2012, ജൂലൈ 15, ഞായറാഴ്‌ച

റമദാന്‍ വിശ്വാസിക്ക് കൊയ്ത്തു കാലമാണ്.

നാം എല്ലായിപ്പോഴും അല്ലാഹുവിന്റെ നിരീക്ഷണത്തിലാണെന്ന ബോധവും അവന്റെ കല്‍പനകള്‍ അനുസരിക്കാനുള്ള മാനസിക സന്നദ്ധതയും വ്രതം നമ്മില്‍ ഉണര്‍ത്തുന്നു. അല്ലാഹുവിന്റെ സാമീപ്യം സദാ അനുഭവപ്പെടുമ്പോള്‍ തന്റെ ഒരു കാര്യവും അവനു ഗോപ്യമല്ല എന്ന ബോധം അയാളിലുണ്ടാകുന്നു. അതുകൊണ്ട് എത്ര തന്നെ വിശന്നാലും ദാഹിച്ചാലും, മറ്റുള്ളവര്‍ കാണുന്നില്ലെങ്കില്‍ പോലും ഒരിറക്ക് വെള്ളമോ ഒരു ഉരുള ഭക്ഷണമോ കഴിക്കാനുള്ള ചിന്തപോലും അവന്റെ മനസിലുണ്ടാവില്ല. കഴുകാനായി വായയിലാക്കിയ വെള്ളം മറ്റാരും കാണാതെ ഇറക്കാമായിരുന്നിട്ടും അവനത് ചെയ്തില്ല. അല്ലാഹുവിനെ ഓര്‍ത്ത് അതില്‍ നിന്ന് ഒരു തുള്ളിപോലും അകത്തേക്ക് ഇറങ്ങാതിരിക്കാന്‍ അവന്‍ ശ്രദ്ധിച്ചു. അല്ലാഹുവിന്റെ കല്‍പന അംഗീകരിച്ചുകൊണ്ടും അവന്റെ സാന്നിധ്യം അറിഞ്ഞു കൊണ്ടും അവന്റെ ശിക്ഷ ഭയന്നുകൊണ്ടും മോക്ഷം പ്രതീക്ഷിച്ചുകൊണ്ടുമായിരുന്നു ഇതെല്ലാം. നാം സദാ അല്ലാഹുവിന്റെ നിരീക്ഷണത്തിലാണെന്ന ഈ ബോധത്തിന്റെ ശക്തിയും ഹൃദയത്തില്‍ അത് പതിഞ്ഞ ആഴവുമനുസരിച്ച്, വ്രതത്തിനും അപ്പുറത്തേക്ക് തന്റെ ദൈനംദിന ജീവിതത്തിലെ ദൈവിക കല്‍പനകള്‍ പ്രാവര്‍ത്തികമാക്കിയും നിരോധങ്ങളില്‍ നിന്ന് അകലം പാലിച്ചും ജീവിതം കൂടുതല്‍ വിശുദ്ധമാക്കിക്കൊണ്ടേയിരിക്കും. 
വ്രതം നിരവധി ഘടകങ്ങളെ മനസുകളില്‍ ശക്തിപ്പെടുത്തുകയും ചിലതിനെ ദുര്‍ബലമാക്കുകയും ചെയ്യുന്നു. ഈ രഹസ്യമാണ് വ്രതത്തെ ദൈവഭക്തിയിലേക്കുള്ള എളുപ്പവഴിയാക്കുന്നത്. ആത്മാവിന്റെ മേലുള്ള ശരീരത്തിന്റെ ആധിപത്യം വ്രതം ദുര്‍ബലമാക്കുന്നു. അങ്ങനെ ആത്മാവ് ശരീരത്തിന്റെ പിടിയില്‍ നിന്ന് മോചിതമാകുന്നു. ഈ അവസ്ഥയില്‍ ആത്മാവിന്റെ മികവനുസരിച്ച് ഒരാള്‍ക്ക് ദൈവഭക്തി കൈവരിക്കല്‍ അനായാസകരമായി മാറുന്നു. അവന്റെ ഹൃദയം അദ്ദേഹത്തോട് പറയും "ആത്മാവേ, ബന്ധങ്ങള്‍ അഴിക്കപ്പെട്ടിരിക്കുന്നു.. നീന്തിത്തുടിച്ചുകൊണ്ട് അല്ലാഹുവിലേക്കടുക്കുക''. വ്രതം സഹജവാസനകളെ നിയന്ത്രിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ ദൈവഭക്തിയുടെ തേട്ടപ്രകാരമുള്ള പ്രയാണം മനുഷ്യന് എളുപ്പമാക്കുന്നു.
 
തഖ്‌വയും ഈമാനും ഇഹ്‌സാനും കൊയ്യുന്ന കാലം. കാലത്തെ വെല്ലാനുള്ള കരുത്ത് കൊയ്യാനുള്ള കാലം ഒരു പുതിയ ആവേശത്തിന്റെ കൊടുങ്കാറ്റ് കൊയ്യാന്‍ നാം തയാറാവണം. ഒരു അറബിക്കവി പാടിയിട്ടുണ്ട്: ''വിത്തിറക്കേണ്ട കാലത്ത് വിത്തിറക്കാതിരുന്നാല്‍, കൊയ്ത്തുകാലത്ത് നിനക്ക് വിരല്‍ കടിക്കേണ്ടിവരും.'' നമ്മുടെ റമദാന്‍ സാക്ഷ്യം ഒരു പതിവിനു ആണ്ടുനേര്‍ച്ചയാവരുത്. പള്ളികള്‍ 'വെള്ള വലി'ക്കുന്നതിലും വീടുകള്‍ 'മാറാല തട്ടു'ന്നതിലും 'നനച്ചു' (നിനച്ചോ) കുളിക്കുന്നതിലും അത് ചുരുങ്ങരുത്. ഒരു മാസത്തേക്കുള്ള റമദാന്‍ വിഭവവിവര പട്ടിക തയാറാക്കുന്നതിലും അത് ഒടുങ്ങരുത്. പ്രത്യുത, ചരിത്രത്തിന്റെ ചുമരടയാളങ്ങളില്‍ നാം ഇസ്്‌ലാമിന്റെ വെള്ള പൂശണം. ഹൃദയത്തിന്റെ നിഫാഖു തട്ടുകളില്‍ മാറാല തട്ടണം. റമദാനമ്പിളിപൂത്ത നമ്മുടെ ആകാശത്ത് പുതിയ വിമോചനത്തിന്റെ മുദ്രാവാക്യങ്ങള്‍ കുറിച്ചിടണം! അപ്പോള്‍ റമദാനെ വരവേറ്റുകൊണ്ട് തിരുനബി(സ) നടത്തിയ പ്രാര്‍ഥന നാമും ഇങ്ങനെ ഉരുവിടും: ''നാഥാ! ഈ ചന്ദ്രികയുടെ അരുണോദയം ഞങ്ങള്‍ക്കുമേല്‍ നിര്‍ഭയത്വത്തിന്റെയും വിശ്വാസത്തിന്റെയും സമാധാനത്തിന്റെയും ഇസ്്‌ലാമിന്റെയും അരുണോദയമാക്കേണമേ!''

റമദാന്‍ എന്ന അറബ് ശബ്ദം ഊഷ്മളതയെയും ജീവചൈതന്യത്തെയും ദ്യോതിപ്പിക്കുന്നതാണ്. നിഷേധാത്മകമായി ധ്വനിപ്പിക്കപ്പെടുന്ന അര്‍ഥം കരിച്ചുകളയുന്നത് എന്നുമാണ്. വ്രണങ്ങളാണ് കരിച്ചുകളയപ്പെടേണ്ടത്. മൃതാവസ്ഥയുടെ അടയാളമായ തണുത്ത് മരവിച്ചുകിടക്കലിന്റെ എതിരാശയമാണ് ജീവന്‍ തുടിപ്പിക്കുന്ന ഊഷ്മളത എന്നത്. ഈ ആശയങ്ങളെല്ലാം ബദ്‌റിലൂടെ ചരിത്രത്തിനായി ആവിഷ്‌കരിക്കപ്പെടുകയായിരുന്നു. വിശുദ്ധ ഖുര്‍ആനെ 'ഫുര്‍ഖാന്‍' (സത്യാസത്യ വിവേചകം, തിയ്യതില്‍നിന്ന് നല്ലതിനെ തിരിച്ചറിഞ്ഞ് വീണ്ടെടുക്കല്‍) എന്ന് വിളിക്കുമ്പോള്‍ കിട്ടുന്ന ആശയം തന്നെയാണ് ബദ്‌റില്‍ നടന്ന ഏറ്റുമുട്ടലും ദ്യോതിപ്പിക്കുന്നത്. ബദ്ര്‍ എന്നത് സ്ഥലനാമമാണെങ്കിലും അര്‍ഥം പൗര്‍ണമി ചന്ദ്രന്‍ എന്നാണ് അറബിഭാഷയില്‍. വൃദ്ധിക്ഷയം മാറിയ പൗര്‍ണമി എന്ന ആശയം അത് ദ്യോതിപ്പിക്കുന്നുണ്ട്. 

ശുദ്ധമായ ഹൃദയത്തിലേ ഈമാന്‍ ആഴത്തില്‍ വേരുറക്കുകയുള്ളൂ. ഹൃദയശുദ്ധീകരണത്തിന് അവസരം കിട്ടാത്ത ജനതയെ അഭിമുഖീകരിച്ചുകൊണ്ട് 'നിങ്ങളുടെ ഹൃദയത്തിലേക്ക് ഈമാന്‍ കടന്നുചെന്നിട്ടില്ല' (അല്‍ഹുജുറാത്ത് 14) എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. ഹൃദയത്തിന് സംഭവിക്കുന്ന വിവിധ ദൗര്‍ബല്യങ്ങളിലേക്ക് വിശുദ്ധ ഖുര്‍ആന്‍ വെളിച്ചം വീശുന്നത് നാം പഠിക്കാന്‍ ശ്രമിക്കണം. അനാവശ്യമായി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുകയും ഖുര്‍ആനില്‍ വ്യക്തമായി വിശദീകരിച്ചിട്ടുള്ള വിധികളില്‍ നിന്ന് പുറം തിരിഞ്ഞുകളയുകയും ചെയ്യുന്നവരുടെ ഹൃദയത്തില്‍ വക്രതയുണ്ടെന്ന് (ആലുഇംറാന്‍ 7) ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഹൃദയത്തില്‍ കറപുരളുമെന്നും (അല്‍മുതഫ്ഫിഫീന്‍ 14) ഹൃദയത്തിന് പുറത്ത് മൂടുപടം വന്നുവീഴുമെന്നും (അല്‍ബഖറ 7) ഹൃദയങ്ങള്‍ കട്ടിയുള്ള പുറംതോടില്‍ അകപ്പെട്ടുപോകുമെന്നും (അല്‍ബഖറ 88) വിശുദ്ധ ഖുര്‍ആന്‍ താക്കീതു ചെയ്യുന്നുണ്ട്. ചിലപ്പോള്‍ ഹൃദയങ്ങള്‍ തന്നെ കടുത്ത് കരിമ്പാറയെക്കാള്‍ കട്ടിയുള്ളതായിത്തീരുന്നു (അല്‍ബഖറ 74). കരിങ്കല്ലില്‍ നിന്നുപോലും ചിലപ്പോള്‍ ഉറവകള്‍ പൊട്ടി ഒഴുകാറുണ്ട്. ചിലപ്പോള്‍ പാറകള്‍ പോലും പ്രകമ്പിതമാവുകയും അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട് ഉതിര്‍ന്നുവീഴുകയും ചെയ്യാറുണ്ട്. കാരുണ്യത്തിന്റെ ഒരു കിനിവുപോലും കാണാത്ത, ഒരു ഉദ്‌ബോധനവും ഫലം ചെയ്യാത്ത, ഒരു താക്കീതുകൊണ്ടും ഭയപ്പെടാത്തവിധം ഉറഞ്ഞുകടുത്തുപോയ ഹൃദയത്തിന്റെ ഉടമകളെയാണ് ഖുര്‍ആന്‍ കൈകാര്യം ചെയ്യുന്നത്. ആലോചനയും പുനരാലോചനയുമില്ലാതെ കുറ്റകൃത്യങ്ങളില്‍ തന്നെ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നവരുടെ ഹൃദയത്തിന് സീല്‍ വെക്കുമെന്നും പൂട്ടി താഴിടുമെന്നും ഖുര്‍ആന്‍ (മുഹമ്മദ് 24) വിശ്വാസിയെ ഉണര്‍ത്തുന്നുണ്ട്. ഒരു നന്മയും കാണാത്തവിധം, നേരിന്റെ മാര്‍ഗത്തില്‍ ചരിക്കാന്‍ കഴിയാത്തവിധം ആന്ധ്യം ബാധിക്കുന്നത് കണ്ണുകള്‍ക്കല്ലെന്നും നെഞ്ചകങ്ങളിലുള്ള ഹൃദയങ്ങള്‍ക്ക് തന്നെയാണെന്നും (അല്‍ഹജ്ജ് 46) ഖുര്‍ആന്‍ പഠിപ്പിച്ചു. കാപട്യം, വിശ്വാസദൗര്‍ബല്യം, അസൂയ, അഹങ്കാരം തുടങ്ങി ഒട്ടനേകം രോഗങ്ങള്‍ ഹൃദയത്തെ കടന്നാക്രമിക്കും. സമയാസമയങ്ങളില്‍ ഉചിതമായ ചികിത്സ ചെയ്യാതിരിക്കുന്ന പക്ഷം ആ രോഗങ്ങള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കും. 
 
ഹൃദയശുദ്ധീകരണത്തിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം ദൈവസ്മരണയാണ്. ദൈവസ്മരണ കൊണ്ട് ഹൃദയങ്ങള്‍ പ്രകമ്പിതമാവുമെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. ഹൃദയത്തിന് ശാന്തി കൈവരുന്നതും ദൈവസ്മരണ കൊണ്ടുതന്നെ (അര്‍റഅദ് 28). അതിനാല്‍, ദൈവസ്മരണ ഏറ്റവും മഹത്തായ ഒരു ചികിത്സാ രീതിയാണ്. വിശുദ്ധ ഖുര്‍ആനുമായുളള ബന്ധമാണ് ഹൃദയസംസ്‌കരണത്തിനുള്ള മറ്റൊരു വഴി. ഈമാന്‍ വര്‍ധിക്കുന്നതിനും മനുഷ്യശരീരം ഹൃദയം മുതല്‍ ചര്‍മം വരെ തരളിതമാകാനും ശരീരം രോമാഞ്ചമണിയാനും ഖുര്‍ആന്റെ പാരായണം അവസരമൊരുക്കും (അസ്സുമര്‍ 23). ശ്രദ്ധയോടെയും ഭക്തിയോടെയും ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ കണ്ണുകള്‍ ഈറനണിയുമെന്നും (അല്‍മാഇദ 83) ഖുര്‍ആന്‍ പറയുന്നു.
 
ഹൃദയത്തെ മലിനമാക്കുന്ന പാപങ്ങള്‍ കഴുകിക്കളയുന്നതിന് തൗബയും ഇസ്തിഗ്ഫാറും തന്നെയാണ് ഏറ്റവും ഉചിതമായ മാര്‍ഗം. ചെറുതോ വലുതോ ആയ ഏതു പാപങ്ങളും നിഷ്‌കപടമായ പശ്ചാത്താപ മനസ്സോടുകൂടി അല്ലാഹുവിന്റെ മുമ്പില്‍ ഏറ്റുപറയുമ്പോള്‍ അല്ലാഹു പാപങ്ങള്‍ പൊറുത്തുതരാന്‍ സന്നദ്ധനാകും. അല്ലാഹുവുമായുള്ള ബന്ധത്തെ പോലെ പ്രധാനമാണ് സമസൃഷ്ടികളോടുള്ള ബന്ധവും. ഹൃദയത്തില്‍ അണുമണിത്തൂക്കം അഹങ്കാരമുണ്ടെങ്കില്‍ അതാണ് അവന്റെ വാക്കുകളിലൂടെയും അംഗചലനങ്ങളിലൂടെയും ഹാവഭാവങ്ങളിലൂടെയും പുറത്തുവരുന്നത്. ഹൃദയത്തിലുള്ളത് വിനയമാണെങ്കില്‍ അവന്റെ വാക്കിലും പ്രവൃത്തിയിലും അത് കാണും. അതിനാല്‍, ആരെങ്കിലും സ്വഭാവചര്യകളില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ മനഃസംസ്‌കരണത്തില്‍ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. 
 
നമ്മുടെ പടിവാതില്‍ക്കല്‍ വന്നുനില്‍ക്കുന്ന വിശുദ്ധ റമദാനിനെ നാം നമ്മുടെ ഹൃദയം കൊണ്ട് സ്വീകരിക്കുകയും ദൈവസ്മരണയിലൂടെയും ഖുര്‍ആന്‍ പാരായണത്തിലൂടെയും പാപമോചന പ്രാര്‍ഥനയിലൂടെയും ദാനധര്‍മങ്ങളിലൂടെയും അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനുള്ള അവസരമായി ഉപയോഗപ്പെടുത്തുകയുമാണ് വേണ്ടത്. ഓരോരുത്തരും റമദാന്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ കുടുംബാംഗങ്ങളോടൊപ്പം ഇരുന്ന് വിശുദ്ധ റമദാന്‍ കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ തയാറാക്കണം. ശഅ്ബാനില്‍ നിന്ന് ശവ്വാലിലേക്കെത്തുമ്പോള്‍ കൂടുതല്‍ ഹൃദയശുദ്ധിയും ആത്മീയശക്തിയും ആര്‍ജിച്ച് ഉന്നത വ്യക്തിത്വമുള്ളവരായി മാറാന്‍ നമുക്കും നമ്മുടെ കുടുംബാംഗങ്ങള്‍ക്കും അല്ലാഹു തൗഫീഖ് നല്‍കുമാറാകട്ടെ.
ഉദാരതയുടെയും സന്മനസിന്റെയും മാസമാണ് റമദാന്‍. കര്‍മത്തിന്റെയും സമ്പാദിക്കുന്നതിന്റെയും മാസം. അലസതയുടെയും നിഷ്ക്രിയത്വത്തിന്റെയും സമയം കൊല്ലലിന്റെയും മാസമല്ല. അതിന്റെ വിലപ്പെട്ട സമയം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ പ്രായോഗികമായ കര്‍മപദ്ധതികള്‍ ആവിഷ്കരിക്കുക. അത് നടപ്പാക്കാന്‍ ഓരോരുത്തരും സ്വയം സജ്ജരാവുക. കാരണം, ആ സുവര്‍ണ നിമിഷങ്ങള്‍ വേഗം കടന്നുപോകുന്ന എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രമാണ്.
 
റമദാനോട് കൂടി നമ്മുടെ ജീവിതത്തില്‍ സുതാര്യവും സത്യസന്ധവുമായ ഒരു മാറ്റവും മറക്കാനാകാത്ത ഒരു അടയാളപ്പെടുത്തലും സാധ്യമാണ്. ആ മാറ്റം റമദാന്റെ മുമ്പും ശേഷവുമുള്ള ജീവിതത്തെ താരതമ്യം ചെയ്താല്‍ വളരെ സ്പഷ്ടമായി മനസ്സിലാകും. അതിനാല്‍ റമദാന്‍ നമ്മുടെ കൈയില്‍ ഏല്‍പിക്കപ്പെട്ട അമാനത്ത് ആണ്. ആ അമാനത്തില്‍ നമുക്ക് അല്ലാഹുവിനെ സൂക്ഷിക്കാനും അല്ലാഹുവിന് നമ്മില്‍ നന്മ മാത്രം ദര്‍ശിക്കാനും ഇടയാക്കുമാറാകട്ടെ. 
 

അഭിപ്രായങ്ങളൊന്നുമില്ല: