2013, ഓഗസ്റ്റ് 6, ചൊവ്വാഴ്ച

ഇനി സന്തോഷത്തിന്റെ 
ആനന്ദപ്പെരുന്നാള്‍....... 

ജീവിത വിശുദ്ധിയുടെ അനര്‍ഘ നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് റമദാന്‍ കടന്നുവന്നത്. ആത്മീയോല്‍ക്കര്‍ഷത്തിന്റെ നനവുകള്‍ പെയ്തിറങ്ങുകയായിരുന്നു റമാദാനിലുടനീളം. കാരുണ്യത്തിന്റെ കവാടങ്ങള്‍ കലവറയില്ലാതെ തുറന്നിട്ടും പാപമോചനത്തിന്റെ വഴികള്‍ വെട്ടിത്തെളിച്ചും നരക മോചനവും സ്വര്‍ഗലബ്ധിയും ഉറപ്പ് വരുത്താന്‍ അവസരങ്ങള്‍ സമ്മാനിച്ചും അല്ലാഹു നമ്മെ ആവേശം കൊള്ളിക്കുകയായിരുന്നു. നന്മ ചെയ്യണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ആവോളം അവസരങ്ങള്‍ നല്‍കുകയും അത് ഉപയോഗപ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അല്ലാഹുവിന്റെ സാമീപ്യം വിശ്വാസികള്‍ അനുഭവിക്കുകയായിരുന്നു. കാരുണ്യവാനായ നാഥന്‍ വെച്ച് നീട്ടിയ ഈ അനര്‍ഘ നിമിഷങ്ങള്‍ ഉപയോഗപ്പെടുത്താന്‍ നാം എത്രമാത്രം ജാഗ്രത്തായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് റമദാന്റെ ജയപരാജയങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത്.
പെരുന്നാള്‍ വിശ്വാസികള്‍ക്ക് ആനന്ദത്തിന്റെയും സാഫല്യത്തിന്റെയും ഒരു നാളാണ്. ആത്മീയ ഉപാസനയിലൂടെ അല്ലാഹുവിലേക്കുയര്‍ന്ന് ജീവിത തികവ് നേടിയ നിര്‍വൃതിയും പൊട്ടിച്ചിരിയുമാണത്. കടുത്ത ആത്മനിയന്ത്രണത്തിന്റെയും നിരന്തര ആരാധനാ മുറകളുടെയും നീണ്ട നാളുകള്‍ക്ക് ശേഷം തിന്നലിന്റെയും കുടിക്കലിന്റെയും തുളുമ്പുന്ന ആനന്ദങ്ങളുടെയും ഒരു നാളിലേക്കാണ് അത് വാതില്‍ തുറക്കുന്നത്.

അല്ലാഹുവിന്റെ ഇഷ്ടത്തിലേക്ക് ജീവിതത്തെ പാകപ്പെടുത്തിയെടുക്കാനുള്ള നിരന്തര പരിശ്രമത്തിന്റെ റമദാന്‍, ലക്ഷ്യസാക്ഷാത്കാരത്തിന്റെ ആനന്ദം നുകരുന്ന പെരുന്നാള്‍. അതുകൊണ്ട് തന്നെ പെരുന്നാള്‍ ഏറ്റവും ഹൃദ്യമായിത്തീരുന്നത് റമദാന്‍ ഏറ്റവും ഫലപ്രദമായിത്തീര്‍ന്നവനായിരിക്കും. പരലോകം ഏറ്റവും ഹൃദ്യമായി മാറുന്നത് ഇഹലോകം ഏറ്റവും ഉപകാരപ്പെട്ടവനായത് പോലെ. കര്‍ഷകന്റെ കൊയ്ത്തുത്സവത്തിന്റെ ആഹ്ളാദമാണപ്പോള്‍ നോമ്പുകാരന് പെരുന്നാള്‍ നല്‍കുന്നത്. ഈ വിളവെടുപ്പില്‍ വിശ്വാസി അതിഭൌതികമായൊരു ലോകത്തിന്റെ ജീവിതാനുഭവത്തെ ഭൂമിയില്‍ ആവിഷ്കരിക്കുകയാണ് പെരുന്നാളിലൂടെ.
വിശുദ്ധനായ മനുഷ്യനെക്കുറിച്ച സമൂഹത്തിന്റെ സങ്കല്‍പങ്ങളെ പെരുന്നാള്‍ വല്ലാതെ പ്രഹരിക്കുന്നുണ്ട്. ആത്മീയ ഉപാസനയിലൂടെ ദൈവത്തിലേക്ക് നടന്നടുക്കുന്ന മനുഷ്യന്‍ പൊതുവെ മനുഷ്യരില്‍ നിന്നോടിയകലുന്നത് കാണാം. ആകാശത്തിന്റെ തെളിമയിലേക്കുയരുമ്പോള്‍ ഭൂമിയില്‍ വേരുകള്‍ അറ്റുപോകുന്ന അവസ്ഥയാണത്. റമദാനിലെ നിരന്തര ആത്മീയ ഉപാസനയിലൂടെ വിശുദ്ധനാകുന്ന വിശ്വാസി തന്റെ  വിശുദ്ധിയെ ആഘോഷിക്കുന്നത് ആരാധനാലയത്തിന്റെ അകം അറയില്‍ താനും ദൈവവും തമ്മിലെ ഒരു സ്വകാര്യ പങ്കുവെക്കലിലൂടെയല്ല. മറിച്ച് തന്റെ ചുറ്റുവട്ടത്തെ സര്‍വ മനുഷ്യര്‍ക്കിടയിലും കൂടിയും കലര്‍ന്നും കൊണ്ടും കൊടുത്തുമാണ്. പള്ളിക്കകത്ത് നിര്‍വഹിക്കപ്പെടുന്ന നമസ്കാരം പോലും പെരുന്നാളിന്റേതാകുമ്പോള്‍, ജനസഞ്ചയത്തിനു നടുവില്‍ ഈദുഗാഹുകളില്‍ നടത്തപ്പെടുന്നു. സാധാരണ ഗതിയില്‍ നമസ്കരിക്കാന്‍ പാടില്ലാത്തവര്‍ പോലും അതിലേക്ക് ക്ഷണിക്കപ്പെടുന്നു. സമൂഹത്തിലെ സര്‍വ തലത്തിലും പെട്ട സകല മനുഷ്യരുടെയും ഒത്ത നടുവില്‍ നിന്നുകൊണ്ടുള്ള വിശുദ്ധ ജീവിതത്തിനേ പ്രസക്തിയുള്ളൂവെന്ന് പെരുന്നാള്‍ പലവട്ടം നമ്മെ പഠിപ്പിക്കുന്നുണ്ട്.
സാമൂഹികാംശമില്ലാത്ത ആത്മീയ സങ്കല്‍പം ഇസ്ലാമിന് ഒട്ടും ചേരുന്നില്ല. തികച്ചും ആത്മീയമെന്നും വ്യക്തിനിഷ്ഠമെന്നും വിലയിരുത്താവുന്ന ആരാധനകളെപ്പോലും ഏതെങ്കിലുമൊരു തലത്തില്‍ സാമൂഹികാംശം കൂടിയുള്ളതാക്കാന്‍ ഇസ്ലാം വല്ലാതെ കണിശത കാണിക്കാറുണ്ട്. പെരുന്നാള്‍ ദൈവബോധത്തിന്റെയും(തക്ബീര്‍) സാമൂഹിക ഉത്തരവാദിത്വത്തിന്റെയും (ഫിത്വ്ര്‍ സകാത്ത്) ആഘോഷമാണ്. അത് ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും സാമൂഹിക ബന്ധങ്ങളുടെയും ഊഷ്മളതയാണ്. 
ദൈവബോധമുള്ള ദാസന്‍, സാമൂഹിക ഉത്തരവാദിത്വമുള്ള മനുഷ്യന്‍, സുഭിക്ഷതയുള്ള നാട്. സമൂഹത്തെക്കുറിച്ച് ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്ന ഏറെ ശ്രദ്ധേയമായൊരു കാഴ്ചപ്പാടാണിത്.
നാഗരികതകളുടെ പിതാവായ ഇബ്റാഹീമി(അ)ലൂടെ ഖുര്‍ആന്‍ ഈ കാഴ്ചപ്പാട് ഇങ്ങനെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്: "കഅ്ബാലയം പണിതുയര്‍ത്തിയതിനുശേഷം അദ്ദേഹം പ്രാര്‍ഥിച്ചു: എന്റെ നാഥാ, ഇവിടെ ശാന്തിനിറഞ്ഞ പ്രദേശമാക്കേണമേ. അതിലെ നിവാസികള്‍ക്ക് നാനാവിധ ഫലങ്ങള്‍ അന്നമായി നല്‍കേണമേ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചവര്‍ക്ക്. മറുപടിയായി നാഥന്‍ അരുളി: അല്ല, എല്ലാവര്‍ക്കും'' (അല്‍ബഖറ 126)
പ്രാര്‍ഥിക്കാന്‍ ഒരാരാധനാലയവും സമൂഹത്തെ കെട്ടിപ്പടുക്കുന്ന പ്രവാചകനും സുരക്ഷയെക്കുറിച്ചും സുഭിക്ഷതയെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ കിനാവുകളും ഈ ആശയത്തെയാണ് അടിവരയിടുന്നത്.
ഇസ്ലാം കിനാവ് കാണുന്ന അത്യുജ്വലമായ ഈ സാമൂഹികാവസ്ഥയെ ചെറിയൊരര്‍ഥത്തില്‍ പെരുന്നാള്‍ ആവിഷ്കരിക്കുന്നുണ്ട്. ദൈവസ്മരണയും ആരാധനകളും സുഭിക്ഷതയും പരസ്പര ഇടപഴക്കങ്ങളും കെട്ടിപ്പിടിക്കലും കൂടിച്ചേരലും പൊട്ടിച്ചിരിയുമെല്ലാം മേളിച്ചൊരു ജീവിതത്തെ അനായാസേന ഒരു നാളത്തേക്ക് ആവിഷ്കരിക്കുന്നുണ്ട് പെരുന്നാള്‍. ഇസ്ലാമിക സാമൂഹിക വ്യവസ്ഥയുടെ ഒരു തുള്ളിയാണ് പെരുന്നാള്‍.
ആഘോഷങ്ങളുടെ മിത്തും ചരിതവും അവഗണിക്കപ്പെടുകയും അതിന്റെ പൊലിമകള്‍ മാത്രം നിരന്തരം ആഘോഷിക്കപ്പെടുകയും ചെയ്യുന്നൊരു പ്രവണതയുണ്ട്. തലമുറ തലമുറ കൈമാറി വരുമ്പോള്‍ ഏതൊരാഘോഷവും ഈയവസ്ഥയിലേക്ക് എളുപ്പം വഴുതി വീഴാവുന്നതേയുള്ളൂ. ഉത്സവങ്ങളുടെ ഭൌതിക ഘടന ആഘോഷിക്കപ്പെടുകയും ആത്മീയാംശം അവഗണിക്കപ്പെടുകയും ചെയ്യുന്നൊരവസ്ഥയാണത്. മാത്രമല്ല, അതിന്റെ ഭൌതിക ഘടന ആഘോഷിച്ചാല്‍ തന്നെ പല ആഘോഷങ്ങളും പൂര്‍ണമാകുന്നു എന്നതും ഇതിനൊരു കാരണമാണ്.
പെരുന്നാള്‍ ഈ അപചയത്തെ അതിന്റെ ഘടനയില്‍ തന്നെ ചെറുത്തു നില്‍ക്കുന്നുണ്ട്. പെരുന്നാള്‍ ആഘോഷമാകുമ്പോഴും അതൊരാരാധനയാണ്. ആരാധനയുടെ എല്ലാ ചിട്ടകളും ചട്ടങ്ങളും അതിനകത്തുണ്ട്. തക്ബീറും നമസ്കാരവും ഉള്ളടങ്ങിയ, സാധാരണഗതിയില്‍ ആരാധനകള്‍ ബാധ്യതപ്പെടാത്ത വിശ്വാസിക്ക് പോലും ബാധ്യതപ്പെടുന്ന ഫിത്വ്ര്‍ സകാത്തും ഇല്ലാതെ പെരുന്നാള്‍ ആഘോഷിക്കുക അസാധ്യമാണ്.
ആഘോഷങ്ങളെക്കുറിച്ച് ആഴമേറിയ വിശകലനങ്ങള്‍ ഇന്ന് നടക്കുന്നുണ്ട്. തലമുറ തലമുറ കൈമാറി വരുന്ന ആഘോഷങ്ങളെക്കുറിച്ച വലിയ പുനരാലോചനകളാണത്. പല ആഘോഷങ്ങളുടെയും മിത്തും ചരിത്രവും ചികഞ്ഞെടുത്തു നോക്കിയാല്‍ തെളിഞ്ഞുവരുന്ന അതിലുള്ളടങ്ങിയ മനുഷ്യവിരുദ്ധതകളാണിപ്പോള്‍ വിമര്‍ശിക്കപ്പെടുന്നത്. ഒരു വിഭാഗത്തിന്റെ ജീവിതത്തിലേക്കും സംസ്കാരത്തിലേക്കും മറ്റൊരു കൂട്ടര്‍ തങ്ങളുടെ വിജയരഥം തെളിച്ചു കയറ്റിയതിന്റെ ആഹ്ളാദമാണ് പലപ്പോഴും ആഘോഷിക്കപ്പെടുന്നത് എന്നതാണ്ഉയര്‍ത്തപ്പെടുന്ന പ്രശ്നം. ആഘോഷത്തിന്റെ മിത്തിനും ചരിത്രത്തിനും സമകാലിക ജീവിതാനുഭവവുമായി സവിശേഷമായൊരു ബന്ധവുമില്ല എന്നതും ഉയര്‍ത്തപ്പെടുന്ന മറ്റൊരു പ്രശ്നമാണ്. 
എന്നാല്‍ അവനവന്റെ ജീവിതം കൊണ്ടാണ് വിശ്വാസി പെരുന്നാള്‍ ആഘോഷിക്കുന്നത്. തനിക്ക് ജീവിതത്തില്‍ പ്രത്യേകിച്ചൊരാത്മബന്ധവും മണക്കാത്ത ഒരു ചടങ്ങിനെ നിരന്തരം ആവര്‍ത്തിക്കുകയല്ല പെരുന്നാള്‍. തന്റെ ജീവിതത്തിലെ കട്ടപിടിച്ച തിന്മയുടെ മേല്‍ താന്‍ നേടിയ വിജയമാണവന്റെ ആഘോഷം. ഞാന്‍ കുറെ കൂടി നല്ല മനുഷ്യനായിരിക്കുന്നു എന്നാണ് പെരുന്നാളിലൂടെ ഒരാള്‍ സമൂഹത്തോട് പ്രഖ്യാപിക്കുന്നത്.
ആഘോഷങ്ങളില്‍ പൊതുവെ പരിധിവിടുന്ന ജഡികാനന്ദങ്ങള്‍ കാണാം. എന്നല്ല പല ആഘോഷങ്ങളും അതിനുവേണ്ടി പടക്കപ്പെടുന്നതുമാണ്. ചാക്രിക ജീവിതത്തിന്റെ വിരസതയെ അതിരുവിട്ട ജഡികാനന്ദത്തിലൂടെ മുറിച്ചുകടക്കുന്ന കുരുട്ടുവഴിയാണത്. പെരുന്നാളില്‍ ആത്മീയതയുടെ വിശുദ്ധി തുളുമ്പി നില്‍ക്കുന്നുണ്ട്. ജഡികാനന്ദങ്ങളെപോലും ആത്മീയതയുടെ വിശുദ്ധിയില്‍ എങ്ങനെ വിളക്കിച്ചേര്‍ക്കാം എന്നതാണ് പെരുന്നാള്‍. ഈദ്ഗാഹുകളിലേക്ക് നീങ്ങുന്ന വിശ്വാസിയെ ചൂണ്ടി അല്ലാഹു മലക്കുകളോട് ഇങ്ങനെ പറയുമത്രെ: 'എന്റെ മഹത്വത്തെയും പദവിയെയും അടിമകളുടെ പാപമോചനത്തിലുള്ള എന്റെ താല്‍പര്യത്തെയും മുന്‍ നിര്‍ത്തി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു: ഈ ഓരോ ദാസന്റെയും പ്രാര്‍ഥനക്ക് ഞാന്‍ ഉത്തരം നല്‍കും. പാപങ്ങളില്‍നിന്ന് ശുദ്ധീകരിക്കപ്പെട്ടുകൊണ്ടായിരിക്കും അവര്‍ സ്വഭവനങ്ങളിലേക്ക് തിരിച്ചു പോവുക.'
ആഘോഷങ്ങള്‍ ഓരോ സമൂഹത്തിന്റെയും സംസ്കാരത്തിലേക്ക് തുറക്കുന്ന കിളിവാതിലുകളാണെന്ന് പറയാറുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച സാംസ്കാരിക കരുതിവെപ്പായ ഖുര്‍ആനെ തന്നെയാണ് പെരുന്നാള്‍ ആഘോഷമാക്കുന്നത്. നാഗരികതയുടെ കോലവും മനുഷ്യന്റെ ചരിത്രവും ഏറ്റവും മികച്ച മൂശയില്‍ മാറ്റിവരച്ച ഗ്രന്ഥമാണത്. നാഗരികതകളുടെ എത്ര രോഗങ്ങളെയാണത് ശമിപ്പിച്ചത്. ആ ഗ്രന്ഥമുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെയാണ് പെരുന്നാള്‍ ആഘോഷമാക്കിത്തീര്‍ക്കുന്നത്.
"അല്ലയോ ജനങ്ങളേ, നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള ഉപദേശം വന്നെത്തിക്കഴിഞ്ഞു. അത് മനസ്സിലുള്ള രോഗങ്ങള്‍ക്ക് ശമനമാണ്. അത് സ്വീകരിക്കുന്നവര്‍ക്ക് വഴിവെളിച്ചവും അനുഗ്രഹവുമാകുന്നു. പ്രവാചകരേ പറയുക: അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ടാണ് അവന്‍ ഇതയച്ചു തന്നത്. അതിനെ ചൊല്ലി ജനങ്ങള്‍ സന്തോഷിക്കേണ്ടതാകുന്നു'' (യൂനുസ് 57,58).
സ്വാര്‍ഥത മനുഷ്യന്റെ ദൌര്‍ബല്യമാണ്. ഓരോരുത്തരും എത്ര വേഗമാണ് അവനവന്റെ ചെറിയ ലോകത്തിലേക്ക് എളുപ്പം കാല്‍കുഴഞ്ഞ് വീഴുന്നത്. ഇനിയും ആര്‍ത്തി ആറിയിട്ടില്ലാത്ത നീട്ടിപ്പിടിച്ച നാവുമായി അവന്‍ കിതച്ചോടിക്കൊണ്ടേയിരിക്കും.
"മുട്ടയും തേങ്ങയും റൊട്ടിയും വാങ്ങണം
വീടെത്തി വേഗം ലോകത്തെ
പുറത്തിട്ടടക്കണം''
(കെ.ജി.എസ്)
ഈ പാച്ചിലില്‍ അവന്‍ ആദ്യം ദൈവത്തെ മറക്കും. പിന്നെ സഹമനുഷ്യനെ മാത്രമല്ല, അവനവനെ തന്നെ മറന്നു പോകും. കെട്ട സ്വാര്‍ഥതയില്‍നിന്ന് മനുഷ്യനെ മോചിപ്പിച്ചെടുത്ത് സുഗന്ധമുള്ള സാമൂഹിക ബന്ധത്തിന്റെ പാഠങ്ങളാണ് പെരുന്നാള്‍ പഠിപ്പിക്കുന്നത്.
മതം പല അര്‍ഥത്തിലും മനുഷ്യനെ പരസ്പരം അകറ്റാന്‍ നിമിത്തമാകുന്നുവെന്നൊരു പഴി നമുക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ശരിയേക്കാളേറെ സ്വാര്‍ഥ താല്‍പര്യമാണ് ഈ ആരോപണത്തിന്റെ കാതല്‍. എങ്കിലും അതില്‍ ചില്ലറ ശരികളുമുണ്ട്. യഥാര്‍ഥത്തില്‍ മതത്തിന്റെ കുഴപ്പമല്ല അത,് മതത്തെ കുഴപ്പമാക്കിയവരുടെ വേലയാണത്. അവര്‍ മതത്തിന്റെ ശത്രുക്കളുമാണ്. അടുപ്പത്തേക്കാള്‍ അകലങ്ങള്‍ക്ക് ഊന്നല്‍ നല്‍കുകയാണവര്‍. അത്യുദാരതയില്‍ വിടര്‍ന്ന മാനുഷിക ബന്ധങ്ങളില്‍നിന്ന് മതത്തെ എങ്ങനെ വിടര്‍ത്തിയെടുക്കാം എന്നാണവര്‍ നിരന്തരം ആലോചിച്ചു കൊണ്ടിരിക്കുന്നത്.
മനുഷ്യനെ മനുഷ്യനിലേക്ക് നിരന്തരം ചേര്‍ത്തു നിര്‍ത്തുന്നതാണ് ഇസ്ലാമിന്റെ ഓരോ ചുവടും. ദൈവബോധത്തില്‍ കുളിച്ചും മനുഷ്യരോട് ചേര്‍ന്നുനിന്നും എങ്ങനെ അത്യുത്സാഹത്തോടെ ജീവിക്കാമെന്നതാണ് ഇസ്ലാമിന്റെ ജീവിതം. ഈ ആത്മീയാനുഭവത്തിന്റെ പ്രൌഢോജ്വല പ്രഖ്യാപനവും തിമിര്‍ക്കുന്ന ആഘോഷവുമാണ് പെരുന്നാള്‍.
അല്ലാഹു അക്ബര്‍

അഭിപ്രായങ്ങളൊന്നുമില്ല: