2013, ഏപ്രിൽ 10, ബുധനാഴ്‌ച




ദോഹ: കേരളത്തിലെ മതസംഘടനകള്‍ പരസ്പരം നടത്തുന്ന അനാവശ്യമായ കലഹങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇത്തരം അനാരോഗ്യ സംവാദങ്ങള്‍ പൊതുസമൂഹത്തില്‍ ഇസ്‌ലാമിന്റെ പ്രതിച്ഛായ ഇല്ലാതാക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നും ഐ.എസ്.എം മുന്‍ സംസ്ഥാന പ്രസിഡണ്ടും എഴുത്തുകാരനുമായ മുജീബ്‌റഹ്മാന്‍ കിനാലൂര്‍. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ അദ്ദേഹം മിഡില്‍ ഈസ്റ്റ് ചന്ദ്രികയുമായി സംസാരിക്കുകയായിരുന്നു. ഇസ്‌ലാമിന്റെ ആന്തരിക ശക്തി എന്നത് സാഹോദര്യമാണ്.
മാനവിക ഐക്യം ഊട്ടിയുറപ്പിക്കാനും എല്ലാ മതങ്ങള്‍ക്കും കൈകോര്‍ക്കാവുന്ന സത്യം, സഹിഷ്ണുത, നീതി എന്നീ ഗുണങ്ങള്‍ പ്രചരിപ്പിക്കാനും ലോകത്ത് മുസ്‌ലിംകള്‍ മുന്‍കൈയെടുക്കുമ്പോള്‍ കേരളത്തിലെ ഇസ്‌ലാമിക സംഘടനകള്‍ നിസ്സാരമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പരസ്പരം വിഴുപ്പലക്കുന്നത് ശരിയല്ല. റാബിത്തത്തുല്‍ ആലമീന്‍ ഇസ്‌ലാമി (മുസ്‌ലിം വേള്‍ഡ് ലീഗ്) പോലുള്ള സംഘടനകള്‍ ഇസ്‌ലാമിക സാഹോദര്യത്തിന്റെ മഹത്വം മറ്റു മതങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാനവികതയെക്കുറിച്ചും സഹിഷ്ണുതയെക്കുറിച്ചുമുള്ള പ്രസംഗങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെടാനും ഈ ഗുണങ്ങള്‍ സ്വയം റദ്ദാക്കാനും മാത്രമാണ് ആരോഗ്യകരമല്ലാത്ത സംഘടനാ വൈരങ്ങള്‍ സഹായിക്കുക. ഇസ്‌ലാമിന്റെ ഐക്യത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും മറ്റു സമൂഹങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ ഇസ്‌ലാമിനകത്ത് മിനിമം ഐക്യം ഉറപ്പുവരുത്താന്‍ സംഘടനകള്‍ ശ്രമിക്കണം. -അദ്ദേഹം വിശദീകരിച്ചു.
കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെയെല്ലാം രൂപീകരണത്തില്‍ അടിസ്ഥാന ലക്ഷ്യങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമുണ്ട്. ഇത് നിലനിര്‍ത്തിക്കൊണ്ടുതന്നെ യോജിക്കാവുന്ന മേഖലകളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കണം. മദ്യം, മയക്കുമരുന്ന്, സ്ത്രീധനം തുടങ്ങിയ സാമൂഹ്യ വിപത്തുകള്‍ക്കെതിരെ ഒന്നിച്ച് പോരാടണം. മുസ്‌ലിം ശാക്തീകരണത്തിനും സമുദായത്തിലെ പിന്നോക്കാവസ്ഥ പരിഹരിക്കാനും അഭിപ്രായ ഭിന്നതകള്‍ മറന്ന് ഒന്നിക്കാനാവണം. -കിനാലൂര്‍ പറഞ്ഞു. സംഘടനകള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതകളില്‍ പുതിയ കാലത്തെ ചെറുപ്പക്കാര്‍ക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതത്തിലെ വിശ്വാസപരവും കര്‍മ്മശാസ്ത്രപരവുമായ അഭിപ്രായഭിന്നതകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് ബാഫഖി തങ്ങളും കെ.എം മൗലവിയും സമുദായത്തിനു വേണ്ടി ഒന്നിച്ചു നിന്നത്. എന്നാല്‍ ആദര്‍ശത്തിന്റെ ലക്ഷണം വിഭാഗീയതയിലെ തീവ്രതയാണെന്ന ധാരണ ഈയടുത്ത കാലത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. വിജ്ഞാനവും ലാളിത്യവുമാണ് പാണ്ഡിത്യത്തിന്റെ അടയാളമെന്ന ധാരണകളെ തിരുത്തുന്ന രീതിയിലാണ് പുതിയ കാലത്തെ മതപ്രഭാഷണങ്ങള്‍. നാവിന്റെ ബലം നോക്കിയാണ് ഇപ്പോള്‍ പലരും പാണ്ഡിത്യത്തെ അളക്കുന്നത്. തീവ്രമായി പ്രസംഗിക്കുകയും വാക്കുകള്‍ കൊണ്ട് ബഹളമുണ്ടാക്കുകയും ചെയ്യുന്നവരിലേക്കാണ് ജനക്കൂട്ടം ആകര്‍ഷിക്കപ്പെടുന്നത്. ചാനലുകളില്‍ ക്രൈമും കോമഡിയും അനിവാര്യതയായി മാറിയ പോലെയാണിത്. ഇതിനെ തിരുത്തേണ്ടവര്‍ തന്നെ ഇതിന്റെ വക്താക്കളാവുന്നത് അബദ്ധമാണ്.- കിനാലൂര്‍ പറഞ്ഞു.
വര്‍ഗ്ഗീയതയിലേക്ക് ഉള്‍വലിയുന്ന സമൂഹത്തിന് സഹകരണത്തിന്റെ വിശാലമായ തലം ബോധ്യപ്പെടുത്തേണ്ട മതസംഘടനകള്‍ നിസ്സാരമായ വാദപ്രതിവാദങ്ങളിലേക്ക് സമുദായത്തെ ചുരുക്കുന്നത് ശരിയല്ല. കേരളത്തില്‍ വര്‍ധിച്ചുവരുന്ന വര്‍ഗ്ഗീയധ്രുവീകരണത്തിന് ഫേസ്ബുക്ക് ഉള്‍പ്പെടെ കാരണമാകുന്നതായി പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മുസ്‌ലിംലീഗും വ്യവസ്ഥാപിത മതസംഘടനകളുമാണ് കേരളത്തിന് മതമൈത്രിയുടെ പാരമ്പര്യം ഉണ്ടാക്കിയത്. ഈ പാരമ്പര്യം നഷ്ടമാകുന്നതോടെ സമൂഹത്തില്‍ മുസ്‌ലിംകള്‍ക്കുണ്ടായിരുന്ന മേല്‍ക്കോയ്മയും പരിഗണനയും ഇല്ലാതാകും. -കിനാലൂര്‍ വ്യക്തമാക്കി.
ബഹുസ്വര സമൂഹത്തില്‍ പാലിക്കേണ്ട മര്യാദകള്‍ മതസംഘടനകള്‍ മറന്നുപോകാന്‍ പാടില്ല. വിപ്ലവാനന്തര ഈജിപ്തിലും ടുണീഷ്യയിലുമൊക്കെയുള്ള ജനങ്ങള്‍ മുസ്‌ലിംകള്‍ ഭൂരിപക്ഷമായിട്ടും ബഹുസ്വര രാഷ്ട്ര ഘടനയെയും ന്യൂനപക്ഷങ്ങളെയും അംഗീകരിച്ചുകൊണ്ടുള്ള ഭരണത്തിനു വേണ്ടിയാണ് മുറവിളി കൂട്ടുന്നത്. ഏകാധിപത്യത്തില്‍നിന്നുള്ള പാഠങ്ങളാണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്. ലോകം ഈ വിധത്തില്‍ മാറിക്കൊണ്ടിരിക്കുമ്പോഴാണ് ബഹുസ്വര സമൂഹത്തിലെ സഹകരണത്തിന്റെ സാധ്യതകളെ തകര്‍ക്കാന്‍ കേരളത്തിലെ വര്‍ഗ്ഗീയവാദികള്‍ ശ്രമിക്കുന്നത്. - അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യത്തെയും വിദ്യാസമ്പന്നരായ ചെറുപ്പക്കാരില്‍ ഉണര്‍വ്വുണ്ടായ കാലമായിരുന്നു എണ്‍പതുകളും തൊണ്ണൂറുകളും. മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കണമെന്ന ചിന്ത ഇവരിലുണ്ടായി. മനുഷ്യരാശിയുടെ വെല്ലുവിളികളെക്കുറിച്ച് ഇവര്‍ ചര്‍ച്ച ചെയ്തു തുടങ്ങി.
ഒരു നവോത്ഥാന സംഘടനയെന്ന നിലയില്‍ മുജാഹിദ് പ്രസ്ഥാനത്തില്‍ പരിസ്ഥിതിയും മണ്ണിന്റെ നിലനില്‍പ്പും രാഷ്ട്രീയവുമെല്ലാം ചര്‍ച്ചയായത് ഇതിന്റെ ഭാഗമായിരുന്നു. നവോത്ഥാനമെന്നത് മനുഷ്യന്റെ സമഗ്രമായ ഗുണത്തെ ലക്ഷ്യം വെക്കുന്നത് കൂടിയാവണമെന്ന വാദമാണ് മുജാഹിദിലെ ഒന്നാം പിളര്‍പ്പിന് കാരണമായത്. ദൃശ്യമായ കാര്യങ്ങളെക്കുറിച്ചായിരുന്നു നേരത്തെയുണ്ടായ അഭിപ്രായ ഭിന്നതകളെങ്കില്‍ അദ്യശ്യമായ കാര്യങ്ങളിലൂന്നിയാണ് ഇപ്പോള്‍ തമ്മിലടിക്കുന്നത്. സ്വയം നവീകരിക്കാതെ ഒരു പ്രസ്ഥാനത്തിനും സമൂഹത്തെ നവീകരിക്കാനാവില്ല എന്ന സത്യം എല്ലാവരും മനസ്സിലാക്കണം.- മുജീബ് റഹ്മാന്‍ കിനാലൂര്‍ പറഞ്ഞു. പുതിയ തലമുറയിലെ യുവാക്കള്‍ സാമ്പ്രദായിക നേതൃത്വത്തിന്റെ സങ്കുചിത ചിന്തകളെ മറികടക്കാന്‍ ശ്രമിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിപ്രായങ്ങളൊന്നുമില്ല: