2012, സെപ്റ്റംബർ 3, തിങ്കളാഴ്‌ച

അംഗമാവുക ...

ആരുപറഞ്ഞു ചെറുപ്പക്കാര്‍  ഒന്നിനും കൊള്ളില്ലെന്ന്?!
യുവാക്കള്‍  ഇപ്പോഴും ജീവിച്ചിരിക്കുന്നതിന്റെ 
തെളിവാണ് സോളിഡാരിറ്റി





സോളിഡാരിറ്റിയെക്കുറിച്ച് താങ്കള്‍  എന്തെങ്കിലുമൊക്കെ കേട്ടിരിക്കും. പത്ത് വർഷങ്ങൾക്ക് മുമ്പ് കേരളത്തില്‍  രൂപീകൃതമായ ഒരു യുവജനസംഘടനയാണത്. കുറഞ്ഞകാലം കൊണ്ട് മലയാളി ജീവിതത്തിലെ സജീവ സാന്നിധ്യമായി അത് മാറിക്കഴിഞ്ഞു. അതിനെ സ്‌നേഹിക്കുന്നവരും വെറുക്കുന്നവരുമുണ്ട്; വെറുപ്പിക്കാന്‍  ശ്രമിക്കുന്നവരുമുണ്ട്. അനുകൂലിക്കുന്നവരും എതിര്‍ ക്കുന്നവരുമുണ്ട്. പക്ഷേ, ആര്‍ക്കും അവഗണിക്കാന്‍ കഴിയാത്തവിധം നമ്മുടെ ജീവിതങ്ങള്‍ക്കു മേല്‍  സോളിഡാരിറ്റിയുടെ സ്പര്‍ശമുണ്ട്. താങ്കളും അത് അറിയുന്നുണ്ടാവും.
യുവാക്കളുടെ കര്‍മ്മശേഷിയെ മസ്സിലാക്കാനും അതിനെ ശരിയായ രീതിയില്‍  വഴിതിരിച്ചുവിടാനും ശ്രമിക്കുകയായിരുന്നു സോളിഡാരിറ്റി. നമ്മുടെ ചെറുപ്പക്കാര്‍  ആകെ നശിച്ചുപോയിരിക്കുന്നു, അവര്‍  ആകെ അധര്‍ മ്മകാരികളാണ്, അവരെക്കൊണ്ട് ഒന്നിനുംപറ്റില്ല, അരാഷ്ട്രീയവാദികളാണ്, ഇന്നത്തെ ചെറുപ്പക്കാര്‍  മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ടുപോയിരിക്കുന്നു.... എന്നു തുടങ്ങി ചെറുപ്പക്കാര്‍ ക്കെതിരെ ഒട്ടുവളരെ പരാതികള്‍  നമ്മുടെ സമൂഹത്തിലുയരാറുണ്ട്. ഹൊ, പണ്ടത്തെ യുവാക്കള്‍  എത്ര നല്ലവരായിരുന്നു, ഇന്നോ, എന്ന മട്ടിലാണ് അവരെപ്പോഴും ആശ്ചര്യാരോപണം ഉയര്‍ത്താറുള്ളത്.
ചെറുപ്പക്കാരെക്കുറിച്ച ഈ നിരാശ സോളിഡാരിറ്റിക്കില്ല. യുവാക്കളെ നിരാശപ്പെടുത്തുകയും അവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നതിനോടും സോളിഡാരിറ്റിക്ക് യോജിപ്പില്ല. ചെറുപ്പക്കാരെ കുറ്റപ്പെടുത്തി കാലം കഴിക്കുകയല്ല, അവര്‍ക്ക് ദിശ നല്‍ കുകയാണ് വേണ്ടതെന്ന് സോളിഡാരിറ്റി ആദ്യമേ തീരുമാനിച്ചു.
അതിന് ആദ്യമായി എന്തു വേണം? യുവാക്കളെ സംഘടിപ്പിക്കണം. ധാര്‍മ്മികതയും ആധ്യാത്മികതയും രാഷ്ട്രീയവും സംഗീതം പോലെ സമന്വയിച്ച ഒരു ആശയപ്രതലത്തിലാണ് സോളിഡാരിറ്റി യുവാക്കളെ സംഘടിപ്പിച്ചത്. അത് അവര്‍ക്ക് ധാര്‍മ്മികമായ ബലം നല്‍കി. ആത്മീയമായ തണല്‍  നല്‍കി. തീക്ഷ്ണമായ രാഷ്ട്രീയ ബോധവും പകര്‍ന്നു നല്‍കി. ഇവ സമ്മേളിച്ച യുവസുഹൃത്തുക്കളാണ് സോളിഡാരിറ്റിയുടെ കേഡര്‍ , അവരാണ് അതിന്റെ കരുത്ത്.
യുവാക്കളുടെ ഈ നിരയെ സമൂഹത്തിന് മുമ്പില്‍  സമര്‍ പ്പിക്കുകയായിരുന്നു സോളിഡാരിറ്റി. കേരളത്തിന്റെ തെരുവുകളും ഗ്രാമങ്ങളും ഈ യുവാക്കളുടെ ഇടപെടല്‍  ശേഷിയുടെ ചൂടറിഞ്ഞു. കേരളത്തിന്റെ പ്രസരിപ്പുള്ള പ്രതിപക്ഷം എന്ന നിലയിലേക്ക് സംഘടന മാറുകയായിരുന്നു. സമരം, അരുതായ്മകൾക്കെതിരായ നിലക്കാത്ത സമരം; അതായിരുന്നു കഴിഞ്ഞ പത്ത് വര്‍ഷക്കാലം ഈ പ്രസ്ഥാനം. ആര്‍ക്കും കേള്‍ക്കാന്‍  കഴിയാത്ത ശബ്ദങ്ങള്‍  കേള്‍ക്കാന്‍ , കാണാന്‍  കഴിയാത്ത കാഴ്ചകള്‍  കാണാന്‍ , ആര്‍ക്കും ഉച്ചരിക്കാന്‍  ധൈര്യമില്ലാത്ത വാക്കുകള്‍   ഉച്ചരിക്കാന്‍  ഈ സംഘടന ഉണര്‍ന്നിരുന്നു.
തങ്ങളുടേതല്ലാത്ത സര്‍ക്കാര്‍  അധികാരത്തിലിരിക്കുമ്പോള്‍  സമരം ചെയ്യുകയെന്ന പരമ്പരാഗത രാഷ്ട്രീയ യുവജന സംഘടനകളുടെ ചടങ്ങ് ഏര്‍പ്പാടായിരുന്നില്ല സോളിഡാരിറ്റിയുടെ സമരങ്ങള്‍ . യഥാര്‍ഥമായ പ്രശ്‌നങ്ങള്‍  കണ്ടെത്തി അവ സമൂഹത്തിന് മുന്നില്‍  സമര്‍ പ്പിക്കുകയായിരുന്നു അത്. പ്ലാച്ചിമട മുതല്‍  എന്‍ ഡോസൾഫാന്‍  വരെ സോളിഡാരിറ്റി പിന്തുണച്ച് ഉയര്‍ ത്തിക്കൊണ്ടു വന്ന എല്ലാ ജനകീയ സമരങ്ങളും പിന്നീട് കേരളീയ പൊതുസമൂഹം മൊത്തത്തില്‍  ഏറ്റെടുക്കുന്ന കാഴ്ചക്കാണ്് നാം സാക്ഷിയായത്.
മുതലാളിത്തവും സാമ്രാജ്യത്വവും ദംഷ്ട്രകള്‍  ആഴ്ത്തുന്നത് മണ്ണിന്റെ മൃദുലതയിലാണെന്ന തിരിച്ചറിവ് സോളിഡാരിറ്റിക്കുണ്ടായിരുന്നു. കുരുമുളകിനു വേണ്ടി കപ്പല്‍  കയറിയവര്‍  ഇപ്പോള്‍  വെള്ളത്തിനു വേണ്ടി പോര്‍ വിമാനങ്ങളേറുകയാണ്. മണ്ണ് പോരാട്ടത്തിന്റെ പ്രമേയമാണെന്ന തിരിച്ചറിവാണ് സോളിഡാരിറ്റിയെ എന്നും സമരഭരിതമാക്കിയത്. കുത്തകകളുടെ വെള്ളമൂറ്റിനെതിരെ മുതല്‍  അനധികൃത ഖനനങ്ങള്‍ ക്കെതിരെ വരെ അത് ചെറുപ്പക്കാരെ പ്രതിരോധത്തിന്റെ മതിലുകളായ് അണിനിരത്തി. പ്രകൃതികൊള്ളക്കാരുടെ നാവില്‍  വെള്ളമൂറിയ എത്രയോ പദ്ധതികള്‍  ഈ സമര യൗവനത്തിന്റെ പ്രതിരോധത്തിനു മുന്നില്‍  മണ്ണടിഞ്ഞുപോയി. നമുക്കഭിമാനമുണ്ട്. കേരളത്തിന്റെ സമര യൗവനം ഇപ്പോഴും തെരുവില്‍  തന്നെയുണ്ട്. പണത്തിലും കേവലാധികാരത്തിലും കണ്ണുനട്ടുള്ള സമര പ്രഹസനങ്ങള്‍  കൊണ്ട് അശ്ലീലമാക്കപ്പെട്ട തെരുവില്‍  സത്യസന്ധതയുടെ കൊടി ഉയര്‍ത്തി സോളിഡാരിറ്റി ധാര്‍ മികതയോടെ നിലയുറപ്പിക്കുന്നുണ്ട്.
മനുഷ്യര്‍ക്ക് ദൈവം നല്‍ കിയ അവകാശങ്ങള്‍ക്ക് നമ്മുടെ ഭരണകൂടങ്ങള്‍  വിലങ്ങുവെച്ചപ്പോള്‍  ഭയന്ന് വിറങ്ങലിച്ച് നിശബ്ദരായിരിക്കാന്‍  സോളിഡാരിറ്റിക്കാവുമായിരുന്നില്ല. പൗരാവകാശങ്ങളെ ജാമ്യം കിട്ടാത്ത വിചാരണത്തടവിലാക്കുന്നത് കരിനിയമങ്ങളാണ്. ജനാധിപത്യവിരുദ്ധ നിയമങ്ങള്‍ ക്കെതിരായ ജനാധിപത്യ സമരങ്ങള്‍ ക്ക് സോളിഡാരിറ്റി യൗവനത്തെ നേര്‍ച്ച ചെയ്തു. അവരാ സമരങ്ങളുടെ മുന്നണിപ്പടയായി. ജനവിരുദ്ധ വികസനത്തെ എതിര്‍ക്കുന്നവര്‍ക്ക് രാജ്യദ്രോഹത്തിന്റെ സമന്‍ സുകള്‍  കിട്ടി. അമേരിക്കക്കും ഇസ്രായേലിനും പാദസേവ ചെയ്യുന്ന നമ്മുടെ ഭരണ കൂടങ്ങള്‍  ഇസ്‌ലാമോഫോബിയയുടെ നടത്തിപ്പേജന്‍ സിയായി. അടിയന്തിരാവസ്ഥ നിശ്ശബ്ദമായി, അര്‍ദ്ധ രാത്രിയിലല്ല, പട്ടാപകല്‍  തിരിച്ചുവരുന്നത് സോളിഡാരിറ്റി തിരിച്ചറിഞ്ഞു. ജനാധിപത്യം കശാപ്പു ചെയ്യപ്പെട്ടാല്‍  ഇരയാവുക സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളാണ്. ശരിയായ നിയമവാഴ്ച ദുര്‍ബലരുടെ ആവശ്യമാണ്. തുറുങ്കിലടക്കപ്പെടുന്ന മനുഷ്യാവകാശങ്ങളുടെ വിമോചനപോരാട്ടം വളരെ പ്രധാനമായ സംഘടനാ ദൗത്യമായി സോളിഡാരിറ്റി ഏറ്റെടുത്തിരിക്കുന്നു.
ഉള്ളതും ഇല്ലാത്തതുമായ എല്ലാ ബോംബിന്റെ പിന്നിലും മുസ്‌ലിമിന്റെ പേര് തെരയുന്നത് സാമ്രാജ്യത്വം സൃഷ്ടിച്ച മനോരോഗമാണ്. ആഗോളവല്‍ക്കരണത്തോടൊപ്പം കടന്നുവന്ന ഈ മതിഭ്രമത്തെ സാമ്രാജ്യത്വ വിരുദ്ധ സമരങ്ങള്‍  കൊണ്ട് ചികില്‍ സിക്കേണ്ടതുണ്ട്. വര്‍ഗീയത സാമ്രാജ്യത്വത്തിന്റെ അരുമ സന്താനമാണ്. ഏതുനിറം വര്‍ഗീയതയും ആത്യന്തികമായി സാമ്രാജ്യത്വ താല്‍പര്യങ്ങളെ മാത്രമേ സേവിക്കുകയുള്ളൂ.
സമരത്തിനു പുറമെ, യുവാക്കളുടെ അധ്വാനശേഷിയെ ഉപയോഗപ്പെടുത്തി വര്‍ധിച്ച രീതിയിലുള്ള സേവന പ്രവര്‍ ത്തനങ്ങളും സോളിഡാരിറ്റി സംഘടിപ്പിച്ചു. മറ്റ് സംഘടനകളില്‍  നിന്ന് സോളിഡാരിറ്റിയെ വ്യത്യസ്തമാക്കിയ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഇതായിരുന്നു. വെറുതെ അവിടെയുമിവിടെയുമിരുന്ന് സൊറ പറഞ്ഞും, ഗെയിം കളിച്ചും സമയംനീക്കാന്‍  പാടുപെട്ടിരുന്ന യുവാക്കള്‍ക്ക്, ആത്മനിര്‍വൃതിയുടെ അനുഭൂതി സമ്മാനിക്കുന്നതായിരുന്നു ഈ സേവന സംരംഭങ്ങള്‍ . അത്തരം മഹത്തായ സേവന പ്രവര്‍ ത്തനങ്ങളുടെ ഗുണഭോക്താക്കളായ പാവങ്ങളായ മനുഷ്യരുടെ മനസ്സറിഞ്ഞുള്ള പ്രാര്‍ഥനകളാണ് സോളിഡാരിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട ബലം. കാരണം, അവരുടെ പ്രാര്‍ഥനക്കും ദൈവത്തിനുമിടയില്‍  മറയില്ലല്ലോ.
ഏറ്റെടുത്ത മഹത്തായ ദൗത്യങ്ങള്‍  വളരെ വലുതാണെന്ന് സോളിഡാരിറ്റിക്കറിയാം. വലിയ ജോലികള്‍  ഏറ്റെടുക്കാന്‍  സോളിഡാരിറ്റി ഇനിയും ശക്തിപ്പെടണം. കൂടുതല്‍  യുവാക്കള്‍  സംഘടനയില്‍  വന്നുചേരണം. കൂടുതല്‍  യുവഊര്‍ ജ്ജം സമൂഹത്തില്‍  പ്രസരിക്കേണ്ടതുണ്ട്. അതിനാല്‍  താങ്കളെ ഈ മഹത്തായ പ്രസ്ഥാനത്തിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുകയാണ്.
കൂടുതല്‍  ആത്മവിശ്വാസത്തോടെയാണ് സോളിഡാരിറ്റി ഇപ്പോള്‍  സംസാരിക്കുന്നത്. സോളിഡാരിറ്റിയെ പോലെ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ലോകത്തിന്റെ പലഭാഗത്തുമുള്ള യുവാക്കള്‍ , അവരുടെ സ്വപ്നങ്ങള്‍  പുലരുന്നത് ആഹ്ലാദത്തോടെ കണ്ടുകൊണ്ടിരിക്കുന്ന സമയമാണിത്. അറബ് വസന്തമെന്ന പേരില്‍  ഉയര്‍ന്നുവന്ന പ്രതിഭാസം സംശയരഹിതമായും പുതിയൊരു ലോകക്രമത്തിന്റെ തുടികൊട്ടിനെയാണ് കുറിക്കുന്നത്. സാമ്രാജ്യത്വത്തിന്റെയും സ്വേഛാധിപത്യ ഭരണകൂടങ്ങളുടെയും നിരന്തരമായ അടിച്ചമര്‍ത്തലുകൾക്ക് വിധേയമായ പ്രസ്ഥാനങ്ങള്‍ , മാധ്യമങ്ങളിലൂടെ തീവ്രവാദ ഭീകരവാദ മുദ്ര ചാര്‍ത്തപ്പെട്ടവര്‍  ഇന്ന് ജനകീയ പ്രക്ഷോഭങ്ങളിലൂടെ അറബ് നാടുകളില്‍  ജനകീയാധികാരം നേടിയിരിക്കുകയാണ്. അറബ് നാടുകളില്‍  വരുന്ന മാറ്റം, ലോകത്തില്‍  തന്നെ വൻമാറ്റങ്ങള്‍ ക്ക് തിരികൊളുത്തുമെന്നതില്‍  സംശയമില്ല. ലോകത്തിന്റെ ഭാവിയെയും ഭാവി ലോകത്തെയും രൂപപ്പെടുത്തുന്നത് ഈ പ്രസ്ഥാനങ്ങളായിരിക്കും. മതത്തെയും ആത്മീയതയെയും രാഷ്ട്രീയത്തില്‍ നിന്നും സാമൂഹിക ജീവിതത്തില്‍  നിന്നും ആട്ടിപ്പായിക്കണമെന്ന് സിദ്ധാന്തിച്ചവരാണ് ഈ പ്രസ്ഥാനങ്ങളെ പീഡിപ്പിച്ചു കൊണ്ടിരുന്നത്. മര്‍ദ്ദിതര്‍   രാഷ്ട്രീയമായും ആശയപരമായും തിരിച്ചുവരുന്നതിന്റെ ആഹ്ലാദക്കാഴ്ചകളാണ് നാം കാണുന്നത്.
ഇപ്പോള്‍  വിപ്ലവം തോക്കിന്‍  കുഴലിലൂടെയല്ല ഉണ്ടാവുന്നത്. അത് മുല്ലപ്പൂവായ് വിടര്‍ന്ന് സുഗന്ധം പരത്തുകയാണ്. മതം അതിന്റെ എല്ലാ മൂല്യ സമ്പന്നതയോടെയും ചരിത്രത്തെ നിര്‍ണ്ണയിക്കുകയാണ്. ധാര്‍മികതയുടെ രാഷ്ട്രീയ വല്‍ക്കരണമാണ് പുതിയ ലോകത്തിന്റെ പ്രതീക്ഷയുടെ നക്ഷത്രം. നമ്മുടെ ധാര്‍മികതയെ ഇനിയും നാം ദേവാലയങ്ങളില്‍  തടവില്‍  പാര്‍പ്പിക്കരുത്. വ്യക്തി ജീവിതത്തില്‍ ചിറകരിഞ്ഞ് നിര്‍ത്തരുത്. എന്നിട്ട് സാമൂഹ്യജീവിതം പഠിച്ചകള്ളന്മാർക്ക് തീറെഴുതി നൽകരുത്. നമ്മുടെ ഉള്ളിലെ ഇപ്പോഴുംകെടാതെ നില്‍ക്കുന്ന ധാര്‍മികതയെ, ധര്‍മ്മരോഷത്തെ നാം രാഷ്ട്രീയ വല്‍ക്കരിക്കണം. ജനവിരുദ്ധതയെ താഴെയിറക്കിയ പുതിയ മദ്ധ്യേഷ്യന്‍  തെരുവുകള്‍  നമ്മുടേത് ഉള്‍പ്പെടെ എല്ലാ തെരുവുകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെടണം.
നാം ചരിത്രം പഠിക്കേണ്ടത് പാഠപുസ്തകത്തില്‍  നിന്നല്ല. ചരിത്രം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സംഭവിച്ച ചരിത്രത്തെ ചരിത്ര പുസ്തകത്തില്‍  വായിക്കുന്നത് വലിയ കാര്യമൊന്നുമല്ല. ചരിത്രം സംഭവിക്കുമ്പോള്‍  തിരിച്ചറിയുക എന്നതാണ് മഹത്തായ കാര്യം. അറബ് വിപ്ലവ വസന്തം പുതിയ യുഗത്തിന്റെ പ്രഭാതഭേരിയാണ്. ഈ ഭേരിമുഴക്കുന്നവരില്‍  നിങ്ങളുണ്ടാവുക എന്നതാണ് ഒരു ചെറുപ്പക്കാരന്‍  എന്ന നിലയില്‍  നിങ്ങളുടെ ബാധ്യത. ഇതിനു നിങ്ങള്‍ക്ക് അവസരമൊരുക്കുകയാണ് സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ്. ഇനിയും അമാന്തിക്കാതെ ഈ നവവിപ്ലവ സരണിയില്‍  അണിനിരക്കാൻ ഹൃദയത്തില്‍  കൈവെച്ച് നിങ്ങളെ ക്ഷണിക്കുകയാണ്. ചരിത്രപരമായ ഒരു വസന്തത്തിന്റെ പരാഗങ്ങളാവാന്‍  കാലം നിങ്ങള്‍ക്ക് നല്‍കുന്ന അവസരമാണിത്.

അഭിപ്രായങ്ങളൊന്നുമില്ല: