2013, ഓഗസ്റ്റ് 14, ബുധനാഴ്‌ച

       ഈമാനിന്റെയും ഇബാദത്തിന്റെയും   തൊട്ടടുത്താണ് കുടുബ സംരക്ഷണത്തിന്റെ സ്ഥാനം                  
 
മനുഷ്യന്‍ മനുഷ്യനായിരിക്കാനും അവന്റെ കഴിവുകളും യോഗ്യതകളും വികസിക്കാനും സാംസ്‌കാരികമായും നാഗരികമായും വളരാനുമുള്ള അടിസ്ഥാനോപാധിയായതുകൊണ്ടാണ് ഖുര്‍ആന്‍ കുടുംബവ്യവസ്ഥക്ക് വര്‍ധിച്ച പ്രാധാന്യം നല്‍കിയത്. അല്ലാഹു മനുഷ്യനരുളിയ മഹത്തായൊരു അനുഗ്രഹമാണ് മറ്റു ജീവികള്‍ക്കൊന്നുമില്ലാത്ത ഭദ്രമായ കുടുംബബന്ധം. രാവും പകലും ഉറക്കവും ഉണര്‍വും കാറ്റും മഴയുമൊക്കെ മനുഷ്യന്റെ നിലനില്‍പിന് എന്തുമാത്രം അമൂല്യമായ അനുഗ്രഹങ്ങളാണോ അതുപോലെ അമൂല്യമായ ദൈവാനുഗ്രഹമായിട്ടാണ് കുടുംബബന്ധത്തെയും ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്. സൗരഗതി, നിഴല്‍, നിദ്ര, ഉണര്‍വ്, കാറ്റ്, മഴ തുടങ്ങിയ അനുഗ്രഹങ്ങള്‍ ചൂണ്ടിക്കാണിച്ച കൂട്ടത്തില്‍ ഖുര്‍ആന്‍ പറയുന്നു: ''അവന്‍ (അല്ലാഹു) തന്നെയാകുന്നു ജലത്തില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ചതും, എന്നിട്ടവന് രക്തബന്ധവും വിവാഹബന്ധവും നിശ്ചയിച്ചുകൊടുത്തതും. നിന്റെ നാഥന്‍ എല്ലാ കാര്യങ്ങളും സൂക്ഷ്മമായി സംവിധാനിക്കാന്‍ കഴിവുള്ളവനാകുന്നു'' (25:54).
 
ദൈവനിര്‍ദിഷ്ടമായ ഈ ബന്ധം ശിഥിലമാക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്‍ സ്വന്തം പ്രകൃതിയെ തന്നെ വെല്ലുവിളിക്കുകയാണ്. ഈ വെല്ലുവിളിയുടെ അനന്തരഫലം ഖുര്‍ആന്‍ അടിക്കടി താക്കീതു ചെയ്തിട്ടുള്ള ഫസാദുന്‍ ഫില്‍ അര്‍ദ് - ഭൂമിയില്‍ നാശം അല്ലാതെ മറ്റൊന്നുമല്ല. കുടുംബബന്ധം കച്ചവടബന്ധം പോലെയല്ല. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഊടും പാവും കൊണ്ടാണ് അല്ലാഹു അത് നെയ്ത് തന്നിരിക്കുന്നത്. ആത്മീയമായ ഒരു പ്രഭാവമുണ്ടതിന്. സ്‌നേഹ കാരുണ്യങ്ങളോടൊപ്പം പരസ്പരമുള്ള കരുതല്‍, ആദരവ്, ഉത്തരവാദിത്വബോധം തുടങ്ങിയ വികാരങ്ങളും അതിന്റെ ഘടകങ്ങളാണ്. ഒരുവന്റെ കുടുംബം അവന്റെ ബൃഹദ് രൂപമാണ്. കുടുംബത്തിന്റെ സുഖദുഃഖങ്ങള്‍ സ്വന്തം സുഖദുഃഖങ്ങളാണ്. കുടുംബബന്ധങ്ങളുടെ ദൈവദത്തമായ വൈകാരിക ഭാവം ചോര്‍ന്നുപോകുമ്പോഴാണ് പിതാവ് പുത്രന്റെയും പുത്രന്‍ പിതാവിന്റെയും കൊലയാളികളാകുന്നതും മകളുടെയും സഹോദരിയുടെയും മാനം കവരുന്നതും.
 
വ്യക്തിക്ക് സ്രഷ്ടാവായ ദൈവത്തോടുള്ള കടപ്പാടിനു ശേഷം ഏറ്റവുമധികം കടപ്പാടുള്ളത് അവനെ ജനിപ്പിച്ചു വളര്‍ത്തിയ മാതാപിതാക്കളോടാണ്. അതുകൊണ്ടാണ് ഖുര്‍ആന്‍ മനുഷ്യനോട് അല്ലാഹുവിനെ ആരാധിക്കാന്‍ കല്‍പിക്കുന്നതോടൊപ്പം മാതാപിതാക്കളെ സേവിക്കാനും കല്‍പിക്കുന്നത്. അല്ലാഹുവിനോടും മാതാപിതാക്കളോടുമുള്ള കടമകള്‍ക്കു ശേഷമേ മറ്റു കടമകള്‍ക്ക് സ്ഥാനമുള്ളൂ. സന്ദിഗ്ധഘട്ടത്തില്‍ നിരാലംബരായ മാതാപിതാക്കളെ തനിച്ചാക്കി ജിഹാദിനു പോകാന്‍ അനുമതി തേടിയ സ്വഹാബിവര്യന്മാരെ നബി(സ) അതിനനുവദിക്കാതെ മാതാപിതാക്കളെ ശുശ്രൂഷിച്ച് കഴിയാനുപദേശിച്ച് തിരിച്ചയക്കുകയായിരുന്നു. അതുതന്നെയാണ് അവരുടെ 'ജിഹാദ്' എന്നാണ് തിരുമേനി അവരോട് പറഞ്ഞത്. മാതാപിതാക്കള്‍ക്കു ശേഷം ഉറ്റവരായ മറ്റു ബന്ധുക്കളോടും വ്യക്തിക്ക് കടപ്പാടുണ്ട്. അതും നിറവേറ്റണമെന്ന് അല്ലാഹു കല്‍പിച്ചിരിക്കുന്നു. ''ഉറ്റ ബന്ധുവിന് അവന്റെ അവകാശം നല്‍കുക'' (17:26). ''ഉറ്റവരെ സഹായിക്കാനുള്ള വിഭവശേഷിയില്ലെങ്കില്‍ സൗമ്യഭാഷണങ്ങളിലൂടെ അവരുടെ പ്രയാസത്തില്‍ പങ്കാളിയാകണം'' (17:28). ഉറ്റവര്‍ക്കു ശേഷം അനാഥരുടെയും അഗതികളുടെയും അഭയാര്‍ഥികളുടെയും ഊഴം വരുന്നു. ''നിങ്ങള്‍ ചെലവഴിക്കുന്ന ഏതു നന്മയുടെയും പ്രഥമാവകാശികള്‍ മാതാപിതാക്കളും ഉറ്റ ബന്ധുക്കളുമാകുന്നു. പിന്നെ അനാഥരും അഗതികളും സഞ്ചാരികളും'' (2:215).
 
കുടുംബബന്ധം നിലനിര്‍ത്തുകയും അംഗങ്ങളുടെ അവകാശങ്ങള്‍ നല്‍കുകയും ചെയ്യാതെ മറ്റു ഇബാദത്തുകള്‍ കൊണ്ട് സ്വര്‍ഗം പൂകാമെന്ന് ആരും വ്യാമോഹിക്കേണ്ട. നബി(സ) പ്രസ്താവിച്ചതായി ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നു: ''കുടുംബ ഛേദകന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതല്ല.'' ആരാധനാനുഷ്ഠാനങ്ങളും സല്‍ക്കര്‍മങ്ങളും പരലോകത്ത് സ്വീകാര്യയോഗ്യമാകാനുള്ള ഉപാധിയാണ് മെച്ചപ്പെട്ട കുടുംബജീവിതം. പ്രവാചകന്‍ പറഞ്ഞതായി ഇമാം അഹ്മദ് ഉദ്ധരിക്കുന്നു. ''മനുഷ്യ മക്കളുടെ കര്‍മങ്ങള്‍ വ്യാഴാഴ്ചതോറും സമര്‍പ്പിക്കപ്പെടുന്നു. എന്നാല്‍, കുടുംബ ഛേദകന്റെ കര്‍മം സ്വീകരിക്കപ്പെടുന്നതല്ല.'' കുടുംബ ഛേദനം ഇഹത്തിലും പരത്തിലും കൊടിയ ശിക്ഷയര്‍ഹിക്കുന്ന കുറ്റമാണെന്നത്രെ അബൂദാവൂദ് ഉദ്ധരിച്ച ഒരു നബിവചനം പറയുന്നത്: ''വ്യഭിചാരവും കുടുംബ ഛേദനവും പോലെ, പരലോകത്തേക്ക് സൂക്ഷിച്ചുവെച്ച ശിക്ഷക്ക് പുറമെ, ഈ ലോകത്ത് തന്നെ കുറ്റവാളിയെ ശിക്ഷിക്കുന്നതിന് അല്ലാഹു ധൃതിപ്പെടാനര്‍ഹമാകുന്ന കുറ്റം വേറെ യാതൊന്നുമില്ല.''

ഈമാനും കുടുംബ ജീവിതവും


ആധുനിക ലോകം നേരിടുന്ന ഗുരുതരമായ വിപത്തുകളിലൊന്നാണ് കുടുംബത്തകര്‍ച്ച. ഈ വിപത്ത് അര്‍ഹിക്കുന്ന ഗൗരവത്തോടെ തിരിച്ചറിയപ്പെടുന്നില്ല എന്നത് മറ്റൊരു ദുരന്തമാണ്. കുടുംബം അനാവശ്യമാണെന്നും വ്യക്തിത്വ വികസനത്തിനും സ്വതന്ത്ര ജീവിതത്തിനും വിഘാതമാണെന്നും വരെയുള്ള ദര്‍ശനങ്ങളാണ് പ്രചരിച്ചുവരുന്നത്. ഇതു സംബന്ധിച്ച താര്‍ക്കികമായ ചര്‍ച്ചയിലേക്ക് കടക്കുന്നില്ല. ഒരു സത്യം മാത്രം ഓര്‍മിപ്പിക്കട്ടെ. ഇത്തരം ദര്‍ശനങ്ങളുടെ വക്താക്കളും കുടുംബത്തില്‍ ജനിച്ച് കുടുംബപരമായ ആനുകൂല്യങ്ങളനുഭവിച്ച് വളര്‍ന്നവരാണ്. ജനിച്ച ഉടനെ മാതാപിതാക്കള്‍ അവരെ ഉപേക്ഷിച്ച് സ്വന്തം സ്വാതന്ത്ര്യവും വ്യക്തിത്വ വികസനവും തേടി പോയിരുന്നുവെങ്കില്‍ ഇന്നിതു പറയാന്‍ അവരുണ്ടാകുമായിരുന്നില്ല.

 
കുടുംബത്തിനകത്തു മാത്രം ഒതുങ്ങുന്ന പ്രശ്‌നമല്ല കുടുംബത്തകര്‍ച്ച. സമൂഹത്തിന്റെ അടിസ്ഥാന യൂനിറ്റാണ് കുടുംബം. വ്യക്തികള്‍ സ്‌നേഹം, സഹാനുഭൂതി, സഹകരണം, ധര്‍മം, സദാചാരം, വ്യവഹാരിക മര്യാദകള്‍ തുടങ്ങിയ മാനവിക ഗുണങ്ങളെല്ലാം മൗലികമായി ഉള്‍ക്കൊള്ളുന്നത് കുടുംബത്തില്‍ നിന്നാണ്. നല്ല വ്യക്തികള്‍ നല്ല കുടുംബത്തെയും നല്ല കുടുംബം നല്ല വ്യക്തികളെയും സൃഷ്ടിക്കുന്നു. നല്ല വ്യക്തികള്‍ ഉള്‍ക്കൊള്ളുന്ന കുടുംബങ്ങള്‍ നല്ല സമൂഹത്തെയും നല്ല സമൂഹങ്ങള്‍ നല്ല ലോകത്തെയും സൃഷ്ടിക്കുന്നു. കുടുംബം വികൃതമായാല്‍ വ്യക്തിയും സമുദായവും ലോകവും വികൃതമാകും. അങ്ങനെ വികൃതമായ ലോകത്താണ് നാമിപ്പോള്‍ ജീവിക്കുന്നത്. യൂറോപ്പിലേക്കും അമേരിക്കയിലേക്കുമൊന്നും പോകേണ്ട. ദൈവത്തിന്റെ സ്വന്തം നാടായ കൊച്ചുകേരളത്തില്‍ തന്നെ വികൃത ജീവിതത്തിന്റെ ഭീകര സാക്ഷ്യങ്ങള്‍ വേണ്ടതിലേറെയുണ്ട്. പെരുകിവരുന്ന കുടുംബ കലഹങ്ങള്‍, വിവാഹമോചനങ്ങള്‍, പരസ്പരം ഹിംസിക്കുന്ന ഭാര്യാ ഭര്‍ത്താക്കള്‍. മക്കള്‍ക്ക് എളുപ്പത്തില്‍ കൊന്ന് ശല്യം ഒഴിവാക്കാവുന്നവരാവുകയാണ് മാതാപിതാക്കള്‍. ജന്മം നല്‍കിയവര്‍ കാലനായി മാറുന്നതോര്‍ത്ത് വീട്ടില്‍ കയറാന്‍ ഭയപ്പെടുന്ന മക്കള്‍. മക്കളെ പേടിച്ച് അയല്‍വീട്ടില്‍ അന്തിയുറങ്ങേണ്ടിവരുന്ന അഛനമ്മമാര്‍. ഭാര്യയെയും പൊന്നിന്‍ കുടങ്ങള്‍ പോലുള്ള പിഞ്ചുമക്കളെയും ഒരു കൂസലുമില്ലാതെ അടിക്കാടെന്നോണം കൂട്ടത്തോടെ കൊണ്ടുപോയി ആറ്റിലെറിഞ്ഞുകളയുന്ന യുവാക്കള്‍. കൂടുമ്പോള്‍ ഇമ്പമാകേണ്ട കുടുംബം ഹിംസയുടെയും ഭയത്തിന്റെയും കൂടാരമാവുകയാണോ?
 
കുടുംബശൈഥില്യത്തിനെതിരെ വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന താക്കീതുകളുടെ പൊരുളും പ്രസക്തിയും അനായാസം മനസ്സിലാക്കിത്തരുന്നതാണ് നവലോകത്തിന്റെ അവസ്ഥാ വിശേഷം. ഒന്നിനൊന്ന് വര്‍ധിച്ച ഗൗരവത്തോടെ മൂന്നിടത്ത് ആവര്‍ത്തിക്കുന്ന കുടുംബപരമായ ഖുര്‍ആനിക താക്കീതുകള്‍ ഇങ്ങനെ വായിക്കാം: ''അല്ലാഹുവുമായുള്ള കരാര്‍ ഉറപ്പിച്ച ശേഷം ലംഘിക്കുകയും അവന്‍ ചേര്‍ക്കാന്‍ കല്‍പിച്ച ബന്ധങ്ങള്‍ ഛേദിക്കുകയും ഭൂമിയില്‍ നാശം പരത്തുകയും ചെയ്യുന്നവര്‍ ജീവിതം നഷ്ടപ്പെട്ടവര്‍ തന്നെയാകുന്നു'' (2:27). ''അല്ലാഹുവുമായുള്ള കരാര്‍ ഉറപ്പിച്ച ശേഷം ലംഘിക്കുകയും അവന്‍ ചേര്‍ക്കാന്‍ കല്‍പിച്ച ബന്ധങ്ങള്‍ ഛേദിക്കുകയും ഭൂമിയില്‍ നാശം പരത്തുകയും ചെയ്യുന്നവര്‍ക്ക് ദൈവശാപം. ദുഷ്ടമായ ഭവനവും അവര്‍ക്കുള്ളതാകുന്നു'' (13:25). ''അല്ലാഹുവുമായുള്ള കരാര്‍ സത്യസന്ധമായി പാലിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് ഗുണകരം തന്നെയാകുമായിരുന്നു. അതില്‍ നിന്ന് പിന്തിരിയുകയാണെങ്കില്‍ പിന്നെ ഭൂമിയില്‍ നാശമുണ്ടാക്കുകയും കുടുംബബന്ധങ്ങള്‍ പൊട്ടിച്ചെറിയുകയുമല്ലാതെ മറ്റെന്താണ് നിങ്ങളില്‍നിന്ന് പ്രതീക്ഷിക്കാനുള്ളത്? അവര്‍ അല്ലാഹുവിന്റെ ശാപത്തിനിരയായവര്‍, അവന്‍ ബധിരരും അന്ധരുമാക്കിയവരും'' (47:21-23).
 
ഈ സൂക്തങ്ങളില്‍ സൂചിപ്പിക്കുന്ന കരാര്‍ അല്ലാഹുവിലും അവന്റെ പ്രവാചകന്മാരിലും വിശ്വസിക്കുകയും അവര്‍ നല്‍കുന്ന ജീവിത നിയമങ്ങള്‍ അനുസരിക്കുകയും ചെയ്തുകൊള്ളാമെന്ന് മനുഷ്യന്‍ അല്ലാഹുവിനോട് ചെയ്തിട്ടുള്ള പ്രതിജ്ഞയാണ്. സത്യനിഷേധം, ദൈവധിക്കാരം, ബഹുദൈവാരാധന തുടങ്ങിയ വാക്കുകള്‍ ഈ പ്രതിജ്ഞാ ലംഘനത്തിന്റെ മറ്റു ഭാഷ്യങ്ങളാണ്. കുടുംബ വിഛേദനത്തെ സത്യ നിഷേധത്തോട്-കുഫ്‌റിനോട്- ചേര്‍ത്തു പറഞ്ഞതില്‍ നിന്നുതന്നെ അതിന്റെ ഗൗരവം സ്പഷ്ടമാകുന്നു. അല്ലാഹു ചേര്‍ക്കാന്‍ കല്‍പിച്ച ബന്ധങ്ങളില്‍ എല്ലാ മാനുഷിക ബന്ധങ്ങളും ഉള്‍പ്പെടുന്നുവെങ്കിലും പ്രഥമവും പ്രധാനവുമായിട്ടുള്ളത് കുടുംബബന്ധമാണ്. 47:22-ാം വാക്യം 'കുടുംബബന്ധങ്ങള്‍ പൊട്ടിച്ചെറിയുക' എന്ന് അക്കാര്യം സ്പഷ്ടമായി പറഞ്ഞിട്ടുമുണ്ട്. കുടുംബബന്ധങ്ങളില്‍ നിന്നാണല്ലോ സാമൂഹിക ബന്ധങ്ങള്‍ വളര്‍ന്ന് പുഷ്ടിപ്പെടേണ്ടത്. 'അല്ലാഹു ചേര്‍ക്കാന്‍ കല്‍പിച്ച' എന്ന വാക്ക് കുടുംബ-സാമൂഹിക ബന്ധങ്ങളുടെ സംരക്ഷണത്തെ വീണ്ടും ഊന്നിപ്പറയുകയാണ്. അതൊരു ഐഛിക ധര്‍മമല്ല; മറിച്ച് അല്ലാഹു കല്‍പിച്ച നിര്‍ബന്ധ ബാധ്യതയാകുന്നു. കുടുംബത്തകര്‍ച്ചയുടെ അനിവാര്യ ഫലമായിട്ടാണ് മൂന്ന് സൂക്തങ്ങളും ഭൂമിയില്‍ നാശം പരക്കുന്നതിനെ പരാമര്‍ശിച്ചിരിക്കുന്നത്. ഈ നാശം അതിന്റെ എല്ലാ രൗദ്രതയോടും കൂടി ആരംഭിച്ചു കഴിഞ്ഞതിന്റെ വ്യക്തമായ ദൃഷ്ടാന്തങ്ങളാണ് ദിനേന നമ്മുടെ മുന്നില്‍ പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്. കുടുംബ വിഛേദം മൂലം ഈ ലോകത്ത് മാത്രമല്ല ജീവിതം നഷ്ടപ്പെടുന്നത്. പരലോകത്തും അവരുടെ ജീവിതം നഷ്ടകരമാകുന്നു. അല്ലാഹുവിന്റെ ശാപത്തിനിരയാവുക എന്നാല്‍ അവന്റെ അനുഗ്രഹത്തില്‍ നിന്നും കാരുണ്യത്തില്‍നിന്നും പൂര്‍ണമായി പുറംതള്ളപ്പെടുകയാണ്. മനുഷ്യരില്‍ ഹിംസ വാസനയും ഭീതിയും ഉത്കണ്ഠയും നിറയുമ്പോള്‍ ഈ ലോകമാകെ ദുഷ്ട ഭവനമാകുന്നു. ആളിക്കത്തുന്ന നിത്യ നരകമാണ് പരലോകത്തെ ദുഷ്ടഭവനം.
 
ഈമാനിന്റെയും ഇബാദത്തിന്റെയും തൊട്ടടുത്താണ് കുടുബ സംരക്ഷണത്തിന്റെ സ്ഥാനം. അല്ലാഹുവിനുള്ള ഇബാദത്തിന്റെ ഭാഗമെന്നോണം മാതാപിതാക്കള്‍ക്കുള്ള ശുശ്രൂഷയെ പരാമര്‍ശിക്കുന്ന നിരവധി ഖുര്‍ആന്‍ സൂക്തങ്ങളുണ്ട്. കുടുംബ-സാമൂഹിക ബന്ധങ്ങളുടെ തായ്‌വേരാണ് മാതൃ-പിതൃ-പുത്ര ബന്ധം. സത്യനിഷേധത്തിന്റെയും ദൈവനിന്ദയുടെയും താല്‍പര്യമാണ് കുടുംബ വിഛേദനം. നമ്മുടെ കുടുംബബന്ധങ്ങള്‍ ശിഥിലമാണെങ്കില്‍, സാമൂഹിക ബന്ധങ്ങള്‍ കലുഷമാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നമ്മുടെ ഈമാനിന്റെ ദൗര്‍ബല്യത്തെയാണ്. ഈമാനിന്റെ ദൗര്‍ബല്യം മാനുഷിക ബന്ധങ്ങളെ ദുര്‍ബലമാക്കുന്നു. മാനുഷിക ബന്ധങ്ങളുടെ ദൗര്‍ബല്യം വ്യാപകമായ നാശം വിതക്കുന്നു. ഭൗതിക ജീവിതത്തില്‍ മാത്രമല്ല, പാരത്രിക ജീവിതത്തിലും.

അഭിപ്രായങ്ങളൊന്നുമില്ല: