2012, ഒക്‌ടോബർ 2, ചൊവ്വാഴ്ച


ഭരണഘടനയില്‍ മനുഷ്യാവകാശങ്ങള്‍ക്ക് പ്രാമുഖ്യം -ഉര്‍ദുഗാന്‍



ഭരണഘടനയില്‍ മനുഷ്യാവകാശങ്ങള്‍ക്ക് പ്രാമുഖ്യം -ഉര്‍ദുഗാന്‍

അങ്കാറ: രാജ്യത്ത് മനുഷ്യാവകാശങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ഭരണഘടനക്ക് രൂപം നല്‍കുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. തലസ്ഥാനമായ അങ്കാറയില്‍ ഭരണകക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടിയുടെ (എ.കെ പാര്‍ട്ടി) നാലാമത് സമ്മേളനത്തിന്‍െറ സമാപനദിനത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ വിവിധ ജനവിഭാഗങ്ങളെ പൂര്‍ണമായും പരിഗണിച്ചായിരിക്കും പുതിയ ഭരണഘടന തയാറാക്കുക. ഇക്കാര്യത്തില്‍ മുഴുവന്‍ പാര്‍ട്ടികളുമായും ചര്‍ച്ചനടത്തും. ഈ വര്‍ഷം അവസാനത്തോടെതന്നെ ഭരണഘടന യാഥാര്‍ഥ്യമാകുമെന്നാണ് കരുതുന്നത് -ഉര്‍ദുഗാന്‍ വ്യക്തമാക്കി.
രണ്ടര മണിക്കൂര്‍ നീണ്ട പ്രഭാഷണത്തില്‍ രാജ്യത്തെ സൈനിക അധികാരങ്ങളെക്കുറിച്ചും കുര്‍ദ് വിമത പ്രശ്നങ്ങളും പരാമര്‍ശിക്കപ്പെട്ടു. കുര്‍ദുകളുടെ പ്രശ്നപരിഹാരത്തിന് മുഖ്യ പ്രതിപക്ഷമായ റിപ്പബ്ളിക്കന്‍ പീപ്ള്‍സ് പാര്‍ട്ടിയുടെ(സി.എച്ച്.പി)സഹകരണം ആവശ്യമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എ.കെ പാര്‍ട്ടി നേതൃത്വത്തിലുള്ള ഭരണകൂടം കുര്‍ദുകള്‍ക്കായി ആയിരത്തിലധികം ബില്യന്‍ രൂപ ചെലവഴിച്ചു. രാജ്യത്തിന്‍െറ കിഴക്കും തെക്കു കിഴക്കന്‍ ഭാഗങ്ങളും നിയന്ത്രണത്തിലാക്കാനുള്ള കുര്‍ദ് തീവ്രവാദികളുടെ ശ്രമങ്ങള്‍ക്കെതിരെ കുര്‍ദു സഹോദരങ്ങള്‍തന്നെയാണ് രംഗത്തുവരേണ്ടതെന്നും അങ്കാറയിലെ അരീന സ്പോര്‍ട്സ് ഹാളില്‍ നടന്ന സമാപന സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ‘മഹത്തായ രാഷ്ട്രം, മഹത്തായ ഭരണകൂടം, ലക്ഷ്യം 2023’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ഈജിപ്ത് പ്രസിഡന്‍റ് മുഹമ്മദ് മുര്‍സി, കുര്‍ദിസ്താന്‍ റീജനല്‍ ഗവണ്‍മെന്‍റ് തലവന്‍ മസ്ഊദ് ബര്‍സാനി, കിര്‍ഗിസ്താന്‍ പ്രസിഡന്‍റ് അല്‍മാസ്ബെക് അതംബയേവ്, സുഡാന്‍ വൈസ് പ്രസിഡന്‍റ് അലി ഉസ്മാന്‍ മുഹമ്മദ് ത്വാഹ, ഇറാഖ് വൈസ് പ്രസിഡന്‍റ് താരീഖ് ഹാഷിമി, ഹമാസ് നേതാവ് ഖാലിദ് മിഷ്അല്‍ തുടങ്ങിയവരും പങ്കെടുത്തു.


അഭിപ്രായങ്ങളൊന്നുമില്ല: