2012, മാർച്ച് 31, ശനിയാഴ്‌ച


വെള്ളി, 16 മാര്‍ച്ച് 2012 14:16
ഹൈദരാബാദ്: ഇസ് ലാം മനുഷ്യത്വത്തിന്റെ മറ്റൊരു നാമമാണെന്ന് ഭാരതീയ ജനസേവ പാര്‍ട്ടി ദേശീയ പ്രസിഡന്റും ഹിന്ദു മുസ് ലിം ഏകതാ മഞ്ചിന്റെ സ്ഥാപകനുമായ സ്വാമി ലക്ഷ്മി ശങ്കരാചാര്യ. 'നമ്മുടെ സമൂഹവും ഉത്തരവാദിത്വങ്ങളും' എന്ന തലക്കെട്ടില്‍ പയാമെ ഇന്‍സാനിയത്ത് ഫോറം ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ഹൈദരാബാദില്‍ സംഘടിപ്പിച്ച സെമിനാറാലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ശത്രുക്കളോട് പോലും ഏറ്റവും ശ്രേഷ്ഠമായ രീതിയില്‍ പെരുമാറുകയും തെറ്റ് ചെയ്തവരോട് ക്ഷമിക്കുകയും  ചെയ്ത പ്രവാചകന്‍ മുഹമ്മദ് നബിയുടെ ധാര്‍മിക മാതൃകയാണ് ഇസ് ലാമിന് ലോകത്ത് വന്‍ സ്വീകാര്യത നല്‍കിയത്. ഈ ധാര്‍മിക മാതൃക  എല്ലാ മുസ് ലിംകളും മുറുകെ പിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇസ് ലാം സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മതമാണെന്ന് മൗലാനാ ആസാദ് നാഷ്‌നല്‍ ഉര്‍ദു യൂനിവേഴ്‌സിറ്റിയിലെ പ്രഫ. കാഞ്ചാ ഐലയ്യ അഭിപ്രായപ്പെട്ടു. 'മുഹമ്മദ് നബി അറബികള്‍ക്കിടയില്‍ സാഹോദര്യം പ്രചരിപ്പിക്കുമ്പോള്‍ ഇന്ത്യയിലെ 80 ശതമാനം പേരും തൊട്ടുകൂടായ്മക്ക് വിധേയരായിരുന്നു. ഇസ് ലാമിലൂടെയാണ് ദലിതുകള്‍ക്ക്  സമൂഹത്തില്‍ സ്ഥാനം ലഭിച്ചത്. ദലിതുകളെ ഇസ് ലാമിലേക്ക് ആകര്‍ഷിച്ചതും ഈ സാമൂഹിക കാഴ്ചപ്പാട് അവരെ സ്വാധീനിച്ചത് കൊണ്ടാണ്. തുല്യ അവസരങ്ങള്‍ ഒരുക്കി ഒരോ മനുഷ്യന്റെയും എല്ലാ ജീവിതഘട്ടങ്ങളെയും ക്രമപ്പെടുത്തുന്ന ലോകത്തെ ഏകമതവും ഇസ് ലാമാണ് '- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരുംഭാവിയില്‍ മുസ് ലിംകളും ദലിതുകളും ചേര്‍ന്ന മുന്നണിയായിരിക്കും ഇന്ത്യയിലെ സാമൂഹിക മാറ്റത്തിന് തിരികൊളുത്തുക. മുസ് ലിം സമൂഹം അതിനാല്‍ അംബേദ്കറെക്കുറിച്ചും ദലിത് നവോത്ഥാന പ്രസ്ഥാനങ്ങളെക്കുറിച്ചും പഠിക്കാന്‍ മുന്നോട്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.  'തങ്ങളുടെ ഹിഡന്‍ അജണ്ട നടപ്പാക്കുന്നതിന് വേണ്ടി ബ്രിട്ടീഷുകാര്‍ സ്വീകരിച്ച ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രം സ്വീകരിക്കുന്നവര്‍ എല്ലാ മതത്തിലുമുണ്ട്. ഒരു യഥാര്‍ഥ മുസ് ലിമോ ഹിന്ദുവോ ഒരിക്കലും വിദ്വേഷപരമായി പെരുമാറില്ല. തങ്ങളുടെ മതത്തെക്കുറിച്ചു പോലും ശരിയായ ധാരണയില്ലാത്തവരാണ് മനുഷ്യത്വത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന രൂപത്തില്‍ സാമുദായിക സ്പര്‍ധ സൃഷ്ടിക്കുന്നത് '- ഹിന്ദു മുസ് ലിം സമൂഹത്തിലെ ആശാവഹമല്ലാത്ത ചില പ്രവണതകളെ ചൂണ്ടികാണിക്കെ അദ്ദേഹം പറഞ്ഞു.
ഹിന്ദു മുസ് ലിം സമുദായത്തിലെ നിരവധി ആളുകള്‍ പങ്കെടുത്ത സെമിനാറില്‍ ഫോറം ജ. സെക്രട്ടറി അബ്ദുല്ല ഹസനി നദ് വി അധ്യക്ഷത വഹിച്ചു. അവശരെയും നിരാലംബരെയും സഹായിക്കാനാണ് ഇസ് ലാം ആവശ്യപ്പെടുന്നതെന്നും മതഭേദങ്ങളില്ലാതെ എല്ലാവരുടെയും ആശാകേന്ദമാകേണ്ട മുസ് ലിമിന് സമൂഹത്തിലെ തന്റെ സാമൂഹിക ബാധ്യതകളില്‍ ഒരിക്കലും ഒളിച്ചോടാനാവിലെന്നും അദ്ദേഹം പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല: