2012, ജൂലൈ 23, തിങ്കളാഴ്‌ച


Saturday, July 21st, 2012
ഇസ്‌ലാം ഓണ്‍ലൈവിന് വേണ്ടി ഡി ഫോര്‍ മീഡിയ ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പ്രമുഖ സാഹിത്യകാരനും ആക്ടീവിസ്റ്റുമായ കെ പി രാമനുണ്ണിയുമായി നടത്തിയ സംഭാഷണം.
ramanunni
ശൈഖ് മുഹമ്മദ് കാരക്കുന്ന് : കേരള മുസ്‌ലിങ്ങളുടെ മക്കയായി അറിയപ്പെടുന്ന പൊന്നാനിയിലാണല്ലോ രാമനുണ്ണി സര്‍ ജനിച്ചതും വളര്‍ന്നതും. ഇപ്പോള്‍ ജീവിക്കുന്നത് കോഴിക്കോട്ടും. അത് കൊണ്ട് തന്നെ മുസ്‌ലിങ്ങളുമായി ധാരാളം ഇടപഴകാന്‍ അവസരം ലഭിച്ചിട്ടുണ്ടാവും. അപ്രകാരം തന്നെ സൂഫി പറഞ്ഞ കഥ, ജീവിതത്തിന്റെ പുസ്തകം തുടങ്ങിയ കൃതികളിലെല്ലാം പ്രധാന കഥാപാത്രങ്ങള്‍ മുസ്‌ലിങ്ങള്‍ തന്നെ. ഈ അര്‍ഥത്തില്‍ മുസ്‌ലിങ്ങളുടെ ആചാര അനുഷ്ഠാനങ്ങളെ കുറിച്ച് നല്ല ഒരു ധാരണ ഉണ്ടാവും. റമദാന്‍ ആസന്നമായ ഘട്ടത്തില്‍ അതിനെ കുറിച്ച് നല്ല ധാരണയുണ്ടാവുമല്ലോ.
രാമനുണ്ണി: പൊന്നാനിയില്‍ ജീവിച്ചതുകൊണ്ട് എനിക്കുണ്ടായ സൗഭാഗ്യം, മുസ്‌ലിം സമുദായം രണ്ട് എന്ന വ്യത്യാസമില്ലാതെ ഒരൊറ്റ സമുദായമായി ജീവിക്കുന്നതായി എനിക്ക് അനുഭവപ്പെടാന്‍ സാധിച്ചു. എല്ലാവരും ദൈവത്തിന്റെ ഒരൊറ്റ മക്കളെന്ന സങ്കല്‍പം പൊന്നാനിയിലെ മുസ്‌ലിം ഹിന്ദു സമുദായങ്ങള്‍ക്കിടയില്‍ ഒരു പരിധി വരെ ഉണ്ടായിരുന്നു. ആ പശ്ചാത്തലത്തില്‍ നിന്നും വരുന്നതു കൊണ്ട് തന്നെ, നോമ്പ് പോലെയുള്ള മറ്റ് ആരാധനകള്‍ മുസ്‌ലിങ്ങളുടെ ആരാധനകളായിട്ടല്ല, എന്റെ തന്നെ ജീവിതത്തിന്റെ ഭാഗമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. എന്റെ തന്നെ അനുഭവങ്ങള്‍ എന്ന നിലയിലും മറ്റുള്ളവന്റെ അനുഭവങ്ങളായും കാണുന്നതില്‍ മനോഭാവ പരമായ വ്യത്യാസം ഉണ്ടല്ലോ.
ശൈഖ്: കുട്ടിക്കാലം മുതലെയുള്ള ഇടകലര്‍ന്ന ജീവിതത്തില്‍ വ്യത്യസ്ഥങ്ങളായ അനുഭവങ്ങളുണ്ടാകുമല്ലോ.
രാമനുണ്ണി: നോമ്പ് പിടിക്കാതെ നോമ്പ് തുറക്കുന്ന ഒരാളായിരുന്നു ഞാന്‍. വീട്ടില്‍ നോമ്പ് ഇല്ലല്ലോ...പക്ഷെ, എല്ലാ ദിവസവും എന്റെ ആത്മസുഹൃത്തായ അബ്ദുല്‍ ഖയ്യിമിന്റെ വീട്ടില്‍ എന്നെ വിളിച്ചു വരുത്തുമായിരുന്നു. ഓണം, വിഷു പോലെ എന്റെ സ്വന്തം ഉല്‍സവമായിരുന്നു എനിക്ക് പെരുന്നാളും.
ശൈഖ് : ശരീരത്തിന് പീഢനമേല്‍പിക്കുന്ന കാലമാണ് നോമ്പ് എന്ന ഒരു ധാരണ ഉണ്ടല്ലോ..പ്രഭാതം മുതല്‍ ദീര്‍ഘനേരം മൗലികമായ ചില അവകാശങ്ങള്‍ നിഷേധിക്കുന്നു. അതോടൊപ്പം തന്നെ ആത്മീയമായ ഒരു നിര്‍വൃതി ഇതിലൂടെ ലഭിക്കുന്നുണ്ടല്ലോ, ഇതുപോലെ ശരീരം അനുഭവിക്കുന്ന പ്രയാസത്തിനേക്കാള്‍ ആത്മീയ നിര്‍വൃതി ലഭിക്കുന്ന ആത്മീയ അനുഭവങ്ങള്‍ ഉണ്ടാവുമല്ലോ..
രാമനുണ്ണി : താത്വികമായി ചിലര്‍ ഇങ്ങനെ ചോദിക്കാറുണ്ട്. ഇസ്‌ലാമിലെ പ്രാര്‍ഥന തന്നെ ആത്മ ശുദ്ധീകരണത്തിനുള്ള വലിയ ഉപാധിയാണല്ലോ. ആത്മ സഹനത്തിനും നിയന്ത്രണത്തിനുമുള്ള ഒരു ശക്തിയുണ്ടാക്കിയെടുക്കലാണ് വ്രതത്തിലൂടെ നടക്കുന്നത്. മതപരമായ ഈ ഉളളടക്കമുള്ളതോടൊപ്പം മനുഷ്യനെ മനുഷ്യനാക്കുന്ന ഒരു പ്രക്രിയയാണ് ഇതിലൂടെ ഉണ്ടാവുന്നത്. മറ്റു ജീവികളില്‍ നിന്നും മനുഷ്യനുള്ള സവിശേഷത പ്രാഥമിക ചോദനകളെ നിയന്ത്രിച്ച് ആത്മബോധം ഉണ്ടാക്കുക എന്നതാണ്. മനുഷ്യന്റെ സവിശേഷത, ശ്രീ നാരായണ ഗുരു പറഞ്ഞത് പോലെ പശുവിന് പശുത്വമുള്ളത് പോലെ മനുഷ്യന് മനുഷ്യത്വം ഉണ്ടാകുമ്പോഴാണ് അവന്‍ മനുഷ്യനാകുന്നത്. ആ മനുഷ്യത്വത്തിന്റെ സൃഷ്ടിയാണ് സത്യത്തില്‍ നോമ്പിലൂടെ നടക്കുന്നത്. ഭക്ഷണം കഴിക്കാന്‍ തോന്നുന്ന സമയത്ത് അത് നിയന്ത്രിക്കാനും അവനവനെ മനസ്സിലാക്കാനുമുളള ഒരു കഴിവ് നല്‍കുന്നു. ഇത് ഒരു മനുഷ്യനാവല്‍ പ്രക്രിയയാണ്. ത്യജിക്കാനുള്ള മനോഭാവം ഉണ്ടാക്കുന്നു. എനിക്ക് പെട്ടെന്ന് വിശക്കുമ്പോഴും സഹിക്കാനുള്ള മനോഭാവം ഉണ്ടാകുന്നു. ആ ത്യാഗത്തിലൂടെയാണ് സഹജീവിയെ സ്‌നേഹിക്കാന്‍ പറ്റുന്നത്. അപ്പോള്‍ നോമ്പ് വെറും ഒരു അനുഷ്ടാനമല്ല, മറിച്ച് അതിന്റെ പിറകില്‍ മനുഷ്യനെ മനുഷ്യനാക്കിത്തീര്‍ക്കുന്ന പരിണാമ പ്രക്രിയയിലെ അല്‍ഭുതകരമായ ഒരു പ്രതിഭാസമാണ് നടക്കുന്നത്.
ശൈഖ് :തീര്‍ച്ചയായും, അത്തരം ത്യാഗങ്ങള്‍ നമുക്ക് നല്‍കുന്ന ഒരു നിര്‍വൃതിയുണ്ട്. രുചികരമായ ഒരു ഭക്ഷണം കഴിച്ചാല്‍ ഉണ്ടാകുന്ന സന്തോഷം നൈമിഷകമാണല്ലോ. എന്നാല്‍ ത്യാഗത്തിന് ജീവിതാന്ത്യം വരെ, മത വിശ്വാസികളെ സംബന്ധിച്ചെടുത്തോളം അതിനു ശേഷവും അതിന്റെ സല്‍ഫലവും സന്തോഷവും അനുഭവിക്കുമല്ലോ..എം എന്‍ വിജയന്‍ പറഞ്ഞുവല്ലോ...പരന്നൊഴുകുന്ന പുഴക്ക് ശക്തിയില്ല; അതിന്റെ ശക്തി അതിന്റെ വീഴ്ചയിലാണ് എന്ന്. അതുപോലെ ജീവിതത്തില്‍ ഇത്തരം ത്യാഗനിര്‍ഭരമായ അനുഭവങ്ങള്‍ ഉണ്ടാവുമ്പോഴാണല്ലോ മനുഷ്യന്റെ സര്‍ഗാത്മകതയും സ്വത്വപരമായ സവിശേഷതയും പ്രകടമാവുന്നത്.
രാമനുണ്ണി : നമുക്ക് നമ്മുടെ ശക്തിയെ, നാമെന്താണെന്ന് തിരിച്ചറിയല്‍ കൂടി വ്രതത്തില്‍ സാധ്യമാകുന്നുണ്ട്. ഞാന്‍ പലപ്പോഴും വ്രതം അനുഷ്ടിക്കാറുണ്ട്. രാഷ്ട്രീയ കാരണങ്ങളാല്‍ ഇറോം ശര്‍മിളക്ക് അനുകൂലമായി അഞ്ച് ദിവസം ഇവിടെ നിരാഹാരം കിടന്നിട്ടുണ്ട്. അതല്ലാതെയും ഞാന്‍ ഇടക്ക് നിരാഹാരമനുഷ്ടിക്കാറുണ്ട്. ആ സമയത്ത് നമുക്ക് നമ്മുടെ ഉള്ളിനെ ശരിക്കും കാണാന്‍ പറ്റും. നമ്മില്‍ ഉണ്ടാകുന്ന വിശപ്പ് എന്ന ആസക്തി , അത് നിയന്ത്രിക്കുമ്പോഴുണ്ടാകുന്ന നമ്മുടെ ആത്മബോധം എന്നിവ വളരെ പ്രധാനമാണ്. നാം രണ്ട് ദിവസമെല്ലാം പട്ടിണി കിടന്നാല്‍ പുറത്തുള്ള ഗന്ധവും കൂടി പിടിച്ചെടുക്കാന്‍ നമുക്ക് സാധിക്കും എന്നതാണ് നമ്മുടെ ശരീരത്തിന്റെ ഒരു സവിശേഷത. കാരണം ശരീരം അതിനു തയ്യാറെടുക്കുകയാണ് ..എവിടെയാണ് അതിന്റെ മണം, അതു മനസ്സിലാക്കി നമ്മുടെ ശരീരത്തെ നിയന്ത്രിക്കാനുളള ഒരു ആത്മീയമായ ഘടകം അതിലുണ്ട്. ഇത് വെറും ഒരു യാന്ത്രിക അനുഷ്ടാനമല്ല.
ശൈഖ് : ഇഛകളുടെ ഒരു പൂരണം ജന്തുസഹജമാണ്. കുടിക്കാന്‍ തോന്നുന്നതൊക്കെ കുടിക്കുക, കഴിക്കാന്‍ തോന്നുന്നതൊക്കെ കഴിക്കുക, ഭോഗിക്കാന്‍ തോന്നുമ്പോഴൊക്കെ ഭോഗിക്കുക, പറയാന്‍ ആഗ്രഹിക്കുന്നതൊക്കെ വിളിച്ച് പറയുക.. അപ്പോള്‍ നാം ജന്തു സമാനരാകും. ശരീരത്തിന്റെ ഇഛകളെ നിയന്ത്രിക്കാനുളള മാനവികമായ ഒരു ബോധമാണല്ലോ നോമ്പ് നല്‍കുന്നത്.
രാമനുണ്ണി : സഹജീവികളുടെ വേദനകള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. ബിരിയാണി കഴിച്ചത് നമുക്ക് ഓര്‍മയുണ്ടാവില്ല, എന്നാല്‍ വിശന്നു കിടക്കുന്ന സന്ദര്‍ഭത്തില്‍ കിട്ടിയ ഭക്ഷണം മറ്റൊരാള്‍ക്ക് കൊടുത്താലുണ്ടാകുന്ന സംതൃപ്തി എന്നെന്നുമുണ്ടാവും. അതാണ് മനുഷ്യനെ മനുഷ്യനാക്കുന്ന ആത്മീയ ഘടകം. ആത്മീയ ശിക്ഷണം വളരെ അനിവാര്യമായ ഒരു സമൂഹമാണ് ഇന്നത്തെത്. കാരണം, പണ്ട് നമ്മള്‍ ആധുനിക മുതലാളിത്തവും ഇന്നത്തെ നാഗരികതയും മനുഷ്യനെ self centered ആക്കും എന്നായിരുന്നു പറയാറുള്ളത്. അതായത് അവനവനിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കും എന്നായിരുന്നു. ഇന്ന് അതും കഴിഞ്ഞ് sense centered ആക്കിത്തീര്‍ത്തിരിക്കുന്നു. അതായത് പഞ്ചേന്ദ്രിയങ്ങളില്‍ മാത്രം നോക്കാന്‍ പ്രേരിപ്പിക്കുന്നു. രുചി, ഭക്ഷണം, സെക്‌സ് എന്നിവയില്‍ മാത്രമാണ് ശ്രദ്ധ, അതായത് കണ്ണും ചെവിയും അപ്രകാരം രുചിയിലൂടെയും വരുന്ന സന്തോഷത്തിലേക്ക് മാത്രം നോക്കുക എന്ന ഒരവസ്ഥ. അപരനെ പോലും പരിഗണിക്കാത്ത അവസ്ഥ. അതായത് വിവാഹവും കാമവും പോലും അന്യമായിക്കൊണ്ടിരിക്കുകയാണ് പാശ്ചാത്യ രാജ്യങ്ങളില്‍....
ശൈഖ് :ഭക്ഷണത്തില്‍ പോലും രുചി നിര്‍ണയം രണ്ടു വിധമില്ലേ, ഒരു നാവ് രുചി നിര്‍ണയിക്കുമ്പോള്‍ ഭക്ഷണത്തെ കുറിച്ച് നമുക്കൊരു കാഴ്ചപ്പാടുണ്ടാകും. ആരാണോ ഭക്ഷണം വിളമ്പിത്തരുന്നത് അതിനനുസരിച്ച് ആത്മീയമായ രീതിയില്‍ രുചി മാറും. അതുകിട്ടാത്തതു കൊണ്ടാണല്ലോ വീട്ടിലെ ഭക്ഷണം മാറ്റി നിര്‍ത്തി ഫാസ്റ്റ് ഫുഡില്‍ നാം അഭയം തേടുന്നത്.
രാമനുണ്ണി: മനുഷ്യന്റെ ഭക്ഷണം അതിന്റെ രുചി മാത്രമല്ല, അതിന്റെ കൂടെ ഒരുപാട് സംസ്‌കാരങ്ങളുണ്ട്. ഇന്ന് സംസ്‌കാരമെന്ന രുചി നഷ്ടപ്പെട്ടു പോകുമ്പോള്‍ മനുഷ്യന്‍ എന്ന നിലയില്‍ നിന്ന് താഴ്ന്ന് മൃഗത്തിന്റെ ചോദനയിലേക്ക് താഴ്ന്നു പോകുന്നു.
ശൈഖ് : ഇച്ഛകളെ നിയന്ത്രിക്കാനുള്ള ഒരു പരിശീലനമാണല്ലോ നോമ്പ്. എന്നാല്‍ എല്ലാ മതസമൂഹങ്ങളിലും ആരാധനകളിലൂടെ നേടിയെടുക്കേണ്ട മൂല്യങ്ങള്‍ ജീവിതത്തില്‍ കാണുന്നില്ല. ആരാധനാലായങ്ങളും തീര്‍ഥാടകരുടെ എണ്ണവും വര്‍ദ്ധിച്ച ഈ സാഹചര്യത്തില്‍ മൂല്യങ്ങളുടെ കാര്യത്തില്‍ ഈ വളര്‍ച്ച കാണുന്നില്ല, എന്തായിരിക്കുമതിന് കാരണം?
രാമനുണ്ണി: എല്ലാ മതങ്ങളിലും വിശ്വാസ പ്രമാണങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. വിശ്വാസ പ്രമാണങ്ങളില്‍ ദാര്‍ഢ്യമില്ലാത്ത അനുഷ്ഠാനങ്ങള്‍ വെറുതെയാണ്. വിശ്വാസ പ്രമാണങ്ങളെ ബലവത്താക്കുന്നതിനാണ് അനുഷ്ഠാനങ്ങള്‍. ഇവ പരസ്പര പൂരകങ്ങളാണ്. അനുഷ്ഠാനങ്ങള്‍ യാന്ത്രികമാവുന്നു, മറ്റുള്ളവരെ കാണിക്കാനായി മാറുന്നു. നമ്മുടെ സമര്‍പ്പണം ത്യാഗമനോഭാവം തുടങ്ങിയ മാനസിക ഘടകങ്ങളാണ് പ്രധാനം. സകാത്ത് കൊടുക്കുമ്പോള്‍ നല്ല വാക്കോട് കൂടി കൊടുക്കണം എന്നു പറയുന്നത് അത് കൊണ്ടാണല്ലോ, ഇന്‍കം ടാക്‌സ് കൊടുക്കുന്നത് പോലെയല്ല സകാത്ത് കൊടുക്കുന്നത്.
ശൈഖ് : പാശ്ചാത്യന്‍ മതേതര ചിന്ത വ്യാപകമായപ്പോള്‍ മതം പൊതുജീവിതത്തില്‍ ഇടപെടരുതെന്ന വാദം മതവിശ്വാസികളെയും അറിഞ്ഞോ അറിയാതെയോ സ്വാധീനിച്ചതും ഇതിന്റെ ഒരു കാരണമായിരിക്കില്ലേ?
രാമനുണ്ണി: പാശ്ചാത്യരാജ്യങ്ങളില്‍ മതവും ഭരണകൂടവും ഒന്നായിട്ട് ഭരണകൂടത്തിന്റെ പല വൃത്തികേടുകള്‍ക്കും മതം കൂട്ടുനിന്ന് സാഹചര്യത്തിലാണ് മതത്തെ ഭരണകൂടത്തില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്തേണ്ട ഒരവസ്ഥ വന്നത്. പൗരോഹിത്യത്തിന്റെ നെറികേടുകളാണ് സീസര്‍ക്കുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന ചിന്താഗതിക്ക് കാരണമായത്. മതങ്ങള്‍ വിപ്ലവ പ്രസ്ഥാനങ്ങളായി നിലനിന്ന ഇന്ത്യയില്‍ ആ രീതി സ്വീകരിക്കേണ്ടതില്ല. മനുഷ്യനെ മനുഷ്യനാക്കുന്ന ഒരു മൈക്രോ പൊളിറ്റിക്‌സ് മതത്തിന്റെ അകത്തുണ്ട്. മതജീര്‍ണതയുടെ പേരില്‍ മതത്തെ അകറ്റിനിര്‍ത്തുമ്പോള്‍ മൂല്യഘടന തന്നെ അകറ്റി നിര്‍ത്തുകയാണ് ചെയ്യുന്നത്. അന്തരീക്ഷവായു മലിനമായതു കൊണ്ട് നമുക്ക് ശ്വസിക്കാതിരിക്കാനാവില്ലല്ലോ. മതരഹിതമായ ഒരു ഭരണകൂടം എനിക്ക് നരകത്തെപോലെയാണെന്ന് മഹാത്മാഗാന്ധി പറഞ്ഞതും അതുകൊണ്ടു തന്നെയാണ്.
ശൈഖ്: മൂല്യത്തിലും ധര്‍മ്മത്തിലും അധിഷ്ടിതമായ ഒരു ജനാധിപത്യം കൊണ്ടുമാത്രമേ നേട്ടമുള്ളൂ. അനിയന്ത്രിത ജനാധിപത്യമല്ല മൂല്യങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു ജനാധിപത്യമാണ് ഉണ്ടാവേണ്ടത്. മതനിരാസപരമായ മതേതരത്വത്തിന് പകരം മതനിരപേക്ഷ മതേതരത്വം എന്ന് നമുക്കതിനെ പറഞ്ഞുകൂടെ?
രാമനുണ്ണി: മൂല്യവത്തായ ജനാധിപത്യമാണെങ്കില്‍ മാത്രമേ അത് ഗുണപരമാവുകയുള്ളൂ. മതമൂല്യങ്ങള്‍ എന്നു പറയുമ്പോള്‍ മതത്തെ വളരെ വിശാലമായി കാണണം. അതിനെ ആളുകള്‍ ദുരുപയോഗപ്പെടുത്തുന്നതിനെ പറ്റി നാം ജാഗ്രതപാലിക്കണം. കാരണം അത് മതമൂല്യങ്ങളെ മൊത്തത്തില്‍ നിരാകരിക്കാനുള്ള ഒരു അവസരം തുറന്ന് കൊടുക്കുകയാണ് ചെയ്യുന്നത്.
ശൈഖ്: അറബ് വസന്തം നടക്കുന്ന് ഇക്കാലത്ത് ഏകാധിപത്യ മര്‍ദ്ധക ഭരണകൂടങ്ങള്‍ക്കെതിരെ പൊരുതാന്‍ മതം ഒരു പ്രചോദകമായി തീരുന്നുണ്ട് എന്നല്ലേ വ്യക്തമാക്കുന്നത്?
രാമനുണ്ണി: ദൈവത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് വേറെ ആരെയും വണങ്ങേണ്ടതില്ല. രാജാവും പ്രജയും ഒറ്റ ദൈവത്തിന്റെ സൃഷ്ടിയാണെന്ന് പറയുമ്പോളുള്ള സമത്വസങ്കല്‍പമുണ്ടല്ലോ ആ ബോധം മനുഷ്യന്റെ ഉള്ളില്‍ നിന്ന് ഉണ്ടാക്കുന്നതാണ്.
ശൈഖ്: ഖലീഫ ഉമറിന്റെ ഭരണകാലത്ത് ഈജ്പ്ഷ്യന്‍ ഗവര്‍ണ്ണറായിരുന്ന അംറ് ബിന്‍ ആസ്വിന്റെ മകന്‍ ഒരു കോപ്റ്റിക് ക്രിസ്ത്യാനിയെ അടിച്ചു. പ്രശ്‌നം ഖലീഫയുടെ അടുത്തെത്തി വിചാരണയില്‍ ഗവര്‍ണ്ണറുടെ മകന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഉമര്‍ ചാട്ടവാര്‍ അടിയേറ്റ ക്രിസ്ത്യാനിയുടെ അടുത്ത് കൊടുത്ത് ഗവര്‍ണ്ണറുടെ മകനെ അടിക്കാന്‍ കല്‍പ്പിച്ചു. വേണമെങ്കില്‍ ഗവര്‍ണ്ണറെയും അടിക്കാന്‍ പറഞ്ഞു. കാരണം അയാളുടെ അധികാരമാണല്ലോ അതിന് പ്രേരകമായിട്ടുള്ളത്. എന്നിട്ട് ഉമര്‍ ചോദിച്ചു 'എപ്പോഴാണ് നിങ്ങള്‍ ജനങ്ങളെ അടിമകളാക്കാന്‍ തുടങ്ങിയത്, അവരുടെ മാതാക്കള്‍ അവരെ സ്വതന്ത്രരായാണല്ലോ പ്രസവിച്ചത്.' നീതിയുടെ നിഷേധം അടിമത്വമാണെന്നതാണിത് വ്യക്തമാക്കുന്നത്. ദൈവത്തിന്റെ സൃഷ്ടികള്‍ തുല്ല്യരാണെന്നും നിയമനിര്‍മ്മാണത്തിനുള്ള പരമാധികാരം രാജാവിനോ ചക്രവര്‍ത്തിക്കോ ഇല്ലെന്നുമുള്ളതാണ്. പക്ഷേ, ഇന്ത്യന്‍ സമൂഹത്തില്‍ ആ ബോധം നഷ്ടപെടുകയല്ലേ ചെയ്തത്?
രാമനുണ്ണി: ജനാധിപത്യമെന്നത് പുരോഗമനപരമായ ഒരു ആശയം തന്നെയാണ് എന്നാല്‍ ജനാധിപത്യത്തില്‍ മൂല്യങ്ങള്‍ സന്നിവേശിപ്പിച്ചില്ലെങ്കില്‍ സംഭവിക്കാവുന്ന അപകടങ്ങളാണ് നാമിന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ഖലീഫ ഉമറിന്റേത് മൂല്യഭരണമായിരുന്നു. അതാണ് ശരിയായ ഇസ്‌ലാം, ഇന്ന് പലപ്പോഴുമത് സാമുദായികതയില്‍ ചുരുങ്ങിപോവുകയാണ്. സാമുദായികതയില്‍ ചുരുങ്ങാതിരിക്കണമെന്ന പാഠം കൂടി ഉമറിന്റെ ഭരണത്തിലുണ്ട്. ഒരു ഫിലോസഫര്‍ കിംഗിന്റെ ഭരണമായിരിക്കും ഏറ്റവും ഉത്തമമായ ഭരണമായിരിക്കുകയെന്ന് പ്ലേറ്റോ പറയുന്നുണ്ട്. കാരണം ജനാധിപത്യത്തില്‍ പങ്കാളിയാവുന്നവര്‍ ദുഷിച്ചവരായാല്‍ ജനാധിപത്യവും ദുഷിക്കും. എന്നാല്‍ ഫിലോസഫര്‍ കിംഗ് എന്ന് പറയുമ്പോള്‍ ഭരിക്കുന്നത് കിംഗല്ല മറിച്ച് ഫിലോസഫിയാണ്. ഉമറിന്റെ കാലത്ത് ഇസ്‌ലാമിന്റെ മൂല്യങ്ങളായിരുന്നു ഭരണം നടത്തിയിരുന്നത്. താല്‍ക്കാലിക നേട്ടത്തിന് മനുഷ്യനെ എന്തും ചെയ്യിക്കുന്ന പ്രായോജികതാവാദമാണ് ഇന്നത്തെ മുതലാളിത്വ സംസ്‌കൃതിയുണ്ടാക്കുന്നത്. അതാണ് ജനാധിപത്യത്തെ ദുഷിപ്പിക്കുന്നത്. അതിനെ പ്രതിരോധിക്കണമെങ്കില്‍ ജനാധിപത്യത്തിനകത്ത് മതമൂല്യങ്ങളും ആത്മീയ മൂല്യങ്ങളും താത്വികമായ മൂല്യങ്ങളും ഉള്‍ക്കൊള്ളിക്കേണ്ടതുണ്ട്. മതവിശ്വാസിയല്ലാത്തവരിലും മൂല്യങ്ങളുണ്ടാവും എന്നാല്‍ തനിക്ക് എവിടെന്നാണ് മൂല്യങ്ങള്‍ കിട്ടിയതെന്ന് അവന്‍ ആലോചിക്കേണ്ടതുണ്ട്. യുക്തിവാദികളിലും നിരീശ്വരവാദികളിലും മൂല്യങ്ങളുണ്ടാവും എന്നാല്‍ അവര്‍ക്ക് അതിന് ഒരു താത്വികമായ അടിസ്ഥാനമുണ്ടായിരിക്കുകയില്ല.
ശൈഖ്: സാമൂദായികതക്ക് മതവുമായി ബന്ധമില്ലെന്ന് സാര്‍ പറഞ്ഞു. പ്രവാചകന്റെ അനുയായി ഒരു പടയങ്കി മോഷ്ഠിച്ചു, പിന്നിട് പിടിക്കപ്പെടുമെന്നായാപ്പോള്‍ അത് ഒരു ജൂതന്റെ മേല്‍ ആരോപിച്ചു വാദിച്ചു. പ്രവാചകനും അത് ശരിയാണെന്ന് തോന്നി ജൂതനെതിരെ നടപടിയെടുക്കാന്‍ ആലോചിച്ചപ്പോഴേക്കും പ്രസ്തുത വിഷയത്തില്‍ ഖുര്‍ആന്‍ അവതരിച്ചു. 'ഈ ഗ്രന്ഥം നിനക്ക് അവതരിപ്പിച്ചത് തന്നെ നീതിപൂര്‍വം വിധികല്‍പ്പിക്കാനാണ്. അതുകൊണ്ട് നീ വഞ്ചകന്‍മാര്‍ക്ക് കൂട്ടുനില്‍ക്കരുത്. നീ ദൈവത്തോട് പാപമോചനം ചെയ്യണം.' എന്ന് തുടങ്ങുന്ന ഒമ്പത് സൂക്തങ്ങളാണ് അവതരിച്ചത്. സാമുദായികതയെ മതം ശക്തമായി എതിര്‍ക്കുന്നു എന്നാണിത് വ്യക്തമാക്കുന്നത്. ദേശീയത, സാമുദായികത തുടങ്ങിയവ എല്ലാം മനുഷ്യനെ സങ്കുചിതനാക്കും.
രാമനുണ്ണി: തീര്‍ച്ചയായും, ആധുനികരായ പല ആളുകളും മതത്തെ കുറിച്ച് ഉന്നയിക്കുന്ന ആരോപണമാണ് മതത്തിന്റെ പേരില്‍ നടന്ന യുദ്ധങ്ങളില്‍ എത്രപേര്‍ മരിച്ചുവെന്ന്. എന്നാല്‍ ആധുനിക ദേശീയ രാഷ്ട്രങ്ങളുണ്ടാക്കിയ യുദ്ധങ്ങളില്‍ മരിച്ചതിന്റെ ഒരു ശതമാനം പോലും വരില്ല അത്. ഏത് മതമെടുത്ത് പരിശോധിച്ചാലും അവയെല്ലാം വിഭാഗീയതക്ക് എതിരാണെന്ന് കാണാവുന്നതാണ.് വിഭാഗീയതയെ ഇല്ലാതാക്കുന്ന ഹജ്ജ് പോലുള്ള ഇസ്‌ലാമിന്റെ അനുഷ്ഠാനങ്ങള്‍ അതിനുദാഹരണമാണ്. മനുഷ്യനെ മനുഷ്യനാക്കുന്ന ചില മൂല്യങ്ങളുടെ സംരക്ഷണമാണ് ആത്മത്യാഗം കൊണ്ട് പ്രതിരോധിക്കുന്നതിനാണ് ജിഹാദ് എന്ന് പറയുന്നത്. ഗീതയില്‍ പറയുന്നതും ജിഹാദ് മാത്രമാണ്. പക്ഷെ, ഇതിനെയൊക്കെയിന്ന് തെറ്റായി വായിച്ചുകൊണ്ടിരിക്കുകയാണ്.
ശൈഖ്: ജനാധിപത്യത്തില്‍ മന്ത്രിമാര്‍ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്താല്‍ അതിനെ അവരുടെ ഒരു വലിയ സേവനമായിട്ടാണ് പറയാറുള്ളത്. യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ സമ്പത്ത് എടുത്ത് ഉപയോഗിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്. ഇത്തരത്തില്‍ ഒരു അടിമ മനസ് ജനാധിപത്യത്തെ ദുഷിപ്പിക്കുന്നതില്‍ പങ്കുവഹിക്കുന്നില്ലേ?
രാമനുണ്ണി: തീര്‍ച്ചയായും, അതിന് പിന്നിലുള്ള കാര്യമാണ് അഹന്തയെ വളര്‍ത്തുന്നു എന്നുള്ളത്. അഹന്തയെ ഇല്ലാതാക്കുന്ന കാര്യം ഇസ്‌ലാമിന്റെ ഓരോ കാര്യങ്ങളിലുമുണ്ട്. നോമ്പും നമസ്‌കാരവും അഹന്തയെ ഇല്ലാതാക്കുന്നു. ഇസ്‌ലാമിക തത്വങ്ങളെ വളരെയധികം സാംശീകരിച്ചിട്ടുള്ളയാളാണ് തുഞ്ചത്തെഴുത്തച്ഛന്‍ എന്ന രീതിയില്‍ ഒരു പഠനം നടക്കേണ്ടതുണ്ട്. 'ഞാനെന്ന ഭാവമത് തോന്നായ്ക വേണമിഹ, തോന്നുന്നതാകില്‍ അകിലം ഞാനിതെന്നവഴി തോന്നേണം.' എന്നാണദ്ദേഹം പറയുന്നത്. ജനാധിപത്യത്തില്‍ ചിലരെ മാത്രം സ്റ്റാറുകളായി കാണുമ്പോള്‍ അഹന്തയെ ഊട്ടിവളര്‍ത്തുകയാണ് ചെയ്യുന്നത്. അഹന്ത പ്രപഞ്ച ശക്തിയെ വെല്ലുവിളിക്കുകയും അടിമത്വ മനോഭാവം പ്രപഞ്ചശക്തിയെ അവഗണിക്കുകയുമാണ് ചെയ്യുന്നത്.
ശൈഖ്: പൊതുജീവിതത്തിലെ മൂല്യനിരാസത്തിന് പരിഹാരമായി നമുക്കെന്താണ് ചെയ്യാന്‍ കഴിയുക?
രാമനുണ്ണി: മൂല്യനിരാസത്തിന് പരിഹാരമായി എളുപ്പവഴികള്‍ വളരെ കുറവാണ്. മതമൂല്യങ്ങളും പാഠങ്ങളും സന്നിവേശിപ്പിക്കാന്‍ ശ്രമിക്കാം എന്നുള്ളതാണ് ഒന്നാമതായി ചെയ്യേണ്ടത്. അത് സന്നിവേശിപ്പിക്കുന്ന സമയത്ത് തന്നെ അതിനെതിരായ ഒരു വ്യവസ്ഥയിലാണ് നാം ജീവിക്കുന്നത്. വിഷമയമായ ഒരു പദാര്‍ഥവാദപരമായ ഒരു സാമ്പത്തിക വ്യവസ്ഥയിലാണ് നാം ജീവിക്കുന്നത്. അതിനെ മാറ്റാനുള്ള ഒരു ശ്രമം കൂടി നാം നടത്തേണ്ടതുണ്ട്. അല്ലെങ്കില്‍ മതം അനുഷ്ഠാനങ്ങളായി ചുരുങ്ങിപോകും.
ശൈഖ്: റമദാനില്‍ കേരളീയ സമൂഹത്തോട് സാംസ്‌കാരിക രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയെന്ന നിലയില്‍ എന്താണ് താങ്കള്‍ക്ക് പറയാനുള്ളത്?
രാമനുണ്ണി: റമദാനിനെ യാന്ത്രികമായ നോമ്പ് നോല്‍ക്കലിനും നോമ്പ് തുറ പാര്‍ട്ടികള്‍ക്കുമുള്ള ചടങ്ങുകളല്ലാതെ ഇതിന്റെ അടിസ്ഥാനപരമായ മൂല്യങ്ങളിലേക്ക് പോകാനും മതപാഠങ്ങളിലെ പുരോഗമനപരമായ ആശയങ്ങള്‍ സാംശീകരിക്കാനുമുള്ള അവസരമായിരിക്കണമിത്. അതിനെ നമ്മെ സ്വയം ശുദ്ധീകരിച്ചെടുക്കാനും സമൂഹത്തെ ശുദ്ധീകരിക്കാനും മലയാളിയെന്ന നിലക്ക് നല്ല ചില സന്ദേശങ്ങള്‍ ലോകത്തിന് കൊടുക്കാനും ജഗദീശരന്‍ നമ്മെ അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ഥനയാണ് എനിക്കുള്ളത്.
ശൈഖ്: പ്രവാചകന്റെ കാലത്ത് നടന്ന രണ്ട് പ്രധാന സംഭവങ്ങളാണ് ബദ്‌റ് യുദ്ധവും മക്കാ വിജയവും. അവ നടന്നത് റമദാനിലായിരുന്നു. ബദ്‌റ് അധര്‍മ്മത്തിനെതിരായിട്ടുള്ള പോരാട്ടവും മക്കാവിജയം വിമോചന സമരവുമായിരുന്നു. അഴിമതിയും വൃത്തികേടുകളും നിറഞ്ഞ ഒരു സാഹചര്യത്തില്‍ അവക്കെതിരെയുള്ള ഒരു വിമോചന പോരാട്ടവും അധര്‍മ്മത്തോടുള്ള സമരത്തിനുള്ള പ്രേരകവുമാവണം റമദാന്‍ എന്നു പറഞ്ഞാല്‍ എന്തു തോന്നുന്നു?
രാമനുണ്ണി: നബിയുടെ ജീവിതത്തന്റെ ഓരോ ഘട്ടങ്ങളും പാഠങ്ങളാണ്. എങ്ങനെയാണ് അധര്‍മ്മത്തോട് പോരാടേണ്ടത്, അതേ സമയം തന്നെ എതിരാളിയോട് അനീതി ചെയ്യാതിരിക്കാനും പഠിപ്പിക്കുകയാണ് നബി തിരുമേനി. അദ്ദേഹത്തിന്റെ വ്യക്തിത്വം തന്നെ ആത്മീയ മൂല്യങ്ങളോട് കൂടിയ വ്യക്തിത്വമാണ്. ഇതെല്ലാം ഓര്‍ക്കാനും ആത്മീയ ഉന്നതിയിലൂടെ സമൂഹത്തിന്റെ മാറ്റവും സമൂഹത്തിന്റെ മാറ്റത്തിലൂടെ ആത്മീയ ഉന്നതിയും കൈവരിക്കാന്‍ ഈ റമദാന്‍ സഹായിക്കട്ടെയെന്നു ആശംസിക്കുന്നു. അതുപോലെ സാമുദായികത വെടിഞ്ഞ് കൊണ്ട് മറ്റു മതസ്ഥരോടൊപ്പം നില്‍ക്കാന്‍ മുസ്‌ലിങ്ങള്‍ക്കും കഴിയണം. ആര്‍ക്കും ഒന്നിലും വിശ്വാസമില്ലാത്ത കാലത്ത് രസ്പര വിശ്വാസം ഊട്ടിയുറപ്പിക്കാനുള്ള പ്രവര്‍ത്തനം നമ്മുടെ ഭാഗത്ത് നിന്നുമുണ്ടാവണം. ദൈവം നമ്മെയെല്ലാം അനുഗ്രഹിക്കുമാറാകട്ടെ.(ഇതിന്റെ വീഡിയോ ഇവിടെ ഉണ്ട് )



അഭിപ്രായങ്ങളൊന്നുമില്ല: