2013, ഏപ്രിൽ 21, ഞായറാഴ്‌ച

സോളിഡാരിറ്റിയുടെ പത്ത് വര്‍ഷത്തെ മുന്‍നിര്‍ത്തി എ.പി 

കുഞ്ഞാമു പാഠഭേദത്തില്‍ എഴുതി തേജസ് പത്രം പുന 

പ്രസിദ്ധീകരിച്ച 

ലേഖനത്തോടുള്ള പ്രതികരണം.


സോളിഡാരിറ്റി ഒരു കാല്‍പ്പനിക ഭാവനയല്ല 


- ടി.ശാക്കിര്‍ വേളം


സോളിഡാരിറ്റിക്ക് പത്തു വയസ്സ് പൂര്‍ത്തിയായി. കഴിഞ്ഞ 10 വര്‍ഷത്തെ കേരള സമൂഹ രൂപീ കരണത്തില്‍ ഈ സംഘടന ഏതളവില്‍ പങ്കുവഹിച്ചു എന്നത് സാമൂഹിക ശാസ്ത്ര വിദ്യാര്‍ഥികള്‍ക്കും ചരിത്രാന്വേഷികള്‍ക്കും പഠനവിധേയമാക്കാവുന്ന ഒന്നാണ്. അനുമോദനാത്മകവും ഒപ്പം വിമര്‍ശ നാത്മകവുമായ ഒട്ടേറെ വിലയിരുത്തലുകള്‍ അതില്‍ ഉയര്‍ന്നുവന്നേക്കാം. കാരണം കഴിഞ്ഞ 10 വര്‍ഷം കേരളസമൂഹത്തിന്റെ സകല ചലനാത്മകതകളുടെയും നടുമുറ്റത്ത് സോളിഡാരിറ്റി ഉണ്ടായിരുന്നു.
അത്തരമൊരു വിശകലനത്തിന് സ്വയം വേദികെട്ടിക്കൊണ്ടാണ് സംഘടന അതിന്റെ ദശവാര്‍ ഷിക പരിപാടിക്ക് തിരശ്ശീല ഉയര്‍ത്തിയത്. കേരളീയ സംഘടനാ പ്രവര്‍ത്തന ചരിത്രത്തിലെ തന്നെ വേറിട്ടൊര നുഭവമായിരുന്നു അത്. പാര്‍ട്ടിക്ക് ആരെക്കുറിച്ചും എന്തിനെക്കുറിച്ചും എന്തഭിപ്രായവും ആകാം, പാര്‍ട്ടി യെക്കുറിച്ച് ഒരാളും മിണ്ടിപ്പോകരുത് എന്ന ഇടത് സംഘടനാനുഭവമുളള ഒരു സമൂഹത്തിലാണ് വരൂ, ഒന്നു വിമര്‍ശിച്ചു പോകൂ എന്നാഹ്വാനം ചെയ്ത് '' സോളിഡാരിറ്റി സോഷ്യല്‍ ഓഡിറ്റിംങ്ങ്' നടത്തിയത്.
സോളിഡാരിറ്റിയുടെ 10 വര്‍ഷത്തെ മുന്‍നിര്‍ത്തി എ.പി.കുഞ്ഞാമു പാഠഭേദം(2013 ഏപ്രില്‍)ത്തില്‍ എഴുതിയ ലേഖനം ശ്രദ്ദേയമാകുന്നത് സോളിഡാരിറ്റിയുടെ സംഭാവനയെക്കുറിച്ച് മാത്രമല്ല, അതിന്റെ അസ്തിത്വത്തെക്കുറിച്ചുതന്നെ, ഇനിയും കരകയറാന്‍ കഴിഞ്ഞിട്ടില്ലാത്ത ലേഖകന്റെ ആശയപ്രതിസന്ധി കൂടുതല്‍ വെളിപ്പെട്ടതിലൂടെയാണ്. ഒപ്പം കേരളത്തിലെ ജനകീയ സമരങ്ങള്‍, ഇസ്‌ലാമിക പ്രവര്‍ത്തനം തുടങ്ങിയവയെക്കുറിച്ച് ഈ ലേഖനം പ്രസരിപ്പിക്കുന്നത് തികച്ചും പ്രതിലോമകരമായ ആശയലോകമാണ്. കേരളത്തില്‍ ശക്തിപ്പെട്ടുവരുന്ന സാമൂഹിക വികാസത്തെ ഇത് പ്രതികൂലമായി ബാധിച്ചേക്കാം. വിമര്‍ശിക്കപ്പെടാനായി സംഘടന അതിന്റെ സര്‍വവാതിലുകളും തുറന്നിടുമ്പോള്‍ തന്നെ ഈ ലേഖനത്തെ മുന്‍നിര്‍ത്തി ഇങ്ങനെയൊരു മറുകുറിപ്പ് എഴുതേണ്ടിവരുന്നത് അതുകൊണ്ടാണ്. 'ഇടതുപക്ഷാനന്തരകാലത്തില്‍ എത്തിനില്‍ക്കുന്ന, മാര്‍ക്‌സിസവും മാവോയിസവും നവസാമൂഹിക പ്രസ്ഥാനങ്ങളുമൊക്കെ ചവിട്ടിക്കുഴച്ച മണ്ണിലാണ് ഇങ്ങനെയൊരു പ്രസ്ഥാനം ആക്ടിവിസത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നത് എന്നതാണ് കൗതുകകരം. അപ്പോള്‍ സ്വാഭാവികമായും സോളിഡാരിറ്റി കാറ്റിനൊത്ത് തൂറ്റുന്നതില്‍ അതിശയമില്ല'..തുടര്‍ന്ന് ലേഖകന്‍ ഇതു കൂടി പറയുന്നു. ഇടതുപക്ഷം പരാജയപ്പെട്ടിടത്തെ ഒഴിവുനികത്താനാണു സോളിഡാരിറ്റി പ്രത്യക്ഷപ്പെട്ടത്. സോളിഡാരിറ്റിയെ കുറിച്ച മൃദു ഇടത് വിമര്‍ശനത്തിനപ്പുറം പോകുന്നതിലെ ലേഖകന്റെ പരാജയ സമ്മതമാണീ പ്രസ്താവന. സോളിഡാരിറ്റിയുടെ വേരുകള്‍ ഇടതുപക്ഷത്തിലോ അതിന്റെ പരാജയത്തിലോ അല്ല എന്ന് തിരിച്ചറിഞ്ഞ ബുദ്ധിജീവികള്‍ കേരളത്തില്‍ തന്നെയുണ്ട്. അവരുടെ സവിശേഷത അവര്‍ ഇടതുപക്ഷഭാവുകത്വത്തെ മറികടക്കാന്‍ കഴിഞ്ഞവരായിരിക്കും എന്നതാണ്. 
പലകാരണങ്ങളാല്‍ ഇടതുപക്ഷം നിശബ്ദമായിപ്പോയ കേരളീയതെരുവിനെ മുന്നില്‍കണ്ട് തട്ടി പ്പടച്ചുണ്ടാക്കിയെടുത്ത ഒരു വികൃത പരീക്ഷണമാണിതെന്നാണ് ഈ വരികളുടെ ധ്വനി. 'വിമോചന ദൈവശാസ്ത്രത്തിന്റെ ഇസ്‌ലാമിക എഡിഷനാണ് സോളിഡാരിറ്റി' എന്ന ലേഖകന്റെ തുറന്നെഴുത്ത് ഈ ആശയ പരിമിതിയെ നന്നായി പ്രതിഫലിപ്പിക്കുന്നുമുണ്ട്.
ഇസ്‌ലാമിക ദര്‍ശനത്തെക്കുറിച്ച് നമ്മുടെ മതേതര ലിബറല്‍ ആശയഗതിക്കാര്‍ വെച്ചുപുലര്‍ ത്തുന്ന ആശയക്കുഴപ്പങ്ങള്‍ തന്നെയാണ് ഇസ്‌ലാമിക ദര്‍ശനത്തിലൂന്നി നിന്ന് കൊണ്ട് സാമൂഹിക പ്രവര്‍ത്തനം നിര്‍വ്വഹിക്കുന്ന സംഘടനകളെക്കുറിച്ചും  അവര്‍ വെച്ചുപുലര്‍ത്തുന്നത്.
ആധുനിക മതേതര യുക്തിബോധം മതങ്ങളെക്കുറിച്ച് പൊതുവെയും ഇസ്‌ലാമിനെക്കുറിച്ച് സവിശേഷമായും നിര്‍മ്മിച്ച ഒരു ആശയ പ്രപഞ്ചമുണ്ട്. മതം= തീവ്രവാദം, വര്‍ഗീയത, സാമുദായികത, സ്വകാര്യത, വ്യക്തിയുടെ ആത്മീയാനുഭവം തുടങ്ങിയ ആശയങ്ങളെല്ലാം മതത്തിന്റെ മേല്‍ മതേതര യുക്തി അടിച്ചേല്‍പ്പിച്ചതാണ്. ഈ ആശയ പരിസരത്തു തന്നെ രൂപഭേദത്തോടെ നില്‍ക്കുന്നു എന്നതാണ് ലേഖകന്റെ പരിമിതി.
ഇസ്‌ലാമിന്റെ സാമൂഹിക രാഷ്ട്രീയ ഉളളടക്കത്തിന്റെ ശക്തമായ പ്രതിനിധാനമാണ് ഒറ്റവാക്കില്‍ സോളിഡാരിറ്റി. സാമൂഹിക രാഷ്ട്രീയ ഉളളടക്കം എന്നത് ഇസ്‌ലാമികദര്‍ശനത്തിന്റെ സൗന്ദര്യമാണ്. യൗവ്വനത്തിന്റെ തീഷ്ണതയില്‍ അതാവിഷ്‌കരിക്കുമ്പോള്‍ അതിന് കൂടുതല്‍ തിളക്കമുണ്ടാകുന്നു. കേരള ചരിത്രത്തിന്റെ ആഴങ്ങളില്‍ വേരുകളാഴ്ത്തി നില്‍ക്കുന്ന ഇസ്‌ലാമിക പോരാട്ട പരാമ്പര്യത്തിന്റെയും ഇറാന്‍ വിപ്ലവത്തോടെയെങ്കിലും ദൃശ്യത കൈവരിച്ച  ലോക ഇസ്‌ലാമിസ്റ്റ് ഇടപെടലുകളുടെയും കേരളത്തിലെ ഇസ്‌ലാമിക വിദ്യാര്‍ഥി യുവജന ആക്ടിവിസത്തിന്റെയും തുടര്‍ച്ചയായാണ് സോളിഡാരിറ്റി ജന്മമെടുക്കുന്നത്.
സാമൂഹികരാഷ്ട്രീയ ഉളളടക്കമുളള ഇസ്‌ലാമിനെയാണ് ലോകമെമ്പാടുമുളള ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അതിന്റെ ഒന്നാം തിയ്യതി മുതല്‍ ഉയര്‍ത്തിപ്പിടിച്ചത്. മതസമൂഹത്തിനകത്തും പുറത്തും ഇതിന്നായി ത്യാഗനിര്‍ഭരമായ നിരന്തരപോരാട്ടം തന്നെ നടത്തേണ്ടിവന്നിട്ടുണ്ട്. ഇസ്‌ലാമിന്റെ പ്രവര്‍ത്തന മണ്ഡലത്തെ പരിമിതപ്പെടുത്തിയ ആചാര മതധാരയോടും,  ഇസ്‌ലാമിനെ അടിമത്തത്തിന്റെ ചന്തപ്പറമ്പാക്കി മാറ്റിയ പുരോഹിതധാരയോടും, ഇസ്‌ലാമിന്റെ രാഷ്ട്രീയ..സാമൂഹിക ഉളള ടക്കം റദ്ദു ചെയ്യുന്ന മതേതര യുക്തിധാരയോടും ഇത്തരം പ്രസ്ഥാനങ്ങള്‍ നിരന്തരകലഹം കൂട്ടിയത് മതത്തിന്റെ വിമോചന ഉളളടക്കം സ്ഥാപിക്കുന്നതിനുവേണ്ടി തന്നെയാണ്.
കാരണം ഇസ്‌ലാം പ്രമാണപരമായും ചരിത്രാനുഭവത്തിലും വിമോചനത്തിന്റെ പാതയാണ്. അതിന്റെ സാമൂഹിക-രാഷ്ട്രീയ ഉളളടക്കം വിമോചനത്തിന്റെ വഴിയും ആയുധവുമാണ്.
എന്തുകൊണ്ട് ചിലര്‍ നരകാവകാശികളാകുന്നു എന്നതിന്ന്, 'അവര്‍ അല്ലാഹുവില്‍ വിശ്വസിച്ചില്ല; ഭക്ഷണമാവശ്യമുളളവന് അന്നവും നല്‍കിയില്ല (അല്‍ഹാഖ 33,34) എന്ന ഖുര്‍ആനിന്റെ പ്രഖ്യാപനം ഒരേ സമയം ദൈവ കേന്ദ്രീകൃതവും ഒപ്പം മനുഷ്യ വിമോചനാധിഷ്ഠിതവുമായ ഒരു ദര്‍ശനത്തിന്റെ ഏറ്റവും പ്രാമാണികമായ വിളംബരമാണ്.
നാഗരികതകളുടെ കെടുതികള്‍ തിരുത്തിയും നന്മനിറഞ്ഞൊരു ബദല്‍ സാമൂഹികക്രമം പണി യാന്‍ ശ്രമിച്ചുമാണ് പ്രവാചകന്‍മാര്‍ മണ്ണില്‍ പണിയെടുത്തതെന്ന് ചരിത്രം പഠിപ്പിക്കുന്നുണ്ട്. ഏറ്റവും നല്ല ചരിത്രം (അഹ്‌സനുല്‍ ഖസസ്) എന്ന് ഖുര്‍ആന്‍ കയ്യൊപ്പ് ചാര്‍ത്തിയത് പ്രവാചകന്‍ യൂസുഫിന്റെ ചരിത്രത്തിനാണ്(സൂറ:യൂസുഫ് : 3) കൊടിയ ക്ഷാമവും അതിന്റെ കെടുതികളും അനിവാര്യമായും സഹിക്കേണ്ടിവരുമായിരുന്ന ഈജിപ്ഷ്യന്‍ ജനതയെ, തന്റെ കഴിവും കരുത്തുംകൊണ്ട് ക്ഷേമത്തിലേക്ക് നയിച്ചു എന്നതും പ്രവാചകന്‍ യൂസുഫിന്റെ ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്റെ തന്നെ ഭാഗമായിരുന്നു.
ഖലീഫ ഉമര്‍ ചരിത്രത്തിലെ ഏറെ ആഘോഷിക്കപ്പെടുന്ന പ്രതീകമായിത്തീര്‍ന്നതും ഇസ്‌ലാ മിന്റെ സാമൂഹിക..രാഷ്ട്രീയ ഉളളടക്കത്തിന്റെ കരുത്തുകൊണ്ട് തന്നെയാണ്.
കേരളത്തിലെ ഇസ്‌ലാമിന്റെ ചരിത്രം തന്നെ ഇത്തരമനുഭവങ്ങളിലൂടെ കടന്നുവന്നതാണ് എന്ന താണ് യാഥാര്‍ത്ഥ്യം. പോര്‍ച്ചുഗീസ് അധിനിവേശത്തിനും ജാതി സാമൂഹിക ഘടനക്കും സാമൂഹിക ദുരാചാരങ്ങള്‍ക്കുമെതിരെ വലിയ പ്രക്ഷോഭങ്ങള്‍ കേരളത്തിലെ മുസ്‌ലിം മതപണ്ഡിതന്‍മാരുടെ മുന്‍ കയ്യില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് 18ഉം 19ഉം നൂറ്റാണ്ടുകളിലായിരുന്നു. ആ ചരിത്രാനുഭവത്തിന്റെ ജീവിത രേഖയാണല്ലോ പണ്ഡിതനായ സൈനുദ്ദീന്‍ മഖ്ദൂമിന്റെ 'തുഫ്ഹത്തുല്‍ മുജാഹിദീന്‍' എന്ന ഗ്രന്ഥം. 16..ാം നൂറ്റാണ്ടിലാണീ ഗ്രന്ഥം എഴുതപ്പെടുന്നത്. ഉയര്‍ന്ന ജാതിക്കാരെ താഴ്ന്ന ജാതിക്കാര്‍ 'നിങ്ങ ള്‍'എന്ന് അഭിസംബോധന ചെയ്യണമെന്ന് സവര്‍ണ വ്യവസ്ഥ ഉണ്ടായിരുന്നപ്പോള്‍ അതിനെ ധിക്കരിച്ച് ഇങ്ങോട്ട് 'നീ' എന്ന് വിളിക്കുന്നവരെ അങ്ങോട്ടും 'നീ' എന്നു മാത്രം വിളിച്ചാല്‍ മതിയെന്ന് മാപ്പിളമാരോടും താഴ്ന്ന ജാതിക്കാരോടും ആഹ്വാനം ചെയ്ത് ജാതി-ജന്‍മി-ഫ്യൂഡല്‍ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍(1844-1901) മമ്പുറം സൈതലവി തങ്ങള്‍ (1753-1844) ബ്രിട്ടീഷുകാരനായ ജില്ലാ കലക്ടറുടെ മുഖത്ത് നോക്കി ഈ മണ്ണില്‍ നികുതി കെട്ടാന്‍ വെളളക്കാര്‍ക്കവകാശമില്ലെന്ന് പ്രഖ്യാപിച്ച് നികുതിനിഷേധ പ്രസ്ഥാനം നടത്തിയ വെളിയങ്കോട് ഉമര്‍ഖാദി (1765-1844) തുടങ്ങിയവര്‍ ഈ കേരളീയാനുഭവത്തിന്റെ തിളങ്ങുന്ന നക്ഷത്ര ങ്ങളാണ്. ദേശീയ പ്രസ്ഥാനത്തിന്റെ മുന്‍കയ്യില്‍ രൂപപ്പെട്ട അധിനിവേശവിരുദ്ധ പോരാട്ടത്തിനും ഇട തുപക്ഷാഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ജാതി-ജന്മി വിരുദ്ധ സമരങ്ങള്‍ക്കും  പതിറ്റാണ്ടുകള്‍ക്കും മുമ്പാണീ പ്രക്ഷോഭങ്ങള്‍ കേരളത്തില്‍ അരങ്ങേറിയത് എന്നത് മറക്കരുത്.
ഇസ്‌ലാമിന്റെ വിമോചനമുഖത്തിന്റെ പ്രമാണപരവും ചരിത്രപരവുമായ ഈ കരുത്തിനെ മന സ്സിലാക്കാനോ അല്ലെങ്കില്‍ അംഗീകരിക്കാനോ കഴിയാതെ വരുമ്പോഴാണ് സോളിഡാരിറ്റിയെ ഇടതു പക്ഷ നാട്യമെന്നും വിമോചനദൈവ ശാസ്ത്രത്തിന്റെ പകര്‍ന്നാട്ടമെന്നും മതരാഷ്ട്രവാദമെന്നുമൊക്കെ വിളി ക്കേണ്ടി വരുന്നത്. 
ക്രൈസ്തവമതം പൗരോഹ്യത്യത്തിലമരുകയും അത് മര്‍ദകന്റെ കയ്യിലെ ഉപകരണമാകുകയും ചെയ്ത ഘട്ടത്തില്‍, ക്രൈസ്തവതയുടെ വിമോചനമുഖം ആഗ്രഹിക്കുന്നവരുടെ ഒരു വിങ്ങിപ്പൊട്ടലായിരുന്നു യഥാര്‍ത്ഥത്തില്‍ വിമോചനദൈവശാസ്ത്രം. കമ്യൂണിസം മനുഷ്യവിമോചനത്തിന്റെ തുടികൊട്ടിയുയര്‍ത്തിയ കാലത്ത്, കമ്യൂണിസത്തിന്റെ താളത്തിലും പാകത്തിലും ക്രൈസ്തവതയെ വ്യാഖ്യാനിക്കാനും പ്രയോഗിക്കാനും നടത്തിയ ഒരു വിഫലശ്രമമായിരുന്നു അത്. ക്രൈസ്തവതയുടെ വിമോചനമുഖം പ്രയോഗത്തില്‍ മാത്രമല്ല പ്രമാണത്തില്‍ തന്നെ പുരോഹിതന്‍മാര്‍ നഷ്ടപ്പെടുത്തിക്കളഞ്ഞിരുന്നു.  അതുകൊണ്ട് തന്നെ വിമോചനദൈവശാസ്ത്രം കൃതൃമവും മത സമൂഹത്തില്‍ വേരുകളില്ലാത്തതുമായിരുന്നു. ഈ ഏച്ചുകെട്ടല്‍ പരീക്ഷണവും സാമൂഹിക..രാഷ്ട്രീയ ഉളളടക്കത്താല്‍ സമ്പന്നമായ ഇസ്‌ലാമിക ദര്‍ശനവും തമ്മിലെന്തിന് സാമ്യപ്പെടണം ? ലേഖകന്റെ കെയ്യില്‍ പൊതുബോധത്തിന്റെ ഭാഗമെന്ന നിലയില്‍ കുറെ അളവുപാത്രങ്ങള്‍ ഉണ്ട്., ഇടതുപക്ഷം, സത്വരാഷ്ട്രീയം, മതനവോത്ഥാനം, ജനകീയ സമരം, നവസാമൂഹിക പ്രസ്ഥാനം ഈ അളവുപാത്രങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ശരിക്കും ഒതുങ്ങിക്കിട്ടിയിരുന്നെങ്കില്‍ ലേഖകന്‍ സോളിഡാരിറ്റിക്ക് ഫസ്റ്റ് ക്ലാസ്സ് മാര്‍ക്ക് കൊടുത്തുകളയുമായിരുന്നു. തന്റെ കയ്യിലുള്ള ഒരു കള്ളിയിലും കോളത്തിലും സോളിഡാരിറ്റി ഒതുങ്ങുന്നില്ല എന്നതുകൊണ്ട് അഥവാ ഇതിന്റെ വ്യാകരണം തനിക്ക് വേണ്ട്ത്ര മനസ്സിലായി കിട്ടാത്തതുകൊണ്ട് ഇത് കാപട്യമായിരിക്കും, അല്ല, കാപട്യം തന്നെയാണ് എന്ന് വിധിയെഴുതുകയാണ് എ.പി കുഞ്ഞാമു ചെയ്യുന്നത്. 
സോളിഡാരിറ്റിയുടെ കഴിഞ്ഞ 10 വര്‍ഷത്തെ പെര്‍ഫോമന്‍സിന് മാര്‍ക്കിട്ടുകൊണ്ട് ലേഖകന്‍ നിരീക്ഷിക്കുന്നത് 'മുസ്‌ലിം സമുദായത്തെ വേണ്ടത്ര ഇസ്‌ലാമികമാക്കാന്‍ സോളിഡാരിറ്റി ശ്രമിച്ചിട്ടില്ല നമ്മുടെ പൊതുമണ്ഡലത്തിന്റെ മോചനം ഇസ്‌ലാമിലൂടെ എന്ന് ഉളളുറപ്പോടെ പ്രഖ്യാപിച്ചിട്ടുമില്ല' എന്നാണ്.
മറ്റു പലതിനുമെന്നപോലെ ഇസ്‌ലാമിക പ്രവര്‍ത്തനത്തെക്കുറിച്ചും ലേഖകന്‍ നേരത്തെ തന്നെ ഒരു രൂപഘടന  പടച്ചുണ്ടാക്കുകയും ആ രൂപഘടനക്കകത്ത് സോളിഡാരിറ്റി ഫിറ്റാകാതെ വരുമ്പോള്‍ ഇതൊരിസ്‌ലാമിക സംഘടനയല്ലെന്ന തീര്‍പ്പിലെത്തുകയും ചെയ്യുന്ന രീതിയാണിത്. ഇനി നിങ്ങള്‍ക്ക് ഒരിസ്‌ലാമിക സംഘടനയാണെന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ നമ്മുടെ പൊതുമണ്ഡലത്തിന്റെ മോചനം ഇസ്‌ലാമിലൂടെയാണെന്ന് ഉളളുറപ്പോടെ പ്രഖ്യാപിച്ച് കാണിക്കൂ എന്നൊരാഹ്വാനവും. ഇസ്‌ലാമികമായ അജണ്ടകളല്ല, പൊതുസമൂഹത്തിന്റെ അജണ്ടകളാണു സംഘടന ഏറ്റെടുക്കുന്നത് എന്ന്  ലേഖകന്‍ നേരത്തെ നിരീക്ഷിക്കുന്നുണ്ട്.  ജനകീയസമരങ്ങളെ ഹൈജാക്ക് ചെയ്യുന്നുവെന്ന ആവലാതിയും പങ്കുവെക്കുന്നു. മതം, പൊതു എന്ന മതേതര വിഭജനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാതെ പോയതാണ് ലേഖകന്റെ പ്രാഥമിക പരാജയം. 
എപി കുഞ്ഞാമുവിന്റെ ലേഖനത്തിന്റെ അറബ് വസന്ത പരിഭാഷ, അറബ് വസന്തത്തെ അവിടുത്തെ ഇസ്‌ലാമിസ്റ്റുകള്‍ ഹൈജാക്ക് ചെയ്തു എന്നതായിരിക്കും. പിന്നെ അറബ് വസന്തനാന്തരം  ഇസ്‌ലാമിസ്റ്റുകള്‍ ഇസ്‌ലാം ഉപേക്ഷിച്ച് മതേതരത്വം കളിക്കുകയാണെന്നും. സമകാലിക ഇസ്‌ലാമിസ്റ്റുകളെ കുറിച്ച ലിബറല്‍ മതേതരവിമര്‍ശനത്തിന്റെയും സലഫീ വിമര്‍ശനത്തിന്റെയും ഒരു വിചിത്ര സംയുക്തമാണീ ആരോപണം. ചരിത്രത്തില്‍ ഇടപെടാന്‍ കഴിയാതെ പോകുന്നവരുടെ, തെറ്റായ ആദര്‍ശ ശാഠ്യങ്ങള്‍ കാരണം അതില്‍ തോറ്റുപോകുന്നവരുടെ തെറിവാക്ക് മാത്രമാണ് ഹൈജാക്ക് എന്നത്. ചരിത്രത്തില്‍ സജീവമായും ക്രിയാത്മകമായും ഇടപെടുന്നവരെക്കുറിച്ചെല്ലാം ഈ ആക്ഷേപ പദം തരാതരം ഉപയോഗിക്കാവുന്നതേയുള്ളു. അറബ് വസന്ത നാടുകളിലെ ഇസ്‌ലാമിസ്റ്റുകള്‍ക്ക് മാര്‍ക്കിടുന്ന പണി കൂടി ലേഖകന്‍ ഏറ്റെടുത്തിരുന്നെങ്കില്‍  ബ്രദര്‍ഹുഡിനും അന്നഹ്ദക്കും  എ. കെ പാര്‍ട്ടിക്കും പൂജ്യം മാര്‍ക്ക് കിട്ടാനായിരുന്നു സാധ്യത. 
സര്‍വ്വകാലത്തേക്കും സര്‍വ്വദേശത്തേക്കുമായി എന്നോ പാകം ചെയ്തുവെച്ച അജണ്ടകള്‍ ഉളളവരാണ് ഇസ്‌ലാമികസംഘടനകള്‍ എന്നാണ് പലരുടെയും ധാരണ. ഇസ്‌ലാമാണ് ശരി, ഇസ്‌ലാമാണ് പരിഹാരം തുടങ്ങിയ മൗലിക പ്രമാണങ്ങളുടെ വചന പ്രഘോഷണമാണ് ഏറ്റവും ശരിയായ ഇസ്‌ലാമിക പ്രവര്‍ത്തനം എന്ന തീര്‍പ്പിലെത്തിയവരാണ് അതില്‍ ചിലര്‍. ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളെക്കുറിച്ച അത്തരമൊരു വാര്‍പ്പുമാതൃകയെയാണ് ലേഖകന്‍ 'ഹാ ! ആ കാലം എത്ര മനോഹരം ! എന്ന ധ്വനിയോടെ അവതരിപ്പിക്കുന്നത്. 
ശരിയാണ്, തങ്ങളുടെ ചരിത്രത്തിന്റെ ഒരു സന്ധിയില്‍ ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഈ ഭാഷയില്‍ ഏറെ സംസാരിച്ചിട്ടുണ്ട്. ആധുനിക മതേതര യുക്തിചിന്തയും അതിന്റെ പ്രത്യയശാസ്ത്രങ്ങളും ഇസ്‌ലാമിന്റെ സാമൂഹിക..രാഷ്ട്രീയ ഉളളടക്കം അടിച്ചുനിരപ്പാക്കാന്‍  ഒരുമ്പിട്ടിറങ്ങിയ കാലത്ത് ഇസ്‌ലാമിന്റെ വിമോചനശേഷിയെ ആശയപരമായി  സംരക്ഷിക്കുകയായിരുന്നു അന്നവര്‍.
ചരിത്രത്തിന്റെ അടുത്തഘട്ടത്തില്‍ ഈ ആശയപ്രബോധനത്തിനപ്പുറത്ത് പ്രായോഗിക ചുവടുവെപ്പുകളെക്കുറിച്ചാണവര്‍ ആലോചിക്കുന്നത്. ഇസ്‌ലാമിന്റെ നീതിയും സമാധാനവും മനുഷ്യപ്പറ്റും സകലമനുഷ്യര്‍ക്കും ഏതളവില്‍ അനുഭവഭേദ്യമാക്കാം എന്നതാണവര്‍ പിന്നീട് നടത്തുന്ന പരീക്ഷണങ്ങള്‍.
തങ്ങളുടെ രാജ്യത്തിന്റെയും സമൂഹത്തിന്റെയും സവിശേഷതകളും പരിമിതികളും തങ്ങളുടെ തന്നെ ചരിത്രാനുഭവങ്ങളും മൂലധനമാക്കിയാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പുതുകാല അജണ്ടകള്‍ ഉരുത്തിരിച്ചെടുക്കുന്നത്. തുര്‍ക്കി, ഈജിപ്ത്, ജോര്‍ദാന്‍, ബംഗ്‌ളാദേശ്, തുണീഷ്യ, അള്‍ജീരിയ, മൊറോക്കോ, ബ്രിട്ടണ്‍ തുടങ്ങി കിഴക്കും പടിഞ്ഞാറുമുളള ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പുതുകാല ഇസ്‌ലാമിക അജണ്ടകള്‍ വളരെ സമര്‍ഥമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നവരാണ്. അവരുടെ പേരില്‍ മുതല്‍ അജണ്ടയില്‍ വരെ മതം/പൊതു എന്നു വേര്‍തിരിച്ച് പരിശോധിക്കാന്‍ ആരെങ്കിലും തുനിഞ്ഞിറങ്ങിയാല്‍ ശരിക്കും കുഴങ്ങി പോകുന്നത്രയും സങ്കീര്‍ണമായിരിക്കും അത്.  ഇസ്‌ലാമിന്റെ തന്നെ പ്രമാണങ്ങളും തങ്ങളുടെ പ്രായോഗികാനുഭവങ്ങളും ആശയപരമായി വികസിപ്പിച്ചെടുത്താണവര്‍ ഇത്തരം പരീക്ഷണങ്ങളിലേര്‍പ്പെടുന്നത്. വൈജ്ഞാനിക കരുത്തുള്ള ഇസ്‌ലാമികപണ്ഡിതന്‍മാര്‍ക്കും ചിന്തകന്‍മാരും അതിനവര്‍ക്ക് വഴിയും വെളിച്ചവും നല്‍കുന്നുണ്ട്.
തുര്‍ക്കിയിലെ ഇപ്പോഴത്തെ ഭരണകക്ഷിയായ എ.കെ.പാര്‍ട്ടി(ജസ്റ്റിസ് ആന്റ് ഡവലപ്പ്‌മെന്റ് പാര്‍ട്ടി) ഈ പുതിയ പ്രവര്‍ത്തനരീതിയുടെ തിളക്കമുളള അനുഭവമാണ്. 2002 ലെ തെരഞ്ഞെടുപ്പിലാണ് എകെ പാര്‍ടി അധികാരത്തില്‍ വരുന്നത്. തങ്ങള്‍ ഇസ്‌ലാമിസ്റ്റുകളാണെന്ന് അവര്‍ സ്വയം അവകാശപ്പെടാറില്ലെങ്കിലും ലോക ഇസ്‌ലാമികപ്രസ്ഥാനങ്ങളുടെ ആവേശബിംബമാണത്. ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടൊപ്പം ചേര്‍ന്നു നിന്നും അവരെ കോര്‍ത്തിണക്കിയുമാണ് അവര്‍ മുന്നോട്ടു പോകാന്‍ ശ്രമിക്കുന്നതും.
അറബ് വസന്തത്തിനുശേഷം എ.കെ.പാര്‍ട്ടി അധ്യക്ഷനും തുര്‍ക്കി പ്രധാനമന്ത്രിയുമായ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഈജിപ്ത്, ലിബിയ, തുണീഷ്യ എന്നീ രാജ്യങ്ങളില്‍ 2011 സെപ്റ്റംബറില്‍ പ്രസിദ്ധമായ തന്റെ 'വസന്ത യാത്ര' സംഘടിപ്പിക്കുകയുണ്ടായി. ഈ രാജ്യങ്ങളിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ആത്മവിശ്വാസത്തെ വാനോളമുയര്‍ത്തിയ ചുവടുവെപ്പായിരുന്നു അത്. 2012 സെപ്റ്റംബറില്‍ തുര്‍ക്കിയില്‍ നടന്ന എ.കെ.പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തിലെ പ്രധാന അതിഥി ഫലസ്തീനിലെ ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍ ആയിരുന്നു. അപ്പോള്‍ ഇത് ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പുതുകാല പ്രവര്‍ത്തനരീതിയാണ്. ഈ ദിശയില്‍ തന്നെയാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ അഭിമുഖ്യത്തില്‍ രണ്ടായിരത്തിനുശേഷം രൂപപ്പെട്ട  മൂവ്‌മെന്റ് ഫോര്‍ പീസ് ആന്റ് ജസ്റ്റിസ് (ങജഖ) എന്ന പ്രസ്ഥാനം.  ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണത് പ്രവര്‍ത്തിക്കുന്നത്. സാമൂഹിക നീതി, ഭരണകൂട ഭീകരത, ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, മനുഷ്യാവകാശ സംരക്ഷണം തുടങ്ങിയവയാണതിന്റെ പ്രവര്‍ത്തന മേഖല. അഥവാ 2003 ല്‍ രൂപം കൊണ്ട സോളിഡാരിറ്റി ഒരാഗോള ഇസ്‌ലാമിക പുതുചലനങ്ങളുടെ തന്നെ അഭിവാജ്യ ഭാഗമാണ്. അതിനെ ഇടതുപക്ഷം അരങ്ങൊഴിഞ്ഞ ഇടത്തേക്ക് തട്ടിക്കൂട്ടിയുണ്ടാക്കിയ ഒരു വികല സംവിധാനം എന്ന വിലയിരുത്തലില്‍ ആഗോള ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ഈ പുതുചലനങ്ങളെക്കുറിച്ച അജ്ഞതയാണ് പ്രകടമാവുന്നത്. ഏറ്റവും പുതിയ ലോകത്തെ പരിചയപ്പെടുത്തുന്നതില്‍ എന്നും യൗവനം പ്രകടിപ്പിച്ചിട്ടുള്ള പാഠഭേദത്തിന് ഈ നൂറ്റാണ്ടിന്റെ ഭാവുകത്വത്തെ നിര്‍ണയിക്കുന്നതില്‍ വലിയ പങ്കുവഹിക്കാന്‍ ഏറെ സാധ്യതകളുള്ള അറബ് വസന്തത്തെയോ അതിന്റെ കലാസാഹിത്യ സൃഷ്ടികളെപോലുമോ അവതരിപ്പിക്കാന്‍ കഴിയാതെ പോയത് ഇസ്‌ലാമിസ്റ്റുകളുടെ ചലനാത്മകതയെ കുറിച്ച ഈ പിടികിട്ടായ്മ കാരണമാണ്. ഈ പോക്ക് പോയാല്‍ ഇസ്‌ലാമിസ്റ്റുകളുടെ കാര്യത്തില്‍ പാഠഭേദം രക്ഷപ്പെടാന്‍ ഒരു സാധ്യതയുമില്ല. അപഹാസ്യരാവാന്‍ ഏറെ സാധ്യതകളുണ്ടുതാനും. കൊച്ചു കൊച്ചു കുശുമ്പിലും  കുന്നായ്മകളിലും തട്ടി വലിയ സാധ്യതകളുണ്ടായിരുന്ന ഒരു സമാന്തര പ്രസിദ്ധീകരണം ഇസ്‌ലാമിസ്റ്റുകളുടെ കാര്യത്തിലെങ്കിലും ചരിത്രത്തിന്റെ ഒരു നിര്‍ണായ മുഹൂര്‍ത്തത്തില്‍ സ്വയം റദ്ദായി പോവുകയാണ്. 
......സ്വിച്ചിട്ടാല്‍ കത്തുകയും സ്വിച്ചണച്ചാല്‍ കെടുകയും ചെയ്യുന്ന ആക്ടിവിസത്തിന്റെ അച്ചടക്കമുളള കേഡറായ സോളിഡാരിറ്റിക്ക് ജനകീയ സമരങ്ങളില്‍ ആര്‍ഭാടമാകാനേ കഴിയൂ എന്നാണ് ലേഖകന്റെ വിലയിരുത്തല്‍, കാരണം, സോളിഡാരിറ്റി ചിതറിത്തെറിക്കുന്ന ആള്‍ക്കൂട്ടത്തിന്റെ വികാരവിസ്‌ഫോടനമല്ലത്രെ.  കേരളത്തിലെ ജനകീയ സമരങ്ങളുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ ആയി സോളിഡാരിറ്റി വര്‍ത്തിച്ചുകളയുന്നു എന്നതാണ് ലേഖനത്തിലെ പ്രമാദമായ മറ്റൊരാരോപണം. അറബ് വസന്തത്തിന്റെയും ഇന്‍ഫ്രാസ്ട്രക്ചര്‍ അവിടത്തെ ഇസ്‌ലാമിക യുവതയായിരുന്നു എന്ന വസ്തുതയെ ഈ ആരോപണത്തോട് ചേര്‍ത്ത് വായിക്കണം നാം.
പത്ത് വര്‍ഷത്തിനിടയില്‍ കേരളത്തിനകത്തും പുറത്തുമുളള ധാരാളം ജനകീയ സമരങ്ങളില്‍ സോളിഡാരിറ്റി പങ്കുവഹിച്ചിട്ടുണ്ട്. ചിലപ്പോള്‍ ഇരകളിലേക്ക് ഇറങ്ങിച്ചെന്ന് അവരെ കോര്‍ത്തിണക്കി സമരമാക്കി മാറ്റി, മറ്റ് ചിലപ്പോള്‍ സമരങ്ങള്‍ക്ക് ആളും അര്‍ഥവും നല്‍കി ആത്മവിശ്വാസം പകര്‍ന്നു, ചിലപ്പോള്‍ സംഘടനാ നെറ്റ്‌വര്‍ക്കുപയോഗിച്ച് സമരസന്ദേശം ജനങ്ങളില്‍ കാമ്പയിന്‍ നടത്തി സമരത്തെ ജനകീയവല്‍ക്കരിക്കാന്‍ ശ്രമിച്ചു, ഇനിയും ചിലപ്പോള്‍ തങ്ങളാല്‍ സാധ്യമായ മാധ്യമശ്രദ്ധ നല്‍കി സമരങ്ങള്‍ക്ക് കരുത്തേകാന്‍ ശ്രമിച്ചു. ഇങ്ങനെ പല രീതിയിലാണ് സോളിഡാരിറ്റി ജനകീയ സമരങ്ങളോട് ഐക്യദാര്‍ഢ്യപ്പെട്ടത്. കാരണം ജനകീയ സമരങ്ങള്‍ക്ക് വ്യത്യസ്തങ്ങളായ ആവശ്യങ്ങളും പ്രതിസന്ധികളുമാണ് അനുഭവിക്കാനുണ്ടായിരുന്നതും.
ഇത്തരം സമരങ്ങളെ സംബന്ധിച്ച് ഒരുകാര്യം വളരെ വ്യക്തമാണ്. ജനകീയ സമരങ്ങള്‍ കാല്‍പ്പനിക ഭാവനയല്ല, അതൊരു സൈദ്ധാന്തിക വ്യായാമവുമല്ല. മറിച്ച് ഭരണകൂടം, പോലീസ്, കുപ്രചരണം, മാധ്യമതിരസ്‌കരണം, രാഷ്ട്രീയ പാര്‍ട്ടികള്‍, പണമാഫിയ, സാമൂഹിക അരക്ഷിതാവസ്ഥ തുടങ്ങിയ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളുമായുളള മുഖാമുഖമാണത്. അതുകൊണ്ട് തന്നെ ചിതറിത്തെറിക്കുന്ന ആള്‍ക്കൂട്ടത്തിന്റെ വികാര വിസ്‌ഫോടനങ്ങള്‍ മാത്രമായിക്കൊളളണമെന്നില്ല പലപ്പോഴും ഇത്തരം സമരങ്ങള്‍ ജീവിപ്പിച്ചുനിര്‍ത്താന്‍ ആവശ്യമായ ഘടകം.
ജനകീയ സമരങ്ങളിലെ സോളിഡാരിറ്റിയെ വിലയിരുത്താന്‍ ആര്‍ക്കും അവകാശമുണ്ട്. പക്ഷെ അത് എപ്പോഴും സത്യസന്ധമാവുക ഇരകളുടെ മനസ്സ് തുറക്കുമ്പോഴായിരിക്കും എന്നുമാത്രം. സ്വത്വവാദത്തിന്റെ ശുദ്ധിബോധമുപയോഗിച്ച് പാഠഭേദത്തിന് വിശകലനങ്ങള്‍ നടത്താം. സോളിഡാരിറ്റിയെ ഒരിക്കലല്ല പലപട്ടം തെറിവിളിക്കാം. ജനകീയ സമരങ്ങളെ സാരോപദേശം നടത്തുകയുമാവാം.     പക്ഷേ ചരിത്രം ഉണ്ടാകുന്നത് സ്വത്വ-വര്‍ഗ-പ്രത്യയശാസ്ത്ര ശുദ്ധി ബോധങ്ങള്‍ക്കകത്തല്ല എന്നു മനസ്സിലാക്കുന്നത് ചരിത്രപസക്തി നഷ്ടപ്പെടാതെ പ്രവര്‍ത്തിക്കാന്‍ എല്ലാവരെയും സഹായിക്കും
വാല്‍ക്കഷണം:  പാഠഭേദം ലേഖനം തേജസ് പത്രം പുനപ്രസിദ്ധീകരിച്ചപ്പോള്‍ വെളിച്ചും കാണാതെ പോയ വരികള്‍ ഇങ്ങനെ.........ഏതായാലും സോളിഡാരിററിയുളള 10 വര്‍ഷക്കാലത്തെ കേരളത്തെ നോക്കി നെഞ്ചത്തടിച്ച് കരയേണ്ടത് ഇവിടുത്തെ ആക്ടിവിസ്‌ററുകളാണ്.മണ്ണും ചാരി നിന്നവര്‍ പെണ്ണും കൊണ്ടുപോയല്ലോ..

അഭിപ്രായങ്ങളൊന്നുമില്ല: