2017, ഒക്‌ടോബർ 22, ഞായറാഴ്‌ച

നവ സലഫികളോട് ഒരു നിമിഷം...


Image may contain: text
Image may contain: 1 person, beard and text
സയ്യിദ് മൗദൂദി, സയ്യിദ് ഖുത്ബ്, ഹസനുല്‍ ബന്ന എന്നീ പണ്ഡിത ത്രയങ്ങളെയും അവരുടെ പ്രസ്ഥാനങ്ങളെയും അഹ്ലുസ്സുന്നയില്‍ നിന്ന് പുറത്താക്കാന്‍ വെമ്പുന്ന നവ സലഫികളോട് ഒരു നിമിഷം...
--------------------------
ആധുനിക കാലഘട്ടത്തിലെ ഭുവനപ്രശസ്തരായ ഇസ്ലാമിക നവോഥാന നായകന്മാരും ചിന്തകന്മാരും എഴുത്തുകാരും പ്രബോധകരുമായി അറിയപ്പെടുന്നവരാണല്ലോ സയ്യിദ് അബുല്‍ അഅലാ മൗദൂദിയും ശഹീദു ഹസനുല്‍ ബന്നയും ശഹീദു സയ്യിദ് ഖുത്ബുമെല്ലാം. ഇവര്‍ മുഖേനയും ഇവര്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച ജമാഅത്തെ ഇസ്ലാമി, ഇഖ്വാനുല്‍ മുസ്ലിമൂന്‍ എന്നീ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ മുഖേനയും സത്യം കണ്ടെത്തിയ ആളുകളുടെ എണ്ണം തിട്ടപ്പെടുത്തുക ക്ഷിപ്രസാധ്യമല്ല. സയ്യിദ് മൗദൂദിയോടു പല വിഷയങ്ങളിലും വിയോജിച്ചിരുന്ന അബുല്‍ ഹസന്‍ അലി നദവിയുടെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍, തടയണ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള ഒരു അബൂബകര്‍ ഇല്ലാതിരുന്നതിനാല്‍ ആധുനിക മതേതര-ഭൗതിക പ്രത്യേയ ശാസ്ത്രങ്ങളിലേക്ക് മത പരിത്യാഗം ചെയ്തിരുന്ന പതിനായിരക്കണക്കിന് അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരെ തടഞ്ഞുനിര്‍ത്തുകയും ഇസ്ലാമിനെ ആധുനിക ലോകത്തിനു മുമ്പില്‍ പ്രതിഷ്ടിക്കുകയും, അവര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുകയും ചെയ്ത പണ്ഡിതനാണ് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ സയ്യിദ് മൗദൂദി. മുജാഹിദ് സ്ഥാപക നേതാവായ കെ.എം മൗലവിയുടെ അഭിപ്രായത്തില്‍, അത്യന്തം ദുഷ്കരവും സങ്കിര്‍ണവുമായ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യന്‍ മുസ്ലിംകളെ നയിക്കാനായി അല്ലാഹു എഴുന്നേല്‍പിച്ച സത്യസന്ധനും ദൃഡ്ഢവിശ്വാസിയും വിവേകശാലിയും ഇസ്ലാമിന്‍റെ മാര്‍ഗത്തില്‍ വേണ്ടവിധം സമരം ചെയ്ത മഹാനുമാണ് സയ്യിദ് അബുല്‍ അഅലാ മൌദൂദി. ഇമാം ഗസ്സാലിക്ക് ശേഷം ഇസ്ലാമിക ലോകം കണ്ട ഉന്നത ചിന്തകനും അര നൂറ്റാണ്ടിലേറെ കാലം തന്‍റെ ചിന്തകളും ആയൂരാരോഗ്യവും ഇസ്ലാമിക നവോഥാനത്തിനായി സമര്‍പ്പിച്ച ഇരുപതാം നൂറ്റാണ്ട് കണ്ട ഉന്നത പ്രതിഭകളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന വ്യക്തിത്വവുമാണ് മൗദൂദി. ഹുകൂമത്തെ ഇലാഹി എന്ന ആവേശദായകമായൊരു മുദ്രാവാക്യത്തിന്‍റെ അടിത്തറയില്‍ ലോകത്താകെ പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന ആധുനിക ലോകത്തിന്‍റെ മന:ശാസ്ത്രമറിയുന്ന ഒരു പ്രസ്ഥാനത്തിനു രൂപം നല്‍കാനും അദ്ദേഹത്തിനു സാധിക്കുകയുണ്ടായി എന്നാണു മുജാഹിദ്-മുസ്ലിം ലീഗ് നേതാവ് എം.ഐ സുല്ലമിയുടെ വിലയിരുത്തല്‍.
മുജാഹിദ് ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ മുഹമ്മദ് അമാനി മൌലവി, എ. അലവി മൗലവി, പി.കെ മൂസ മൗലവി എന്നിവരുടെ വീക്ഷണത്തില്‍, പ്രധാനപ്പെട്ട പല ഇസ്ലാമിക ഗ്രന്ഥങ്ങളുടെയും കര്‍ത്താവ്, മികച്ച സാഹിത്യകാരന്‍, ഈജിപ്തിലെ ഇസ്ലാമിക പ്രവര്‍ത്തകരുടെ മുന്‍പന്തിയില്‍ നിലകൊള്ളുന്ന പണ്ഡിത ശ്രേഷ്ഠന്‍, റസൂലും സ്വഹാബത്തും സ്വീകരിച്ചുവന്ന മാര്‍ഗത്തില്‍ നിന്ന് ഒട്ടും വ്യതിചലിക്കാതെയും ആധുനിക ഭ്രമമൊന്നും പിടിപെടാതെയും ഖുര്‍ആന്‍ വ്യാഖ്യാനിച്ച മഹാന്‍, ഇസ്ലാമിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച ഇസ്ലാമിക പ്രസ്ഥാന നേതാവ്... ഇതെല്ലാമാണ് സയ്യിദ് ഖുത്ബ്. കേരളാ ജംഇയ്യത്തുല്‍ ഉലമയുടെ മുഖപത്രമായിരുന്ന അല്‍മുര്‍ശിദിന്‍റെ കാഴ്ചപ്പാടനുസരിച്ചു, ഇസ്ലാമിക സിദ്ധാന്തങ്ങളില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുകയെന്ന മഹത്തായ ലക്ഷ്യത്തിനു വേണ്ടി പണിയെടുക്കുന്ന മുസ്ലിം ബ്രദര്‍ഹുഡിന്‍റെ സ്ഥാപക നേതാവും മഹാ പണ്ഡിതനുമാണ് ഹസനുല്‍ ബന്ന.
എന്നാല്‍ ഈ മഹാന്മാരെയും അവരുടെ പ്രസ്ഥാനങ്ങളെയും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ളലാലത്തിന്‍റെയും ബിദഅത്തിന്‍റെയും ആളുകളും വേദികളുമായി ചിത്രീകരിക്കുന്നവരാണ് നേരത്തെ പറഞ്ഞ മുജാഹിദ് പണ്ഡിതന്മാരുടെ മൂന്നാം തലമുറയില്‍ പെട്ട കടുത്ത സങ്കുചിത വീക്ഷണക്കാരായ നവ സലഫികളില്‍ ചിലര്‍. തങ്ങളല്ലാത്തവരെയെല്ലാം അഹ്ലുസ്സുന്നയില്‍ നിന്ന് പുറത്താക്കാനും അവര്‍ക്ക് ഹോള്‍സെയിലായി നരകത്തിലേക്കുള്ള ടിക്കറ്റു കൊടുക്കാനും ഇക്കൂട്ടര്‍ വലിയ തിടുക്കം കാണിക്കുന്നതായും കാണാം! അവര്‍ക്കതിനു പ്രോത്സാഹനം നല്‍കുന്നവരാകട്ടെ, അതിതീവ്രവും അങ്ങേയറ്റം സങ്കുചിതവുമായ കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുന്ന, സലഫി ചിന്താധാരയെ വാട്ടര്‍പ്രൂഫ് കമ്പാര്‍ട്ടുമെന്റാക്കി മാറ്റിയ സലഫി പണ്ഡിതനായ ശൈഖ് റബീഉബ്നു ഹാദീ അല്‍ മദഖലിയും അനുയായികളും! (പ്രവാചക മിഷന്‍ തീര്‍ത്തും ആരാഷ്ട്രിയാമായിരുന്നു എന്ന് വരുത്തിത്തീര്‍ക്കുന്ന منهج الأنبياء في الدعوة الى الله എന്ന ഇദ്ദേഹത്തിന്‍റെ പുസ്തകം മുജാഹിദുകള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ശൈഖ് റബീഇന്‍റെ സഹപാഠിയായിരുന്ന ശൈഖ് അബ്ദുര്‍റഹമാന്‍ അബ്ദുല്‍ ഖാലിഖിന്റെ തന്നെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായ നിരവധി പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകമാണിത്!)
ഇഖ്വാനീ പണ്ഡിതന്മാര്‍ മാത്രമല്ല, പത്തരമാറ്റ് സലഫി പണ്ഡിതന്മാര്‍ പോലും ഇദ്ദേഹത്തിന്‍റെ നാവില്‍ നിന്നും പേനയില്‍ നിന്നും രക്ഷപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം. ശൈഖ് അല്‍ബാനി മുതല്‍ ഹറമിലെ ഇമാം ശൈഖ് സുദൈസ് വരെയുള്ളവരെ പലവിധ കാരണങ്ങളാല്‍ രൂക്ഷമായ ഭാഷയില്‍ ഇദ്ദേഹം വിമര്‍ശിച്ചതായി കാണാം. ഈ ശൈലി അപ്പാടെ പകര്‍ത്തിക്കൊണ്ട് ലോകത്ത് അറിയപ്പെട്ട ഇസ്ലാമിക പണ്ഡിതന്മാരെ പോലും തീര്‍ത്തും അമാന്യമായ ഭാഷയില്‍ വിമര്‍ശിക്കുകയും യോജിപ്പിന് പകരം വിയോജിപ്പിന്‍റെ മേഖലകള്‍ ചികഞ്ഞെടുത്തും ഊതി വീര്‍പ്പിച്ചും അനൈക്യമുണ്ടാക്കുക ഇത്തരക്കാരുടെ ഒരു ഹോബിയത്രെ! നമ്മുടെ നാട്ടിലെ വിസ്ഡക്കാരിലും അവരേക്കാള്‍ തീവ്രത കൂടിയ സംഘടനയില്ലാ ആള്‍കൂട്ടത്തിലുമാണ് ഈ അസുഖം കാര്യമായി കാണുന്നത്.
സലഫികള്‍ക്കിടയിലെ ഇത്തരം ഹിസ്ബികളെ കുറിച്ച് പ്രസിദ്ധ പണ്ഡിതനായ ശൈഖ് ബകര്‍ ബിന്‍ അബ്ദുല്ല تصنيف الناس بين الظن واليقين എന്ന ഗ്രന്ഥത്തില്‍ പറയുന്നത് കാണുക: 'ഇവര്‍ സത്യത്തെ വികൃതമാക്കുകയാണ് ചെയ്യുന്നത്. ചെറുപ്പക്കാരായ ഇക്കൂട്ടര്‍ മഹാന്മാരായ ആളുകളെ നിന്ദിക്കുകയും അവരുടെ വിജ്ഞാനത്തെ വിലകുറച്ച് കാണുകയും ചെയ്യുന്നു. പകയും വിദ്വേഷവും സൃഷ്ടിക്കുന്നു. മുസ്ലിംകളുടെ അവകാശങ്ങള്‍ ഹനിക്കുകയും അഭിമാനക്ഷതമേല്‍പിക്കുകയും ചെയ്യുന്നു... നിരീശ്വര നിര്‍മത വാദികള്‍ക്ക് കുഴപ്പമുണ്ടാക്കാന്‍ അവസരമൊരുക്കികൊടുക്കുകയാണിവര്‍... ഈ ഫിത്നയില്‍ സലഫിയ്യത്തിന്‍റെ മുഖാവരണമണിഞ്ഞ ആളുകളും അവരുടെ പങ്കുവഹിക്കുന്നുണ്ട്. തങ്ങുടെ ദുഷിച്ച നാവുകള്‍ കൊണ്ട് പ്രബോധകന്മാര്‍ക്കെതിരെ ആരോപണമുന്നയിക്കാന്‍ സ്വയം ഉഴിഞ്ഞുവെച്ച ആളുകളാണിവര്‍!'.
സലഫികള്‍ അല്ലാത്തവരോട് സോഫ്റ്റ്‌ കോര്‍ണര്‍ സമീപനം സ്വീകരിക്കുന്നത് പോലും തെറ്റായി കാണുന്ന ശൈഖ് റബീഇന്റേത് പോലുള്ള കുടുസ്സായ നിലപാടുകളെ കുറിച്ച് മദീനാ യുനിവേഴ്സിറ്റിയിലെ അഖീദാ ഡിപ്പാര്‍ട്ട്മന്റിന്‍റെ തലവനായിരുന്ന ശൈഖ് ഖനീമാന്‍ الهوى وأثره في الخلاف എന്ന ഗ്രന്ഥത്തില്‍ പറയുന്നത് കാണുക: 'ഇക്കൂട്ടരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം ധാരാളം യുവാക്കള്‍ക്ക് ആശയക്കുഴപ്പമുണ്ടായിരിക്കുന്നു. അവരില്‍ ചിലര്‍ സന്മാര്‍ഗത്തില്‍നിന്ന് വഴിതെറ്റിപ്പോയിരിക്കുന്നു. ഈ നിരൂപകന്‍മാര്‍ വരച്ചുകാണിച്ച പാതയിലൂടെ മുന്നോട്ടുപോകുന്നതുമൂലം ആ ചെറുപ്പക്കാര്‍ക്കും മുസ്ലിം പണ്ഡിതന്മാര്‍ക്കുമിടയിലുള്ള അകലം വര്‍ദ്ധിക്കുകയാണ്. ചിലര്‍ ആളുകളെ തരംതിരിക്കുകയാണ്. അവര്‍ പറയും: ഇന്നയാള്‍ ഇഖവാനിയാണ്. കാരണം അയാള്‍ ഒരു ഇഖവാനിയോടു സംസാരിക്കാറുണ്ട്. അല്ലെങ്കില്‍ സന്ദര്‍ശിക്കാറുണ്ട്... മറ്റെയാള്‍ സുറുറിയാണ്... ഇയാള്‍ പ്രയോജനവാദിയാണ്... ഇങ്ങനെ പോകുന്നു അവരുടെ തരംതിരിവ്. ഇതുവഴി ആളുകളുടെ യോഗ്യതായോഗ്യതകള്‍ പരിശോധിക്കുകയാണ് തങ്ങളെന്ന അവരുടെ അവകാശവാദമാണ് അത്ഭുതകരം. ചില വിവരദോഷികളെ നേതാക്കളാക്കിയിരിക്കുകയാണിവര്‍. അതുവഴി അവര്‍ സ്വയം വഴിപിഴക്കുകയും മറ്റുള്ളവരെ വഴിപിഴപ്പിക്കുകയും ചെയ്യുന്നു.'
ഇനി, 'റബീഉസ്സുന്ന' എന്നൊക്കെ അനുയായികളാല്‍ വിശേഷിപ്പിക്കപ്പെടുന്ന ഇത്തരക്കാരുടെ മാതൃകാ പുരുഷന്‍ ശൈഖ് റബീഉബ്നു ഹാദീ അല്‍ മദഖലിയുടെ ഏതാനും വാചകങ്ങള്‍ കാണുക:
"والله ﻻ يجتمع منهج سيد قطب والبنا والمودودي مع مع المنهج السلفي أبداً ﻻ يجتمعان أبداً فلا يجتمع الضلال والهدى فافهموا يا أيها الشباب وعليكم بمنهج السلف الصالح. والله ﻻ تخرج الأمة من مشاكلها وما تعيش فيه من ذل وهوان إلا بالرجوع إلى كتاب الله و سنة الرسول وفقه السلف الصالح في قضايا الخوارج وقضايا غيرهم."
(الذريعة إلى بيان مقاصد كتاب الشريعة.الجزء: 1/صفحة : 97)
(അള്ളാഹുവാണ് സത്യം, സയ്യിദ്‌ ഖുതുബ്, ബന്ന, മൗദൂദി തുടങ്ങിയവരുടെ മൻഹജും സലഫീ മൻഹജും ഒരിക്കലും സമ്മേളിക്കുകയില്ല. സന്മാർഗവും വഴികേടും ഒരിക്കലും ചേരില്ല. യുവാക്കൾ ഇക്കാര്യം ഉൾക്കൊള്ളണം. നിങ്ങൾ സലഫു സ്സ്വാലിഹീങ്ങളുടെ മൻഹജാണ് പിന്തുടരേണ്ടത്.
അള്ളാഹുവാണ് സത്യം, ഈ ഉമ്മത്ത്‌, അതിന്റെ പരാധീനതകളിൽ നിന്നും ശോചനീയാവസ്ഥയിൽ നിന്നുമുള്ള മോചനത്തിനു, ഖവാരിജുകളുടെ വിഷയത്തിലും അല്ലാത്തവയിലും അള്ളാഹുവിന്റെ കിത്താബിലേക്കും റസൂലിന്റെ സുന്നത്തിലേക്കും, സലഫുസ്സ്വാലിഹീങ്ങളുടെ ഫിഖ്ഹിലേക്കും മടങ്ങാതെ തരമില്ല.)
പ്രസിദ്ധ സലഫി ഹദീസ് പണ്ഡിതനും ദമ്മാജ് സ്ഥാപകനുമായ ശൈഖ് മുഖ്ബില്‍ വാദിഈയുടെ ഒരു ലഘു ഫത്വയില്‍ സയ്യിദ് മൗദൂദിയെ കുറിച്ച്, അദ്ദേഹം അഹ്ലുസ്സുന്നയില്‍ നിന്ന് വ്യതിചലിച്ച ആളാണ്‌ എന്ന രൂപത്തിലുള്ള ഒരു പരാമര്‍ശം കാണാം. എന്നാല്‍ അങ്ങനെ പറയാന്‍ അദ്ദേഹം സമര്‍പ്പിക്കുന്ന ന്യായമാണ് ഏറെ രസകരം. 'നമ്മുടെ സഹോദരന്‍ ശൈഖ് റബീഉ പറഞ്ഞിട്ടുണ്ട്, ദജ്ജാലിന്‍റെ വരവുമായി ബന്ധപ്പെട്ട ഹദീസുകളെ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്' എന്നതാണത്! ദജ്ജാലുമായി ബന്ധപ്പെട്ട സയ്യിദ് മൗദൂദിയുടെ വീക്ഷണം എന്താണ് എന്ന കാര്യം അദ്ദേഹത്തിന്‍റെ ഖത്മുന്നുബുവ്വത്ത് എന്ന പുസ്തകത്തിലും ചോദ്യോത്തരങ്ങളിലും മറ്റും വിശദമായി രേഖപ്പെടുത്തപ്പെട്ടു കിടക്കുന്നു എന്നിരിക്കെ, തനിക്കറിയാത്ത ഒരു കാര്യത്തെ കുറിച്ച് ഇന്നയാള്‍ പറഞ്ഞിട്ടുണ്ട് എന്ന കോലത്തില്‍ ഒരു പണ്ഡിതന്‍ മറ്റൊരു പണ്ഡിതനെ കുറിച്ച് ഫത്വാ നല്‍കുന്നെങ്കില്‍ അതിന്‍റെ നിലവാരം നമുക്ക് ആലോചിക്കാവുന്നതേയുളളൂ.
ഇനി ശൈഖ് റബീഉബ്നു ഹാദി അല്‍ മദഖലിക്ക് സയ്യിദ് ഖുത്ബിനോടും ഹസനുല്‍ ബന്നയോടുമെല്ലാം വിരോധമുണ്ടാകുവാനുള്ള കാരണം എന്താണെന്ന് പരിശോധിച്ചാല്‍ അതില്‍ യാതൊരു അത്ഭുതവും നമുക്ക് തോന്നുകയില്ല. അദ്ദേഹം പണ്ട് പഠന കാലത്ത് ഇഖ്വാനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ്. അന്ന് സയ്യിദ് ഖുത്ബിനെ കുറിച്ച് വളരെ നല്ല അഭിപ്രായം പറഞ്ഞിട്ടുമുണ്ട്. പിന്നീട് ഇഖ്വാനുമായി പിണങ്ങിയപ്പോള്‍ ആ സ്നേഹം വിരോധമായി മാറി എന്ന് മാത്രം. കെ.എന്‍.എമ്മില്‍ നിന്ന് ഇറങ്ങിപ്പോവുകയോ ഇറക്കിവിടപ്പെടുകയോ ചെയ്തവര്‍ക്ക് കെ.എന്‍.എമ്മിനോടും അതിന്‍റെ നേതാക്കളോടും ഉണ്ടാകുന്ന അതേ കെറുവ് തന്നെ! കൂടാതെ അദ്ദേഹത്തിന്‍റെ പ്രകൃതം തന്റെതല്ലാത്ത നിലപാട് സ്വീകരിക്കുന്നവരെ മുഴുവന്‍ വിമര്‍ശിക്കുക എന്നതാണെന്ന കാര്യം നാം കാണുകയും ചെയ്തല്ലോ. അതിനാല്‍ സയ്യിദ് മൗദൂദിക്കും സയ്യിദ് ഖുതുബിനുമെതിരെ ഇത്തരം പണ്ഡിതന്മാരെ എഴുന്നള്ളിക്കുന്നവര്‍ വ്യക്തമാക്കേണ്ട ഒരു കാര്യമുണ്ട്. നിങ്ങളെ കുറിച്ച് കെ.എന്‍.എമ്മുകാര്‍ പറയുന്നതും കെ.എന്‍.എമ്മുകാരെ കുറിച്ച് നിങ്ങള്‍ പറയുന്നതും മുഴുവന്‍ ശരിയാണ് എന്ന്‍ വിശ്വസിക്കാന്‍ പറ്റുമോ? പറ്റുമെങ്കില്‍ രണ്ടുകൂട്ടരും പറയുന്നത് കള്ളമാണ് എന്നല്ലേ അതില്‍നിന്നു വന്നു ചേരുക?!
ഇവിടെയാണ് ശൈഖ് റബീഇനെ കുറിച്ച് അദ്ദേഹത്തിന്‍റെ സഹപാഠിയും കുവൈത്തിലെ പ്രസിദ്ധ സലഫി പണ്ഡിതനുമായ ശൈഖ് അബ്ദുര്‍റഹമാന്‍ അബ്ദുല്‍ ഖാലിഖ് പറഞ്ഞ കാര്യങ്ങള്‍ പ്രസക്തമാവുന്നത്. സലഫി പ്രസ്ഥാനമല്ലാത്ത പ്രസ്ഥാനങ്ങള്‍ മുഴുവന്‍ നശിപ്പിക്കപ്പെടെണ്ടതാണു എന്ന് സിദ്ധാന്തിച്ചുകൊണ്ട്‌ ശൈഖ് മദ്ഖലി എഴുതിയ جماعة واحدة لا جماعات، وصراط واحد لا عشرات എന്ന കൃതിക്ക് ശൈഖ് അബ്ദുര്‍റഹമാന്‍ അബ്ദുല്‍ ഖാലിഖ് എഴുതിയ മറുപടിയായ الرد الوجيز علي الشيخ ربيع بن هادي المدخلي എന്ന പുസ്തകത്തില്‍ അദ്ദേഹം പറയുന്നത് കാണുക: ശൈഖ് റബീഇന് ദീര്‍ഘ ദൃഷ്ടി കുറവാണ്. ഒരു കാര്യം നന്നാക്കിയെടുക്കാനായിരിക്കും അദ്ദേഹം ഉദ്ദേശിക്കുന്നത്. പക്ഷെ, അത് ചീത്തയാക്കിക്കളയും. ഒരു ചെറിയ തിന്മ ഇല്ലാതാക്കാനുദ്ദേശിച്ചു അവസാനം വലിയ തിന്മയില്‍ ചെന്ന് ചാടും. ഭക്ഷണത്തിലുള്ള ഈച്ചയെ കൊല്ലാന്‍ വടിയെടുക്കുന്ന പോലെ!... സലഫികളല്ലാത്ത തബ്ലീഗ് ജമാഅത്ത്, ഇഖവാന്‍ തുടങ്ങി ഇന്ന് നിലവിലുള്ള പ്രബോധന പ്രസ്ഥാനങ്ങള്‍ മുഴുവന്‍ ഭൂമിയില്‍നിന്നു പിഴുതെറിയപ്പെടെണ്ടതാണ് എന്നദ്ദേഹം അഭിപ്രായപ്പെടുന്നു. കാഫിറുകളോട് യുദ്ധം ചെയ്യുന്നപോലെ അവരോടു യുദ്ധം ചെയ്യണമെന്നും. പ്രബോധന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മൂലം ജനങ്ങള്‍ ദീനിലേക്ക് മടങ്ങുകയും ഇസ്ലാമിനെ ഒരു ജീവിത പദ്ധതിയും സരണിയുമായി സ്വീകരിക്കുകയും ചെയ്തു തുടങ്ങിയത് ചിലരെ ആലോസരപ്പെടുത്തിയിരിക്കുന്നു. അവര്‍ക്ക് ശൈഖ് റബീഇനെ കിട്ടിയത് വലിയ കാര്യമായി. പ്രബോധകാരോടും പരിഷ്കര്‍ത്താക്കളോടും പ്രബോധന പ്രസ്ഥാനങ്ങളോടും യുദ്ധം ചെയ്യാന്‍ അവര്‍ അദ്ദേഹത്തിനു പിന്‍ബലം നല്‍കുന്നു... അങ്ങനെ ഇസ്ലാമിക സംഘടനകളുടെയും പ്രബോധകരുടെയും തെറ്റു തിരുത്താന്‍ അദ്ദേഹം രംഗത്ത് വരുന്നു. 'അവരെ കരുതിയിരിക്കുക, അവര്‍ ഇസ്ലാമിനെ നശിപ്പിക്കും, മുസ്ലിംകളെ കുഴപ്പത്തിലാക്കും' എന്നൊക്കെ അദ്ദേഹം വിളിച്ചുപറയുന്നു. അതദ്ദേഹത്തിന്‍റെ പല്ലവിയായി മാറുന്നു. ഈ പ്രബോധകന്‍ നിരീശ്വരവാദിയാണ്. മറ്റേയാള്‍ ഖാരിജിയാണ്. ഇയാള്‍ ബാത്വിനിയാണ്... ഇതാണ് അദ്ദേഹത്തിന്‍റെ രീതി. ഇസ്ലാമിക പ്രബോധകരോടു യുദ്ധം ചെയ്യാന്‍ താന്‍ സ്വീകരിച്ച ഈ രീതിക്ക് ശര്‍ഈ മാനമുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നതാണു ശൈഖ് റബീഉ ചെയ്യുന്ന ഏറ്റവും അപകടകരമായ കാര്യം... സലഫുകളുടെ വാചകങ്ങളെ മാത്രമല്ല ഖുര്‍ആനും സുന്നത്തും പോലും അസ്ഥാനത്ത് ഉദ്ധരിച്ചു. പ്രബോധകന്മാരോടും പരിഷ്കര്‍ത്താക്കളോടും നീതി കാണിക്കുക എന്നത് ബിദ്അത്തുകാരുടെ അടിസ്ഥാനമാണെന്നും അവരുടെ നന്മകളെ പുച്ഛീക്കുകയും വീഴ്ചകളെ പിടികൂടുകയും ചെയ്യുകയെന്നതാണ് അഹ്ലുസ്സുന്നത്തിന്‍റെ സിദ്ധാന്തമെന്നും അദ്ദേഹം മനസ്സിലാക്കി. സലഫികളെ ഏകോപിപ്പിക്കാനുദ്ദേശിച്ച് അവരെ ഭിന്നിപ്പിക്കുകയാണദ്ദേഹം ചെയ്തത്.മുസ്ലിംകളെ സേവിക്കാനുദ്ദേശിച്ചു അവര്‍ക്ക് ഉപദ്രവം വരുത്തിവെച്ചു. സംഘടനയും ഭിന്നിപ്പും നിരോധിക്കാനുദ്ദേശിച്ച അദ്ദേഹം സംഘടനയുടെതായ മുഴുവന്‍ തിന്മകളും സൃഷ്ടിച്ചു ഭിന്നിപ്പിന്‍റെ വിത്ത് വിതച്ചു. ദീനിലെ ഏതാനും ശാഖാപരമായ അഭിപ്രായ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ മുസ്ലിംകളോടുള്ള ബന്ധവും ബന്ധ വിഛേദനവും തീരുമാനിക്കുന്ന , ഇജ്തിഹാദിയായ അഭിപ്രായത്തിലുള്ള ചെറിയ വ്യത്യാസങ്ങളുടെ പേരില്‍ അഹ്ലുസ്സുന്നത്തില്‍ നിന്ന് പുറത്താക്കുന്ന ഒരു സംഘത്തെ അദ്ദേഹം ഉണ്ടാക്കിയെടുത്തു.
അപ്പോള്‍ ഇതാണ് ശൈഖ് റബീഇന്‍റെ നിലപാടുകള്‍. ഇത്തരത്തിലുള്ള ഒരാള്‍ സലഫികളല്ലാത്ത ഇസ്ലാമിക പണ്ഡിതന്മാരെയോ പ്രബോധക പ്രസ്ഥാനങ്ങളെയോ അംഗികരിക്കുക എന്നത് അസംഭവ്യമാണല്ലോ. എന്നാല്‍ സലഫി ചിന്താധാരയുടെ തലപ്പത്ത് നിലകൊള്ളുന്ന മഹാന്മാരായ സലഫി പണ്ഡിതന്മാരുടെ നിലപാടുകള്‍ ഇതില്‍ നിന്നും ഏറെ ഭിന്നമാണ്‌. ശൈഖ് റബീഉ അവരില്‍ പലരെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും കാര്യമായൊന്നും അവരതില്‍ വീണുപോയിട്ടില്ല എന്നതാണ് വാസ്തവം. അതുകൊണ്ടാണു ശൈഖ് ഇബ്നുബാസ്, ശൈഖ് നാസ്വിറുദ്ധീന്‍ അല്‍ബാനി, ശൈഖ് ബകര്‍ അബൂ സൈദ്‌, ശൈഖ് ഗനീമാന്‍, ശൈഖ് അബ്ദുല്ലാഹിബ്നു ജബ്റൈന്‍ തുടങ്ങിയ സലഫി പണ്ഡിതന്മാര്‍ സയ്യിദ് മൗദൂദിയെയും സയ്യിദ് ഖുത്ബിനെയും ഹസനുല്‍ ബന്നയെയും അവരുടെ പ്രസ്ഥാനങ്ങളെയും കുറിച്ച് -വിയോജിപ്പുകള്‍ തുറന്നു പറഞ്ഞുകൊണ്ട് തന്നെ- വളരെ നല്ല അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ഇവ്വിധം, ശൈഖ് റബീഇല്‍ നിന്ന് വ്യത്യസ്തമായി, സയ്യിദ് മൗദൂദിയോടും സയ്യിദ് ഖുത്ബിനോടും ഹസനുല്‍ ബന്നയോടും അവര്‍ മുന്നോട്ടുവെച്ച ഹക്കിമിയ്യത്ത് സിദ്ധാന്തത്തോടുമെല്ലാം വളരെ നല്ല സമീപനം സ്വീകരിച്ച, അവരുടെ അനുഗ്രഹങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ച, അവരെ എതിര്‍ക്കുകയും അമാന്യമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തതിന്‍റെ പേരില്‍ ശൈഖ് റബീഇനെ ഖണ്ഡിച്ച ഇത്തരം സലഫി പണ്ഡിതന്മാരുടെ വാചകങ്ങള്‍ കാണുക. അത് വായിച്ചതിനു ശേഷം നിങ്ങള്‍ക്ക് വിലയിരുത്താം, ആര് പറയുന്നതാണ് ശരി എന്ന്:
'സയ്യിദ് ഖുത്ബിന്‍റെയും മറ്റും പുസ്തകങ്ങള്‍ വായിക്കരുതെന്ന് ചിലയാളുകള്‍ പറയുന്നുണ്ടല്ലോ, എന്താണ് താങ്കളുടെ അഭിപ്രായം?' എന്ന് സുഊദി അറേബ്യയിലെ ഉന്നത പണ്ഡിതസഭാംഗം ശൈഖ് അബ്ദുല്ലാഹിബിന്‍ ജബ് റൈനിനോടു ചിലര്‍ അന്വേഷിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി എല്ലാ നവ സലഫികള്‍ക്കുമായി സമര്‍പ്പിക്കുന്നു:
أقول إن سيد قطب وحسن البنا من علماء المسلمين ومن أهل الدعوة قد نفع الله بهما وهدى بدعوتهما خلقا كثيرا ولهما جهود لا تنكر، ولأجل ذلك شفع الشيخ عبد العزيز بن باز في سيد قطب عندما قُرِر عليه القتل، فلم يَقبل الشفاعة الرئيس جمال، عليه من الله ما يستحق، ولما قتل كل منهما أطلق على كل واحد أنه شهيد ، ولم يطعن أحد فيهما منذ أكثر من عشرين عاما.
(തീര്‍ച്ചയായും സയ്യിദ് ഖുത്ബും ഹസനുല്‍ ബന്നയും ഇസ്ലാമിക പണ്ഡിതന്മാരും പ്രബോധകന്മാരുമാണ്. അവര്‍ മുഖേന അല്ലാഹു ഈ സമുദായത്തിനു ഒരുകുറെ പ്രയോജനങ്ങള്‍ ഉണ്ടാക്കുകയും അവരുടെ ദഅവത്ത് മുഖേന ധാരാളമാളുകള്‍ ഹിദായത്തിലാവുകയും ചെയ്തിട്ടുണ്ട്. അവരുടെ സേവനങ്ങളെ ഒരിക്കലും നിഷേധിക്കുക സാധ്യമല്ല. ഇക്കാരണങ്ങളാല്‍ തന്നെയാണ് സയ്യിദ് ഖുത്ബിനെതിരേ വധശിക്ഷ പുറപ്പെടുവിച്ചപ്പോള്‍ ശൈഖ് ഇബ്നുബാസ് അദ്ദേഹത്തിനു വേണ്ടി ശിപാര്‍ശ പറഞ്ഞത്. പക്ഷെ ജമാല്‍ അബ്ദുന്നാസ്വിര്‍ ആ ശിപാര്‍ശ സ്വീകരിക്കുകയുണ്ടായില്ല. -അയാള്‍ അര്‍ഹിക്കുന്നതെന്തോ അതുതന്നെ അല്ലാഹു അയാള്‍ക്ക് നല്‍കട്ടെ. സയ്യിദ് ഖുത്ബും ഹസനുല്‍ ബന്നയും കൊല്ലപ്പെട്ടപ്പോള്‍ അവര്‍ രക്തസാക്ഷികള്‍ ആണെന്നാണ്‌ ശൈഖ് പറഞ്ഞത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ ഒരാളും അവര്‍ രണ്ടുപേരെയും ആക്ഷേപിച്ചിട്ടില്ല തന്നെ.)
ശൈഖ് ജബ് റൈന്‍ തന്നെ മറ്റൊരിക്കല്‍ പറഞ്ഞത് ഇങ്ങനെ:
ولكن إذا كانوا يدينون كلهم بالإسلام، ويعتقدون مُعتقد السلف، وإنما اختلفوا في الفروع، كالمذاهب الأربعة، واختلفوا في مناهج الدعوة، أو اختلفوا في الأسماء مع اتفاقهم في المُسمى، كالإخوان المسلمين وأهل التوحيد والسلفيين وأهل التبليغ من أهل السُنة،فلا بأس بهذه الأسماء (موقع الشيخ ابن جبرين فتوى رقم :8326).
(ഇസ്ലാമിന് വിധേയപ്പെടുകയും സലഫുകളുടെ വിശ്വാസം വെച്ചുപുലര്‍ത്തുകയും ചെയ്യുന്നവരാണെങ്കില്‍, പേരിലും പ്രബോധന രീതിശാസ്ത്രത്തിലും ഭിന്നിച്ചവരാണെങ്കിലും നാലു മദഹബുകളെ പോലെ, ശാഖാപരമായ കാര്യങ്ങളില്‍ വ്യത്യസ്ത വീക്ഷണക്കാരായാല്‍ പോലും ഇഖ്വാനുല്‍ മുസ്ലിമുന്‍, തൌഹീദുകാര്‍, സലഫികള്‍, തബ്ലീഗുകാര്‍... പോലുള്ളവരെല്ലാം അഹ്ലുസ്സുന്നയില്‍ പെട്ടവരത്രെ. പേരുകള്‍ വ്യത്യസ്തമാകുന്നത് കൊണ്ട് പ്രശ്നമില്ല.)
സുഊദി അറേബ്യയിലെ ഗ്രാന്‍റ് മുഫ്തിയായിരുന്ന ശൈഖ് ഇബ്നുബാസ് തബ്ലീഗ് ജമാഅത്ത്, ഇഖവാനുല്‍ മുസ്ലിമൂന്‍, ജമാഅത്തെ ഇസ്ലാമി എന്നീ പ്രസ്ഥാനങ്ങളോടുള്ള തന്‍റെ നിലപാട് ആവര്‍ത്തിച്ചു വ്യക്തമാക്കിയത് ഇങ്ങനെ: തബ്ലീഗ് ജമാഅത്തിനെ കുറിച്ച് ചില കാര്യങ്ങള്‍ മനസ്സിലാവാതെ പോയതിനാല്‍ നമ്മുടെ ഫതവാ സമിതി രണ്ടുവര്‍ഷം മുമ്പ് അവരെ കുറിച്ച് അനുയോജ്യമല്ലാത്ത ഒരു ഫതവ നല്‍കിയിട്ടുണ്ട്. അതനുസരിച്ചല്ല, ഇപ്പോള്‍ നാം പറയുന്നതനുസരിച്ചാണ് ഇനി പ്രവര്‍ത്തിക്കേണ്ടത്. പുണ്യത്തിന്‍റെയും തഖവയുടെയും കാര്യത്തില്‍ അവരോടു സഹകരിക്കുകയും അവര്‍ക്ക് സംഭവിക്കുന്ന തെറ്റുകള്‍ തിരുത്തുകയും ചെയ്യേണ്ടത് വിവരമുള്ള സര്‍വര്‍ക്കും നിര്‍ബന്ധമത്രേ. അല്‍ ഇഖവാനുല്‍ മുസ്ലിമൂന്‍, ഇന്ത്യയിലും പാക്കിസ്ഥാനിലും മറ്റുമുള്ള ജമാഅത്തെ ഇസ്ലാമി തുടങ്ങിയ പ്രസ്ഥാനങ്ങളോടും ഇതേ സമീപനം തന്നെയാണ് സ്വീകരിക്കേണ്ടത്. എല്ലാവര്‍ക്കും ന്യൂനതകളുണ്ട്. എന്നാലും പുണ്യത്തിന്റെയും തഖവയുടെയും കാര്യത്തിലും മുസ്ലിംകള്‍ക്ക് ഉപകരിക്കുന്ന വിഷയങ്ങളിലും പരസ്പരം സഹകരിക്കേണ്ടത് നിര്‍ബന്ധമാകുന്നു. (ഹി. 15/04/1407 ലെ ഫതവ)
പ്രസിദ്ധ സലഫി ഹദീസ് പണ്ഡിതനായ ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി, ഇസ്ലാമിക സംഘടനകള്‍ പരസ്പരം സഹകരിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് പറയുന്നത് കാണുക: 'ഈ സംഘടനകളൊക്കെ അനിവാര്യമാണ് എന്നാണു ഞാന്‍ വിശ്വസിക്കുന്നത്... എനിക്കുറപ്പുണ്ട്, സലഫികള്‍ക്ക് മാത്രമോ ഇഖവാനുല്‍ മുസ്ലിമൂന് മാത്രമോ മറ്റേതെങ്കിലും ഒരു സംഘടനക്ക് മാത്രമോ എല്ലാ കാര്യങ്ങളും ചെയ്യുക സാധ്യമല്ല. എല്ലാവരും ഒരു വൃത്തത്തിനകത്ത് ഒന്നിച്ചു നിന്ന് പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുന്നത് എന്നാണോ അന്നേ ഇസ്ലാമിന്‍റെ വിജയമുണ്ടാവൂ. വിശ്വാസികളെ സന്തോഷിപ്പിക്കുന്ന വിജയം!... ഇസ്ലാമിനും സെക്യുലറിസത്തിനുമിടയില്‍ യുദ്ധം നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. കുറഞ്ഞതോ കൂടിയതോ ആയ അളവില്‍ വ്യതിചലനങ്ങള്‍ സംഭവിച്ച ഇസ്ലാമിക സംഘടനകളോടുള്ള തന്‍റെ സമീപനം വ്യക്തമാക്കാന്‍ ധൃതികാണിക്കുക എന്നതല്ല, ഇസ്ലാമൈനോടു പ്രതിബദ്ധതയുള്ള ഒരു മുസ്ലിം ഈ സാഹചര്യത്തില്‍ ചെയ്യേണ്ടത്. ഇപ്പോള്‍ അതിന്‍റെ സമയമല്ല. ഇസ്ലാമിക സംഘടനകള്‍ മുഴുവന്‍ സെക്യുലറിസ്റ്റ് ആക്രമണങ്ങള്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്നിരിക്കെ, ഈ ഇസ്ലാമിസ്റ്റുകള്‍ സത്യത്തിലാണ്, മറ്റേ ഇസ്ലാമിസ്റ്റുകള്‍ക്ക് ചില്ലറ വ്യതിയാനമുണ്ട്, മറ്റേ ഇസ്ലാമിസ്റ്റുകള്‍ സത്യത്തിന്‍റെ പാതയില്‍നിന്നു പറ്റേ വ്യതിചലിച്ചു പോയിരിക്കുന്നു എന്നൊന്നും പറയേണ്ട സമയമല്ല ഇത്. ഇപ്പോള്‍ രണ്ടു മുന്നണിയേയുള്ളൂ. ഒന്ന് ഇസ്ലാമിക മുന്നണി; അതില്‍ ഇസ്ലാമിക സംഘടനകളൊക്കെയുമുണ്ട്. മറ്റേത് കുഫ്റിന്റെ മുന്നണി; അതില്‍ പലരുമുണ്ട്. അവരാകട്ടെ ഇസ്ലാമിനെതിരെയുള്ള സമരത്തില്‍ എകോപിച്ചിരിക്കുന്നു.'
സയ്യിദ് മൗദൂദിയും സയ്യിദ് ഖുത്ബുമെല്ലാം ഊന്നിപ്പറഞ്ഞ ഹാക്കിമിയ്യത്തിനെ സലഫി പണ്ഡിതന്മാര്‍ അംഗികരിക്കുന്നില്ല, അവരതിനെ എതിര്‍ക്കുകയാണ് ചെയ്തിട്ടുള്ളത് എന്നൊക്കെ ചില നവ സലഫികള്‍ തട്ടിവിടാറുണ്ടല്ലോ. അസത്യമാണത് എന്ന് വ്യക്തമാക്കുന്ന ശൈഖ് അല്‍ബാനിയുടെ തന്നെ വാചകങ്ങള്‍ കാണുക:
مِنْ أُصُولِ الدَّعْوَةِ السَّلَفِيَّةِ، وَهُوَ أَنَّ الْحَاكِمِيَّةَ لِلّهِ وَحْدَهُ، وَذَكَرْنَاهُ. بِقَولِهِ تَعَالَى فِي النَّصَارَى: {اِتَّخَذُوا أَحْبَارَهِمْ وَرُهْبَانِهُمْ أَرْبَابًا مِنْ دُونِ اللهِ} - (سلسلة الأحاديث الصحيحة: 2507)
(സലഫി ദഅവത്തിന്‍റെ മൗലികാടിത്തറയിൽ പെട്ടതാണ് ഹാക്കിമിയ്യത്ത് അല്ലാഹുവിന് മാത്രമാണ് എന്നത്.)
മറ്റൊരിടത്ത് ഹാക്കിമിയ്യത്ത് വിഷയം പറയവേ സയ്യിദു മൗദൂദിയെയും സയ്യിദ് ഖുത്ബിനെയും പ്രത്യേകം എടുത്തുപറഞ്ഞുകൊണ്ട് തന്നെ അദ്ദേഹം രേഖപ്പെടുത്തിയത് കാണുക:
وَاجِبُ الشَّبَابِ المُسْلِمِ المُثَقَّفِ اليَوْمَ: وَخِتَامًا أَيُّهَا الْإِخْوَةُ: لَسْتُ أُرِيدُ مِنْ كَلِمَتِي هَذِهِ أَنْ أَحْمِلَكُمْ عَلَى أَنْ تَكُونُوا جَمِيعًا أَئِمَّةً مُجْتَهِدِينَ وَفُقَهَاءَ مُحَقِّقِينَ - وَإِنْ كَانَ ذَلِكَ يَسُرَّنِي كَمَا يَسُرُّكُمْ. إِذْ أَنَّ ذَلِكَ غَيْرُ مُمْكِنٍ عَادَةً لِضَرُورَةِ اِخْتِلَافِ الاِخْتِصَاصَاتِ وَتَعَاوُنِ المُتَخَصِّصِينَ بَعْضُهُمْ مَعَ بَعْضٍ وَإِنَّمَا أَرَدْتُ مِنْهَا أَمْرَيْنِ اِثْنَيْنِ: الأَوَّلُ: أَنْ تَنْتَبِهُوا لِأَمْرٍ خَفِيَ عَلَى كَثِيرٍ مِنَ الشَّبَابِ المُؤْمِنِ المُثَقَّفِ اليَوْمَ فَضْلًا عَنْ غَيْرِهِمْ وَهُوَ أَنَّهُمْ فِي الوَقْتِ الَّذِي عَلِمُوا فِيهِ - بِفَضْلِ جُهُودِ وَكِتَابَاتِ بَعْضِ الكُتَّابِ الإِسْلَامِيِّينَ مِثْلَ السَّيِّدِ قُطْبٍ رَحِمَهُ الله تَعَالَى وَالعَلَّامَةُ الْمَوْدُودِي حَفِظَهُ الله وَغَيْرِهِمَا أَنَّ حَقَّ التَّشْرِيعِ إِنَّمَا هُوَ لِلَّهِ تَعَالَى وَحْدَهُ لَا يُشَارِكُهُ فِيهِ أَحَدٌ مِنَ البَشَرِ أَوِ الهَيْئَاتِ وَهُوَ مَا عَبَّرُوا عَنْهِ بِ (الْحَاكِمِيَّةِ لِلَّهِ تَعَالَى) وَذَلِكَ صَرِيحُ تِلْكَ النُّصُوصِ المُتَقَدِّمَةِ فِي أَوَّلِ هَذِهِ الكَلِمَةِ مِنَ الكِتَابِ وَالسُّنَّةِ. أَقُولُ: فِي الوَقْتِ هَذَا نَفْسِهُ فَإِنَّ كَثِيرًا مِنْ هَؤُلَاءِ الشَّبَابِ لَمْ يَتَنَبَّهْ بَعْدُ أَنَّ المُشَارَكَةَ المُنَافِيَةَ لِمَبْدَأِ الْحَاكِميَّةِ لِلَّهِ تَعَالَى، لَا فَرْقَ فِيهَا بَيْنَ كَوْنِ البَشَرِ المُشَرِّعِ مِنْ دُونِ اللهِ مُسْلِمًا أَخْطَأَ فِي حُكْمٍ مِنْ أَحْكَامِ اللهِ، أَوْ كَافِرًا نَصَبَ نَفْسَهُ مُشَرِّعًا مَعَ اللهِ وَبَيْنَ كَوْنِهِ عَالِمًا أَوْ جَاهِلًا، كُلُّ ذَلِكَ يُنَافِي المَبْدَأَ المَذْكُورَ الَّذِي آمَنَ بِهِ الشَّبَابُ وَالحَمْدُ لله تَعَالَى.(الحَدِيثُ حُجَّةٌ بِنَفْسِهِ فِي العَقَائِدِ وَالأَحْكَامِ: صِ: ٩٧)
(വിദ്യാസമ്പന്നരായ മുസ്ലിം യുവതയുടെ ഇന്നത്തെ ബാധ്യത: സഹോദരങ്ങളെ, അവസാനിപ്പിച്ചുകൊണ്ട് ഞാൻ പറയട്ടെ. നിങ്ങളെല്ലാവരും മുജ്തഹിദുകളായ ഇമാമുമാരും സൂക്ഷ്മജ്ഞാനികളായ ഫുഖഹാക്കളും ആകണം എന്നല്ല ഞാൻ ഉദ്ദേശിക്കുന്നത്. അക്കാര്യം നിങ്ങളെയെന്ന പേലെ എന്നെയും സന്തോഷിപ്പിക്കുന്നതാണെങ്കിലും. എന്നാൽ, വൈദഗ്ദ്യങ്ങളിലെ അനിവാര്യമായ വൈവിധ്യം കൊണ്ടും അതിൽ മനുഷ്യർ പരസ്പരം കൊണ്ടും കൊടുത്തും കഴിയേണ്ടതിനാലും സാധാരണ ഗതിയിലത് സാധ്യവുമല്ല. യഥാർത്ഥത്തിൽ, രണ്ട് കാര്യങ്ങളാണ് ഞാനുദ്ദേശിക്കുന്നത്. ഒന്ന്: സമുദായത്തിലെ വിശ്വാസികളും വിദ്യാസമ്പന്നരുമായ മിക്ക യുവാക്കൾക്ക് പോലും ഗോപ്യമായിരിക്കുന്ന ഒരു കാര്യത്തെ പറ്റി നിങ്ങൾ ഉണർന്ന് ചിന്തിക്കണം. സയ്യിദ് ഖുതുബിനെയും (അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ) അല്ലാമാ മൗദൂദിയേയും (അല്ലാഹു അദ്ദേഹത്തെ കത്ത് രക്ഷിക്കുമാറാകട്ടെ). പോലെയുള്ള ഇസ്ലാമിസ്റ്റ് എഴുത്തുകാരുടെ അത്യദ്ധ്വാനത്തിന്റെ ഫലമായി അവരിന്ന് മനസ്സിലാക്കിയ, ഹാകിമിയ്യത് (നിയമനിർമാണത്തിന്റെ പരമാധികാരം) അല്ലാഹുവിന് മാത്രമാണെന്നും, അതിൽ ഏതെങ്കിലും മനുഷ്യനൊ സമിതികളൊ ഒരു പങ്കും വഹിക്കുന്നില്ല എന്നും വ്യക്തമാക്കുന്ന കാര്യത്തെ സംബന്ധിച്ചാണത്. നിയമനിർമ്മാണാധികാരം അല്ലാഹുവിന് മാത്രം (الْحَاكِمِيَّةُ لِلَّهِ تَعَالَى) എന്ന സംജ്ഞയിലൂടെ അവര്‍ വിശദീകരിച്ചത് അതാണ്. നേരത്തെ ഈ സന്ദേശത്തിന്റെ ആ മുഖത്തിൽ ഞാന്‍ സൂചിപ്പിച്ച ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും നേര്‍ക്കുനേരെ സ്പഷ്ടമായ കാര്യവുമാണത്. അതെ സമയം തന്നെ ഞാൻ പറയട്ടെ:
അല്ലാഹുവിന്റെ ഹാകിമിയ്യത് തത്വവുമായി പൊരുത്തപ്പെടാത്ത പങ്കാളിത്തത്തെക്കുറിച്ച് ഇവരിലെ പല ചെറുപ്പക്കാരും ഇനിയും ബോധവാന്മാരല്ല. അല്ലാഹുവിന്‍റെ വിധിക്കെതിരെ നിയമനിമാണം നടത്തുന്നത് മുസ്ലീമാകട്ടെ, ഇനി സ്വയം നിയമ നിർമാണാധികാരിയായി ചമയുന നിഷേധിയാകട്ടെ, ആരാണെങ്കിലും ഒരന്തരവുമില്ല. യുവാക്കൾ വിശ്വസിക്കുന്ന ഉപരിസൂചിത (ഹാകിമിയ്യത് എന്ന) അടിസ്ഥാന തത്വത്തിനെതിരാണത്.)
ശൈഖ് ബകര്‍ അബൂ സൈദു: ശൈഖ് മദഖലി സയ്യിദ് ഖുത്ബിനെ വിമര്‍ശിച്ചുകൊണ്ട് ഒരു ചവറ് കൃതി എഴുതി സുഊദി സലഫി പണ്ഡിത സഭാംഗമായ ശൈഖ് ബകര്‍ ബിന്‍ അബ്ദുള്ള അബൂ സൈദിന് അയച്ചുകൊടുത്തുകൊണ്ട് അഭിപ്രായമാരാഞ്ഞപ്പോള്‍ അദ്ദേഹം അതിനു നല്‍കിയ മറുപടിയുടെ രത്നച്ചുരുക്കം ഇതായിരുന്നു: 'താങ്കള്‍ എഴുതിയ ഈ പുസ്തകത്തിന്‍റെ ഉള്ളടക്കം കണ്ടപ്പോള്‍ തന്നെ എന്‍റെ തൊലി എടുത്തുപിടിച്ചു. അത്രയും നിലവാരം കുറഞ്ഞ ഭാഷയാണ് ഒരു മഹാനായ മനുഷ്യന് നേരെ താങ്കള്‍ പ്രയോഗിച്ചിരിക്കുന്നത്... ശഹീദു സയ്യിദ് ഖുത്ബ് ആരാണെന്നും അല്ലാഹുവിന്‍റെ ദീനിന് വേണ്ടി അദ്ദേഹം ചെയ്ത സേവനങ്ങള്‍ എന്തൊക്കെയാണെന്നും താങ്കള്‍ക്ക് അറിയില്ലെന്നതാണ് വാസ്തവം... എന്‍റെ സഹോദരന്‍ എന്ന നിലക്ക് താങ്കളെ ഞാന്‍ ഉപദേശിക്കുന്നു: ഈ പുസ്തകം താങ്കള്‍ പിന്‍വലിക്കണം'. (വസ്വായാ ലിദ്ദുആത്ത്)
പ്രസിദ്ധ സലഫി പണ്ഡിതനായ ശൈഖ് അയിദ് അല്‍ ഖര്‍നിയുടെ യൂ ടൂബില്‍ ലഭ്യമായ ഒരു പ്രഭാഷണത്തില്‍ ഇപ്രകാരം കേള്‍ക്കാം: إن الإخوان المسلمين جماعة إسلامية معتدلة (നിശ്ചയം ഇഖ്വാനുല്‍ മുസ്ലിമൂന്‍ ഒരു സന്തുലിത ഇസ്ലാമിക സംഘടനയാണ്.)

 ശൈഖ് മുഹമ്മദ്‌ അല്‍ മജ്ദൂബ്: (പ്രമുഖ അറബി സാഹിത്യകാരന്‍, വാഗ്മി, മദീനാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലെ പ്രഫസര്‍) علماء ومفكرون عرفتهم എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു:

والمتحدث عن الإمام المودودي ملتزم بأمرين اثنين, احدهما أفكاره التي انعكست في مقالاته ومؤلف
اته الموسوعية, والثاني هو الجماعة التي أراد أن يجعل منها مجالا حيا لتطبيق مخططه في تكوين الرجال المؤهلين لحمل رسالة الاسلام, وقد شاء الله أن يخلد اعمال هذا الرجل, فحفظ افكاره وجعل منها منارة تستمد من أنوار الواحيين, كما يستمد القمر من ضوء الشمس فينقل عطاءها للناظرين,,, لقد آمن المودودي بطريقة امامه وقائده المصطفى, صلوات الله عليه وسلامه, القائمة علي الجمع بين التربية والتعليم جميعا،،، وطبيعي أن القارئ الذي يريد الاحاطة بشخصية الامام المودودي, لن يكفيه الاطلاع علي ما كتبه عنه وعن جهاده الكاتبون, حتى يرجع الى مؤلفاته نفسها فينعم فيها الفكر والتأمل, ويتغلغل من خلالها في أعماق تلك الشخصية الفذة, التي أعدها القدر اعدادا خاصا بايضاح معالم الاسلام, ولايقاظ الوعي لحقائقه الجامعة المانعة على ضوء العصر, فكان بها أحد المجددين لهذا الدين

(ഇമാം മൗദൂദിയെ കുറിച്ച് പറയുമ്പോള്‍ എടുത്തുപറയേണ്ട രണ്ടു കാര്യങ്ങളാണ് ഉള്ളത്. ഒന്ന്: അദ്ദേഹത്തിന്‍റെ ഗഹനങ്ങളായ കൃതികളില്‍ പ്രതിഫലിക്കുന്ന ചിന്തകള്‍. രണ്ട്: ജമാഅത്തെ ഇസ്ലാമിയുടെ രൂപീകരണം. സംഘടനയിലൂടെ തന്‍റെ ബാധ്യത നിര്‍വഹിക്കുകയും ഇസ്ലാമിന്‍റെ വാഹകരാകാന്‍ യോഗ്യരായ വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഉദ്ദേശ്യം. സംഘടന വഴി മൗദൂദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അല്ലാഹു ശാശ്വതികത്വം നല്‍കുകയും ആ ചിന്തകളെ സംരക്ഷിക്കുകയും ചെയ്തു. ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും വെളിച്ചം സ്വീകരിച്ച പ്രകാശ ഗോപുരങ്ങളായിരുന്നു മൗദൂദി ചിന്തകള്‍. സൂര്യ പ്രകാശത്തില്‍ നിന്നും ചന്ദ്രന്‍ വെളിച്ചം സ്വീകരിച്ചു ജനങ്ങള്‍ക്ക് നല്‍കുന്നപോലെ. മുഹമ്മദു നബിയുടെ കര്‍മരീതി മുറുകെ പിടിച്ചുകൊണ്ട് വിജ്ഞാനവും തര്‍ബിയത്തും അദ്ദേഹം സംയോജിപ്പിച്ചു... മൗദൂദിയുടെ വ്യക്തിത്വത്തെ അടുത്തറിയാന്‍ ഉദ്ദേശിക്കുന്നവര്‍ അദ്ദേഹം നടത്തിയ ജിഹാദിന്‍റെ ചരിത്രം മാത്രം വായിച്ചാല്‍ പോരാ. ആ മഹാന്‍റെ കൃതികള്‍ പഠിക്കുകയും അവയെ കുറിച്ച് ഗാഢമായി ചിന്തിക്കുകയും വേണം. അപ്പോഴാണ്‌ മൗദൂദിയുടെ വ്യക്തിത്വത്തിന്‍റെ ആഴങ്ങലിലേക്കിറങ്ങാന്‍ സാധിക്കുക. ഇസ്ലാമിക ദര്‍ശനങ്ങള്‍ വ്യക്തമായി അവതരിപ്പിക്കാനും കാലഘട്ടത്തിനനുസരിച്ചു ഇസ്ലാമിന്‍റെ യാഥാര്‍ഥ്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കാനും വേണ്ടി അല്ലാഹു പ്രത്യേകം സജ്ജമാക്കിയ വ്യക്തിത്വമാണത്. അതുകൊണ്ട് തന്നെ അദ്ദേഹം ദീനിന്‍റെ മുജദ്ദിദുകളില്‍ ഉള്‍പ്പെടുന്നു.)

ശൈഖ് അഹമദ് മുഹമ്മദ്‌ ജമാല്‍: (സുഊദി അറേബ്യയിലെ മജ്ലിസ് ശൂറാ മെമ്പര്‍. മത-രാഷ്ട്രിയ-വിദ്യാഭ്യാസ രംഗങ്ങളിലെ അറിയപ്പെട്ട എഴുത്തുകാരന്‍. പ്രശസ്ത മതപ്രബോധകന്‍. മുസ്ലിം വേള്‍ഡ് ലീഗിന് കീഴിലെ സാംസ്കാരിക സമിതി അംഗം. ഉമ്മുല്‍ ഖുറാ യൂനിവേഴ്സിറ്റിയിലെ ഫാക്കല്‍റ്റി ഓഫ് ഇസ്ലാമിക് കള്‍ച്ചറിലേ പ്രഫസര്‍.) ജിദ്ദയിലെ അല്‍മദീനാ ദിന പത്രത്തില്‍ പ്രസിദ്ധീകരിച്ച حوار بين الدعاة الاعلام المودودي والندوي وسيد قطب എന്ന ലേഖന പരമ്പരയില്‍ അബുല്‍ ഹസന്‍ അലി നദവി സയ്യിദ് മൌദൂദിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഇടപെട്ടുകൊണ്ട് എഴുതുന്നു: മൗദൂദിയും സയ്യിദ് ഖുത്ബും ഇസ്ലാമിക നിയമനിര്‍മാണാവകാശത്തിനു ഊന്നല്‍ നല്‍കുക വഴി അല്ലാഹുവിന്‍റെ ഗുണങ്ങളും നാമങ്ങളും കര്‍മങ്ങളും അതില്‍ മാത്രം പരിമിതപ്പെടുത്തുകയും അതാണ്‌ ദൈവിക താല്‍പര്യങ്ങളുടെയും അവകാശങ്ങളുടെയും ആകത്തുക എന്ന് കരുതുകയും ചെയ്യുന്നു എന്നാണു നദവിയുടെ പക്ഷം. എന്നാല്‍ അല്ലാഹുവിന്‍റെ നിയമനിര്‍മാണാവകാശത്തിന്‍റെ പ്രാധാന്യത്തില്‍ ഊന്നുന്ന മൗദൂദിയും ഖുത്ബും അവന്‍റെ മറ്റു ഗുണവിശേഷങ്ങളെ ഒരിക്കലും നിഷേധിക്കുന്നില്ല. അങ്ങനെയൊന്നു അവര്‍ക്ക് സംഭവിക്കുക എന്നത് ബഹു വിദൂരമാണ്. മുസ്ലിംകളെ സംബന്ധിച്ചേടത്തോളം അതിപ്രധാനമായ ഒരു പ്രശ്നമാണ് അവര്‍ പ്രതിപാദിക്കുന്നത്. ദിവ്യത്വത്തിന്‍റെ ഏകത്വമെന്നാല്‍ ആരാധനയിലും വിശ്വാസകാര്യത്തിലും മാത്രമുള്ള എകത്വം മാത്രമല്ല എന്നും നിയമനിര്‍മാണാധികാരത്തിനുള്ള ഏകത്വം ആരാധനാ കര്‍മങ്ങളിലുള്ള ഏകത്വം പോലെത്തന്നെ ആണെന്നുള്ളതാണ് അത്. അതിലപ്പുറം മൗദൂദയോ ഖുത്ബോ അവരുടെ വാമൊഴിയിലോ വരമൊഴിയിലോ നദവി എണ്ണിപ്പറഞ്ഞ ദൈവിക ഗുണങ്ങള്‍ ഒന്നും ഒരിക്കലും നിഷേധിച്ചിട്ടില്ല. ഇസ്ലാമിക ഭരണത്തിനു ഊന്നല്‍ നല്‍കി എന്ന പേരില്‍ നദവി വിമര്‍ശിക്കുന്ന മൗദൂദിയുടെയും സയ്യിദ് ഖുത്ബിന്റെയും വിവിധങ്ങളായ ഗ്രന്ഥങ്ങള്‍ ആദര്‍ശത്തെയും ആരാധനയെയും സദാചാരത്തെയും സംബന്ധിച്ച ചര്‍ച്ചകളാല്‍ നിബിഢമാണ്.

ഡോ. സ്വലാഹ് അബ്ദുല്‍ ഫത്താഹ് അല്‍ ഖാലിദി: (റിയാദിലെ ഇമാം മുഹമ്മദ്‌ ബിന്‍ സുഊദു ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ നിന്ന് സയ്യിദ് ഖുത്ബിനെയും അദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങളെയും കുറിച്ചുള്ള ഗവേഷണ പഠനത്തിന് പി.എച്ച്.ഡി നേടിയ വ്യക്തി. പണ്ഡിതന്‍, ഗവേഷകന്‍.) തന്‍റെ في ظلال القرآن في الميزان എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ആധുനിക കാലഘട്ടത്തിലെ പ്രഗല്‍ഭ ഇസ്ലാമിക ചിന്തകരില്‍ ഒരാളാണ് ഇമാം അബുല്‍ അഅലാ മൗദൂദി. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഇസ്ലാമിക ചിന്തകരില്‍ മുന്‍നിരയിലാണ് അദ്ദേഹത്തിന്‍റെ സ്ഥാനം. ധിഷണയും ദഅവത്തും സംയോജിപ്പിച്ച, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ജമാഅത്തെ ഇസ്ലാമിക്ക് രൂപം നല്‍കി അതിനെ വളര്‍ത്തിയെടുത്ത കര്‍മയോഗി... ഖുര്‍ആന്‍റെ തണലില്‍ ജീവിക്കുകയും ആ സ്വച്ഛ സ്രോതസ്സില്‍ നിന്ന് തങ്ങളുടെ ആശയങ്ങളെ രൂപപ്പെടുത്തിയെടുക്കുകയും ചെയ്ത ഇമാമുകളാണ് മൗദൂദിയും സയ്യിദ് ഖുത്ബും. അത്തരക്കാര്‍ക്ക് മുഹമ്മദ്‌ ഹസനൈന്‍ ഹൈക്കല്‍ പറയുന്നപോലെ, സമൂഹത്തിന്‍റെ പൊതുധാരയില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ആഹ്വാനം ചെയ്യാനോ തീവ്രവാദവും ഭീകരവാദവും പ്രോത്സാഹിപ്പിക്കാനോ സാധ്യമല്ല. നിരന്തരം പിന്തുണക്കുകയും പുകഴ്ത്തുകയും മാത്രമല്ല അല്‍ മുസ്ലിമുല്‍ അളിം (മഹാനായ മുസ്ലിം) എന്ന സയ്യിദ് ഖുത്ബിന്‍റെ വിശേഷണത്തിനു അര്‍ഹാനാവുക കൂടി ചെയ്ത ഏക മുസ്ലിം ചിന്തകനാണ് മൗദൂദി. ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങളെ കുറിച്ച് മൗദൂദിക്കും സയ്യിദ് ഖുത്ബിനും ഉണ്ടായിരുന്ന വീക്ഷണത്തെ ചില പ്രബോധകന്മാര്‍ തെറ്റായി മനസ്സിലാക്കിയിട്ടുണ്ട്. തുടര്‍ന്നു തെറ്റായ നിഗമനങ്ങളില്‍ എത്തിച്ചേരുകയും വിധി പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു... ഉലൂഹിയ്യത്തിനെയും റുബൂബിയ്യത്തിനെയും കുറിച്ച മൗദൂദിയുടെയും സയ്യിദ് ഖുത്ബിന്റെയും വ്യാഖ്യാനങ്ങളെ ഖുര്‍ആന്‍റെ ഭാഷയായ അറബിയും മുന്‍കാല പണ്ഡിതന്മാരും ശരിവെക്കുന്നുണ്ട്. എന്നല്ല, യഥാര്‍ത്ഥത്തില്‍ മൗദൂദിയുടെയും സയ്യിദ് ഖുത്ബിന്റെയും വീക്ഷണമാണ് കൂടുതല്‍ ആഴമുള്ളതും സമഗ്രവുമെന്നാണ് നമ്മുടെ അഭിപ്രായം. അവര്‍ക്കാണ് ഭാഷയുടെ കൂടുതല്‍ ശക്തവും വ്യക്തവുമായ പിന്തുണയുള്ളത്. മറ്റുള്ളവര്‍ മൗനം പാളിച്ച പ്രധാനപ്പെട്ട അടിസ്ഥാന പ്രശ്നത്തെ പ്രതിപാദിച്ചിരിക്കുകയാണ് അവര്‍ ഇരുവരും.

ഡോ. ഹമദ് ബിന്‍ സ്വാദിഖ് അല്‍ ജമ്മാല്‍: (സുഊദി അറേബ്യയിലേ കിംഗ്‌ സുഊദു യൂനിവേഴ്സിറ്റിയിലെ പ്രഫസര്‍. എഴുത്തുകാരന്‍, ചിന്തകന്‍.) مصطلحات القرآن الأربعة في فكر المودودي–الاله, الرب, العبادة, الدين എന്ന തന്‍റെ ഗ്രന്ഥത്തില്‍ എഴുതുന്നു: 
أني لاحسب أن من هؤلاء
 البارزين في العصر الحديث الامام أبا الأعلى المودودي الذي قاد الحركة الفكرية الاسلامية التي شملت شبه القارة الهندية, وفكره في جانب العقيدة منطلقه الاأساسي لجميع الجوانب الأخرى من فكره, في الاقتصاد, في السياسة, في الاجتماع, في الأسرة, وهلم جرا, عندما قمت بدراسة الجانب العقدي في فكر الامام الداعية أبو الأعلى المودودي حيث رأيت أن هذا الجانب الهام في تثبيت العقيدة الصحيحة هو المنطلق الرئيسي للمودودي في جميع جوانب فكره الأخرى
(ആധുനിക കാലഘട്ടത്തില്‍ രംഗത്തുവന്ന, ഈ ഉമ്മത്തിന്‍റെ വഴികാട്ടികളും മാര്‍ഗദര്‍ശികളില്‍ ഒരാളുമായ പണ്ഡിതനാണ് ഇമാം അബുല്‍ അഅലാ അല്‍ മൗദൂദി. ഇന്ത്യാ ഉപഭുഖണ്ഡത്തില്‍ നിറഞ്ഞു ഇസ്ലാമിക ചിന്താ പ്രസ്ഥാനത്തെ മുന്നില്‍നിന്നു നയിച്ചത് അദ്ദേഹമായിരുന്നു. വിശ്വാസ മേഖലയില്‍നിന്നു തുടങ്ങി സാമൂഹികവും സാമ്പത്തികവും കുടുംബ പരവും രാഷ്ട്രിയവുമായ മുഴുവന്‍ മേഖലകളെയും ഉള്‍ക്കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ചിന്തകള്‍. അതെല്ലാം ഇസലാമിന്‍റെ ചട്ടക്കൂടില്‍ ഒതുങ്ങുന്നതും ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും ആഴങ്ങളില്‍ ഊളിയിട്ട് ഇറങ്ങിക്കൊണ്ടുള്ളതുമായിരുന്നു. ഇമാം അബുല്‍ അഅലാ മൗദൂദി എന്ന പ്രബോധകന്‍റെ ചിന്തകളെ കുറിച്ച് ആധികാരികമായി പഠിക്കാന്‍ ശ്രമിച്ചപ്പോള്‍ എനിക്ക് മനസ്സിലായി, അദ്ദേഹത്തിന്‍റെ മുഴു ചിന്തകളും രൂപംകൊണ്ടിട്ടുള്ളത് ശരിയായ വിശ്വാസം ഊട്ടിയുറപ്പിക്കുക എന്ന കേന്ദ്രബിന്ദുവില്‍ നിന്നാണെന്നു.)

തീവ്രവും സങ്കുചിതവുമായ നിലപാട് സ്വീകരിക്കുന്നതിനു മുമ്പ് ശൈഖ് റബീഉബ്നു ഹാദി അല്‍ മദഖലി സയ്യിദ് ഖുത്ബിനെ കുറിച്ച് പറഞ്ഞത് കൂടി ഉദ്ധരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. 'താഴെ തട്ടില്‍ നിന്നാണ് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ അവയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടത്. അതായത് മനസ്സുകളില്‍ ഇസ്ലാമിക വിശ്വാസം പുനരുജ്ജീവിപ്പിക്കണം. പ്രബോധനം സ്വീകരിക്കുന്നവര്‍ക്ക് തര്‍ബിയ്യത്ത് നല്‍കണം. ഇതാണ് ഇസ്ലാമിക ശിക്ഷണത്തിന്‍റെ ശരിയായ വിവക്ഷ. ആനുകാലിക രാഷ്ട്രിയ സംഭവങ്ങളില്‍ സമയം പാഴാക്കരുത്. അധികാരം ബലാല്‍ക്കാരം പിടിച്ചെടുത്ത് ഇസ്ലാമിക വ്യവസ്ഥിതി നടപ്പിലാക്കാന്‍ ശ്രമിക്കരുത്. അണികള്‍ ഉണ്ടാവുകയും എന്നിട്ടവര്‍ ഇസ്ലാമിക വ്യവസ്ഥിതി ആവശ്യപ്പെടുകയും വേണം...' എന്നിങ്ങനെയുള്ള സയ്യിദ് ഖുത്ബ് തന്‍റെ അവസാന കാലത്തെഴുതിയ വരികളെ കുറിച്ച് ശൈഖ് റബീഉ പറയുന്നത് കാണുക: സയ്യിദ് ഖുത്ബിനു അല്ലാഹുവിന്‍റെ റഹമത്ത് ഉണ്ടാവട്ടെ. തന്‍റെ പഠനത്തിലൂടെ അദ്ദേഹം സത്യവും ശരിയും കണ്ടെത്തിയിരിക്കുന്നു. നീണ്ട പഠനത്തിനു ശേഷം തന്‍റെ ജീവിതത്തിന്‍റെ അവസാന ഘട്ടത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്ന ഈ നിഗമനങ്ങളില്‍ നിന്ന് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പാഠമുള്‍ക്കൊള്ളണം. ഈ പ്രസ്താവന വഴി പ്രവാചകന്മാരുടെ അതേ പാതയിലാണ് അദ്ദേഹം എത്തിച്ചേര്‍ന്നിട്ടുള്ളത്. (മന്‍ഹജുല്‍ അമ്പിയാ 138) 

സയ്യിദ് മൗദൂദിയും സയ്യിദ് ഖുത്ബും അവതരിപ്പിച്ച ഹാക്കിമിയ്യത്ത് സിദ്ധാന്തം സലഫികള്‍ പറയുന്നതില്‍ നിന്ന് വ്യത്യസ്തമാണ് എന്നും അവരെയൊന്നും സലഫികള്‍ അംഗികരിച്ചിട്ടില്ല എന്നും തട്ടിവിടുന്ന നവസലഫികളേ പറയൂ: ഇതുവരെ നാം ഉദ്ധരിച്ച നിരവധി സലഫി പണ്ഡിതോദ്ധരണികളെ കുറിച്ച നിങ്ങളുടെ അഭിപ്രായമെന്താണ്? അതൊക്കെയും സയ്യിദ് മൗദൂദിയെയും സയ്യിദ് ഖുത്ബിനെയും സൂക്ഷമമായി മനസ്സിലാക്കുന്നതിനു മുമ്പ് പറയപ്പെട്ട കാര്യങ്ങളാണോ? എങ്കില്‍ പിന്നെ ആരാണ് അവരെ കുറിച്ച് സൂക്ഷ്മമായി പഠിച്ചവര്‍? സയ്യിദ് ഖുത്ബ് തന്‍റെ അവസാനകാലത്ത് എഴുതിയ കാര്യങ്ങളെ അനുകൂലിച്ചുകൊണ്ടാണല്ലോ സാക്ഷാല്‍ മദഖലി പോലും സംസാരിച്ചിട്ടുള്ളത്‌ എന്നിരിക്കെ ഇനിയും എന്തിനാണ് നിങ്ങള്‍ ബോധപൂര്‍വം സത്യം മൂടിവെക്കുന്നത്? സംഘടനാ വിരോധം കൊണ്ട് ഇത്രയൊക്കെ തരംതാഴാമോ?! 

-അബ്ദുല്‍ അസീസ് പൊന്മുണ്ടം
20/10/2017, റിയാദ്

അഭിപ്രായങ്ങളൊന്നുമില്ല: