2012, ഒക്‌ടോബർ 3, ബുധനാഴ്‌ച

ജമാഅത്തെ ഇസ്ലാമി മുന്‍ അമീര്‍ അബ്ദുല്‍ ഹഖ് അന്‍സാരി അന്തരിച്ചു
Posted on 03-10-12, 4:39 pm
പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനും ജമാഅത്തെ ഇസ്‌ലാമി മുന്‍ അമീറുമായിരുന്ന ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി (81) അന്തരിച്ചു. അലീഗഢിലെ സ്വവസതിയില്‍ ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹചമായ അസുഖങ്ങളാല്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം.
1931 സെപ്തംബര്‍ 1-ന് ഉത്തര്‍പ്രദേശിലെ പറ്റ്‌നയിലാണ് ജനിച്ചത്. അലീമുദ്ദീന്‍ അന്‍സാരിയാണ് പിതാവ്. മാതാവ് റദിയ്യഖാത്തൂന്‍.

നാട്ടില്‍ നിന്നുള്ള പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1950 ല്‍ റാംപൂരിലെ ഥാനവി ദര്‍സ് ഗാഹില്‍ ചേര്‍ന്നു. 1953 ല്‍ അറബി ഇസ്‌ലാമിക വിഷയത്തില്‍ ആലി ബിരുദമെടുത്തു. 1955 ല്‍ അലിഗഢ് സര്‍വകലാശാലയില്‍ ചേര്‍ന്ന് തത്വശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും 1962 ല്‍ ഡോക്ടറേറ്റും നേടി. 1970 മുതല്‍ 72 വരെ അമേരിക്കയിലെ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് തിയോളജിക്കല്‍ സ്റ്റഡീസില്‍ ബിരുദം നേടി. പിന്നീട് സഊദി അറേബ്യയിലെ ഇമാം മുഹമ്മദ് ബ്‌നു സഊദ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി ദീര്‍ഘകാലം ജോലി ചെയ്തു. അലീഗഢിലെ സെന്റര്‍ ഫോര്‍ റിലീജ്യസ് സ്റ്റജീസ് ആന്റ് റിസര്‍ച്ച് ഡയറക്ടറായിരുന്നു.

പാര്‍സി, ഹിന്ദി, ഫ്രഞ്ച്, ജര്‍മന്‍ ഭാഷകളും വശമാണ്. അമേരിക്ക, പാകിസ്ഥാന്‍, ഇന്ത്യ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നിറങ്ങുന്ന അക്കാദമിക് ജേര്‍ണലുകളില്‍ ലേഖനങ്ങള്‍ എഴുതാറുണ്ടായിരുന്നു. ഖൗമി യക് ജീഹതി ഓര്‍ ഇസ്‌ലാം (ഉര്‍ദു), മഖ്‌സൂദെ സിന്ദഗി കാ ഇസ്‌ലാമീ തസ്വ്വുര്‍ (ഉര്‍ദു), സൂഫിസം ആന്റ് ശരീഅത്ത് (ഇംഗ്ലീഷ്) ഇന്റട്രൊഡക്ഷന്‍ ടുദി എക്‌സിജീസ് ഓഫ് ഖുര്‍ആന്‍(ഇംഗ്ലീഷ്) മആലിമുത്തസവ്വുഫില്‍ ഇസ്‌ലാമി ഫീ ഫിഖ്ഹി ഇബ്‌നി തൈമിയ്യ (അറബി) എന്നിവയാണ് പ്രസിദ്ധ കൃതികള്‍. ഇബ്‌നു തൈമിയ്യ എക്‌സ്പൗണ്ട്‌സ് ഇസ്‌ലാം, കമ്യൂണിറ്റി ഇന്‍ ദ ക്രീസ് ഓഫ് അത്ത്വഹാവി, ഇബ്‌നു തൈമിയ്യയുടെ രിസാലതുല്‍ ഉബൂദിയ്യ എന്നിവ ഇംഗ്ലീഷ് വിവര്‍ത്തനങ്ങളാണ്. അറബി, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളില്‍ ധാരാളം എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്.
2003-'07 കാലയളവില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അമീറായി സേവനമനുഷ്ഠിച്ച അദ്ദേഹം നിലവില്‍ ജമാഅത്തിന്റെ കേന്ദ്ര കൂടിയാലോചനാ സമിതി അംഗമായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: