2011, നവംബർ 3, വ്യാഴാഴ്‌ച

ഉമര്‍മൌലവിയുടെ ആത്മകഥ
"അറബി പണ്ഡിതന്മാര്‍ താമസിക്കുന്ന ഹോട്ടലിലേക്ക് അവര്‍ എന്നെ ക്ഷണിച്ചു. ഞാന്‍ ചെന്നപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ കേരള അമീര്‍ അടക്കം ഉന്നത നേതാക്കള്‍ അവിടെയുണ്ട്. മദീനയിലെ ശൈഖ് ഉമര്‍ ഫുല്ലാത്തയുടെ നേതൃത്വത്തില്‍ അവരുമായി ഒരു സുഹൃദ് സംഭാഷണത്തിന് രംഗമൊരുക്കിയിരിക്കുകയായിരുന്നു അവിടെ. ഞാന്‍ നിരസിച്ചില്ല. സൌഹൃദം പാടില്ലെന്നുള്ള ഒരു വാശി എനിക്ക് ഒരിക്കലുമില്ലായിരുന്നു. പക്ഷേ, ജമാഅത്തുകാര്‍ ആഗ്രഹിക്കുന്ന സൌഹൃദം ഞാന്‍ നിശ്ശബ്ദനാകണമെന്നതാണ്. കുറെ സമയം ചര്‍ച്ച നടന്നു. അറബ് പണ്ഡിതന്മാര്‍ ജമാഅത്ത് അനുകൂലികളാണല്ലോ. പരസ്യ വിമര്‍ശനങ്ങള്‍ ഒഴിവാക്കി കഴിയുന്നതും സൌഹാര്‍ദപരമായി ഇരുകൂട്ടരും പ്രവര്‍ത്തിക്കണമെന്ന് അവര്‍ ഏകോപിച്ച് എന്നോട് ആവശ്യപ്പെട്ടു. ശൈഖ് ഇബ്നുബാസിന്റെ ഫത്വ ബന്ധപ്പെട്ട വിഷയത്തില്‍ ലഭിച്ചാല്‍ അതുപ്രകാരം ഞാന്‍ പ്രവര്‍ത്തിക്കാമെന്ന് പറഞ്ഞപ്പോള്‍ അതിന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യാമെന്ന് ശൈഖുമാര്‍ സമ്മതിച്ചു. അങ്ങനെ സൌഹാര്‍ദം നിലനില്‍ക്കത്തക്കവിധം മുന്നോട്ട് പോകാന്‍ ഉതകുന്ന ഒരു കരാര്‍ ഉണ്ടാക്കുകയും ജമാഅത്ത് നേതാക്കളും ഞാനും അതില്‍ ഒപ്പ് വെക്കുകയും ചെയ്തു. ഈ സംഭവം കെ.എന്‍.എം നേതൃത്വത്തില്‍ വലിയ അലോസരമുണ്ടാക്കി. ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റായിരിക്കെ നേതൃത്വവുമായി ആലോചിക്കാതെ ഇത്തരം ഒരു കരാറില്‍ ഒപ്പ് വെച്ചതില്‍ അവര്‍ എന്നെ ശക്തിയായി കുറ്റപ്പെടുത്തി. ആ കുറ്റപ്പെടുത്തലില്‍ കഴമ്പുണ്ടെന്ന് എനിക്കും തോന്നി. എ.പി അബ്ദുല്‍ഖാദിര്‍ മൌലവിയാണ് എനിക്കെതിരില്‍ ശക്തമായ നിലപാട് സ്വീകരിച്ചത്. സംഘടനാ വൈഭവത്തില്‍ അക്കാലത്ത് തന്നെ അദ്ദേഹം മികവ് പുലര്‍ത്തിയിരുന്നു. ഞാന്‍ സംഘടനക്ക് ഒരു ഭാരവും മുന്നോട്ടുള്ള ഗമനത്തിനും ചട്ടവട്ടങ്ങള്‍ക്കും തടസ്സവുമാകുന്നുവെന്ന സൂചനയാണ് എ.പിയും മറ്റുള്ളവരും നല്‍കുന്നതെന്ന് എനിക്ക് ബോധ്യമായി. ഞാന്‍ എന്റെ പ്രിയപ്പെട്ട പ്രസ്ഥാനത്തിന് ചുമക്കാന്‍ കഴിയാത്ത ഒരു ഭാരമാകരുതെന്ന് തീരുമാനിച്ചു. സംഘടനയില്‍ ഭാരവാഹിയാകുന്നതിന് ഞാന്‍ കൊള്ളുകയില്ലെന്ന് സ്വയം മനസ്സിലാക്കി. ജംഇയ്യത്തുല്‍ ഉലമായുടെ അധ്യക്ഷപദവി ഒഴിയാന്‍ ഞാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും എന്റെ സുഹൃത്തുക്കള്‍ അത് അനുകൂലിക്കുകയും ചെയ്തു. ഞാന്‍ സ്ഥാനമൊഴിഞ്ഞു'' (ഓര്‍മകളുടെ തീരത്ത്, കെ. ഉമര്‍മൌലവിയുടെ ആത്മകഥ. പേജ്: 525,526).

അഭിപ്രായങ്ങളൊന്നുമില്ല: