2017, ഒക്‌ടോബർ 24, ചൊവ്വാഴ്ച

സന്‍ഘു പരിവാര്‍ അജണ്ടകള്‍ ഇടതു പക്ഷം ഏറ്റെടുക്കുമ്പോള്‍



Image may contain: 1 person, text

ദീൻദയാൽ ഉപാധ്യായയുടെ ജന്മശതാബ്‌ദി ആഘോഷങ്ങൾ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലറിലൂടെ വിദ്യാഭ്യാസമന്ത്രി പ്രൊ. രവീന്ദ്രനാഥ് സംഘ് അജണ്ടകൾക്ക് കൂട്ട് നിൽക്കുകയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പ്രത്യക്ഷവും പരോക്ഷവുമായ സംഘ് രാഷ്ട്രീയത്തിനെതിരിൽ കൂടുതൽ സാമൂഹികജാഗ്രതകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലമാണിത്. വ്യത്യസ്ത സാമൂഹിക ജനവിഭാഗങ്ങളും ആക്ടിവിസ്റ്റുകളും അക്കാദമീഷ്യന്മാരും മാധ്യമ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ഒക്കെ അടങ്ങുന്ന വലിയൊരു സംഘം, സംഘ് രാഷ്ട്രീയത്തിന്റെ സൂക്ഷ്മവും സ്ഥൂലവുമായ അജണ്ടകളെ സംബന്ധിച്ച് ജാഗ്രത പാലിക്കുകയും പ്രതിരോധങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. "വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരണം", "വിദ്യാഭ്യാസത്തിന്റെ ഭാരതീയവത്കരണം" തുടങ്ങിയ പ്രയോഗങ്ങൾ സർവസാധാരണമായതിലൂടെ സംഘ്പരിവാർ അവരുടെ അജണ്ടകൾ നടപ്പിലാക്കുന്നത് പ്രധാനമായും വിദ്യാഭ്യാസ മേഖലയിലൂടെയാണ് എന്നതും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് സമീപകാലത്തു കേരളത്തിൽ നടന്ന പല സംഭവങ്ങളിലും സംസ്ഥാന സർക്കാരും വിദ്യാഭ്യാസ മന്ത്രിയും തീർത്തും ഉദാസീനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ജില്ലാ ഭരണകൂടത്തിന്റെ വിലക്കിനെ പോലും മറികടന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പാലക്കാട്ടെ എയ്ഡഡ് സ്‌കൂളായ മൂത്താന്തറ കര്‍ണ്ണകിയമ്മന്‍ സ്‌കൂളിൽ ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ പതാക ഉയര്‍ത്തിയ സംഭവത്തിൽ ഇന്നേ വരേയ്ക്കും ഒരു നടപടിയും സർക്കാർ എടുത്തിട്ടില്ല. ജില്ലാ കളക്ടറെ സ്ഥലം മാറ്റുന്നതിലായിരുന്നു സർക്കാർ താല്പര്യം കാണിച്ചിരുന്നത്.

സ്കോളര്‍ഷിപ്പ് പരീക്ഷയുടെ മറവില്‍ സര്‍ക്കാര്‍ സ്കൂളുകളിലെ 4 മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ ആർ എസ് എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ പുസ്തകവിതരണം നടന്ന കാര്യം അറിയില്ലെന്നാണ് ഡി പി ഐയുടെ ഓഫീസ് പറയുന്നത്. സവർക്കറെയും ഹെഡ്‌ഗെവാറിനേയും വീരപുരുഷന്‍മാരാക്കുന്നതും ചരിത്രത്തെ ഐതിഹ്യവത്കരിക്കുന്നതും ശാസ്ത്രസത്യങ്ങളെ വളച്ചൊടിക്കുന്നതുമായ പുസ്തകങ്ങൾ സ്‌കൂളുകളിൽ വിതരണം ചെയ്ത നടപടിയെ വിദ്യാഭ്യാസമന്ത്രി ഗൗരവത്തിൽ കാണണം. ദീൻദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷങ്ങളും തദനുബന്ധ പരിപാടികളും സ്‌കൂളുകളിൽ വേണ്ടെന്നു വയ്ക്കാനുള്ള അവകാശം സംസ്ഥാന സർക്കാറിനു ഉണ്ടെന്നിരിക്കെ ഇത്തരത്തിൽ ഒരു സർക്കുലറും മാർഗ്ഗരേഖയും അയച്ചത് സർക്കാറിന്‌ സംഘ് പരിവാറിനോടുള്ള വിധേയത്വവും ദാസ്യമനോഭാവവുമാണ് പ്രകടമാക്കുന്നത്. ഒരു ഭാഗത്തു സംഘ് വിരുദ്ധ വീരസ്യങ്ങൾ പ്രസംഗിക്കുകയും മറുഭാഗത്തു സംഘ്അജണ്ടകൾക്ക് വെള്ളവും വളവും നൽകുന്ന ഇരട്ടത്താപ്പ് ഇടതുപക്ഷം അവസാനിപ്പിക്കണം. കുറുക്കു വഴികളിലൂടെ സംഘ് വിധേയത്വം പ്രകടിപ്പിക്കാനും നടപ്പിലാക്കാനും കൂട്ടുനിൽക്കുന്ന വിദ്യാഭ്യാസ മന്ത്രിയെ ഫ്രറ്റേണിറ്റി മൂവ്മെന്റ് തെരുവിൽ വിചാരണ ചെയ്യും. സംഘ്‌ വിരുദ്ധ രാഷ്ട്രീയം കേവല വാചാടോപങ്ങളിൽ മാത്രമൊതുക്കാത്ത പുതിയ രാഷ്ട്രീയ സാമൂഹിക വ്യവഹാരങ്ങളും പ്രതിനിധാനങ്ങളും സംഘ് പ്രതിരോധമുന്നണിയെ മുന്നിൽ നിന്ന് നയിക്കുന്നുണ്ടെന്ന കാര്യം വിദ്യാഭ്യാസ മന്ത്രിയും സംസ്ഥാന സർക്കാരും മനസ്സിലാക്കുന്നതും നന്നായിരിക്കും.

*Safeer sha K V*
*President,Frarenity movement kerala*

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘപരിവാര്‍ ആചാര്യന്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്‍മശതാബ്ദി ആഘോഷങ്ങള്‍ നടത്താന്‍ നിര്‍ദേശം. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പേരിലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം (24/10/17) : സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘപരിവാര്‍ ആചാര്യന്‍ ദീന്‍ ദയാല്‍…
LEFTCLICKNEWS.COM

അഭിപ്രായങ്ങളൊന്നുമില്ല: