2013, ഏപ്രിൽ 10, ബുധനാഴ്‌ച

മുജാഹിദ് പ്രസ്ഥാനത്തിലെ വിഭാഗീയതയെ 

രൂക്ഷമായി വിമര്‍ശിച്ച് മുസ്ലിം യൂത്ത്ലീഗ് പ്രമേയം

കോഴിക്കോട്: മുജാഹിദ് പ്രസ്ഥാനത്തിലെ വിഭാഗീയതയെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലിം യൂത്ത്ലീഗ് പ്രമേയം. സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന യൂത്ത്ലീഗ് സംസ്ഥാന നിര്‍വാഹക ക്യാമ്പ് ഐകകണ്ഠ്യേന അംഗീകരിച്ച പ്രമേയത്തിലാണ് ആശയങ്ങള്‍ക്കു പകരം സ്ഥാപിതവത്കരണത്തിനുവേണ്ടി ഈ സംഘടനകള്‍ അധ$പതിച്ചതായി ആക്ഷേപിക്കുന്നത്. മത്സരങ്ങള്‍ക്കുവേണ്ടി മേളക്കൊഴുപ്പും ധനദുര്‍വിനിയോഗവും നടത്തുന്ന പ്രസ്ഥാനങ്ങള്‍ സമുദായത്തിലെ യഥാര്‍ഥ പ്രശ്നങ്ങളോട് നിര്‍വികാരതയാണ് പുലര്‍ത്തുന്നതെന്നും ആരോപിക്കുന്നു.
സംഘടനയിലെ വിഭാഗീയതക്കെതിരെ പ്രമേയത്തിന്‍െറ വരികള്‍ ഇപ്രകാരമാണ്: കേരളത്തിലെ സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് നിസ്തുലമായ പങ്കുവഹിച്ച മതസംഘടനകള്‍ പ്രാസ്ഥാനികമായ ഭിന്നിപ്പുകളുടെ പേരില്‍ സ്വയം അപഹാസ്യരാവുകയാണെന്ന് ക്യാമ്പ് അഭിപ്രായപ്പെടുന്നു. അങ്ങേയറ്റം വേദനജനകമാണ് ഇത്. വിശ്വാസസമൂഹത്തെ ശുദ്ധീകരിക്കുകയും വളര്‍ത്തിക്കൊണ്ടുവരുകയും ചെയ്യുക ബാധ്യതയായി കണ്ടിരുന്ന ഈ സംഘടനകള്‍ക്ക് മുസ്ലിം സാമൂഹിക ജീവിതം അഭിമുഖീകരിക്കുന്ന ഭീകരമായ പ്രവണതകളോട് പ്രതികരിക്കാനോ ഇടപെടാനോ കഴിയുന്നില്ല. ആശയഭിന്നതയുടെ പുകമറ സൃഷ്ടിച്ച് സ്ഥാപിതവത്കരണത്തിനുവേണ്ടിയാണ് ഈ സംഘടനകള്‍ ഇപ്പോള്‍ നിലകൊള്ളുന്നത്. മത്സരങ്ങള്‍ക്കുവേണ്ടി മേളക്കൊഴുപ്പും ധനദുര്‍വിനിയോഗവും നടത്തുന്ന ഇവര്‍ സമുദായത്തിലെ അടിത്തട്ടിലെ പ്രശ്നങ്ങളോടുപോലും നിര്‍വികാരമായ നിലപാടുകളാണ് അനുവര്‍ത്തിക്കുന്നത്.
വിവാഹ കേന്ദ്രീകൃത സമൂഹത്തില്‍ മുസ്ലിം പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ സ്ത്രീധന വിവാഹം, മൈസൂര്‍ വിവാഹം തുടങ്ങിയ തിന്മകള്‍ക്കെതിരെ സമുദായം സന്ധിയില്ലാ സമരം നടത്തേണ്ട സമയം അതിക്രമിച്ചെന്ന് യൂത്ത്ലീഗ് വിലയിരുത്തുന്നു. സമ്മര്‍ദ ഗ്രൂപ്പുകള്‍ ആവുന്നതിനു പകരം ഉത്തരവാദിത്തങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുമ്പോഴാണ് മതസംഘടനകള്‍ക്ക് ആദരവുണ്ടാവുന്നതെന്ന് ഓര്‍മപ്പെടുത്തിക്കൊണ്ടാണ് പ്രമേയം അവസാനിക്കുന്നത്.
യൂത്ത്ലീഗ് സംസ്ഥാന ക്യാമ്പിലെ പ്രമേയം മുജാഹിദ് പ്രസ്ഥാനത്തിലെ വിഭാഗീയതക്കെതിരെ മാത്രമല്ല, സമുദായത്തിലെ ഇതര സംഘടനകളിലെയും വിഭാഗീയതയെയും പരസ്പര സ്പര്‍ധയെയും വിമര്‍ശിക്കുന്നുണ്ടെന്ന് യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ പറഞ്ഞു.
ക്യാമ്പില്‍ മുസ്ലിംലീഗിന്‍െറ നിരീക്ഷകനായി പങ്കെടുത്ത് സംസാരിച്ച സംസ്ഥാന സെക്രട്ടറി എം.സി. മായിന്‍ഹാജി, എസ്.കെ.എസ്.എസ്.എഫിലെ (സമസ്ത കേരള സുന്നി സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍) ലീഗ് വിരുദ്ധര്‍ക്കെതിരെയും താഴെത്തട്ടില്‍ സംഘടനാ ചാനല്‍ ഉപയോഗിച്ച് യൂത്ത്ലീഗ് കാമ്പയിന്‍ നടത്തണമെന്ന് നിര്‍ദേശിച്ചെങ്കിലും ചര്‍ച്ചയില്‍ ഇത് വിഷയമായില്ല. തുടര്‍ന്ന് പ്രസിഡന്‍റ് പി.എം. സാദിഖലിയോട് ഈ വിഷയം ചര്‍ച്ചചെയ്യണമെന്ന് മായിന്‍ഹാജി ആവശ്യപ്പെട്ടെങ്കിലും ഗൗനിച്ചുമില്ല.
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ കൈവശമുള്ള വിവാദകേശം സംബന്ധിച്ച് സര്‍ക്കാര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്‍െറ കാര്യത്തില്‍ തീരുമാനമെന്തായി എന്ന് തിരക്കിയ സാദിഖലിയോട് അത് തിരുത്തിക്കൊടുക്കുമെന്നായിരുന്നു മായിന്‍ഹാജിയുടെ മറുപടി. സത്യവാങ്മൂലം തിരുത്തിക്കൊടുത്തശേഷവും എസ്.കെ.എസ്.എസ്.എഫ് സമരം തുടരുകയാണെങ്കില്‍ യൂത്ത്ലീഗ് ഇവര്‍ക്കെതിരെ രംഗത്തിറങ്ങുമെന്നായിരുന്നു സാദിഖലിയുടെ മറുപടി.
കേന്ദ്ര സര്‍ക്കാറിന്‍െറ നിലപാടുകള്‍ക്കെതിരെയും യൂത്ത്ലീഗ് പ്രമേയത്തില്‍ കടുത്ത വിമര്‍ശമുണ്ട്. സാധാരണക്കാരന്‍െറ പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നസര്‍ക്കാര്‍ നിലപാടുകള്‍ ശക്തമായ തിരിച്ചടിക്കു കാരണമാകുമെന്ന് ക്യാമ്പ് മുന്നറിയിപ്പ് നല്‍കുന്നു. ജനവിരുദ്ധ പ്രഖ്യാപനങ്ങളാണ് സര്‍ക്കാര്‍ അടിക്കടി നടത്തുന്നത്. തീവ്രവാദ സംഘടനകളെ സൃഷ്ടിക്കുംവിധമാണ് സര്‍ക്കാര്‍ നിലപാടുകള്‍. രാജ്യത്തെ മഹാന്യൂനപക്ഷമായ മുസ്ലിംകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഇനിയും നടപടിയുണ്ടായിട്ടില്ലെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു

അഭിപ്രായങ്ങളൊന്നുമില്ല: