, തന്‍റെ കണ്‍മുമ്പില്‍ വെച്ച് ഒരാളെ മര്‍ദ്ദിക്കുന്നത്/കൊല്ലുന്നത് കണ്ടാല്‍ തത്സമയം കഴിയും വിധം തിരിച്ചടിക്കും എന്നോ? ഈ അവസാനം പറഞ്ഞതാണ് ആയത്തിന്‍റെ ഉദ്ദേശ്യം.* ഇതോടൊപ്പം തുടര്‍ന്നുവരുന്ന സൂക്തങ്ങള്‍ മറ്റുചില വിഷയങ്ങളിലേക്ക് കൂടി വെളിച്ചം വീശുന്നു. 'തിന്മയുടെ പ്രതിഫലം അതുപോലുള്ള തിന്മതന്നെ. ഇനി ഒരുവന്‍ മാപ്പുകൊടുക്കുകയും അനുരഞ്ജനമുണ്ടാക്കുകയും ചെയ്യുന്നുവെങ്കില്‍, അവന്ന് പ്രതിഫലം നല്‍കുക അല്ലാഹുവിന്‍റെ ബാധ്യതയാകുന്നു. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുന്നില്ല. ഒരു ജനം അക്രമിക്കപ്പെട്ടശേഷം പകരം ചെയ്തുവെങ്കില്‍, അവര്‍ ആക്ഷേപാര്‍ഹരാകുന്നില്ല' എന്നാണത്. *സൂറ: അശ്ശൂറയിലെ ഈ സൂക്തങ്ങളെല്ലാം അവതരിക്കുന്നത് പ്രവാചകന്‍റെ മദീനാ ഹിജ്രക്ക് തൊട്ടു മുമ്പാണ്. ആ സമയത്ത് ആത്മരക്ഷാ പ്രതിരോധത്തിനപ്പുറമുള്ള മറ്റുചില പ്രതിരോധങ്ങളിലേക്ക് കൂടി വെളിച്ചം വീശുകയാണ് ഇതിലൂടെ അല്ലാഹു ചെയ്യുന്നത്. അഥവാ, ഒരു മുസ്ലിം എന്ന നിലക്ക് ആക്രമിക്കപ്പെട്ടാല്‍ വ്യക്തി തലത്തില്‍ പരിധിവിടാതെ പകരം ചെയ്താല്‍ അയാള്‍ ആക്ഷേപാര്‍ഹനല്ല. എന്നാല്‍ ഒരു പ്രസ്ഥാനമായിട്ട് പ്രബോധന ഘട്ടത്തില്‍ ആ രീതി സ്വീകരിച്ചുകൂടാ.* കല്‍പനയോ നിയമമോ അല്ല, ഒരു ഇളവിന്‍റെ ശൈലി മാത്രമാണ് ഇതിനുള്ളത്. *ഒരു കര്‍മ പരിപാടി എന്ന നിലക്കായിരുന്നു ഈ നിര്‍ദ്ദേശമെങ്കില്‍ മക്കയില്‍ തന്നെ നബി(സ) അത് നടപ്പിലാക്കുമായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്തില്ലെന്ന് മാത്രമല്ല അതിനു അനുവാദം ചോദിച്ചവരെ അതില്‍ നിന്ന് തടയുക കൂടി ചെയ്തതാണ് അവിടത്തെ ചരിത്രം.* إِنَّ اللَّهَ يُدَافِعُ عَنِ الَّذِينَ آمَنُوا ۗ إِنَّ اللَّهَ لَا يُحِبُّ كُلَّ خَوَّانٍ كَفُورٍ (നിശ്ചയം, സത്യവിശ്വാസികള്‍ക്കുവേണ്ടി അല്ലാഹു പ്രതിരോധിക്കുന്നതാകുന്നു.76 തീര്‍ച്ചയായും നന്ദികെട്ട വഞ്ചകരായ ആരെയും അല്ലാഹു സ്‌നേഹിക്കുന്നില്ലതന്നെ.) എന്ന ആയത്ത് അവതരിച്ചത് പോലും സത്യനിഷേധി നേതാക്കളെ ചതിയില്‍ കൊല ചെയ്യാന്‍ ചില സ്വഹാബികള്‍ അനുവാദം ചോദിച്ചപ്പോഴായിരുന്നല്ലോ. *ഈ ആയത്തിനെ കുറിച്ച് അമീന്‍ അഹ്സന്‍ ഇസ്ലാഹിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്: മുസ്ലിംകളുടെ ഭാവി പരിപാടിയിലേക്ക് വെളിച്ചം വീശുകയാണ് ഈ സൂക്തം. അവരെ, വരാനിരിക്കുന്ന ബാധ്യതകളും ഉത്തരവാദിത്വങ്ങളും ഓര്‍മിപ്പിക്കുന്നു. ഇതുവരെ നിങ്ങള്‍ മര്‍ദ്ദിതരായിരുന്നെങ്കില്‍ ഇനിമുതല്‍ പ്രതിരോധ ശക്തി ആര്‍ജിക്കാന്‍ പോവുകയാണ് എന്ന് അറിയിക്കുന്നു''* എന്നാണു അദ്ദേഹം പറഞ്ഞുവെക്കുന്നത്.

*മിനായില്‍ വെച്ച്, രണ്ടാം അഖബാ ഉടമ്പടി നടന്നയുടനെ ഫാസിസ്റ്റുകളായ മുശ്രിക്കുകളെ നേരിടാന്‍ ആയുധമെടുത്ത അന്‍സ്വാറുകളായ തന്‍റെ അനുയായികളെ അതില്‍ നിന്ന് തടഞ്ഞുകൊണ്ട്‌ നബി(സ) പറഞ്ഞത്, 'ഞാന്‍ അതിനു കല്‍പിക്കപ്പെട്ടിട്ടില്ല' എന്നായിരുന്നു. يا رسول الله ألا نُميل على أهل الوادي يعنون أهل منى ليالي فنقتلُهم؟، فقال: إني لم أُؤمرْ بهذا. മറ്റൊരിക്കല്‍ അബ്ദുര്‍റഹ്മാനുബ്നു ഔഫ്‌ ഉള്‍പ്പെടെയുള്ള ഏതാനും സ്വഹാബികള്‍ വന്നുകൊണ്ട്‌ ചോദിച്ചു: يانبي الله، كنا في عزة ونحن مشركون، فلما آمنا صرنا أذلة، قال: إني أمرت بالعفو فلا تقاتلوا القوم (ابن كثير (അല്ലാഹുവിന്‍റെ ദൂതരേ, മുശ്രിക്കുകളായിരിക്കെ ഞങ്ങള്‍ പ്രതാപികളായിരുന്നു. വിശ്വാസികളായപ്പോഴാകട്ടെ, നിന്ദിതരായി മാറിയിരിക്കുന്നു. (അതിനാല്‍ ഞങ്ങള്‍ വാളെടുത്ത് പോരാടട്ടെ?) അന്നേരം നബി(സ) പറഞ്ഞു: വിട്ടുവീഴ്ച ചെയ്യാനാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ നിങ്ങളിവരോട് പോരാടരുത്.) പ്രബോധിതരേ പ്രകോപിപ്പിക്കും എന്നതുകൊണ്ടായിരുന്നോ അതോ മറ്റുവല്ല കാരണവും കൊണ്ടായിരുന്നോ നബി(സ) ഇപ്രകാരം ചെയ്തത്? ചില സ്വഹാബികള്‍ അക്രമങ്ങളില്‍ സഹികെട്ട് പോപ്പുലര്‍ ഫ്രണ്ടുകാരെ പോലെ ചിന്തിച്ചപ്പോള്‍ നബി(സ) ജമാഅത്തുകാരെ പോലെ ചിന്തിക്കുകയും അവ്വിധം സ്വഹാബത്തിനെ നയിക്കുകയുമായിരുന്നോ ചെയ്തത് എന്നൊക്കെ ഇനി വായനക്കാര്‍ക്ക് തീരുമാനിക്കാം.*

8. <<ഉമര് (റ) പോലെയുള്ളവര്‍ മക്കയില്‍ വെച്ച് തന്നെ കൈയ്യേറ്റ ശ്രമങ്ങളെ ശക്തമായി നേരിടുകയും കഅബ പരിസരത്ത് വെച്ചു ഖുറൈഷി പ്രമുഖരുമായി ഏറ്റുമുട്ടുകയും ഒക്കെ ചെയ്തു. അബൂ ജഹല് ഹംസ(റ)വിന്റെയും ഉത്ബത് ഉമര്(റ)ന്റെയും കയ്യിന്റെ ചൂട് നാന്നായി ആസ്വദിച്ചു.>>

= *ഈ സംഭവങ്ങളെയും തെറ്റായ ഉദ്ദേശ്യ-ലക്ഷ്യങ്ങളോടെയാണ് സജ്ജാദ് വാണിയമ്പലം ഇവിടെ എടുത്തുദ്ധരിച്ചിരിക്കുന്നത്. ഇസ്ലാം സ്വീകരിച്ച ഉമറോ ഹംസയോ മക്കയില്‍ വെച്ച് ഒരാളെയും വധിച്ചിട്ടില്ല. യാസിറിനെയും സുമയ്യയെയും ക്രൂരമായി വധിച്ചവരാണെന്ന് പറഞ്ഞു -പോപ്പുലര്‍ ഫ്രണ്ടുകാരെ പോലെ- പ്രതിക്രിയയെന്നോണം ആരുടേയും തല കൊയ്തിട്ടില്ല. പ്രവാചകനെ ആക്ഷേപിച്ചെന്നു പറഞ്ഞു ഒരാളുടെയും കൈവെട്ടിയിട്ടുമില്ല. അതേസമയം, ജാഹിലിയ്യത്തില്‍ മക്കയിലെ തന്റേടികളും പ്രാമാണികളുമായിരുന്ന അവര്‍ ഇസ്ലാം സ്വീകരിച്ചപ്പോഴും ആ തന്റേടം തീര്‍ച്ചയായും പ്രകടിപ്പിച്ചിട്ടുണ്ട്.* ഉമര്‍(റ) ഇസ്ലാം സ്വീകരിച്ചപ്പോള്‍ തന്‍റെ തനത് ശൈലിയില്‍ ഇസ്ലാം പരസ്യമായി പ്രഖ്യാപിച്ചതും അതുവരെ പേടിച്ചു കഴിഞ്ഞിരുന്ന മുസ്ലിംകളെയും കൂട്ടി തൌഹീദിന്‍റെ കേന്ദ്രമായ കഅബക്കരികില്‍ ചെന്ന് പരസ്യമായി നമസ്കരിച്ചതും ശാരീരികമായി മര്‍ദിച്ചവരെ തിരിച്ചും മര്‍ദ്ദിച്ചതും എങ്ങനെയാണാവോ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വെട്ടിനും കുത്തിനുമുള്ള തെളിവാകുന്നത്?! ഇസ്ലാം സ്വീകരിച്ച ഉമര്‍ അത് പരസ്യമായി പ്രഖ്യാപിച്ചപ്പോള്‍ മുശ്രിക്കുകള്‍ അദ്ദേഹത്തെ മര്‍ദ്ദിക്കാന്‍ തുടങ്ങിയെന്നും കഴിയും വിധം അന്നേരം അദ്ദേഹം തിരിച്ചടിച്ചു എന്നും (فما زال الناس يضربني وأضربهم) അതുകണ്ട് വന്ന അദ്ദേഹത്തിന്‍റെ പിതൃവ്യന്‍ അദ്ദേഹത്തിനു അഭയം നല്‍കിയെന്നും എന്നാല്‍ ഇതര മുസ്ലിംകള്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയും താന്‍ മാത്രം സുരക്ഷിതനായിരിക്കുകയും ചെയ്യുന്ന അവസ്ഥ അദ്ദേഹത്തെ അസ്വസ്ഥപ്പെടുത്തിയപ്പോള്‍ ആ സംരക്ഷണം അദ്ദേഹം തന്നെ വേണ്ടെന്നു വെച്ചുവെന്നും അങ്ങനെ വീണ്ടും പലപ്പോഴായി മല്‍പിടുത്തം നടക്കുകയും അടിയും തൊഴിയും കിട്ടുകയും അന്നേരം കഴിയും വിധം തിരിച്ചുകൊടുക്കുകയും ചെയ്തിരുന്നു എന്നും (فما زلت اضرب واضرب حتى اعز الله الاسلام) ആണ് ഉസ്ദുല്‍ ഗാബ പോലെയുള്ള ചരിത്ര കൃതികള്‍ പറയുന്നത്. *ഇതൊന്നും ആരെയെങ്കിലും മര്‍ദ്ദിച്ചവരെ പിന്നീട് ചെന്ന് സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതോ അങ്ങോട്ട്‌ ചെന്ന് അക്രമം അഴിച്ചുവിട്ടതോ പ്രതിക്രിയ ചെയ്തതോ ആയിരുന്നില്ല. ഇങ്ങോട്ട് ആക്രമിച്ചപ്പോള്‍ ആത്മരക്ഷാര്‍ഥമുള്ള തിരിച്ചടിയായിരുന്നു. അത് തെറ്റാണ് എന്ന് ഇവിടെ ആരും വാദിക്കുന്നില്ലല്ലോ.*

അതുപോലെ, *ഉമറിനെപ്പോലെ ധീരനും ശക്തനുമായ ഒരാള്‍ ഇസ്ലാം സ്വീകാരിച്ചാല്‍ മുസ്ലിംകള്‍ക്കെതിരായ മര്‍ദ്ദനം കുറയുകയും ഇസ്ലാമിന് കൂടുതല്‍ സ്വാതന്ത്ര്യം കിട്ടുകയും അത് വളര്‍ച്ചക്ക് കാരണമാവുകയും ചെയ്യുമെന്ന് കണ്ട പ്രവാചകന്‍ അതിന്നായി പ്രാര്‍ഥിച്ചത് തങ്ങളുടെ ഏത് ചെയ്തിക്കാണാവോ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ന്യായമാക്കുന്നത്?! മോഡിയെപ്പോലെ, അമിത് ഷായെ പോലെ സംഘടനാ പാടവവും നേതൃത്വ ശേഷിയുമുള്ള ആളുകള്‍ ഇസ്ലാമിലേക്ക് വന്നിരുന്നെങ്കില്‍, അവരുടെ കഴിവുകള്‍ സത്യത്തിന്‍റെ മാര്‍ഗത്തില്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ഇസ്ലാമിന് കൂടുതല്‍ ശോഭനമായ ഭാവി ഉണ്ടാകുമായിരുന്നു എന്ന് ഇക്കാലത്ത് നാം ചിന്തിക്കുന്നെങ്കില്‍ അത് ഇസ്ലാമിന്‍റെ വളര്‍ച്ചയിലുള്ള ഉള്‍ക്കടമായ ആഗ്രഹം എന്നതല്ലാതെ, അതിനെ പോലും വെട്ടിന്‍റെയും കുത്തിന്‍റെയും മനസ്സോടെ കാണുന്നത് അസുഖം വേറെ ആയതുകൊണ്ടാണു!* സജ്ജാദ് പറഞ്ഞതു പോലെയാണെങ്കില്‍ ഇസ്ലാം സ്വീകരിച്ചതുമുതല്‍ ഉമറും ഹംസയുമെല്ലാം ആയുധമണിയുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ആയുധം താഴെ വെച്ചതാണ് ചരിത്രം! 'കൈകള്‍ അടക്കിവെക്കുക, നമസ്കാരം നിലനിര്‍ത്തുകയും സകാത്ത് കൊടുക്കുകയും ചെയ്യുക' എന്നതായിരുന്നു അവരോടുള്ള അല്ലാഹുവിന്‍റെ കല്‍പന. *തന്‍റെ പിതൃവ്യനും സഹോദര പുത്രനുമായ പ്രവാചകനെ മര്‍ദ്ദിച്ച അബൂ ജഹലിനെ ഹംസ(റ) ചോദ്യം ചെയ്തതും വില്ലുകൊണ്ടു നന്നായി കൈകാര്യം ചെയ്തതും അദ്ദേഹത്തിന്‍റെ ഇസ്ലാം സ്വീകരണ വേളയിലായിരുന്നു. ഇസ്ലാമിന്‍റെ പ്രവാചകനെ അബൂജഹല്‍ ആക്ഷേപിച്ചു, ദേഹോപദ്രവം ഏല്‍പിച്ചു എന്നതായിരുന്നില്ല, തന്‍റെ സഹോദര പുത്രന് മര്‍ദ്ദനമേറ്റെന്നു കേട്ടപ്പോള്‍ രക്തം തിളച്ചതും ഹാഷിം ഗോത്രത്തിന്‍റെ മാനം തകര്‍ന്നതായി തോന്നിയപ്പോള്‍ ക്ഷമിക്കാന്‍ കഴിയാതിരുന്നതുമായിരുന്നു ആ പകരം വീട്ടല്‍. ആ ആവേശത്തള്ളിച്ചയിലായിരുന്നു ഹംസ 'ഞാനും മുഹമ്മദിന്‍റെ മതക്കരനാണ്, അവന്‍റെ വാദം തന്നെയാണ് എന്റേതും, നിങ്ങള്‍ എന്നെ പുലഭ്യം പറയൂ, കേള്‍ക്കട്ടെ' എന്ന് പറഞ്ഞത്. ശേഷമാണ് അദ്ദേഹം അതേകുറിച്ച് ആഴത്തില്‍ ചിന്തിക്കുന്നതും നിരന്തരമായ മാനസിക സംഘര്‍ഷങ്ങള്‍ക്ക് ശേഷം 'തനിക്ക് സത്യമാര്‍ഗം കാണിച്ചു തരണേ' എന്ന് കഅബയില്‍ ചെന്ന് പ്രാര്‍ഥിക്കുന്നതും മനസ്സ് ഇസ്ലാമില്‍ ഉറക്കുന്നതും.* അതിനാല്‍ തന്നെ മക്കയില്‍ മുസ്ലിംകള്‍ ആയുധമെടുത്തിരുന്നു എന്നതിന് ഈ സംഭവം തെളിവാക്കാന്‍ പറ്റില്ല.

9. <<നബി തിരുമേനിയുടെ കാലത്ത് ഭരണം ഇല്ലാതെ ആയുധം എടുത്ത ഹദീസുകൂടി കാണിച്ചു തന്നാലേ അംഗീകരിക്കൂ എന്ന് വാശി പിടിക്കുന്നവര്ക്ക് നിര്ബന്ധം ആണെങ്കില്‍ അതും തരാം. ഹുദൈബിയ സന്ധിക്ക് ശേഷം മദീന ഇസ്ലാമിക രാഷ്ട്രം സന്ധിയില് ആയിരിക്കുമ്പോള് തന്നെ രാജ്യാതിര്ത്തിക്ക് പുറത്ത് ഭരണം ഒന്നും ഇല്ലാതെ അബൂബസീര്‍ വ്യക്തിപരമായും സംഘടിതമായും ഭരണം ഒന്നും ഇല്ലാതെ തന്നെ നടത്തുന്ന പോരാട്ടം സഹീഹുബുഹാരി വിശദീകരിക്കുന്നുണ്ട്... സൈഫുല് ബഹ്ര് എന്ന സ്ഥലത്തെത്തി. ഈ സംഭവത്തിൽ അബൂ ബശീറിനെ നബി തിരുമേനി വിമർശിച്ചു എന്നത് ചിലർ വാദിക്കുന്നത് കണ്ടു. ശുദ്ധ കളവാണത്. അബൂബഷീറിന്റെ സംഘം എഴുപത് ആളുകൾ ആയി വളരും എന്ന് നബി തിരുമേനി മുൻകൂട്ടി ആശിര്വദിക്കുകയാണ് ചെയ്തത്. അല്ലെന്നു പറയുന്നവർ തെളിവ് ഹാജരാക്കട്ടെ.>>

= *ഇതിന്നാണ് ചരിത്രത്തെ വ്യഭിചരിക്കുക എന്ന് പറയുക! പച്ചയായ ദുര്‍വ്യാഖ്യാനം! കളവ്!* സ്വന്തം സംഘടനയുടെ വെട്ടും കുത്തും റാത്തീബിനെ ന്യായീകരിക്കാന്‍ ഇങ്ങനെയൊക്കെ ചെയ്യാമോ പോപ്പുലര്‍ ഫ്രണ്ടുകാരെ?! *സാഹില്‍ അഥവാ സൈഫുല്‍ ബഹ്ര്‍ എന്ന പ്രദേശത്ത് വെച്ച് അബൂ ബസ്വീറും (അബൂ ബഷീര്‍ അല്ല!) അബൂ ജന്ദലും കൂട്ടുകാരും മുശ്രിക്ക് കച്ചവട സംഘത്തെ സായുധമായി ആക്രമിക്കുകയും അവരുടെ കച്ചവട സ്വത്തുക്കള്‍ തട്ടിയെടുക്കുകയും ചെയ്യുന്നു എന്ന സംഭവം നബി(സ) അറിയുന്നത് തന്നെ ഒരു സംഘം മുശ്രിക്കുകള്‍ മദീനയില്‍ ചെന്ന് അവിടത്തോട് പരാതി പറഞ്ഞപ്പോഴാണ്! അതറിഞ്ഞപ്പോഴാകട്ടെ തങ്ങളുടെ ചെയ്തിയില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ�

സാഹില്‍ അഥവാ സൈഫുല്‍ ബഹ്ര്‍ എന്ന പ്രദേശത്ത് വെച്ച് അബൂ ബസ്വീറും (അബൂ ബഷീര്‍ അല്ല!) അബൂ ജന്ദലും കൂട്ടുകാരും മുശ്രിക്ക് കച്ചവട സംഘത്തെ സായുധമായി ആക്രമിക്കുകയും അവരുടെ കച്ചവട സ്വത്തുക്കള്‍ തട്ടിയെടുക്കുകയും ചെയ്യുന്നു എന്ന സംഭവം നബി(സ) അറിയുന്നത് തന്നെ ഒരു സംഘം മുശ്രിക്കുകള്‍ മദീനയില്‍ ചെന്ന് അവിടത്തോട് പരാതി പറഞ്ഞപ്പോഴാണ്! അതറിഞ്ഞപ്പോഴാകട്ടെ തങ്ങളുടെ ചെയ്തിയില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടുകൊണ്ടു അബൂ ബസ്വീറിനും അബൂ ജന്ദലിനും കൂട്ടുകാര്‍ക്കും കത്തയക്കുകയും ചെയ്തു പ്രവാചകന്‍! എന്നല്ല, മുശ്രിക്കുകളില്‍ നിന്നു തട്ടിയെടുത്ത സമ്പത്ത് മുഴുവന്‍ തിരിച്ചുകൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു! അവരുടെ ഗറില്ലാ പോരാട്ടം ജിഹാദായോ അവര്‍ പിടിച്ചെടുത്ത സമ്പത്ത് ഗനീമത്ത് സ്വത്തായോ നബി(സ) അംഗികരിച്ചില്ല എന്ന് ചുരുക്കം. സാധാരണഗതിയില്‍, ഇസ്ലാമിക നേതൃത്വത്തിന്‍റെ അനുമതിയില്ലാതെ ആയുധമെടുക്കാന്‍ വ്യക്തികള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ അനുവാദമില്ല എന്നിക്കാര്യം വ്യക്തമാക്കുന്നു. സാഹില്‍ എന്നത് മക്കയുടെയും മദീനയുടെയും പുറത്തുള്ള പ്രദേശമായതിനാല്‍ ഹുദൈബിയ്യയിലെ വ്യവസ്ഥകള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്ന് അബൂ ജന്ദലിനും കൂട്ടര്‍ക്കും ന്യായമായും വാദിക്കാം. മാത്രവുമല്ല ആ പ്രദേശത്ത് പ്രത്യേകമായൊരു ഭരണ വ്യവസ്ഥയും നിലനിന്നിരുന്നതായി അറിയില്ല. കൂടാതെ അവര്‍ ആക്രമിച്ചിരുന്നതാകട്ടെ പിറന്നുവീണ നാട്ടില്‍ നിന്ന് തങ്ങളെ പുറത്താക്കിയ, പുറത്ത് പോയി ജീവിക്കാന്‍ പോലും സമ്മതിക്കാത്ത ഫാസിസ്റ്റുകളോട് ആയിരുന്നു താനും. ആ നിലക്ക് -ഫലസ്തീനികളുടെയും റോഹിങ്ക്യകളില്‍ ചിലരുടെയും ചെയ്തികളെപോലെ ഈ പോരാട്ടത്തിനും ന്യായമുണ്ടായിരുന്നു. എന്നിട്ടും പക്ഷെ നബി(സ) അതില്‍നിന്നവരെ തടയുകയായിരുന്നു!

ഇനി, ഈ സംഭവം വിശദമായി പറയുന്ന പ്രസിദ്ധമായ ഏതാനും ഇസ്ലാമിക ചരിത്ര കൃതികളിലെ പരാമര്‍ശങ്ങള്‍ കാണുക. (ഇതിന്നു വിപരീതമായ ആശയം ലഭിക്കുന്ന ആധികാരിക ചരിത്രമുണ്ടെങ്കില്‍ സജ്ജാദ് വാണിയമ്പലത്തിനു അക്കാര്യം ഇവിടെ വ്യക്തമാക്കാവുന്നതാണ്.) ഇമാം ബുര്‍ഹാനുദ്ദീന്‍ അല്‍ ഹലബി അദ്ദേഹത്തിന്‍റെ അസ്സീറതുല്‍ ഹലബിയ്യയില്‍ പറയുന്നു: من شأنهم أن كلَّ عِيرٍ مرّت بهم لقريش أخذوها بغير معرفة رسول الله (السيرة الحلبية:3/175 (നബി(സ) അറിയാതെ, തങ്ങളുടെ സമീപത്തുകൂടി കടന്നുപോകുന്ന ഖുറൈശികളുടെ കച്ചവട സംഘങ്ങളെയെല്ലാം പിടികൂടുക എന്നത് അവരുടെ രീതിയായിരുന്നു.)


താരീഖുത്ത്വബ്രിയില്‍ ഈ സംഭവം പറയുന്നതിങ്ങനെയാണ്: فلما رأى ذلك كفارُ قريشٍ، ركبٍ نفر منهم إلى رسول الله صلى الله عليه وسلم، فقالوا له: إنها لا تغني مدتك شيئا، ونحنُ نُقتل وتُنهب أموالُنا، وإنا نسألك أن تدخل هؤلاء في الذين أسلموا منا في صلحك وتمنعهم، وتحجز عنا قتالهم، ففعل ذلك رسول الله صلى الله عليه وسلم، فأنزل الله: وَهُوَ الَّذِي كَفَّ أيْدِيَهُمْ عَنْكُمْ وأيْدِيَكُمْ عَنْهُمْ (അവരുടെ ഈ ചെയ്തി കണ്ടപ്പോള്‍ ഖുറൈശികളില്‍ ഒരു സംഘം പ്രവാചകന്‍റെ അടുക്കല്‍ ചെന്ന് പറഞ്ഞു: നീയുമായുള്ള സമാധാന സന്ധി കൊണ്ട് ഞങ്ങള്‍ക്ക് യാതൊരുപകാരവുമില്ല. ഞങ്ങള്‍ കൊല ചെയ്യപ്പെടുകയും ഞങ്ങളുടെ സമ്പത്ത് തട്ടിയെടുക്കപ്പെടുകയും ചെയ്യുന്നു. അതിനാല്‍ ഞങ്ങളെ ആക്രമിക്കുന്ന ഈ ടീമിനെ ഞങ്ങളില്‍ നിന്നും ഇസ്ലാം സ്വീകരിച്ചു നിന്‍റെ അടുക്കലേക്ക് വന്നവരോടൊപ്പം ചേര്‍ക്കണമെന്നും ഞങ്ങളോട് യുദ്ധം ചെയ്യുന്നതില്‍ നിന്ന് അവരെ തടയുകയും നിയന്ത്രിക്കുകയും ചെയ്യണമെന്നുമാണ് നിന്നോടു ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളത്. അന്നേരം പ്രവാചകന്‍ അപ്രകാരം ചെയ്തു. അപ്പോള്‍ അല്ലാഹു ഖുര്‍ആന്‍ അവതരിപ്പിച്ചു: وَهُوَ الَّذِي كَفَّ أَيْدِيَهُمْ عَنكُمْ وَأَيْدِيَكُمْ عَنْهُم بِبَطْنِ مَكَّةَ مِن بَعْدِ أَنْ أَظْفَرَكُمْ عَلَيْهِمْ ۚ وَكَانَ اللَّهُ بِمَا تَعْمَلُونَ بَصِيرًا 
(അവനാകുന്നു മക്കാ താഴ്‌വരയില്‍ അവരുടെ കരങ്ങളെ നിങ്ങളില്‍നിന്നും നിങ്ങളുടെ കരങ്ങളെ അവരില്‍നിന്നും തടഞ്ഞത്. അവന്‍ അവര്‍ക്കെതിരെ നിങ്ങള്‍ക്കു വിജയമരുളിക്കഴിഞ്ഞിരിക്കെ. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തും അല്ലാഹു വീക്ഷിക്കുന്നുണ്ടായിരുന്നു.) ഈ സംഭവം വിവരിക്കവേ ഇമാം ഇബ്നു കസീര്‍ തന്‍റെ അല്‍ ബിദായ വന്നിഹായ എന്ന ചരിത്ര കൃതിയില്‍ എഴുതിയതിങ്ങനെ: فكتب رسول الله إلى أبي جندل وإلى أبي بصير رضي الله عنهما أن يقدما عليه وأن من معهما من المسلمين يلحقوا ببلادهم وأهليهم، ولا يتعرضوا لأحد مرّ بهم من قريش ولا لعيراتهم،،، فلّما كتب إليهم رسول الله صلى الله عليه وسلم أن يردوا ما أخذوا منه ردّوه لم يفقد منه عقالاً (البداية والنهاية:4 /368) (മാക്കാ മുശ്രിക്കുകളുടെ പരാതിയെ തുടര്‍ന്നു നബി(സ) അബൂ ജന്ദലിനും അബൂ ബസ്വീറിനും ഇപ്രകാരം ഒരു കത്തെഴുതി: നിങ്ങള്‍ രണ്ടുപേരും മദീനയിലേക്ക് പോരുക. നിങ്ങളോടൊപ്പമുള്ളവര്‍ അവരവരുടെ നാട്ടിലേക്ക് തിരിച്ചുപോയി കുടുംബത്തോടൊപ്പം ചേരട്ടെ. ഖുറൈശികളില്‍ നിന്നും അവരുടെ സമീപത്തുകൂടി കടന്നുപോകുന്ന ഒരാളെയും ഒരു കച്ചവട സംഘത്തെയും സായുധമായി നേരിടാതിരിക്കുക... ഇമാം ഇബ്നുകസീര്‍ തുടരുന്നു: അപ്രകാരം, ഖുറൈശികളില്‍ നിന്നു തങ്ങള്‍ പിടിച്ചെടുത്തത് തിരിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നബി(സ) കത്തെഴുതിയപ്പോള്‍ ഒട്ടകത്തിന്‍റെ വടം പോലും നഷ്ടപ്പെടാതെ അതെല്ലാം അവര്‍ തിരിച്ചുകൊടുത്തു.)

അപ്പോള്‍ ഇതാണ് അബൂ ജന്ദലിന്‍റെയും അബൂ ബസ്വീറിന്‍റെയും നേതൃത്വത്തില്‍ മക്കാ മുശ്രിക്കുകള്‍ക്കിടയില്‍ നിന്നും ഇസ്ലാം സ്വീകരിച്ചു രക്ഷപ്പെട്ടെത്തിയ ഒരു കൂട്ടം വിശ്വാസികള്‍ സാഹില്‍ എന്ന പ്രദേശത്ത് വെച്ച് മുശ്രിക്കുകളുടെ കച്ചവട സംഘത്തിനെതിരെ നടത്തിയ സായുധ ആക്രമണത്തിന്‍റെ യാഥാര്‍ത്ഥ്യം. ഇതിലെന്താണ്, നിയമവാഴ്ച നിലനില്‍ക്കുന്ന ഒരു പ്രദേശത്ത് നിയമം കൈയിലെടുത്ത് പ്രതികാരം ചെയ്യാന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കുള്ള തെളിവ്? ഒന്നുമില്ല, ദുര്‍വ്യാഖ്യാനമല്ലാതെ!

10. <<പ്രവാചകന്മാരില്‍ ആദ്യമായി ജിഹാദ് നിര്ബന്ധം ആയത് മൂസാനബിക്ക് ആണ് എന്ന് പല മുഫസ്സിറുകളും അഭിപ്രയപ്പെടുന്നുണ്ട്. വാഗ്ദത്ത ഭൂമിയായ ഫലസ്തീനിലെക്ക് യുദ്ധം ചെയ്ത് പ്രവേശിക്കാന് ആയിരുന്നു അദ്ദേഹത്തിന്റെ കല്പന. ഭരണകൂടം ഇല്ലാതെ ജിഹാദ് നടത്തുന്നതിലെ അസംഗത്യവും അന്നേ വരെ മൂസ നബി ഫലസ്തീനില് പോയി ദഅവ നടത്തിയിട്ടില്ല എന്നതിലെ പ്രശ്നങ്ങളും ഒന്നും അദ്ദേഹം ജമാഅത് സാഹിത്യങ്ങള് വായിച്ചിട്ടില്ലാത്തതിനാല് അവിടെ വന്നില്ല. അള്ളാഹുവിന്റെ നിര്‍ദ്ദേശ പ്രകാരം ആദ്യമായി നടന്ന ജിഹാദില് പോലും ജമാഅത്തുകാരുടെ മാനദണ്ഡങ്ങള് പരിഗണിക്കപെട്ടിരുന്നില്ല എന്ന് ചുരുക്കം.>>

= സീനാ മരുഭൂമിയില്‍ മറ്റേതെങ്കിലും ഭരണത്തിനു കീഴിലായിരുന്നില്ല മൂസാ(അ)യും അനുയായികളും ജീവിച്ചിരുന്നത്. മുമ്പു ഫിര്‍ഔന്‍റെ കീഴില്‍ അടിമകളും പരാശ്രയരുമായിരുന്നെങ്കില്‍ ചെങ്കടല്‍ കടന്നതോടെ അവര്‍ സ്വതന്ത്രരും പരാശ്രയമില്ലാത്തവരും ആയി മാറിയിരുന്നു. മതപരമായും രാഷ്ട്രിയമായും അവര്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് പ്രവാചകന്മാര്‍ തന്നെയായിരുന്നു. അവര്‍ നിയമിച്ച രാജാക്കന്മാര്‍ ഉണ്ടെങ്കില്‍ അവരും. എന്നുമാത്രമല്ല, 'രാജകീയ സമൂഹം' (وجعلكم ملوكا) എന്നാണു ഖുര്‍ആന്‍ അവരെ കുറിച്ച് പറയുന്നത് തന്നെ. 'നിങ്ങളില്‍ രാജാക്കളെ ഏര്‍പ്പെടുത്തി എന്നല്ല, നിങ്ങളെ രാജാക്കളാക്കി എന്നാണ് അതിന്നര്‍ത്ഥം. മാത്രവുമല്ല, അവര്‍ക്ക് മുമ്പ് നഷ്ടപ്പെട്ടതും എന്തുകൊണ്ടും അവകാശപ്പെട്ടതും യഅഖൂബ്(അ) മുതല്‍ ചെങ്കടല്‍ കടക്കുന്നതിനു മുമ്പ് മൂസാ(അ) ഉള്‍പ്പെടെയുള്ള പ്രവാചകന്മാര്‍ വാഗ്ദാനം ചെയ്തതുമായ പിതൃഭൂമി തിരിച്ചു പിടിക്കാനാണ് അവരോടു ആവശ്യപ്പെട്ടത്. അഥവാ, അല്ലാഹുവിന്‍റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമുള്ളതായിരുന്നു ചെങ്കടല്‍ കടന്നുള്ള യാത്രയും തുടര്‍ന്നു പടപ്പുറപ്പാടിനുള്ള ആഹ്വാനവുമെല്ലാം. എന്നിട്ടും ഇത്തരമൊരു പുറപ്പാടിനെ കുറിച്ചു ഭരണമില്ലാതിരിക്കെയാണ് യുദ്ധത്തിനു ആഹ്വാനം ചെയ്തത് എന്ന് പറയുന്നതിനു എന്തുണ്ട് ന്യായം?! അതോ, ഭരണമെന്നു പറയണമെങ്കില്‍, ഇന്നത്തെ ജനാധിപത്യ ഭരണകൂടം പോലെ ഒരു ഭരണഘടനയും പാര്‍ലമെന്റും തെരഞ്ഞെടുപ്പുമെല്ലാം വേണം എന്നതാണോ സജ്ജാദ് വാണിയമ്പലത്തിന്‍റെ കാഴ്ചപ്പാട്?! മാത്രവുമല്ല, അന്ന് മൂസാ(അ)ന്‍റെ നേതൃത്വത്തില്‍ ഫലസ്തീന് വേണ്ടിയുള്ള പോരാട്ടം നടന്നിട്ടുമില്ല. അതിനുമുമ്പേ മൂസാ(അ)യും ഹാറുനും മരണപ്പെട്ടിരുന്നു.
ഈജിപ്തില്‍ വര്‍ഷങ്ങളോളം ഇന്ത്യന്‍ മുസ്ലിംകളെക്കാള്‍ കൊടിയ പീഡനം അനുഭവിച്ചിട്ടും, മുസ്ലിം ആണ്‍കുട്ടികള്‍ ഒന്നടങ്കം അറുകൊല ചെയ്യപ്പെട്ടിട്ടും ഫറോവക്കും ഖിബ്തികള്‍ക്കുമെതിരെ ആയുധമെടുക്കാന്‍ -പോപ്പുലര്‍ ഫ്രണ്ടുകാരേ പോലെ ചിലര്‍ ധിറുതി കാണിക്കുകയും അസ്വസ്ഥപ്പെടുകയും ചെയ്തിട്ടുപോലും- മൂസാ(അ) അനുവദിക്കാതിരുന്നതും ക്ഷമിക്കാനും അല്ലാഹുവില്‍ തവക്കുലാക്കാനും നിര്‍ദ്ദേശിച്ചതും എന്തുകൊണ്ടായിരുന്നു? മൂസാ(അ) ഭീരുവും ഷണ്ഢത്വം ബാധിച്ചവനും ജിഹാദിനെ ദുര്‍ബലമാക്കിയ ആളുമായിരുന്നോ?! ചിന്തിക്കുന്നവര്‍ക്ക് ഇതില്‍ ദൃഷ്ടാന്തമുണ്ട്. ഇവ്വിഷയകമായ സജ്ജാദ് വാണിയമ്പലത്തിന്‍റെ 'തത്വചിന്ത'യും 'ദാര്‍ശനിക വിശകലന'വും എന്താണെന്നറിയാന്‍ കൌതുകമുണ്ട്. 'ഒരു പ്രവാചകനും പ്രബോധന ദൗത്യം പൂര്‍ത്തീകരിക്കപ്പെടുന്നത് വരെ ആയുധമെടുത്തിട്ടില്ല, റോം-പേര്‍ഷ്യ യുദ്ധങ്ങളില്‍ പോലും ആദ്യം അവരുടെ മുമ്പില്‍ ഇസ്ലാം സമര്‍പ്പിച്ചതിനു ശേഷമായിരുന്നു സ്വഹാബികള്‍ യുദ്ധം ചെയ്തത്' എന്നു ഇസ്ലാമിക പണ്ഡിതന്മാരുടെ ഇജ്മാഉ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞിട്ടുള്ളത് ജമാഅത്തുകാരല്ല, ഇമാം ഇബ്നുല്‍ ഖയ്യിമും ഇമാം ഇബ്നു റുശ്ദുമാണ് എന്ന കാര്യം കൂടി സാന്ദര്‍ഭികമായി ഓര്‍മിപ്പിക്കുന്നു.

11. <<മക്കയില്‍ മദ്യവും പലിശയും ഹലാല്‍ ആയിരുന്നു, പള്ളിയും ഇല്ലായിരുന്നു, ളുഹര്‍ രണ്ടു റകഅതു ആയിരുന്നു എന്നൊക്കെയുള്ള പില്‍കാലത്തേക്ക് ബാധകമല്ലാത്ത നിയമങ്ങളെ പോലെ യുദ്ധത്തിനു വിലക്കും പിന്നീട് മന്‍സൂഖ് ആയ നിയമം ആയി ഉണ്ടായിരുന്നു... മദീനയില്‍ ഭരണം ഒക്കെ നിലവില്‍ വന്ന ശേഷം ഭരണാധികാരി എന്ന നിലയില് നബി തിരുമേനി നിരോധിച്ച മദ്യവും പലിശയും ഒന്നും തിരക്ക് പിടിച്ചു ഈ മക്ക കാലഘട്ടത്തില് തന്നെ വിലക്കേണ്ടതില്ല... ഇന്ത്യന് സാഹചര്യത്തില് പലിശ വാങ്ങാതിരിക്കാനും മദ്യപിക്കാതിരിക്കാനും ഒക്കെ മക്കീ ആയത് തന്നെ വേണം എന്ന് ജമാഅത് സുഹൃത്തുക്കള് ആരും വാശി പിടിച്ചില്ലല്ലോ. അത്രയും ആശ്വാസം. അല്ലെങ്കില് സത്യമായും കുഴഞ്ഞു പോയേനെ, ജിഹാദിന്റെ കാര്യത്തില് മാത്രം ആയതുകൊണ്ട് ആ ഒരു വിതണ്ട വാദത്തിനു മറുപടിയായി തെളിവുണ്ട്.>>

= ഒന്നൊന്നര ജഹാലത്ത് നിറഞ്ഞതും പരമാവധി പോയാല്‍ വാണിയമ്പലം ചന്തയിലേക്ക് മാത്രം കയറ്റിയയക്കാന്‍ പാകത്തിലുള്ളതും നാലാളുകള്‍ക്ക് മുമ്പില്‍ പറയാന്‍ പറ്റാത്തതുമായല്ലോ സജ്ജാദ് സാഹിബേ, താങ്കളുടെ ഈ വാദങ്ങള്‍! മദ്യവും പലിശയുമൊക്കെ എന്ന് നിഷിദ്ധമാക്കപ്പെട്ടോ അന്നുമുതല്‍ ഖിയാമത്ത് നാള് വരെ നിഷിദ്ധമാണ്. നമസ്കാരവും നോമ്പും സകാത്തും ഹജ്ജുമെല്ലാം എന്ന് നിര്‍ബന്ധമാക്കപ്പെട്ടുവോ അന്നുമുതല്‍ അതൊക്കെ മുസ്ലിമായ ഓരോ വ്യക്തിക്കും നിര്‍ബന്ധമാണ്‌. ഭരണമുണ്ടെങ്കിലും ഇല്ലെങ്കിലും. വ്യക്തിപരമായ ബാധ്യതയാണ് അവ എന്നതാണ് കാരണം. എന്നാല്‍ സായുധ ജിഹാദ് ആകട്ടെ, സാമൂഹികമായ ബാധ്യതയാണ്. ഭരണകൂടമാണ് അതിനു നേതൃത്വം നല്‍കേണ്ടത്; വ്യക്തികളോ ഗ്രൂപ്പുകളോ അല്ല. ഭരണകൂടം അതിനു വിളിച്ചാല്‍ അതില്‍ പങ്കെടുക്കേണ്ടത് മുസ്ലിംകളുടെ നിര്‍ബന്ധ ബാധ്യതയും ഒഴിഞ്ഞു മാറല്‍ കൊടിയ പാപവുമാണ്. പ്രതിക്രിയയും ഇസ്ലാമിലെ ശിക്ഷാ നടപടികളും ഇപ്രകാരം ഭരണകൂടം നടപ്പിലാക്കേണ്ടതാണ്. സായുധ ജിഹാദ് വ്യക്തിപരമായ ബാധ്യതയാകുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ട് എന്നും അന്നേരം അത് ഭരണം ഉള്ളവര്‍ക്കും അല്ലാത്തവര്‍ക്കുമെല്ലാം നിര്‍ബന്ധമാകുമെന്നും മറ്റും വിശദീകരിക്കുന്ന പണ്ഡിതോദ്ധരണികള്‍ നേരത്തെ ഉദ്ധരിച്ചുകഴിഞ്ഞു. അതിനാല്‍ തന്നെ സജ്ജാദ് വാണിയമ്പലത്തിന്‍റെ ഈ താരതമ്യം തീരേ വിലകുറഞ്ഞതും സംഘടനക്ക് വേണ്ടിയുള്ള വിവരക്കേട് വിളമ്പലുമായി എന്ന് ചുരുക്കം.

12. <<വിഭജനത്തെ തുടര്‍ന്ന് വര്‍ഗീയ കലാപങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ മൌദൂദി സാഹിബു ദാറുല്‍ ഇസ്ലലാമില്‍ ആയുധശേഖരണവും പരിശീലനവും പരേഡും ഒക്കെ നടത്താന്‍ നേതൃതംനല്കി അനുയായികളിലെ സ്ത്രീകളെയും കുട്ടികളെയും പോലും ചെറുത്തു നില്പ്പിന് പ്രോത്സാഹിപ്പിച്ച പ്രസംഗിച്ച ചരിത്രം ഒക്കെ അദ്ദേഹത്തിന്‍റെ ജീവ ചരിത്ര ഗ്രന്ഥം ആയ ടി.മുഹമ്മദ് സാഹിബു എഴുതിയ "അബുല്‍ അഅലാ"യില്‍ സവിസ്തരം വിശദീകരിക്കുന്നുണ്ട്.>>

= ഉണ്ട്. അതുപക്ഷേ, താങ്കള്‍ ഈ പറഞ്ഞത് പോലെയോ പോപ്പുലര്‍ ഫ്രണ്ടിന്‍റെ വെട്ടും കുത്തും റാത്തീബ് പോലെ നിയമം കൈയിലെടുക്കലോ അല്ലേയല്ല. ചരിത്രത്തെ വളച്ചൊടിക്കരുത്, സജ്ജാദ്! പോപ്പുലര്‍ ഫ്രണ്ടുകാര്‍ തങ്ങള്‍ക്ക് അനുകൂലാമാക്കി തെറ്റിദ്ധരിപ്പിച്ചു ഉദ്ധരിക്കാറുള്ള 1970 കളിലെ തലശ്ശേരി കലാപ വേളയില്‍ പ്രബോധനം വാരികയില്‍ വി.കെ എഴുതിയ ലേഖനത്തിലും മഅദനിയുടെ ഐ.എസ്.എസ്സുമായി ബന്ധപ്പെട്ട് യുവസരണിയില്‍ കൂട്ടില്‍ മുഹമ്മദലി എഴുതിയ ലേഖനത്തിലും പറഞ്ഞതു പോലുള്ള സംഗതികള്‍ മാത്രമാണ്. ചുറ്റുപാടും വര്‍ഗീയ കലാപം കൊടുമ്പിരി കൊണ്ട, പാക്കിസ്ഥാന്‍ ചോദിച്ചു വാങ്ങിയ മുസ്ലിം ലീഗ് നേതാക്കള്‍ പോലും ഇന്ത്യന്‍ മുസ്ലിംകളെ വഴിയിലുപേക്ഷിച്ച് അതിര്‍ത്തി കടന്ന നിയമവാഴ്ച തീര്‍ത്തും അപ്രസക്തമായിരുന്ന വേളയില്‍ തന്‍റെ ദാറുല്‍ ഇസ്ലാമില്‍ അഭയം തേടിയ അമുസ്ലിംകള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് ആളുകള്‍ക്ക് സയ്യിദ് മൌദൂദി അഭയം നല്‍കുകയും സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തതാണ് ആ സംഭവം. ചുറ്റുപാടും പരക്കം പായുന്ന കൊള്ളക്കാരും കൊള്ളിവെപ്പുകാരും കലാപകാരികളും കടന്നുവന്നു ചതച്ചരക്കാതിരിക്കാന്‍ കാവല്‍കാരെ നിര്‍ത്തിയതും അതിന്നായി അവരെ പരിശീലിപ്പിച്ചതുമാണോ നിയമം കൈയിലെടുത്തുകൊണ്ട് പോപ്പുലര്‍ ഫ്രണ്ടുകാര്‍ നടത്തുന്ന വെട്ടിനും കുത്തിനും പ്രതികാരത്തിനും പ്രതിക്രിയക്കുമുള്ള ന്യായീകരണം?! ഹൌ, ബല്ലാത്ത ജാതി സമീകരണം! കലാപ വേളയില്‍ മുസ്ലിംകള്‍ സ്വീകരിക്കേണ്ട സമീപനം എന്ത് എന്ന കാര്യം വളരെ കൃത്യമായി സയ്യിദ് മൌദൂദി അദ്ദേഹത്തിന്‍റെ റസാഇല്‍ വ മസാഇലില്‍ വിശദീകരിക്കുന്നുണ്ട്.

എന്‍.ബി: ഇവിടെ ഞാന്‍ തെളിവു സഹിതം അവതരിപ്പിച്ച കാര്യങ്ങളെ ഖണ്ഡിക്കുകയാണെങ്കില്‍ അത് കൃത്യമായ റഫറന്‍സ് സഹിതമുള്ള മറു തെളിവുകള്‍ കൊണ്ടായിരിക്കണം എന്നും നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട സംഗതികളെ കുറിച്ച് മൌനം പാലിക്കരുത് എന്നും പ്രത്യേകം ഓര്‍മപ്പെടുത്തുന്നു.


-അബ്ദുല്‍ അസീസ് പൊന്മുണ്ടം
14/10/2017, റിയാദ്

1 അഭിപ്രായം:

Vengara NASER പറഞ്ഞു...

കുറെ നീണ്ടു പോയി.
ചില ഭാഗങ്ങൾ വായിച്ചു.
പഠനാർഹമാണ്.