2012, ജൂലൈ 12, വ്യാഴാഴ്‌ച

ഭീകരതയുടെ രാഷ്ട്രീയത്തെക്കുറിച്ച ചര്‍ച്ച
മനസ്സ് വേവുന്ന ദുരനുഭവം പങ്കുവെച്ച് ഭീകരവേട്ടയുടെ ഇരകള്‍
ഭീകരതയുടെ രാഷ്ട്രീയത്തെക്കുറിച്ച ചര്‍ച്ച, ഭീകരവേട്ടയുടെ ഇരകളായ മുസ്ലിം യുവാക്കളോടുള്ള ഐക്യദാര്‍ഢ്യമായി. നീതിനിഷേധത്തിന്റെ തുടര്‍ക്കഥകള്‍, ഇരകളുടെ ഉമ്മയും ഭാര്യയും മക്കളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രഗല്ഭരുള്‍പ്പെടുന്ന സദസ്സിന് മുന്നില്‍ വിവരിച്ചു. പൊള്ളിക്കുന്ന അനുഭവങ്ങളുടെ ചൂടേറ്റുവാങ്ങിയ നേതാക്കള്‍, ഭീകരതയുടെ പേരിലുള്ള മുസ്ലിം വേട്ട അവസാനിപ്പിക്കാനുള്ള സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.
ഉത്തര്‍പ്രദേശില്‍നിന്നുള്ള രാജ്യസഭാ അംഗം മുഹമ്മദ് അദീബിന്റെയും പത്രപ്രവര്‍ത്തക സീമ മുസ്തഫയുടെയും നേതൃത്വത്തില്‍ ദല്‍ഹിയില്‍ നടന്ന സെമിനാര്‍, പൊലീസിന്റെ മുസ്ലിം വേട്ടക്കെതിരെ പൊതുസമൂഹത്തിന്റെ ശക്തമായ പ്രതികരണമായി മാറി. മകന്റെ അനുഭവം വിവരിച്ച, സൗദിയിയില്‍ കസ്റ്റഡിയിലായ ബിഹാര്‍ സ്വദേശി എഞ്ചിനീയര്‍ ഫസീഹ് മഹ്മൂദിന്റെ മാതാവ് അംറ ജമാ പലവട്ടം മൈക്കിന് മുന്നില്‍ വിതുമ്പി. തന്റെ മകനെ എന്തിനാണ്, എവിടെയാണ് പിടിച്ചുവെച്ചിരിക്കുന്നത് എന്നകാര്യം പോലും സര്‍ക്കാര്‍ മറച്ചുവെക്കുകയാണെന്ന് അവര്‍ പറഞ്ഞു. 
പിതാവിനെ അറസ്റ്റ് ചെയ്ത് അഞ്ചു മാസമായിട്ടും തെളിവുകളൊന്നും കോടതിക്ക് നല്‍കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്ന്, ഇസ്രായേല്‍ എംബസി കാര്‍ ആക്രമണ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് അഹ്മദ് കാസിമിയുടെ മകന്‍ ശൗകത്ത് കാസിമി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയില്‍ എ.ടി.എസ് പിടിച്ചുകൊണ്ടുപോയ മുസ്ലിം യുവാക്കളുടെ നീണ്ട പട്ടികയുമായാണ് നാസിര്‍ മുല്ല എത്തിയത്. ഹിന്ദുത്വ ഭീകരര്‍ നടപ്പാക്കിയ മലേഗാവ് സ്ഫോടനങ്ങളുടെ പേരില്‍ മുസ്ലിം യുവാക്കള്‍ ഇപ്പോഴും വേട്ടയാടപ്പെടുകയാണെന്ന് മാലേഗാവില്‍നിന്നെത്തിയ അബ്ദുറഹീം വിവരിച്ചു.
മുസ്ലിം വേട്ട മുസ്ലിംകളുടെ മാത്രം പ്രശ്നമായി കാണരുതെന്നും എല്ലാ വിഭാഗവും ഈ പോരാട്ടത്തില്‍ ചേരണമെന്നും പ്രമുഖ പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയാര്‍ ആവശ്യപ്പെട്ടു. ദല്‍ഹിയില്‍പോലും വീട് വാടകക്ക് കിട്ടാത്ത വിധം മുസ്ലിം സമുദായം അന്യവത്കരിക്കപ്പെട്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുല്ല പറഞ്ഞു. ഈ സാഹചര്യം മന്ത്രിസഭയിലും പാര്‍ലമെന്റിലും തന്നെപ്പോലുള്ളവര്‍ ഉന്നയിച്ചിട്ടുണ്ടെന്നും തുടര്‍ന്നും ഇടപെടുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. എവിടെ സ്ഫോടനം നടന്നാലും മുസ്ലിം യുവാക്കളെ പൊക്കുന്ന പതിവിന് മാറ്റം വരണമെന്ന് കോണ്‍ഗ്രസ് നേതാവ് ഹനുമന്തറാവു പറഞ്ഞു. 20 വര്‍ഷം ജയിലിലിട്ട ശേഷം നിരപരാധിയെന്ന് പറഞ്ഞ് വിട്ടയച്ചതുകൊണ്ടു കാര്യമില്ല -റാവു ചൂണ്ടിക്കാട്ടി.
പി. ചിദംബരം ആഭ്യന്തരമന്ത്രിപദത്തില്‍ ഇരിക്കുന്നേടത്തോളം നീതി ലഭിക്കില്ലെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു. ബിജാപൂരില്‍ കുട്ടികളെ കൂട്ടക്കൊല ചെയ്തത് നക്സല്‍വിരുദ്ധ പോരാട്ടത്തിന്റെ വിജയമെന്നാണ് ചിദംബരം പറഞ്ഞത്. ഭരണകൂട ഭീകരതക്കെതിരെ ആദിവാസികളും മുസ്ലിംകളും ഒന്നിക്കണമെന്ന് അഗ്നിവേശ് ചൂണ്ടിക്കാട്ടി.അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ച മാനദണ്ഡം മുസ്ലിം യുവാക്കളുടെ കാര്യത്തില്‍ പൊലീസ് പാലിക്കുന്നില്ലെന്ന് ലോക്ജനശക്തി നേതാവ് രാംവിലാസ് പാസ്വാന്‍ പറഞ്ഞു. 
20 കോടി വരുന്ന മുസ്ലിം സമൂഹം ഭീതിയില്‍ കഴിയുന്ന നാട്ടില്‍ ജനാധിപത്യം പൂര്‍ണമാവില്ലെന്ന് സി.പി.ഐ നേതാവ് എ.ബി ബര്‍ദാന്‍ ചൂണ്ടിക്കാട്ടി.
മുസ്ലിം വേട്ടയുടെ പേരില്‍ ആവേശപ്രസംഗങ്ങളല്ല, ശരിയായ വിവരങ്ങള്‍ ശേഖരിച്ച് അധികാരികളെ സമീപിക്കുകയാണ് വേണ്ടതെന്ന് ഡി.രാജ പറഞ്ഞു. ഇസ്രായേലിന്റെയും അമേരിക്കയുടെ അരികുപറ്റി നീങ്ങുന്ന സര്‍ക്കാര്‍ അവരുടെ മുസ്ലിംവിരുദ്ധ ആശയം കൂടി ഇങ്ങോട്ട് ഇറക്കുമതി ചെയ്യരുതെന്ന് ഡാനിഷ് അലി പറഞ്ഞു. മുസ്ലിം യുവാക്കള്‍ ഉള്‍പ്പെട്ട ഭീകര കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ അതിവേഗ കോടതി സ്ഥാപിക്കുക, ഭീകരവേട്ടയുടെ യാഥാര്‍ഥ്യം കണ്ടെത്താന്‍ വസ്തുതാന്വേഷണ സംഘത്തെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പ്രമേയവും സെമിനാര്‍ പാസാക്കി.

അഭിപ്രായങ്ങളൊന്നുമില്ല: