2012, ജൂലൈ 11, ബുധനാഴ്‌ച


മുജാഹിദ് പ്രസ്ഥാനം പ്രതിസന്ധിയിലാവാന്‍ കാരണം
മുജാഹിദ് പ്രസ്ഥാനത്തിലെ അന്തഃഛിദ്രതക്കും ഗുരുതരമായ ആശയക്കുഴപ്പങ്ങള്‍ക്കും കാരണം ഇസ്ലാമിന്റെ മൌലിക പ്രമാണങ്ങളോടുള്ള കാഴ്ചപ്പാടില്‍ സംഭവിച്ച പിഴവാണ്. ഇസ്ലാമിന്റെ മൂലപ്രമാണം ഒന്നാമതായി വിശുദ്ധ ഖുര്‍ആനും രണ്ടാമതായി അതിന്റെ വ്യാഖ്യാനവും വിശദീകരണവുമായ സുന്നത്തുമാണ്. അഥവാ പ്രവാചകചര്യ. ഈ മൌലിക പ്രാധാന്യ ക്രമം ആര്‍ എപ്പോഴൊക്കെ തെറ്റിച്ചുവോ അവരെല്ലാം ആശയസംഘട്ടനങ്ങള്‍ക്കും വ്യതിചലനങ്ങള്‍ക്കും ശൈഥില്യത്തിനും ഇരയായിട്ടുണ്ട്. സുന്നത്തിന്റെ സ്ഥാനം ബിദ്അത്തുകള്‍ക്ക് നല്‍കിയതും പ്രവാചകചര്യയേക്കാള്‍ ഇമാമുകളുടെ അഭിപ്രായങ്ങള്‍ക്ക് അപ്രമാദിത്വം കല്‍പിച്ചതുമാണ് സമുദായത്തില്‍ ഒരു വിഭാഗത്തിന്റെ വ്യതിയാന കാരണം. മറുവശത്ത് അതിനെതിരെ പൊരുതാന്‍ രംഗത്തിറങ്ങിയ ഇസ്ലാഹി പ്രസ്ഥാനത്തിലെ ഒരു വിഭാഗം യാതൊരുവിധ യുക്തിബോധവും സമഗ്ര കാഴ്ചപ്പാടും ഇല്ലാതെ ഹദീസുകളെന്ന പേരില്‍ ഉദ്ധരിക്കപ്പെട്ടതൊക്കെ വേദവാക്യങ്ങളായി കരുതി തദടിസ്ഥാനത്തില്‍ ഖുര്‍ആനിക സൂക്തങ്ങളെപ്പോലും വ്യാഖ്യാനിക്കാന്‍ ധാര്‍ഷ്ട്യം കാണിക്കുകയായിരുന്നു. ഇസ്ലാമിന്റെ വൈജ്ഞാനികമായ അടിത്തറയോ ശാസ്ത്രസത്യങ്ങളോടുള്ള അതിന്റെ ആരോഗ്യകരമായ കാഴ്ചപ്പാടോ സാമൂഹികബോധമോ ഒന്നും ഇക്കൂട്ടര്‍ക്ക് പ്രശ്നമല്ല. പകരം തങ്ങളുടെ മുന്‍ഗാമികള്‍ തന്നെ ഒരുകാലത്ത് ജിഹാദ് ചെയ്ത അന്ധവിശ്വാസങ്ങളിലേക്ക് തിരിച്ചുപോയിക്കൊണ്ടിരിക്കുകയാണവര്‍. ഇതാണ് ജിന്ന്-സിഹ്ര്‍ വിവാദത്തിന്റെ മര്‍മം.


ജിന്ന് അല്ലാഹുവിന്റെ അദൃശ്യ സൃഷ്ടികളാണ്. അവര്‍ സര്‍വജ്ഞരോ സര്‍വശക്തരോ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി മനുഷ്യര്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ ശേഷിയുള്ളവരോ അല്ല. മറിച്ച് മനുഷ്യനായ പ്രവാചകന്‍ തിരുമേനി നല്‍കിയ ഇസ്ലാമിന്റെ സന്ദേശമാണ് അവരില്‍ ഒരു വിഭാഗത്തെ സന്മാര്‍ഗത്തിലേക്ക് നയിച്ചതെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുള്ളതാണ്. ജിന്നുകളെ ഭയന്നോ സ്നേഹിച്ചോ ജീവിക്കാന്‍ വിശ്വാസികളോട് ഇസ്ലാം ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍, ജിന്ന് വംശജനായ ഇബ്ലീസ് മനുഷ്യരെ ദുര്‍ബോധനങ്ങളിലൂടെ വഴിതെറ്റിക്കാന്‍ ശ്രമിക്കുമെന്ന് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നിപ്പോള്‍ ജിന്ന് പ്രശ്നം ഒരു പരിഷ്കരണ പ്രസ്ഥാനത്തെ കുറുകെ പിളര്‍ക്കാനും പിറകോട്ട് നയിക്കാനും കാരണമാകുന്നുവെങ്കില്‍ അതാണ് സാക്ഷാല്‍ ജിന്നു ബാധ. അഥവാ, ഇബ്ലീസിയന്‍ തന്ത്രത്തിന്റെ വിജയം. ഹദീസുകളെന്ന പേരില്‍ വിശ്വാസികളെ മൂഢരും പരിഭ്രാന്തരുമാക്കുന്ന വചനങ്ങളൊന്നും മുഹമ്മദ് നബി(സ) പറഞ്ഞതോ ചെയ്തിട്ടുള്ളതോ ആവാന്‍ ഒരു സാധ്യതയുമില്ല, സാങ്കേതികമായി നിവേദക പരമ്പര സുരക്ഷിതമായിരുന്നാല്‍ പോലും. മൂഢവിശ്വാസങ്ങളുടെ അടിവേരറുക്കാന്‍ നിയുക്തനായ പ്രവാചകന്‍ തന്നെ അത്തരം വിശ്വാസങ്ങളുടെ പ്രചാരകനായിരുന്നു എന്ന് വിശ്വസിക്കുന്നതിനേക്കാള്‍ വൈരുധ്യവും അക്രമവുമുണ്ടോ?


ഇതുപോലെയാണ് സിഹ്റിന്റെ കാര്യവും. ചരിത്രാതീതകാലം മുതല്‍ മനുഷ്യരില്‍ ചിലരുടെ ദൌര്‍ബല്യങ്ങളാണ് ശിര്‍ക്കും സിഹ്റും. സ്രഷ്ടാവും സര്‍വശക്തനുമായ അല്ലാഹുവിന്റെ സത്തയിലും വിശേഷണങ്ങളിലും അധികാരാവകാശങ്ങളിലും സൃഷ്ടികളുടെ പങ്ക് സങ്കല്‍പിച്ച് അവരെ പൂജിക്കുകയും പ്രീതിപ്പെടുത്തുകയും ചെയ്യുന്നതാണ് ശിര്‍ക്ക്. സൃഷ്ടികളായ 'ദൈവങ്ങള്‍' അയഥാര്‍ഥമാണെന്ന് ആര്‍ക്കും ബോധ്യമാവും. എന്നാലും അത്തരം ദൈവങ്ങളുടെ പൂജ ഒരു യാഥാര്‍ഥ്യമാണ്, യഥാര്‍ഥ ദൈവത്തോട് ചെയ്യുന്ന മഹാപരാധവും. അതിനാല്‍ ഇസ്ലാം അത് അതികഠിനമായി വിലക്കി. അതുപോലെ കാര്യകാരണ ബന്ധത്തിനതീതമായി മനുഷ്യര്‍ക്ക് ദ്രോഹം ചെയ്യാന്‍ ചിലരുടെ ചില വേലകള്‍ക്ക് സാധിക്കുമെന്ന വിശ്വാസമാണ് സിഹ്ര്‍. ദമ്പതികള്‍ക്കിടയില്‍ പോലും വഴക്കും വക്കാണവുമുണ്ടാക്കാനും അവരെ പിളര്‍ത്താനും ഈ കൊടിയ അന്ധവിശ്വാസത്തിന് കഴിയുമെന്ന് ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ അത് മഹാ പാപമാക്കി. ഇതിനര്‍ഥം സിഹ്ര്‍ ഒരു യാഥാര്‍ഥ്യമാണെന്നല്ല. ഗണികനോ മാന്ത്രികനോ വിചാരിച്ചാല്‍ വഞ്ചനാത്മകമായ ചില വേലകളിലൂടെ ആരെയും ശാരീരികമായോ മാനസികമായോ ദ്രോഹിക്കാന്‍ കഴിയില്ല. എന്നാലും അവരില്‍ വിശ്വാസമര്‍പ്പിച്ച് അത്തരം വേലകള്‍ ചെയ്യിക്കുന്നവരും ആ വേലകളിലാണ് തന്റെ അസുഖങ്ങള്‍ക്കോ നഷ്ടങ്ങള്‍ക്കോ കാരണമെന്ന് കരുതുന്നവരും വാസ്തവത്തില്‍ പരോക്ഷമായി സര്‍വശക്തനായ അല്ലാഹുവിന്റെ മാത്രം അധികാരാവകാശങ്ങളില്‍ സൃഷ്ടികളെ പങ്കുചേര്‍ക്കുകയാണ്. പുറമെ, അത് മനുഷ്യബന്ധങ്ങളെ ദ്രോഹകരമായി ബാധിക്കുകയും ചെയ്യുന്നു. അതിനാലാണ് സിഹ്ര്‍ വിലക്കപ്പെട്ടത്. ഇത് മനസ്സിലാക്കാതെ, പ്രവാചകന് പോലും സിഹ്ര്‍ ബാധിച്ചുവെന്ന് 'ഹദീസു'കളുമായി നടക്കുകയാണ് ഒരു കൂട്ടര്‍. സത്യമാവട്ടെ പ്രവാചകന്‍ സാഹിറോ (സിഹ്ര്‍ ചെയ്യുന്നവന്‍) മസ്ഹൂറോ (സിഹ്ര്‍ ബാധിതന്‍) ആയിരുന്നെന്ന ശത്രുപ്രചാരണത്തെ പാടെ നിരാകരിച്ചിരിക്കുകയാണ് വിശുദ്ധ ഖുര്‍ആന്‍. ഇതിനെതിരെ സ്വീകാര്യമായ ഹദീസ് ഉണ്ടാവുന്നതെങ്ങനെ?


ഇമ്മാതിരി ബാലിശങ്ങളും അര്‍ഥശൂന്യവുമായ പ്രശ്നങ്ങളില്‍ കുരുങ്ങി മുജാഹിദ് പ്രസ്ഥാനം പ്രതിസന്ധിയിലാവാന്‍ കാരണം, മനുഷ്യനെ അഗാധമായി ബാധിക്കുന്ന ജീവല്‍ പ്രശ്നങ്ങളിലൊന്നും ഇസ്ലാമിന് കാര്യമില്ല എന്ന് ആദ്യമേ തീരുമാനിച്ചതാണ്. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വ്യവഹാരങ്ങളൊക്കെ ഇസ്ലാമിന് പുറത്താണെങ്കില്‍ പിന്നെ അവശേഷിക്കുക ജിന്നും സിഹ്റും കൈകെട്ടും താടിരോമങ്ങളുടെ ദൈര്‍ഘ്യവുമൊക്കെ തന്നെയാവും. നിരന്തരമായ ബോധവത്കരണവും ആരോഗ്യകരമായ സംവാദവും വഴി മുസ്ലിം സമൂഹത്തെ ഇത്തരം വേണ്ടാതീനങ്ങളില്‍നിന്ന് മോചിപ്പിച്ച് അവരുടെ കര്‍മശേഷിയും ധനശേഷിയും സൃഷ്ടിപരമായ കാര്യങ്ങളിലേക്ക് തിരിച്ചുവിടാനാണ് ഇസ്ലാമിക പ്രവര്‍ത്തകര്‍ യത്നിക്കേണ്ടത്. സമുദായത്തില്‍ സ്വാധീനവും അധികാര പിന്‍ബലവുമുള്ളവരൊക്കെ രംഗത്തിറങ്ങി ശ്രമിച്ചിട്ടും മുജാഹിദ് പ്രസ്ഥാനത്തെ പുനരേകീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴാകട്ടെ ഔദ്യോഗിക വിഭാഗം കൂടുതല്‍ ശൈഥില്യത്തിലേക്ക് നീങ്ങുന്നു. എക്സിക്യൂട്ടീവ് സമ്മേളിച്ച് എങ്ങും തൊടാത്ത നിഷേധ പ്രസ്താവന ഇറക്കിയതുകൊണ്ട് പരിഹരിക്കാവുന്നതല്ല ആഴമേറിയ പ്രതിസന്ധി.

അഭിപ്രായങ്ങളൊന്നുമില്ല: