2012, മാർച്ച് 31, ശനിയാഴ്‌ച


പാറ്റ്ന: നിരന്തരമായി തുടര്‍ന്നുവരുന്ന മുസ് ലിം വിരുദ്ധ നിലപാടുകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബീഹാറില്‍ പ്രക്ഷോഭം. ഉര്‍ദുഭാഷയോടും ഉര്‍ദു അധ്യാപകരോടും സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ  ജനുവരി പത്തിന് രാജ്ഭവന്‍ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് കാര്‍വാനെ ഉര്‍ദു എന്ന സംഘടന. സ്വാതന്ത്ര്യ സമരസേനാനിയും ഉര്‍ദു ഭാഷാ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന ഗുലാം സര്‍വാറിന്റെ ജന്മദിനവുമാണ് ജനുവരി പത്ത്. '1981 മുതല്‍ സംസ്ഥാനത്തെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയാണ് ഉര്‍ദു. എന്നാല്‍ നിതീഷ്‌കുമാര്‍ നയിക്കുന്ന പുതിയ ഗവര്‍മെന്റ് ഉര്‍ദു ഭാഷയെ തഴയാന്‍ കുത്സിത നീക്കങ്ങള്‍ നടത്തുകയാണ്. ഉര്‍ദു ഭാഷാ സ്‌നേഹികള്‍ക്ക് ഇത് വലിയ തിരിച്ചടിയാണ്' - കാര്‍വാനെ ഉര്‍ദുവിന്റെ കണ്‍വീനര്‍ ഗുലാം ഗൗസ് ടു സര്‍ക്കിള്‍സ് ഡോട്ട് നെറ്റിനോട് പറഞ്ഞു.
സര്‍ക്കാര്‍ ധാരാളം ഉര്‍ദു മീഡിയം സ്‌കൂളുകള്‍ ഹിന്ദി മീഡിയം ആക്കിയതും സ്‌കൂളുകളില്‍ ഉര്‍ദുഭാഷ ഒരു വിഷയമായി പഠിപ്പിച്ചിരുന്നത് ഐഛികമാക്കിയതും ജനങ്ങളില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
'1977 മുതല്‍ മദ്‌റസ ഡിഗ്രികള്‍ സംസ്ഥാനത്ത് പ്രഫഷനല്‍ ഡിഗ്രികള്‍ക്ക് തുല്യമായി അംഗീകരിക്കപ്പെട്ടിരുന്നു. നിലവില്‍ സര്‍ക്കാര്‍ ആ അംഗീകാരം എടുത്തുകളഞ്ഞ് തൊഴില്‍രംഗത്തും മുസ് ലിംകള്‍ക്ക്  അവഗണിക്കുകയാണ്. സുപ്രീകോടതി വിധി പ്രകാരം സംസ്ഥാനത്തെ 34540 പ്രൈമറി അധ്യാപക ഒഴിവുകളില്‍ 12862 സീറ്റുകള്‍ മുസ് ലിംകള്‍ക്ക് വേണ്ടിയുള്ളതാണ്. എന്നാല്‍ സര്‍ക്കാര്‍ അനാവശ്യ റിക്രൂട്ടിംഗ് വ്യവസ്ഥകള്‍ കൊണ്ടുവന്ന് ആ സീറ്റുകള്‍ മുസ് ലിംകള്‍ക്ക് നിഷേധിക്കുകയാണ്.' ഗൗസ് ആരോപിച്ചു. ജനുവരി 10 നടക്കുന്ന മാര്‍ച്ചില്‍ സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഉര്‍ദുഭാഷാ സംഘടനകളും പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: