2012, സെപ്റ്റംബർ 11, ചൊവ്വാഴ്ച

ഭീകര കേസുകളിലെ ഭീകരത


ഭീകര കേസുകളിലെ ഭീകരത


സ്വതന്ത്ര ഇന്ത്യയിലെ ചില ജനവിഭാഗങ്ങള്‍ ഭീതിയിലാണിന്ന്. കൂടങ്കുളം, നര്‍മദ തുടങ്ങിയ പദ്ധതിപ്രദേശങ്ങളിലെ പാവങ്ങള്‍, കശ്മീരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും അടക്കമുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍, നക്സലുകളെന്നും ഭീകരരെന്നും മുദ്രകുത്തി വേട്ടയാടപ്പെടുന്ന തിരസ്കൃതരും ന്യൂനപക്ഷങ്ങളും- ഇവരെല്ലാം സര്‍ക്കാറുകളുടെ അവഗണനക്കിരയാണ്. ഐ.ബിപോലുള്ള ഔദ്യാഗിക അന്വേഷണ സംവിധാനങ്ങളുടെ കാര്യക്ഷമതയില്ലായ്മ മൂലം അറസ്റ്റിലായി പീഡിപ്പിക്കപ്പെടുന്ന ചെറുപ്പക്കാര്‍ പ്രത്യേക ശ്രദ്ധതേടുന്നുണ്ട്. സുപ്രധാന നയതീരുമാനങ്ങള്‍ക്കുപോലും ഭരണകര്‍ത്താക്കള്‍ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ സംശയാസ്പദമായ റിപ്പോര്‍ട്ടുകളെ അവലംബിക്കുമ്പോള്‍ അത്തരം ഏജന്‍സികളുടെ പ്രവര്‍ത്തനം കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. നിരപരാധികള്‍ വേട്ടയാടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ആത്മപരിശോധന നടത്തണം.
മുംബൈ ഭീകരാക്രമണകേസില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ട ഫഹീം അന്‍സാരിയുടെ ഭാര്യ സര്‍ക്കാറില്‍നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്. ഫഹീം നിരപരാധിയാണെന്ന് തെളിഞ്ഞതിനാല്‍ സുപ്രീംകോടതി അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു; പക്ഷേ, മറ്റൊരുകേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ഫഹീം ഇപ്പോഴും ജയിലിലാണ്. ഒമ്പതര വര്‍ഷം ജയിലില്‍ കിടന്ന ശേഷമാണ് അബ്ദുന്നാസിര്‍ മഅ്ദനി കുറ്റക്കാരനല്ലെന്നു കണ്ട് വിട്ടയക്കപ്പെടുന്നത്; അതിനുശേഷവും വര്‍ഷങ്ങളായി അദ്ദേഹം ജയിലിലാണെന്ന് മാത്രമല്ല, പുതിയ കേസുകളില്‍ ഉള്‍പ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുന്നു. ആറുമാസം കസ്റ്റഡിയില്‍ കഴിഞ്ഞിട്ടും കുറ്റപത്രമോ വിചാരണയോ ഇല്ലാതെയാണ് മുഹമ്മദ് ഖതീല്‍ സിദ്ദീഖി വന്‍ സുരക്ഷയുള്ള പുണെ ജയിലില്‍ കൊല്ലപ്പെട്ടത്. അദ്ദേഹത്തിനെതിരെ തെളിവൊന്നും ഇല്ലാത്തതിനാല്‍ അധികൃതര്‍തന്നെ ഉന്മൂലനം ചെയ്തതാണെന്ന് ആരോപണമുണ്ട്. മക്ക മസ്ജിദ് സ്ഫോടനകേസില്‍ പിടിക്കപ്പെട്ടത് ദശക്കണക്കിന് മുസ്ലിം യുവാക്കളാണ്; ഒടുവില്‍ അവര്‍ നിരപരാധികളാണെന്നും കുറ്റംചെയ്തത് ഹിന്ദുത്വവാദികളാണെന്നും തെളിയുമ്പോഴേക്ക് അവര്‍ ഒരുപാടുകാലം ജയിലില്‍ മര്‍ദനമേറ്റുകഴിഞ്ഞിരുന്നു. മാലേഗാവ്, അജ്മീര്‍, സംഝോത സ്ഫോടനകേസുകളിലും സ്ഥിതി ഇതുതന്നെ.

 
1998ലെ വിവിധ സ്ഫോടനങ്ങളില്‍ കുറ്റം ചുമത്തപ്പെട്ട് ആമിര്‍ഖാന്‍ എന്ന ബാലനെ അധികൃതര്‍ പിടികൂടുമ്പോള്‍ വയസ്സ് 16. ജയിലില്‍ 10 വര്‍ഷം കഴിഞ്ഞാണ് വിചാരണ തുടങ്ങുന്നത്. പീഡനങ്ങള്‍ക്കും നിന്ദകള്‍ക്കുമെല്ലാം ന്യായമായി പാക് ഭീകരനെന്ന പട്ടം അധികൃതര്‍ അവന് നല്‍കിയിരുന്നു. 17 കേസുകളാണ് അവനെതിരെ ഉണ്ടായിരുന്നത്. ഒടുവില്‍, 14 വര്‍ഷം ജയിലുകളില്‍ ചെലവിട്ട ശേഷം കോടതി അവനെ നിരപരാധിയെന്ന് കണ്ട് വിട്ടയച്ചു. അവന്‍ ദല്‍ഹിക്കാരനും ഇന്ത്യന്‍ പൗരനും നിരപരാധിയുമാണെന്ന് തീര്‍ച്ചപ്പെട്ടത്രെ. ആസ്ട്രേലിയയില്‍ കള്ളക്കേസിലകപ്പെട്ട ഡോ. മുഹമ്മദ് ഹനീഫ് എന്ന ബംഗളൂരുകാരന്‍ നിരപരാധിത്വം തെളിഞ്ഞതോടെ വിട്ടയക്കപ്പെട്ടതും ആ സര്‍ക്കാര്‍ മാപ്പുപറഞ്ഞതും നഷ്ടപരിഹാരം നല്‍കിയതുമെല്ലാം മതിപ്പോടെ ആഘോഷിച്ച നമുക്ക്, സമാനമായ ഡസന്‍ കണക്കിന് കേസുകള്‍ നമുക്കുചുറ്റും നടക്കുമ്പോള്‍ മൗനം പാലിക്കാന്‍ കഴിയുന്നു എന്നതുതന്നെ എത്ര ഭീകരം! ജാമ്യം വിചാരണത്തടവുകാരുടെ ന്യായമായ അവകാശമാണെന്നിരിക്കെ അത് നല്‍കാതിരിക്കാന്‍ യു.എ.പി.എ, എന്‍.ഐ.എ തുടങ്ങിയ മാരണ നിയമങ്ങള്‍ കൊണ്ടുവന്ന് പൊലീസ് ഭീകരതക്ക് കൂട്ടുനില്‍ക്കുകയാണ് നാം. മാലേഗാവ്, സംഝോത തുടങ്ങിയ സ്ഫോടനങ്ങളില്‍ വര്‍ഗീയവാദികളുടെ പങ്ക് തെളിഞ്ഞിട്ടുപോലും അതേ കേസുകളില്‍ തടങ്കലിലായ മുസ്ലിം യുവാക്കള്‍ക്ക് മോചനം കിട്ടാത്തത് ഇത്തരം നിയമങ്ങളുടെ മാരകമായ കുരുക്കുകള്‍ മൂലംതന്നെ. ഇത്തരം കേസുകള്‍ വാദിക്കാന്‍ അഭിഭാഷകര്‍ മടിക്കുക മാത്രമല്ല, അതിന് തയാറുള്ളവരെ തടയുകപോലും ചെയ്യുന്നു. സധൈര്യം അവ ഏറ്റെടുത്ത മുംബൈയിലെ ശഹീദ് അസ്മിയും മംഗലാപുരത്തെ നൗഷാദ് കാസിമിയും ആരുടെയോ വെടിയേറ്റ് മരിക്കുകയാണുണ്ടായത്.
ഈയിടെ കര്‍ണാടകയില്‍നിന്നും ആന്ധ്രപ്രദേശില്‍നിന്നുമായി പിടിക്കപ്പെട്ട ഏതാനും മുസ്ലിം ചെറുപ്പക്കാരുടെ കാര്യത്തിലും അധികൃതരുടെ നടപടികള്‍ ദുരൂഹമാണെന്ന് പറയാതെവയ്യ. ചിന്നസ്വാമി സ്റ്റേഡിയം സ്ഫോടനമായിരുന്നു ആദ്യം അവര്‍ക്കെതിരായി പൊലീസ് പറഞ്ഞിരുന്നത്; പിന്നീട് ചില നേതാക്കളെ കൊല്ലാന്‍ പദ്ധതിയിട്ടെന്നും ഭീകര സംഘങ്ങളുമായി ബന്ധമുണ്ടെന്നും ആണവനിലയം തകര്‍ക്കാന്‍ പ്ളാനിട്ടെന്നുമൊക്കെ കേസുകള്‍ വികസിച്ചുകൊണ്ടിരിക്കുന്നു. പൊലീസിലെയോ രഹസ്യാന്വേഷണ വിഭാഗങ്ങളിലെയോ ഒക്കെ നിക്ഷിപ്ത താല്‍പര്യക്കാര്‍ ഭീകരകേസില്‍ ചെറുപ്പക്കാരെ കുടുക്കിയാല്‍ പിന്നെ അത് ചോദ്യംചെയ്യാന്‍ ജനപ്രതിനിധികളോ മനുഷ്യാവകാശ കമീഷനോ പൗരാവകാശ പ്രവര്‍ത്തകരോ തയാറാകുന്നുമില്ല. പ്രധാനമന്ത്രിവരെ ആ ആരോപണങ്ങള്‍ അതേപടി ആവര്‍ത്തിക്കുന്നു. ഇത്തരം ചുറ്റുപാടില്‍, പൗരന്മാരുടെ സുരക്ഷയും നാട്ടിന്‍െറ സല്‍പ്പേരും നിലനിര്‍ത്താന്‍ പ്രത്യേകമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിയിരിക്കുന്നു. ഭീകരാക്രമണകേസുകളില്‍ ഔദ്യാഗിക സംവിധാനങ്ങളുടെ പ്രവര്‍ത്തനരീതി കണിശമായി പരിശോധിക്കാന്‍ ജുഡീഷ്യല്‍ കമീഷനെ വെക്കുക, അത്തരം കേസുകള്‍ക്കായി ദ്രുതകോടതികള്‍ സ്ഥാപിച്ച് കുറ്റവാളികളെ വേഗം ശിക്ഷിക്കുക, ഇതുവരെ കോടതികളിലെത്തിയവയും വിധി പ്രസ്താവിക്കപ്പെട്ടവയും ഇനിയും വിചാരണ തുടങ്ങേണ്ടവയുമടക്കം എല്ലാ മുന്‍കാല യു.എ.പി.എ, പോട്ട, എന്‍.ഐ.എ കേസുകളും ഒരു സംയുക്ത പാര്‍ലമെന്‍ററി കമീഷന്‍െറ പരിശോധനക്ക് വിധേയമാക്കി, ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയെങ്കില്‍ അവരെ ശിക്ഷിക്കുകയും ഇരകളിലെ നിരപരാധികള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുകയും ചെയ്യുക- ഈ മൂന്ന് നടപടികള്‍ സ്വതന്ത്ര ഇന്ത്യയുടെ ഭദ്രമായ ഭാവിക്ക് ആവശ്യമാണ്.

അഭിപ്രായങ്ങളൊന്നുമില്ല: