2012, മാർച്ച് 31, ശനിയാഴ്‌ച

ഇന്ത്യയില്‍ പൊലീസ് ന്യൂനപക്ഷ രക്ഷക്ക് എത്തുന്നില്ല -യു.എന്‍ സമിതി

ഇന്ത്യയില്‍ പൊലീസ് ന്യൂനപക്ഷ രക്ഷക്ക് എത്തുന്നില്ല -യു.എന്‍ സമിതി
ന്യൂദല്‍ഹി: വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാവുമ്പോള്‍ ഇന്ത്യയിലെ പൊലീസ് സംവിധാനം ന്യൂനപക്ഷങ്ങളുടെ രക്ഷക്കെത്തുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍. ഇത്തരം സംഘര്‍ഷങ്ങളെക്കുറിച്ചും കൂട്ടക്കൊലകളെക്കുറിച്ചുമുള്ള പഠനത്തിന് ഇന്ത്യയിലെത്തിയ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ നിരീക്ഷകന്‍ ക്രിസ്റ്റോഫ് ഹെയ്ന്‍സ് ഇന്നലെ പുറത്തിറക്കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കേരളം, ഗുജറാത്ത്, കശ്മീര്‍,അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചാണ് ക്രിസ്റ്റോഫ് പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കിയത്.  
   ഗുജറാത്ത് കലാപത്തില്‍ മുസ്ലിംകള്‍ക്കും കണ്ഡമാല്‍ കലാപത്തില്‍ ക്രൈസ്തവര്‍ക്കും ഭരണകൂട സംരക്ഷണം ലഭിച്ചില്ല. പൊലീസ് കലാപകാരികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് ചെയ്തത്. ഇതുസംബന്ധിച്ച അന്വേഷണവുമായി ഗുജറാത്ത് സര്‍ക്കാര്‍ സഹകരിച്ചില്ല. കൂടിക്കാഴ്ചക്ക് വിസമ്മതിക്കുകയും ചെയ്തതായി കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ക്രിസ്റ്റോഫ് ഹെയ്ന്‍സ് പറഞ്ഞു.  ഇന്ത്യയില്‍ യു.എന്നിന്‍െറ നേതൃത്വത്തില്‍ ഇത്തരമൊരു അന്വേഷണം നടക്കുന്നത് ഇതാദ്യമാണ്. വിശദ റിപ്പോര്‍ട്ട് അടുത്തവര്‍ഷം നടക്കുന്ന ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ സമര്‍പ്പിക്കും.  
 കസ്റ്റഡി മരണങ്ങളും ഏറ്റുമുട്ടല്‍ കൊലയും ഇന്ത്യയില്‍ വര്‍ധിച്ചിട്ടുണ്ട്. ഏറ്റുമുട്ടല്‍ മരണങ്ങള്‍ മിക്കതും പൊലീസിന്‍െറ അമിതാധികാര പ്രയോഗത്തിന്‍െറ സൃഷ്ടികളാണ്. പൊലീസ് വെടിയേറ്റ് മരിക്കുന്ന പാവങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക്, അവര്‍ നേരിടുന്ന മനുഷ്യാവകാശലംഘനം വെളിച്ചത്തു കൊണ്ടുവരാനുള്ള സാമ്പത്തിക സ്ഥിതിയും സ്വാധീനവുമില്ല. അതേസമയം, ‘ഏറ്റുമുട്ടല്‍ കൊല’ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതായാണ് കാണുന്നത്.
 ജമ്മു കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന സേനാപ്രത്യേകാധികാര നിയമം വലിയ മനുഷ്യാവകാശ ലംഘനത്തിന് വഴിവെക്കുന്നു. ഈ നിയമത്തിന്‍െറ മറവില്‍ സമാധാനപരമായ പ്രകടനങ്ങള്‍ക്കെതിരെ നടത്തിയ വെടിവെപ്പില്‍ 2010ല്‍ മാത്രം 100 പേരാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്. അതേസമയം, മാവോയിസ്റ്റുകളും മറ്റും നടത്തുന്ന അക്രമങ്ങളിലും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നു.
 സ്ത്രീധനം, ദുരഭിമാനക്കൊല എന്നിങ്ങനെ സ്ത്രീകള്‍ കൊല്ലപ്പെടുന്ന കേസുകളും ധാരാളം. നഗരങ്ങളില്‍ സംഘടിത കുറ്റവാളികളുടെ അക്രമങ്ങളില്‍ പൊലിയുന്ന ജീവനുകളില്‍ ഏറെയും സ്ത്രീകളാണ്. ദലിതുകളും ആദിവാസികളും കൊലചെയ്യപ്പെടുന്ന കേസുകളില്‍ നിയമം ശക്തമായി നടപ്പാക്കപ്പെടുന്നില്ല. ഇത്തരം പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുവെങ്കിലും അവ കൈകാര്യം ചെയ്യാനുള്ള നിയമം ഇന്ത്യയിലുണ്ട്. അവ വേണ്ടരീതിയില്‍ പ്രയോഗത്തിലാവുന്നില്ല എന്നതാണ് പ്രശ്നം. മനുഷ്യാവകാശ കമീഷനുകള്‍ക്കാകട്ടെ സര്‍ക്കാറുകളുടെ കീഴില്‍ വേണ്ടത്ര സ്വാതന്ത്ര്യം ലഭിക്കുന്നില്ല. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്നങ്ങള്‍ പഠിക്കാന്‍ സ്വതന്ത്ര കമീഷനെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് ക്രിസ്റ്റോഫ് ഹെയ്ന്‍സ്് ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല: